മൃദുല പാദങ്ങളില്‍ കത്തുന്ന തീക്കൊള്ളികളുമായി അവ തിരിച്ചെത്തും
എഴുത്തുകാരിലെതന്നെ ഒറ്റയാനാണ് എം. സുകുമാരന്‍. അദ്ദേഹത്തിന്റെ ഭരണകൂടം എന്ന കഥ ശ്രദ്ധേയമാണ്. അതില്‍ രാജാവ് തന്റെ മകനോട് ചോദിക്കുന്നുണ്ട്. "മോനേ, ശശാങ്കാ, കൊട്ടാരത്തെ പറ്റിയുള്ള നിന്റെ അഭിപ്രായമെന്താണ്?'' ശശാങ്കന്‍ മുഖം തുടച്ചു. എന്നിട്ട് പറഞ്ഞു: "അഛാ, മേല്‍പ്പുരയിലെ പ്രാവുകള്‍ ഒരിക്കലും സമാധാനത്തിന്റെ സന്ദേശവാഹകരല്ല, മൃദുല പാദങ്ങളില്‍ കത്തുന്ന തീക്കൊള്ളികളുമായി അവ തിരിച്ചെത്തും.''
അഛന് ദേഷ്യം പിടിച്ചു. "മോനേ, നിന്റെ ഇളം മനസില്‍ വരകളും പോറലുകളും വീഴരുത്. നിന്റെ അമ്മ നിന്നെ ഒരുപാട് വഴിതെറ്റിച്ചു. ലോകത്തെക്കുറിച്ചുള്ള അജ്ഞതയാണ് അവരെ ഇരുട്ടിലേക്ക് നയിച്ചത്.
അതാ നോക്ക്, അഛന്റെ പതിനൊന്ന് തോക്കുകള്‍. അതെന്റെ കൈയിലുള്ളപ്പോള്‍ നമുക്കൊന്നും തന്നെ സംഭവിക്കില്ല. അനുസരണയുടെ ശ്വാനന്മാര്‍ എന്നും നമുക്ക് ചുറ്റും കാല്‍നക്കിയും വാലിളക്കിയും നില്‍ക്കും. ഈ തോക്കുകളെ നാം ഭദ്രമായി സൂക്ഷിക്കണം. ഇതിന്റെ കുഴലിനകത്തെ ചൂടാറാകാത്ത പുകയാണ് നമ്മുടെ അധികാരം.''
ഇങ്ങനെ അധികാരത്തുപ്പാക്കികള്‍ പൊടിതുടച്ച് വെച്ച് എല്ലാം ഭദ്രമെന്ന് സ്വയം തീര്‍പ്പുകല്‍പ്പിച്ചവരൊക്കെയും ഇന്ന് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. വിപ്ളവ വസന്തങ്ങള്‍ അറബിത്തെരുവുകളില്‍നിന്ന് വാള്‍സ്ട്രീറ്റ് വരെ ചെന്നെത്തി നില്‍ക്കുന്നു. ഈയൊരു സവിശേഷ നേരത്ത് വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകളെന്ന പുസ്തകത്തിന്റെ പ്രസക്തി പറഞ്ഞറിയിക്കേണ്ട ഒന്നല്ല. മധ്യ പൌരസ്ത്യ രാഷ്ട്രീയത്തെക്കുറിച്ച നല്ലൊരു വിശകലനം തന്നെയാണീ പുസ്തകം.
ഗ്രന്ഥകാരന്റെ വാക്കുകളിലൂടെ: "ചില ആകസ്മിക സംഭവങ്ങള്‍ ചരിത്രത്തില്‍ യുഗപ്പകര്‍ച്ചകളായി ഭവിക്കാറുണ്ട്. അവിചാരിതമായ സംഭവവികാസങ്ങള്‍ ലോകഘടനയുടെ തന്നെ ശക്തി സന്തുലനങ്ങളെ തകിടം മറിച്ച് ചരിത്രത്തിന്റെ വഴിത്തിരിവുകളായി മാറുന്നു. അന്താരാഷ്ട്ര വിദഗ്ധരുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും പഠനവിഷയമാണ് അറബ് ലോകത്തെ പിടിച്ച് കുലുക്കിയ ഈ പുതിയ പ്രതിഭാസം. അവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച് കൂടായ്കയില്ല.''
അറബ് വിപ്ളവത്തിന് ജാതകം കുറിക്കും മുമ്പ്, അറബ് വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍, അഗ്നിയില്‍ വിരിഞ്ഞ മുല്ലപ്പൂവ്, ഈജിപ്ത്: തഹ്രീര്‍ സ്ക്വയറിലെ യുവജന കമ്പനം, ലിബിയ: ചോരയില്‍ കുതിര്‍ന്ന ഹരിത പുസ്തകം, യമന്‍: മാറ്റത്തിന്റെ മൈതാനി, സിറിയ: ബാത്തിസ്റ് ഫാഷിസം തുടങ്ങിയ തലക്കെട്ടുകളില്‍ വിഷയം വിന്യസിച്ചിരിക്കുന്നു.
നൂറു രൂപ മുഖവിലയുള്ള പുസ്തകം വചനം ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments