Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

അമേരിക്കന്‍ ജനത വെല്ലുവിളികളെ അതിജീവിക്കും

വി.പി അഹ്മദ് കുട്ടി ടൊറന്റോ

2016 നവംബര്‍ എട്ടിന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45-ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയും മറു ലോകവും ഞെട്ടലോടെയാണ് ഈ വിജയവാര്‍ത്തക്ക് ചെവിയോര്‍ത്തത്.

ഭരണപരിചയം തീരെയില്ലാത്ത, എപ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ കച്ചവടക്കാരന്‍ ജയിച്ചുകയറുമെന്ന് അധികമാരും കരുതിയില്ല. മെക്‌സിക്കോക്കാര്‍, ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍, അഭയാര്‍ഥികള്‍, മുസ്‌ലിംകള്‍ എന്നിവരെയൊക്കെ ഉന്നം വെച്ചുകൊണ്ടാണ് ട്രംപിന്റെ പ്രചാരണം മുന്നേറിയത്. സര്‍വേ ഫലങ്ങള്‍ ഓരോന്നും പ്രവചിച്ചുകൊണ്ടിരുന്നത് പരിചയസമ്പന്നയായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ എളുപ്പത്തില്‍ ജയിക്കുമെന്നായിരുന്നു. ഹിലരി കൂടുതല്‍ ജനകീയ വോട്ടുകള്‍ നേടിയെങ്കിലും ഫലം നിര്‍ണയിച്ച ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് അനുകൂലമായിരുന്നു. ചിലര്‍ വിജയം ആഘോഷിച്ചപ്പോള്‍, മറ്റു ചിലര്‍ ഭീതിയോടെ സംഭവ വികാസങ്ങളെ നോക്കിക്കാണുന്നു. നമ്മള്‍ അറിയുന്ന അമേരിക്ക തകരുന്നതിന്റെ തുടക്കമാണിതെന്ന് അമേരിക്കയിലെയും യൂറോപ്പിലെയും പല പ്രമുഖ ബുദ്ധിജീവികളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഈ ലേഖനത്തില്‍ താഴെ പറയുന്ന വിഷയങ്ങളെ വളരെ സംക്ഷിപ്തമായി അഭിസംബോധന ചെയ്യാനാണ് ശ്രമിക്കുന്നത്. ആരാണ് ഡൊണാള്‍ഡ് ട്രംപ്? എന്തുകൊണ്ട് അദ്ദേഹം ഒരു ഭീഷണിയാണ്? ഏതു ദിക്കിലേക്കാണ് അമേരിക്കയുടെ പ്രയാണം? അമേരിക്കയില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അവസ്ഥയെന്താവും?

ഈ പ്രതിഭാസത്തെ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോകാവസാനത്തെക്കുറിച്ച ഒരു പ്രവാചക വചനം എനിക്കോര്‍മ വന്നു. ഇതാണ് ആ വചനം: ''അന്ത്യനാള്‍ അടുക്കുന്നതിന്റെ മുന്നോടിയായി, ജനം ചതിയുടെയും വഞ്ചനയുടെയും വര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവരും. നുണ പറയുന്നവരെയാവും ജനം വിശ്വസിക്കുക. ജീവിത വിശുദ്ധി ഇല്ലാത്തവര്‍ ജനങ്ങളുടെ വക്താക്കളായി ഉയര്‍ന്നുവരികയും അധികാരം കൈയാളുകയും ചെയ്യും.''

ഡൊണാള്‍ഡ് ട്രംപിന് നന്നായി ചേരും മേല്‍ പ്രവചനം. ഹിലരിയായിരുന്നെങ്കില്‍ സ്ഥിതി മെച്ചപ്പെട്ടേനെ എന്നൊന്നും ഞാന്‍ അര്‍ഥമാക്കുന്നില്ല. ലിബിയയെ തകര്‍ക്കുന്നതിലും സിറിയയെ തകര്‍ത്തുകൊണ്ടിരിക്കുന്നതിലും ഹിലരി വഹിച്ച കുടില പങ്ക് അറിയുന്നവര്‍ എങ്ങനെ അവരെ വിശ്വസിക്കും? ഇസ്രയേലിനെ സഹായിക്കാനുള്ള ഏറ്റവും നല്ല വഴി സിറിയയില്‍ 'ബലപ്രയോഗം' നടത്തി ഭരണകൂടത്തെ മറിച്ചിടുകയാണ് എന്ന് ഹിലരി അയച്ച ഇമെയില്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ഇതിലൊന്നും ഒരു പുതുമയുമില്ല. കാരണം, ഹിലരിയുടെ റോള്‍ മോഡല്‍ മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റാണ്. 1996 മെയ് 12. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഓള്‍ബ്രൈറ്റ് ഇറാഖിനെതിരെ യു.എന്‍ കൊണ്ടു വന്ന ഉപരോധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ സി.ബി.എസ് 60 Minutes ചാനല്‍ പ്രോഗ്രാം ചെയ്യുന്ന ലെസ്‌ലി സ്റ്റാള്‍ എന്ന പത്രപ്രവര്‍ത്തക ചോദിച്ചു: ''ഉപരോധം കൊണ്ട് ഇറാഖില്‍ അഞ്ചു ലക്ഷം കുഞ്ഞുങ്ങള്‍ മരിച്ചു എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ഹിരോഷിമയില്‍ അണുബോംബ് വര്‍ഷത്തില്‍ മരിച്ച കുഞ്ഞുങ്ങളേക്കാള്‍ അധികമാണിത്. ഇത്രയധികം വില അതിന് നല്‍കേണ്ടതുണ്ടോ?'' ഓള്‍ബ്രൈറ്റിന്റെ മറുപടി: ''ഞങ്ങള്‍ വിചാരിക്കുന്നത് അത്ര വില നല്‍കാം എന്നു തന്നെയാണ്.'' ഹിലരിയെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്നര്‍ഥം. 

ട്രംപിന്റെ കാര്യം അതിനേക്കാള്‍ കഷ്ടമാണെന്നു മാത്രം. വംശീയവാദി, മതഭ്രാന്തന്‍, ഭീതി ഉല്‍പ്പാദിപ്പിക്കുന്നവന്‍, സ്ത്രീവിദ്വേഷി, ലൈംഗിക വേട്ടക്കാരന്‍, ഫാഷിസ്റ്റ് തുടങ്ങി നിരവധി വിശേഷണങ്ങള്‍ ട്രംപിലേക്ക് ചേര്‍ത്തു പറയുന്നുണ്ട്. പക്ഷേ, ഒരെഴുത്തുകാരന്‍ സൂചിപ്പിച്ചതുപോലെ, ''അമേരിക്കയിലെ ഓരോ വോട്ടറും ട്രംപിനെക്കുറിച്ച് ഭയപ്പെടേണ്ട മറ്റൊരു വശമുണ്ട്. 'അവനവന്റെ ഗുണഗണങ്ങളില്‍ ഉന്മാദിയാവുന്ന' ഒരുതരം മാനസിക രോഗം (Narcissistic Personality Disorder) അദ്ദേഹത്തിനുണ്ട് എന്നതാണത്.'' ഹാര്‍വാര്‍ഡിലെ പ്രമുഖ മനോരോഗ ചികിത്സകന്‍ ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍ പറയുന്നത് ട്രംപിന്റെ അവനവന്‍ പ്രശംസ വളരെ അപകടകരമാണ് എന്നാണ്. ട്രംപിനു വേണ്ടി The Art of the Deal  എന്ന പുസ്തകം എഴുതിക്കൊടുത്ത ടോണി ഷ്വാര്‍ട്‌സ്, വിചിത്ര സ്വഭാവമുള്ള ചിത്തരോഗി(Sociopath)യാണ് ട്രംപ് എന്ന് വിലയിരുത്തുന്നു.

വെറുതെയല്ല ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളും മനശ്ശാസ്ത്ര വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ ട്രംപിന്റെ കാര്യത്തില്‍ ഇത്രയധികം ബേജാറാവുന്നത്. പ്രവചനാതീതനായ ഒരു മനോരോഗിയുടെ കൈയില്‍ അധികാരം ഏല്‍പിക്കപ്പെട്ടാല്‍ അമേരിക്കയുടെയും ലോകത്തിന്റെയും ഭാവി എന്താകും എന്നതാണ് കാര്യം. അവര്‍ ചോദിക്കുന്നു; 'ആണവായുധങ്ങള്‍ എന്ത് ബലത്തിലാണ് ട്രംപിനെ വിശ്വസിച്ചേല്‍പിക്കുക?' എന്തുകൊണ്ട് ഇത്തരമൊരാള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ഉത്തരം അത്ര എളുപ്പമല്ല. 

പലരെയും ഉന്നം വെച്ചുള്ള വാചകമടികള്‍ ട്രംപിന്റെ കാമ്പയിനിലുടനീളം ഉണ്ടായിരുന്നു. എല്ലാറ്റിനുമൊടുവില്‍ ഈ മന്ത്രം ഒരുക്കഴിക്കാനും ട്രംപ് മടിച്ചില്ല: ''ഞാന്‍ അമേരിക്കയെ മഹാശക്തിയാക്കും.'' ജനക്കൂട്ടത്തെ പാട്ടിലാക്കാനുള്ള സ്വന്തം കഴിവിനെക്കുറിച്ച് ട്രംപ് തന്റെ 'ആര്‍ട്ട് ഓഫ് ഡീല്‍' എന്ന പുസ്തകത്തില്‍ വമ്പ് പറയുന്നുണ്ട്, ''ജനങ്ങളുടെ ഭാവനകള്‍ക്കൊത്താണ് ഞാന്‍ കളിക്കുക.''

'നമ്മള്‍ വിജയിക്കാന്‍ പോവുകയാണ്, കാരണം നമ്മള്‍ വീണ്ടും അമേരിക്കയെ മഹാശക്തിയാക്കാന്‍ പോകുന്നു.' 'ദൈവം പടച്ച പ്രസിഡന്റുമാരില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന പ്രസിഡന്റ് ഞാനായിരിക്കും.' 'മെക്‌സിക്കോക്ക് കുറുകെ മതില്‍ കെട്ടും.' 'അമേരിക്കയിലേക്ക് വരുന്ന എല്ലാ മുസ്‌ലിംകള്‍ക്കും വിലക്കേര്‍പ്പെടുത്തും'- ഇതൊക്കെയായിരുന്നു മുദ്രാവാക്യങ്ങള്‍. വോട്ടര്‍മാരുടെ മേല്‍ തനിക്കുള്ള അമിത ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ ഈ പൊങ്ങച്ചവാക്യം: ''ഫിഫ്ത്ത് അവന്യൂവിന്റെ മധ്യത്തിലേക്ക് വരിക, എന്നിട്ട് ഞാനൊരുത്തനെ വെടിവെച്ച് വീഴ്ത്തുക. എന്നിട്ടും എനിക്ക് ഒരു വോട്ടറെയും നഷ്ടപ്പെടുന്നില്ല.''

ട്രംപിന്റെ വാഗ്ദാനങ്ങള്‍ പല ഗ്രൂപ്പുകള്‍ പല രീതിയില്‍ ആന്തരവത്കരിച്ചിരുന്നു. തീവ്ര വലതുപക്ഷങ്ങളും വെള്ളക്കാരായ ദേശീയവാദികളും തങ്ങളുടെ അധികാരം തിരിച്ചുപിടിക്കണമെന്ന കണക്കുകൂട്ടലിലായിരുന്നു. അവരുടെ വീക്ഷണത്തില്‍ അമേരിക്ക അവര്‍ക്ക് സ്വന്തമാണ്. കു ക്ലക്‌സ് ക്ലാന്‍ (കെ.കെ.കെ) പോലുള്ള തീവ്ര ഗ്രൂപ്പുകള്‍ വരെ ട്രംപിനെ സ്വന്തം ആളായി കണ്ടു. ഇവരുടെ വിജയാഘോഷം വെള്ള അമേരിക്കയുടെ വിജയാഘോഷമായിരുന്നു. ഈ ഗ്രൂപ്പുകളൊക്കെയും നന്നായി പണിയെടുത്തു. അഭയാര്‍ഥികളും മറ്റു നിറക്കാരായ ആളുകളുമാണ് എല്ലാ ദുരിതത്തിനും കാരണക്കാരെന്ന് അവര്‍ വിവരം കുറഞ്ഞ വോട്ടര്‍മാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഈ ഗ്രൂപ്പുകളൊക്കെയും കാമ്പയിനിലുടനീളം പ്രതിഷേധക്കാരെ ശാരീരികമായി കൈകാര്യം ചെയ്തും മറ്റും തങ്ങളുടെ സാന്നിധ്യമറിയിച്ചു. വെള്ള വംശീയവാദികള്‍ക്കൊപ്പം Hindus for Trump എന്ന പേരില്‍ ഇന്ത്യയില്‍നിന്നുള്ള ചിലരും വിദ്വേഷ പ്രചാരണത്തില്‍ പങ്കുചേരുന്നുണ്ടായിരുന്നു. വെള്ളത്തൊലി ഇല്ലാത്ത എല്ലാ വിഭാഗങ്ങള്‍ക്കുമെതിരെയാണ് ട്രംപിന്റെയും കൂട്ടരുടെയും വിദ്വേഷ പ്രചാരണമെന്നിരിക്കെ ഇന്ത്യയില്‍നിന്നുള്ള 'ഹിന്ദുക്കള്‍' എങ്ങനെയാണാവോ അതില്‍നിന്ന് രക്ഷപ്പെടുക? അവരെല്ലാവരും തൊലിമാറ്റ ശസ്ത്രക്രിയ ചെയ്യേണ്ടിവരും!

ഇതൊക്കെ അധികാരത്തില്‍ എത്താനുള്ള കേവലം നമ്പറുകളല്ലേ എന്ന് ചിന്തിക്കുന്ന പലരുമുണ്ട്. അവര്‍ ഒരു കാര്യം മറക്കുന്നു. കൃത്യമായ അജണ്ടകളുള്ള ഗ്രൂപ്പുകളാണ് ട്രംപിനു പിന്നില്‍ അണിനിരന്നത്. അവര്‍ അവരുടെ അജണ്ടകളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. വൈറ്റ് ഹൗസിലെ സുപ്രധാന തസ്തികകളിലേക്ക് ഇതുവരെ നടന്ന നിയമനങ്ങള്‍ അത് തെളിയിക്കുന്നുണ്ടല്ലോ. ചീഫ് ഓഫ് സ്റ്റാഫായി റെയിന്‍സ് പ്രീബസിനെയും മുഖ്യ ഉപദേഷ്ടാവും യുദ്ധതന്ത്രജ്ഞനുമായി സ്റ്റെഫാന്‍ ബാനണിനെയുമാണ് ട്രംപ് നിശ്ചയിച്ചിരിക്കുന്നത്. തീവ്ര ചിന്തകള്‍ക്ക് പേരുകേട്ടവരാണ് ഇരുവരും. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരിലുള്ള വിദ്വേഷ പ്രചാരണവും അതില്‍പെടും. വെള്ള വംശീയതക്കു വേണ്ടി വാദിക്കുകയും ബഹു സാംസ്‌കാരികതയെ തള്ളിക്കളഞ്ഞ് 'പാശ്ചാത്യ മൂല്യങ്ങള്‍'ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ബ്രെയ്റ്റ്ബാര്‍ട്ട് (Breitbart) എന്ന സംഘത്തില്‍ സജീവമായിരുന്നു ബാനണ്‍.

ട്രംപ് തന്റെ കാമ്പയിന്‍ കാര്യമായി കേന്ദ്രീകരിച്ചത് ന്യൂനപക്ഷങ്ങള്‍, അഭയാര്‍ഥികള്‍, മുസ്‌ലിംകള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ്. ഇവരെല്ലാം സമാധാനത്തിനും സമ്പദ്ഘടനക്കും ആഭ്യന്തര സുരക്ഷക്കും ഭീഷണിയാണെന്നും പ്രചരിപ്പിച്ചു. മുസ്‌ലിംകള്‍ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നുവരെ ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മേല്‍പ്പറഞ്ഞ ഗ്രൂപ്പുകള്‍ ട്രംപിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പാണ്. എത്രത്തോളമവര്‍ അതില്‍ വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം.

ട്രംപിന്റെ വിജയത്തോടെ വംശീയവാദികള്‍ക്ക് പുതുജീവന്‍ കൈവന്നിട്ടുണ്ട്. കറുത്തവര്‍, ഹിസ്പാനിക്കുകള്‍, ജൂതന്മാര്‍, വിവിധ വര്‍ണക്കാര്‍, മുസ്‌ലിംകള്‍ തുടങ്ങിയവര്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് അതിന്റെ സൂചനയാണ്. വംശീയവെറിക്കെതിരെ നിലകൊള്ളുന്ന 'കെയറി'(CAIR-Council on American- Islamic Relations) അാലൃശരമി കഹെമാശര ഞലഹമശേീി)െന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇബ്‌റാഹീം ഹൂപ്പര്‍ പറഞ്ഞു: ''ഒരു വെള്ള വംശീയവാദിയെയാണ് ട്രംപ് ചീഫ് സ്ട്രാറ്റജിസ്റ്റായി നിയമിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്കോ മറ്റു ന്യൂനപക്ഷങ്ങള്‍ക്കോ കാര്യങ്ങള്‍ സുഗമമായിരിക്കുമെന്ന് കരുതാന്‍ ഇപ്പോള്‍ ന്യായമൊന്നും കാണുന്നില്ല.'' 

ഇതിനര്‍ഥം ഇനിയെല്ലാം ഇരുട്ടും മ്ലാനതയുമാണ് എന്നാണോ? ഒരിക്കലുമല്ല. ട്രംപിന്റെ വിജയം ഉണ്ടാക്കുന്ന ആഘാതങ്ങള്‍ തടുക്കാന്‍ ശേഷിയുള്ള ജനാധിപത്യ സ്ഥാപനങ്ങളും ഇപ്പുറത്തുണ്ട്. രക്തക്കറ പുരണ്ട ചരിത്രമാണ് അമേരിക്കയുടേത്. ഒരു ആഭ്യന്തരയുദ്ധത്തെയും രണ്ട് ലോകയുദ്ധങ്ങളെയും അത് അതിജീവിച്ചിട്ടുണ്ട്. എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് അമേരിക്കയുടേത്. അവ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന ധാരാളം ഏജന്‍സികളുമുണ്ട്. അവയിലൊന്നാണ് 'അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍'. ആയിരക്കണക്കിന് നിയമവിദഗ്ധര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണിത്. ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങളില്‍ തൊട്ടുകളിച്ചാല്‍ ട്രംപിനെ കോടതിയില്‍ നേരിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ട്രംപിന്റെ ഭീഷണികള്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്ന് യൂനിയന്‍ പറയുന്നു. ഇതു സംബന്ധമായി ട്രംപിനെ താക്കീത് ചെയ്തുകൊണ്ട് ഒരു മുഴു പേജ് കത്ത് അവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വിദ്വേഷാതിക്രമങ്ങള്‍ അമേരിക്കയില്‍ വര്‍ധിക്കുമ്പോള്‍ തന്നെ ചെറുത്തുനില്‍പു പ്രസ്ഥാനങ്ങളും ശക്തിയാര്‍ജിക്കുകയാണ്. അമേരിക്കയിലുടനീളം പ്രതിഷേധം അലയടിക്കുകയാണ്. ട്രംപ് ഒരു 'മുസ്‌ലിം രജിസ്ട്രി' കൊണ്ടുവരികയാണെങ്കില്‍, മുസ്‌ലിം പേരുകളില്‍ തങ്ങളതില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് നിരവധി ജൂതന്മാര്‍ പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട്.

അമേരിക്കയില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എന്തു സംഭവിക്കും എന്നായിരുന്നല്ലോ നമ്മുടെ അവസാന ചോദ്യം. മൂന്ന് മുസ്‌ലിം നേതാക്കളുടെ വാക്കുകള്‍ ഉദ്ധരിക്കുക മാത്രമേ ഞാനിവിടെ ചെയ്യുന്നുള്ളൂ. പ്രമുഖ മുസ്‌ലിം ഡെമോക്രാറ്റ് നേതാവായ സബി അല്‍മുന്‍തസര്‍: ''മുസ്‌ലിം നേതാക്കളും പ്രതിനിധികളുമെന്ന നിലക്ക്, ഇരയാക്കപ്പെടുന്ന അവസ്ഥയിലേക്ക് നാം വീണുപോവാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ധീരതയോടെ എഴുന്നേറ്റുനില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ആ ചെറുത്തുനില്‍പ് നമ്മുടെ കാലക്കാര്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കും മാതൃകയാവട്ടെ.''

ടെക്‌സാസ് A&M യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ പ്രഫസര്‍ സഹര്‍ അസീസ്: ''ജനസംഖ്യ, സമൂഹത്തിന്റെ ഘടന, സാമ്പത്തിക വികസനം പോലുള്ള നിരവധി ഘടകങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനനുസരിച്ച് രാഷ്ട്രമീമാംസയുടെ പെന്‍ഡുലം ചലിപ്പിക്കാനുള്ള അവസരം ഒരു ജനാധിപത്യ സംവിധാനം പൗരന്മാര്‍ക്ക് അനുവദിക്കുന്നുണ്ട്. അമേരിക്കയിലുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളില്‍- ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റായത് ഉള്‍പ്പെടെ -ചകിതരായ ഒരു പറ്റം പൗരന്മാരുടെ തിരിഞ്ഞുകുത്താണ് ട്രംപിനുണ്ടായ നേരിയ വിജയം. ജനാധിപത്യ സംവിധാനം സംരക്ഷിക്കപ്പെടുമെങ്കില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യാത്ത നേര്‍പകുതിവരുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരും ട്രംപിനെ അധികാരത്തിലേറ്റിയ വംശീയതയില്‍ വിശ്വസിക്കാത്തവരുമാണല്ലോ അവര്‍.''

നിയമപണ്ഡിതനും ഗ്രന്ഥകാരനുമായ ഷര്‍മാന്‍ ജാക്‌സന്‍: ''ഭീരു ആയിരം തവണ മരിക്കുന്നു; ധീരനായ ഭടന്‍ ഒറ്റത്തവണയും. തങ്ങള്‍ ആരാണന്നും അമേരിക്കയില്‍ തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നത് എന്താണെന്നും മുസ്‌ലിംകള്‍ കൃത്യമായും വ്യക്തമായും തുറന്നുപറയണം. ധീരതയോടെയും സ്വയം ബോധ്യത്തോടെയും എല്ലാറ്റിനുമുപരി ആര്‍ജവത്തോടെയുമാകണം ആ തുറന്നുപറച്ചില്‍.''

നിരാശ ഇസ്‌ലാമിന്റെ നിഘണ്ടുവിലില്ല. ജലാലുദ്ദീന്‍ റൂമിയുടെ ആ മനോഹര വാക്യം നമുക്കോര്‍മിക്കാം; 'എവിടെ നാശമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്.' 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍