Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

ഹസാരെയുടെ സാരം

വിശ്വാസവോട്ടിനു കോഴ, 2ജി സ്‌പെക്ട്രം ഇടപാട് തുടങ്ങിയ ഹിമാലയന്‍ അഴിമതിക്കഥകള്‍ കത്തിനിന്ന സാഹചര്യത്തില്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് ദില്ലിയിലെത്തിയ അണ്ണാ ഹസാരെയെ ഇന്ത്യയുടെ സാമൂഹിക നഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന വെള്ളിനക്ഷത്രമായിട്ടാണ് ബഹുജനം വരവേറ്റത്. യു.പി.എ ഗവണ്‍മെന്റിന്റെ മുട്ട് വിറപ്പിക്കുന്നതിലും ആഗസ്റ്റ് 30-നകം ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുമെന്ന് സമ്മതിപ്പിക്കുന്നതിലും കഴിഞ്ഞ ഏപ്രില്‍ മാസം ജന്തര്‍മന്തറില്‍ അദ്ദേഹം നടത്തിയ ഉണ്ണാവ്രതം വന്‍ വിജയമായിരുന്നു. അക്കാലത്തുതന്നെ അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിനെതിരെ ഗൗരവമുള്ള വിമര്‍ശനങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയുരുകയുണ്ടായി. ജനക്കൂട്ടം തെരുവില്‍ വെച്ച് നിയമം നിര്‍മിക്കുന്ന പ്രവണത പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നായിരുന്നു ഒരു വിമര്‍ശനം. ഹസാരെയുടെ അധ്യക്ഷതയിലുള്ള ട്രസ്റ്റുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി, ഇത്തരമൊരു പ്രസ്ഥാനവുമായി മുന്നോട്ടുവരാനുള്ള അദ്ദേഹത്തിന്റെ അര്‍ഹത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഹസാരെ ജനതയെ നയിക്കുന്നത് അരാഷ്ട്രീയവത്കരണത്തിലേക്കാണെന്നും അത് ആഗോളമൂലധന കുത്തകകളുടെ അജണ്ടയാണെന്നും ചിലര്‍ വാദിച്ചു. ചിലര്‍ ഹസാരെയുടെ ഉറ്റസഹായികളുടെ പേരില്‍ അഴിമതി ആരോപിച്ചു. ഹസാരെയുടെ താരത്തിളക്കത്തില്‍ അന്ന് അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു.
ആഗസ്റ്റ് 30-നകം ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയില്ലെങ്കില്‍ താന്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നായിരുന്നു ഹസാരെയുടെ അന്ത്യശാസനം. ആഗസ്റ്റും സെപ്റ്റംബറും ഒക്‌ടോബറും കഴിഞ്ഞുപോയി. ലോക്പാല്‍ ബില്‍ ഇനിയും പാര്‍ലമെന്റിലെത്തിയിട്ടില്ല. ഹസാരെ പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളേറെയും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നത് ശരിയാണ്. എങ്കിലും അതില്‍ കുറച്ചൊക്കെ കാമ്പുണ്ട് എന്നാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. ശാന്തിഭൂഷന്മാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വ്യാജമാണെങ്കിലും ഖജ്‌രിവാളിനും കിരണ്‍ബേദിക്കുമെതിരെ ഉന്നയിക്കപ്പെട്ടത് മുഴുവന്‍ അങ്ങനെയല്ല എന്ന് അവര്‍ തന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഹസാരെ തന്റെ സംരംഭത്തിന്റെ  കോര്‍കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണിപ്പോള്‍. ഈ ആരോപണങ്ങളേക്കാളെല്ലാം ഗൗരവമേറിയതാണ് ദലിത് നേതാക്കള്‍ ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനം. ബ്രാഹ്മണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സവര്‍ണ പ്രസ്ഥാനമാണ് അണ്ണായുടേത് എന്നാണവര്‍ പറഞ്ഞത്. യു.പി.എ മുന്നണിയിലെ ചില നേതാക്കള്‍ അത് ഏറ്റുപിടിച്ചത് സ്വാഭാവികമാണ്. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളൊന്നുമില്ലാത്ത, ആര്യസമാജത്തിന്റെ അഖിലേന്ത്യാ പ്രശസ്തനായ നേതാവ് സ്വാമി അഗ്നിവേശിനെപ്പോലുള്ളവര്‍ ദലിതരുടെ വിമര്‍ശനത്തിന് അടിവരയിടാന്‍ മുന്നോട്ടുവന്നത് ഏറെ ശ്രദ്ധേയമാകുന്നു.
നേരത്തെ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തില്‍ സജീവ പങ്കാളിയായിരുന്ന സ്വാമി അഗ്നിവേശ് ദലിതുകളുടെ ഒരു ദേശീയ സംഗമത്തില്‍ സംസാരിക്കവെ പ്രസ്താവിച്ചു: ''ഹസാരെയുടെ പ്രസ്ഥാനം പൂര്‍ണമായും ബ്രാഹ്മണീയമാണ്. ബ്രാഹ്മണ്യമാണത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.'' അസന്ദിഗ്ധവും സ്പഷ്ടവുമായ ഈ പ്രസ്താവനയെ വര്‍ധിച്ച ആവേശത്തോടെയാണ് ദലിതുകള്‍ സ്വാഗതം ചെയ്തത്. ഉത്തരേന്ത്യന്‍ പത്രങ്ങള്‍ അത് വമ്പിച്ച പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഹസാരെ അനുയായികളുടെ 'ഞാന്‍ അണ്ണയാണ്', 'അണ്ണയാണ് ഇന്ത്യ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ബ്രാഹ്മണ്യത്തില്‍ നിന്നുരുവം കൊണ്ടതാണെന്നാണ് സ്വാമിയുടെ നിരീക്ഷണം. അതെന്തായാലും തുടക്കം മുതലേ ഹസാരെ സ്വീകരിച്ച ചിഹനങ്ങളും മുദ്രാവാക്യങ്ങളും രാഷ്ട്രീയ ചായ്‌വുമെല്ലാം സ്വാമി അഗ്നിവേശിന്റെ അഭിപ്രായങ്ങളെ ബലപ്പെടുത്തുന്നതാണ്. ഏപ്രില്‍ മാസം ഹസാരെ നടത്തിയ ആഗോള ശ്രദ്ധയാകര്‍ഷിച്ച ഉപവാസത്തിന്റെ വേദിയില്‍ ഒരു ദേവിചിത്രവും ഇന്ത്യയുടെ ഭൂപടവും സ്ഥാപിച്ചിരുന്നു. ആര്‍.എസ്.എസ്സിന്റെ ദൃഷ്ടിയില്‍ 'ഭാരത് മാതാ' ആയിരുന്നു അത്. ഹസാരെ സദാ വിളിക്കാറുള്ളതും അനുയായികളെക്കൊണ്ട് ഏറ്റുവിളിപ്പിക്കാറുള്ളതും 'ഭാരത് മാതാ കീ ജയ്, വന്ദേമാതരം' എന്ന മുദ്രാവാക്യമാണ്. ആര്‍.എസ്.എസ്സിന്റെ ഫാഷിസ്റ്റ് ഐഡിയോളജിയെയോ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയോ ഹസാരെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല. അദ്ദേഹം വിമര്‍ശനത്തിന്റെ കുന്തമുന എപ്പോഴും  തിരിച്ചുവെച്ചത് കോണ്‍ഗ്രസിന്റെയും സോണിയാഗാന്ധിയുടെയും നേരെയായിരുന്നു. അതുതന്നെയാണല്ലോ ബി.ജെ.പിയുടെയും ലക്ഷ്യം.
മനസ്സിലാക്കാന്‍ കഴിഞ്ഞേടത്തോളം വര്‍ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്ന സുതാര്യനും നിഷ്‌കളങ്കനുമായ വ്യക്തിയാണ് അണ്ണാ ഹസാരെ. സുതാര്യതയും ലാളിത്യവുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്. അദ്ദേഹത്തെ ഹിന്ദുത്വ രാഷ്ട്രീയം സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണിപ്പോള്‍. രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്‌കാരികവുമായ സംരംഭങ്ങളെ സ്വാധീനിച്ച് ചൂഷണം ചെയ്യാനുള്ള സവര്‍ണരുടെ അസാമാന്യ പാടവത്തെക്കുറിച്ച് സ്വാമി അഗ്നിവേശ് തന്നെ പലപ്പോഴും പറയാറുണ്ട്. അടിസ്ഥാനപരമായി ഒരു വൈദിക പ്രസ്ഥാനമാണ് ആര്യസമാജം. ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്ന സനാതനധര്‍മത്തെ അവര്‍ അംഗീകരിക്കുന്നില്ല. ഏതെങ്കിലും പ്രത്യേക ദേശത്തിന് മഹത്വം കല്‍പിക്കുന്നുമില്ല. മുഴുവന്‍ ഭൂഗോളത്തെയും ഒരു ഏകകമായിട്ടാണവര്‍ കാണുന്നത്. കാലക്രമത്തില്‍ ബ്രാഹ്മണ്യം ആര്യസമാജത്തെയും സ്വന്തം സ്വാധീനവലയത്തിലകപ്പെടുത്തി. അങ്ങനെ ഇന്നത്തെ ആര്യസമാജം ബ്രാഹ്മണ്യത്തിന്റെയും മനുവാദത്തിന്റെയും ഭാഗമായിത്തീര്‍ന്നു. അക്കാരണത്താലാണ് സ്വാമി അഗ്നിവേശ് അഖില ഭാരതീയ ആര്യപ്രതിനിധി സഭയോട് വിട പറഞ്ഞത്. ഇപ്പോള്‍ അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍ സമരത്തില്‍ നിന്ന് വിട്ടുപോന്നതിന്റെ കാരണങ്ങളിലൊന്നും ഇതുതന്നെയാണ്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനം അസാരമായിക്കൊണ്ടിരിക്കുന്നു എന്നത്രെ ഇതെല്ലാം സൂചിപ്പിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം