Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

ഹജ്ജ് സേവനത്തിന്റെ ഉദാത്ത മാതൃകകള്‍

അസ്ഹര്‍

''മക്കളേ, കാസര്‍കോട്ടേക്ക് ഇവിടെ നിന്ന് ബസ് കിട്ടുമോ?'' വൃദ്ധനായ ഹാജിയുടെ ചോദ്യം കേട്ട് ഒരു നിമിഷം അന്ധാളിച്ചു. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ആംബുലന്‍സില്‍ മിഷന്‍ ഓഫീസിനു മുമ്പില്‍ ഇറക്കിവിട്ട ഹാജി ദിക്കറിയാതെ പരവശനായി തന്റെ സാധനങ്ങളും തൂക്കിയെടുത്ത് കാസര്‍ക്കോട്ടേക്കുള്ള ബസ് അന്വേഷിക്കുകയാണ്. അന്ധാളിപ്പ് പെട്ടെന്ന് തന്നെ മാറ്റിയെടുത്ത് ഹാജിയെയും കൂട്ടി ഹജ്ജ് മിഷന്റെ തമ്പില്‍ കയറി ഒഴിഞ്ഞ സ്ഥലം നോക്കി ഇരുത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി ആശ്വാസ വചനങ്ങള്‍ ചൊരിഞ്ഞു. നാല് പെണ്‍മക്കളും ബിസിനസ്സുകാരനായ ഒരു മകനുമുള്ള ഹാജി ഭാര്യയുമായി ഹജ്ജിനു വന്നതാണ്. മുസ്ദലിഫയില്‍ വെച്ച് വഴിതെറ്റി. കൂടെയുള്ളവരുടെ ഫോണ്‍ നമ്പര്‍ എഴുതിയ ബുക്കോ മൊബൈല്‍ ഫോണോ കൈയിലില്ല. കാസര്‍കോട്ടെ ഫോണ്‍ നമ്പര്‍ ചെറുതായി ഓര്‍ക്കുന്നു. കിട്ടിയ നമ്പറില്‍ വിളിച്ചുനോക്കി. വേറെയേതോ വീട്ടിലേക്കാണ് ലൈന്‍ പോയത്. കോഡും നമ്പറും ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി വീണ്ടും വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. വൃദ്ധരായ മാതാപിതാക്കളെ ഹജ്ജിന് പറഞ്ഞയച്ച് മകനും പേരമക്കളും പെരുന്നാളാഘോഷത്തിന്റെ തിരക്കിലായിരിക്കാം. ഹാജിയുടെ കാര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ കുവൈത്ത് പള്ളിയുടെ ഭാഗത്താണ് തമ്പ് എന്ന് മനസ്സിലായി. അവിടെ എത്തണമെങ്കില്‍ അഞ്ച് കിലോമീറ്ററിലധികം നടക്കണം. ഹാജിക്കാണെങ്കില്‍ ഒരടി നടക്കാനും വയ്യ. ഹജ്ജ് മിഷനിലാണെങ്കില്‍ വീല്‍ചെയറിന് പഞ്ഞവും. ഡിസ്‌പെന്‍സറിയിലെ ഡോക്ടറുമായി പരിചയപ്പെട്ട മറ്റൊരു വളണ്ടിയര്‍ മുഖേന വീല്‍ ചെയര്‍ സംഘടിപ്പിക്കാനും ഹാജിയെ അദ്ദേഹത്തിന്റെ തമ്പിലെത്തിക്കാനും ഏര്‍പ്പാടാക്കി.
ദുല്‍ഹജ്ജ് 11-ന് രാവിലെ മിനയിലെ നിശ്ചയിക്കപ്പെട്ട ലൊക്കേഷനില്‍ വീണ്ടും. ഇന്ന് കിട്ടിയത് ഇന്നലത്തെ പോലെത്തന്നെ വൃദ്ധനായ തിരൂരങ്ങാടി സ്വദേശിയെയാണ്. പെരുന്നാള്‍ ദിവസത്തെ കല്ലേറ് കഴിഞ്ഞ് തമ്പിലേക്കുള്ള വഴിയറിയാതെ അവശനാണ് ഹാജി. കുവൈത്ത് പള്ളി പരിസരത്ത് തന്നെയാണ് ഈ ഹാജിയുടെയും തമ്പ്. ഹാജിയുടെ ബാഗിന്മേല്‍ കണ്ട നാട്ടിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങളറിയാതെ വിഷമിച്ചിരിക്കുകയായിരുന്ന ബന്ധുക്കള്‍ക്ക് ആശ്വാസമേകുകയാണ് ആദ്യമായി ചെയ്തത്. ''വെള്ളവും ജ്യൂസുമൊന്നും വേണ്ട. നാടന്‍ ചോറും ചൂടുവെള്ളവും വേണം.'' പടച്ചവനേ മിനയില്‍ നാടന്‍ ചോറ് എവിടെ കിട്ടാനാണ്? പെട്ടെന്നാണ് സഹവളണ്ടിയര്‍മാര്‍ കഞ്ഞി വിതരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്. ഓടിച്ചെന്ന് ഒരു കീസ് കഞ്ഞിവാങ്ങി ഹാജിയെ കുടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞ ആഹ്ലാദവും സംതൃപ്തിയും വാക്കുകള്‍ക്കതീതമായിരുന്നു. ''ക്ഷീണമൊക്കെ മാറിയില്ലേ? നമുക്ക് തമ്പിലേക്ക് പോകേണ്ടേ?'' ''ഏയ് ഞാനിനിയെന്തിനാ തമ്പിലേക്ക് പോകുന്നത്? എന്റെ കുടുംബക്കാരോ അയല്‍വാസികളോ ഒന്നും അവിടെയില്ല. കല്ലേറിന് പോകാന്‍ ഇവിടെയാണ് സുഖം. അതുകൊണ്ട് ഞാന്‍ ഇവിടെ കൂടുകയാണ്.'' ഹാജിയെ പിന്നീട് ഇന്ത്യന്‍ മിഷന്റെ തമ്പില്‍ ഏല്‍പിച്ച് മിസ്സിംഗ് പരാതിയും രജിസ്റ്റര്‍ ചെയ്ത് വീണ്ടും പുറത്തേക്ക്. സഹായം ആവശ്യമുള്ള അടുത്ത ഹാജിയെയും തേടി.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജിയുടെ സേവനസംഘം കെ.ആര്‍.ഡബ്ലിയു വളണ്ടിയര്‍ വിഭാഗത്തില്‍ പ്രായവും അവശതകളും വകവെക്കാതെ ഹാജിമാരുടെ സേവനത്തിന് ഒരുങ്ങിയിറങ്ങുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ദുല്‍ഹജ്ജ് 10-ന് പുലര്‍ച്ചെ തുടങ്ങി 12-ന് വൈകുന്നേരം വരെ നീണ്ടുനിന്ന ഈ സേവനത്തിനിടയില്‍ പലര്‍ക്കും മുകളില്‍ വിവരിച്ചത് പോലുള്ള അനുഭവങ്ങളുണ്ടായി.
നാല് മേഖലകളായാണ് കെ.ആര്‍.ഡബ്ലിയു വളണ്ടിയര്‍മാര്‍ ഹജ്ജ് സേവനത്തിന് രംഗത്തിറങ്ങിയത്.
- കെ.ഐ.ജി ഹജ്ജ് കാഫിലയില്‍ ഹജ്ജ് നിര്‍വഹിക്കുന്ന 350-ലധികം ഹാജിമാരുടെ സേവനത്തിനുള്ള സംഘം.
- ജിദ്ദയിലെ മലയാളി കൂട്ടായ്മയുടെ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴിലുള്ള സംഘം.
- ഹജ്ജ് ഗിഫ്റ്റ് ഓര്‍ഗനൈസേഷന് കീഴില്‍ ഹാജിമാര്‍ക്ക് കുട, മാസ്‌ക് മുതലായവയും ഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സംഘം.
- സനാഇയ്യ ദഅ്‌വാ സെന്ററിന്റെ ബാനറില്‍ ഹാജിമാരുടെ പൊതുസേവനത്തിനായി 200-ലധികം വളണ്ടിയര്‍മാരടങ്ങിയ സംഘം.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുമെന്ന് ദൃഢനിശ്ചയത്തോടെയാണ് വളണ്ടിയര്‍മാര്‍ മിനയോട് വിടചൊല്ലിയത്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം