Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

'ശാസ്ത്രത്തെ അന്ധമായി പുണരുമ്പോള്‍ പ്രകൃതിയെ മറക്കാതിരിക്കുക'

ഹുസൈന്‍ ഗുരുവായൂര്‍

'കൃഷി നിലനില്‍പ്പിന്റെ രാഷ്ട്രീയം കൂടിയാണ്' എന്ന ഡോ. നിഷാദ് പുതുക്കോടിന്റെ ലേഖനത്തിന് പി.എം. ശംസുദ്ദീന്‍ അരുക്കുറ്റി എഴുതിയ പ്രതികരണം വായിക്കാനിടയായി. വളരെ വസ്തുനിഷ്ഠമായി ഡോ. നിഷാദ് എഴുതിയ ലേഖനത്തിന് ശാസ്ത്രത്തെക്കുറിച്ച അന്ധമായ ധാരണകളോടെ എഴുതിയ പ്രതികരണം ബാലിശമായിപ്പോയി എന്ന് പറയാതിരിക്കാനാവില്ല. 'ജൈവ കൃഷി പ്രചാരണത്തിന്റെ മറവില്‍ ശാസ്ത്ര സത്യങ്ങള്‍ നിരാകരിക്കരുത്' എന്ന് പറയുന്ന അദ്ദേഹത്തോട് 'ശാസ്ത്രത്തെ അന്ധമായി പുണരുമ്പോള്‍ പ്രകൃതിയെ മറക്കാതിരിക്കുക' എന്നാണ് പറയാനുള്ളത്.

ഇന്ത്യ ആദ്യമായി ഒരു കര്‍ഷകന് പത്മശ്രീ നല്‍കി ആദരിച്ചത് സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗിന്റെ പ്രചാരകനും പ്രവര്‍ത്തകനുമായ സുഭാഷ് പലേക്കര്‍ക്കാണെന്ന് നാം മനസ്സിലാക്കണം. ജൈവകൃഷി, അല്ലെങ്കില്‍ പ്രകൃതി കൃഷി എന്ന കൃഷിരീതി തനിയെ പൊട്ടിമുളച്ചതല്ല. കൂടുതല്‍ വിളവു ലഭിക്കാന്‍ വേണ്ടി രാസവളം പ്രയോഗിക്കുകയും ഓരോ തവണ കൃഷി ഇറക്കുമ്പോഴും ആദ്യത്തേക്കാള്‍ കൂടുതല്‍ കൂടുതല്‍ വളം പ്രയോഗിക്കേണ്ട ഗതികേടില്‍ കര്‍ഷകനെത്തിച്ചേരുകയും അങ്ങനെ മണ്ണും മണ്ണിലെ സൂക്ഷ്മ ജീവികളും നശിച്ചു നാമാവശേഷമാവുകയും ചെയ്തപ്പോള്‍ തെറ്റു മനസ്സിലാക്കി പ്രതിവിധി അന്വേഷിച്ചവരാണ് ജൈവകൃഷി വികസിപ്പിച്ചെടുത്തത്. മുമ്പ് നിലനിന്നിരുന്ന പരമ്പരാഗത കൃഷിരീതിയായിരുന്നു അത്. ഏറ്റവും ചുരുങ്ങിയത് സുഭാഷ് പലേക്കറെക്കുറിച്ചെങ്കിലും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ വസ്തുതകള്‍ അദ്ദേഹത്തിന് തിരിച്ചറിയാമായിരുന്നു.

രാസവള പ്രയോഗത്തില്‍ ശാസ്ത്രമുണ്ടെന്നത് സത്യമാണ്. കീടനാശിനി പ്രയോഗത്തിലും ശാസ്ത്രമുണ്ട്. എന്നാല്‍ ഈ ശാസ്ത്രം ആരോഗ്യജീവിതത്തിന് അനുഗുണമാണോ, ഇവ ശാസ്ത്രീയമാണോ എന്നതാണ് വിഷയം. മണ്ണിന്റെ ജൈവഘടനയെയും മണ്ണിലെ സൂക്ഷ്മ ജീവികളെയും നശിപ്പിക്കുന്ന രാസവള പ്രയോഗമെങ്ങനെയാണ് ശാസ്ത്രീയമാവുക? നമുക്ക് ഉപദ്രവമാകുന്ന കീടങ്ങളെ മാത്രമായി കൊല്ലാന്‍ കീടനാശിനികള്‍ക്കാകുമോ? ഉപകാരമുള്ള ജീവികളെ കൂടി നശിപ്പിച്ച് ആവാസ വ്യവസ്ഥക്ക് പരിക്കേല്‍പ്പിക്കുകയല്ലേ കീടനാശിനികള്‍ ചെയ്യുന്നത്? 

മണ്ണിന് വേണ്ടത് ബഹുരാഷ്ട്ര കമ്പനികള്‍ ലബോറട്ടറികളില്‍ വികസിപ്പിച്ചെടുത്ത രാസവളങ്ങളല്ല. മണ്ണിന് വേണ്ടത് നമ്മള്‍ ഫലങ്ങള്‍ പറിച്ചെടുത്തതിനു ശേഷമുള്ള ചെടികളുടെ അവശിഷ്ടങ്ങളും അവ തിന്നുന്ന മൃഗങ്ങളുടെ വിസര്‍ജ്യങ്ങളുമൊക്കെയാണ്. ഇവയില്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിക്കുകയും  സസ്യങ്ങള്‍ക്ക്  പോഷണത്തിനുള്ള വസ്തുക്കള്‍ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുന്നു. വീണ്ടും ചെടികള്‍ ഫലം തരികയും കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും ഇവ ഭക്ഷണമായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തില്‍ കൊടുക്കല്‍ വാങ്ങലുകളുടെ ഒരു ചാക്രിക സമ്പ്രദായമാണ് മണ്ണില്‍ നടക്കേണ്ടത്. മനുഷ്യന്‍ അവന്റെ വിസര്‍ജ്യങ്ങള്‍ ടാങ്കിനുള്ളിലാക്കിവെക്കുന്നു. കന്നുകാലികളെ ആരും വളര്‍ത്തുന്നുമില്ല. പിന്നെ എങ്ങനെയാണ് മണ്ണ് സമ്പുഷ്ടമാവുക?

മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ പാലിച്ച് ജീവിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം ജീവിതത്തെ പുനഃസൃഷ്ടിക്കാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെടുന്നു. ആവാസവ്യവസ്ഥയെ മറികടന്നു കൊണ്ട് തന്റേതായ നിയമവും ലോകവും സൃഷ്ടിച്ച് മറ്റു ജീവജാലങ്ങളെല്ലാം അതിന് വിധേയമായിരിക്കണമെന്ന് ശഠിക്കുകയും ചെയ്തപ്പോള്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം തകര്‍ന്നുപോയി.

ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങളെ നേടിയെടുക്കുന്നതിനപ്പുറം ആര്‍ഭാടത്തിലേക്ക് അതിന്റെ ഗതി മാറിയപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല. അതിലൊന്നാണ് ആരോഗ്യ ജീവിതത്തിന്റെ അടിത്തറയിളക്കുന്ന വിഷപൂരിത ഭക്ഷ്യോല്‍പ്പാദനം. വിഷയത്തെ സത്യസന്ധതയോടെ സമീപിക്കണമെന്നും ശാസ്ത്രത്തെ ഒരന്ധവിശ്വാസമായി പിന്തുടരാതെ വസ്തുതാപരമായി വിശകലനം ചെയ്യണമെന്നും ഉണര്‍ത്തട്ടെ. നമുക്ക് ലഭിച്ച നമ്മുടെ മണ്ണ് വിഷരഹിതമായി അടുത്ത തലമുറക്ക് കൈമാറാന്‍ നമുക്കാകട്ടെ. എങ്കില്‍ മാത്രമേ 'കരയിലും കടലിലും മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നാശങ്ങളുണ്ടായിരിക്കുന്നു' എന്ന ഖുര്‍ആന്റെ മുന്നറിയിപ്പ് വിശാലമായി മനസ്സിലാക്കിയവരായി മാറാന്‍ നമുക്ക് കഴിയൂ. ഒരു ചോദ്യത്തിന് ഉത്തരം തരേണ്ടതായി വരുന്നു. പ്രകൃതി കൃഷി പ്രചാരകര്‍ മണ്ണ് നശിപ്പിക്കുമെന്ന് കരുതുന്നുണ്ടോ?

 

സംഘ് പരിവാറിന്റെ മെഗാഫോണ്‍

 

'സംഘ് നാവ്‌കൊണ്ട് സംസാരിക്കുന്നവര്‍'- അന്‍വര്‍ ഷാ തയാറാക്കിയ വിശകലനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വര്‍ഗീയ കലാപത്തീ ആളിക്കത്തിക്കാന്‍ തക്കം പാര്‍ത്തു കഴിയുന്നവരാണ് സംഘ് പരിവാര്‍. ഇവര്‍ക്കൊപ്പം ഒളിഞ്ഞും തെളിഞ്ഞും നിന്നുകൊടുത്ത് ഹിന്ദുത്വ കാര്‍ഡ് കളിക്കുന്ന നേതാക്കള്‍ പലരുമുണ്ട്. പക്ഷേ ഇവരൊന്നും ഇന്ത്യയുടെ പൈതൃകമോ മതേതര-ജനാധിപത്യ മൂല്യങ്ങളോ അറിയാത്തവരല്ല. മനഃപൂര്‍വം ഹിന്ദുത്വ കാര്‍ഡ് കളിച്ച് അധികാരം പിടിച്ചെടുക്കുന്നതിനപ്പുറം ഇന്ത്യന്‍ ജനതയോടും യഥാര്‍ഥ ഹിന്ദുക്കളോടും ഒരുവിധ സ്‌നേഹവും അവര്‍ക്കില്ല. സംഘ് അജണ്ട മനസ്സിലാക്കിയിട്ടും ജനങ്ങളെ ചേരിതിരിച്ച് അതിനുവേണ്ടി പ്രചാരവേല നടത്തുകയാണ് മാതൃഭൂമി. അതിനായി ചില മുസ്‌ലിം നാമധാരികളെ കൂട്ടുപിടിക്കുന്നു. വെട്ടിപ്പിടിക്കാനിറങ്ങുന്നവര്‍ക്ക് വഴിയൊരുക്കലല്ല പത്രധര്‍മം. മഹത്തായ മത രാഷ്ട്രീയ സാംസ്‌കാരിക മൂല്യങ്ങളാല്‍ സമ്പന്നമായ തറവാടാണ് കേരളം. ഒരു വിഭാഗം ഈ മതേതര തറവാടിനെ തകര്‍ക്കാന്‍ കച്ചകെട്ടി യിറങ്ങിയ സാഹചര്യത്തില്‍ വിദ്വേഷ പ്രചാരകരെ ഒന്നിച്ചുനിന്ന് ചെറുക്കേണ്ടത് സാമൂഹിക സാംസ്‌കാരിക നായകന്മാരുടെയും രാഷ്ട്രീയ പ്രബുദ്ധരുടെയും മതനേതാക്കളുടെയും ബാധ്യതയാണ്.

 

നേമം താജുദ്ദീന്‍, തിരുവനന്തപുരം

 

എഴുത്തുകാരന്റെ ഭാഷ

 

സയ്യിദ് മൗദൂദിയെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും വിശകലനം ചെയ്യുന്ന കെ.ടി ഹുസൈന്റെ ലേഖനം (ലക്കം 73/20) അഭിനന്ദനമര്‍ഹിക്കുന്നു.  പ്രസ്തുത ലേഖനം എഴുത്തിന്റെയും വായനയുടെയും മറ്റു ചില വിചാരങ്ങള്‍കൂടി ഉണര്‍ത്തിയിരിക്കുന്നു. പുതിയ പല എഴുത്തുകാരിലും കണ്ടുവരുന്ന 'വരേണ്യ ഭാഷാപ്രമത്തത'യാണത്. ഈ ലേഖനത്തില്‍നിന്ന് ശ്രദ്ധയില്‍പെട്ട ചില ഉദാഹരണങ്ങള്‍:

1. 'മാര്‍ക്‌സും അംബേദ്കറും മൗദൂദിയും വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും സാമൂഹിക മാറ്റത്തിന് വളരെ റാഡിക്കലായ ഐഡിയോളജി മുന്നോട്ടുവെച്ചപ്പോള്‍.....'

2. 'സഹസ്രാബ്ദങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ശ്രേണീവത്കൃതമായ അധികാര വ്യവഹാരത്തിന് യാതൊരു പോറലുമേല്‍ക്കാതെ...'

3. 'മൗദൂദി ആയുധമാക്കിയത് ആധുനികത അപരവത്കരിച്ച മതത്തിന്റെ വിമോചന മൂല്യ...'

ഒരു ലേഖനത്തെ മാത്രമെടുത്ത് ആക്ഷേപിക്കുകയല്ല, പൊതുവില്‍ പല ലേഖകരിലും കണ്ടുവരുന്ന ഒരു പ്രശ്‌നം സൂചിപ്പിക്കുകയാണ്. ലളിതമായി കാര്യങ്ങള്‍ എഴുതാനറിയുന്നവര്‍ പോലും എഴുത്തിനിടയില്‍ ചില ഗമണ്ടന്‍ പ്രയോഗങ്ങള്‍ നടത്തി വായനക്കാരെ മടുപ്പിച്ചുകളയുന്ന പ്രവണത ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ വര്‍ധിച്ചുവരുന്നതായാണ് അനുഭവം. തലക്കെട്ടില്‍ തുടങ്ങുന്ന ഈ 'സൂക്കേട്' സുഗമമായ വായനയെയും ആശയ സ്വാംശീകരണത്തെയും തടയാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ. 

മധുരവും ലളിതവുമായ ഭാഷയില്‍ എഴുതി ഫലിപ്പിക്കേണ്ട ആശയങ്ങളെ വക്രീകരിച്ച് സങ്കീര്‍ണവും ദുര്‍ഗ്രഹവുമാക്കുകയാണ് പലരും. ഏത് ഗൗരവ വായനക്കാരനും ഒരു ലേഖനത്തെ/പുസ്തകത്തെ സമീപിക്കുന്നത് വിനീതനും ആഹ്ലാദവാനുമായിട്ടാണെന്നത് ഏതു എഴുത്തുകാരനും മനസ്സിലാക്കേണ്ട പ്രാഥമിക തത്ത്വമാണ്.

ഉത്തമ താല്‍പര്യങ്ങളോടെ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബോധനമടക്കമുള്ള ആനുകാലികങ്ങളെ സാമാന്യ ജനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഒരു  ഘടകം വക്രഭാഷ രചനാശീലമാക്കിയ എഴുത്തുകാരില്‍ ചിലരുടെ മനോഘടനയാണ്. ഭാഷയുടെ എല്ലാ ലാവണ്യങ്ങളും ഉപയോഗപ്പെടത്തി അനാര്‍ഭാടമായി കാര്യം പറയുന്നതെങ്ങനെയെന്നത് എഴുത്തുകാരന്‍ വെല്ലുവിളിയായി ഏറ്റെടുക്കണം. എത്ര ഗഹനമായ ആവിഷ്‌കാരങ്ങളും ഉദാത്തമായ വായനാനുഭവമായി മാറുമപ്പോള്‍. അപരിചിത പ്രയോഗങ്ങളുടെ ഗിമ്മിക്കുകളല്ല, ചിരപരിചിത വാക്കുകളുടെ നൈര്‍മല്യമാണ് വായനക്കാരനെ കീഴടക്കുക.

ആശയങ്ങളുടെ മഹാകാശങ്ങളെ ഭാഷയുടെ വിസ്മയകരമായ മിഴിവുകളോടെയും കരുത്തോടെയും പകര്‍ത്തുന്ന ഒരു ലേഖനം വായനക്കാരന്റെ സൗഭാഗ്യമാണ്. എഴുത്തുകാര്‍ വായനക്കാര്‍ക്ക് പ്രിയങ്കരരായിത്തീരുന്നത് നിഷ്‌കപടമായ വിനയവും വിട്ടുവീഴ്ചയില്ലാത്ത ആര്‍ജവവും തീക്ഷ്ണമായ സൗന്ദര്യബോധവും കൊണ്ടു കൂടിയാണ്. അത്തരം എഴുത്തുകള്‍ വായനയിലേക്ക് ഏതൊരാളെയും പിന്നെയും പിന്നെയും മാടിവിളിക്കും. വായനക്കാരെ വിടാതെ പിന്തുടര്‍ന്നുകൊിരിക്കും.

പല ഹദീസ് പഠനങ്ങളും ഈ രീതിയില്‍ പരാജയപ്പെട്ടുപോകുന്നുണ്ട്. അതീവ ലളിതമായി പറയാവുന്ന കാര്യങ്ങളെ ആഢ്യഭാഷാ പ്രയോഗങ്ങളിലൂടെ അരസികമാക്കുന്നു ചിലര്‍. നേര്‍ക്കുനേര്‍ കാര്യങ്ങള്‍ എഴുതിയവതരിപ്പിക്കാന്‍ കഴിയാത്ത എഴുത്തുകാരന്റെ പരാജയമാണ്. എഴുത്തിനകത്തെ ഈ ഒളിച്ചുകളികള്‍ പൊറുപ്പിക്കാന്‍ പാടില്ല.

എഴുത്തുകാരന്‍, എഴുതുന്ന ആശയത്തോടു മാത്രമല്ല അതെത്തിച്ചേരുന്ന വായനക്കാരനോടും സത്യസന്ധനായിരിക്കേണ്ടതുണ്ട്. അതിലൂടെ തന്നോടു തന്നെ സത്യസന്ധനായിരിക്കണം. വക്രമോ അസ്പഷ്ടമോ ആയ ഭാഷയിലെഴുതുന്ന ഏതൊരാളെയും വായനക്കാരന്‍ സംശയത്തോടെ മാത്രമേ വീക്ഷിക്കുകയുള്ളൂ. താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന് വായനക്കാരന് തോന്നുന്ന നിമിഷം, എഴുത്തുകാരന്റെ മരണമാണ് കൊണ്ടാടപ്പെടുന്ന എഴുത്തുകാരെ നോക്കിയാലറിയാം, മനുഷ്യനു മനസ്സിലാകുന്ന വിധം എഴുതിയതാണ് അവരുടെ മഹത്വത്തിനാധാരമെന്ന്.

ഏതു മികച്ച എഴുത്തുകാരന്റെയും മഹിമ, എഴുത്തില്‍ അയാള്‍ സൂക്ഷിക്കുന്ന സുതാര്യതയാണ്. കീറാമുട്ടികളാല്‍ സമൃദ്ധമായ ഒരു ലേഖനം വായനക്കാരന്റെ നരകമാണ്. നാനാവിധമായ ജീവിത സംഘര്‍ഷങ്ങള്‍ക്കിടയിലും വായനയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ഏറ്റവും ദുര്‍ബലനായ മനുഷ്യനോടു കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യവുമാണത്.

പുതിയ കാലത്തിന്റെ ഭാഷയെ തിരിച്ചറിഞ്ഞ്, അതിന്റെ ജനകീയ രീതികളെയും വാമൊഴിക്കരുത്തിനെയും ഉള്‍ക്കൊണ്ട് എഴുത്തിനെ സമീപിക്കാന്‍ പുതിയ തലമുറ സന്നദ്ധരാവണം. മലയാളത്തിലെ ഏറ്റവും കരുത്തുള്ള ഗദ്യഭാഷകളിലൊന്നാണ് മാര്‍ക്‌സിസ്റ്റ് ചിന്തകനായിരുന്ന തായാട്ടു ശങ്കരന്റേതെങ്കില്‍ മറ്റൊന്ന് എ.ആറിന്റേതാണെന്ന് ഓര്‍ത്തിരിക്കേണ്ടതുണ്ട്. അറിവും വിചാരവും ഓര്‍മയും നര്‍മവുമെല്ലാം നിറഞ്ഞുകവിയുന്ന ആ എഴുത്തുകളുടെ കരുത്തും കാന്തിയും കാലത്തിനു മായ്ച്ചുകളയാനാവാത്തതാണ്. അവ എല്ലാ കാലത്തെയും വായനക്കാരനു മുന്നില്‍ ഊര്‍ജം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ലളിതമായ ആശയ സംവേദനം സാധ്യമാക്കുന്നതാകണം രചന. അതല്ലാത്ത പ്രവണതകളോട് സഹിഷ്ണുത പാലിക്കാന്‍ വായനക്കാര്‍ക്ക് സാധിക്കില്ല. ക്ഷോഭിക്കാനുള്ള അവകാശം വായനക്കാരന്റേതു കൂടിയാണ്. നിശ്ശബ്ദനായിരിക്കുകയോ വ്യാജ സ്തുതികളില്‍ അഭിരമിക്കുകയോ അല്ല വായനക്കാരന്റെ നിയോഗം.

അതുകൊണ്ട് എം.പി നാരായണ പിള്ളയുടെ പ്രസിദ്ധ വാചകം ചില എഴുത്തുകാരെങ്കിലും ഓര്‍ക്കുന്നത് നന്ന്: 'വായനക്കാരനെ പൂവിട്ടു പൂജിക്കണം.' 

 

കെ.എന്‍ മുഹമ്മദ് കുഞ്ഞി

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്