Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

മനസ്സംസ്‌കരണം

ശൈഖ് മുഹമ്മദ് കാരകുന്ന്

മനുഷ്യനിലെ പവര്‍ഹൗസ് മനസ്സാണ്. അതിന്റെ ശേഷി അപാരമാണ്.  അപരിമിതവും. അത് ശരീരത്തിന്റെ അനുബന്ധമല്ല.  അത് പദാര്‍ഥങ്ങള്‍ക്ക് അന്യമാണ്.  തീര്‍ത്തും അതീതവും. ശാരീരികാവസ്ഥകളും ഘടനകളുമല്ല മനസ്സിനെ നിയന്ത്രിക്കുന്നത്.  മറിച്ച്, ശരീരാവയവങ്ങള്‍ മനസ്സിന്റെ വിചാര വികാരങ്ങള്‍ക്കൊത്താണ് ചരിക്കുക. കൈയും കാലും കണ്ണും കാതും നാക്കും മൂക്കുമൊക്കെ മനസ്സിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. അതിനാല്‍ ഫ്രെഡറിക് എംഗല്‍സിന്റെ പ്രസ്താവം പരമാബദ്ധമാണ്.  അദ്ദേഹം അവകാശപ്പെട്ടു:  ''കൈ ജോലി ചെയ്യാനുള്ള ഉപകരണമല്ല, ജോലിയുടെ ഒരുല്‍പന്നം കൂടിയാണ്. ജോലിയിലൂടെ കൈകള്‍ വമ്പിച്ച പുരോഗതി കൈവരിച്ചു.  അതിന് റാഫേലിന്റെ ചിത്രങ്ങളും തേര്‍വാട്ട്‌സന്റെ ശില്‍പങ്ങളും പഗാനിയുടെ സംഗീതവും രചിക്കാന്‍ സാധിച്ചു.''
എല്ലാവര്‍ക്കും കൈകളുണ്ട്. പൂര്‍ണാരോഗ്യമുള്ള കൈകള്‍. വളര്‍ച്ചയെത്തിയതും. പക്ഷേ, ചിത്രം വരക്കുന്നവരും ശില്‍പം നിര്‍മിക്കുന്നവരും സംഗീതം രചിക്കുന്നവരും ചുരുക്കം ചിലര്‍ മാത്രം. ചായക്കൂട്ടുകള്‍ ചേര്‍ത്തു വെച്ചാല്‍ ചിത്രങ്ങളാവുകയില്ലല്ലോ. സംഗീതം പദങ്ങളുടെ സംഘാതവുമല്ല. കൈകള്‍ അവയുടെ നിര്‍മാണം നിര്‍വഹിക്കുന്നതിനു മുമ്പ് മനസ്സുകള്‍ അവക്ക് രൂപം നല്‍കുന്നു. അവിടെ തെളിഞ്ഞു വന്ന ചിത്രങ്ങള്‍ ചായമണിയിക്കുകയാണ് വിരല്‍തുമ്പുകള്‍ ചെയ്യാറുള്ളത്.  കൈകള്‍ക്ക് ശേഷിയില്ലെങ്കില്‍ കാല്‍ വിരലുകളും അക്കാര്യം നിര്‍വഹിക്കും.  അതിനാല്‍ മുഴുകര്‍മങ്ങളുടെയും അടിസ്ഥാനവും ആദ്യബിന്ദുവും മനസ്സുതന്നെ. അത് തീരുമാനമെടുക്കുന്നു. തുടര്‍ന്ന് ശരീരത്തോട് അവ നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നു.
മനസ്സിന്റെ സിദ്ധി അപാരമാണ്.  അതേക്കുറിച്ച് അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ അറിയിക്കുന്നു: ''എന്നെ ഉള്‍ക്കൊള്ളാന്‍ ആകാശഭൂമികള്‍ക്കൊന്നും സാധ്യമല്ല. എന്നാല്‍ വിശ്വാസിയുടെ മനസ്സിന് അത് സാധിക്കും.''

അവിരാമമായ സമരം
ലോകത്തിലെ ഏറ്റവും വലിയ സമരവേദി മനുഷ്യമനസ്സാണ്. പരസ്പര വിരുദ്ധമായ രണ്ടു ശക്തികളവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നന്മയുടെയും തിന്മയുടെയും ശക്തികളാണവ. രണ്ടും മനുഷ്യ മനസ്സിനെ തങ്ങളുടെ ഭാഗത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
ലോകത്തുണ്ടാവുന്ന എല്ലാ യുദ്ധങ്ങളുടെയും സന്ധികളുടെയും സംഘര്‍ഷങ്ങളുടെയും സമാധാനത്തിന്റെയും നന്മയുടെയും തിന്മയുടെയും ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും നീതിയുടെയും അനീതിയുടെയും പ്രഭവകേന്ദ്രം മനുഷ്യമനസ്സാണ്.  അവിടെ നടക്കുന്ന പോരാട്ടത്തിലെ ജയപരാജയങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുക.
മനസ്സിന്റെ കഴിവും കരുത്തും അളന്നുകണക്കാക്കാനാര്‍ക്കും സാധ്യമല്ല. ലോകത്തിലെ ഏറ്റവും ശക്തിയുള്ള ബോംബിനേക്കാള്‍ സംഹാരശേഷിയുണ്ടതിന്. ബോംബ് ഉള്‍പ്പെടെ എല്ലാം പ്രായോഗിക രൂപം കൊള്ളുന്നതിന് മുമ്പ് രൂപം കൊള്ളുന്നത് അവിടെയാണല്ലോ. അതിനാല്‍ നിര്‍മാണവും സംഹാരവും നടത്തുന്നത് അവസാന വിശകലനത്തില്‍ മനസ്സാണ്. അതിനാല്‍ മനസ്സിനെ നിയന്ത്രിക്കാനും കീഴ്‌പ്പെടുത്താനും കഴിയുന്നവരാണ് കരുത്തന്മാര്‍. ഏറെ പേര്‍ക്കും അസാധ്യമായതും അതു തന്നെ. മനസ്സിനെ സംസ്‌കരിക്കാന്‍ സാധിക്കുന്നവര്‍ ജീവിതത്തില്‍ വിജയം വരിക്കുന്നു. അല്ലാത്തവര്‍ പരാജയമടയുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''മനസ്സും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി, അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച് ബോധനം നല്‍കിയതും.  തീര്‍ച്ചയായും മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു''(അശ്ശംസ് 7-10).
മനസ്സിനെ സത്യത്തിലുറപ്പിച്ചു നിര്‍ത്തുകയെന്നത് നിസ്സാരമായ കാര്യമല്ല.  ദിവ്യാനുഗ്രഹംകൊണ്ടു മാത്രമേ അത് സാധ്യമാവുകയുള്ളൂ.  അതിനാലാണ് വിശ്വാസികള്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ അനുശാസിക്കപ്പെട്ടത്: ''ഹൃദയങ്ങളെ ഇളക്കി മറിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നീ സത്യമാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ.''
അതിനാല്‍ മനസ്സിന്റെ നിയന്ത്രണമാണ് മര്‍മപ്രധാനം. ഒരാള്‍ എന്തു ചിന്തിക്കുന്നുവെന്നറിഞ്ഞാല്‍ അയാളെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പവും പ്രയാസപ്പെടേണ്ടിവരില്ല. 'ഒരാള്‍ എപ്പോഴും എന്തിനെക്കുറിച്ചാണോ ചിന്തിക്കുന്നത് അതായിരിക്കും അയാളെന്ന്' എമേഴ്‌സണ്‍ പറയാനുള്ള കാരണവും അത് തന്നെ.

ജീവിതം മനസ്സിന്റെ കണ്ണാടി
മനുഷ്യന്റെ നടത്തം, ഇരുത്തം, കിടത്തം, ഉറക്കം, ഉണര്‍ച്ച, തീന്‍, കുടി, സ്വഭാവം, സമീപനം, സമ്പ്രദായം, ആചാരം, അനുഷ്ഠാനം, ചര്യ, സംസ്‌കാരം, നാഗരികത തുടങ്ങി എല്ലാ ജീവിത വൃത്തികളും മാനസികാവസ്ഥയുടെ പ്രകാശനമാണ്.  അതിന്റെ വിചാര വികാരങ്ങളുടെയും തീരുമാനങ്ങളുടെയും പ്രതിഫലനവും. അതുകൊണ്ട് തന്നെ മനുഷ്യജീവിതം മനസ്സ് പ്രതിബിംബിക്കുന്ന കണ്ണാടിയാണ്.
ചങ്ങമ്പുഴ 'രമണനി'ല്‍ കുറിച്ചിട്ടു:
വദനം യഥാര്‍ഥത്തില്‍ മാനവന്റെ
ഹൃദയത്തിന്‍ കണ്ണാടിതന്നെയെങ്കില്‍
ലവലേശം സംശയമില്ല, ചിന്താ-
വിവശമാണിന്ന് നിന്നന്തരംഗം
നടത്തത്തിന്റെ സ്വഭാവം  നിര്‍ണയിക്കുന്നത് മനോഘടനയാണ്. അതിനാലാണ് ഖുര്‍ആന്‍ അതില്‍ ശക്തമായി ഇടപെട്ടത്.
''നീ പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. തീര്‍ച്ച'' (ലുഖ്മാന്‍ 18).
''നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക''(ലുഖ്മാന്‍ 19).
''പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്'' (അല്‍ഫുര്‍ഖാന്‍ 63).
''നീ ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല. പര്‍വതങ്ങളോളം പൊക്കം വെക്കാനും നിനക്കു സാധ്യമല്ല, ഉറപ്പ്'' (അല്‍ഇസ്‌റാഅ് 37).
നടത്തമെന്നപ്പോലെ വസ്ത്രധാരണവും മനോനിലയുടെ പ്രകാശനമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
''അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു കടാക്ഷിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).
അതിനാല്‍ ജീവിതത്തിന്റെ ഭാഗധേയം തീരുമാനിക്കുന്നത് മനസ്സാണ്. വിജയവും പരാജയവും സ്വര്‍ഗവും നരകവും നിശ്ചയിക്കുന്നത് അതിന്റെ സമീപനമാണ്. പ്രവാചകന്‍ പറയുന്നു: ''നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല അല്ലാഹു നോക്കുക. മറിച്ച് നിങ്ങളുടെ മനസ്സുകളിലേക്കും കര്‍മങ്ങളിലേക്കുമാണ്''(മുസ്‌ലിം).
''അറിയുക, തീര്‍ച്ചയായും മനുഷ്യ ശരീരത്തില്‍ ഒരു മാംസകഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അറിയുക, മനസ്സാണത്.''
അല്ലാഹു അറിയിച്ചതായി പ്രവാചകന്‍ പറയുന്നു: ''അല്ലാഹുവിന് ഭൂമിയില്‍ ഒരു പാത്രമുണ്ട്.  മനസ്സാണത്.  അതില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം സത്യമാര്‍ഗത്തില്‍ അടിയുറച്ചതും വിശ്വാസത്തില്‍ ശുദ്ധമായതും സഹജീവികളോട് നൈര്‍മല്യമുള്ളതുമായ മനസ്സിനെയാണ്.''
ഇമാം ഗസ്സാലി മനുഷ്യമനസ്സിനെ കണ്ണാടിയോടുപമിച്ചിരിക്കുന്നു.  അവിടം പാപക്കറ പുരളാതെ വൃത്തിയും ശുദ്ധവുമായി നിലനിന്നാല്‍ മനസ്സില്‍ വിസ്മയകരമായ കാഴ്ചകള്‍ തെളിഞ്ഞുവരും.  അഭൗതിക ദൃശ്യങ്ങള്‍, ആഹ്ലാദകരമായ അനുഭവങ്ങള്‍; സര്‍വോപരി ദിവ്യസാന്നിധ്യവും ദൈവസ്പര്‍ശവും.
മനസ്സിലുള്ളതിനനുസരിച്ചാണ് മരണാനന്തര ജീവിതത്തിലെ രക്ഷാ, ശിക്ഷകളെന്ന് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് (2:225, 3:154, 8:70, 49:14).
നബി തിരുമേനി അരുള്‍ ചെയ്യുന്നു: ''നിശ്ചയമായും കര്‍മങ്ങളെല്ലാം അവയുടെ ഉദ്ദേശ്യമനുസരിച്ചാണ്. ഒരോരുത്തര്‍ക്കും അവരവര്‍ ഉദ്ദേശിച്ചതാണ് ലഭിക്കുക.''
എന്നാല്‍ ഏറെപേരും മനസ്സിന്റെ മഹത്വവും പ്രാധാന്യവും വേണ്ടവിധം ഉള്‍ക്കൊള്ളാത്തവരാണ്. അതിശക്തമായ അലമാലകളുള്ള കടല്‍ ഇളകിമറിയുന്ന പോലെ അവിടം വിവിധ വികാര, വിചാരങ്ങളാല്‍ വിക്ഷുബ്ധമാകുന്നു. കടുത്ത നിയന്ത്രണമില്ലെങ്കില്‍ അത് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അങ്ങുമിങ്ങും അലഞ്ഞു തിരിയും. അനിയന്ത്രിതമായി മനസ്സിനെ ദുര്‍വികാരങ്ങള്‍ക്ക് സൈ്വരമായി വിഹരിക്കാന്‍ വിട്ടു കൊടുക്കുന്നവര്‍ കൊടിയ നാശനഷ്ടങ്ങള്‍ക്കിരയാവുന്നു. ഒരു ദുര്‍ബല നിമിഷത്തിലെ ദുര്‍വികാരത്തിനുപോലും ജീവിതത്തെ തകര്‍ക്കാനും നശിപ്പിക്കാനും കഴിയും. അതിനാല്‍ മനസ്സിലേക്ക് ദുര്‍വികാരങ്ങള്‍ കടന്നുവരാന്‍ അനുവദിക്കാതെ അതിന്റെ കവാടങ്ങളില്‍ ദൃഢവിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും ധര്‍മനിഷ്ഠയുടെയും സദാചാര ചിന്തയുടെയും കാവല്‍ക്കാരെ നിര്‍ത്തുന്നവരാണ് കരുത്തന്മാര്‍. മനസ്സ് അതുള്‍ക്കൊള്ളുന്നവന്റെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതോടൊപ്പം തന്റെ ചുറ്റുപാടുകളുടെ അവസ്ഥയും വ്യവസ്ഥയും രൂപപ്പെടുത്തുകകൂടി ചെയ്യുന്നുവെന്ന വസ്തുത ഉള്‍ക്കൊണ്ട് അവരതിനെ പക്വവും പാവനവുമായ തീരുമാനമെടുക്കാന്‍ പ്രാപ്തവും പാകപ്പെട്ടതുമാക്കുന്നു. ഇവ്വിധം മനസ്സിനെ സംസ്‌കരിക്കുന്നവര്‍ വിശുദ്ധ ജീവിതത്തിന്റെ ഉടമകളായി മാറുന്നു. അങ്ങനെ ഇഹപര ജീവിത വിജയം വരിക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം