Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

മലബാര്‍ പ്രശ്‌നത്തിന്റെ പുതിയ ഉള്ളടക്കം

സി.കെ അബ്ദുല്‍ അസീസ്

വിഭവങ്ങളുടെ പരിമിതിയും വികസനപരമായ അസമത്വങ്ങളും അസമാനതകളുടെ പരമ്പരാഗത പന്ഥാവും സുസ്ഥിരമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യ രാഷ്ട്രീയം സംഘര്‍ഷാത്മകമാവുന്നത് അനിവാര്യവും ജനാധിപത്യ വ്യവസ്ഥയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് അഭിലഷണീയവുമാണ്. ഐക്യ കേരള രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ആറുപതിറ്റാണ്ടുകാലം കടുത്ത അവഗണനയും പാര്‍ശ്വവല്‍കരണവും അനുഭവിച്ചറിഞ്ഞിട്ടും മലബാറില്‍നിന്ന് ജനാധിപത്യപരമായ ഒരു സംഘര്‍ഷ രാഷ്ട്രീയം ഉടലെടുക്കാതിരുന്നതെന്തുകൊണ്ട്? മലബാറിനെ പ്രശ്നവല്‍ക്കരിക്കുമ്പോള്‍ നാമാദ്യം അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളിലൊന്നാണിത്. കേരളത്തിലെ സമ്മര്‍ദ രാഷ്ട്രീയ സംസ്കാരത്തിന്റെ സവിശേഷമായ ചില സ്വഭാവ വിശേഷങ്ങളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. കേരളത്തിന്റെ സമ്മര്‍ദ രാഷ്ട്രീയ സംസ്കാരത്തിന്റെ ഒരു പ്രധാന സവിശേഷത, അത് താഴെക്കിടയിലുള്ള വിഭാഗങ്ങളുടെയും വര്‍ഗങ്ങളുടെയും താല്‍പര്യങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നതാണ് (പാട്രിക് ഹെല്ലര്‍). സാമുദായിക ശക്തികളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് ലഭിച്ച മാന്യതയാണ് മറ്റൊന്ന്.
30 കളില്‍ തിരു-കൊച്ചി സംസ്ഥാനത്ത് നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജനാധിപത്യ പാരമ്പര്യത്തില്‍ ഐക്യകേരളത്തിലും തുടര്‍ച്ചയുണ്ടായി എന്നു പറയാം. സാമുദായിക താല്‍പര്യങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പൊതുതാല്‍പര്യങ്ങളുമായി സമരസപ്പെട്ടുകൊണ്ട് നിലനിന്നതിന്റെ ഫലമായി ജനാധിപത്യ സമൂഹത്തില്‍നിന്ന് അതിന് നല്ല പിന്തുണ ലഭിക്കുകയും ചെയ്തു. മൂന്നാമതായി, പരമ്പരാഗത മധ്യവര്‍ഗ താല്‍പര്യങ്ങള്‍ക്ക് ലഭിച്ച മുന്‍ഗണനാ സ്വഭാവമാണ്. ഭൂപരിഷ്കരണ നടപടികളുടെ ഫലമായി ജന്മി-നാടുവാഴിത്ത ഭൂമിബന്ധങ്ങള്‍ ഇല്ലാതാവുകയും തല്‍സ്ഥാനത്ത് മുതലാളിത്ത ധനിക കാര്‍ഷിക ഭൂവുടമകള്‍ ഉയര്‍ന്നുവരാതിരിക്കുകയും ചെയ്തു. വന്‍കിട സ്വകാര്യ നിക്ഷേപങ്ങളോ ചെറുകിട ഉല്‍പാദക സമൂഹമോ ശക്തി പ്രാപിച്ചില്ല.
അതുകൊണ്ടുതന്നെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വര്‍ഗ സംഘര്‍ഷം പ്രധാനമായും മധ്യവര്‍ഗത്തിന്റെ രണ്ട് ചേരികള്‍ തമ്മിലുള്ള രാഷ്ട്രീയ കിടമത്സരത്തിന്റേതായി മാറി. അതിലൊരു ചേരി, കമ്യൂണിസ്റ് പാര്‍ട്ടി നയിച്ച ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ശക്തിയായി മാറിയപ്പോള്‍ മറുചേരി കോണ്‍ഗ്രസ് നയിച്ച വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൂടെ ഉറച്ചുനിന്നു. പരമ്പരാഗത മധ്യവര്‍ഗം ജാത്യാധിഷ്ഠിതവും ജാതിബോധത്തില്‍ ആമഗ്നരുമായിരുന്നുവെന്നതാണ് ഇതിലേറ്റവും പ്രധാനമായി കാണേണ്ട ഒരു ഘടകം. നിലനില്‍ക്കുന്ന വന്‍ശക്തികളോട് (ദുര്‍ബലരായ തൊഴിലാളി വര്‍ഗത്തോടും മുതലാളി വര്‍ഗത്തോടും) ഇരുകൂട്ടരും സ്വീകരിച്ച സമീപനത്തിലെ വ്യത്യാസമാണ് ഇടതു-വലതു വ്യത്യാസമായി രാഷ്ട്രീയ മേഖലയില്‍ പ്രതിഫലിപ്പിക്കപ്പെട്ടത്. സാമൂഹിക പുരോഗതിയും സാമൂഹിക ക്ഷേമവും മധ്യവര്‍ഗ കേന്ദ്രീകൃതമായി വളര്‍ന്നപ്പോള്‍ ജാതി സമുദായ നേതൃത്വങ്ങള്‍ക്ക് അതൃപ്തി തോന്നാതിരുന്നതിന്റെ കാരണമിതാണ്. ജാതി-സാമുദായിക വിഭജനത്തെ അതിവര്‍ത്തിക്കുന്ന പുരോഗമനേഛയുടെ ഉള്ളടക്കത്തിന്റെ ഒരുവശം ഈ മധ്യവര്‍ഗ ജാതിയും പരമ്പരാഗത ജാതിശ്രേണിയും തമ്മിലുള്ള ജൈവബന്ധമാണ്.
സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ തോല്‍പിക്കപ്പെട്ട നാടുവാഴിത്തത്തിന്റെ സാംസ്കാരിക ഘടകങ്ങള്‍ ഐക്യ കേരളത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ മേധാവിത്തപരമായ പങ്കുവഹിച്ചുവെന്നു കാണാം. അതുകൊണ്ട് തന്നെ, സമ്പദ് വികസനത്തിന്റെ പരിമിതികളും അസമാനതകളുമൊന്നും ചര്‍ച്ചാ വിഷയമായില്ല. മലബാര്‍, ദലിത്, ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗതമായ അവികസിതാവസ്ഥ ഭരണ തലത്തിലോ രാഷ്ട്രീയ സംവാദങ്ങളിലോ വേണ്ട വിധത്തില്‍ കടന്നുകൂടിയില്ല. കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച ചരിത്ര ഘടകങ്ങള്‍ എന്ന് ഇവയെ പൊതുവില്‍ വിശേഷിപ്പിക്കാവുന്നതാണ്. കേരളത്തിലെ സമ്മര്‍ദ രാഷ്ട്രീയ സംസ്കാരത്തിന്റെ പൊതു സ്വഭാവത്തില്‍നിന്ന് വേറിട്ട് ചിന്തിക്കാന്‍ മലബാറിലെ രാഷ്ട്രീയ നേതാക്കളെയും അശക്തരാക്കിയതിന് ചരിത്രപരമായ ഘടകങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തെ ഒരു കാരണമായി കണക്കാക്കാവുന്നതാണ്.
ചരിത്ര ഘടകങ്ങളെപോലെ, തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഘടകം ഐക്യകേരളത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭരണതലത്തില്‍ പിടിമുറുക്കിയ ബ്യൂറോക്രസിയുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ്. തിരു-കൊച്ചി ഭരണകാലത്തെ ബ്യൂറോക്രസിയുടെ അടിത്തറയിലാണ് ഐക്യകേരളത്തിന്റെ ബ്യൂറോക്രസി നിലവില്‍വന്നത്; അങ്ങനെ മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ജാതിമത സങ്കുചിതത്വവും പ്രാദേശിക സങ്കുചിതത്വവും തിരുകൊച്ചി ബ്യൂറോക്രസിയില്‍ രൂഢമൂലമായിരുന്നു. അതിന്റെ ഘടന തന്നെ അപ്രകാരത്തിലുള്ളതായിരുന്നു. കാരണം, തിരു-കൊച്ചി രാഷ്ട്രീയത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നായര്‍/ക്രിസ്ത്യന്‍/ഈഴവ കിടമത്സരങ്ങള്‍ (ചെറിയൊരളവില്‍ മുസ്ലിംകളും ഇതില്‍ പങ്കാളിത്തം വഹിച്ചിരുന്നു) പ്രധാന ഘടകമായിരുന്നു. ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധത്തിന്റെയും മലബാര്‍ വിരോധത്തിന്റെയും അംശങ്ങള്‍ ഈ ബ്യൂറോക്രസിയില്‍ ചിലപ്പോള്‍ പ്രകടമായിരുന്നുവെങ്കിലും മലബാറിനോടുള്ള അവഗണനയുടെ അടിസ്ഥാന കാരണമായി അതിന് പ്രാമുഖ്യം നല്‍കുന്നതിലര്‍ഥമില്ല. അതിനെക്കാളേറെ, തിരു-കൊച്ചി കേന്ദ്രീകൃതമായ 'ലോബി'കളുടെ ആവിര്‍ഭാവവും വളര്‍ച്ചയും എങ്ങനെ സംഭവിച്ചുവെന്നാണ് പഠനാര്‍ഹമായ വിഷയം.
തിരു-കൊച്ചിക്കാരുടെ കിടമത്സരത്തിനിടയില്‍ ബ്യൂറോക്രസിയില്‍ മലബാര്‍ പിന്തള്ളപ്പെട്ടതില്‍ മുസ്ലിംകളോടുള്ള മുന്‍വിധി മാത്രമാണ് കാരണമെന്ന് കരുതിക്കൂടാ. മലബാറിലെ മുസ്ലിംകളല്ലാത്തവരോടുമുണ്ടായിരുന്നു അവഗണന. തിരുകൊച്ചി കേന്ദ്രമാക്കി വളര്‍ന്നുവന്ന നായര്‍ ക്രിസ്ത്യന്‍ മുതലാളിത്തത്തിന്റെ ലോബി പ്രവര്‍ത്തനവും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഇതിന് ലഭിച്ച പിന്തുണയുമാണ് ബ്യൂറോക്രസിയുടെ തിരു-കൊച്ചി പക്ഷപാതിത്വത്തിനടിസ്ഥാനമെന്നാണ് ഞാന്‍ കരുതുന്നത്. കമ്യൂണിസ്റ് മന്ത്രിസഭ പുറത്താക്കപ്പെട്ടതിന് ശേഷം അധികാരത്തില്‍ വന്ന പട്ടംതാണുപിള്ള - ആര്‍. ശങ്കര്‍ ഭരണകാലത്തും പില്‍ക്കാലത്ത് കരുണാകരന്റെ ഭരണകാലത്തും കിട്ടിയ അനുകൂല സാഹചര്യമുപയോഗിച്ച് നായര്‍-ക്രിസ്ത്യന്‍ മൂലധന നിക്ഷേപകര്‍ക്ക് സമ്പദ്വ്യവസ്ഥയില്‍ നല്ല സാന്നിധ്യമുണ്ടാക്കാനായി. നായര്‍-ക്രിസ്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചാ കാലഘട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. തിരുവനന്തപുരത്തും ദല്‍ഹിയിലും ലോബിവര്‍ക്ക് നടത്താന്‍ അവര്‍ പ്രാപ്തരായിരുന്നു. മലബാറിന് മൂലധനമുണ്ടായിരുന്നുവെങ്കിലും മൂളയുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തിരു-കൊച്ചി സംസ്ഥാനത്ത്നിന്ന് ആരംഭിച്ച സാമൂഹിക പുരോഗതിയില്‍ മലബാര്‍ പങ്കാളികളായിരുന്നില്ല. ഇത് മലബാറിന്റെ മനുഷ്യമൂലധനത്തെ താരതമ്യേന പിന്നാക്കാവസ്ഥയിലെത്തിച്ചു. ഐക്യകേരളമുണ്ടായതിന് ശേഷം മലബാറിന്റെ ഈ ബൌദ്ധിക ദൌര്‍ബല്യത്തിന് മതപരമായ കാരണങ്ങള്‍ കണ്ടുപിടിക്കാനാണ് ശ്രമങ്ങള്‍ നടന്നത്. വിദ്യാഭ്യാസ പുരോഗതിയെ അനിവാര്യമാക്കുന്ന സാമൂഹിക സമ്മര്‍ദം അഴിച്ചുവിടുന്ന സാമ്പത്തിക ശക്തികള്‍ മലബാറിലുണ്ടായിരുന്നില്ല എന്ന വസ്തുത ദൌര്‍ഭാഗ്യവശാല്‍ തമസ്കരിക്കപ്പെടുകയാണുണ്ടായത്.
1967-ലെ സപ്തകക്ഷി മുന്നണി രാഷ്ട്രീയം മുസ്ലിം ലീഗിനെ ഭരണവര്‍ഗ പദവിയിലേക്കുയര്‍ത്തുകയും തുടര്‍ന്ന് ആ പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനത്തെത്തുകയും ചെയ്തുവെങ്കിലും മലബാറില്‍നിന്നുള്ള രാഷ്ട്രീയ കക്ഷിയെന്ന നിലക്ക് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സമ്പദ്വികസനത്തോട് പൊതുവില്‍ കേരളത്തില്‍ നിലനിന്ന സമീപനം ലീഗിനെയും ബാധിച്ചു. സാമൂഹിക ക്ഷേമ താല്‍പര്യങ്ങളില്‍ മലബാര്‍ കേന്ദ്രീകൃത സമീപനം കൈക്കൊള്ളാന്‍ ആ പാര്‍ട്ടിക്ക് ശേഷിയുണ്ടായതുമില്ല. ലീഗിലെ നിക്ഷിപ്ത താല്‍പര്യ ഗ്രൂപ്പുകള്‍ക്ക് തിരു-കൊച്ചി ബ്യൂറോക്രസിയെ ഭയപ്പെടേണ്ടതുണ്ടായിരുന്നുവെന്നതാവണം ഈ ദൌര്‍ബല്യത്തിനാധാരം. '69-ല്‍ മലപ്പുറം ജില്ല സ്ഥാപിതമായെങ്കിലും ജില്ലയില്‍നിന്ന് നാലും അഞ്ചും മന്ത്രിമാര്‍ക്ക് മുന്നണികള്‍ ഇടം നല്‍കിയെന്നല്ലാതെ ജില്ലയുടെയോ മലബാറിലെ മറ്റു ജില്ലകളുടെയോ സത്വര വികസനത്തിനാവശ്യമായ പദ്ധതി വിഹിതം നല്‍കുന്നതില്‍ മുന്നണികള്‍ നീതി പാലിച്ചില്ല. സ്വാഭാവികമായും ജനാധിപത്യപരമായ ഒരു ജനകീയ പ്രക്ഷോഭത്തെ അനിവാര്യമാക്കുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ മലബാറിലുണ്ടായിരുന്നു. ഈ വസ്തുനിഷ്ഠ സാഹചര്യത്തെ നിഷ്പ്രഭമാക്കിയത് പ്രധാനമായും സാമ്പത്തികവും രാഷ്ട്രീയവുമായ ബാഹ്യ ഘടകങ്ങളാണ്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ഫലമായി കേരളത്തിലേക്കൊഴുകാന്‍ തുടങ്ങിയ വിദേശ പണം അതിദാരിദ്യ്രത്തിനറുതി വരുത്തുകയും പണപ്രതിസന്ധിയില്‍നിന്ന് സമൂഹത്തെ താല്‍ക്കാലികമായി കരകയറ്റുകയും ചെയ്തു. മലബാറിലിതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. മക്കള്‍ കുടുംബങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കിയത് അവികസിതമായ സാമ്പത്തിക സാഹചര്യമാണെന്ന പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പൌര സംഘങ്ങള്‍ ഈ പ്രവണതയുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ബന്ധുമിത്രാദികളും മതമേലധ്യക്ഷരും മതേതര മേലധ്യക്ഷന്മാരുമെല്ലാം വിദേശ മലയാളി കേരളത്തിലേക്കെത്തിക്കുന്ന പണത്തിന്റെ മൂല്യത്തിനാണ് വിലകല്‍പിച്ചത്. ഉരുകിത്തീരുന്ന ജീവിതങ്ങള്‍ പരിഗണിക്കപ്പെട്ടതേയില്ല. ഓരോരുത്തരും സ്വന്തം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുകയെന്നത് സാമ്പത്തിക പ്രവണതയായി മാറി. ജനകീയ പ്രക്ഷോഭങ്ങള്‍ അസാധ്യമായതിന്റെ കാരണങ്ങളെ നമുക്കീ സാഹചര്യത്തില്‍ വിസ്മരിക്കാനാവില്ല.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും രാഷ്ട്രീയ സവിശേഷതയാണ് ബാഹ്യമായി മലബാറിനെ സ്വാധീനിച്ച രാഷ്ട്രീയ ഘടകം. ദേശീയ രാഷ്ട്രീയത്തില്‍ ഫാഷിസ്റ് പക്ഷത്തിന്റെ ശാക്തീകരണങ്ങളും മധ്യപൂര്‍വ ദേശത്തെ സാമ്രാജ്യത്വ സ്വാധീനവും മലബാറിന്റെ സാമൂഹിക മനഃശാസ്ത്രത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നതിനെ സംബന്ധിച്ച് ഗൌരവതരമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. മലബാര്‍ കൂടുതല്‍ രാഷ്ട്രീയവല്‍കരിക്കപ്പെട്ടിട്ടുണ്ടെന്നും ഇടതുപക്ഷ-വലതുപക്ഷ രാഷ്ട്രീയത്തോടൊട്ടിനില്‍ക്കുന്ന പരമ്പരാഗത അഭിരുചികളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും പൊതുവില്‍ വിലയിരുത്താവുന്ന ഒരു സാഹചര്യമാണ് തൊണ്ണൂറുകളുടെ അന്ത്യത്തോടെ നിലവില്‍ വന്നത്. കേരള രാഷ്ട്രീയത്തിന്റെ മലബാര്‍ സമീപനത്തിലും മാറ്റങ്ങള്‍ പ്രകടമായി. വികസനത്തെക്കാളേറെ, മലബാറിലെ വിധ്വംസക പ്രവര്‍ത്തന സാധ്യതകളും വിസ്ഫോടനാത്മകതയും ചര്‍ച്ചാ വിഷയമായി. 2001ല്‍ കോഴിക്കോട് കള്‍ച്ചറല്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരള വികസന പ്രഭാഷണ പരമ്പരയില്‍ ഈ ലേഖകന്‍ നടത്തിയ മലബാര്‍ പ്രസംഗത്തെ പോലും അത്തരത്തില്‍ വീക്ഷിച്ചവരുണ്ട്. ഈ പ്രസംഗം പിന്നീട് ലേഖന രൂപത്തില്‍, 'മലബാറിന്റെ വികസന പ്രതിസന്ധി'യെന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. മലബാറിന്റെ പിന്നാക്കാവസ്ഥയും സമ്പദ്വികസന പ്രശ്നവും ഇപ്രകാരം നിരവധി കാരണങ്ങളാല്‍ അമര്‍ച്ച ചെയ്യപ്പെടുകയും ഒരു ജനാധിപത്യ പ്രക്ഷോഭത്തിന്റെ ആത്മനിഷ്ഠ ശക്തികള്‍ ദുര്‍ബലമായിത്തീരുകയും ചെയ്തുവെന്ന് ചുരുക്കം.
കേരളം ആഗോളവല്‍കരിക്കപ്പെട്ടു തുടങ്ങിയതോടെ ഇത്തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട മലബാറിന്റെ വികസന പ്രശ്നങ്ങള്‍ക്ക് പുതിയ ഉള്ളടക്കമുണ്ടായി വന്നിട്ടുണ്ട്. സാമ്പത്തിക ഉദാര വല്‍കരണത്തിന്റെ കഴിഞ്ഞ ഒരു ദശകക്കാലത്തെ നേട്ടങ്ങളും കോട്ടങ്ങളും സമ്പദ്വ്യവസ്ഥയില്‍ സന്നിഹിതമാക്കിയ പുതിയ പ്രശ്നങ്ങളാണതിനാധാരം.
കേരളം മണിയോര്‍ഡര്‍ ഇക്കണോമിയില്‍ നിന്ന് 'മണി മാഫിയ ഇക്കോണമി'യായി മാറിയെന്ന് പരിതാപത്തോടെയും അല്‍പം പരിഹാസത്തോടെയും ചിലര്‍ പറയാറുണ്ട്. ഇതിന്റെ വേറെയൊരു രൂപം തൊണ്ണൂറുകളുടെ അന്ത്യത്തോടെ തന്നെ നമ്മുടെ ഫാഷിസ്റ് സിനിമകളിലെ നായക കഥാപാത്രങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. കാസര്‍കോട് മുതല്‍ തെക്കോട്ട് നാഷനല്‍ ഹൈവേയിലൂടെ വണ്ടിയോടിച്ചുവരുമ്പോള്‍ കാണുന്ന രമ്യഹര്‍മ്യങ്ങള്‍ കണ്ട് ആത്മരോഷം പൂണ്ട് കത്തിജ്വലിക്കുന്ന ഡയലോഗുകള്‍ വരെ കൈയടി നേടിയിരുന്നു. ആഗോളവല്‍കൃത സമ്പദ് വികസനം കേരളത്തില്‍ സൃഷ്ടിച്ച രണ്ട് തരം വികാരങ്ങളാണ് ഇതില്‍ ദ്യോതിപ്പിക്കപ്പെടുന്നത്. ഒന്ന്, ഉള്ളവരും(വമ്ല') കൂടുതല്‍ ഉള്ളവരും (വമ്ലാീൃല') തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതിലുള്ള വ്യാകുലതയാണ്. മറ്റൊന്ന് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ മധ്യവര്‍ഗീകരണത്തോടുള്ള പരമ്പരാഗത മധ്യവര്‍ഗത്തിന്റെ പ്രതിഷേധവും രോഷവുമാണ്. ദൌര്‍ഭാഗ്യവശാല്‍, ഇത് രണ്ടിലും മലബാര്‍ വില്ലന്‍കഥാപാത്രമാണ്. കള്ളപ്പണം = ഗള്‍ഫ് പണം = മലബാര്‍ = മുസ്ലിംകള്‍ എന്ന ഫോര്‍മുല രൂപീകൃതമായത് ആഗോളവല്‍കരണ കാലഘട്ടത്തിലാണ്. മണി മാഫിയയില്‍ മുസ്ലിംകള്‍ക്കും 'മാന്യമായ' ഇടമുണ്ട് എന്നതില്‍ തര്‍ക്കമില്ല. മണിമാഫിയ ഉണ്ടാവുന്നതെങ്ങനെയെന്നതിലാണ് തര്‍ക്കം. മണിമാഫിയ വിത്തപ്രഭുത്വത്തിന്റെ അനധികൃത രൂപമാണ്. മാഫിയ എപ്രകാരമാണോ അധികാരത്തിന്റെ അനധികൃത രൂപമാവുന്നത് അതേപ്രകാരം തന്നെയാണ് മണിമാഫിയയും  സമ്പദ്വ്യവസ്ഥയില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നത്. കേരളത്തിലെ ഭൂമി ക്രമയവിക്രയത്തെയും വിലയെയും നിയന്ത്രിക്കുന്നത് ഈ മണിമാഫിയയാണ്. മലബാറിനെയും ഇക്കൂട്ടര്‍ അധീനപ്പെടുത്തിയിരിക്കുന്നു. പത്തുവര്‍ഷം ഗള്‍ഫില്‍ പോയി പണിയെടുത്താല്‍ പോലും പത്തുസെന്റ് വീടും പുരയിടവും സ്വന്തമാക്കാനുള്ള പണമൊരുക്കൂട്ടാന്‍ പ്രതാപിയായ ഗള്‍ഫുകാരന് ഇന്ന് സാധ്യമല്ലാതായിരിക്കുന്നു.
ഒരു ന്യൂനപക്ഷത്തിന് പിടിച്ച് നില്‍ക്കാനാവുന്നുണ്ട് എന്ന അപവാദമൊഴിച്ചാല്‍ ഇതാണ് പൊതുവിലുള്ള സ്ഥിതി. മണിമാഫിയയെ സംബന്ധിച്ചേടത്തോളം കേരളമോ മലബാറോ അവികസിത പ്രദേശമല്ല; അവഗണനയനുഭവിക്കുന്നുമില്ല. സാധാരണക്കാര്‍ക്കാണ് പ്രശ്നമുള്ളത്. മലബാറിലെ സാധാരണക്കാരുടെ വ്യാകുലതകളില്‍ സ്വന്തം പ്രശ്നങ്ങളെപോലെ മലബാറിന്റെ പ്രശ്നവും ഇന്ന് സ്ഥാനം നേടിയിട്ടുണ്ട്. ആത്മനിഷ്ഠ സാഹചര്യങ്ങള്‍ വന്നത് നിര്‍മാണപരമായ മാറ്റമായിട്ടാണ് കാണേണ്ടത്.
മലബാറിലെ അഭ്യസ്തവിദ്യരായ മധ്യവര്‍ഗം അനുഭവിച്ചറിയാന്‍ തുടങ്ങിയിട്ടുള്ള സാമൂഹിക ദാരിദ്യ്രമാണ്, വര്‍ത്തമാന കാലഘട്ടത്തില്‍ മലബാര്‍ പ്രശ്നത്തിന് പുതിയ ഉള്ളടക്കം നല്‍കുന്നത്. സാമൂഹിക ദാരിദ്യ്രം ഒരു സാമ്പത്തിക പ്രതിഭാസമല്ലെങ്കിലും സമ്പദ്വികസനത്തിന്റെ മുന്‍ഗണനകളുടെയും മുന്‍വിധികളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നതിന്റെയും അതു നിഷേധിക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അതിന് സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു സ്വഭാവം കൈവരുന്നുണ്ട്. സാമൂഹിക മൂലധനശക്തികളുടെ അധികാരബന്ധങ്ങളെ അറുത്ത് കളയുന്ന ഒരു പ്രക്രിയയായിട്ടാണ് കേരളത്തില്‍ അത് അനുഭവവേദ്യമാകുന്നത്. രാഷ്ട്രീയപാര്‍ട്ടികളില്‍ അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും പരസ്പര വിശ്വാസത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ രൂപപ്പെടുകയും അധികാരത്തിന്റെ ആനുകൂല്യങ്ങളില്‍ അവര്‍ക്ക് പ്രഥമസ്ഥാനം നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നത് പോലെ, സാമ്പത്തിക സമൂഹത്തിലും പരസ്പര വിശ്വാസവും കെട്ടുറപ്പുമുള്ള സാമൂഹികബന്ധങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയ സജീവമാണ്. ആഗോളവല്‍കൃത സാമ്പത്തിക വികസനത്തില്‍ ഇത്തരം സാമൂഹിക ശൃംഖലകള്‍ക്ക് സാമൂഹിക മൂലധനത്തിന്റെ മൂല്യം കല്‍പിക്കുന്നുണ്ട്. ഒരാള്‍ക്ക് മറ്റൊരാളുമായുള്ള ബന്ധം, ഒരു സാംസ്കാരിക ഗ്രൂപ്പിനോ സാമ്പത്തിക ഗ്രൂപ്പിനോ മറ്റൊന്നുമായുള്ള ബന്ധം, ഇത് വര്‍ഗബന്ധങ്ങളെ തന്നെ അതിവര്‍ത്തിക്കുന്നതാണെന്നും അല്ലെന്നുമുള്ള വാദഗതികളുണ്ട്. കേരളത്തിന്റെ നവാര്‍ജിത സാമ്പത്തിക സാമൂഹികസാഹചര്യത്തില്‍  സാമൂഹിക മൂലധന ശക്തികളും വര്‍ഗ രാഷ്ട്രീയവും തമ്മിലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങളാവശ്യമാണ്.
മലബാറിനോടുള്ള അവഗണനയുടെ കൂട്ടത്തില്‍ മലബാറിലെ മധ്യവര്‍ഗത്തിന്റെ സാമൂഹിക മൂലധന ശേഷിയോടുള്ള അവഗണനക്കാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രഥമസ്ഥാനം നല്‍കേണ്ടത്.
മലബാറിന്റെ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ഒരു മലബാര്‍ രാഷ്ട്രീയം ഉയര്‍ന്ന് വരികയും അത് കേരള രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളോട് ജനാധിപത്യപരമായ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യാത്തിടത്തോളം ചരിത്രപരമായ പിന്നാക്കാവസ്ഥക്ക് കാരണഭൂതമായിത്തീര്‍ന്ന ഘടകങ്ങളില്‍ പലതും പുനരുജ്ജീവിപ്പിക്കപ്പെടാനിടയുണ്ട്. ആഗോളവല്‍കൃത മൂലധനശക്തികളുടെ സമ്പദ് വികസന അജണ്ടയില്‍ മുസ്ലിം വിരോധം അന്തര്‍ലീനമാണ്. പുതിയ തൊഴിലിടങ്ങളില്‍നിന്ന് മാത്രമല്ല, ഉല്‍പാദന-നിക്ഷേപ മേഖലയില്‍നിന്നെല്ലാം മുസ്ലിംകളെ ആട്ടിയോടിക്കുന്ന ഒരു സാംസ്കാരിക ഘടകം ആഗോളവല്‍കൃത സമ്പദ്വികസനത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍, മലബാര്‍ പ്രശ്നത്തെ സാംസ്കാരികമായി ആക്രമിച്ചു തോല്‍പിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. മതപരമായ വിഭജനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മലബാറിന്റെ സാമൂഹിക മൂലധന സമാഹരണ ശേഷിയെ ദുര്‍ബലപ്പെടുത്തുമ്പോള്‍, ഒരു മതവിഭാഗം മാത്രമല്ല, മലബാറിലെ എല്ലാ ജാതി/മത വിഭാഗങ്ങളും സാമൂഹിക ദാരിദ്യ്രത്തിന്റെ ഇരകളായി മാറും. രാഷ്ട്രത്തിനും സംസ്ഥാനത്തിനുമുള്ളില്‍ വികസിതരുടെ കോളനികളായി ചില പ്രദേശങ്ങള്‍ പരിണമിക്കുന്നത്  നല്ലതല്ല; അപകടകരവുമാണ്. മലബാര്‍ പ്രശ്നത്തിന്റെ രാഷ്ട്രീയ പ്രാധാന്യം പൂര്‍വാധികം വര്‍ധിച്ചിട്ടുണ്ടെന്നാണ് കരുതേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം