Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

പുരോഹിതന്മാര്‍ ഖുര്‍ആന്‍ അടച്ചുപൂട്ടുകയാണ് !

അമീന്‍ വി. ചൂനൂര്‍

എല്ലാറ്റിനും ഓണ്‍ലൈന്‍ പതിപ്പ് ഉണ്ടായപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കും നല്ലൊരു ഇടം അതില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. ന്യൂജെന്‍ വേര്‍ഷന്‍ എന്നൊക്കെ പറയാമെങ്കിലും അതിന്റെ ബാധയേറ്റവരില്‍ എല്ലാ ജനറേഷനും ഉണ്ട്. ഒരു കാലത്ത് പരിഷ്‌കരണം നടത്തി പടിയടച്ച് പറഞ്ഞയച്ച ഒരുപാട് ഗിമ്മിക്കുകള്‍ പുതിയ സാധ്യതകളിലൂടെ കടന്നുവരികയും ദൗര്‍ബല്യമുള്ള മനസ്സുകളില്‍ കുടിയേറുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമാണ് ഇന്ന് പരിഷ്‌കൃതം എന്ന് വിചാരിക്കുന്ന സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍. 

പ്രവര്‍ത്തിക്കാനും പണിയെടുക്കാനും മടിക്കുന്ന സമൂഹത്തിന് മുന്നിലേക്ക് 'എളുപ്പങ്ങളും ഷോര്‍ട്ട് കട്ടുകളും' വരുമ്പോള്‍ മുന്നും പിന്നും നോക്കാതെ ചാടിയെഴുന്നേറ്റ് അവ സ്വീകരിക്കുന്നു. ഇത്തരം എളുപ്പവഴികള്‍ തേടിപ്പോകുന്നവരുടെ മേല്‍ 'എങ്ങനെയെങ്കിലും പണമുണ്ടാക്കാന്‍ നടക്കുന്നവര്‍' നടത്തുന്ന ചൂഷണമാണ് അന്ധവിശ്വാസങ്ങള്‍. 

'3 സ്വലാത്തും 3 തസ്ബീഹും അടങ്ങിയ ഒരു മെസ്സേജ് പതിമൂന്ന് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്താല്‍ ജോലിയില്‍ കയറ്റം കിട്ടും, അയക്കാതെ പരിഹസിച്ച ഒരുത്തന്‍ കൊച്ചിയില്‍ നീര്‍ക്കോലി കടിച്ചു മരിച്ചു' എന്ന തരത്തിലുള്ള മെസ്സേജ് ഇടക്ക് നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ടാണ്. ജോലികയറ്റത്തിനു വേണ്ടി ഭൗതികമായി എന്തൊക്കെ പരിശ്രമങ്ങള്‍ ആവശ്യമാണോ അതിലൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ഷോര്‍ട്ട്കട്ട് തേടുന്ന മനോഭാവം വിശ്വാസപരമായ അടിസ്ഥാന പ്രശ്‌നം തന്നെയാണ്. ബുദ്ധി ഉപയോഗിക്കാനും ഭൂമിയില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി വ്യാപരിക്കാനും ബൃഹത്തായ പരിശ്രമങ്ങളില്‍ ഏര്‍പ്പെടാനും പറയുന്ന വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനങ്ങളില്‍ ശ്രദ്ധയില്ല, ചിന്തയില്ല. ഖുര്‍ആന്റെ വചനങ്ങളുടെ അത്ഭുതം അത്ഭുതമാകാതിരിക്കുന്നു. അതിന്റെ ശക്തി ശക്തിയല്ലാതാകുന്നു. ഒരു കാര്യത്തില്‍ ഒരു മാര്‍ഗം കൂടുതലായി പരിഗണിക്കുമ്പോള്‍ മറ്റുള്ള മാര്‍ഗങ്ങളേക്കാള്‍ മികച്ചതായി പരിഗണിക്കപ്പെട്ട മാര്‍ഗത്തെ കാണുന്നു എന്നാണ് അര്‍ഥമാക്കപ്പെടുന്നത്. അതായത് വിശുദ്ധ ഖുര്‍ആന്‍ ഏതൊരു വിഷയവുമായി ബന്ധപ്പെട്ടും നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണനീയമാകാതെ, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളെ പിന്‍പറ്റുമ്പോള്‍ സംഭവിക്കുന്നത് ഖുര്‍ആനിനെ തള്ളിപ്പറയുക എന്നതുതന്നെയാണ്. 'ഷോര്‍ട്ട് കട്ടുകള്‍' കാണുമ്പോള്‍ കാഴ്ചയില്‍ മൃദുവായിരിക്കും. ചാടിവീഴാന്‍ തോന്നും. അവ വൈകാരികതയില്‍ വറുത്തതും ചിന്താശൂന്യരായ സമൂഹത്തെ കീഴടക്കാന്‍ ഉദ്ദേശിച്ചുള്ളതുമായിരിക്കും. പക്ഷേ, അത് റോംഗ് നമ്പര്‍ ഡയല്‍ ചെയ്യുന്ന പോലെയാണ്. ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയില്ല. വിശുദ്ധ ഖുര്‍ആന്‍ അതിനെ കുറിച്ച് വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്: ''വെള്ളത്തിലേക്ക് ഇരു കൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ'' (13:14). 

അന്ധവിശ്വാസികളുടെ കൂട്ടങ്ങള്‍ അത്യന്തികമായി ഉദ്ദേശിക്കുന്നത് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ പക്കല്‍നിന്ന് എളുപ്പവഴിയില്‍ കാര്യം സാധിച്ചെടുക്കുക എന്നതു തന്നെയാണ്. പക്ഷേ, ഏത് കാര്യത്തിനാകട്ടെ, അല്ലാഹുവിനോട് അടുക്കാനുള്ളവഴി ഒന്നേയുള്ളൂ. അത് ഖുര്‍ആന്‍ വിശദീകരിച്ചതും പ്രവാചകന്‍ പഠിപ്പിച്ചതുമായ വഴിയാണ്. അതിനപ്പുറം പുതുതായി നിര്‍മിച്ചെടുത്ത വഴികള്‍ക്കെല്ലാം പിന്നില്‍ ചില താല്‍പര്യങ്ങള്‍ കാണാന്‍ കഴിയും. അത് അന്യായമായ പണത്തീറ്റതന്നെ. വിശുദ്ധ ഖുര്‍ആന്‍ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്: ''സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലുംപെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു'' (9:34).  

സ്വലാത്തിന്റെ ഒച്ച വര്‍ധിക്കുന്നേടത്ത് പണപ്പെരുപ്പം ഉണ്ടാകുന്നതും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിക്കുന്നതും അതുകൊണ്ടാണ്. സ്വലാത്ത് നഗറിന്റെ പണപ്പെരുപ്പവും വികാസവും കണ്ടുകൊണ്ടാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ പുതിയ പുതിയ സ്വലാത്ത് കേന്ദ്രങ്ങള്‍ മുളച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ ആ നാട്ടുകാരുടെ മാത്രമായ സ്വലാത്ത് കേന്ദ്രത്തിലേക്ക് പിന്നീട് വിവിധ നാടുകളില്‍നിന്ന് ആളുകള്‍ എത്തുന്നു.  ആഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന പലതിലും സ്വലാത്തിനപ്പുറം കൃത്യമായ കച്ചവടങ്ങള്‍ കൂടി നടക്കുന്നു. അതിന് ഇപ്പോള്‍ ഉത്തരാധുനിക പതിപ്പുകള്‍ കൂടി ഇറങ്ങിയിട്ടുണ്ട്. 'എക്‌സാം കിറ്റുകള്‍' മുതല്‍ വെള്ളത്തിന്റെ ബോട്ടില്‍ വരെ വിറ്റഴിക്കാനുള്ള ഉപഭോക്താക്കളാണ് നടത്തിപ്പുകാരെ സംബന്ധിച്ചേടത്തോളം അവിടെ വരുന്ന വിശ്വാസികള്‍/സന്ദര്‍ശകര്‍. ഇത്തരം വില്‍പനകളിലൂടെയും മന്ത്രവാദത്തിലൂടെയും, ഉറുക്ക്, ഏലസ്സ്, ചരട് തുടങ്ങിയ ഉല്‍പ്പന്നങ്ങളിലൂടെയും, ഇടക്കിടക്ക് നടക്കുന്ന പ്രഭാഷണ പരമ്പരകളിലൂടെയും കൊഴുക്കുന്ന കച്ചവടത്തെയാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചത്. ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്ന ഏത് അന്ധവിശ്വാസത്തിനും അടിപ്പെട്ടുപോകുന്നവരാണ് സ്വന്തം കുഞ്ഞിനു മുലപ്പാല്‍ വരെ നിഷേധിക്കുന്നത്! 

വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹുവിന്റെ ചിഹ്നങ്ങളെക്കൂടി അപ്രസക്തമാക്കും വിധമാണ് പുരോഹിതന്മാര്‍ സ്വന്തമായ ചിഹ്നങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലാഹു നിശ്ചയിച്ച പലതിന്റെയും പ്രാധാന്യങ്ങളെ അട്ടിമറിക്കുകയാണ് അതിലൂടെ. കഅ്ബയേക്കാള്‍ മദീനക്ക് പ്രാധാന്യമുണ്ടാകുന്നു. ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ റബീഉല്‍ അവ്വല്‍ ശ്രേഷ്ഠമാകുന്നു. സംസമിനേക്കാള്‍ മുടിവെള്ളത്തിന് പുണ്യമുണ്ടാകുന്നു. ഖുര്‍ആന്‍ കേള്‍ക്കുകയും വായിക്കുകയും അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതിനേക്കാള്‍ പുരോഹിത വായ്ത്താരികള്‍ കേള്‍ക്കുകയും അന്ധമായി പിന്‍പറ്റുകയും ചെയ്യുന്നു.

വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന അവസ്ഥയാണ്. ലക്ഷങ്ങള്‍ കൂലി കൊടുത്ത് നടത്തപ്പെടുന്ന മത പ്രഭാഷണങ്ങളിലൂടെ എന്തൊക്കെവിഡ്ഢിത്തങ്ങളാണ് പുരോഹിതന്മാര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്! മഴത്തുള്ളി തലയില്‍ വീണ് തല പൊട്ടിത്തെറിച്ച് മരിക്കാത്തതിന്റെ കാരണം വിശദീകരിച്ച പണ്ഡിതന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല കിട്ടിയത് നാം കണ്ടു. ഈയിടെ മറ്റൊരു പ്രഭാഷകന്റെ ഒരു പ്രസ്താവന വിവാദമായിരുന്നു. അമുസ്‌ലിംകള്‍ക്ക് വൃക്കയോ കണ്ണോ ദാനം ചെയ്യരുത് എന്നായിരുന്നു അത്. എന്തു വിളമ്പിയാലും ആഹരിച്ച് ഏമ്പക്കമിടുന്ന ആള്‍ക്കൂട്ടമാണ് തന്റെ മുന്നില്‍ ഉള്ളതെന്ന വിശ്വാസത്താലാണ് പ്രഭാഷകര്‍ ഇങ്ങനെയൊക്കെ തട്ടിവിടുന്നത്! 

അല്ലാഹുവുമായി നേരിട്ട് ഉണ്ടാവേണ്ട അഗാധ ബന്ധങ്ങള്‍ക്കിടയില്‍ മധ്യവര്‍ത്തിയെപ്പോലെ പുരോഹിതര്‍ നുഴഞ്ഞുകയറുന്നു. ഓരോ കാലഘട്ടത്തിലും സമൂഹം അംഗീകരിക്കാന്‍ സാധ്യതയുള്ള റോളുകള്‍ ഏറ്റെടുത്തുകൊണ്ടായിരിക്കും അവരുടെ നുഴഞ്ഞുകയറ്റം. പതുക്കെ ചൊല്ലേണ്ട സ്വലാത്ത്-ദിക്ര്‍-ദുആകള്‍ക്ക് ലൗഡ് സ്പീക്കര്‍ വേണ്ടിവരുന്നത് അതുകൊണ്ടാണ്. ദിക്ര്‍ ചൊല്ലേണ്ടത് എങ്ങനെയാണ് എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചിട്ടുണ്ട്: ''അല്ലാഹുവിനെ വിളിച്ചുപ്രാര്‍ഥിക്കുക, അല്ലെങ്കില്‍ റഹ്മാനേ (കരുണാമയനേ) എന്ന് വിളിച്ചു പ്രാര്‍ഥിക്കുക. ഏതു പേര് വിളിച്ചും പ്രാര്‍ഥിച്ചുകൊള്ളുക. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു. നിന്റെ പ്രാര്‍ഥന ഏറെ ഉച്ചത്തിലാകരുത്. വളരെ പതിഞ്ഞ സ്വരത്തിലുമാകേണ്ട. രണ്ടിനുമിടയില്‍ മധ്യനില സ്വീകരിക്കണം'' (അല്‍ ഇസ്രാഅ് 110).

ഹദീസുകളിലും ഈ നിലക്കുള്ള നിര്‍ദേശങ്ങള്‍വന്നിട്ടുണ്ട്:''നിങ്ങള്‍ നിങ്ങളുടെ നഫ്‌സിനോട് മയത്തോടെ പെരുമാറൂ. ബധിരനായ ഒരുവനെയല്ല നിങ്ങള്‍ വിളിക്കുന്നത്. എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഒരുവനെയാണ് നിങ്ങള്‍ വിളിക്കുന്നത്''(ബുഖാരി).

വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഏതൊരാള്‍ക്കും അല്ലാഹുവിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അവതരണ രീതികളും എളുപ്പം മനസ്സിലാകും. ഇബ്‌ലീസിനോട് പോലും നേരിട്ട് സംസാരിക്കുന്ന, അല്ലെങ്കില്‍ ഇബ്‌ലീസിന് പോലും നേരിട്ട് ബന്ധം സ്ഥാപിക്കാനും ആവശ്യങ്ങള്‍ ചോദിക്കാനും അവസരം നല്‍കിയ അല്ലാഹുവിന്റെ കമ്മ്യൂണിക്കേഷന്‍ റെസ്‌പോണ്‍സിബിലിറ്റി ആരാണ് പുരോഹിതവര്‍ഗത്തെ ഏല്‍പിച്ചത്? മനുഷ്യവര്‍ഗത്തെ ആദരിച്ചെന്ന് അതേ ഇബ്‌ലീസിനോടാണ് അല്ലാഹു പറഞ്ഞത്. ഇങ്ങനെ ആദരിക്കപ്പെട്ട മനുഷ്യവര്‍ഗത്തിന് ഇബ്‌ലീസിന്റെ അത്രയും അല്ലാഹുവിന്റെയടുക്കല്‍ സ്വാധീനം ഇല്ല എന്നല്ലേ പുരോഹിത വര്‍ഗം ഇടവര്‍ത്തികള്‍ ആകുന്നതിലൂടെ ധ്വനിപ്പിക്കുന്നത്. അപസ്മാരമിളകിയത് പോലെയാണ് ഇത്തരക്കാര്‍ അല്ലാഹുവിനെ വിളിക്കുന്നത്. പൊതുസമൂഹത്തിന് ഇസ്‌ലാമിനെ കുറിച്ച് അറപ്പുളവാക്കുന്ന പരിഹാസ്യമായ രീതിയിലാണിതെല്ലാം നടക്കുന്നത്.  അങ്ങനെ സമൂഹം ഇസ്‌ലാമിന്റെ സത്യസാക്ഷ്യനിര്‍വഹണത്തിന് എതിരുനില്‍ക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ സൗന്ദര്യാത്മകതയെ കോപ്രായങ്ങളിലൂടെയും ബഹളമയമായ സൗണ്ട്‌വേവുകളിലൂടെയും ആവിയാക്കിക്കളയുന്നു.

വ്യാജ ഹദീസുകളുടെയും അനാചാരങ്ങളുടെയും നിര്‍മാണ ഫാക്ടറികള്‍ കൂടിയുണ്ട് എന്നുവേണം കരുതാന്‍. പ്രത്യേകിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രവാചക വചനങ്ങള്‍ എന്ന പേരില്‍ വരുന്ന ഉദീരണങ്ങള്‍! പുതിയ പുണ്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന, പുതിയ ശിക്ഷകള്‍ പ്രതിപാദിക്കുന്ന വചനങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാതെ പടച്ചുവിടുന്നു! ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ നിര്‍മിക്കുന്ന വചനങ്ങള്‍ പോലും അറിയാതെ എന്തിനോ വേണ്ടി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അറബി അക്ഷരങ്ങള്‍ കാണുമ്പോഴേക്ക്, മുഹമ്മദ് നബിയുടെ പേരു കണുമ്പോഴേക്ക് വാസ്തവം തിരക്കാതെ അതിന്റെ പ്രചാരകരാവുന്നത് ഇസ്‌ലാമിനു ദ്രോഹമാണു വരുത്തിവെക്കുക എന്നോര്‍ക്കുക. പുതിയ ആചാരങ്ങളും ഇതിലൂടെ തഴക്കുന്നു. മദീനയിലേക്ക് 70 കോടി സ്വലാത്തുകള്‍ കയറ്റിയയക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം നല്‍കുന്ന സര്‍വീസുകള്‍ അതാണ് സൂചിപ്പിക്കുന്നത്. അതിനിട്ട പേരായിരുന്നു സ്വലാത്ത് കോണ്‍ക്ലേവ്! പ്രവാചക ചരിത്രത്തിലോ ഖുലഫാഉര്‍റാശിദുകളുടെയും അവരുടെ സച്ചരിതരായ പിന്‍ഗാമികളുടെയും കാലത്തോ ഇല്ലാത്ത പുത്തന്‍ ആചാരങ്ങള്‍ രൂപപ്പെടുത്തുകയാണ്. സാധാരണക്കാരന്റെ ചിന്താശേഷിയെ അടച്ചുകളഞ്ഞുകൊണ്ടാണ് ഇത്തരം പുരോഹിതന്മാര്‍ വിശ്വാസിസമൂഹങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നത്. ഉപ്പാവ എന്ന തങ്ങളുടെ സന്നിധിയില്‍ പ്രസംഗിക്കുന്ന ഒരു പ്രബുദ്ധന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഉപ്പാവയുടെ ആദ്യ ഉപദേശം തന്നെ ഖുര്‍ആന്റെ പരിഭാഷ വായിക്കരുത് എന്നായിരുന്നു!  

അണികള്‍ ഖുര്‍ആന്‍ തൊടുന്നതുപോലും ഭയപ്പെടുന്ന വിഭാഗമാണ് പുരോഹിതര്‍. അതുകൊണ്ടാണ് അണികളുടെ മിക്ക സമയവും ഖുര്‍ആനിതര വിഷയങ്ങളില്‍ തളച്ചിടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യം നല്‍കിയ വിഷയങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും അവരെ വഴിതിരിച്ചുവിടുന്നത്.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്