Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

പരലോകം ഖുര്‍ആന്‍ നല്‍കുന്ന തെളിവുകള്‍

എം.കെ റിയാസ്‌

ആധുനിക ശാസ്ത്രത്തിന്റെ സകലശാഖകളുമായും ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. 1450 വര്‍ഷം മുമ്പ് അവതരിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ശാസ്ത്രം അനേകം ശാഖകളും ഉപശാഖകളുമായി വളര്‍ച്ചയുടെ ഒരുപാട് കാതങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ആധുനിക ശാസ്ത്ര ഗവേഷണങ്ങള്‍ കണ്ടെത്തിയ പല ശാസ്ത്ര സത്യങ്ങളിലേക്കും 1450 വര്‍ഷം മുമ്പവതരിച്ച വിശുദ്ധ ഖുര്‍ആന്‍ സൂചനകള്‍ നല്‍കിയിരുന്നുവെന്നത്  ഖുര്‍ആന്‍ പഠനവിധേയമാക്കിയ ശാസ്ത്ര പണ്ഡിതന്മാര്‍ സമ്മതിച്ച വസ്തുതയാണ്. അത്തരത്തിലുള്ള മിക്ക പരാമര്‍ശങ്ങളും മനുഷ്യന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെയും പരലോക ജീവിതത്തെയും കുറിച്ച് പറയുന്ന സന്ദര്‍ഭത്തിലാണ് വന്നിട്ടുള്ളത് എന്നത് ഏറെ ശ്രദ്ധേയമാകുന്നു.
ഒരു ഉദാഹരണം: ഖുര്‍ആനിലെ 75-ാം അധ്യായത്തിലെ 3,4 വാക്യങ്ങള്‍. ''മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ ഒന്നിപ്പിക്കാന്‍ നമുക്ക് കഴിയില്ലെന്ന്? എന്തുകൊണ്ട് കഴിയില്ല? നാമാകട്ടെ അവന്റെ വിരല്‍തുമ്പുകള്‍ പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനായിരിക്കെ.''
മരിച്ചുപോയ മനുഷ്യന്റെ ദ്രവിച്ചുപോയ അസ്ഥികള്‍ ശേഖരിച്ച് അവനെ വീണ്ടും സൃഷ്ടിക്കാന്‍ അല്ലാഹുവിന് കഴിയുന്നതെങ്ങനെയെന്ന അവിശ്വാസികളുടെ പരിഹാസപൂര്‍വമായ ചോദ്യത്തിനുത്തരമെന്നോണമാണ് ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചിട്ടുള്ളത്. അല്ലാഹുവിന് എന്തുകൊണ്ട് കഴിയുകയില്ല എന്ന് ചോദിക്കുന്നതിന്റെ തൊട്ടു പിന്നാലെ പറയുന്നത് 'നാമാകട്ടെ അവന്റെ വിരല്‍തുമ്പുകള്‍ പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനായിരിക്കെ' എന്നാണ്.
മനുഷ്യന്റെ വിരല്‍തുമ്പുകളുടെ ഒരു സവിശേഷതയിലേക്കാണീ വാക്യം വിരല്‍ചൂണ്ടുന്നത്. ഓരോ മനുഷ്യന്റെയും വിരല്‍തുമ്പിലെ രേഖകള്‍ സൂക്ഷ്മമായ വ്യതിരിക്തതയോടെയാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന 700 കോടിയിലേറെ വരുന്ന മനുഷ്യരുടെ വിരല്‍തുമ്പുകള്‍ മൊത്തം പരിശോധിച്ചാലും ഒരാളുടെ വിരലടയാളത്തിനു തുല്യമായി മറ്റൊന്ന് കണ്ടെത്തുക സാധ്യമല്ല. മാത്രമല്ല, ഭൂമിയില്‍ ഇന്നുവരെ ജീവിച്ചു മണ്‍മറഞ്ഞുപോയവരുടെ വിരലടയാളങ്ങളും ഒന്നിനൊന്നു സമാനമല്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കാഴ്ചയില്‍ ഏറെ സാമ്യമുള്ളവരാണ് ഇരട്ടകളായി ജനിക്കുന്നവര്‍. മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും തമ്മില്‍ സംയോഗം നടന്ന ശേഷമുണ്ടാകുന്ന സിക്താണ്ഡം (zygote) വിഭജിക്കപ്പെടുന്നതുവഴി അവ രണ്ടും വളര്‍ന്നാണ് ഒരേ രൂപത്തിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. രൂപത്തിന് പുറമെ അവരുടെ  ശാരീരിക പ്രകൃതികളെല്ലാം സമാനമായ രീതിയിലായിരിക്കും. രക്തഗ്രൂപ്പ്, അവയവങ്ങളുടെ ഘടന, രൂപം മുതലായ ഒട്ടുമിക്ക കാര്യങ്ങളിലും സമാനതകളുണ്ടെങ്കില്‍ പോലും അവരുടെ വിരലടയാളങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും.
കുറ്റാന്വേഷകര്‍ തെളിവുകള്‍ക്കായി മനുഷ്യന്റെ വിരലടയാളങ്ങളെ ആശ്രയിക്കുന്നത് ഈ വ്യതിരിക്തത ഒന്നുകൊണ്ട് മാത്രമാണ്. ഖുര്‍ആന്‍ വിരലടയാളങ്ങളുടെ വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നത്, അല്ലാഹു മരിച്ചവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കും എന്നു പറയുന്ന സന്ദര്‍ഭത്തിലാണ്. മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനുള്ള സ്രഷ്ടാവിന്റെ കഴിവിനു തെളിവായിട്ടാണതവതരിപ്പിക്കുന്നത്. ഈ തെളിവ് നൂറ് ശതമാനവും സാധുവാണെന്ന് നിരീക്ഷകര്‍ക്കു ബോധ്യമാകും വണ്ണം ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. പുനരുത്ഥാനവും അതുപോലെ സത്യമാണെന്നാകുന്നു അതിന്റെ അനിവാര്യ താല്‍പര്യം.
''അല്ലയോ മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക, ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ്. പിന്നെ ഒരു രേതസ്‌കണത്തില്‍ നിന്ന്, പിന്നെ ഒട്ടിപ്പിടിക്കുന്നതില്‍ (അലഖ് അഥവാ ഭ്രൂണം) നിന്ന്. പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്ന്. ഈ വിവരം നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാക്കുന്നതിനായിട്ടത്രെ. നാമുദ്ദേശിക്കുന്ന ബീജത്തെ നിശ്ചിത കാലാവധിവരെ ഗര്‍ഭപാത്രത്തില്‍ അധിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങള്‍ യൗവനം പ്രാപിക്കുന്നു. ചിലര്‍ നേരത്തെ തന്നെ തിരികെ വിളിക്കപ്പെടുന്നു. ചിലരാകട്ടെ, കഷ്ടതയാര്‍ന്ന വാര്‍ധക്യത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി വരള്‍ച്ചയിലാണ്ട് കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിച്ചാല്‍ പെട്ടെന്നത് ചലനാത്മകമായിത്തീരുന്നു. കൗതുകമുളവാക്കുന്ന എല്ലായിനം ചെടികളും മുളച്ചുപൊങ്ങിത്തുടങ്ങുകയും ഭൂമി പുഷ്പിണിയായിത്തീരുകയും ചെയ്യുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവന്‍ സകലതിനും കഴിവുള്ളവനാണെന്നതിനാലാണ് ഇതൊക്കെയും ഉണ്ടാവുന്നത്. അതിനാല്‍ (മരണാനന്തരമുള്ള) പുനരുത്ഥാനവേള നിശ്ചയമായും വരും. അതില്‍ സംശയമില്ല. ഖബ്‌റിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും തീര്‍ച്ച'' (ഖുര്‍ആന്‍ 22:5-7).
ആധുനിക വൈദ്യശാസ്ത്രത്തെയും ഭ്രൂണശാസ്ത്രത്തെയും വിസ്മയിപ്പിച്ച് ഭ്രൂണത്തെക്കുറിച്ചുള്ള വിവരണത്തിലൂടെയാണ് ഇവിടെ ഉയിര്‍ത്തെഴുന്നേല്‍പിനെ സ്ഥാപിക്കുന്നത്. മനുഷ്യന്റെ ആദ്യ ജനനത്തെയും ജീവിതത്തെയും കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിലൊന്നും ആര്‍ക്കും തകര്‍ക്കമില്ല. എങ്കില്‍ അതിനെ ആധാരമാക്കി സ്ഥാപിക്കുന്ന രണ്ടാം ജീവിതവും യാഥാര്‍ഥ്യമാണെന്നത്രെ ബുദ്ധിയുടെ വിധി.
23-ാം അധ്യായമായ അല്‍മുഅ്മിനൂനിലെ 12 മുതല്‍ 16 വരെയുള്ള വചനങ്ങള്‍ ശ്രദ്ധിക്കുക: ''മനുഷ്യനെ നാം കളിമണ്‍സത്തില്‍ നിന്ന് സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിത സ്ഥാനത്ത് ബീജമായി പരിവര്‍ത്തിച്ചു. പിന്നീട് ആ ബീജത്തെ നാമൊരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമാക്കി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥികള്‍ കൊണ്ട് പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി നാം വളര്‍ത്തിയെടുത്തു. അല്ലാഹു വളരെ അനുഗ്രഹത്തിനുടയവന്‍ തന്നെ. നിര്‍മിക്കുന്നവരിലേറ്റവും നിപുണനായ നിര്‍മാതാവ്. പിന്നെ അതിനു ശേഷം തീര്‍ച്ചയായും നിങ്ങള്‍ മരിക്കേണ്ടതുണ്ട്. പിന്നീട് പുനരുത്ഥാനനാളില്‍ നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യും.''
ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഖുര്‍ആനിലെ പ്രസ്തുത വചനങ്ങളെ അക്ഷരംപ്രതി ശരിവെക്കുന്നു. ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര സംബന്ധമായ പരാമര്‍ശങ്ങളെക്കുറിച്ച് പഠിച്ച, കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ആന്ത്രോപോളജി (ശരീരശാസ്ത്രം) വിഭാഗത്തിന്റെ തലവനായ കീത്ത് മൂര്‍ (Keith Moore) അവയെല്ലാം ആധുനിക ശാസ്ത്രം കണ്ടെത്തിയ സത്യമാണെന്നും അതിലൊന്നു പോലും തെറ്റാണെന്ന് തെളിയിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.
മുകളിലുദ്ധരിച്ച 23:12-16 വചനങ്ങളിലെ അവസാനം പരലോക ജീവിതത്തിനു മുന്നോടിയായുള്ള മനുഷ്യന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചുള്ളതാണെന്ന് ശ്രദ്ധേയമാണ്. ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര സംബന്ധിയായ പരാമര്‍ശങ്ങള്‍ ആധുനിക ശാസ്ത്രം തെളിയിച്ചിരിക്കുകയും ആധുനിക ശാസ്ത്രകാരന്മാര്‍ അതില്‍ അത്ഭുതം കൊള്ളുകയും ചെയ്തിരിക്കെ മരണാനന്തര ജീവിതത്തിന് മറ്റെന്തു തെളിവാണ് വേണ്ടത്?
സത്യനിഷേധികളും പരലോക നിഷേധികളും ജീവിതമെന്നാല്‍ ഈ ഐഹികജീവിതം മാത്രമേയുള്ളൂ എന്നും മരണശേഷം നാമൊരിക്കലും പുനര്‍ജീവിക്കുകയില്ലെന്നും വിശ്വസിച്ചിരുന്നു. സത്യനിഷേധികളുടെ ഈ പ്രസ്താവനകളെ ഖുര്‍ആന്‍ അനേക തവണ ഉദ്ധരിച്ചിട്ടുണ്ട്: ''അവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ പറഞ്ഞ കാര്യം തന്നെ പറയുന്നു. ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഈ വാഗ്ദാനം ഞങ്ങള്‍ ഒരുപാട് കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂര്‍വ പിതാക്കളും കേട്ടുപോന്നിട്ടുണ്ട്. അതാവട്ടെ കേവലം കെട്ടുകഥകള്‍ മാത്രമാകുന്നു'' (അല്‍ മുഅ്മിനൂന്‍ 81-83).
ഖുര്‍ആനിലെ 37-ാം അധ്യായത്തിലെ 16,17 വാക്യങ്ങളിലും ആറാം അധ്യായത്തിലെ 29-ാം വാക്യത്തിലും 23-ാം അധ്യായത്തിലെ 36,37 വാക്യങ്ങളിലും ഇതേ രീതിയില്‍ നിഷേധികളുടെ എതിര്‍വാദങ്ങള്‍ ഉദ്ധരിച്ചത് കാണാം.
അവരോട് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കാന്‍ തീരെ സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മറ്റെന്തെങ്കിലും സൃഷ്ടികളായിക്കൊള്ളട്ടെ, എന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടും. അവര്‍ തീര്‍ച്ചയായും ചോദിക്കും, ആരാണ് ഞങ്ങളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്? പറയുക: ആദ്യ തവണ സൃഷ്ടിച്ചവനാരാണോ അവന്‍ തന്നെ. അവര്‍ തലകുലുക്കി പരിഹാസത്തോടെ ചോദിക്കും: ഓഹോ, അതെപ്പോഴാണ് സംഭവിക്കുക? പറയുക: അടുത്തുതന്നെ അത് സംഭവിച്ചേക്കാം. ദൈവം നിങ്ങളെ വിളിക്കുന്ന നാളില്‍ അതിനുത്തരമായി നിങ്ങളവനെ സ്തുതിച്ചുകൊണ്ട് പുറപ്പെട്ടുവരും. ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ (മൃതാവസ്ഥയില്‍) കഴിഞ്ഞിട്ടുള്ളൂ എന്നായിരിക്കും നിങ്ങളുടെ തോന്നല്‍'' (ഖുര്‍ആന്‍ 17:50-52).
ഇതില്‍ ഒടുവിലത്തെ വാക്യത്തിന് ശാസ്ത്രീയമായ അടിത്തറയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനും ന്യൂറോവിദഗ്ധന്മാര്‍ക്കുമറിയാവുന്ന ഒരു സവിശേഷ വിവരമാണ്. അപകടത്തില്‍ പെട്ട് തലച്ചോറിന് ക്ഷതം പറ്റി അതീവ ഗുരുതരമായി അബോധാവസ്ഥയില്‍ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം കഴിച്ചുകൂട്ടിയിട്ട് ജീവിതത്തിലേക്ക് തിരിച്ചവരുന്നവരുടെ കാര്യം. മാസങ്ങളോളം ഒരു പക്ഷേ വര്‍ഷങ്ങളോളം അങ്ങനെ മൃതസമാനമായ അവസ്ഥയില്‍ കഴിഞ്ഞിട്ട് വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി രക്ഷ പ്രാപിക്കുന്നവരുടെ അനുഭവമത്രെ അത്. അവരില്‍ മുഴുവന്‍ ആള്‍ക്കാരും പറഞ്ഞിട്ടുള്ളത് 'ഈ അവസ്ഥയില്‍ തങ്ങള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ' എന്നാണ്.
സമാനമായ ഒരവസ്ഥയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു: ''അല്ലെങ്കില്‍ ഉദാഹരണമായി മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ന്നു കിടക്കുന്ന ഒരു ഗ്രാമത്തിലൂടെ സഞ്ചരിച്ച ഒരാളെ നോക്കൂ. അയാള്‍ പറഞ്ഞു: നശിച്ചുകഴിഞ്ഞ ഈ ജനസഞ്ചയത്തെ അല്ലാഹു ഇനിയും ജീവിപ്പിക്കുന്നതെങ്ങനെ? ആ നിമിഷം അല്ലാഹു അയാളുടെ ജീവനെടുക്കുകയും ഒരു നൂറ്റാണ്ടുകാലം അയാളെ ശവമാക്കിയിടുകയും ചെയ്തു. അനന്തരം ഉയര്‍ത്തെഴുന്നേല്‍പിച്ചിട്ടു ചോദിച്ചു: പറയൂ, നീ എത്രകാലം ഇങ്ങനെ കഴിഞ്ഞു? അയാള്‍ പറഞ്ഞു: ഒരുനാള്‍ അല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. അവന്‍ (അല്ലാഹു) പറഞ്ഞു: അല്ല, ഈ അവസ്ഥയില്‍ നീ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നിന്റെ ഭക്ഷണപാനീയം നോക്കൂ. അത് ഒട്ടും വ്യത്യാസപ്പെട്ടിട്ടില്ല. അപ്പുറത്ത് നിന്റെ കഴുതയെയും നോക്കുക (അതിന്റെ അസ്ഥികൂടം പോലും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു). നിന്നെ ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കാനായിട്ടത്രെ നാം ഇപ്രകാരം ചെയ്തിട്ടുള്ളത്. പിന്നെ ആ ജീര്‍ണമായ അസ്ഥികളെ പുനര്‍ഘടിപ്പിക്കുകയും മാംസം പൊതിയുകയും ചെയ്യുന്നതെങ്ങനയെന്നും നോക്കുക. ഇങ്ങനെ യാഥാര്‍ഥ്യം പൂര്‍ണമായി ബോധ്യപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് ഞാനറിയുന്നു'' (ഖുര്‍ആന്‍ 2:259).
മരണാനന്തര ജീവിതത്തെ നിഷേധിക്കുന്ന ഒരാള്‍ക്ക് ദൃഷ്ടാന്തം നല്‍കാനായി അല്ലാഹു നടത്തിയ ഒരു നടപടിയിലാണ് ഒരു നൂറ്റാണ്ട് കാലം അയാള്‍ മൃതാവസ്ഥയില്‍ കിടന്ന കാര്യം പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം സാധൂകരിക്കുന്ന തരത്തിലുള്ള അനുഭവമാണ് മൃതാവസ്ഥയില്‍ നിന്ന് വീണ്ടും ജീവന്‍ നല്‍കപ്പെട്ട ആ മനുഷ്യനുണ്ടായത്. മരണാനന്തര ജീവിതവും പരലോകവും അപ്പോള്‍ ഇല്ല എന്ന് വിചാരിക്കുന്നതല്ലേ അശാസ്ത്രീയത?
ഖുര്‍ആനിലെ പതിനെട്ടാം അധ്യായമായ അല്‍കഹ്ഫില്‍ 18-21 വചനങ്ങളില്‍ വിശ്വാസികളായ ഏതാനും യുവാക്കളെ 309 വര്‍ഷം അല്ലാഹു ഒരു ഗുഹക്കുള്ളില്‍ ഉറക്കികിടത്തിയതായി പറയുന്നു. നീണ്ട ഉറക്കത്തില്‍ നിന്ന് ഒടുവില്‍ അവരെ ഉണര്‍ത്തിയ ശേഷം അവര്‍ക്കുണ്ടായ അനുഭവവും തങ്ങള്‍ ഏതാനും മണിക്കൂര്‍ മാത്രമേ ഉറങ്ങിയിട്ടുള്ളൂ എന്നായിരുന്നു.
പരലോകത്തിനും പരലോകജീവിതത്തിനും യുക്തിപരവും ശാസ്ത്രീയവുമായ അടിത്തറയുണ്ടോ എന്ന് ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഖുര്‍ആന്‍ ആധുനികശാസ്ത്രം തെളിയിച്ച ഒരു വസ്തുതയായി ചേര്‍ത്ത് പറഞ്ഞിരിക്കുന്ന അന്ത്യനാളിനെക്കുറിച്ചും പരലോക ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ നിഷേധിക്കുക സാധ്യമല്ല.
പഞ്ചേന്ദ്രിയങ്ങളെക്കുറിച്ചും അവയുടെ സംവേദനക്ഷമതയെക്കുറിച്ചും ശാസ്ത്രം മനസ്സിലാക്കുന്നത് പോയ നൂറ്റാണ്ടിലാണ്. അതായത് ഖുര്‍ആന്‍ അവതരിച്ച് അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷം. സ്പര്‍ശനവും വേദനയുമൊക്കെ അറിയാനുള്ള ഇന്ദ്രിയമാണ് ശരീരത്തിലെ ത്വക്ക് അഥവാ തൊലി എന്നത് ഇന്ന് ശാസ്ത്രം പഠിക്കുന്ന ഏതു വിദ്യാര്‍ഥിക്കുമറിയാം. എന്നാല്‍, ആധുനിക ശാസ്ത്രം ഇത് കണ്ടെത്തുന്നതിന് മുമ്പ് ശരീരത്തിലനുഭവപ്പെടുന്ന സ്പര്‍ശനവും വേദനയും തൊലിയിലുള്ള സംവേദകകോശങ്ങള്‍ വഴിയാണ് നാമറിയാനിടവരുന്നതെന്നത് ആര്‍ക്കുമറിയില്ല. നരകത്തെ വര്‍ണിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത് ഇവിടെ ശ്രദ്ധേയമാകുന്നു.
''തീര്‍ച്ചയായും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ നാം നരകത്തില്‍ എരിയിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം, അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാന്‍ വേണ്ടി'' (4:56).
ഭൗതിക ശാസ്ത്രം കണ്ടെത്തുന്നതിന് മുമ്പ് തന്നെ തൊലി വേദനയറിയാനുള്ള ഇന്ദ്രിയം കൂടിയാണെന്ന ഖുര്‍ആന്റെ പരാമര്‍ശം ശരിയാണെങ്കില്‍ അതോടൊപ്പമുള്ള നരകപരാമര്‍ശം തെറ്റാണെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് ആധുനിക ശാസ്ത്രം ആവിഷ്‌കരിച്ച മഹാ വിസ്‌ഫോടന സിദ്ധാന്തം (big bang theory) അനുസരിച്ച് പ്രപഞ്ചം ആദിയില്‍ ഒരു വന്‍ പിണ്ഡം (big mass) ആയിരുന്നു. മഹാ വിസ്‌ഫോടനത്തെത്തുടര്‍ന്നുള്ള വ്യവഛേദീകരണം (secondary separation) മൂലമാണ് താരാപഥങ്ങള്‍, ഭൂമിയെപ്പോലെയുള്ള പരശതം ഗ്രഹങ്ങള്‍, ചന്ദ്രനെപ്പോലെയുള്ള ഉപഗ്രഹങ്ങള്‍ എന്നിവ ഉണ്ടായത്. ''ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി'' (21:30) എന്ന ഖുര്‍ആന്റെ പ്രസ്താവന മഹാ സ്‌ഫോടനസിദ്ധാന്തത്തോട് അടുത്തുനില്‍ക്കുന്നു എന്ന് ഭൗതിക, ഭൗമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ജീവന്റെ ഉല്‍പത്തിയെക്കുറിച്ച് ആധുനിക ശാസ്ത്രം പറയുന്നത് അത് ജലത്തില്‍ വെച്ചാണ് ഉളവായതെന്നാണല്ലോ. പിന്നെ 'ഭൂമിയില്‍ നാം പര്‍വതങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തി, അത് അവനെയും കൊണ്ട് ഇളകിപോകാതിരിക്കാന്‍' എന്ന പ്രസ്താവനയെയും ഭൗമശാസ്ത്രജ്ഞര്‍ ശരിവെക്കുന്നു. ഭൂമിയുടെ പുറംതോടായ ഭൂവല്‍ക്കത്തെ (crust) തുളച്ച് അടിയിലേക്ക് വ്യാപിച്ചുകൊണ്ട് ഉറപ്പിച്ചു നില്‍ക്കുന്ന പര്‍വതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂവല്‍ക്കം ദുര്‍ബലമാവുക മൂലം ഭൂമിയുടെ ഉപരിതലം സദാ ചഞ്ചലമാകുമായിരുന്നു എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കൂടാതെ ധ്രുവപ്രദേശങ്ങളില്‍ നിന്ന് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് സകലതിനെയും തകര്‍ത്തെറിയുന്ന തരത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശുമായിരുന്നു. പര്‍വതങ്ങളുടെ സാന്നിധ്യമാണ് ഈ അപകടം ഇല്ലാതാക്കുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതങ്ങള്‍ താപവ്യത്യാസങ്ങളുടെ മേഖലകള്‍ വേര്‍തിരിക്കുന്നതു മൂലമാണത്.
ഖുര്‍ആന്‍ പറയുന്നു: ''നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്. ഞങ്ങള്‍ മരിച്ചുമണ്ണായി കഴിഞ്ഞാല്‍ വീണ്ടും സൃഷ്ടിക്കപ്പെടുകയോ? സ്വന്തം നാഥനെ നിഷേധിച്ച ജനമാകുന്നു അവര്‍. അവരുടെ കഴുത്തില്‍ ചങ്ങലകളുണ്ട്. അവര്‍ നരകവാസികളും അതില്‍ നിത്യവാസികളുമാകുന്നു'' (13:5).
ഭൂമി വിവിധ അടുക്കുകളായി സ്ഥിതിചെയ്യുന്നുവെന്ന ഖുര്‍ആന്‍ വചനം ശരിയെന്നും, നാം മരിച്ചുകഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനു ശേഷം നമ്മുടെ നന്മതിന്മകള്‍ക്കനുസരിച്ച് സ്വര്‍ഗവും നരകവും ലഭിക്കുമെന്നുമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റുമെന്നും കരുതുന്നത് യുക്തിസഹമാണോ?
ഖുര്‍ആന്‍ മഴയെക്കുറിച്ച് പറയുന്നു: ''കാറ്റുകളെ അയക്കുന്നവന്‍ അല്ലാഹു തന്നെയാകുന്നു. എന്നിട്ടവ മേഘങ്ങളെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഇഛിക്കുന്ന പ്രകാരം മേഘങ്ങളെ ആകാശത്ത് പരത്തുകയും കഷ്ണങ്ങളാക്കി കീറുകയും ചെയ്യുന്നു. അപ്പോള്‍ അവക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്ക് കാണാം. എന്നിട്ടത് അവന്റെ അടിമകളില്‍ താനുദ്ദേശിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുത്താല്‍ അവരോ സന്തുഷ്ടരാകുന്നു. നേരത്തെ അത് പെയ്തിറങ്ങുന്നതില്‍ അവര്‍ ആശയറ്റവരായിരുന്നുവെങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളങ്ങള്‍ നോക്കുക. മൃതമായി കിടന്ന ഭൂമിയെ അവന്‍ എപ്രകാരം സജീവമാക്കുന്നു? നിശ്ചയം, അവന്‍ മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്നവന്‍ തന്നെ. അവന്‍ സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനല്ലേ? (30:48-50).
ഇവിടെയും ശാസ്ത്രീയ സത്യം പറഞ്ഞുവെച്ചിട്ട് മരണാനന്തര ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഖുര്‍ആന്‍.
അറ്റോമിക് തിയറിയെ സൂചിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ വചനം ഇങ്ങനെ വായിക്കാം: ''പുനരുത്ഥാന നാള്‍ ഞങ്ങളുടെ മേല്‍ വരാത്തതെന്തേ എന്ന് അവിശ്വാസികള്‍ ചോദിക്കുന്നു. പറയുക, അഭൗമിക കാര്യങ്ങളൊക്കെയും അറിയുന്നവനായ എന്റെ നാഥനാണ, അത് വന്നുഭവിക്കുക തന്നെ ചെയ്യും. അവനില്‍ നിന്ന് ഒരണുത്തൂക്കം പോലും യാതൊന്നും വിട്ടുപോകുന്നില്ല; ആകാശങ്ങളിലുമില്ല ഭൂമിയിലുമില്ല. അണുവിനെക്കാളും ചെറുതുമില്ല, വലുതുമില്ല. എല്ലാം സുവ്യക്തമായ ഒരു പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ വേണ്ടിയത്രെ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത്'' (34:3,4).
അണുസിദ്ധാന്തം അഥവാ തിയറി ഓഫ് ആറ്റോമിസം പ്രാചീനകാലത്ത് ആവിര്‍ഭവിച്ചിരുന്നു. ഗ്രീസിലാണ് ഈ സിദ്ധാന്തം രൂപം കൊണ്ടത്. ഇതിന്റെ ആചാര്യനായ ഡെമോക്രാറ്റസും മറ്റും ധരിച്ചിരുന്നത് പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ ഘടകം പരമാണുവാണെന്നായിരുന്നു. എന്നാല്‍ പരമാണുവിനെ വീണ്ടും വിഭജിക്കുക വഴി അതിനേക്കാള്‍ ചെറിയ പ്രോട്ടോണും ഇലക്‌ട്രോണും ന്യൂട്രോണും അവയെക്കാള്‍ ചെറിയ അതിസൂക്ഷ്മ കണങ്ങളുമുണ്ടെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയത് 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. ഖുര്‍ആന്‍ പറയുന്നതാകട്ടെ അണുവിനേക്കാള്‍ ചെറുതും വലുതുമായ കാര്യത്തെക്കുറിച്ചാണ്. ആധുനിക ഭൗതികശാസ്ത്രം കണ്ടെത്തിയ പരമാണുവിനേക്കാള്‍ ചെറിയ ഘടകങ്ങളെക്കുറിച്ച് പറഞ്ഞശേഷം 'എല്ലാം സുവ്യക്തമായ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്' എന്നു കൂടി പറയുന്നു. നമ്മുടെ ജനിതക കോഡുകളില്‍ ജീവക്രമങ്ങള്‍ മുഴുവന്‍ ആലേഖനം ചെയ്തിരിക്കുന്നതുപോലെ അല്ലാഹു അത് ആയാസരഹിതമായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഇവിടെ പറയുന്നത്. പരലോകത്തിന്റെ ആസ്തിക്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ശാസ്ത്രീയമായ തെളിവുകള്‍ അനവധിയാണ്. ഖുര്‍ആന്‍ ദൈവികമാണെന്ന് തെൡിക്കാന്‍ അതിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍ തന്നെ ധാരാളമാണ്. ഒരു കാലത്ത് മനുഷ്യന് അദൃശ്യവും അജ്ഞാതവുമായിരുന്ന ഭൗതിക കാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പില്‍ക്കാലത്ത് ശാസ്ത്രസത്യങ്ങളാണെന്ന് തെളിഞ്ഞുവെന്ന് സമ്മതിക്കുന്നവര്‍ക്ക് അഭൗതികവും ആത്മീയവുമായ കാര്യങ്ങളെക്കുറിച്ചുള്ള ഖുര്‍ആനിക പ്രസ്താവനകള്‍ തള്ളിക്കളയുന്നതിന് ന്യായമേതുമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം