Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

ഹോര്‍മുസ് കടലിന്റെ നടുവില്‍ ഒരു ജുമുഅ

അനസ് മാള


ചരിത്രപ്രസിദ്ധമായ ഹോര്‍മുസ് കടലിടുക്കില്‍, ഓളങ്ങളില്‍ ചാഞ്ചാടുന്ന ഉരുവില്‍ ഒരു ജുമുഅ ഖുത്വ്ബയും നമസ്‌കാരവും! യു.എ.ഇയിലെ യൂത്ത് ഇന്ത്യയുടെ കേന്ദ്രസമിതിയംഗങ്ങള്‍ കുടുംബങ്ങളുമൊത്ത് ഒമാനിലെ മുസാന്ദത്തിലേക്ക് നടത്തിയ 'തിരിച്ചറിവ് യാത്ര' അപൂര്‍വാനുഭവങ്ങളാണ് സമ്മാനിച്ചത്.
ജുമുഅക്ക് ശേഷം കടല്‍ മധ്യത്തില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു. തിരകളില്‍ ഉലയുന്ന ഉരുവില്‍ വെച്ച് തന്നെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ക്കും  തീരുമാനങ്ങള്‍ക്കുമായി കേന്ദ്രനിര്‍വാഹകസമിതിയോഗവും ചേര്‍ന്നു.
ഒമാന്‍ ഭരണപ്രദേശമായ മുസാന്ദത്തിലാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ പ്രധാന കടല്‍പാതകളിലൊന്നായ ഹോര്‍മുസ്, ചരിത്രത്തില്‍ ഇടക്കിടെ കയറിവരുന്ന ഒരു പേരാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുര്‍ക്കിയില്‍നിന്ന് ഏഷ്യയിലേക്ക് പടയോട്ടം നടത്തിയത് ഇതുവഴിയാണ്. ഇന്ത്യന്‍ മഹാസമുദ്രവും ഗള്‍ഫ് കടലും കണ്ണിചേരുന്ന ഇവിടം മുഹമ്മദ് നബിയുടെ കാലത്ത് ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു. ഒമാനിലെ ഏറ്റവും ചെറുതും കുറച്ചുമാറി സ്ഥിതി ചെയ്യുന്നതുമായ വന്‍ മലകളാല്‍ ചുറ്റപ്പെട്ട മനോഹരമായ മുസാന്ദത്തില്‍ പേര്‍ഷ്യയും അറേബ്യയും സന്ധിക്കുന്നു. കടലും മലയും സമ്മേളിക്കുന്ന ഇവിടത്തെ കാഴ്ചകള്‍ അല്ലാഹുവിന്റെ അപാരമായ സൃഷ്ടിസൗന്ദര്യത്തിന്റെ നിദര്‍ശനം തന്നെ.
ഷാര്‍ജയില്‍ നിന്ന് ദൈദ് വഴിയാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. ഒമാന്‍ അതിര്‍ത്തിയില്‍ രേഖാപരിശോധനകള്‍ക്കു ശേഷം ദിബ്ബ രണ്ടാം നമ്പര്‍ തുറമുഖത്തെത്തിയ ഞങ്ങളെ കാത്ത് നേരത്തെതന്നെ തയാറാക്കി നിര്‍ത്തിയിരുന്ന സാമാന്യം വലിയ ഉരു കിടപ്പുണ്ടായിരുന്നു.
ജുമുഅയുടെ സമയമായപ്പോള്‍ ഫിഷര്‍മാന്‍ വില്ലേജിന് സമീപം ഉരു നങ്കൂരമിട്ടു. യൂത്ത് ഇന്ത്യ യു.എ.ഇ വൈസ് പ്രസിഡന്റ് സി.എച്ച് അനീസുദ്ദീനാണ് ഖുത്വ്ബ നിര്‍വഹിച്ചത്. പ്രതിസന്ധിഘട്ടങ്ങളില്‍ വിശ്വാസി സ്വീകരിക്കേണ്ട ക്ഷമയെക്കുറിച്ച ഉണര്‍ത്തലുകളാണ് അദ്ദേഹം നടത്തിയത്. കടല്‍ മധ്യേ ഇളകിയാടുന്ന ഉരുവിലിരുന്ന് യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ കാണുന്ന അനുഭവത്തോടെയായിരുന്നു എല്ലാവരും ഖുത്വ്ബ ശ്രവിച്ചത്.
കടലിനോടു ചേര്‍ന്നുനില്‍ക്കുന്ന മലനിരകളിലൊന്നില്‍ ചെറിയ ഗുഹാമുഖം വഴി ചെറുബോട്ടിലൂടെ പ്രവേശിച്ചു.  നല്ലൊരു കാഴ്ചതന്നെയായിരുന്നു അത്. പ്രകൃതി എഴുതിവെച്ച ചിത്രപ്പണികളോടുകൂടി ഒരു ചെറിയ ഹാളിന്റെ നീളമുണ്ടതിന്.
അടുത്തുള്ള ദ്വീപിലേക്ക് പുറപ്പെടാന്‍ ചെറുബോട്ടുകളില്‍ കയറുമ്പോള്‍ ഷൂ അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടു. കാരണമെന്തെന്ന് അപ്പോള്‍ പിടികിട്ടിയില്ല. ദ്വീപില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ കാലില്‍ നിറയെ ഗ്രീസ് പറ്റിയത് ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. തിരികെ ഉരുവില്‍ പ്രവേശിക്കുമ്പോള്‍ കാല്‍ തുടക്കാന്‍ പെട്രോളുമായി ഉരുവിലെ ജോലിക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
യാത്ര തീരുമാനിച്ചതു മുതല്‍ പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. അജ്മാന്‍ ഏരിയ പ്രസിഡന്റായ സലീം നൂര്‍ അവധി മതിയാക്കി നാട്ടില്‍ നിന്ന് നേരത്തെ വന്ന് യാത്രയില്‍ പങ്കുചേര്‍ന്നു. ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ടു യാത്രക്കായെത്തുകയായിരുന്നു. നാട്ടില്‍ നിന്ന് യാദൃഛികമായി നേരത്തെയെത്തിയ അല്‍ഖൂസ് ഏരിയാ പ്രസിഡന്റ് ശാനിദും യാത്രയില്‍ പങ്കെടുത്തു.
ഗുജറാത്ത് സ്വദേശികളായ ജാഫര്‍, ഹമീദ്, ബംഗ്ലാദേശ് സ്വദേശിയായ ഇനാം എന്നിവരാണ് ഉരു നിയന്ത്രിച്ചതും ചെറു ബോട്ടുകള്‍ ഓടിച്ചതും.
യൂത്ത് ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം, സെക്രട്ടറി സവ്വാബ് അലി, ദുബൈ മേഖല പ്രസിഡന്റ് ബുനൈസ് കാസിം തുടങ്ങിയവര്‍ 'തിരിച്ചറിവ് യാത്ര'ക്ക് നേതൃത്വം നല്‍കി. ഷരീഫ് പറവൂര്‍ ആയിരുന്നു യാത്രാ കോ-ഓര്‍ഡിനേറ്റര്‍. ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കാന്‍ മനോഹരമായ ഒരു യാത്രക്ക് ഉതവി നല്‍കിയ അല്ലാഹുവിനു സര്‍വ സ്തുതിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം