Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

ഫുട്‌ബോളില്‍നിന്ന് രാഷ്ട്രീയ കളരിയിലേക്ക് (ഉര്‍ദുഗാന്റെ ജീവിതകഥ - 5)

അശ്‌റഫ് കീഴുപറമ്പ്

''നമസ്‌കാരത്തിന്റെ കാര്യങ്ങളൊക്കെ പഠിച്ചുകഴിഞ്ഞു. ഇനിയാരാ അതൊന്ന് ചെയ്ത് കാണിച്ചുകൊടുക്കുക?'' ക്ലാസിലെ വിദ്യാര്‍ഥികളെ നോക്കി ഉസ്താദ് ചോദിച്ചു. റജബ് കൈപൊക്കി. നിലത്ത് വിരിക്കാനായി ഉസ്താദ് ഒരു പഴയ ന്യൂസ് പേപ്പറും നല്‍കി. റജബ് പേപ്പര്‍ നിലത്ത് വിരിച്ചു. പെട്ടെന്നുതന്നെ അത് ചുരുട്ടിയെടുത്ത് ഉസ്താദിന് തിരികെ നല്‍കി അവന്‍ പറഞ്ഞു: '' ഈ പേപ്പറില്‍ നമസ്‌കരിക്കാന്‍ പറ്റില്ല.'' 

''അതെന്താ?'' ഉസ്താദ് ചോദിച്ചു.

''അതില്‍ നിറയെ അല്‍പവസ്ത്രധാരികളായ നടിമാരുടെ ചിത്രങ്ങളാണ്''

ഉസ്താദ് അവന്റെ ചുമലില്‍ തട്ടി അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ''നീ വെറും റജബല്ല, ശൈഖ് റജബ്.'' 

പരമ്പരാഗതമായി മതചിട്ടകള്‍ പാലിച്ചുപോരുന്ന കുടുംബത്തില്‍ 1954 ഫെബ്രുവരി 26-നായിരുന്നു റജബ് ത്വയ്യിബ്  ഉര്‍ദുഗാന്റെ ജനനം ('ആയ്ര്‍ദോന്‍' എന്നോ മറ്റോ ആണ് തുര്‍ക്കി ഉച്ചാരണം). ഉര്‍ദുഗാന്റെ മാതാപിതാക്കള്‍ അക്കാലത്ത് താമസിച്ചിരുന്നത് ഇസ്തംബൂളിലെ കാസിംപാഷ തെരുവിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇങ്ങോട്ട് ചേക്കേറിയതാണ്. വടക്കന്‍ തുര്‍ക്കിയില്‍ കരിങ്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റിസ (ഞശ്വല) പ്രവിശ്യയിലാണ് അവരുടെ കുടുംബ വേരുകളുള്ളത്. ഈ പ്രവിശ്യ ഉയര്‍ന്ന പര്‍വതങ്ങളാല്‍ ചുറ്റെപ്പട്ടതാണ്. ക്ഷിപ്രകോപികളാണത്രെ ഇവിടത്തുകാര്‍. പക്ഷേ പെട്ടെന്നുതന്നെ തണുക്കും. ഉള്ളത് തുറന്നുപറയും. ആരോടും അശേഷം വെറുപ്പ് മനസ്സില്‍ സൂക്ഷിക്കില്ല. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണമാവാം റിസ നിവാസികള്‍ ധീരരും ഏത് പ്രതിസന്ധിഘട്ടങ്ങളെയും അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ളവരുമാണ്. ഇത്തരം പര്‍വതപ്രദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ വന്നുതാമസിച്ചതുകൊണ്ടാവാം ഉര്‍ദുഗാന്‍ പിറന്നുവീണ കാസിംപാഷ തെരുവിലെ ജനങ്ങളും ഏറക്കുറെ ഇതേ സ്വഭാവക്കാരായിരുന്നു. ഉര്‍ദുഗാന്‍ എന്ന വ്യക്തിയെ അടുത്തറിയുന്നതിന് ഈ സൂചനകള്‍ പ്രയോജനപ്പെടും.

ഉര്‍ദുഗാന്‍ കുടുംബത്തിന്റെ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ചരിത്രം ഉസ്മാനീ ആര്‍ക്കൈവുകളില്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ പ്രപിതാക്കളില്‍ ബാഖാത്ത് ഓഗ്‌ലു മാമിശ് എന്നൊരാളുണ്ട്. റിസ പ്രവിശ്യയിലെ ദുമന്‍ ഖുല്‍യ ഗ്രാമത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഗ്രാമം സ്ഥാപിച്ചവരിലൊരാള്‍ കൂടിയാണ്. അതിക്രമം ആര് നടത്തിയാലും അദ്ദേഹം വെച്ചുപൊറുപ്പിക്കില്ല. ഈ വിപ്ലവമനസ്സ് ജീവിതത്തിലുടനീളം കാത്തുസൂഷിച്ചു. ഉര്‍ദുഗാന്റെ വല്യുപ്പയുടെ പേര് ത്വയ്യൂബ് എന്നായിരുന്നു. നമസ്‌കരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലര്‍ കൊലപ്പെടുത്തുകയായിരുന്നു. വഖ്ഫ് സ്വത്ത് കൈയേറിയത് ചോദ്യം ചെയ്തതാണ് കാരണം. ത്വയ്യിബ് ഉര്‍ദുഗാന്റെ പിതാവ് അഹ്മദ് ഉര്‍ദുഗാന്‍. കുട്ടിക്കാലം റിസയില്‍ ചെലവഴിച്ച അഹ്മദ് 1918-ല്‍ പതിനഞ്ചാം വയസ്സില്‍ സോംഗുല്‍ദഖ് പ്രവിശ്യയിലെ തന്റെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. നാല് വര്‍ഷം അവിടെ കഴിഞ്ഞ ശേഷമാണ് ഇസ്തംബൂളിലേക്ക് വരുന്നത്. പതിനാലാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ട അഹ്മദിന് ചെറുപ്പത്തിലേ ദുര്‍വഹമായ ജീവിത ഭാരങ്ങള്‍ താങ്ങേണ്ടിവന്നു. റിസയില്‍നിന്ന് പോരുന്നതിനു തൊട്ടുമുമ്പ് ബന്ധുക്കളെല്ലാം ചേര്‍ന്ന് രണ്ട് കുട്ടികളുള്ള ഒരു സ്ത്രീയെ അഹ്മദിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. ആ വിവാഹ ബന്ധം 34 വര്‍ഷം നിലനിന്നു. 1952-ല്‍ അഹ്മദ് ഉര്‍ദുഗാന്‍ ഭാര്യയെ വിവാഹമോചനം നടത്തുകയും തന്‍സീല എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അഹ്മദ്-തന്‍സീല ദമ്പതികളുടെ ആദ്യ പുത്രനാണ് റജബ് ത്വയ്യിബ്. രണ്ടാമത്തെ മകന്‍ മുസ്ത്വഫ. പിന്നെയൊരു പുത്രിയുമുണ്ട്.

തീരദേശ സുരക്ഷാവിഭാഗത്തിലായിരുന്നു അഹ്മദ് ഉര്‍ദുഗാന് ജോലി. 1968-ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ അവിടെ തുടര്‍ന്നു. കപ്പല്‍ ജോലിക്കിടയിലും നമസ്‌കാരവും മറ്റു മതാനുഷ്ഠാനങ്ങളും കൃത്യമായി നിര്‍വഹിക്കുമായിരുന്നു. ജോലിയുടെ സൗകര്യം ഉപയോഗപ്പെടുത്തി 1958-ല്‍ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തിരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും തന്നാലാവുന്ന വിധം അദ്ദേഹം സ്വന്തം നാട്ടുകാരെ സഹായിച്ചുപോന്നു. തന്റെ ജന്മനാടായ റിസയില്‍നിന്ന് ജോലിതേടി ഒട്ടേറെ ചെറുപ്പക്കാര്‍ ഇസ്തംബൂളിലെത്താറുണ്ടായിരുന്നു. രണ്ടാമത്തെ മകന്‍ മുസ്ത്വഫ ഉര്‍ദുഗാന്‍ ഓര്‍ക്കുന്നു: ''റിസയില്‍നിന്ന് ഇസ്തംബൂളിലെത്തുന്നവര്‍ക്ക് ആതിഥ്യമരുളിയിരുന്നു ഞങ്ങളുടെ വീട്. തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പതുകളിലും തൊഴില്‍തേടി ചെറുപ്പക്കാര്‍ കൂട്ടത്തോടെ ഇസ്തംബൂളില്‍ ഒഴുകിയെത്തുമായിരുന്നു. തുറമുഖത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളുടെ മോന്തായങ്ങളിലും മറ്റുമായിരിക്കും അവര്‍ അന്തിയുറങ്ങുക. പിതാവ് എന്റെ ഉമ്മയെ വിവാഹം കഴിച്ചതിന് ശേഷം അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീട് ഞങ്ങള്‍ക്ക് സ്വന്തമായി. റിസയില്‍നിന്നെത്തുന്നവരെ പിതാവ് അതിഥികളായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. അവരില്‍ തൊഴില്‍ തേടി വരുന്നവരും ഗവണ്‍മെന്റ് ഓഫീസുകളില്‍ കടലാസുകള്‍ ശരിയാക്കാന്‍ വരുന്നവരും ചികിത്സക്ക് വരുന്നവരുമൊക്കെ ഉണ്ടാവും. ഒരു അതിഥിയെങ്കിലും ഇല്ലാത്ത രാത്രി ഉണ്ടാവില്ല.''

അഹ്മദ് ഉര്‍ദുഗാന്ന്, പഠിക്കാന്‍ മടിയനായ തന്റെ രണ്ടാമത്തെ പുത്രനില്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പഠനത്തില്‍ മിടുക്കനായ മൂത്ത മകന്‍ റജബ് ത്വയ്യിബ് വലിയ ഒരാളായിത്തീരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. റജബ് പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ അഹ്മദിനെ വിളിച്ചുവരുത്തി മകന്റെ പഠനകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. പഠനമികവുകൊണ്ട് തന്നെയാണ് ഇമാം-ഖത്വീബ് (Imam- Hatip)  സെക്കന്ററി സ്‌കൂളില്‍ പ്രവേശനം ലഭിച്ചതും. ഇത് പരമ്പരാഗത രീതിയിലുള്ള മതകലാലയമല്ല. മറ്റു സ്‌കൂള്‍ വിഷയങ്ങളോടൊപ്പം മതവിജ്ഞാനീയം അഭ്യസിപ്പിക്കുമെന്ന് മാത്രം. മികവ് തെളിയിച്ചതിനാല്‍ റജബിന് ഹോസ്റ്റല്‍ താമസവും സൗജന്യമായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ തന്റെ ഇഷ്ടവിഷയങ്ങളിലൊക്കെ അവന്‍ വ്യുല്‍പത്തി നേടുന്നത് ഇക്കാലത്താണ്.

വീട്ടിലെ ദാരിദ്ര്യം കാരണം മറ്റു പഠന ചെലവുകള്‍ക്കുള്ള വക കണ്ടെത്താന്‍ പ്രയാസമായിരുന്നു. അങ്ങനെയാണ് ഒഴിവുസമയങ്ങളില്‍ റജബ് തെരുവിലേക്കിറങ്ങിയത്. നാരങ്ങ ജ്യൂസ് ഉണ്ടാക്കി വില്‍ക്കലായിരുന്നു ആദ്യം ചെയ്ത തൊഴില്‍. അറബിയില്‍ സമീത്വ് എന്നും ടര്‍ക്കിഷില്‍ സിമിത്ത് എന്നും പറയുന്ന ഒരു തരം റൊട്ടി ഉണ്ടാക്കി വില്‍ക്കുകയായിരുന്നു അടുത്ത ഘട്ടം. ഇത് ബള്‍ക്കായി വാങ്ങാന്‍ കിട്ടും. അത് ചൂടാക്കി അല്‍പാല്‍പമായി വില്‍ക്കുകയാണ് ചെയ്യുക. ചേരിനിവാസികളുടെ ജീവിതങ്ങളെയും അവരുടെ പങ്കപ്പാടുകളെയും അടുത്തറിയാന്‍ ഇത് നിമിത്തമായി. ഈ സാധാരണക്കാരിലൊരുവനായ റജബ് പിന്നീട് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ആയപ്പോഴും താന്‍ വന്ന വഴികള്‍ മറന്നില്ല. ആ വഴികളിലൂടെ സമയം കിട്ടുമ്പോഴെല്ലാം പാവപ്പെട്ടവരുടെ കൂരകളിലേക്കും അവരുടെ ശുഷ്‌കമായ ഭക്ഷണമേശകളിലേക്കും അദ്ദേഹം തിരിച്ചുനടന്നു. ഇതാണ് ഉര്‍ദുഗാനെ ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രിയങ്കരനായ ജനകീയ നേതാവാക്കി ഉയര്‍ത്തുന്നത്. തുര്‍ക്കിയിലെ മറ്റെല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ സമ്പന്ന-മധ്യവര്‍ഗ പശ്ചാത്തലം ഒരു തടസ്സമായിരുന്നു; അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു നജ്മുദ്ദീന്‍ അര്‍ബകാനു വരെ. 

ഒഴിവുസമയങ്ങളിലും അവധി ദിനങ്ങളിലും നടത്തിയിരുന്ന തെരുവു കച്ചവടത്തില്‍നിന്ന് കിട്ടുന്ന ലാഭത്തിന്റെ മുക്കാല്‍ പങ്കും പുസ്തകം വാങ്ങാനായിരുന്നു റജബ് ചെലവിട്ടിരുന്നതെന്ന് സഹോദരന്‍ മുസ്ത്വഫ ഓര്‍ക്കുന്നു. സെക്കന്ററി ക്ലാസുകളിലായിരിക്കെ തന്നെ വീട്ടില്‍ നല്ലൊരു ലൈബ്രറി ഒരുക്കാന്‍ ഇതുവഴി റജബിന് സാധിച്ചു. ബര്‍ദാന്‍ഗത്ഷി1യുടെയും നജീബ് ഫാദില്‍ ഖൈസകുര്‍കി2ന്റെയുംമുഹമ്മദ് അകിഫ് എര്‍സ്സോയി3യുടെയും ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളും ആ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. ടോള്‍സ്‌റ്റോയിയെപ്പോലുള്ള ലോകപ്രശസ്ത നോവലിസ്റ്റുകളുടെ കൃതികളും. ഇമാം-ഖത്വീബ് സ്‌കൂളിലെ പഠനത്തിനു ശേഷം ഇസ്തംബൂളിലെ മര്‍മറ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് സയന്‍സില്‍  ബിരുദമെടുക്കുമ്പോഴും ഉര്‍ദുഗാന് ഒരു ദുഃഖം ബാക്കിനിന്നു; ഒരു വിദേശഭാഷ പോലും പഠിക്കാനായില്ലല്ലോ എന്ന ദുഃഖം. 

പഠനകാലത്ത് പിതാവുമായി ചില ഉരസലുകളുമുണ്ടായി. മകന്റെ പഠനത്തില്‍ അതീവ തല്‍പരനായിരുന്നു പിതാവ്. റജബിനും പഠിക്കാന്‍ ഒട്ടും താല്‍പര്യക്കുറവുണ്ടായിരുന്നില്ല. സിലബസിന് പുറത്തേക്കും അവന്റെ വായന നീണ്ടിരുന്നു. നല്ല പൊക്കവും കായികക്ഷമതയുമുണ്ടായിരുന്ന റജബ് ഒരു പുസ്തകപ്പുഴുവായി ഒതുങ്ങിനിന്നില്ല എന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. സ്‌കൂള്‍ പഠനകാലത്തുതന്നെ നല്ലൊരു ഫുട്‌ബോളറായും വോളിബോള്‍ പ്ലെയറായുമൊക്കെ അവന്‍ പേരെടുത്തു. റജബ് ഇല്ലാത്ത ഒരു സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ആലോചിക്കാനാവുമായിരുന്നില്ല. സ്റ്റാമിനയും സ്പീഡും-ഇതായിരുന്നു റജബ് എന്ന ഫുട്‌ബോള്‍ സ്‌ട്രൈക്കറുടെ പ്രത്യേകത. ഏത് ആംഗിളില്‍നിന്നും അവന് പന്ത് ഗോള്‍ വര കടത്താനാകുമായിരുന്നു. 'ഇമാം ബെക്കന്‍ ബോവര്‍' എന്നായിരുന്നു കൂട്ടുകാര്‍ അവനെ കളിയായി വിളിച്ചിരുന്നത്. ജര്‍മന്‍ ഫുട്ബാള്‍ ഇതിഹാസം ബെക്കന്‍ ബോവറുടെ കളിയുമായി അവന്റെ കളിക്ക് സാദൃശ്യമുണ്ടായിരുന്നുവത്രെ.

ഇസ്തംബൂളിലെ ഫുട്‌ബോള്‍ ക്ലബുകള്‍ അവനെ നോട്ടമിട്ടു തുടങ്ങി. അങ്ങനെ പതിനഞ്ചാം വയസ്സില്‍ തന്നെ അവന്‍ ഒരു ലോക്കല്‍ ക്ലബില്‍ചേര്‍ന്ന് പ്രഫഷണല്‍ ഫുട്‌ബോളറായി. ആയിരം ലീറയായിരുന്നു പ്രതിമാസ ശമ്പളം. എലിലൃയമവരല എന്നറിയപ്പെടുന്ന ക്ലബ് ഈ കളിക്കാരന്റെ ട്രാന്‍സ്ഫറിനു വേണ്ടി വലവീശിയെങ്കിലും കണ്ണുവെട്ടിച്ചുള്ള  റജബിന്റെ ഫുട്‌ബോള്‍ കളി അപ്പോഴേക്കും പിതാവ് അഹ്മദ് കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. മകന്‍ പഠനത്തില്‍ ഉഴപ്പുമെന്ന പേടി മാത്രമായിരുന്നില്ല പിതാവിന്. അന്നത്തെ പ്രഫഷണല്‍ ഫുട്ബാള്‍ രംഗം അധാര്‍മിക ജീവിതത്തിന് കുപ്രസിദ്ധി നേടിയിരുന്നു. മകന്‍ വഴിതെറ്റിപ്പോകുമോ എന്ന് ആ പിതാവ് ന്യായമായും ആശങ്കിച്ചു. പന്ത് തട്ടുമ്പോള്‍ തന്റെ ഒരു കണ്ണ് ഗാലറിയിലും മറ്റേ കണ്ണ് പന്തിലുമായിരിക്കുമെന്ന് ഉര്‍ദുഗാന്‍ തമാശ പറയാറുണ്ട് (പിതാവ് ഗാലറിയിലുണ്ടോ എന്ന് നോക്കാന്‍). പിതാവ് എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ദേശീയ ടീമില്‍ വരെ ഈ പ്രതിഭാധനനായ ചെറുപ്പക്കാരന്‍ ഇടം കണ്ടെത്തിയേനെ. പിതാവ് മകനെ വിളിച്ച് കര്‍ശനമായി പറഞ്ഞു: ''നീ പഠിച്ച് വലിയൊരാളാകണമെന്നാണ് എന്റെ ആഗ്രഹം. നീയിപ്പോള്‍ ചെന്നു ചാടിയിരിക്കുന്നതാകട്ടെ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലും.'' പിതാവിന്റെ കടുംപിടിത്തം കാരണം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായി എന്ന് പിന്നീട് ഉര്‍ദുഗാന്‍ അനുസ്മരിക്കുന്നുണ്ട്.

പക്ഷേ, അതൊരു നഷ്ടമാണോ? പ്രഫഷണല്‍ ഫുട്‌ബോളിന്റെ നഷ്ടം തുര്‍ക്കി എന്ന രാഷ്ട്രത്തിന്റെ മഹാഭാഗ്യമായിത്തീരുകയല്ലേ ഉണ്ടായത്? ഫുട്‌ബോള്‍ എന്ന കളിയുടെ എല്ലാ വിജയരഹസ്യങ്ങളും അദ്ദേഹം പില്‍ക്കാലത്ത് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പരീക്ഷിക്കുന്നുണ്ട്. ടീം വര്‍ക്ക് എന്നതാണ് അതില്‍ പ്രധാനം. ചിട്ടയാര്‍ന്ന ടീം വര്‍ക്കും ഒത്തൊരുമയും പരസ്പര സഹകരണവുമില്ലെങ്കില്‍ എത്ര പ്രതിഭാസമ്പന്നരായ കളിക്കാരുണ്ടായിട്ടും കാര്യമില്ല, ആ ഫുട്‌ബോള്‍ ടീമിന് ജയിക്കാനാവില്ല. ഗോളടിക്കല്‍ പോലെ പ്രധാനമാണ് ഗോളടിക്കാന്‍ സഹായിക്കുക (മശൈേെ) എന്നതും. എന്തിനും പോന്ന ഒരു ടീമിനെ തുര്‍ക്കിയുടെ 81 പ്രവിശ്യകളിലും വളര്‍ത്തിയെടുക്കാനായി എന്നതാണ് ഉര്‍ദുഗാന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വിജയം. 

 

(തുടരും)

 

കുറിപ്പുകള്‍: 

1. ഉസ്മാന്‍  യോക്‌സല്‍ സര്‍ദാന്‍ ഗത്ഷി (1917-1983). തുര്‍ക്കി എഴുത്തുകാരനും പത്രപ്രവര്‍ത്തകനും. അദ്ദേഹത്തിന്റെ ജനാധിപത്യ-രാഷ്ട്രീയ ചിന്തകള്‍ പുതുതലമുറയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. 

2. നജീബ് ഫാദില്‍ ഖൈസകൂര്‍ക്ക് (1905-1983). ഇസ്‌ലാമിക കവിയും ചിന്തകനും. ഇദ്ദേഹത്തിന്റെ കവിതകളും സൈദ്ധാന്തിക രചനകളും ഇസ്‌ലാമിക പ്രസ്ഥാന വൃത്തങ്ങളില്‍ വളരെ പ്രചാരം നേടിയിരുന്നു.

3. മുഹമ്മദ് അകിഫ് എര്‍സോയ് (1873-1936). കവിയും ദാര്‍ശനികനും. ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. തുര്‍ക്കി ദേശീയ ഗാനം ഇദ്ദേഹം എഴുതിയതാണ്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്