പി. അബ്ദുല്‍ ഖാദര്‍ ഹാജി
ജമാഅത്തെ ഇസ്‌ലാമി അംഗവും സജീവ പ്രവര്‍ത്തകനുമായ അത്തോളി വേളൂരിലെ പൊക്കാത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ (71) വിയോഗത്തോടെ ഒരു ഉത്തമ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. കൂടെ താമസിച്ചും കൂടെ യാത്രചെയ്തും പങ്കുകാരനായി കച്ചവടത്തിലേര്‍പ്പെട്ടും ഈയുള്ളവന് അനുഭവിച്ചറിയാന്‍ സാധിച്ച പരേതന്റെ നന്മകള്‍ നിറ കണ്ണുകളോടെയല്ലാതെ ഓര്‍ക്കാനാവുന്നില്ല. ഖാദര്‍ക്ക പരിചയപ്പെട്ടവര്‍ക്കെല്ലാം നല്ലൊരു അനുഭവം തന്നെയായിരുന്നു.
പതിനൊന്നു വര്‍ഷക്കാലം കുവൈത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ സജീവ കര്‍മഭടനായിരുന്നു. അതിമോഹമോ ധനാര്‍ത്തിയോ ഇല്ലാത്ത ഖാദര്‍ക്ക ചെറിയ തോതില്‍ 'പച്ച' പിടിച്ചപ്പോള്‍ പ്രവാസം വേഗം മതിയാക്കി നാട് പിടിക്കുകയായിരുന്നു. 'അത്രമതി, എന്തിനാണധികം' എന്നായിരുന്നു കുറച്ചുകാലം കൂടി ഗള്‍ഫില്‍ തുടര്‍ന്നു കൂടേ എന്ന അന്വേഷണത്തിന് അദ്ദേഹം തന്ന മറുപടി. ഉള്ളതില്‍ തൃപ്തിയടയുന്ന ഖനാഅത്തിന്റെ മനസ്സ് എപ്പോഴും കാത്തുസൂക്ഷിച്ചു.
നാട്ടില്‍ തിരിച്ചെത്തിയ ഖാദര്‍ക്ക ഏതാണ്ട് കാല്‍നൂറ്റാണ്ടുകാലം പ്രസ്ഥാനമാര്‍ഗത്തില്‍ തന്നാലാവുംവിധം പ്രവര്‍ത്തിച്ചു. അത്തോളി ഏരിയാ ഓര്‍ഗനൈസറായും ഹല്‍ഖാ നാസിമായും പ്രവര്‍ത്തിച്ചു. വേളൂര്‍ ജുമുഅത്ത് പള്ളി അംഗം, അത്തോളി ബൈത്തുസ്സകാത്ത് കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 'അത്തോളി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍' രൂപീകരിക്കുന്നതിലും നല്ല പങ്ക് വഹിച്ചു. മുസ്‌ലിം ഐക്യത്തിനും ശ്രമങ്ങള്‍ നടത്തി.
പ്രസന്നവദനനായി, തികഞ്ഞ നര്‍മബോധത്തോടെ എല്ലാവരെയും അഭിമുഖീകരിക്കാറുള്ള പരേതന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നു.
വേളൂരിലും പരിസരങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദമെത്തിക്കാനും പ്രബോധനം, മാധ്യമം എന്നിവ പരമാവധി പ്രചരിപ്പിക്കാനും ബദ്ധശ്രദ്ധനായിരുന്നു. മക്കള്‍ക്കും കുടുംബത്തിനും ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും ശ്രദ്ധിച്ചിരുന്നു. ഖുര്‍ആന്‍ പഠനത്തിലും ആരാധനാകര്‍മങ്ങളിലും നല്ല മാതൃകയായിരുന്നു അദ്ദേഹം.
യു.കെ മുഹമ്മദ് കൊടുവള്ളി
കൊടുവള്ളി പറമ്പത്തുകാവ് കാര്‍കുന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു ഉളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദ് (75). കൊടുവള്ളി അംശം അധികാരിയുടെ കാര്യസ്ഥനും ജനകീയനുമായിരുന്ന യു.കെ കമ്മുക്കുട്ടി സാഹിബിന്റെ സീമന്ത പുത്രനായിരുന്നു. എതിരാളികളുടെ ബഹിഷ്‌കരണങ്ങള്‍ക്ക് ജമാഅത്ത് ഏറെ വിധേയമായിരുന്ന കാലത്ത് രഹസ്യമായി പ്രസ്ഥാനത്തെ സഹായിച്ചിരുന്നു കമ്മുക്കുട്ടി സാഹിബ്. യുവത്വത്തിലേ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മുഹമ്മദ് സാഹിബ്, സര്‍ക്കാറിന്റെ റവന്യൂ വകുപ്പില്‍ ഡ്രൈവറായി, കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്തു. സകലരോടും നിറഞ്ഞ സൗഹൃദം പുലര്‍ത്തിയിരുന്നു. 'യു.കെ' എന്നായിരുന്നു നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. സര്‍വീസില്‍നിന്ന് ലീവെടുത്ത് ഇടക്ക് അഞ്ചു വര്‍ഷം ഖത്തറില്‍ ഡ്രൈവറായി ജോലിചെയ്തു. കൊടുവള്ളി ബ്ലോക്ക് ഓഫീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷം, പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. 'പ്രബോധനം' വാരികയുടെ ഏജന്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. കൂടെ ഐ.പി.എച്ച് പുസ്തകങ്ങള്‍ വീടുകളും കടകളും കയറിയിറങ്ങിയും പള്ളികളിലും പരിപാടികളിലും വില്‍പന നടത്തി. എഴുപതുകള്‍ക്കൊടുവില്‍ കൊടുവള്ളിയില്‍ രൂപംകൊണ്ട ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കഌന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തകരല്ലാത്ത ഒട്ടേറെ പേര്‍ സ്റ്റഡി സര്‍ക്ക്ള്‍ ഉപയോഗപ്പെടുത്തുകയും വളര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. നല്ല വായനക്കാരനായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടി കൊടുവള്ളി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് എന്‍.പി ഇഖ്ബാല്‍, പ്രബോധനം സബ് എഡിറ്ററായിരുന്ന ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി, വെല്‍ഫെയര്‍ പാര്‍ട്ടി കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ഐ.പി.എച്ച് പ്രൂഫ് റീഡറായിരുന്ന ഷാനവാസ് കൊടുവള്ളി എന്നിവരുള്‍പ്പെടെ പന്ത്രണ്ട് മക്കളുണ്ട്. ആറ് പേര്‍ പെണ്‍മക്കളാണ്. ഭാര്യ എന്‍.പി ഫാത്വിമ വനിതാ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയും മുന്‍ നാസിമത്തുമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി യു.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സഹോദരനാണ്.
കളത്തിങ്ങല്‍ മുഹമ്മദ്, കൊടുവള്ളി
പ്രഫ. അബൂബക്കര്‍, ചെറുകുളമ്പ്
പിതൃതുല്യമായ വാത്സല്യത്തോടെ ഞങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന, അബുസാഹിബ് എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന മലപ്പുറം ഗവ. കോളേജില്‍നിന്ന് വിരമിച്ച മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ സാഹിബ് സെപ്റ്റംബര്‍ 27-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ദീനീസംരംഭങ്ങളിലും സ്ഥാപന നടത്തിപ്പിലും സംഘടനാ താല്‍പര്യങ്ങള്‍ക്കതീതമായി സഹായസഹകരണങ്ങള്‍ നല്‍കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥാപകാംഗം കൂടിയായിരുന്ന അബു സാഹിബ് മസ്ജിദുല്‍ ഹുദാ നിര്‍മാണത്തിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ നല്‍കിവന്നു.
വലിയ ശിഷ്യസമ്പത്തിന്റെ ഉടമയും ജാതി-മത ഭേദമന്യേ സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയുമായിരുന്നു. നാട്ടില്‍ സ്ഥിരതാമസമാക്കി മഹല്ല് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് വിയോഗം. മര്‍ഹും എം.കെ ഹാജിയുടെ കുടുംബത്തില്‍നിന്ന് വിവാഹം ചെയ്ത അദ്ദേഹത്തിന് ഭാര്യയും എട്ട് മക്കളുമുണ്ട്.
യു.ടി സൈനുദ്ദീന്‍
കെ. മായന്‍ മൗലവി
ആദ്യനാളുകളില്‍തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒപ്പമു് കെ. മായന്‍ മൗലവി. കാരയാട്, ഊട്ടേരി, എലങ്കമല്‍ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കെ. മമ്മുണ്ണി മൗലവി, ടി.കെ ഇബ്‌റാഹീം ടൊറണ്ടോ, അബൂ സലീം മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി എന്നിവരോടൊപ്പം പ്രസ്ഥാന സന്ദേശവുമായി ഈ പ്രദേശങ്ങളില്‍ അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. പേരാമ്പ്ര പ്രാദേശിക ജമാഅത്തില്‍ അംഗമായിരുന്നു. കാരയാട്, ഊട്ടേരി മദ്‌റസകളിലും ചാവട്ട് എല്‍.പി സ്‌കൂളിലും അധ്യാപകനായിരുന്ന മായന്‍ മൗലവിക്ക് വിപുലമായ ശിഷ്യവൃന്ദവുമുണ്ട്. ജനാസ നമസ്‌കാരത്തിന് തിങ്ങിനിറഞ്ഞ ജനാവലിയില്‍ നല്ലൊരു പങ്ക് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.
പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്‍കൈയടത്ത് സംഘടിപ്പിച്ച അനുശോചന യോഗം പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയുടെ തെളിവായിരുന്നു. വര്‍ഷങ്ങളോളം കാരയാട് ജുമുഅത്ത് പള്ളിയില്‍ ഖത്വീബായിരുന്നു.
ഭാര്യ: കുഞ്ഞാമിന. മക്കള്‍: മുഹമ്മദ് അശ്‌റഫ്, റുഖിയ്യ, സഈദ, റഹ്മാന്‍ എലങ്കമല്‍, നൗഷാദ്.
ടി. അബ്ദുല്ല മാസ്റ്റര്‍, എലങ്കമല്‍
സൈതലവി ഹാജി
വളാഞ്ചേരിയിലെ കരിങ്കല്ലത്താണി നിവാസിയായിരുന്നു ഈയിടെ നിര്യാതനായ കാട്ടുബാവ സൈതലവി ഹാജി. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായി ജീവിക്കുക, സംഘടനക്കാവശ്യമായ സേവനങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുക, പ്രസ്ഥാന അംഗമായി മരിക്കുക ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വലിയ ധനികനും പണ്ഡിതനുമൊന്നുമായില്ലെങ്കിലും ജീവിതത്തിലും പ്രസ്ഥാനരംഗത്തും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ അല്ലാഹു സാധിപ്പിച്ചു.
കരിങ്കല്ലത്താണിയില്‍ പള്ളിയില്ലാത്ത കാലത്ത് തന്റെ വീട്ടുവളപ്പില്‍ റോഡിനോടടുത്ത് അദ്ദേഹം ഒരു നമസ്‌കാര സ്രാമ്പി സ്ഥാപിച്ചു. ഇതിനിടക്കാണ് അവിടെ ഒരു ജുമാമസ്ജിദിന്റെയും ജമാഅത്തെ ഇസ്‌ലാമിക്കായി ഒരു ഓഫീസിന്റെയും ആവശ്യമുണ്ടായത്. ഇതിന് വേ ഭൂമിയുടെ പകുതി ഭാഗവും അദ്ദേഹം വഖ്ഫ് ചെയ്തു. അവിടെ ഒരു ജുമാമസ്ജിദും വളാഞ്ചേരി ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ആസ്ഥാനവും പ്രാഥമിക മദ്‌റസയും വിവിധ പഠനക്ലാസുകള്‍ക്കുള്ള വേദികളും സാക്ഷാത്കരിക്കപ്പെട്ടു.
കരിങ്കല്ലത്താണി ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറിയതില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണബോധം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഭാര്യമാര്‍: പരേതയായ ഖദീജ അമ്പാള്‍, ആമിന പള്ളിയാലില്‍. മക്കള്‍: സെയ്തുമുഹമ്മദ്, ആമിന, സൈനുദ്ദീന്‍, സദ്‌റുദ്ദീന്‍, ശരീഫുദ്ദീന്‍, ഖമറുദ്ദീന്‍, സുഹ്‌റ, ഖദീജ, മുജീബുര്‍റഹ്മാന്‍, ഖലീലുര്‍റഹ്മാന്‍.
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി
Comments