സൃഷ്ടികള്‍ക്കിടയിലെ രാജാവാണ് മനുഷ്യന്‍
'ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരുടെയും സുകൃതം ചെയ്യുന്നവരുടെയും കൂടെയാണ് തീര്‍ച്ചയായും അല്ലാഹു'' (അന്നഹ്ല്‍ 128).
നമസ്‌കാര നിര്‍വഹണവും പാപവര്‍ജനവും മനുഷ്യനോട് താദാത്മ്യപ്പെടുന്ന ഒരു ബാധ്യതയാണെന്നും അവന്റെ സൃഷ്ടിഘടനയോട് പൊരുത്തപ്പെടുന്ന ഒരു സ്വാഭാവിക പരിണതിയാണെന്നും തിരിച്ചറിയാന്‍ നിനക്കുദ്ദേശ്യമുണ്ടെങ്കില്‍ ഈയൊരാഖ്യാനം ശ്രദ്ധിച്ചുകേള്‍ക്കൂ:
ഒരു ലോകയുദ്ധം നടക്കുകയാണ്. യുദ്ധമുന്നണിയിലെ ഒരു സൈനിക ട്രൂപ്പില്‍ രണ്ടു യോദ്ധാക്കളുണ്ട്. സ്വന്തം ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ സൈനിക പരിശീലനം കിട്ടിയ ആളാണ് ഒരാള്‍. അപരനാകട്ടെ തന്നിഷ്ടത്തിന്റെ പിറകെ പായുന്ന ഉത്തരവാദിത്തബോധമില്ലാത്ത വിവരദോഷി. സൈനിക നടപടിക്രമങ്ങളെയും പോരാട്ടത്തിന്റെ ഗൗരവത്തെയും കുറിച്ച് ഗൗരവമായി ഉള്‍ക്കൊള്ളുന്നവനാണ് ഒന്നാമന്‍. സ്വന്തം ജീവിതപ്രശ്‌നങ്ങളെക്കുറിച്ചോ ഉപജീവനത്തെക്കുറിച്ചോ അവന് ലവലേശം ചിന്തയില്ല. തന്റെ ഉപജീവനവും ആവശ്യനിര്‍വഹണവും പരിചരണവും സംരക്ഷണവും എന്നുവേണ്ട രോഗം വന്നാലുള്ള ചികിത്സയും വായിനകത്ത് വെക്കുന്ന ഒരു പിടി ഭക്ഷണം പോലും രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് അയാള്‍ക്ക് ഉത്തമബോധ്യമുണ്ട്.
അതിനാല്‍ രാഷ്ട്രത്തോടുള്ള തന്റെ അടിസ്ഥാന ബാധ്യതയാണ് രാഷ്ട്രത്തിനു വേണ്ടി പൊരുതുക എന്നത്. ലൗകിക ജീവിതത്തിലെ യാതൊന്നും ഈ ഉത്തരവാദിത്തത്തില്‍നിന്ന് തന്നെ തടയാവതല്ല.
'താന്‍ എന്താണീ ചെയ്യുന്നത്' എന്നാരെങ്കിലും ചോദിച്ചാല്‍ അയാള്‍ പറയും: 'സ്വമേധയാ, രാഷ്ട്രത്തോടുള്ള ബാധ്യതകള്‍ ഞാന്‍ നിര്‍വഹിക്കുകയാണ്.'
'ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്' എന്നായിരിക്കില്ല അയാളുടെ മറുപടി.
അപരന്റെ കാര്യം മറിച്ചാണ്. സ്വന്തം ബാധ്യതയെക്കുറിച്ചു ഒരു ചിന്തയുമില്ലാത്ത വിവരദോഷി. സൈനിക പരിശീലനം എന്തിനായിരുന്നെന്നോ യുദ്ധം എന്താണെന്നോ മനസ്സിലാകാത്ത വിഡ്ഢി.
'യുദ്ധമൊക്കെ രാഷ്ട്രം ചെയ്യേണ്ടതാണ്, എന്റെ പണിയല്ല.' അവന്റെ സ്ഥിരം പല്ലവി.
അങ്ങാടിയില്‍ ചുറ്റിനടന്ന് ഷോപ്പിംഗ് നടത്തുകയും ഉപജീവന വഴികളന്വേഷിച്ച് ക്ലേശിക്കുകയും ചെയ്യുകയാണ് അവന്റെ പ്രധാന ജോലി.
ഒന്നാമന്‍ ഒരിക്കല്‍ രണ്ടാമനോട് പറഞ്ഞു: ''സഹോദരാ, യുദ്ധത്തിനൊരുങ്ങുകയും അതിനായി സജ്ജമാവുകയും ചെയ്യലാണ് നിന്റെ അടിസ്ഥാന ദൗത്യം. അതാണ് നിന്റെ സൈനിക നിയോഗം. രാജാവിനെ വിശ്വസിക്കുക. അദ്ദേഹത്തെ ആശ്രയിക്കുക. നിന്റെ ഉപജീവനം രാജാവ് ഏറ്റെടുത്തിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞ് സമാധാനിക്കുക. ഒരിക്കലും നിന്നെയദ്ദേഹം പട്ടിണിക്കിടില്ല. നിനക്ക് ആഹാരം നല്‍കേണ്ടത് രാജാവിന്റെ ബാധ്യതയാണ്. ഉപജീവനം സ്വയം കണ്ടെത്താന്‍ കഴിയാത്തവിധം ദുര്‍ബലനാണ് നീ. സര്‍വോപരി നമ്മളിപ്പോള്‍ ഒരു മഹായുദ്ധത്തിന്റെ മുറ്റത്താണെന്നും പോരാട്ടസന്ദര്‍ഭത്തിലാണെന്നും നീ മനസ്സിലാക്കണം. പിന്തിരിഞ്ഞുനിന്നാല്‍ ഭരണകൂടം രാജ്യദ്രോഹിയായി മുദ്രകുത്തി നിനക്കു കടുത്ത ശിക്ഷ നല്‍കും.
''ഇവിടെ രണ്ടുതരം ഉത്തരവാദിത്തങ്ങള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞുവുരുന്നുണ്ട്. ഒന്ന് ഭരണകൂടത്തിന്റേത്. പ്രജകളുടെ ഉപജീവനം നോക്കേണ്ടത് ഭരണകൂടമാണ്. പ്രജകള്‍ക്കത് സൗജന്യമായി അനുഭവിക്കാന്‍ കഴിയണം. രണ്ടാമത്തേത്, പൗരന്മാരുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിനു വേണ്ടി യുദ്ധത്തിനൊരുങ്ങുകയും അതിനായി സൈനിക സേവന മനുഷ്ഠിക്കുകയും ചെയ്യുക എന്നതാണത്. സാധ്യമായ സഹായങ്ങളും സൗകര്യങ്ങളും ഭരണകൂടം ചെയ്തുതരും.''
ഒന്നാമന്റെ വാക്കുകള്‍ക്ക് രണ്ടാമന്‍ ചെവികൊടുത്തില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന വിനാശങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് ഒന്നാലോചിക്കൂ.
ഹേ, മടിയാ, യുദ്ധത്തിന്റെ പോര്‍വിളി ഉയരുന്ന ആ മുറ്റം നമ്മുടെ ലൗകിക ജീവിതമാണ്. ചിന്നഭിന്നമായി കാണുന്ന വിവിധ സൈനിക ട്രൂപ്പുകള്‍ മനുഷ്യസമൂഹമാണ്. അതില്‍ ഒരു ട്രൂപ്പ് സമകാലിക വിശ്വാസിസമൂഹത്തിന്റേതാണ്. ഇരുയോദ്ധാക്കളില്‍ ഒരാള്‍ പാപവര്‍ജകനും സല്‍ക്കര്‍മിയും ദൈവജ്ഞാനിയുമാണ്. പിശാച് പോലും പേടിച്ചു മാറുന്ന ഭക്തനായ മുസ്‌ലിം.
അപരനാകട്ടെ യഥാര്‍ഥ അന്നദാതാവിനെ അവഗണിച്ച് ലൗകിക ജീവിതത്തിന്റെ സുഖമന്വേഷിച്ച് അലഞ്ഞുതിരിയുന്ന ധിക്കാരി. ഉപജീവനത്തിന്റെ വഴിയില്‍ എന്ത് ധിക്കാരം പ്രവര്‍ത്തിക്കുന്നതിനും കല്‍പനകള്‍ ലംഘിക്കുന്നതിനും അയാള്‍ക്ക് മടിയില്ല.
സൈനിക പരിശീലനമെന്നത് ആരാധനകളാണ്. അവയുടെ മുന്‍നിരയില്‍ വരുന്നത് നമസ്‌കാരവും. യുദ്ധമെന്നത് മനുഷ്യന്‍ തന്റെ തന്നിഷ്ടങ്ങളോട് നടത്തുന്ന പോരാട്ടമാണ്. മ്ലേഛസ്വഭാവങ്ങളില്‍നിന്നും തെറ്റുകുറ്റങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ്. ഹൃദയത്തെയും ആത്മാവിനെയും ഒരേസമയം നഷ്ടവിനാശങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ മനുഷ്യപ്പിശാചുക്കളോടും ജിന്ന്പിശാചുക്കളോടും ചെയ്യുന്ന യുദ്ധം. രണ്ട് ഉത്തരവാദിത്തങ്ങളില്‍ ഒന്ന് ജീവദാനവും ജീവപരിരക്ഷയുമാണ്. മറ്റേത്, ജീവദാതാവിനോടുള്ള സമര്‍പ്പണവും വിധേയത്വവുമാണ്.
അതേ, ജീവിതദാതാവ് ആരാണോ അവന്‍ തന്നെ അതിനെ പരിപാലിക്കും, സംരക്ഷിക്കും. ജീവിതമെന്നത് അപരിമേയമായ ഒരു ദൈവിക ദൃഷ്ടാന്തമാണ്.
താങ്കള്‍ക്കിതിന് തെളിവു വേണോ?
ഇവിടത്തെ ദുര്‍ബല ജീവികള്‍ പോലും ഏറ്റവും നല്ല ആഹാരം കഴിച്ചാണ് വളരുന്നത്. മത്സ്യങ്ങളെയും കീടങ്ങളെയും നോക്കിയാല്‍ അത് ബോധ്യപ്പെടും. നിസ്സാര പടപ്പുകള്‍ പോലും മികച്ച ഭക്ഷണം കഴിച്ചാണ് ഇവിടെ ജീവിക്കുന്നത്. കൊച്ചുകുട്ടികളിലേക്ക് നോക്കിയാല്‍ അതും മനസ്സിലാകും.
നല്ല ആഹാരം കിട്ടുന്നതിനും കഴിവും പ്രാപ്തിയും വേണമെന്നാണോ താങ്കള്‍ കരുതുന്നത്? മത്സ്യങ്ങളെയും മൃഗങ്ങളെയും ഒന്നു താരതമ്യം ചെയ്തുനോക്കൂ. കുട്ടികളെയും കിടാങ്ങളെയും ഒന്നെടുത്തുനോക്കൂ. മരങ്ങളെയും ജീവജാലങ്ങളെയും ഒന്നു വിലയിരുത്തിനോക്കൂ. അവയുടെയൊക്കെ ആഹാരത്തിന്റെ പ്രഭവസ്ഥാനം എവിടെയാണ്?
ജീവിതപ്രശ്‌നങ്ങളുടെ പേരു പറഞ്ഞ് നമസ്‌കാരം ഉപേക്ഷിച്ച് നടക്കുന്നവന്‍ സൈനികസേവനം മറന്ന് അങ്ങാടിയിലലഞ്ഞുനടക്കുന്ന പൗരനെപ്പോലെയാണ്. ഉപജീവനം മറന്നുകളയാതെത്തന്നെ നമസ്‌കാരം കൃത്യതയോടെ നിര്‍വഹിക്കുന്ന വിശ്വാസിയാകട്ടെ അന്നദാതാവായ അല്ലാഹുവിന്റെ അടുക്കളയില്‍ ഭക്ഷണം തേടുന്നുമുണ്ട്. മറ്റൊരാള്‍ക്കും അവനൊരു ഭാരമല്ല. പ്രൗഢിയും പൗരുഷവുമാണ് അവന്‍ പ്രകടിപ്പിക്കുന്നത്. ഒരുതരം വിശുദ്ധ ആരാധന.
മനുഷ്യന്റെ പ്രകൃതവും അവനില്‍ നിലീനമായ സിദ്ധികളും വിശകലനം ചെയ്താല്‍ മനസ്സിലാകും ആരാധനക്കു വേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്. തനിക്കു ലഭ്യമായ കഴിവുകളും സിദ്ധികളും ജീവിതത്തില്‍ മനുഷ്യന്‍ നന്നേ കുറച്ചു മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ. ഒരു കുരുവി എത്തിപ്പിടിക്കുന്ന പദവിയിലെത്താന്‍ പോലും മതിയാകാത്തതാണത്. യഥാര്‍ഥത്തില്‍ മനുഷ്യന്‍ സൃഷ്ടികള്‍ക്കിടയിലെ രാജാവല്ലേ, പടപ്പുകളുടെ നേതാവല്ലേ, അവന് ഐഹികവും പാരത്രികവുമായ രണ്ടു ജീവിതമില്ലേ, ആ രണ്ടു ജീവിതത്തിലേക്കും വേണ്ട ജ്ഞാനം അല്ലാഹു അവനില്‍ നിക്ഷേപിച്ചിട്ടില്ലേ!
അതിനാല്‍ അവന്‍ അല്ലാഹുവിനെ ആശ്രയിക്കുകയും ആരാധിക്കുകയുമാണ് വേണ്ടത്.
മൊഴിമാറ്റം: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Comments