പ്രഥമ ജുമുഅയുടെ നിത്യസ്മരണയായി മസ്ജിദ് ജുമുഅ
പ്രവാചകത്വത്തിന്റെ 14-ാം വര്‍ഷം റബീഉല്‍ അവ്വല്‍ 12-ന് നബി(സ) സന്തതസഹചാരി അബൂബക്കര്‍ സിദ്ദീഖി(റ)നൊപ്പം ഹിജ്‌റാനന്തരം ഖുബായിലെത്തി. നാലു ദിവസം അവിടെ താമസിച്ചു. അതിനിടയില്‍ ഇസ്‌ലാമിലെ ആദ്യത്തെ പള്ളി നിര്‍മിച്ചു (ഇതിനെക്കുറിച്ച് അത്തൗബയിലെ 108-ാം സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്). തുടര്‍ന്ന് നബി(സ) മദീനയിലേക്ക് യാത്രതിരിച്ചു. റബീഉല്‍ അവ്വല്‍ 16-ന് വെള്ളിയാഴ്ച വെളുപ്പിന് വഴിമധ്യേ ബനൂനജ്ജാര്‍ ഗോത്രക്കാരുടെ താമസസ്ഥലത്തെത്തി. തങ്ങളുടെ ഗോത്രബന്ധത്തിലെ വഹബിന്റെ മകള്‍ ആമിനയുടെ പ്രിയപുത്രന് സ്വാഗതമോതാന്‍ അവര്‍ തിടുക്കം കൂട്ടി.
നബി(സ) സഞ്ചരിച്ച ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് തങ്ങളോടൊപ്പം കഴിയാന്‍ നബി(സ)യെ അവര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ''വിടുക, അത് ദൈവഹിതമനുസരിച്ച് സഞ്ചരിക്കട്ടെ.'' നബി(സ) സവിനയം അവരുടെ ആവശ്യം നിരസിച്ചു. ഒട്ടകം മുന്നോട്ട് നീങ്ങി. ബനൂസലീമിബ്‌നു ഔഫിന്റെ താമസ സ്ഥലത്തിനടുത്തുള്ള റാനൂനാഅ് താഴ്‌വരയിലെത്തി. അപ്പോള്‍ ജുമുഅ നമസ്‌കാരത്തിന്റെ സമയമായിരുന്നു. ദൈവ കല്‍പനപ്രകാരം തിരുമേനി അവിടെ വെച്ച് തന്റെ അനുചരന്മാരോടൊപ്പം ഇസ്‌ലാമിലെ ആദ്യ ജുമുഅ നിര്‍വഹിച്ചു.
പ്രഭാഷണത്തില്‍ തിരുമേനി വിശ്വാസികളെ ഇപ്രകാരം ഉണര്‍ത്തി: ''അല്ലാഹുവെ സൂക്ഷിക്കാന്‍ നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. ഒരു മുസ്‌ലിമിന് നല്‍കാനുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഉപദേശം തഖ്‌വകൊണ്ടുള്ള ഉപദേശമാകുന്നു. അല്ലാഹു ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട വിഷയങ്ങളില്‍ നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുക. ഇതിനേക്കാള്‍ നല്ലൊരു സദുപദേശമോ ഓര്‍മപ്പെടുത്തലോ ഇല്ല. ദൈവത്തെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കുന്നത് വഴി അന്ത്യനാളില്‍ അവനാഗ്രഹിക്കുന്നത് നേടാന്‍ സഹായകമായിത്തീരുന്നതാണ്. അല്ലാഹുവിന്റെയും അവന്റെയും ഇടയിലെ ബന്ധങ്ങളെ ഊഷ്മളമാക്കിയവന് ഇഹത്തിലും പരത്തിലും അത് ഏറെ ഗുണകരമായിത്തീരുന്നതാണ്. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ആര്‍ അല്ലാഹുവെ സൂക്ഷിച്ചുവോ അവന്റെ പാപങ്ങള്‍ മായ്ക്കപ്പെടുന്നതും വന്‍ പ്രതിഫലം നല്‍കപ്പെടുന്നതുമാകുന്നു. അല്ലാഹുവെ സൂക്ഷിക്കുന്നവന്‍ മഹത്തായ വിജയമാണ് നേടിയിരിക്കുന്നത്. ദൈവഭയമുള്ളവന് അല്ലാഹുവിന്റെ കോപ-ക്രോധങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുന്നു. അത് അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രമാകാനും പദവി ഉയരാനും അതുവഴി മുഖങ്ങള്‍ പ്രകാശിതമാകാനും കാരണമായിത്തീരുന്നു....''
തിരുമേനി ആദ്യ ജുമുഅ നിര്‍വഹിച്ച സ്ഥലം പിന്നീട് സംരക്ഷിക്കപ്പെടുകയും അതിന്റെ നിത്യസ്മാരകമായി ഒരു പള്ളി നിര്‍മിക്കപ്പെടുകയും ചെയ്തു. ആ പള്ളിയാണ് പിന്നീട് മസ്ജിദ് ജുമുഅ എന്ന പേരില്‍ പ്രസിദ്ധമായത്. ഖുബാ പള്ളിയില്‍ നിന്ന് 900 മീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന മസ്ജിദ് ജുമുഅ ഉമര്‍ബ്‌നു അബ്ദുല്‍ അസീസിന്റെ കാലത്താണ് ആദ്യമായി പുനരുദ്ധരിച്ചത്. തുടര്‍ന്ന് ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ശംസുദ്ദീന്‍ ഖാവാന്‍, ഉസ്മാനിയ ഖലീഫ സുല്‍ത്താന്‍ ബായസീദ്, ഹിജ്‌റ 14-ാം നൂറ്റാണ്ടില്‍ സയ്യിദ് ഹസന്‍ ശര്‍ബത്‌ലി തുടങ്ങിയവര്‍ അതിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും വികസിപ്പിക്കുകയും ചെയ്തു. അവസാനമായി ഫഹദ് രാജാവിന്റെ കാലത്താണ് മസ്ജിദ് പൂര്‍ണമായി പുനരുദ്ധരിക്കുകയും മോടി കൂട്ടുകയും 650-ഓളം പേര്‍ക്ക് നമസ്‌കരിക്കാവുന്ന വിധം വിശാലപ്പെടുത്തുകയും ചെയ്തത്.
Comments