Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

ചാനലുകാരുണ്ട് സൂക്ഷിക്കുക

ജമീല്‍ അഹ്മദ്

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും നെടുന്തൂണാകുന്നു എന്ന ആശ്വാസവാക്യം വലിയൊരു വഞ്ചനയാണ്. അതിന് അത്രയും വലിയ തെളിവ് നമ്മുടെ നാട്ടിലെ ചാനലുകള്‍ തന്നെയാണ്. അസത്യങ്ങളും അര്‍ധസത്യങ്ങളും അതിവേഗത്തില്‍ ചുട്ടെടുത്ത് ചൂടോടെ വിളമ്പി ഒരു വിഭാഗം കാഴ്ചക്കാരെ വിഡ്ഢികളാക്കി മുന്നേറുന്ന വാര്‍ത്താവതാരകരും റിപ്പോര്‍ട്ടര്‍മാരുമാണ് ഈ കറക്കു കമ്പനികളിലെ ഇടനിലക്കാര്‍. ഉദാഹരണത്തിന് നിരത്താവുന്ന ഒട്ടേറെ സംഭവങ്ങള്‍ ഇത്രയും വായിച്ചപ്പോഴേക്കും മനസ്സിലെത്തിയിരിക്കണം. ഇതെഴുതുന്നതിന് തൊട്ടുമുമ്പുണ്ടായ ചില കാര്യങ്ങളെ ഇനി ഓര്‍ത്തെടുക്കുന്നു. 
കോഴിക്കോടു ജില്ലയിലെ കൊടിയത്തൂരില്‍ ഒരു യുവാവിനെ ചില അക്രമികള്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ, ഇന്നത്തെ കേരളത്തെ സംബന്ധിച്ചേടത്തോളം സാധാരണമായ ഒരു സംഭവം. ചാനലുകള്‍ ആ വാര്‍ത്ത  കൈകാര്യം ചെയ്തത് എത്ര അശ്രദ്ധയോടെയാണെന്നോ, അല്ലെങ്കില്‍ എത്ര സവിശേഷ ശ്രദ്ധ പുലര്‍ത്തിയാണെന്നോ..... സംഭവം നടന്നയുടനെ 'വീണ്ടും സദാചാര പോലീസ്' എന്നായിരുന്നു ഫ്‌ളാഷ് ഭീഷണി. കേരള സമൂഹത്തെ മുഴുവന്‍ കുറ്റവാളികളാക്കിക്കൊണ്ടുള്ള ചാനല്‍ വിചാരണ ആരംഭിച്ചു. സകല നിലയവിദ്വാന്മാരും അണിനിരന്നു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വാര്‍ത്തയും വന്നുകഴിയും മുമ്പേ കുറ്റവാളികളെ പ്രഖ്യാപിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു, ചര്‍ച്ചക്കാരും അവരോട് ചോദ്യം ചോദിച്ച് രസിക്കുന്ന അവതാരകരും.
പിറ്റേന്ന് ചാനലുകളില്‍ വന്ന വാര്‍ത്താ തലക്കുറികള്‍ നിരത്തിയാല്‍ മനസ്സിലാകും ഓരോ ചാനലുകളും നല്‍കുന്ന, തങ്ങള്‍ക്ക് യോജിച്ച മുന്‍വിധികളുടെ കടുപ്പം. 'തീവ്രവാദ ബന്ധവും അന്വേഷിക്കും' (മനോരമ ന്യൂസ്), 'തീവ്രവാദസംഘം പിന്നിലെന്ന് സംശയം' (ഇന്ത്യാ വിഷന്‍), 'കൊലപാതകത്തിന് പിന്നില്‍ മത തീവ്രവാദികളെന്ന് സൂചന' (ഏഷ്യാനെറ്റ് ന്യൂസ്), 'കുറ്റവാളികള്‍ക്ക് സി.പി.എം ബന്ധം' (ജയ്ഹിന്ദ്). ഉടനെ സ്ഥലം സന്ദര്‍ശിച്ച ബി.ജെ.പി നേതാവും സഖാവ് വി.എസ്സും ഉരുളക്കുപ്പേരിയായി പ്രസ്താവനയും ചെലുത്തി: 'കേരളത്തില്‍ താലിബാനിസം വളരുന്നു.' എങ്ങനെയുണ്ട്? സംഭവത്തിനു പിന്നില്‍ മുസ്‌ലിംകളാണെന്ന സംശയം മാത്രം മതി അത് തീവ്രവാദവും താലിബാനിസവുമാകാന്‍. ആഴ്ചകള്‍ക്കുമുമ്പ് തെക്കന്‍ കേരളത്തില്‍ ഒരു പാവത്തെ പോക്കറ്റടിക്കുറ്റം ആരോപിച്ച് ബസ്സ്റ്റാന്റില്‍ വെച്ച് തല്ലിക്കൊന്നതിനു പിന്നില്‍ ഇത്തരം സന്ദേഹങ്ങളൊന്നും ഉയര്‍ന്നില്ല. അതേ ദിവസം പാലക്കാട്ട് ഒരു യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത ചാനലുകാര്‍ കണ്ടിട്ടുപോലുമില്ല. കൊടിയത്തൂരില്‍ നടന്ന സംഭവങ്ങള്‍ തീര്‍ത്തും ക്രൂരതതന്നെ. എന്നാല്‍ അതിലേറെ ക്രൂരമാണ് വാര്‍ത്താ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിരുത്തരവാദിത്വവും മുന്‍വിധിയും.
വാര്‍ത്തകള്‍ അച്ചടിച്ചു വരുന്നതിനേക്കാള്‍ ആധികാരികമാണ് നേരിട്ട് പകര്‍ത്തി കാട്ടിത്തരുന്നത് എന്ന് ചാനലുകളില്‍ വാര്‍ത്തകള്‍ കാണിച്ചു തുടങ്ങുന്നതുവരെ നാം വിശ്വസിച്ചിരുന്നു. ഇന്ന് കാഴ്ചയാണ് ഏറ്റവും വലിയ കള്ളം എന്ന നിലയിലെത്തിയിരിക്കുന്നു. ക്യാമറ നേരെ പിടിച്ചാല്‍ വാര്‍ത്ത എന്നും ക്യാമറ വെളിച്ചം കുറച്ച് വിലങ്ങനെ പിടിച്ചാല്‍ എക്‌സ്‌ക്ലൂസീവ് എന്നും ഈ കുട്ടിറിപ്പോര്‍ട്ടര്‍മാരെ ഏത് ജേര്‍ണലിസം അധ്യാപകരാണ് പഠിപ്പിച്ചത്.
ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ പിന്നില്‍ കള്ളക്യാമറക്കണ്ണുകളെ ഭയന്നുമാത്രമേ ജീവിക്കാവൂ എന്ന പൊതുധാരണ പരന്നിരിക്കുന്നു. ഏതു ദൃശ്യവും ഒരു സൂചനയാകാം, നാമറിയാത്ത അപകടങ്ങളിലേക്കുള്ള സൂചന. വീഡിയോയില്‍ പകര്‍ത്തപ്പെട്ട ദൃശ്യം ആര്‍ക്കും താല്‍പര്യത്തിനനുസരിച്ച് മുറിച്ചു മാറ്റാം. അതിനാല്‍ ഏത് കാഴ്ചത്തുണ്ടും സ്വയം പൂര്‍ണമായ മറ്റൊരു കാഴ്ചയാണ്. ഏത് കാഴ്ചകളും സ്വാഭാവികമായി ചേര്‍ത്തുവെക്കാം എന്നതിനാല്‍ ഏത് ദൃശ്യവും നീട്ടിനീട്ടി മറ്റൊരു ദൃശ്യമാക്കാവുന്നതാണ്. ഈ ഡിജിറ്റല്‍ സൗകര്യങ്ങള്‍ വാര്‍ത്താ നിര്‍മാണ മുറികളെ അരാജകകേന്ദ്രങ്ങളാക്കിയിരിക്കുന്നു. നിങ്ങള്‍ പറയുന്ന കാര്യം നിങ്ങള്‍ പറയുന്നതായി പ്രേക്ഷകര്‍ അനുഭവിക്കുകയും അതൊരിക്കലും നിങ്ങളുടെ അഭിപ്രായമല്ലാതായിരിക്കുകയും ചെയ്യുന്ന ദുരന്തമാണ് ആ മുറികളില്‍ രൂപപ്പെടുന്നത്. ചാനലുകളില്‍ ഒരു തവണയെങ്കിലും അഭിപ്രായം പറയാനൊരുങ്ങിയവരെല്ലാം ഈ ദുരന്തത്തില്‍ അകപ്പെട്ടതായാണ് അനുഭവം.
വാര്‍ത്തകളെ വളരെ പെട്ടെന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തിട്ടുള്ള, അക്കാര്യത്തില്‍ ബാലിശമായ മത്സരം നിലനില്‍ക്കുന്ന ചാനല്‍ വാര്‍ത്താരംഗത്ത് അബദ്ധങ്ങള്‍ നിറയുന്നതില്‍ അത്ഭുതമില്ല. മരിക്കാത്ത പലരെയും മുമ്പ് ഇവര്‍ 'കൊന്നി'ട്ടുണ്ട്. ജനങ്ങളുടെ മുന്നിലെത്തിക്കുന്ന വാര്‍ത്തകള്‍ സത്യമാകണം എന്ന കാര്യത്തില്‍ മാത്രം ഇവര്‍ക്ക് നിബന്ധനകളില്ല. വലിയ പിഴവുകളെ ചെറിയ തിരുത്തുകള്‍കൊണ്ട് സൂത്രത്തില്‍ മായ്ച്ചു കളയും. ചെറിയ പിഴവുകള്‍ വരെ സൃഷ്ടിക്കാവുന്ന വലിയ മാനസികാഘാതങ്ങളെ നിര്‍ദാക്ഷിണ്യം തമസ്‌കരിക്കും. അവര്‍ക്ക് ചാനല്‍ നടന്നുകിട്ടിയാല്‍ മതി. പരസ്യം വന്നുകിട്ടിയാല്‍ മതി. എല്ലാം ചില ന്യായങ്ങളില്‍ തീരും - മാധ്യമപ്രവര്‍ത്തനമാണ്, ജനാഭിപ്രായമാണ്, ജനാധിപത്യത്തിന്റെ നെടുന്തൂണാണ്!
ജനാഭിപ്രായം രൂപവത്കരിക്കുകയും അങ്ങനെ അധികാരിവര്‍ഗത്തിന് പേടിസ്വപ്നമാവുകയും ചെയ്ത് ജനാധിപത്യത്തിന്റെ നട്ടെല്ലുകാട്ടിയ ചാനലുകളുടെ ചരിത്രം ഇന്ത്യക്കുണ്ട്. എന്നാല്‍ കേരളത്തിലെ മലയാളം വാര്‍ത്താ ചാനലുകള്‍ ചില്ലറ ഇക്കിളിവാര്‍ത്തകളില്‍ അഭിരമിക്കുകയാണിപ്പോഴും. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതുപോലെ, അവര്‍ കുട്ടിത്തം വിട്ടു കളിക്കുന്നില്ല. അതുകൊണ്ട് ചില വിടുവായന്മാര്‍ നിത്യം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ചില ജോക്കറുകളാണ് കേരളത്തിന്റെ രാഷ്ട്രീയനേതാക്കള്‍ എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നു. സാംസ്‌കാരിക നായകന്മാര്‍ എന്നാല്‍ വിവരമില്ലാത്തവരാണ് എന്ന് പ്രേക്ഷകര്‍ പലപ്പോഴും കരുതിപ്പോകുന്നു.
പിന്‍വാതില്‍ - നേരത്തെ പറഞ്ഞ കൊടിയത്തൂര്‍ സംഭവം ഫ്‌ളാഷ് ന്യൂസായി ചാനല്‍ സ്‌ക്രീനില്‍ നിറഞ്ഞപ്പോഴേ ഒരു വാര്‍ത്താവതാരകന്‍ ചില സാംസ്‌കാരിക പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് 'സദാചാര പോലീസ്' ചര്‍ച്ചിക്കാന്‍ തുടങ്ങി. ആദ്യം തലകാട്ടിയത് ശ്രീ എം.എന്‍ കാരശ്ശേരി. താന്‍ പാലക്കാടാണെന്നും സംഭവങ്ങള്‍ കൃത്യമായി അറിഞ്ഞിട്ടില്ലെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്. പക്ഷേ, വളരെ ആധികാരികമായി സ്വാഭിപ്രായം നിരത്തി.
രണ്ടാമത് വന്നത് കൊച്ചിയില്‍ നിന്ന് തസ്‌നിം ബാനു എന്ന പെണ്‍കുട്ടി. വാര്‍ത്തയെക്കുറിച്ച് അറിയില്ല എന്നുതന്നെയാണ്  ആമുഖമായി പറഞ്ഞത്. എങ്കിലും തികച്ചും ആധികാരികമായി അഭിപ്രായം പറഞ്ഞു.
മൂന്നാമത് ഇടത് യുവ നേതാവ് എം. സുരാജ് - വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിട്ടില്ല എന്ന മുഖവുരയോടെയാണ് ആരംഭിച്ചത്. എങ്കിലും ആധികാരികമായിത്തന്നെ തന്റെ അഭിപ്രായം വ്യക്തമാക്കി.
സത്യം പറഞ്ഞാല്‍ സംഭവത്തെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാളും വായിക്കുന്നയാളും പൂര്‍ണമായും അറിഞ്ഞിട്ടില്ല. എങ്കിലും എത്ര ആധികാരികമായാണ് അത് അവതരിപ്പിച്ചത്!
നമ്മള്‍ പ്രേക്ഷകര്‍മാത്രം ഒന്നും അറിയുന്നില്ല.

9895437056
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം