ഇസ്‌ലാം ചരിത്രവഴികളില്‍
ഭൂമിയില്‍ മനുഷ്യാരംഭം മുതല്‍ തന്നെയാണ് ഇസ്‌ലാമിന്റെയും ആരംഭം. കൃത്യമായി പറഞ്ഞാല്‍, മനുഷ്യനെ സൃഷ്ടിച്ച് അവനെ ഭൂമിയിലേക്ക് പറഞ്ഞുവിട്ടത് മുതല്‍. അല്ലാഹു ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചപ്പോള്‍, തനിക്ക് മാത്രമേ ആരാധനകള്‍ ചെയ്യാവൂ എന്നും ദൈവേഛക്ക് ഒത്തവിധമുള്ള ഒരു ജീവിതമേ നയിക്കാവൂ എന്നും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.
അല്ലാഹുവാണ് പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്ടികര്‍ത്താവ്, സംരക്ഷകന്‍. എങ്ങനെ ജീവിക്കണമെന്ന മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടത് ആ രക്ഷിതാവില്‍ നിന്നാണ്. ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ഥം തന്നെ ദൈവേഛക്ക് വഴിപ്പെടുക എന്നാണ്. ആ അര്‍ഥത്തില്‍ മനുഷ്യന്റെ പ്രകൃതിമതമാണ് ഇസ്‌ലാം. മാര്‍ഗനിര്‍ദേശം തേടി മനുഷ്യന് ചലിക്കാവുന്ന ഏറ്റവും പ്രകൃതിപരമായ മാര്‍ഗമാണ് ഇസ്‌ലാമിന്റേത്.
ആദമിനെയും ഹവ്വയെയും ഭൂമിയിലേക്ക് പറഞ്ഞയച്ചപ്പോള്‍ ദൈവം അവരോട് പറഞ്ഞിരുന്നു: നിങ്ങള്‍ എന്റെ അടിയാറുകളാണ്. ഞാന്‍ നിങ്ങളുടെ സ്രഷ്ടാവും രക്ഷിതാവും. എന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുക എന്നതാണ് നിങ്ങള്‍ക്ക് മുമ്പിലെ ഏക രക്ഷാമാര്‍ഗം. ഞാന്‍ അനുവദിച്ചതേ ചെയ്യാവൂ. ഞാന്‍ വിലക്കിയതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കണം. എങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് മതിയായ പാരിതോഷികങ്ങള്‍ നല്‍കും. എന്നെ ധിക്കരിക്കാനാണ് ഭാവമെങ്കില്‍ അത് എന്റെ അപ്രീതി ക്ഷണിച്ചുവരുത്തും. അതിന്റെ പേരില്‍ നിങ്ങളെ പിടികൂടി ശിക്ഷിക്കുകയും ചെയ്യും.
അതായിരുന്നു ഇസ്‌ലാമിന്റെ ലളിതമായ തുടക്കം.
ആദമും ഹവ്വയും തങ്ങളുടെ സന്തതികളെ ഇസ്‌ലാമിക ജീവിതത്തിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരകള്‍ തലമുറകളോളം ആ സല്‍പാന്ഥാവിലൂടെ തന്നെ പ്രയാണം ചെയ്തു. കുറെ കഴിഞ്ഞാണ് ചിലര്‍ ദൈവാജ്ഞകള്‍ ധിക്കരിക്കാന്‍ തുടങ്ങിയത്. ചിലര്‍ വേറെ പല ദൈവങ്ങളെയും പൂജിക്കാന്‍ തുടങ്ങി. മറ്റു ചിലരാവട്ടെ, 'ഞങ്ങള്‍ തോന്നിയപോലെ ജീവിക്കും' എന്ന് പ്രഖ്യാപിച്ചു. അങ്ങനെ ദൈവാജ്ഞകള്‍ പരസ്യമായി ധിക്കരിക്കപ്പെട്ടു. ഇങ്ങനെയാണ് കുഫ്ര്‍ (അവിശ്വാസം) ജന്മം കൊള്ളുന്നത്. തന്റെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ധിക്കരിക്കുക എന്നതാണ് അവിശ്വാസത്തിന്റെ അന്തസ്സത്ത.
കുഫ്ര്‍ വ്യാപിക്കുകയും പെരുകുകയും ചെയ്തതോടെ, സാമൂഹിക ജീവിതത്തില്‍ അതിന്റെ ദുഷ്ഫലങ്ങള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചൂഷണം, അടിച്ചമര്‍ത്തല്‍, അധാര്‍മികത തുടങ്ങി ഒട്ടനവധി തിന്മകള്‍ തലപൊക്കി. അങ്ങനെ ജീവിതം അസഹനീയമായിത്തീര്‍ന്നു. അപ്പോഴാണ് തിന്മകളില്‍ അഭിരമിക്കുന്ന ഈ ജനവിഭാഗത്തെ നേര്‍വഴിയില്‍ നടത്തുന്നതിനും അവരെ ദൈവഭയമുള്ള സല്‍ക്കര്‍മികളാക്കുന്നതിനും വേണ്ടി അല്ലാഹു ചില നല്ല മനുഷ്യരെ നിയോഗിക്കുന്നത്. അവരെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്നു വിളിക്കുന്നു. എല്ലാ നാടുകളിലേക്കും ജനതകളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാവരും വിശ്വസ്തരും സത്യം മാത്രം പറയുന്നവരും ഉത്കൃഷ്ട സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കിയവരുമായിരുന്നു. അവരെല്ലാവരും പ്രബോധനം ചെയ്തത് ഒരേ ദര്‍ശനം-ഇസ്‌ലാം. അവരില്‍ ചിലരാണ് നോഹ, അബ്രഹാം, മോശ, യേശു. ഇതുപോലെ പല നൂറ്റാണ്ടുകളിലായി ആയിരക്കണക്കിന് പ്രവാചകന്മാര്‍. എല്ലാവരും നിയോഗിതരാകുന്നത് മനുഷ്യസമൂഹത്തിന് സത്യപാത കാണിച്ചുകൊടുക്കാന്‍.
കഴിഞ്ഞ് ഏതാനും സഹസ്രാബ്ദങ്ങളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍, കുഫ്ര്‍ വളര്‍ന്ന് ഭീകരരൂപം പ്രാപിച്ചപ്പോഴെല്ലാം പ്രവാചകന്മാര്‍ അടിക്കടി വന്നുകൊണ്ടിരുന്നതായി കാണാന്‍ കഴിയും. അവിശ്വാസത്തിന്റെ പ്രവാഹത്തെ തടുത്ത് നിര്‍ത്തി, ജനത്തെ ഇസ്‌ലാമിനനൊപ്പം നിര്‍ത്തുക- ഇതായിരുന്നു അവര്‍ ചെയ്തത്. ഈ സന്ദേശം സമൂഹത്തിലെ ഒരു വിഭാഗം സ്വീകരിച്ചു. മറുവിഭാഗം തള്ളിക്കളഞ്ഞു. സത്യസന്ദേശം സ്വീകരിച്ചവര്‍ക്കാണ് മുസ്‌ലിംകള്‍ എന്നു പറയുക. ഈ വിശ്വാസിസമൂഹം സ്വന്തം ജീവിതത്തില്‍ ഉയര്‍ന്ന ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു. പക്ഷേ പില്‍ക്കാലത്ത് മുസ്‌ലിംകളിലും ജീര്‍ണത തലപൊക്കി. അവരും ക്രമേണ കുഫ്‌റിലേക്ക് ആപതിച്ചു. ഇങ്ങനെയൊരു അവസ്ഥ സംജാതമാകുമ്പോഴെല്ലാം പ്രവാചകന്മാരെ അയച്ച് വഴിതെറ്റിപ്പോയവരെ സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ദൈവം അനുവര്‍ത്തിക്കുന്ന രീതി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നുപോയി. ഇസ്‌ലാമിനെ പുനരാനയിക്കുക ഈ പ്രവാചകന്മാരുടെ ചുമതലയായിരുന്നു. ഈ പ്രവാചക ശ്രേണിയില്‍ ഒടുവിലായെത്തുന്നത് മുഹമ്മദ് നബി(സ). ഈ പ്രവാചകന്‍ ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവന്നത് ഏറ്റവും മികച്ചതും കുറ്റമറ്റതുമായ രീതിയിലായിരുന്നു. ആ മാതൃക ഇന്നും നിലനില്‍ക്കുന്നു; അന്ത്യനാള്‍ വരെ ദൈവാനുഗ്രഹത്താല്‍ നിലനില്‍ക്കുകയും ചെയ്യും.
പ്രവാചകന്‍ മുഹമ്മദ് മക്കയില്‍
പ്രവാചകന്‍ മുഹമ്മദ് (സ) ജനിക്കുന്നത് ക്രി. 571-ല്‍, ഇന്ന് പ്രശസ്തിയിലേക്കുയര്‍ന്ന മക്കയില്‍. ആ സമയത്ത് അറേബ്യയില്‍ ഇസ്‌ലാമിന് അനുയായികള്‍ ഉണ്ടായിരുന്നില്ല; എന്നല്ല ലോകത്ത് ഒരിടത്തും ഒരൊറ്റ അനുയായി പോലും ഇല്ലായിരുന്നു. മുന്‍ പ്രവാചകന്മാരുടെ അധ്യാപനങ്ങളിലെ ചില ശേഷിപ്പുകള്‍ പിന്തുടര്‍ന്ന് സദ്‌വൃത്തരായ ചുരുക്കം ചിലര്‍ ഏകദൈവത്തെ ആരാധിച്ച് ജീവിക്കുന്നുണ്ടായിരുന്നുവെങ്കിലും, ദൈവം നല്‍കിയ യഥാര്‍ഥ ജീവിതദര്‍ശനം വിഗ്രഹാരാധനയുടെയും പ്രകൃതിപൂജയുടെയും കോടമഞ്ഞില്‍ പാടെ നഷ്ടപ്പെട്ടുപോയിരുന്നു. വ്യാജ ദൈവപൂജ(ശിര്‍ക്ക്)യല്ലാതെ കലര്‍പ്പില്ലാത്ത യഥാര്‍ഥ ദൈവാരാധന എങ്ങും കാണാനുണ്ടായിരുന്നില്ല. ധാര്‍മികതയുടെ അലകും പിടിയും വേര്‍പെട്ട്, സകല തിന്മകളിലും പുളച്ചുകഴിയുകയായിരുന്നു ജനസമൂഹം. ഇത് ആറാം നൂറ്റാണ്ടിലെ അറേബ്യയുടെ സ്ഥിതി മാത്രമായിരുന്നില്ല; ലോകം മുഴുക്കെ അങ്ങനെയായിരുന്നു. അപ്പോഴാണ് ദൈവം മുഹമ്മദ് നബിയെ തന്റെ അന്ത്യപ്രവാചകനായി നിയോഗിക്കുന്നത്. ജീവിതത്തിന്റെ ആദ്യത്തെ നാല്‍പത് വര്‍ഷം മക്കാ നഗരത്തിലെ ജീവിതത്തെ ക്ഷമാപൂര്‍വം നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. മഹോന്നത ഗുണങ്ങള്‍ മേളിച്ച ആ വ്യക്തിത്വത്തെ സര്‍വരും ആദരിച്ചു. പക്ഷേ, ഏറ്റവും മഹാനായ ലോകനേതാവാകാന്‍ പോകുന്ന വ്യക്തിയാണിതെന്ന് അന്നവര്‍ക്ക് മനസ്സിലായിരുന്നില്ല.
തന്റെ കാലത്തെ കടുത്ത അധാര്‍മിക ജീവിതം കണ്ട് ആ മനസ്സ് വല്ലാതെ വേദനിച്ചു. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നു. എങ്ങും സ്വേഛാധിപത്യവും അനീതിയും. വേദനിച്ചും ഉത്കണ്ഠപ്പെട്ടും എല്ലാ നിശ്ശബ്ദം നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. രോഗാതുരമായ മനുഷ്യവര്‍ഗത്തെ രക്ഷപ്പെടുത്താനുള്ള പ്രതിവിധി അദ്ദേഹത്തിനും അറിയുമായിരുന്നില്ലല്ലോ. ഒടുവില്‍ പ്രായം നാല്‍പതില്‍ എത്തിയപ്പോഴാണ് ദൈവം അദ്ദേഹത്തെ പ്രവാചകനായി തെരഞ്ഞെടുക്കുന്നത്. ദൈവത്തിന്റെ യഥാര്‍ഥ മതമായ, നീതിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാം പ്രബോധനം ചെയ്യുക എന്നതായിരുന്നു ഏല്‍പിക്കപ്പെട്ട ദൗത്യം. ആ ദൗത്യം എങ്ങനെ നിറവേറ്റണമെന്ന് ദൈവം വെളിപാടിലൂടെ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. ആ ദിവ്യവെളിപാടുകളുടെ സമാഹാരമാണ് ഖുര്‍ആന്‍.
ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ, അവന് മാത്രമേ വിധേയപ്പെടാവൂ എന്ന സന്ദേശത്തിലേക്ക് മക്കന്‍ സമൂഹത്തെ പ്രവാചകന്‍ ക്ഷണിച്ചപ്പോള്‍, ജനം പൊതുവെ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ആ സന്ദേശം പ്രചരിക്കാതിരിക്കാന്‍ അവര്‍ മാര്‍ഗതടസ്സങ്ങളുണ്ടാക്കി. എന്നാല്‍, അര്‍പ്പണബോധത്തോടെ, ഇളകാത്ത ഇഛാശക്തിയോടെ പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ചെയ്തത്. തദ്ഫലമായി, കുറെ ശുദ്ധാത്മാക്കള്‍ അദ്ദേഹത്തോടൊപ്പം വന്നു. അവര്‍ അദ്ദേഹത്തിന്റെ ഉറച്ച അനുയായികളായി. സത്യസന്ദേശം പതുക്കെ മക്കയും കടന്ന് അറേബ്യയുടെ ഇതര ദിക്കുകളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. സത്യസന്ധരും ധാര്‍മികത സൂക്ഷിക്കുന്നവരുമായ ആളുകള്‍ ആ സന്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍, ദുഷ്ടരും അവിവേകികളുമായ ആളുകളാണ് എതിര്‍പ്പിന് മൂര്‍ച്ച കൂട്ടിയത്. ഇത് പതിമൂന്ന് വര്‍ഷം തുടര്‍ന്നു. ഇസ്‌ലാം പതുക്കെ പുതിയ മണ്ണിലേക്ക് വേരോടാന്‍ തുടങ്ങിയിരുന്നു. അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും അതിന് അനുയായികളെ കിട്ടി. ഇത് ഒരു വശം. മറുവശത്ത് അജ്ഞതയില്‍ ആണ്ടുകിടന്ന, പാരമ്പര്യത്തിന്റെ സംരക്ഷകരും വക്താക്കളും ഇസ്‌ലാമിനോടുള്ള അവരുടെ എതിര്‍പ്പിന് കടുപ്പം കൂട്ടിക്കൊണ്ടിരുന്നു. ഇസ്‌ലാമില്‍ പുതുതായി എത്തുന്നവരെ അവര്‍ അസഭ്യം പറഞ്ഞു, അപമാനിച്ചു, ശാരീരികമായി പീഡിപ്പിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തെ മുളയിലേ നുള്ളാന്‍ മക്കയിലെ പ്രമാണിമാര്‍ പ്രവാചകനെ വധിക്കാനുള്ള ഒരു ഗൂഢപദ്ധതി തയാറാക്കുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ദൈവത്തിന്റെ ആജ്ഞയുണ്ടായി: മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്യുക.
പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ വഴിമധ്യേ വധിക്കാനുള്ള ശത്രുക്കളുടെ നീചമായ നീക്കങ്ങളും ഫലം കണ്ടില്ല. സുരക്ഷിതനായി പ്രവാചകന്‍ മദീനയിലെത്തി. ഈ വിഖ്യാത പലായനത്തെയാണ് ഹിജ്‌റ എന്ന് പറയുന്നത്. ഇസ്‌ലാമിക കലണ്ടറിന് ആരംഭം കുറിച്ച ചരിത്ര സംഭവം.
പ്രവാചകന്‍ മദീനയില്‍
മക്കയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള മദീന ഇസ്‌ലാമിന്റെ കേന്ദ്രമായി വളരുന്നുണ്ടായിരുന്നു. നേരത്തെ തന്നെ കുറെയാളുകള്‍ അവിടെ പുതുവിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് പിന്തുണക്കാര്‍ വര്‍ധിച്ചുവരുന്നുമുണ്ടായിരുന്നു. മദീനയിലെ രണ്ട് പ്രധാന ഗോത്രങ്ങള്‍ ഇസ്‌ലാം ആശ്ലേഷിച്ച് ആ മാര്‍ഗത്തില്‍ സ്വത്തും ജീവനും മറ്റെന്തും ബലിനല്‍കാന്‍ തയാറായിനിന്നു. ഈ സന്ദര്‍ഭത്തിലാണ് മദീനയിലേക്കുള്ള പലായനം നടക്കുന്നത്.
പ്രവാചകന്‍ മദീനയില്‍ നിലയുറപ്പിച്ചതോടെ അറേബ്യയുടെ ചതുര്‍ദിക്കുകളില്‍ നിന്നും പുതുവിശ്വാസികള്‍ ആ നഗരത്തിലേക്ക് ഒഴുകാന്‍ തുടങ്ങി. ഈ പ്രവാഹം ഇസ്‌ലാമിന്റെ പുതിയ കേന്ദ്രത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ഒരു പീഡിത മതമെന്ന നിലയില്‍ നിന്ന് അത് വിടുതല്‍ നേടി. ആ മണ്ണില്‍ ശരിക്കും അത് കാലുറപ്പിച്ച് കഴിഞ്ഞിരുന്നു. ഒരു ഇസ്‌ലാമിക സമൂഹവും ഭരണക്രമവും സ്ഥാപിക്കാനുള്ള ചരിത്ര സന്ദര്‍ഭമാണ് അതിന് വന്നുകിട്ടിയിരിക്കുന്നത്. ഹിജ്‌റാനന്തര ഘട്ടത്തിലെ ഏറ്റവും സുപ്രധാന സംഭവവികാസവും ഇത് തന്നെയായിരുന്നു. ഈ മാറ്റത്തിന്റെ പ്രാധാന്യം അറിയാത്തവരായിരുന്നില്ല മക്കയിലെ പാരമ്പര്യ പൂജകര്‍. ഒരു പുതിയ മാതൃക ഉയര്‍ന്നുവരികയാണെന്നും സമൂഹത്തില്‍ തങ്ങളുടെ നായകത്വത്തെ അത് വെല്ലുവിളിക്കുകയാണെന്നും അവര്‍ മനസ്സിലാക്കി. ഇതവരില്‍ ഉണ്ടാക്കിയ പരിഭ്രാന്തിയും ഉത്കണ്ഠയും ഒട്ടും ചെറുതായിരുന്നില്ല. ഈ പുതുശക്തിയെ അതിന്റെ ശൈശവത്തില്‍ തന്നെ കൊന്നൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. മുസ്‌ലിംകള്‍ ഒരു കേന്ദ്രശക്തി അല്ലായിരുന്നു. എണ്ണത്തിലും അവര്‍ അത്ര അധികമുണ്ടായിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ അതിവേഗം മാറിവരികയാണ്. അവര്‍ ഒരിടത്ത് സംഘടിച്ച് ഒരു ഭരണക്രമം തന്നെ ഉയര്‍ത്തിക്കൊണ്ട് വരികയാണ്. ആഴത്തില്‍ വേരു പിടിച്ച് കഴിഞ്ഞാല്‍ ആ ഭരണക്രമത്തെ പിഴുതെറിയുക പിന്നെ അസാധ്യമായിത്തീരും. മുസ്‌ലിംകളെ ഇങ്ങനെ സ്വതന്ത്രരാക്കി വിട്ടാല്‍ വൈകാതെ അവര്‍ ഒരു വന്‍ശക്തിയായിത്തീരുമെന്നും മക്കയിലെ പ്രതിയോഗികള്‍ ഭയപ്പെട്ടു. മക്കയിലെ പ്രമാണിമാര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കും അയല്‍പക്കത്തെ സഹകാരി ഗോത്രങ്ങള്‍ക്കുമെല്ലാം ഉടനടി ഒരു സന്ദേശമയച്ചു- മദീനയിലെ മുസ്‌ലിം കൂട്ടായ്മയെ തകര്‍ക്കാന്‍ ഞങ്ങളോടൊപ്പം അണിചേരുക. സര്‍വ സൈനിക സന്നാഹങ്ങളുമായാണ് അവര്‍ മദീനക്ക് നേരെ പാഞ്ഞുചെന്നത്. പക്ഷേ, പ്രവാചകനെയും അദ്ദേഹത്തിന്റെ എന്തിനും തയാറായ അനുയായികളെയും കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇങ്ങനെ അവിശ്വാസികളുടെ കുതന്ത്രങ്ങളും ഗൂഢാലോചനകളും ഒരു ഭാഗത്ത് അഭംഗുരം തുടരുമ്പോഴും അറേബ്യയില്‍ ഇസ്‌ലാം പ്രചരിച്ചുകൊണ്ടേയിരുന്നു. സന്മനസ്സുള്ളവര്‍ അവിശ്വാസം കൈവെടിഞ്ഞ് ഇസ്‌ലാമിന്റെ ചേരിയിലേക്ക് വന്നുകൊണ്ടേയിരുന്നു.
അവിശ്വാസത്തിന്റെ കോട്ടയായ മക്കയിലേക്ക് പ്രവാചകന്‍ വിജയശ്രീലാളിതനായി തിരിച്ചെത്തിയതോടെ ആ വിജയഗാഥ അതിന്റെ ഉച്ചിയിലെത്തി. മദീനയില്‍ ഇസ്‌ലാമിക ഭരണക്രമം സ്ഥാപിച്ച് എട്ടു വര്‍ഷത്തിനകമായിരുന്നു ഇതെല്ലാം. മക്ക കീഴടങ്ങിയതോടെ അയല്‍പക്കങ്ങളിലെ ശത്രുഗോത്രങ്ങളും മുസ്‌ലിം ശക്തിക്ക് കീഴൊതുങ്ങി. പിന്നീടുള്ള ഒരു വര്‍ഷത്തിനകം സുശക്തമായ ഒരു ഇസ്‌ലാമിക ഭരണകൂടം ഉയര്‍ന്നുവരുന്നതാണ് നാം കാണുന്നത്. ദൈവത്തിന്റെ പരമാധികാരത്തിലും മനുഷ്യ പ്രാതിനിധ്യത്തിലും അധിഷ്ഠിതമായ ആ ഭരണക്രമത്തിന്റെ ചുക്കാന്‍ പിടിച്ചത് സത്യസന്ധരും ദൈവഭക്തരുമായ ഒരു ജനവിഭാഗമായിരുന്നു. ആ ഭരണത്തിന്‍ കീഴില്‍ അതിക്രമവും അടിച്ചമര്‍ത്തലും അനീതിയും അധാര്‍മികതയും ഉണ്ടായിരുന്നില്ല. എല്ലായിടത്തും സമാധാനം, നീതി, സത്യം, സത്യസന്ധത. ദൈവപ്രീതി മാത്രം കാംക്ഷിക്കുന്ന ജനവിഭാഗമായതുകൊണ്ടാണ് അവരില്‍ ഈ ഉല്‍കൃഷ്ട മൂല്യങ്ങളത്രയും അവയുടെ പൂര്‍ണതയോടെ പൂത്തുലഞ്ഞത്.
23 വര്‍ഷം എന്ന ചെറിയ കാലയളവിലാണ് പ്രവാചകനായ മുഹമ്മദ് നബി(സ) അറേബ്യന്‍ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. ഇസ്‌ലാമിന് വേണ്ടി ത്യജിക്കാനും ത്യാഗം സഹിക്കാനുമുള്ള ഒരു മനസ്സ് അദ്ദേഹം അനുയായികളില്‍ വളര്‍ത്തിയെടുത്തു. ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന മഹത് ദൗത്യം സ്വയം ഏറ്റെടുത്തുകൊണ്ട് ഈ അനുയായിവൃന്ദം ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും യാത്ര തിരിച്ചു. പ്രവാചകന്‍ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍, മനുഷ്യ ചരിത്രത്തിലെ എക്കാലത്തെയും മഹാ ദൗത്യം അദ്ദേഹം നിര്‍വഹിച്ച് കഴിഞ്ഞിരുന്നു.
പ്രവാചക വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രബോധനം ചെയ്യുന്നതിനായി ലോകമാകെ ചുറ്റിസഞ്ചരിച്ചു. പോയേടത്തെല്ലാം അവര്‍ വിജയക്കൊടി നാട്ടി. സകല പ്രതിബന്ധങ്ങളും തട്ടിമാറ്റി. ഒരാള്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ഇസ്‌ലാം കരുത്ത് നേടി. ഇന്ത്യ മുതല്‍ സ്‌പെയിന്‍ വരെ അവര്‍ വ്യാപിച്ചു. ഭൂഗോളത്തിന്റെ മുഖഛായ തന്നെ അവര്‍ മാറ്റി. ഇസ്‌ലാമിന്റെ ഉദാത്ത ജീവിതമാതൃകയുമായി ഭൂഖണ്ഡങ്ങള്‍ താണ്ടിയ പ്രവാചകന്റെ അനുയായികള്‍ തദ്ദേശവാസികളുടെയെല്ലാം ഹൃദയം കവര്‍ന്നു. അവരും ഇസ്‌ലാമിന്റെ ചേരിയില്‍ അണിനിരന്നു. അവര്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിന്റെ ഉദാത്ത ജീവിത മൂല്യങ്ങളുടെ പ്രഭയില്‍, അധാര്‍മികതയും അനീതിയും കുറ്റിയറ്റു. അവര്‍ ദൈവബോധമില്ലാത്ത ജനസഞ്ചയങ്ങളെ ദൈവഭയമുള്ള സുകൃതികളാക്കി മാറ്റുകയായിരുന്നു. അറിവിന്റെ പ്രകാശവും ഉദാത്തമായ സ്വഭാവ ഗുണങ്ങളുമാണ് അവര്‍ പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നത്. അതിക്രമികളെ ഒതുക്കി നീതിയും സമഭാവനയും പുനഃസ്ഥാപിച്ചു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ഇതിനെ വിശേഷിപ്പിക്കാം.
പ്രവാചകന്റെ അനുയായികള്‍ മറ്റൊരു വലിയ സേവനം കൂടി ചെയ്തിട്ടുണ്ട്. അവര്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും പ്രവാചകന് അവതരിച്ചു കിട്ടിയ രൂപത്തില്‍ തന്നെ അത് സൂക്ഷിച്ചുവെക്കുകയും ചെയ്തു. പ്രവാചകന് അവതരിച്ചു കിട്ടിയ അതേ രൂപത്തില്‍, അതേ ഭാഷയില്‍, കുത്തോ കോമയോ പോലും മാറാതെ ഖുര്‍ആന്‍ ഇപ്പോഴും നമ്മുടെ മുമ്പിലുണ്ട്. ഇതൊരു മഹാഭാഗ്യമാണ്. പ്രവാചകന്റെ വാക്കുകള്‍, പ്രസംഗങ്ങള്‍, നിര്‍ദേശങ്ങള്‍, സ്വഭാവചര്യകള്‍ ഇതൊക്കെയും വിശദാംശങ്ങളോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സംഗതി. ഈ പ്രവാചക ചര്യയാണ് സുന്നത്ത് അല്ലെങ്കില്‍ ഹദീസ്. 1400-ല്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും അവയുടെ പൂര്‍ണ രൂപത്തില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നു.
മുഹമ്മദ് നബിക്ക് മുമ്പുള്ള തലമുറകളില്‍ ഇസ്‌ലാം ഇടക്കിടെ പുനര്‍ജീവിക്കപ്പെട്ടുകൊണ്ടേയിരുന്നിട്ടും അത് പില്‍ക്കാലത്ത് പാടെ വിസ്മരിക്കപ്പെട്ടു പോയത്, പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദങ്ങളോ ആ പ്രവാചകന്മാരുടെ ജീവിതരേഖകളോ അവയുടെ തനതായ രൂപത്തില്‍ സൂക്ഷിച്ച് വെക്കാന്‍ സാധിച്ചില്ല എന്നതുകൊണ്ടാണ്. പക്ഷേ, മുഹമ്മദ് നബി(സ)ക്ക് ശേഷം അങ്ങനെയൊരു ദുരന്തം ഭയക്കാനില്ല. കാരണം, മുഹമ്മദ് നബിക്ക് അവതരിച്ച വേദവും അദ്ദേഹത്തിന്റെ ജീവിത രേഖകളും പൂര്‍ണമായ വിധത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ ആദിമ വിശുദ്ധിയില്‍ അവ രണ്ടും എക്കാലവും നിലനില്‍ക്കാനും പോകുന്നു.
അതിനാല്‍ ഇസ്‌ലാമിക ജീവിതത്തിന്റെ തനതായ ആദിമവിശുദ്ധിക്ക് മങ്ങലേല്‍ക്കുമ്പോഴെല്ലാം- അങ്ങനെ സംഭവിക്കാതിരിക്കട്ടെ- ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും പിന്‍ബലത്താല്‍ നമുക്കതിനെ തിരിച്ചുപിടിക്കാനും അതിന് പുതുജീവന്‍ പകരാനും കഴിയും. അതിനാലാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യം തിരിച്ചുകൊണ്ടുവരാന്‍ ഇനിയൊരു പ്രവാചകന്‍ വരേണ്ടതില്ല എന്ന് പറയുന്നത്. ഖുര്‍ആനും നബിചര്യയും നന്നായറിയുന്ന ജ്ഞാനികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവര്‍ സ്വന്തം ജീവിതത്തില്‍ ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ പകര്‍ത്തണം. എന്നിട്ട് ചുറ്റുമുള്ള ജനസാമാന്യത്തെയും ഇസ്‌ലാമിക ജീവിതത്തിലേക്ക് വഴിനടത്തണം. അങ്ങനെയാണ് എക്കാലത്തെയും മനുഷ്യന്റെ ദാഹം ശമിപ്പിച്ചുകൊണ്ട് ഇസ്‌ലാം എന്ന ഈ നദിക്ക് എന്നുമെന്നും ഒഴുകിക്കൊണ്ടിരിക്കാന്‍ കഴിയുന്നത്.
(പാകിസ്താന്‍ റേഡിയോവില്‍ ചെയ്ത പ്രഭാഷണം)
Comments