ഹൃദയത്തെ കീഴടക്കിയ ഖുര്‍ആന്‍
'അവര്‍ പിന്തിരിയുന്നുവെങ്കില്‍ താങ്കള്‍ അവരോട് പറയുക: ആദിനും സമൂദിനും വന്നതു പോലുള്ള കൊടും ശിക്ഷ നിങ്ങള്‍ക്കും വന്നുപെടുമെന്ന് ഞാനിതാ മുന്നറിയിപ്പ് നല്‍കുന്നു'' (അസ്സജദ: 13).
സര്‍വശക്തനായ അല്ലാഹുവിനാല്‍ നിയുക്തരാവുന്ന പ്രവാചകന്മാര്‍ക്ക് അവരുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കാറുണ്ട്. മൂസാ നബിയുടെ സര്‍പ്പമായി മാറുന്ന വടി ഉദാഹരണം. ഇതുപോലെയുള്ള അത്ഭുതങ്ങള്‍ നബി(സ)യിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. അതാണ് പരിശുദ്ധ ഖുര്‍ആന്‍.
ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ അജയ്യനുമായ വലീദുബ്‌നു മുഗീറയുടെ അനുഭവം മികവുറ്റ തെളിവാണ്. ഇസ്‌ലാമിന്റെ മുന്നേറ്റവും ദിനേനയുള്ള ആളുകളുടെ ഇസ്‌ലാം സ്വീകരണവും ശത്രുക്കളെ വല്ലാതെ ആശങ്കയിലാക്കി. മുഹമ്മദിനെ എന്തു വില കൊടുത്തും പ്രലോഭിപ്പിച്ചു പാട്ടിലാക്കുക മാത്രമാണ് ഏക വഴിയെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു. ഖുര്‍ആനാണിതിന്റെ ചാലക ശക്തിയെന്നത് അവര്‍ക്ക് നന്നായറിയാം.
ഖുര്‍ആനിനെ സാഹിത്യപരമായി പരാജയപ്പെടുത്തുകയാണ് പ്രഥമമായി ചെയ്യേണ്ടത്. ഇതിന് സാഹിത്യകാരനായ വലീദിനെ അവര്‍ ചുമതലപ്പെടുത്തി. ഒരു ദിവസം വലീദ് നബി (സ) യുടെ വീട്ടിനരികിലൂടെ നടന്നുപോവുകയായിരുന്നു. പ്രവാചകന്റെ ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണം അദ്ദേഹം ഒളിഞ്ഞിരുന്നു ശ്രവിച്ചു. ഖുര്‍ആനിന്റെ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം വലീദിനെ വല്ലാതെ ആകര്‍ഷിച്ചു.
സൂറഃ ഹാമിം സജദയിലെ പതിമൂന്നാമത്തെ വാക്യം കേട്ടപ്പോള്‍ വലീദ് നബി(സ)യുടെ അടുത്ത് ഓടിച്ചെന്ന് വായ പൊത്തി ഓത്ത് നിര്‍ത്തണമെന്ന് അപേക്ഷിച്ചു. സംഭവം മക്കാനേതാക്കളുടെ ചെവിയിലുമെത്തി. അതോടൊപ്പം വലീദ് മതം മാറിയിരിക്കുന്നുവെന്ന വാര്‍ത്തയും നാട്ടില്‍ പരന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഖുറൈശികള്‍ ഒന്നടങ്കം മതം മാറും. അത് പ്രതിരോധിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ജനങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് വലീദ്. വാര്‍ത്തയറിഞ്ഞു അബൂജഹ്ല്‍ വലീദിന്റെ വീട്ടില്‍ ഓടിയെത്തി. ദുഃഖപാരവശ്യത്തോടെ പറഞ്ഞു: 'സഹോദരപുത്രാ, തനിക്കെന്ത് പറ്റി? മുഹമ്മദിന്റെ പ്രലോഭനത്തില്‍ താങ്കള്‍ കുടുങ്ങിപ്പോയോ? താങ്കള്‍ ഖുര്‍ആനെതിരെ പരസ്യപ്രസ്താവന നടത്തണം. അതിനാണ് ഞാന്‍ വന്നത്. എന്റെ കൈയില്‍ കുറച്ച് പണമുണ്ട്. ഈ പണം ഉപയോഗിച്ച് മുഹമ്മദിനെ എതിര്‍ത്തു തകര്‍ക്കണം.''
'പിതൃവ്യാ, ഞാനെന്താണ് പറയേണ്ടത്? ഗദ്യത്തിലും പദ്യത്തിലും ജിന്നുകളുടെ കാവ്യങ്ങളിലും അറബിഭാഷയുടെ മറ്റേതൊരു സാഹിത്യ ശാഖയിലും നിങ്ങളേക്കാള്‍ എനിക്കറിവുണ്ട്. അല്ലാഹുവാണ, മുഹമ്മദ് സമര്‍പ്പിക്കുന്ന വചനങ്ങള്‍ക്ക് അവയില്‍ ഒന്നിനോടും സാദൃശ്യമില്ല. ഖുര്‍ആന്റെ വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യവും ഭംഗിയുമുണ്ട്. തീര്‍ച്ചയായും അത് സര്‍വ വചനങ്ങളേക്കാളും ഉത്തമമാണ്.''
മുഹമ്മദ് നബിക്കെതിരെ ഒരക്ഷരം പോലും ഉരിയാടാന്‍ വലീദ് സന്നദ്ധനായില്ല. കോപം കൊണ്ട് ചുവന്ന കണ്ണുമായി അബൂജഹ്ല്‍ തിരിച്ചുനടന്നു.
Comments