Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

'മാധ്യമ പ്രവര്‍ത്തകര്‍ മോദിക്ക് കീഴടങ്ങരുത്' <br>മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ പ്രബോധനത്തിന് നല്‍കിയ അഭിമുഖം

കുല്‍ദീപ് നയാര്‍/മിസ്അബ് ഇരിക്കൂര്‍

രണ്ടര വര്‍ഷം പിന്നിടുന്ന നരേന്ദ്ര മോദിയുടെ ഭരണം ഇന്ത്യയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് പരക്കെ ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ-സാമൂഹികാവസ്ഥകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? 

മോദി ഒരു സ്വേഛാധിപതിയാണ് (അൗവേീൃശമേൃശമി). സ്വേഛാധിപത്യ പ്രവണതയുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കില്‍ എളുപ്പത്തില്‍ ഏകാധിപതിയാവും (ഉശരമേീേൃ). അത് ആ വ്യക്തിയെ ഫാഷിസത്തിലേക്ക് നയിക്കും. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ ഇതംഗീകരിക്കില്ല. നമ്മുടെ രാജ്യത്ത് ഇനി പൂര്‍ണമായൊരു അടിയന്തരാവസ്ഥ നടപ്പിലാക്കുകയെന്നത് സാധ്യമല്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അടിയന്തരാവസ്ഥക്ക് സമാനമായ ഒരു അവസ്ഥ സൃഷ്ടിക്കുന്നതിന്റെ ആരംഭമാണോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. 

ഉദാഹരണത്തിന് നോട്ട് പിന്‍വലിച്ച നടപടി പരിശോധിക്കുക. നോട്ട് നിരോധത്തിന്റെ പേരില്‍ ജനങ്ങള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ വളരെ പ്രയാസത്തിലാണ്. ഇതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കകളുണ്ട്. ജനങ്ങള്‍ക്ക് അവരുടെ സ്വന്തം പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുന്നു. 

ഇന്ത്യ കരുത്തുറ്റ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യവും അടിയന്തരാവസ്ഥയും രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണ്. ഇവ രണ്ടും ഒരുമിച്ചുപോവുക സാധ്യമല്ല. ജനാധിപത്യം ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചു നല്‍കുമ്പോള്‍ അടിയന്തരാവസ്ഥ എല്ലാം നിയന്ത്രണവിധേയമാക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥയില്‍ ഏകാധിപതികള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കുന്നു. 

ലോകത്ത് ചില രാജ്യങ്ങളുണ്ട്. അവിടെ എല്ലായ്‌പ്പോഴും അടിയന്തരാവസ്ഥയാണ്. കാരണം അവിടെ ജനാധിപത്യം എന്ന സങ്കല്‍പം തന്നെയില്ല. അടിയന്തരാവസ്ഥ എന്ന പേരു വിൡക്കുന്നില്ലെങ്കിലും അത്തരം രാജ്യങ്ങളില്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ പൗരാവകാശങ്ങള്‍ തുടങ്ങിയ എല്ലാ മൂല്യങ്ങളും റദ്ദ് ചെയ്യപ്പെടുന്നു. 

ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളെയും എഴുത്തിനെയും ജനാധിപത്യത്തിന്റെ വലിയ മൂല്യങ്ങളായി കാണുന്നവരായിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇതെല്ലാം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. അധികാരം തങ്ങള്‍ക്ക് തോന്നുന്നതുപോലെ വിനിയോഗിക്കുന്നത് ഏകാധിപത്യമാണ്. അത്തരമൊരു ഏകാധിപത്യമാണ് അടിയന്തരാവസ്ഥയിലൂടെ പ്രതിഫലിക്കുന്നത്.

ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥ 22 മാസത്തോളം നീണ്ടുനിന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷവും അധികാരത്തില്‍ തുടരണമെങ്കില്‍, രണ്ടാമത്തെ ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ഭരണകര്‍ത്താക്കള്‍ നിര്‍ബന്ധിതരാവും. അറസ്റ്റ് ചെയ്യുന്നതിനു പകരം ജനങ്ങളെ കൊല്ലേണ്ടിവരും. എന്നാല്‍ ഇന്ദിരാഗാന്ധിക്ക് അത് ചെയ്യാനുള്ള മനസ്സൊന്നും ഉണ്ടായില്ല. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതോടെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചു. ഇന്ദിരാഗാന്ധിയും അവരുടെ മകനും അടുത്ത ഇലക്ഷനില്‍ ദയനീയമായി പരാജയപ്പെട്ടു. ജനങ്ങളുടെ വിശ്വാസവും പിന്തുണയും കോണ്‍ഗ്രസിന് നഷ്ടമായി. 

 

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വശക്തികളുടെ ഹിംസാത്മകതയെക്കുറിച്ച്? ഉദാഹരണത്തിന് ദാദ്രിയിലെ അഖ്‌ലാഖ് വധം, ഉനയില്‍ ദലിതുകള്‍ക്ക് നേരെയുണ്ടായ ആക്രമണം... 

അസഹിഷ്ണുത നിറഞ്ഞ ഇത്തരം സംഭവങ്ങള്‍ ആപത്കരമാണ്. ഈ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഈ പ്രവണതക്ക് എതിരാണ്. ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് മോദി മനസ്സിലാക്കണം. 'ഗോ രക്ഷക്' പോലുള്ള സംഘങ്ങളുടെ അതിക്രമങ്ങളും അവര്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും ആത്മവിശ്വാസവും നമുക്ക് നല്‍കുന്ന സന്ദേശം മോദി അവരെയൊക്കെ അനുഗ്രഹിച്ചിരിക്കുന്നു എന്നാണ്. മതേതരവും ജനാധിപത്യപരവുമായ ഇന്ത്യ എന്ന ആശയത്തിനാണ് താന്‍ നിലകൊള്ളുന്നത് എന്നദ്ദേഹം ചിലപ്പോള്‍ പറയാറുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ മതേതരത്വത്തില്‍നിന്ന് ഹിന്ദുത്വത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി പ്രഭൃതികളുടെ തേര്‍വാഴ്ചകളെ നിലക്കുനിര്‍ത്താന്‍ പ്രധാനമന്ത്രി സന്നദ്ധനാകുന്നില്ല. മതേതര ഇന്ത്യക്ക് അനുഗുണമായ സാഹചര്യമല്ല ഇത്. 

ഭരണഘടനയുടെ ആത്മാവ് അനുസരിച്ചാണ് നമ്മുടെ രാജ്യം ഭരിക്കപ്പെടുന്നത് എന്ന് ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും ബോധ്യപ്പെടണം. അതിനായി ദേശസ്‌നേഹമുള്ള എല്ലാവരും അദ്ദേഹത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും സമ്മര്‍ദം ചെലുത്തണം. പ്രധാനമന്ത്രി മോദി മതേതരത്വത്തിന്റെ രീതികളെ (ഋവേീ)െ വിലമതിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മതേതരത്വം എന്ന തത്ത്വശാസ്ത്രം മാത്രമായിരിക്കും ഈ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുകയും ജനാധിപത്യവല്‍കരിക്കുകയും ചെയ്യുക. 


പോലീസ് സംവിധാനത്തെ എങ്ങനെയാണ് ഭരണകൂടം ദുരുപയോഗം ചെയ്യുന്നത്? ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചൊക്കെ അപസര്‍പ്പകകഥകളാണ് പോലീസ് സേന പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ഇന്നത്തെ പോലീസ് സേന അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ 'മുഖ്യമന്ത്രിസേന'യായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി എന്താണോ പറയുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പോലീസ് സേന. പോലീസ് സേനയുടെ സ്വതന്ത്രമായ, നിഷ്പക്ഷമായ സേവനം വര്‍ഷങ്ങളായി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

 

മാധ്യമങ്ങള്‍ക്കെതിരായ മോദി ഗവണ്‍മെന്റിന്റെ നീക്കങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? ഉദാഹരണത്തിന് എന്‍.ഡി.ടി.വിക്ക് നേരെയുണ്ടായ ഭീഷണി. 

എന്‍.ഡി.ടി.വിയുടെ മേല്‍ ചുമത്താന്‍ ശ്രമിച്ചത് ഒരു ദിവസത്തെ വിലക്കാണ്. എങ്കില്‍ പോലും അത് അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ എത്ര കൂടുതല്‍ പറഞ്ഞാലും അത് കുറവായിരിക്കും! കാരണം ഒരു ഗവണ്‍മെന്റ് അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു ദിവസമല്ല ഒരു നിമിഷത്തേക്ക് പോലും ഒരു മാധ്യമത്തെ വിലക്കരുത്. എന്‍.ഡി.ടി.വി മാനേജ്‌മെന്റിന് ഗവണ്‍മെന്റിന്റെ മുമ്പാകെ കാര്യങ്ങള്‍ വിസ്തരിക്കേണ്ടിവന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. 

മോദി ഗവണ്‍മെന്റ് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മാധ്യമരംഗം മുഴുവന്‍ മോദി നിയന്ത്രിച്ചുവെച്ചിരിക്കുന്നു എന്നൊന്നും പറയാന്‍ കഴിയില്ല. അദ്ദേഹം അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നു പറയാം. അതേസമയം യഥാര്‍ഥ അപകടം മാധ്യമപ്രവര്‍ത്തകര്‍ സ്വയം ഇതിന് തലവെച്ചുകൊടുക്കുന്നു എന്നതാണ്. ചില നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു എന്നതാണ് വളരെ അപകടകരമാം. അവര്‍ അവരുടെ തൊഴില്‍ നൈതികതയില്‍നിന്ന് പിന്‍വലിയുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. 

 

വിലയ്‌ക്കെടുക്കപ്പെട്ട മാധ്യമങ്ങളെക്കുറിച്ച്? 

മാധ്യമങ്ങള്‍ വിലയ്‌ക്കെടുക്കപ്പെട്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഞങ്ങളുടെ കാലത്ത് ഇങ്ങനെ ഏറെയൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ക്കൊന്നും പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ആരുടെ കൈയിലാണെന്ന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. പത്രപ്രവര്‍ത്തകര്‍ സ്വതന്ത്രമായി, നിഷ്പക്ഷമായി പത്രപ്രവര്‍ത്തനം നടത്തിയിരുന്നു. അതിനവര്‍ക്ക് അനുവാദമുണ്ടായിരുന്നു. ഇന്നത്തെ പത്രങ്ങളുടെയും ചാനലുകളുടെയുമൊക്കെ ഉടമസ്ഥര്‍, തങ്ങള്‍ ഇതിന്റെ ഉടമസ്ഥരായതിനാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇത് വളരെ മോശം പ്രവണതയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി, നിഷ്പക്ഷമായി പത്രപ്രവര്‍ത്തനം നടത്താനുള്ള അനുവാദം ഇന്ന് നല്‍കപ്പെടുന്നില്ല. 


മുഖ്യധാരാ ദേശീയ മാധ്യമങ്ങളിലെ പുതിയ ട്രെന്റുകളെ കുറിച്ച്? ഉദാഹരണത്തിന് അര്‍ണബ് ഗോസ്വാമിയുടെ ന്യൂസ് റൂം പെര്‍ഫോമന്‍സും മറ്റുമൊക്കെ? 

അര്‍ണബ് ഗോസ്വാമിക്ക് അദ്ദേഹത്തിന്റേയായ ചില അവതരണ രീതികളുണ്ട്. പക്ഷേ പലര്‍ക്കും അദ്ദേഹത്തിന്റെ അത്തരം കാട്ടിക്കൂട്ടലുകള്‍ ഇഷ്ടമല്ല. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു. അതേസമയം ചില നേരങ്ങളില്‍ അദ്ദേഹം കൈക്കൊള്ളുന്ന കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ല. അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ അദ്ദേഹം സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പൊതു അഭിപ്രായമായി അവതരിപ്പിക്കുന്നു. പലരും ഇതിനെ വിമര്‍ശിക്കുന്നുണ്ട്. 

 

എല്ലാ ഔദ്യോഗിക മേഖലകളും കോടതി ഉള്‍പ്പെടെ വരുതിയിലാക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങള്‍, ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍? 

എല്ലാ ഔദ്യോഗിക മേഖലകളും തന്റെ വരുതിയിലാകണമെന്ന് മോദി ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ കോടതി പോലുള്ള സ്ഥാപനങ്ങള്‍ക്ക് അതിന്റേതായ ശക്തിയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും മോദി ഇടപെടാന്‍ ശ്രമിക്കുന്നു എന്നത് നേരാണ്. അതേസമയം നമ്മുടെ കോടതികള്‍ പ്രത്യേകിച്ച് സുപ്രീം കോടതി സ്വതന്ത്രവും നിഷ്പക്ഷവുമാണ്. 

 

കേരളത്തിലെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ വിലക്കേര്‍പ്പെടുത്തുന്നതിനെക്കുറിച്ച്? 

കോടതികളിലെ കാര്യങ്ങള്‍ ജഡ്ജിമാരാണ് നിശ്ചയിക്കേണ്ടത്. കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരുവിധ വിലക്കുമില്ല എന്ന് ഹൈക്കോടതി അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അപ്പോള്‍ ജഡ്ജിമാരുടെ അനുമതി ഉണ്ടായിട്ടു പോലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കോടതികളില്‍ തടയുന്ന അഭിഭാഷകരെ നിലക്കുനിര്‍ത്തണം. കേരളത്തിലെ കോടതികളില്‍ മുമ്പ് നിലനിന്ന അവസ്ഥ തുടരാനുള്ള സാഹചര്യമുണ്ടാവണം. 

 

പുതിയ കാമ്പസ് രാഷ്ട്രീയം, ജെ.എന്‍.യു, എച്ച്.സി.യു സമരങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? 

അനീതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥി പ്രതിപക്ഷം രാജ്യത്ത് വളര്‍ന്നുവരുന്നു എന്നത് ആശാവഹമാണ്. വിദ്യാര്‍ഥി യൂനിയനുകള്‍ കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഞങ്ങളുടെ കാലത്ത് വിദ്യാര്‍ഥി യൂനിയനുകളുടെ ശക്തി വളരെ വലുതായിരുന്നു. ഇന്ന് അത്ര ശക്തമല്ല വിദ്യാര്‍ഥി യൂനിയനുകള്‍. തങ്ങളുടെ അഭിപ്രായങ്ങള്‍ ശക്തമായിത്തന്നെ പ്രകടിപ്പിക്കാന്‍ വിദ്യാര്‍ഥി യൂനിയനുകള്‍ക്ക് കഴിയട്ടെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍