Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

രഘുവംശിയും പുരോഹിതും തമ്മില്‍ അന്തരമുണ്ടോ?


മാലേഗാവ് ഹാമിദിയ മസ്ജിദ് സ്‌ഫോടന കേസില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന ഒമ്പത് നിരപരാധികളില്‍ ഏഴു പേര്‍ കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കേസില്‍ അറസ്റ്റിലാവുന്ന സമയത്ത് മാലേഗാവിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരായിരുന്നു അവരില്‍ രണ്ടു പേര്‍. മഹാരാഷ്ട്ര ഭീകര വിരുദ്ധ സെല്ലിന്റെ തലപ്പത്ത് ചിലര്‍ ബോധപൂര്‍വം നടത്തിയ നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ അറസ്റ്റെന്ന് സംശയിക്കാനാവും വിധം ഇതേ ആഴ്ച സ്‌തോഭജനകമായ ചില പുതിയ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ഒമ്പത് നിരപരാധികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം അപ്പാടെ കീഴ്‌മേല്‍ മറിച്ച ഈ ജയില്‍വാസത്തിന് ന്യായമൊരുക്കിയ അബ്‌റാര്‍ അഹ്മദ് എന്ന മാപ്പുസാക്ഷിയെ എ.ടി.എസ് പണം കൊടുത്തു പോറ്റുകയായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന ഈ വിവരം. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മഹാരാഷ്ട്രയിലെ ലീഗല്‍ സെല്‍ സെക്രട്ടറിയായ ഗുല്‍സാര്‍ ആസ്മിയാണ് കെ.പി രഘുവംശി അധ്യക്ഷനായ എ.ടി.എസിന്റെ തനിനിറം പുറത്തുകൊണ്ടുവന്ന ഈ രേഖ വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ കൈക്കലാക്കിയത്.
അബ്‌റാര്‍ അഹ്മദിനെ കുറിച്ച് മുമ്പൊരിക്കല്‍ ഈ കോളത്തില്‍ എഴുതിയിരുന്നല്ലോ. അറസ്റ്റിലാവുകയും മാപ്പുസാക്ഷിയായി കുറ്റമേല്‍ക്കുകയും ചെയ്ത അബ്‌റാറിന് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഓഫീസില്‍ നിന്ന് മണിയോര്‍ഡറായി ജയിലിലേക്ക് പലപ്പോഴും പണം അയച്ചുകൊടുത്തിരുന്നുവെന്നതിന്റെ രേഖകളാണ് മുംബൈയിലെ ബൈക്കുള ജയിലില്‍ നിന്ന് ആസ്മിയുടെ കൈയിലെത്തിയത്. സ്‌ഫോടനത്തില്‍ ഒരു പങ്കുമില്ലാതിരുന്ന അബ്‌റാര്‍ മറ്റു പലര്‍ക്കുമെതിരെ മൊഴി നല്‍കിയാണ് മാപ്പുസാക്ഷിയായി മാറിയത്. പിന്നീട് ഇയാള്‍ തന്റെ മൊഴി തിരുത്തി കൂറുമാറുന്നതുവരെ, കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ കേസിലെ യഥാര്‍ഥ പ്രതിയായ അസിമാനന്ദ കുറ്റമേല്‍ക്കുന്നതു വരെ. 2008 ആഗസ്റ്റ് മുതല്‍ 2009 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രഘുവംശിയും കൂട്ടരും ഇയാള്‍ക്ക് പണം അയച്ചു കൊണ്ടേയിരുന്നു. മാലേഗാവ് സ്‌ഫോടനത്തിനു ശേഷം സ്ഥലത്തെ മുസ്‌ലിം സംഘടനകള്‍ പ്രധാനമന്ത്രിക്കു പോലും ഇയാളെ കുറിച്ച് നിവേദനം നല്‍കിയിരുന്നു. ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്താണ് തൊഴിലെന്നും സ്വന്തം കുടുംബങ്ങള്‍ക്കു പോലും അറിയാതിരുന്ന, എന്നാല്‍ ഒന്നിലേറെ മൊബൈല്‍ ഫോണുകളും ആര്‍ഭാടമായ ജീവിത സാഹചര്യങ്ങളും ഉണ്ടായിരുന്ന അബ്‌റാറിനെ ഇന്റലിജന്‍സിന്റെ കൂട്ടിക്കൊടുപ്പുകാരനായാണ് പലരും സംശയിച്ചത്.
രഘുവംശി നിലവില്‍ താനെയിലെ പോലീസ് കമീഷണറായാണ് ജോലി ചെയ്യുന്നത്. തന്റെ കീഴുദ്യോഗസ്ഥായ സദാശിവ് അഭിമന്യു പട്ടേല്‍ ബൈക്കുള ജയിലില്‍ കഴിയുന്ന അബ്‌റാറിന് എന്തിനു വേണ്ടി പണം നല്‍കിയെന്ന് രഘുവംശി ഇതുവരെ വിശദീകരിച്ചിട്ടില്ല. നാന്ദേഡില്‍ നിന്നും ആരംഭിച്ച ഹിന്ദുത്വ ബോംബുറാക്കറ്റിനെ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തിയ അന്നുമുതല്‍ രഘുവംശി തനിനിറം കാണിച്ചു തുടങ്ങിയതാണല്ലോ. കര്‍ക്കരെക്ക് ഒരുതവണ മുമ്പും ശേഷവും രഘുവംശിയായിരുന്നു മുംെബെ എ.ടി.എസിനെ നയിച്ചത്. നിരപരാധികളെ വര്‍ഗീയമായ മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ ബോധപൂര്‍വം കള്ളക്കേസുകളില്‍ കുടുക്കുകയും മറുഭാഗത്ത് ആര്‍.എസ്.എസ് ഉള്‍പ്പെട്ട ഭീകരാക്രമണ കേസുകളിലെ തെളിവുകള്‍ ഇല്ലതാക്കുകയും ചെയ്തുകൊണ്ടിരുന്ന രഘുവംശിയും കേണല്‍ പുരോഹിതും തമ്മില്‍ തത്ത്വത്തിലും പ്രായോഗത്തിലും എന്ത് അന്തരമാണ് ഉള്ളത്?  
രഘുവംശിമാരുടെ ഇരകളായി ജയില്‍മുറികളില്‍ യൗവനം തളക്കപ്പെട്ട യുവാക്കള്‍ ഇനിയുമെത്രയോ പേര്‍ പുറത്തുവരാന്‍ ബാക്കിയുണ്ട്. ചില പ്രകടമായ വ്യത്യാസങ്ങള്‍ നീതിവാഴ്ചയുടെ കാര്യത്തിലും കാണാനാവും. ഉദാഹരണത്തിന് അജയ് രാഹിര്‍ക്കര്‍. കേണല്‍ പുരോഹിതിനൊപ്പം പിടിയിലായ രാഹിര്‍ക്കറെ നവംബര്‍ ആദ്യവാരം മഹാരാഷ്ട്രയിലെ മോക്ക കോടതി ജാമ്യം നല്‍കി മോചിപ്പിച്ചു. പുരോഹിതും ഇതോടൊപ്പം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ആര്‍.ഡി.എക്‌സിന്റെ സാങ്കേതികത്വവുമായി ബന്ധപ്പെട്ട കേസുകളില്‍ തെളിവെടുപ്പ് ബാക്കിയുണ്ടെന്ന് എന്‍.ഐ.എ മൊഴി നല്‍കിയതു കൊണ്ടാണ് പുരോഹിതിനെ ജാമ്യത്തില്‍ വിട്ടയക്കാത്തതെന്ന് കോടതി ഉത്തരവില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്‌ഫോടനം നടത്തുന്നതിന് പുരോഹിതുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും കുറ്റവാളികള്‍ക്ക് ആവശ്യമായ പണം നല്‍കി സഹായിക്കുകയും ചെയ്തുവെന്നതാണ് രാഹിര്‍ക്കറുടെ പേരിലുള്ള കുറ്റം. ചില ആയുധങ്ങള്‍ വാങ്ങാന്‍ ഇയാള്‍ പണം കൊടുത്തു എന്നല്ലാതെ സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചതിന് മതിയായ തെളിവില്ലെന്നാണ് ജഡ്ജിയുടെ നിരീക്ഷണം. അതേസമയം രാഹിര്‍ക്കര്‍ ചെയ്ത കുറ്റം മോക്ക നിയമത്തിന്റെയും ഭീകരതയുടെയും പരിധിയില്‍ വരുന്ന കാര്യമായതുകൊണ്ടാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാളെ ജയിലില്‍ പിടിച്ചുവെച്ചത്. ആ വിചാരണ പൂര്‍ത്തിയാവാതെയാണ് രാഹിര്‍ക്കറെ ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം നല്‍കാതിരിക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികളെ പോലും മഹാരാഷ്ട്ര മോക്ക കോടതി ഒരര്‍ഥത്തില്‍ മറികടക്കുന്നുണ്ട്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഫോണിലേക്ക് തടിയന്റവിടെ നസീര്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ പേരിലാണ് സ്‌ഫോടനവുമായി ഒരു ബന്ധവുമില്ലെന്ന് പകല്‍പോലെ വ്യക്തമായ ആ കേസിലും മാനുഷികമായ പരിഗണന പോലും നല്‍കാതെ അദ്ദേഹത്തെ ജയിലില്‍ പിടിച്ചിടുന്നത്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണ തടവുകാരുടെ കാര്യത്തില്‍ കുറെക്കൂടി ഗൗരവപൂര്‍ണമായ നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നത്. രാഹിര്‍ക്കറെ ജാമ്യം നല്‍കി വിട്ടയച്ച നടപടി പൊതുതത്ത്വത്തിനും മുന്‍കാല ഉത്തരവുകള്‍ക്കും വിരുദ്ധമാണ്. അത് മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം