ഹൃദ്യമായ വായനാനുഭവം
സി.എച്ച് മുഹമ്മദ് അലി
കൂട്ടിലങ്ങാടി
സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ കേരള ചരിത്രത്തിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ തുടക്കവും ഗതിവിഗതികളും കൂടി കണ്ണി ചേര്‍ത്ത്, മനോഹരമായി കോര്‍ത്തിണക്കിയ പച്ചയായ വായനാനുഭവമായി മാറുന്നു സദ്‌റുദ്ദീന്‍ വാഴക്കാട് പകര്‍ത്തിക്കൊണ്ടിരിക്കുന്ന ടി.കെയുടെ 'നടന്നു തീരാത്ത വഴികളില്‍.'
മലപ്പുറം ജില്ല മദ്യമുക്തമാക്കുക എന്ന ബാനറില്‍ മലപ്പുറത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി റാലിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് ടി.കെ, 'ഇന്നിവിടെ ഈ പട്ടച്ചാരായ വിരുദ്ധ യോഗം നടക്കുമ്പോള്‍ അങ്ങ് കല്‍ക്കത്തയില്‍ മറ്റൊരു പട്ടാഭിഷേകം (രാജീവ് ഗാന്ധിയുടെ) അരങ്ങേറുകയാണ്' എന്നു തുടങ്ങി 'ഇനി വരാനിരിക്കുന്ന രാഹു(രാഹുല്‍ ഗാന്ധി)കാലത്തെങ്കിലും മദ്യം നിരോധിക്കാന്‍ കരുണാപരന് (കരുണാകരന്) കനിവുണ്ടാകേണമേയെന്ന'വസാനിച്ച പ്രഭാഷണത്തിലെ മുഴുനീള ആക്ഷേപ ഹാസ്യങ്ങള്‍ അതിശക്തവും ഇപ്പോഴും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നതുമാണ്.
ശരീഅത്ത് വിവാദ കാലത്ത് മുസ്‌ലിം സമൂഹത്തെ മുന്നില്‍ നിന്ന് നയിച്ചതും ഇടതുയുക്തിവാദി സംഘങ്ങള്‍ മുട്ടുമടക്കിയതും ജമാഅത്ത് പ്രഭാഷകരുടെ മുന്നില്‍ തന്നെയായിരുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ ജസ്റ്റിസ് ജാനകിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന സിമ്പോസിയം ഇത്തരുണത്തില്‍ വിസ്മരിക്കാവതല്ല. ജഡ്ജിമാരും വക്കീല്‍മാരും മറ്റു ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സിമ്പോസിയത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചത് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണത്തിന് ശേഷം അധ്യക്ഷന്റെ സമാപന പ്രസംഗത്തിന് മുമ്പ് പി. ഗോവിന്ദപിള്ള രണ്ട് വാക്ക് കൂടി സംസാരിക്കാന്‍ അവസരം ചോദിച്ചുവെന്നും താങ്കള്‍ക്ക് സമയമനുവദിച്ചാല്‍ മിസ്റ്റര്‍ അബ്ദുര്‍റഹ്മാനും ചോദിക്കുമെന്ന് പറഞ്ഞ് ജസ്റ്റിസ് ജാനകിയമ്മ അത് നിരസിച്ചുവെന്നുമാണ് കേള്‍വി.
മറ്റൊന്ന് വെള്ളിമാട്കുന്നിനടുത്ത് നടന്ന ഒരു സിമ്പോസിയമാണ്. കെ.ഇ.എന്നും റഹീം മുഖത്തലയുമടക്കം അഞ്ചാറ് ഇടതുയുക്തിവാദി ബുദ്ധിജീവികള്‍ മാത്രം പങ്കെടുക്കുന്ന സിമ്പോസിയത്തിലേക്ക് പേരിനൊരു മുസ്‌ലിമിനെ തേടി അവര്‍ പ്രബോധനത്തില്‍ ടി.കെയുടെ അടുത്ത് വന്നുവെന്നും ഒരു മത്സരമാവുമ്പോള്‍ 5-1 എന്നത് തീരെ ശരിയല്ലെന്നും മൂന്ന് പേര്‍ ഞങ്ങളുടെ പക്ഷത്തു നിന്നുമാവട്ടെ എന്ന് ടി.കെ ഉപാധി വെച്ചുവെന്നും ഈ കുറിപ്പുകാരനോട് പറഞ്ഞത് സലാം മേലാറ്റൂരാണ്. ഏതായാലും അവര്‍ രണ്ടു പേരെ പങ്കെടുപ്പിക്കാന്‍ സമ്മതിക്കുകയും ഒ. അബ്ദുല്ല സാഹിബും സി.സി അബ്ദുല്‍ ഖാദര്‍ മൗലവിയും സംബന്ധിക്കുകയും ചെയ്തു. സ്റ്റേജിലും സദസ്സിലുമുണ്ടായിരുന്ന പ്രഗത്ഭരായ അതിബുദ്ധിജീവി വൃന്ദത്തെ ആശ്ചര്യപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്ത പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. സി.സിയുടെ പ്രഭാഷണം തുടങ്ങുന്നതിനു മുമ്പ് അതീവലളിതനായ അദ്ദേഹത്തിന്റെ ഹാവഭാവാധികള്‍ കണ്ടുള്ള പരിഹാസച്ചിരികള്‍ അധികം താമസിയാതെ 'എടാ ജീനിയസ്സാണ്', 'ബുദ്ധിജീവിയാണ്' തുടങ്ങിയ മുറുമുറുപ്പുകളായി മാറുന്നത് ഞങ്ങളറിഞ്ഞു.
ശരീഅത്ത് വിവാദകാലത്തെ മറ്റൊരു സ്മരണീയമായ സംഭവം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന വി.എ കബീറിന്റെ ലേഖനമായിരുന്നു. ശരീഅത്ത് വിരുദ്ധ പക്ഷത്തായിരുന്ന മാതൃഭൂമി ചോദിച്ചു വാങ്ങിയതായിരുന്നു, ശരീഅത്ത് വിരുദ്ധര്‍ക്ക് അക്കമിട്ട് മറുപടി കൊടുത്ത ആ ലേഖനം. ശരീഅത്ത് പക്ഷത്തു നിന്ന് വെളിച്ചം കണ്ട ഏറ്റവും മികച്ച ആ ലേഖനം വായിച്ച് ആവേശഭരിതനായ കെ.എം രിയാലു സാഹിബ് ഈ കുറിപ്പുകാരനെ വിളിച്ച് ഉടന്‍ തന്നെ കോഴിക്കോട് ജയറാം പേപ്പര്‍ മാര്‍ട്ടില്‍ നിന്ന് പേപ്പര്‍ വാങ്ങി അയ്യായിരം (അതോ പതിനായിരമോ) കോപ്പി അദ്ദേഹത്തിന്റെ ചെലവില്‍ അടിച്ചുകൊടുക്കാനവശ്യപ്പെടുകയും ഈയുള്ളവന്‍ അനുസരിക്കുകയും ചെയ്തതായി ഓര്‍ക്കുന്നു.
സിസ്റ്റം എറര്‍
ശംസുര്‍റഹ്മാന്‍
മൂഴിക്കല്‍
ഒക്‌ടോബര്‍ 26-ലെ ദേശാഭിമാനിയില്‍ ഡോ. ഇക്ബാല്‍ എഴുതിയ ലേഖനത്തിന് പ്രചോദനമേകിയത് അമേരിക്കയില്‍ നടന്ന ഒരു പ്രക്ഷോഭത്തിലുയര്‍ത്തിയ ബാനറിലെ ആശയമായിരുന്നു. ബാനറിലെ വാക്കുകള്‍:
System Error Capitalism is Crashed Install new System.
അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രഫഷനല്‍സായിരുന്നു പ്രക്ഷോഭം നയിച്ചത്. ബാനറിലെ ആശയം ഇതാണ്: മുതലാളിത്തം തകര്‍ന്നിരിക്കുന്നു. അമേരിക്കന്‍ സമ്പദ്ഘടന പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയൊരു സാമ്പത്തിക ക്രമം സ്ഥാപിച്ചേ തീരൂ- ഡോ. ഇക്ബാല്‍ സമര്‍ഥിക്കുന്നു.
ലേഖകന്‍ ആകെപ്പാടെ സന്തോഷിക്കുന്നത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ സ്റ്റേറ്റിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നതു കൊണ്ടാണ്. അതായത് അമേരിക്കയില്‍ സോഷ്യലിസം കയറിവരുന്നു എന്ന്.
പണ്ട് സാര്‍ ചക്രവര്‍ത്തിമാരുടെ കിരാതഭരണത്തിന്‍ കീഴിലകപ്പെട്ട റഷ്യയിലെ ജനം തെരുവിലെ എലികളെപോലും ചുട്ടുതിന്ന് വിശപ്പടക്കിയിരുന്നതായി വായിച്ചിട്ടുണ്ട്. ചില ചിന്തകന്മാരുടെ പരിശ്രമഫലമായി സോഷ്യലിസത്തിന്‍ കീഴിലകപ്പെട്ട ആ രാജ്യത്തെ പിന്നീട് മറ്റൊരു ഭരണാധികാരി പൊളിച്ചെഴുതി വ്യത്യസ്ത രാജ്യങ്ങളാക്കി.
കമ്യൂണിസം അത് ഉദിച്ചിടത്തും മുതലാളിത്തം അത് പണിതിടത്തും പൊളിയുമെന്ന് കഴിഞ്ഞ നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകന്‍ സയ്യിദ് മൗദൂദി പ്രവചിച്ചതാണ്.
വീരപുത്രി
കെ.പി ഇസ്മാഈല്‍
കണ്ണൂര്‍
'അറബ് ഉയര്‍ത്തെഴുന്നേല്‍പില്‍ സ്ത്രീകള്‍ക്കും ഇസ്‌ലാമിനും വലിയ തോതില്‍ പങ്കുണ്ട്'-യമനില്‍ ഏകാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തവക്കുല്‍ കര്‍മാന് സമാധാന നൊബേല്‍ സമ്മാനിക്കെ നൊബേല്‍ സമിതി അധ്യക്ഷന്‍ ജഗലാന്റ് നടത്തിയ നിരീക്ഷണമാണിത്. ഇസ്‌ലാമിനെ നിരന്തരം കരിവാരിത്തേക്കുന്ന ഇരുണ്ട ചക്രവാളത്തിലാണ് തിരിച്ചറിവിന്റെ ഈ വെള്ളിനക്ഷത്രം ഉദിച്ചുയര്‍ന്നതെന്നത് നിസ്സാര കാര്യമല്ല. ഇസ്‌ലാമിനെ ഭീകരതയുടെ മതമായും മുസ്‌ലിം സ്ത്രീകളെ അടിമകളായും ചിത്രീകരിക്കുകയെന്നത് കുരിശുമനസ്സുകളുടെ ഹോബിയാണ്. പാശ്ചാത്യ ശക്തികളുടെ പെരുംനുണകള്‍ക്ക് സ്വജീവിതം കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് യമന്റെ വീരപുത്രി. ആധുനികലോകത്തെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് വിശിഷ്യാ സ്ത്രീകള്‍ക്ക് പുത്തനുണര്‍വും ഊര്‍ജവും പ്രസരണം ചെയ്യുന്നതാണ് കര്‍മാന്റെ ജീവിതവും പോരാട്ടവും.
---------------
അന്ധമായ സവര്‍ണ ബോധത്താല്‍ മുസ്‌ലിം സ്വത്വത്തിന്റെ ആകുലതകളും സവിശേഷതകളും തിരിച്ചറിയാതെ പോയ കോണ്‍ഗ്രസ്സിനെ അബ്ദുര്‍റഹ്മാന്‍ സാഹിബ് കൈവിട്ടു. വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് മതേതര മൂല്യങ്ങളെ അടിസ്ഥാനമാക്കിയ ഇടതുധാരയോടും അദ്ദേഹം ഐക്യപ്പെട്ടില്ല. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമിക മൂല്യങ്ങളെ ഉള്‍ക്കൊണ്ട സാഹിബിന്റെ തുടര്‍ച്ച ഇസ്‌ലാമിസ്റ്റുകള്‍ ഏറ്റെടുക്കണം.
അബൂഹന്ന / ദോഹ
------------------
ഏറെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വഴിവെക്കേണ്ടുന്ന ആധാറിന്റെ പരിമിതികളും സാധ്യതകളും സവിസ്തരം പ്രതിപാദ്യ വിഷയമാക്കിയ കുറിപ്പുകള്‍ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്താനുതകുന്നതായിരുന്നു.
കെ. ഷഫീഖ് / താനാളൂര്‍, തിരൂര്‍
വികസന വിവേചനത്തിന്റെ ആഴം
അബ്ദുമനാഫ്
എടവിലങ്ങാട്
പ്രബോധനം ലക്കം 19-ലെ 'മലബാര്‍ വിവേചനത്തിന്റെ കടലാഴങ്ങള്‍' വായിച്ചു. ഞെട്ടിപ്പോയി. വിവേചനത്തിന്റെ ആഴം ഇത്രമാത്രമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ ഒരു അധ്യാപകനാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത് നടമാടുന്ന വിവേചനങ്ങളെപ്പറ്റി തികച്ചും ബോധവനാണ്. ഒരു ഉദാഹരണം മാത്രം പറയുകയാണെങ്കില്‍, തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം ആറ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുള്ളപ്പോള്‍ മലപ്പുറത്ത് ആകെ ഒരു ഉണങ്ങിയ ഗവണ്‍മെന്റ് കോളേജ് മാത്രമേയുള്ളൂ! ലേഖനത്തില്‍ മലബാര്‍ ഭാഗത്തെ എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളുടെ എണ്ണത്തെപ്പറ്റി പരാമര്‍ശിക്കാത്തത് ഒരു കുറവായി തോന്നി. കൂടെ ജോലി ചെയ്യുന്ന സഹോദര സമുഹായത്തില്‍ പെട്ട, ഹിസ്റ്ററിയും പൊളിറ്റിക്‌സും പഠിപ്പിക്കുന്ന മലബാറുകാരായ അധ്യാപകരോട് മലബാറിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ അവര്‍ക്കിതൊന്നും ഒരു പ്രശ്‌നമേ അല്ല എന്ന നിലക്കുള്ള പ്രതികരണമാണുണ്ടായത്.
സോളിഡാരിറ്റി ഈ പ്രശ്‌നമേറ്റെടുക്കുമ്പോള്‍ ഇത് കേവലം മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നം മാത്രമാണ് എന്ന തോന്നലാണ് പൊതുജനങ്ങള്‍ക്കുണ്ടാവുക. തങ്ങള്‍ വിവേചനത്തിന് ഇരകളായിക്കൊണ്ടിരിക്കുന്ന കാര്യം മലബാറിലെ ഭൂരിപക്ഷം ജനങ്ങളും അറിയുന്നില്ല എന്നതാണ് വാസ്തവം. ലേഖനം വായിച്ചവര്‍ക്ക് മാത്രമേ കാര്യങ്ങള്‍ മനസ്സിലാകൂ.
വീരപുത്രന്‍ വിളമ്പുന്നത്
സലീം നൂര്‍
ഒരുമനയൂര്‍
വളരെയേറെ കൊട്ടിയാഘോഷിക്കപെട്ട 'വീരപുത്രന്‍ ' എന്ന പി.ടിയുടെ പുതിയ ചിത്രം വിവാദങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു സിനിമ എന്നേ ചരിത്രം വിലയിരുത്തൂ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് തന്റേതായ അടയാളപ്പെടുത്തലുകള്‍ സമ്മാനിച്ചു വിടപറഞ്ഞ ധീര ദേശാഭിമാനിയെ കണ്ടെത്തി അവതരിപ്പിക്കുന്നതില്‍ പി.ടി പരാജയമാണ്. ധീര ദേശാഭിമാനിയുടെ പടക്കളത്തിലെ പോരാട്ടങ്ങള്‍ അവതരിപ്പിക്കാതെ കിടപ്പറയിലെ ഇക്കിളി രംഗങ്ങള്‍ക്ക് സമയം കണ്ടെത്തിയത് നാലാംകിട പ്രേക്ഷകരെ കൊണ്ടുള്ള ബോക്‌സോഫീസ് കളക്ഷനു വേണ്ടി മാത്രം. ആധുനിക സമൂഹത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടുത്തറിയാനുള്ള നല്ലൊരു അവസരം, അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അറയ്ക്കകത്തെ കിന്നാരങ്ങള്‍ പറഞ്ഞു തീര്‍ത്തു പി.ടി. രാജ്യസ്‌നേഹിയായ ദൈവവിശ്വാസിയെ കുറിച്ച് ഒരുക്കിയ സംരംഭത്തിന് വിവാദങ്ങളെക്കാള്‍ വിവരണങ്ങളാണ് കുഞ്ഞുമുഹമ്മദില്‍ നിന്നും സാധാരണ ജനം പ്രതീക്ഷിച്ചത്. ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ കുറിച്ച എന്ത് ഓര്‍മകളാണ് പി.ടി നല്‍കിയതെന്ന് കാലം വിലയിരുത്തും.
Comments