Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

തീവ്രവാദത്തിനു മറവിലെ മുസ്ലിം വേട്ട


പി.വി.സി മുഹമ്മദ് പൊന്നാനി

'എല്ലാ ബോംബ് സ്ഫോടനങ്ങളുടെയും പിതൃത്വം മുസ്ലിംകളുടെ മേല്‍ ചാര്‍ത്താന്‍ മാധ്യമങ്ങളും പോലീസും ആസൂത്രിത നീക്കം നടത്തിവരുന്നതായി മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൌണ്‍സില്‍ ചെയര്‍മാനുമായ മര്‍ക്കണ്ഡേയ കട്ജു. ഫോറന്‍സിക് അന്വേഷണത്തില്‍ ആവശ്യമായ പരിചയം ലഭിക്കാത്തതുമൂലമാണ് രാജ്യത്തെ പോലീസിന് സ്ഫോടനക്കേസുകളില്‍ ഫലപ്രദമായ അന്വേഷണം സാധ്യമാകാത്തതെന്നും ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ബോംബ് സ്ഫോടനം നടന്നു എന്നു കേള്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ മുന്‍വിധി കലര്‍ന്ന തീര്‍പ്പില്‍ എത്തുന്ന പ്രവണതയാണുള്ളത്. ഇത് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ ദോഷകരമായി മാറുന്നു'' (മാധ്യമം ദിനപത്രം 20-10-2011). മുജീബിന്റെ പ്രതികരണം?

 

സാമൂഹിക പ്രതിബദ്ധതയും മനുഷ്യാവകാശങ്ങളോടുള്ള ആഭിമുഖ്യവും വ്യക്തമാക്കുന്ന ഒട്ടേറെ വിധികളിലൂടെ ശ്രദ്ധേയനായ ദേഹമാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റിസ് മര്‍ക്കണ്ഡേയ കട്ജു. സ്റാറ്റ്യൂട്ടറി അധികാരങ്ങളില്ലാത്ത ബോഡിയാണ് പ്രസ് കൌണ്‍സില്‍. എങ്കിലും അതിന്റെ തലപ്പത്ത് ജ. കട്ജുവിനെപ്പോലുള്ള വ്യക്തിത്വത്തിന്റെ സാന്നിധ്യം ഗുണഫലങ്ങള്‍ ഉളവാക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. എത്രയോ കാലമായി മുസ്ലിം സംഘടനകള്‍ മാത്രമല്ല, രാജ്യത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും യഥാര്‍ഥ മതനിരപേക്ഷതയുടെ വക്താക്കളും ശ്രദ്ധ ക്ഷണിക്കുന്ന ഒരു തിക്ത യാഥാര്‍ഥ്യത്തിലേക്കാണ് ജസ്റിസ് കട്ജുവും വിരല്‍ ചൂണ്ടിയിരിക്കുന്നത്. ലോകത്തെവിടെ സ്ഫോടനങ്ങളോ അട്ടിമറികളോ ഭീകര കൃത്യങ്ങളോ അരങ്ങേറുമ്പോഴും അതിന്റെ പിന്നില്‍ മുസ്ലിം ഗ്രൂപ്പുകളോ സംഘടനകളോ ആയിരിക്കും എന്ന മുന്‍വിധി അമേരിക്കന്‍ സാമ്രാജ്യത്വം 2001 സെപ്റ്റംബര്‍ 11-ലെ സംഭവത്തിനു ശേഷം സൃഷ്ടിച്ചെടുത്തതാണ്. അതപ്പടി ഏറ്റുപാടുകയാണ് ഇന്ത്യന്‍ ഫാഷിസ്റുകളും ചെയ്തത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഉദ്യോഗസ്ഥവൃന്ദവും അന്വേഷണ ഏജന്‍സികളും സുരക്ഷാ സേനയും മാധ്യമങ്ങളുമെല്ലാം ഒരു പരിധിവരെ ഈ പ്രചാരണത്താല്‍ സ്വാധീനിക്കപ്പെട്ടു. ഇസ്ലാമിനെക്കുറിച്ച അജ്ഞതയും മുസ്ലിംകളില്‍ ചിലരുടെ ചെയ്തികളും സര്‍വോപരി അപരിഹാര്യമായി തുടരുന്ന കശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ വഷളായ ഇന്ത്യ-പാക് ബന്ധങ്ങളും പാകിസ്താന്‍ കേന്ദ്രമാക്കിയ ചില തീവ്രവാദി സംഘടനകളുടെ കുത്തിത്തിരിപ്പുകളും എല്ലാം ചേര്‍ന്ന് ഇസ്ലാമോഫോബിയയെ വ്യാപകവും ശക്തവുമാക്കി. പക്ഷേ, സമീപകാലത്ത് അനാവരണം ചെയ്യപ്പെട്ട ഹിന്ദുത്വ ഭീകര ഗ്രൂപ്പുകളുടെ ആസൂത്രിത നീക്കങ്ങളും സ്ഫോടനങ്ങളില്‍ അവരുടെ പങ്കും മാറിച്ചിന്തിക്കാന്‍ പ്രേരണയാവുന്നുണ്ട്. മാലേഗാവ് സ്ഫോടനക്കേസില്‍ വര്‍ഷങ്ങളായി അറസ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്ലിം യുവാക്കള്‍ക്ക് ജാമ്യമെങ്കിലും കിട്ടിയത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, പീഡിതനും അവശനുമായ അബ്ദുന്നാസിര്‍ മഅ്ദനി, തികഞ്ഞ പ്രതികാരദാഹത്തിന്റെയും ക്രൂരമായ ഭരണകൂട ഭീകരതയുടെയും ഇരയാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും ജാമ്യം പോലും നിഷേധിക്കപ്പെടുന്നത് നീതി ഇപ്പോഴും അകലെയാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങളുടെ കുറ്റകരമായ മൌനം ചോദ്യം ചെയ്യപ്പെട്ടേ തീരൂ. ജസ്റിസ് കട്ജു തനിക്ക് ലഭിച്ച അവസരം മുസ്ലിം ന്യൂനപക്ഷത്തിന് നീതി ലഭ്യമാക്കാന്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുക.
വാള്‍സ്ട്രീറ്റ് പ്രക്ഷോഭം
 അമേരിക്കയില്‍ സാമൂഹിക വിപ്ളവം നടക്കുകയെന്നത് ലോകത്തിന്റെ ആവശ്യമാണ്. കാരണം, വിപ്ളവം നടന്നില്ലെങ്കില്‍ അമേരിക്ക ലോകത്തെ നശിപ്പിക്കും- വിഭവശോഷണത്തിലൂടെയും മാലിന്യവര്‍ധനയിലൂടെയും യുദ്ധങ്ങളിലൂടെയും. അതിനാല്‍ സെപ്റ്റംബര്‍ 17-ന് ആരംഭിച്ച 'വാള്‍സ്ട്രീറ്റ് കൈയടക്കല്‍' പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്. അത് തളരാന്‍ അനുവദിക്കരുത്. അതിന് സൈദ്ധാന്തികവും പ്രായോഗികവുമായ എല്ലാ സഹായങ്ങളും നല്‍കണം. തദ്ദേശ സമ്പദ്വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നത്, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത്, അമേരിക്കക്കാരുടെ വികസന സങ്കല്‍പത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെ പലതും നമുക്ക് ചെയ്യാന്‍ കഴിയും. അവരുടെ സമരം നമ്മുടെ സമരം കൂടിയാണ് (മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ഒക്ടോബര്‍ 24, എം.പി പരമേശ്വരന്‍).

പ്രതികരണം?
സുബൈര്‍ മണലൊടി
കിണാശ്ശേരി
ഭൌതികവാദത്തിലും കേവല സാമ്പത്തിക കാഴ്ചപ്പാടിലും ഊന്നി നില്‍ക്കുന്ന ഏത് മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രത്തിന്റെയും പരാജയം സുനിശ്ചിതമാണ്. മുതലാളികളോ തൊഴിലാളികളോ ആയ ഒരു വര്‍ഗത്തിന്റെ മാത്രം ആധിപത്യവും താല്‍പര്യങ്ങളും ലക്ഷ്യമാക്കി നിലവില്‍ വന്ന ക്യാപിറ്റലിസവും കമ്യൂണിസവും ഒരുനാള്‍ തകര്‍ന്നടിയുമെന്ന് ക്രാന്തദര്‍ശികളായ ചിന്തകന്മാര്‍ പണ്ടേ ചൂണ്ടിക്കാട്ടിയതാണ്. തൊണ്ണൂറുകളില്‍ സോവിയറ്റ് യൂനിയന്‍ ഇല്ലാതായി. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്യൂണിസം കൈയൊഴിഞ്ഞു. കമ്യൂണിസത്തിലേക്ക് ക്യാപിറ്റലിസ്റ് സിദ്ധാന്തങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ടുള്ള വിചിത്രമായ പരീക്ഷണമാണ് ചൈനയിലും വിയറ്റ്നാമിലും വടക്കന്‍ കൊറിയയിലുമൊക്കെ ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനവും പ്രത്യയശാസ്ത്രപരമായ തിരുത്തലുകള്‍ക്ക് വഴിതേടുകയാണ്.
മറുവശത്ത് ക്യാപിറ്റലിസവും നിയോ ക്യാപിറ്റലിസമായി രൂപാന്തരപ്പെട്ടു. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും മറവില്‍ ലോകമാകെ നടപ്പാക്കാന്‍ ശ്രമിച്ച പരിഷ്കരണങ്ങള്‍ ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല, കടുത്ത സാമ്പത്തിക മാന്ദ്യം അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്യുന്നു. അതിനിടയിലാണ് കോര്‍പറേറ്റ് ഭീമന്മാര്‍ക്കും കുത്തകകള്‍ക്കുമെതിരെ 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുക' പ്രക്ഷോഭം അരങ്ങേറുന്നത്. അത് കെട്ടടങ്ങുകയല്ല, പടരുകയാണ്. ദൈവിക നീതിയുടെ സാക്ഷാത്കാരവും ചരിത്രപരമായ അനിവാര്യതയുമായി ഈ സംഭവവികാസങ്ങളെ കാണണം. മാനവികതയുടെ സ്പര്‍ശം പോലുമില്ലാത്ത മുതലാളിത്ത-സാമ്രാജ്യത്വ തേര്‍വാഴ്ചക്കെതിരെ ജനകീയ മുന്നേറ്റവും യോജിച്ച പ്രക്ഷോഭവും ശക്തിപ്പെട്ടേ തീരൂ. മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിന് അത് അനുപേക്ഷ്യമാണ്. 'മനുഷ്യരില്‍ ചിലരെ കൊണ്ട് ചിലരെ അല്ലാഹു പ്രതിരോധിച്ചില്ലെങ്കില്‍ ഭൂമിയാകെ നശിച്ചേനെ' എന്ന് ഖുര്‍ആന്‍ അടിവരയിട്ട് പറഞ്ഞത് വെറുതെയല്ലല്ലോ.

ജനകീയ
പ്രക്ഷോഭങ്ങളിലെ അരാഷ്ട്രീയത
 "വിവിധ രാജ്യങ്ങളിലെ ജനസമൂഹങ്ങള്‍ നടത്തുന്ന പ്രതിരോധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ചില സമാനതകള്‍ കാണാന്‍ കഴിയും. പ്രത്യേകമായ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വമേ പിന്‍ബലമോ ഈ സമരപരിപാടിക്കില്ല.
വിവിധങ്ങളായ പ്രഭവ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരിച്ച തത്ത്വങ്ങളും മൂല്യങ്ങളും പ്രക്ഷോഭകര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടാകാം. എന്നാല്‍ ഏതെങ്കിലും സൈദ്ധാന്തികമായ അച്ചില്‍ വാര്‍ത്തെടുത്തതല്ല ഈ ജനകീയ പ്രതികരണങ്ങളെന്നും. പ്രത്യക്ഷത്തില്‍ അരാഷ്ട്രീയമാണ് പല രാജ്യങ്ങളിലെയും പ്രക്ഷോഭ പരിപാടികള്‍. അമേരിക്കയിലെ 'വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍' തന്നെ ഏറ്റവും മികച്ച ഉദാഹരണം'' (എം.പി അബ്ദുസ്സമദ് സമദാനി, 2011 ഒക്ടോബര്‍ 27, മാതൃഭൂമി).
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരിച്ച് തുനീഷ്യയിലെയും ഈജിപ്തിലെയുമടക്കമുള്ള ജനകീയ വിപ്ളവങ്ങളെ നിസ്സാരവത്കരിക്കുന്നത് എത്രത്തോളം ശരിയാവും?
നിസാര്‍ പൂവ്വാര്‍

സമദാനിയുടെ നിരീക്ഷണത്തില്‍ ശരിയുണ്ട്. ഏതെങ്കിലും പ്രസ്ഥാനമോ പ്രത്യയശാസ്ത്ര പ്രചോദിതമായ ജനകൂട്ടമോ അല്ല തുനീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ എന്നീ നാടുകളില്‍ നടന്നതോ നടക്കുന്നതോ ആയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍. ഭിന്ന ആദര്‍ശക്കാരും വീക്ഷണക്കാരുമായ വ്യക്തികളും സംഘടനകളുമെല്ലാം ജനാധിപത്യ സംസ്ഥാപനത്തിന് വേണ്ടി ഒന്നിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ രീതിയില്‍ ജനാധിപത്യപരമായ ഒരു ഭരണഘടന അംഗീകരിച്ച്, സ്വതന്ത്രവും നിഷ്പക്ഷവുമായ പൊതുതെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് വേണ്ടതെന്ന കാഴ്ചപ്പാടാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുമുള്ളത്. പാര്‍ലമെന്ററി ജനാധിപത്യം സ്ഥാപിതമായ ശേഷം ഓരോ പാര്‍ട്ടിക്കും സ്വന്തമായ മാനിഫെസ്റോ പുറത്തിറക്കി തദടിസ്ഥാനത്തില്‍ ജനവിധി തേടാനാവും. ജനങ്ങള്‍ പിന്തുണച്ചാല്‍ ഭരണത്തിലുമേറാം. ഉടനെ ശരീഅത്ത് നടപ്പാക്കുകയാണ് വേണ്ടതെന്ന ചില അക്ഷമരുടെ നിലപാടിനെ തുനീഷ്യയിലെ അന്നഹ്ദയും ഈജിപ്തിലെ ഇഖ്വാനും നിരാകരിച്ചിരിക്കുകയാണ്. എന്നാല്‍, ഈ നിലപാട് അരാഷ്ട്രീയപരമല്ല, രാഷ്ട്രീയപരം തന്നെയാണ്. രാഷ്ട്രീയത്തിന്റെ ബുദ്ധിപൂര്‍വകവും പ്രായോഗികവുമായ നിര്‍വഹണം എന്നാണതിനെ പറയേണ്ടത്.
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന് അറബ് വസന്തം എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം പരോക്ഷമായി പ്രചോദനമായിട്ടുണ്ടാവണം. വ്യവസ്ഥാപിത, സാമ്പ്രദായിക തെരഞ്ഞെടുപ്പുകള്‍ മാത്രമല്ല പരിവര്‍ത്തനത്തിന്റെ ഒരേയൊരു മാര്‍ഗം എന്ന് തിരിച്ചറിഞ്ഞ് കോര്‍പറേറ്റ് കൊമ്പന്‍ സ്രാവുകള്‍ക്കും പണച്ചാക്കുകള്‍ക്കുമെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് അമേരിക്കന്‍ യുവാക്കള്‍. അവര്‍ സോഷ്യലിസം എന്താണെന്ന് അറിഞ്ഞവര്‍ പോലും ആവാന്‍ ഇടയില്ല. ഇസ്ലാമിനെ പറ്റി അവര്‍ നേരാം വണ്ണം കേട്ടിരിക്കുകയുമില്ല. മുതലാളിത്ത സംസ്കാരത്തിന്റെ ഉല്‍പന്നങ്ങളാണ് അമേരിക്കയിലെ തലമുറകള്‍. ആ സംസ്കാരത്തോട് വിടപറഞ്ഞല്ല അവര്‍ പ്രക്ഷോഭ രംഗത്തിറങ്ങിയത്. അതേസമയം അവര്‍ക്ക് പോലും പൊറുപ്പിക്കാനോ സഹിക്കാനോ കഴിയാത്തവിധം നവലിബറലിസവും നവ മുതലാളിത്തവും രാജ്യത്തും ലോകത്തും പിടിമുറുക്കുകയാണ്. അമേരിക്കയിലെ ആറിലൊന്ന് ദാരിദ്യ്രരേഖക്ക് കീഴെ കഴിയുമ്പോഴാണ് അനേക ലക്ഷം കോടി ഡോളറുകളുടെ സമ്പാദ്യവുമായി ഏതാനും ചിലര്‍ താണ്ഡവമാടുന്ന അശ്ളീല ദൃശ്യം. ഇതിനെതിരെ രംഗത്തിറങ്ങിയവരെ  ഉന്നം വെച്ച് സാമൂഹികനീതി ലക്ഷ്യം വെക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തിയിട്ടുവേണം.

ഇസ്ലാമിലേക്കുള്ള കടന്നുവരവ്
 ഇസ്ലാമിലേക്ക് കടന്നുവരാതെ ഇസ്ലാമിനെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യുന്നവര്‍ ഇന്ന് വര്‍ധിച്ചുവരുന്നു. സ്വയം പരിവര്‍ത്തിപ്പിക്കാതെ മറ്റുള്ളവരെ പരിവര്‍ത്തിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ടായിരുന്നോ?
ഇ.സി റംല പള്ളിക്കല്‍, രിയാദ്
'നിനക്കിഷ്ടമുള്ളവരെയൊക്കെ സന്മാര്‍ഗത്തിലാക്കാന്‍ നിനക്ക് കഴിയില്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹു അവനിഛിക്കുന്നവരെയാണ് സന്മാര്‍ഗത്തിലാക്കുന്നത്' എന്ന് നബി(സ)യോട് ഖുര്‍ആന്‍ പറയുന്നു. നേര്‍വഴി കാണിക്കാനേ മനുഷ്യന് കഴിയൂ. അതില്‍ ചേര്‍ക്കേണ്ടത് സ്രഷ്ടാവായ അല്ലാഹുവാണ്. അതുകൊണ്ടാണ് നബി(സ)യെ പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ച, തന്റെ സഹോദര പുത്രന്‍ പറയുന്നതൊക്കെയും സത്യമാണെന്ന് ബോധ്യമുണ്ടായിരുന്ന പിതൃവ്യന്‍ അബൂത്വാലിബിന് ഇസ്ലാമിലേക്ക് വരാന്‍ ഭാഗ്യമില്ലാതെ പോയത്. എന്നാല്‍ തന്മൂലം പിതൃവ്യന്റെ സംരക്ഷണം വേണ്ട എന്ന് തിരുമേനി ഒരിക്കലും തീരുമാനിക്കുകയുണ്ടായില്ല. ഇസ്ലാമിനെയും ഇസ്ലാമിക പ്രബോധനത്തെയും ആര് സഹായിച്ചാലും ആ സഹായം സ്വീകരിക്കുന്നതിന് ഒരു തടസ്സവുമില്ല. ആരെയും വിശ്വാസപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കാനും പാടില്ല.
ഇസ്ലാമിനെ ഭാഗികമായോ പൂര്‍ണമായോ പഠിക്കുകയും വാഴ്ത്തുകയും അത് തുറന്നു പറയുകയും ചെയ്ത ഒട്ടേറെ പ്രമുഖര്‍ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇസ്ലാമിക സമൂഹത്തിന് നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. നിയമനിര്‍മാണത്തിനടിസ്ഥാനമായി ശരീഅത്തിനെ അംഗീകരിക്കണമെന്ന് ശക്തിയായി വാദിച്ച നിയമവിശാരദനായിരുന്നു പാകിസ്താന്റെ പ്രഥമ ചീഫ് ജസ്റിസ് എ.ആര്‍. കോര്‍ണീലിയസ്. ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തെയും പ്രചാരത്തെയും വസ്തുനിഷ്ഠമായും ക്രിയാത്മകമായും പഠിച്ചവതരിപ്പിച്ച പ്രമുഖ ഗ്രന്ഥകാരനായിരുന്നു പ്രീച്ചിംഗ് ഓഫ് ഇസ്ലാമിന്റെ കര്‍ത്താവ് ടി.ഡബ്ളിയു ആര്‍നോള്‍ഡ്. ഇവരെപോലുള്ളവര്‍ എന്തുകൊണ്ട് ഇസ്ലാമിലേക്ക് വന്നില്ല എന്നത് നമ്മെ അലോസരപ്പെടുത്തേണ്ട കാര്യമല്ല. അക്കാര്യം അല്ലാഹുവിന് വിടുക.

മരിക്കാനുള്ള
അവകാശം
 "മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുകയെന്നത് നമ്മുടെ ലക്ഷ്യമാവരുത്. എന്നാല്‍ മരിക്കാന്‍ നമുക്ക് അവകാശമുണ്ട്. മറ്റുള്ളവരുടെ വാളിനും തോക്കിനും ഇരയായി മരിക്കുന്നതിനേക്കാള്‍ ബോധപൂര്‍വം രക്തസാക്ഷികളാകാന്‍ തയാറാവുക എന്നതാണ് സമൂഹത്തിന്റെ നിലനില്‍പിന് ആധാരമായിട്ടുള്ളത്... അങ്ങനെ വന്നാല്‍ മേലില്‍ ഒരു വര്‍ഗീയ കലാപവും രാജ്യത്തുണ്ടാവാന്‍ സാധ്യതയില്ല'' (ഇ. അബൂബക്കര്‍, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്).
(ശബ്ദരേഖ, മാധ്യമം, 2011 ഒക്ടോബര്‍ 23). പ്രതികരണം?
എന്‍. അബൂബക്കര്‍ കോലൊളമ്പ്
എടപ്പാള്‍
മരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇസ്ലാമിനും ഇസ്ലാമിതര നിയമ സംഹിതകളിലും ഒരുപോലെ തെറ്റും പാപവുമാണ് ആത്മഹത്യ. എന്നാല്‍, പവിത്ര ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ചിലപ്പോള്‍ രക്തസാക്ഷിയാവേണ്ടിയും വരാം. അപ്പോഴും മരണത്തെ സ്വയം വരിക്കുകയല്ല, മരണം അനിവാര്യമായി സംഭവിക്കുകയാണ്. അതുപോലെ ആത്മരക്ഷക്ക് വേണ്ടിയുള്ള ചെറുത്തുനില്‍പിലും ചിലപ്പോള്‍ മരണം സുനിശ്ചിതമാവാം.
മുസ്ലിംകളെല്ലാം ചാവേറുകളായാല്‍ വര്‍ഗീയ കലാപം ഇല്ലാതാവും എന്ന വാദം ഒരര്‍ഥത്തില്‍ ശരിയാണ്. മുസ്ലിംകള്‍ക്ക് വംശനാശം സംഭവിച്ചാല്‍ പിന്നെ ആര്‍ക്കെതിരെയാണ് ഫാഷിസ്റുകള്‍ കലാപം നടത്തേണ്ടത്! പക്ഷേ, യുവാക്കളില്‍ ഈ മരണവികാരം കുത്തിവെക്കുന്നവര്‍ വിവേകത്തിന്റെ പാതയിലാണോ സഞ്ചരിക്കുന്നത് എന്ന് ആലോചിക്കുന്നത് നന്ന്.

പലിശ വാങ്ങുന്നതിന്റെ ന്യായം
 പലിശ എന്നത് കടം കൊടുക്കുന്നവന്റെ അവകാശമാകേണ്ടതല്ലേ? കാരണം ഇന്ന് കൊടുക്കുന്ന പണത്തിന്റെ മൂല്യം പിന്നീട് അത് തിരിച്ചുകിട്ടുമ്പോള്‍ ഉണ്ടാകില്ലല്ലോ? അങ്ങനെ വരുമ്പോള്‍ കടം തിരിച്ചുകിട്ടുമ്പോള്‍ കടം കൊടുത്ത സമയത്ത് ആ സംഖ്യക്ക് തുല്യമായ സ്വര്‍ണത്തിന്റെ അളവ് എത്രയാണോ ആ അളവിന് തുല്യമായ ഇപ്പോഴത്തെ സംഖ്യ തിരിച്ചു കിട്ടേണ്ടതില്ലേ? അതല്ലേ നീതി?
അജ്മല്‍ ഹുസൈന്‍, ആയഞ്ചേരി
പണത്തിന്റെ മൂല്യമോ സ്വര്‍ണത്തിന്റെ വിലയോ ഒന്നും സുസ്ഥിരമല്ല. നിരന്തരം ഏറിയും കുറഞ്ഞുമിരിക്കുന്നു. പണം കടം കൊടുക്കുമ്പോള്‍ അതിനുണ്ടായിരുന്ന മൂല്യം അവധിക്ക് തിരിച്ചടക്കുമ്പോള്‍ കുറയുന്ന കാര്യമാണ് ചോദ്യകര്‍ത്താവ് പറഞ്ഞത്. അപ്പോഴേക്ക് മൂല്യം കൂടിയാലോ? മൂല്യം കണക്കാക്കി ഉത്തമര്‍ണന്‍ സംഖ്യ കുറച്ച് ഈടാക്കുമോ? അതിനാല്‍ നീതി കടം കൊടുത്ത അതേ സംഖ്യ നിശ്ചിത അവധിക്ക് തിരിച്ചുവാങ്ങലാണ്. വലിയ മൂല്യവ്യത്യാസം വരാവുന്നത്ര അവധി ആദ്യമേ അനുവദിച്ചു കൊടുക്കണം എന്നില്ലല്ലോ. നീണ്ട അവധിക്കുള്ള വായ്പകള്‍ ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയില്‍ ബിസിനസ്സാക്കുകയാണ് കരണീയം. വിവാഹം, ചികിത്സ, വീട് നിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്ക് വ്യക്തികള്‍ നല്‍കുന്ന വായ്പകള്‍ ഹ്രസ്വകാലത്തേക്കായിരിക്കാനാണ് സാധാരണ ഗതിയില്‍ സാധ്യത. അല്ലറ ചില്ലറ വ്യത്യാസങ്ങള്‍ വിട്ടുവീഴ്ച ചെയ്യാനുള്ള വിശാലത വിശ്വാസികള്‍ കാണിച്ചേ പറ്റൂ. ഷൈലോക് മനസ്സ് ഇസ്ലാമികമല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം