Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

ചുവടുറപ്പിക്കുന്ന ധാര്‍ഷ്ട്യം

ഇഹ്‌സാന്‍

നജീബ് അഹ്മദിനെ ജെ.എന്‍.യുവില്‍നിന്ന് കാണാതായിട്ട് മൂന്നാമത്തെ ആഴ്ചയില്‍ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് അവന്റെ ഉമ്മയെ പോലീസ് പിടിച്ചുകൊണ്ടുപോയത്. പ്രധാനമന്ത്രിക്ക് കരിങ്കൊടി കാണിച്ച ഒരാളെ ജയിലില്‍ കൊണ്ടുപോകുന്നതു പോലെയായിരുന്നു അത്. അത്തരമൊരു വൈകാരികമായ വിഷയത്തില്‍ പോലും അധികാരികളോട് നീതി ചോദിക്കരുതെന്നാണ് മോദിയുടെ ഇന്ത്യ നല്‍കുന്ന താക്കീത്. ആത്മഹത്യ ചെയ്ത രാം കിഷന്‍ ഗ്രേവാള്‍ എന്ന പട്ടാളക്കാരന്റെ മകനെ അതിനും മൂന്നു നാള്‍ മുമ്പാണ് പോലീസ് കൊണ്ടുപോയത്. അവനെ സ്‌റ്റേഷനിലിട്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. പട്ടാളക്കാരുടെ പേരു പറഞ്ഞ് വോട്ടിന്റെ പിച്ചച്ചട്ടിയുമായി നടക്കുന്ന ഒരു സര്‍ക്കാറിന്റെ കാപട്യത്തെ ഗ്രേവാളിന്റെ ജീവത്യാഗം തുറന്നുകാട്ടിയതിനായിരുന്നോ ഈ മര്‍ദനം? ഒരു വാദത്തിന് ഗ്രേവാളിന്റെ പ്രവൃത്തി സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയെന്ന് സമ്മതിച്ചാല്‍ തന്നെയും എന്തായിരുന്നു ആ മകന്‍ ചെയ്ത തെറ്റ്? രാജ്യത്തെ പ്രധാനപ്പെട്ട മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനും മരണം നടന്ന പ്രദേശത്തെ മുഖ്യമന്ത്രിക്കും വിഷയത്തില്‍ ഇടപെടാനുള്ള സമ്മതം പോലീസാണോ നല്‍കേണ്ടിയിരുന്നത്?

കുന്തിയമ്മയുടെ പാത്രം പോലെയായിരുന്നു എക്കാലത്തും ബി.ജെ.പിക്ക് ഇന്ത്യന്‍ സൈന്യം. ഒന്നുമില്ലാത്ത കാലത്തൊക്കെ കൈയിട്ടുവാരാനുണ്ടായിരുന്ന അക്ഷയപാത്രം. പക്ഷേ സൈന്യത്തെ ചൂണ്ടിക്കാണിച്ച് വോട്ടു പിടിക്കുന്നതും ഉന്മാദമുണ്ടാക്കുന്നതും മിക്കപ്പോഴും പാര്‍ട്ടിക്ക് തിരിച്ചടിയും നല്‍കിയിരുന്നു. കാര്‍ഗിലില്‍ പണ്ട് പട്ടാളക്കാരെ ചൊല്ലി വീമ്പു പറഞ്ഞ് വോട്ടു ചോദിച്ച കാലത്തു തന്നെയാണ് മരിച്ച ജവാന്‍മാരുടെ ശവപ്പെട്ടി വാങ്ങിയതിന് കോടികള്‍ കിമ്പളം പറ്റിയ ബി.ജെ.പിയുടെ പാപ്പരത്തം തെഹല്‍ക്ക ചാനല്‍ പുറത്തുകൊണ്ടുവന്നത്. സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ കാലമെത്തിയപ്പോഴേക്കും 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പ്രശ്‌നം വീണ്ടും പാരയാവുകയാണ്. അത്തരം നുണകള്‍ പൊളിച്ചടുക്കാനുള്ള ആര്‍ജവം നഷ്ടപ്പെട്ട മാധ്യമങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് ഗ്രേവാളിന്റെ മരണം ഒരു സംഭവമാക്കി മാറ്റിയെടുക്കുമ്പോള്‍ രാജ്‌നാഥിന്റെ പോലീസിന് ഇടപെടേണ്ടിവരുന്നതും മരിച്ച പട്ടാളക്കാരന്റെ മകനെ മര്‍ദിച്ച് നിശ്ശബ്ദനാക്കേണ്ടിവന്നതും. ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാന തത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടിട്ട് ഒരു ക്ഷമാപണമെങ്കിലും കേന്ദ്ര സര്‍ക്കാറോ പോലീസോ നടത്തിയോ? 

ശവം പോലും വോട്ടു പിടിക്കാനുള്ള മാര്‍ഗമാണെന്ന് മറ്റുള്ളവരെ കുറ്റം പറയുന്ന ബി.ജെ.പി സ്വന്തം സര്‍ക്കാറുകളുടെ പ്രവൃത്തികളെ ആ അര്‍ഥത്തില്‍ വിലയിരുത്തേണ്ട കാലം എന്നോ അതിക്രമിച്ചു. ആത്മഹത്യയെ ചൂണ്ടിക്കാട്ടി ചോദ്യമുതിര്‍ത്ത രാഹുലിനായിരുന്നോ, അതോ മരിച്ച സൈനികന്റെ മകനെ ശവമെടുക്കാന്‍ പോലും അനുവദിക്കാതെ മന്ദിര്‍മാര്‍ഗ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ച പോലീസിനായിരുന്നോ തെറ്റ് പറ്റിയത്? അധികാരത്തോട് ചോദ്യങ്ങള്‍ പാടില്ലെന്ന ഒരുതരം ഭീഷണിപ്പെടുത്തല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യ കേട്ടുകൊണ്ടേയിരിക്കുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് സൈന്യം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ഒറ്റക്കാരണം കൊണ്ടുതന്നെ എല്ലാ സംശയങ്ങളും അവസാനിപ്പിച്ചുകൊള്ളണം. പിന്നീടുള്ള ഏതൊരു ചോദ്യവും ദേശസുരക്ഷയെ ബാധിക്കുന്നവയാണ്. ഭോപാലില്‍ എട്ട് 'ഭീകരര്‍' തടവു ചാടിയെന്ന് പോലീസ് പറഞ്ഞിട്ടുണ്ടെങ്കില്‍, അവരെ ഏറ്റുമുട്ടിയാണ് വധിച്ചതെന്ന് അറിയിച്ചിട്ടുണ്ടെങ്കില്‍ പിന്നീടുള്ള ചോദ്യങ്ങള്‍ രാജ്യദ്രോഹമാണ്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാര്‍ തന്നെയാണ് നടേ പറഞ്ഞ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്നത്. ഭരണകൂടത്തോട് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരുന്നത് ദലിതന്റെയും മുസ്‌ലിമിന്റെയും കാര്യത്തിലാണെങ്കില്‍ ഈ രാജ്യദ്രോഹത്തിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിക്കുന്നുണ്ടെന്നും പുതിയ കാലത്തെ അധികാരികള്‍ പ്രവൃത്തികള്‍ കൊണ്ട് ഓര്‍മപ്പെടുത്തുന്നു.

ഇഷ്ടമില്ലാത്ത അച്ചിമാരുടെ കാര്യത്തിലാണ് നിയമം ഇങ്ങനെ കൊഞ്ഞനം കുത്തുന്നത്. എന്‍.ഡി.ടി.വിയെ ഒറ്റ ദിവസത്തേക്ക് നിരോധിക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കം ഉദാഹരണം. പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന ദിവസങ്ങളില്‍ സൈനിക കേന്ദ്രത്തിന്റെ വിശദാംശങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാജ്യസുരക്ഷയെ അപകടത്തിലാക്കി എന്നായിരുന്നു ടെലിവിഷന്‍ ചാനലിനെതിരെ ഉയര്‍ന്ന ആരോപണം. മറുഭാഗത്ത് ഇതേ സൈനിക കേന്ദ്രങ്ങളില്‍ പാകിസ്താനിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് നേരിട്ട് പ്രവേശനാനുമതി നല്‍കിയതിനു ശേഷമാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തുന്നത്. ശത്രുക്കള്‍ക്ക് സ്വയം കണ്ട് ബോധ്യപ്പെടാന്‍ സര്‍ക്കാര്‍ നേരിട്ട് അവസരമൊരുക്കിയതിലപ്പുറം മറ്റെന്ത് രഹസ്യമാണാവോ ടി.വി ദൃശ്യങ്ങളിലൂടെ പുതുതായി കാണാന്‍ കഴിയുമായിരുന്നത്? എന്നല്ല എന്‍.ഡി.ടി.വി കാണിച്ച ഏതാണ്ടെല്ലാ ദൃശ്യങ്ങളും ഒരുവേള അതിലേറെ ടൈംസ് നൗ കാണിച്ചിരുന്നുവെങ്കിലും ഈ ചട്ടംപഠിപ്പിക്കല്‍ അവരുടെ കാര്യത്തിലുണ്ടായില്ല. ആസുരമായ കാലഘട്ടത്തിന്റെ അനിവാര്യമായ പ്രതിരോധമായി എന്‍.ഡി.ടി.വി നിലയുറപ്പിക്കുകയും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കണ്ണുരുട്ടി കാണിക്കുന്ന സര്‍ക്കാറിനെ പരിഹസിച്ച് രവീഷ് കുമാര്‍ അവതരിപ്പിച്ച ഹാസ്യപരിപാടി സോഷ്യല്‍ മീഡിയയിലും അല്ലാതെയും വൈറല്‍ ആവുകയും ദല്‍ഹിയിലെയും പുറത്തെയും മാധ്യമലോകം പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തതോടെ ബി.ജെ.പി മുട്ടുമടക്കുകയായിരുന്നു. 

എന്നുവെച്ച് നജീബിന്റെ ഉമ്മയോ ഭോപ്പാലിലെ മാതാക്കളോ ഗ്രേവാളിന്റെ കുടുംബമോ രോഹിത് വേമുലയുടെ ആത്മാവോ കശ്മീരിലെ വിധവകളോ തങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രതീക്ഷിക്കരുത്. ഇത്തരം വിഷയങ്ങള്‍ സര്‍ക്കാറിനെ പരിധിയിലധികം അലോസരപ്പെടുമ്പോഴാണ് സാമ്പത്തിക മേഖലയില്‍ 'സര്‍ജിക്കല്‍ സ്‌െ്രെടക്ക്' നടത്തി നരേന്ദ്ര മോദി ജനശ്രദ്ധ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലേറുക കൂടി ചെയ്താല്‍ അധികാര കേന്ദ്രങ്ങളോടുള്ള എല്ലാ ചോദ്യങ്ങളും ഇന്ത്യയില്‍ അവസാനിക്കും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്