Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

വടക്ക് മഞ്ഞുരുക്കം

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

ഉത്തരേന്ത്യയിലെ പ്രസിദ്ധമായ ദയൂബന്ദ്-സഹാറന്‍പൂര്‍ സ്ഥാപനങ്ങളില്‍നിന്ന് ചില ജമാഅത്ത് വിരുദ്ധ ഫത്വകള്‍ പുറത്തുവന്നു. അറിയപ്പെടുന്ന ദീനീകലാലയങ്ങളിലെ ഒരു പറ്റം പണ്ഡിതരുടേതായിരുന്നു ഫത്വകള്‍. ആസൂത്രിതമായ നീക്കത്തിന്റെ ഭാഗം എന്ന് തോന്നുംവിധം ഇന്ത്യയിലും പാകിസ്താനിലും ബംഗ്ളാദേശിലും ഇത് കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുകയുണ്ടായി. പട്ടാള ഭരണാധികാരിയായ ജനറല്‍ അയൂബ് ഖാനെതിരെ പാക് ജമാഅത്തെ ഇസ്ലാമി ശക്തമായ പ്രക്ഷോഭം നയിച്ചുകൊണ്ടിരുന്ന കാലത്താണിത് സംഭവിക്കുന്നത്. രാജ്യം വിഭജിക്കപ്പെട്ടെങ്കിലും മതസംഘടനകളുടെ സ്വാധീനത്തിനും പ്രചാരണത്തിനും അതിര്‍ത്തികള്‍ തടസമായിരുന്നില്ല. ദയൂബന്ദില്‍നിന്നും മറ്റും ഇറങ്ങിയ ഫത്വകളുടെ ആഘാത പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലെന്നപോലെ പാകിസ്താനിലും ബംഗ്ളാദേശിലും അലയടിച്ചു. അതുകൊണ്ടുതന്നെ ഈ ഫത്വാ ഗൂഢാലോചനക്കുപിന്നില്‍ അയൂബ്ഖാന്റെ കൈകളാണെന്ന സന്ദേഹം ശക്തമായി നിലനിന്നിരുന്നു. എന്തായാലും പാക് പട്ടാള ഭരണവര്‍ഗത്തിന് ഇത് മരുഭൂമിയിലെ മന്നപോലെ വലിയൊരു ആശ്വാസമായി. ഈ ഫത്വകളെല്ലാം വസ്തുനിഷ്ഠമായി പ്രമാണ സഹിതം നിരൂപണം ചെയ്തുകൊണ്ട് പ്രശസ്ത പണ്ഡിതന്‍ ഇമാമുദ്ദീന്‍ റാം നഗ്രി മറുപടി എഴുതിയിട്ടുണ്ട്. 'ഫത്വായെ ദയൂബന്ദ് കാ തഹ്ഖീഖി ജാഇസ', 'ഫത്വായെ സഹാറന്‍പൂര്‍ കാ തഹ്ഖീഖി ജാഇസ' എന്നീ തലക്കെട്ടുകളില്‍ ഇത് പുസ്തക പരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതികള്‍ വായിച്ചാല്‍ ജമാഅത്ത് വിരുദ്ധ ഫത്വകളുടെ പൊള്ളത്തരവും കള്ളത്തരവും മനസിലാക്കാന്‍ കഴിയും. ഒരര്‍ഥത്തില്‍ ഈ ഭക്തശിരോമണികളായ മുഫ്തികള്‍ നിരപരാധികളോ നിസ്സഹായരോ ആണെന്ന് പറയാം. അവരുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത് കത്രിച്ചെടുത്ത ചില ഉദ്ധരണികള്‍ മാത്രം. അത് പറഞ്ഞ ആളെപ്പറ്റി എന്താണ് അഭിപ്രായം, ഇസ്ലാമില്‍ ഈ ഉദ്ധരണികളുടെ വിധി എന്താണ് എന്നിങ്ങനെയാവും ചോദ്യങ്ങള്‍. മുഫ്തികള്‍ക്ക് മൂലകൃതി പരിശോധിക്കാനൊന്നും പോകേണ്ട കാര്യമില്ല. ഉദ്ധരണി മാത്രം നോക്കി, 'അത് പറഞ്ഞയാള്‍, ദാല്ലും മുദില്ലുമാണ്, കാഫിറാണ്' എന്നൊക്കെ ഫത്വ കൊടുത്താല്‍ മതി! ഉദ്ധരണികളാവട്ടെ, വാലും തലയും മുറിച്ച് സമര്‍ഥമായി വെട്ടിയെടുത്തതായിരിക്കും. വിശുദ്ധ ഖുര്‍ആനില്‍നിന്ന്, 'വലാ തഖ്റബു സ്വലാത്ത് (നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്) എന്നും, 'ഫവൈലുന്‍ ലില്‍ മുസ്വല്ലീന്‍' (നമസ്കരിക്കുന്നവര്‍ക്കാണ് നാശം) എന്നുമുള്ള ആയത്ത്കഷ്ണങ്ങള്‍ ഉദ്ധരിച്ചാല്‍ സംഭവിക്കുന്നതെന്തോ അതുപോലെയാണിതും. എത്രത്തോളമെന്നാല്‍ ജമാഅത്തിന്റെ ചില പുസ്തകങ്ങളില്‍ അച്ചടിപിശാച് കാരണമായി അക്ഷരങ്ങള്‍ പതിയാതെ വന്നതുപോലും വിമര്‍ശനത്തിന് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 'നാമുനാസിബ് ഹെ' (അനുയോജ്യമല്ല) എന്ന വാചകത്തിലെ 'ന'(അല്ല) എന്നത് അച്ചടിയില്‍ തെളിയാത്തതുകൊണ്ട് 'മുനാസിബ് ഹെ' (അനുയോജ്യമാണ്) എന്ന് വായിച്ച്, അത് ഇസ്ലാമിനെതിരാണെന്ന് ഫത്വ കൊടുത്തതും ചരിത്രമാണ്.
അതൊക്കെ സൂക്ഷ്മമായ പഠനത്തിന്റെയും പരിശോധനയുടെയും കാര്യം. എന്നാല്‍ സ്റേജില്‍ നടക്കുന്നത് ഇതൊന്നുമല്ല. ഈ മഹാന്മാരായ പണ്ഡിതവര്യന്മാരുടെ നീണ്ടപേര് പറഞ്ഞുകൊണ്ട്, അവര്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ നല്‍കിയ ഫത്വ എന്ന നിലയില്‍ വായിച്ച്, എരിവും പുളിയും ചേര്‍ത്ത് വിവരിക്കുകയാണ്. സാധാരണക്കാരുടെ മനസില്‍ ഇത് സൃഷ്ടിച്ച ഫലം വളരെ അപകടകരമായിരുന്നു.
കേരളത്തില്‍ മാത്രം പരിമിതമായിരുന്നില്ല ഇത്. ഇന്ത്യ ഒട്ടുക്കും ഒരേപോലെ ഇത് നടന്നിരുന്നു. സമാന വിഷയങ്ങളില്‍ ജമാഅത്ത് അമീര്‍ മൌലാനാ അബുല്ലൈസ് സാഹിബും ദയൂബന്ദി പ്രസ്ഥാനത്തിന്റെ നേതാവ് മൌലാനാ ഹുസൈന്‍ അഹ്മദ് മദനിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍, മര്‍കസീ മക്തബെ ഇസ്ലാമി പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് വായിച്ചാല്‍ സംഗതിയുടെ സ്വഭാവം മനസിലാക്കാന്‍ കഴിയും. കലുഷവും പരുഷവുമായ ഇത്തരം പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് ജമാഅത്തെ ഇസ്ലാമി കടന്നുവന്നിട്ടുള്ളത്.
എന്നാല്‍ ആദ്യകാലത്തെ സുന്നിപണ്ഡിതന്മാരുടെ കര്‍ക്കശ സമീപന രീതിയില്‍ പില്‍ക്കാലത്ത് സാരമായ മാറ്റം വന്നുതുടങ്ങിയെന്ന് സമ്മതിക്കേണ്ടതുണ്ട്. ജമാഅത്തിനോട് കുറച്ചൊക്കെ വിശാലത കാണിക്കാന്‍ അവര്‍ സന്നദ്ധരായി. ശാബാനു കേസുമായി ബന്ധപ്പെട്ട ശരീഅത്ത് സംവാദം ഇതിനൊരു നിമിത്തമാവുകയും ചെയ്തു. പൊതു വിപത്തിനെതിരെ ഒന്നിച്ചു നില്‍ക്കുകയെന്ന സഹജവാസന കേരള മുസ്ലിംകളില്‍ പ്രാവര്‍ത്തികമായതിന്റെ നല്ല ഉദാഹരണമായിരുന്നു ഇത്. സുന്നി-ജമാഅത്ത്-മുജാഹിദ് ഭിന്നത മറന്നോ മാറ്റിവെച്ചോ, ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള സുന്നി നേതാക്കളും മുജാഹിദ്- ജമാഅത്ത് പണ്ഡിതന്മാരും ഒരേ സ്റേജില്‍ ഒത്തു ചേരുകയും ഒരേ വാഹനത്തില്‍ യാത്രപോവുകയും ചെയ്ത അനുഭവങ്ങള്‍ മുസ്ലിം സാമാന്യജനം വളരെ ആവേശത്തോടും പ്രതീക്ഷയോടുമാണ് സ്വീകരിച്ചത്. പ്രമാദമായ ആ ശരീഅത്ത് സംവാദത്തില്‍ ജമാഅത്ത് പണ്ഡിതനേതാക്കളുടെ ഇടപെടല്‍ ശക്തവും സജീവവുമായിരുന്നു. സമുദായം അത് ഇരുകൈകളില്‍ ഏറ്റുവാങ്ങുകയുണ്ടായി. യുക്തിവാദി നേതാവ് ഇടമറുക് വിശുദ്ധ ഖുര്‍ആനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് നല്‍കിയ മറുപടിയും സമുദായം സാഭിമാനം നെഞ്ചേറ്റി. ക്രിയാത്മകവും പണ്ഡിതോചിതവുമായ ഇത്തരം ഇടപെടല്‍ വിഭാഗീയതയുടെയും ഭിന്നതയുടെയും രൂക്ഷത കുറക്കുന്നതില്‍ ഗുണപരമായ പങ്കുവഹിച്ചു. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണത്രെ എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്തയുടെ ഔദ്യോഗിക വിഭാഗത്തില്‍നിന്ന് വേര്‍പെട്ട് പോയത്. പക്ഷേ, അതു മാത്രമാണ് കാരണം എന്ന് വിലയിരുത്തല്‍ ശരിയായിരിക്കില്ല. ഈ വിഷയത്തില്‍ അത്രത്തോളം കര്‍ക്കശ ബുദ്ധിയാണ് എ.പി എന്നെനിക്കഭിപ്രായമില്ല. സ്വന്തം അനുഭവം തന്നെ അതിന് തെളിവാണ്. സുന്നി സംഘടനയില്‍ പിളര്‍പ്പു സംഭവിക്കുന്നതിന് മുമ്പ് വടകരക്കടുത്ത പൈങ്ങോട്ടായി പള്ളി പ്രശ്നത്തില്‍ മധ്യസ്ഥ സാധ്യത ആരാഞ്ഞുകൊണ്ട് അന്നത്തെ വ്ഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ മര്‍ഹൂം ഉമര്‍ ബാഫഖി തങ്ങള്‍ പൈങ്ങോട്ടായി പള്ളിക്കു സമീപം ഒരു പൊതുയോഗം വിളിച്ചു ചേര്‍ത്തു. ചില മധ്യസ്ഥര്‍ മുന്‍കൈയെടുത്താണ് പരിപാടി സംഘടിപ്പിച്ചത്. ശ്രദ്ധേയവും രചനാത്മകവുമായ ഈ ഒത്തുചേരലിന് സുന്നി വിഭാഗത്തില്‍ തന്നെ പെട്ട ഉമര്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി എന്നതിനു പുറമെ സാക്ഷാല്‍ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും സഹപ്രവര്‍ത്തകന്‍ എ.പി അബൂബക്കര്‍ മുസ്ലിയാരും സ്റേജില്‍ സന്നിഹിതരായിരുന്നു. അവരോടൊപ്പം ജമാഅത്തിനെ പ്രതിനിധീകരിച്ച് ഞാനും മുജാഹിദ് പക്ഷത്തു നിന്ന് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജിയും സ്റേജ് പങ്കിട്ടിരുന്നു. ഭിന്നവീക്ഷണക്കാരായ നേതാക്കളും പണ്ഡിതന്മാരും ഒരേ സ്റേജില്‍ ഒന്നിച്ചിരുന്നു എന്ന് മാത്രമല്ല, പരസ്പരം അഭിനന്ദിച്ചും സ്നേഹാദരവുകള്‍ പങ്കിട്ടുമാണ് പ്രഭാഷണങ്ങള്‍ നടത്തിയത്. ചില ഘട്ടങ്ങളില്‍ ശിര്‍ക്കിനെക്കാള്‍ ഗൌരവപ്പെട്ടതാണ് സമുദായത്തിന്റെ ഭിന്നിപ്പ് എന്ന് സമര്‍ഥിച്ചുകൊണ്ടുള്ളതായിരുന്നു ഇ.കെയുടെ പ്രസംഗം. മൂസാ നബി തൌറാത്ത് ഏറ്റുവാങ്ങാന്‍ പോയപ്പോള്‍ സാമിരി 'പശുക്കുട്ടി'യെ ഉണ്ടാക്കിയ സംഭവത്തില്‍ ഹാറൂന്‍ നബി മൂസാ നബിയോട് പറഞ്ഞ വാക്കുകളാണ് ഇതിന് തെളിവായി അദ്ദേഹം ഉദ്ധരിച്ചത്. ഇസ്രയേല്‍ സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കിയെന്ന കുറ്റാരോപണം വരാതിരിക്കാനാണ്, സാമിരി പശുക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയ ശിര്‍ക്കന്‍ നടപടിയില്‍ താന്‍ ഇടപെടാതിരുന്നത് എന്നായിരുന്നു ഹാറൂന്‍ നബി പറഞ്ഞതിന്റെ സാരം.
എന്റെ പ്രസംഗത്തില്‍ ശ്രദ്ധിക്കേണ്ട വല്ല കാര്യവും വന്നാല്‍ അത് കൈകാര്യം ചെയ്യാനാവണം, അധ്യക്ഷസ്ഥാനത്തിരുന്ന ഇ.കെ, എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസംഗം പിന്നിലേക്ക് മാറ്റിവെച്ചിരുന്നതായി ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ എനിക്ക് ശേഷമാണ് എ.പി പ്രസംഗിച്ചത്. സമുദായത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത ഉള്ളില്‍ തട്ടുംവിധം വിശദീകരിച്ച എന്റെ പ്രസംഗത്തെ നന്നായി പ്രശംസിച്ചുകൊണ്ടാണ് എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗം ആരംഭിച്ചതുതന്നെ. പരിപാടി കഴിഞ്ഞശേഷം കാര്യാട് കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടില്‍ ഒന്നിച്ചു ഭക്ഷണം കഴിച്ച ശേഷമാണ് എല്ലാവരും സന്തോഷമായി പിരിഞ്ഞത്. 'സമസ്ത' പിളരുന്നതിനു മുമ്പാണെങ്കിലും അത്യാവശ്യത്തിന് സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ പൊതുകാര്യത്തില്‍ ഒന്നിച്ചുനില്‍ക്കുക എന്ന വിഷയത്തില്‍ സന്ദര്‍ഭോചിതം ഈ പണ്ഡിതനേതാക്കള്‍ മാതൃക കാണിച്ചുവെന്നത് ശ്രദ്ധേയമായൊരു സംഭവം തന്നെയാണ്. ഇത് കേരളമൊട്ടുക്കും വ്യാപകമായ അനുഭവമല്ലെങ്കിലും സംഘടനാ പക്ഷപാതത്തില്‍ ലഘൂകരണം വരുത്തുന്നതില്‍ ഇത്തരം സംഭവങ്ങള്‍ സഹായകമായിട്ടുണ്ട്. ചില ബ്രാന്റ് പ്രസംഗകര്‍ എതിര്‍പ്പിന്റെ പഴയ രീതികള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തന്നെ വളരെ ആസൂത്രിതമായും ഏകസ്വരത്തിലും ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി പണ്ഡിതന്മാര്‍ രംഗത്തിറങ്ങുന്ന അവസ്ഥ ഇപ്പോള്‍ നിലവിലില്ല. ഒറ്റപ്പെട്ട സംഭവങ്ങളേ കാണാനുള്ളൂ. ചിലപ്പോള്‍ ചില വിദ്യാര്‍ഥി സംഘടനകളോ മറ്റോ സംഘടിപ്പിക്കുന്ന കാമ്പയിനുകളില്‍ ജമാഅത്തിനെയും കൈകാര്യം ചെയ്യുന്നുണ്ടാകാം. അതില്‍ കവിഞ്ഞ ഒരു അവസ്ഥ നിലവിലില്ല. സമസ്ത ഇ.കെ വിഭാഗം പണ്ഡിതന്മാരാകട്ടെ, രചനാത്മകമായ സമീപന രീതിയാണ് ജമാഅത്തെ ഇസ്ലാമിയോട് സ്വീകരിക്കുന്നതെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. ജമാഅത്തിനെ അന്ധമായി നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുക എന്ന നിലപാടില്‍നിന്ന് അവര്‍ വഴിമാറിയിരിക്കുന്നു. സമുദായത്തെ ബാധിക്കുന്ന പൊതുകാര്യങ്ങള്‍, ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച ചെയ്യാനും അവര്‍ സന്മനസ്സ് കാണിക്കുന്നുണ്ട്. ഇതിന് സമാന്തരമായി ഉത്തരേന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം കൂടുതല്‍ പ്രചോദകവും പ്രോത്സാഹജനകവുമാണ്. ദയൂബന്ദ് പണ്ഡിതന്മാര്‍ പഴയ ജമാഅത്ത് വിരുദ്ധ നിലപാടില്‍നിന്ന് വലിയ അളവില്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദയൂബന്ദ് സ്ഥാപനങ്ങളുടെ വാര്‍ഷിക മഹാസമ്മേളനത്തില്‍ ജമാഅത്ത് അഖിലേന്ത്യാ അമീര്‍ മൌലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിക്കുകയുണ്ടായി. മാത്രമല്ല, ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രത്തില്‍ ദയൂബന്ദ് പണ്ഡിതന്മാര്‍ സന്ദര്‍ശിക്കുന്ന പതിവും ഉണ്ട്. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'ബറഫ് പിഗല്‍ രഹീഹെ' (മഞ്ഞ് ഉരുകുകയാണ്) എന്നര്‍ഥം. ഇത് സ്വകാര്യമാക്കി വെക്കണമെന്ന നിര്‍ബന്ധവും അവര്‍ക്കില്ല. മുസ്ലിം സമൂഹത്തില്‍ ഈ സൌഹൃദ സമീപനം അറിയപ്പെടുന്നതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ. ഇതൊരു വലിയ മാറ്റമാണ്. ഇതിന്റെ സ്വാധീനം കേരളത്തിലും പ്രതിഫലനം സൃഷ്ടിക്കാതിരിക്കില്ല എന്ന് പ്രത്യാശിക്കാം.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം