Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

മാലിന്യ കൂമ്പാരങ്ങളില്‍നിന്ന് മോചനം നേടുന്നതെങ്ങനെ ?

ഡോ. നിഷാദ് വി.എം

നാഷ്‌നല്‍ അര്‍ബന്‍ സാനിറ്റേഷന്‍ പോളിസിയുടെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളെ അവയുടെ മാലിന്യ സംസ്‌കരണ/നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലുള്ള കാര്യശേഷി മാനദണ്ഡമാക്കി വിവിധ നിറങ്ങളിലുള്ള ഗ്രൂപ്പുകളായി തിരിച്ചിരുന്നു. മാലിന്യങ്ങള്‍ കാരണം പകര്‍ച്ചവ്യാധികളടക്കമുള്ള മാരക പ്രത്യാഘാതങ്ങള്‍ക്കു പോലും സാധ്യതയുള്ള നഗരങ്ങളെ ചുവപ്പു ഗ്രൂപ്പിലും ആവശ്യത്തിന് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതുകൊണ്ട് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്ന  നഗരങ്ങള്‍  പ്രത്യേക പരിഗണന ആവശ്യമുള്ള കറുത്ത നഗരങ്ങളുടെ ഗ്രൂപ്പിലും ശ്രദ്ധേയമായ മാലിന്യ നിര്‍മാര്‍ജന/സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും  പരിഹാരം കണ്ടെത്തുന്ന നഗരങ്ങള്‍  നീല വിഭാഗത്തിലും വൃത്തിയും ആരോഗ്യവുമുള്ള നഗരങ്ങള്‍ പച്ച നിറമുള്ള ഗ്രൂപ്പിലുമാണ് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഖരമാലിന്യ സംസ്‌കരണവും സ്വീവേജ് ട്രീറ്റ്‌മെന്റ് പബ്ലിക് ടോയ്‌ലറ്റ് സംവിധാനമടക്കമുള്ള വിവിധ സൗകര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് നഗരങ്ങള്‍ക്ക് മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ നൂറില്‍ അറുപത്തിയഞ്ചില്‍ അധികം മാര്‍ക്ക് നേടിയ പച്ച നിറമുള്ള നഗരങ്ങളുടെ കൂട്ടത്തില്‍ ഏതായാലും വൃത്തിയുടെ കാര്യത്തില്‍ ആരെയും തോല്‍പ്പിച്ചുകളയുന്ന മലയാളിയുടെ സ്വന്തം നഗരങ്ങള്‍ ഏതുമില്ല. കറുത്ത നഗരങ്ങളില്‍, നാല്‍പത്തി ഏഴാമതായി കോട്ടയമാണ് കേരളത്തിന്റെ അക്കൗണ്ട് തുറക്കുന്നത്. എഴുപത്തിമൂന്നാമതായി തിരുവനന്തപുരവും എണ്‍പത്തിയൊന്നാമതായി കൊച്ചിയും. ബാക്കിയുള്ളവ വളരെ താഴെയാണ്. ഇനി ഏറ്റവും പുതിയ വിവരങ്ങളിലേക്കു വരാം. 'സ്വഛ് ഭാരത് മിഷന്‍' എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയുടെ സ്വാധീനം ഇന്ത്യയിലെ വിവിധ നഗരങ്ങില്‍ സൃഷ്ടിച്ചെടുത്ത  മാറ്റങ്ങളെക്കുറിച്ചും പ്രതിഫലനങ്ങളെ സംബന്ധിച്ചും 'സ്വഛ് ഭാരത് ഓണ്‍ലൈന്‍ സിറ്റിസണ്‍ കമ്യൂണിറ്റീസ്' എന്ന രാജ്യത്തെ ഏകദേശം എല്ലാ നഗരങ്ങളുടെയും പ്രാതിനിധ്യമുള്ള ഗ്രൂപ്പില്‍ നടന്ന സര്‍വേ ഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്തെ അന്‍പത്തിയൊന്ന് ശതമാനം കുട്ടികളില്‍ വൃത്തിയെക്കുറിച്ച മികച്ച അവബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് എടുത്തുപറയാവുന്ന ഒരു നേട്ടമായി വിലയിരുത്തപ്പെടുന്നത്. പുതിയ തലമുറയുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നത് തീര്‍ച്ചയായും മികച്ച നേട്ടം തന്നെയാണ്.

അതേസമയം, രാജ്യത്തെ നഗരങ്ങളില്‍ ബഹുഭൂരിഭാഗവും നിലവിലെ സ്ഥിതി തുടരുന്നു എന്ന അറിയിപ്പാണ് സര്‍വേ ഫലം പുറത്തുവിടുന്ന പ്രധാന വിവരം. കോടികള്‍ ചെലവഴിച്ച് നടപ്പിലാക്കുന്ന സ്വഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പരസ്യങ്ങളിലെ തിളക്കത്തിനപ്പുറം എവിടെയും എത്തുന്നില്ല എന്ന വിവരം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. സര്‍വേയില്‍ പങ്കെടുത്ത എഴുപത്തിരണ്ട് മുതല്‍ എഴുപത്തിയേഴു ശതമാനം വരുന്ന ആളുകള്‍ പ്രസ്തുത പദ്ധതി ഒരു മാറ്റവും സൃഷ്ടിച്ചില്ല എന്ന് വിധിയെഴുതിയിരിക്കുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ സ്‌റ്റേറ്റ് (മലവിസര്‍ജനത്തിന് വെളിമ്പ്രദേശങ്ങളെ  ആശ്രയിക്കാത്ത സംസ്ഥാനം) ആയി മാറി എന്നത് എടുത്തുപറയാവുന്ന നേട്ടം തന്നെയാണ്. പക്ഷേ, താരതമ്യേനെ ടോയ്‌ലറ്റ് ഉപയോഗിച്ച് ശീലമുള്ള ഇവിടത്തെ നിലവിലെ മാരകമായ പ്രശ്‌നം മാലിന്യങ്ങളാണ്. പ്രത്യേകിച്ച്, നാള്‍ക്കുനാള്‍ കുമിഞ്ഞുകൂടുന്ന ഖരമാലിന്യങ്ങള്‍ കേരളത്തിന്റെ ഭൂപ്രകൃതിയെ പോലും ബാധിച്ചു തുടങ്ങിയിരിക്കുന്നു. മുമ്പ് അത് നഗരങ്ങളുടെ മാത്രം പ്രശ്‌നമായിരുന്നെങ്കില്‍ ഇന്നത് ഉള്‍നാടന്‍ ഗ്രാമങ്ങളെ പോലും അലട്ടുന്ന തലവേദനയായി മാറിയിരിക്കുന്നു. എല്ലാവരും ആശങ്കകള്‍ പങ്കുവെക്കുന്നു. രാഷ്ട്രീയ നേതൃത്വം പരസ്പരം പഴിചാരുന്നു. ഉപഭോഗത്തിന്റെ കാര്യത്തിലാണെങ്കിലോ, ഞെട്ടിക്കുന്ന വര്‍ധനയാണ് കാണാന്‍ കഴിയുന്നത്. രാജ്യത്തിന്റെ പ്രതിശീര്‍ഷ മാലിന്യ ഉല്‍പാദനം 500 മുതല്‍ 600 ഗ്രാം വരെ ആണെങ്കില്‍ കേരളത്തിലേത് 300 മുതല്‍ 500 വരെയാണ്. ഏറ്റവും പുതിയ കണക്കുകള്‍ ലഭ്യമല്ലാത്തത് ഒരു താല്‍ക്കാലിക ആശ്വാസമായി. കണക്കുകള്‍ എന്തായാലും കാര്യത്തില്‍/അനുഭവത്തില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

മാലിന്യപ്പൊതിയുമായി പ്രഭാത സവാരിക്കിറങ്ങുന്ന, പള്ളിയിലോ അമ്പലത്തിലോ പോവുന്ന പതിനായിരങ്ങള്‍ കേരള  നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ കാഴ്ചയാണ്. ഇവിടെ സ്വയം ചോദിക്കാവുന്ന ഒരു ചോദ്യമു്: സ്വന്തം മാലിന്യം അന്യന്റെ പറമ്പിലോ, പുറമ്പോക്കിലോ വലിച്ചെറിഞ്ഞിട്ട് നമ്മുടെ യാത്ര എവിടേക്കാണ്? ആരോഗ്യം നശിപ്പിച്ചുകളയുന്ന മാലിന്യകൂമ്പാരങ്ങളെ സൃഷ്ടിച്ചിട്ട് സ്വന്തം ആരോഗ്യത്തിന് വേണ്ടിയുള്ള നടത്തം, അല്ലെങ്കില്‍ ആയുരാരോഗ്യത്തിനും മോക്ഷത്തിനും വേണ്ടിയുള്ള പ്രാര്‍ഥന! ആരുടെ മുമ്പിലാണ് ഈ നാടകം! മുനിസിപ്പാലിറ്റിയുടെ വീപ്പയും പഞ്ചായത്തിന്റെ വേസ്റ്റ് ബിന്നുമൊക്കെ നിറഞ്ഞുകവിയുകയാണ്. ആത്മവിചാരണയില്‍നിന്നാവട്ടെ ഇനി പരിഹാരം.

 

പ്രായോഗികമാവാന്‍ 

സൂത്രവാക്യങ്ങളില്ല 

മാലിന്യസംസ്‌കരണം തീര്‍ത്തും  പ്രകൃതിപരമാണ്. നമുക്കറിയാവുന്ന പോലെ ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. പ്രകൃതി നമുക്ക് നല്‍കിയ അസംസ്‌കൃത വസ്തുക്കളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന സര്‍വ വസ്തുക്കളും ജൈവ മാലിന്യങ്ങളാണ്, അവ ജീര്‍ണിക്കുന്നവയാണ് (Biodegradable). സ്റ്റാര്‍ച്ച് (Starch), സെല്ലുലോസ് (Cellulose), ലിഗ്‌നിന്‍ (Lignin), കൈറ്റിന് (Chitin), പെക്ടിന്‍ (Pectin) തുടങ്ങിയ വ്യത്യസ്ത തരം പോളിമെറുകളാണ് (Polymer) പ്രകൃതിയിലെ എല്ലാ ഭക്ഷ്യ-ഭക്ഷ്യേതര അസംസ്‌കൃത വസ്തുക്കളിലെ (അതുകൊണ്ടുതന്നെ മാലിന്യങ്ങളിലെയും) പ്രധാന മൂലഘടകങ്ങള്‍. ഇവ തന്നെയാണ്  മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ പ്രധാന പോഷക സ്രോതസ്സുകള്‍. മാലിന്യങ്ങളില്‍ പെരുകുന്ന പ്രകൃതിയിലെ ഈ സൂക്ഷമജീവികള്‍ ഉല്‍പാദിപ്പിക്കുന്ന ദീപനരസം (Enzyme) പോളിമെറുകളുടെ വിഘടനത്തിന്റെ പ്രധാന കാരണം. ഓരോതരം സൂക്ഷ്മ ജീവികള്‍ക്കും വ്യത്യസ്ത പോളിമെറുകളെ വിഘടിപ്പിക്കാനുള്ള ശേഷിയാണ് സാധാരണ കാണാറുള്ളത്. ഉദാഹരണമായി സെല്ലുലോസ് വിഘടിപ്പിക്കുന്ന (ആഹാരമാക്കുന്ന) സൂക്ഷ്മ ജീവികള്‍ക്ക് സെല്ലുലൈസ് (Cellulase) ദീപനരസം ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. 

പോളിമെറുകള്‍ (മാലിന്യങ്ങളോ അസംസ്‌കൃത വസ്തുക്കളോ) കുമിഞ്ഞുകൂടുന്നിടത്ത് അവ ആഹരിക്കുന്ന സൂക്ഷ്മ ജീവികള്‍ പെരുകുകയും അതിലൂടെ വിഘടനം (Decomposition) സാധ്യമാവുകയും ചെയ്യും. ഇതിനു അനുകൂലവും പ്രതികൂലവുമായ ചില സാഹചര്യങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. സാധാരണ ഓക്‌സിജന്റെ സാന്നിധ്യത്തില്‍ (Aerobic) ഇത്തരം വിഘടനങ്ങള്‍ നടക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സയിഡ് വാതകം വികിരണം ചെയ്യപ്പെടും. താരതമ്യേന വേഗത കൂടിയ ഇത്തരം വിഘടനം, കമ്പോസ്റ്റിംഗ് (Composting) എന്നാണ് അറിയപ്പെടുന്നത്. ഓക്‌സിജന്റെ സാന്നിധ്യത്തിലുള്ള  വിഘടനം മണ്ണിരകള്‍ക്കും സാധ്യമാവും. പൊതുവില്‍ പാതി ജീര്‍ണിച്ച വസ്തുക്കളെ ഉപയോഗിക്കാനുള്ള ശേഷിയാണ് മണ്ണിരകള്‍ക്കുള്ളത്. അതുകൊണ്ട് വളരെ സൂക്ഷ്മതയോടെ മാത്രമേ മണ്ണിര കമ്പോസ്റ്റിംഗ് സാധ്യമാവുകയുള്ളു. ഓക്‌സിജന്റെ അസാന്നിധ്യത്തിലാണ് (Anaerobic) വിഘടനം സാധ്യമാവുന്നതെങ്കില്‍ കത്തുന്ന വാതകമായ മീഥേന്‍ (Methane) ആണ് പുറന്തള്ളപ്പെടുക. പൊതുവില്‍ ബയോഗ്യാസ് (Biogas) എന്നറിയപ്പെടുന്ന ഏഴോളം വാതകങ്ങളുടെ സംയുക്തത്തില്‍ മീഥേന്‍ ആണ് പ്രധാന ഇന്ധന വാതകം. 

ചെലവും അധ്വാനവും കുറഞ്ഞ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് മാലിന്യസംസ്‌കരണ  രീതികളാണ് നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലുള്ളത്. മൂന്നു കാര്യങ്ങളാണ് കമ്പോസ്റ്റിംഗില്‍ ശ്രദ്ധിക്കാനുള്ളത്. മാലിന്യങ്ങളുടെ വലിപ്പം കഴിയുന്നത്ര ചെറുതാക്കുക. Oxygen മതിയായ അളവില്‍ ലഭ്യമാവുന്നതിന് ഇളക്കിക്കൊടുക്കല്‍ (Turning) അനിവാര്യമാണ്. കൂടാതെ നനവ് (Moisture) ആവശ്യത്തിനുണ്ടാവണം. ഒരിക്കലും 60% കൂടുതല്‍ നനവ് പാടില്ല (കൈ നിറയെ മാലിന്യമെടുത്ത് ഞെക്കുമ്പോള്‍ വിരലിനിടയില്‍കൂടി നനവ് പുറത്തുവരുന്നുവെങ്കില്‍ നനവ് 60% ആണെന്ന് അനുമാനിക്കാം). ഏറോബിക് (ഓക്‌സിജന്‍ സാന്നിധ്യത്തില്‍) ആയ പൈപ്പ് കമ്പോസ്റ്റിംഗില്‍ പൊതുവില്‍ കണ്ടുവരാറുള്ള പ്രശ്‌നം ഈ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ്. നനവ് കൂടുന്നതും Oxygen മതിയായ അളവില്‍ ലഭ്യമാവാത്തതും വിഘടനം അനൈറോബിക് (ഓക്‌സിജന്‍ ഇല്ലാത്ത) ആക്കിമാറ്റും. മീഥേന്‍ അടക്കമുള്ള ബയോഗ്യാസ് അന്തരീക്ഷത്തിലേക്ക് തള്ളപ്പെടുന്നത് സ്വാഭാവികമായും ദുര്‍ഗന്ധം പരത്തും. ഈച്ച പോലുള്ള ഷഡ്പദങ്ങള്‍ പരിസരങ്ങളില്‍ പെരുകാനും ഇത് കരണമായിത്തത്തീരും. അനൈറോബിക് (ഓക്‌സിജന്‍ ഇല്ലാത്ത) വിഘടനം പൂര്‍ണമായും അടച്ച (എയര്‍ ടൈറ്റ്) ആയ സൗകര്യങ്ങളിലാണ് നടക്കേണ്ടത്. ഒരു ലൈനിലൂടെ മാത്രം ബയോഗ്യാസ് ശേഖരിച്ച് അത് കത്തിക്കാനുപയോഗിക്കുകയാണ് വേണ്ടത്. ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമാവുന്നതിന് പ്രധാന കാരണം എയര്‍ ടൈറ്റ് സൗകര്യം നഷ്ടമാവുമ്പോഴാണ്.

കമ്പോസ്റ്റിംഗ് താരതമ്യേന എളുപ്പമുള്ള മാലിന്യ സംസ്‌കരണ രീതിയാണെങ്കിലും മാലിന്യങ്ങള്‍ ചെറുതാക്കാനുള്ള (Chopping) സൗകര്യവും ഇളക്കിക്കൊടുക്കാനുള്ള (Turning) സൗകര്യവും ഇല്ലാതെ അതിനു മുതിരുന്നത് അബദ്ധമാകാനാണ് സാധ്യത.  

പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗങ്ങളന്വേഷിക്കുന്നവര്‍ ധാരാളമാണ്. അടിസ്ഥാനപരമായി ഒരു ശാസ്ത്രസത്യം മനസ്സിലാക്കണം. പ്രകൃതി ഉല്‍പാദിപ്പിച്ച പോളിമെറുകളെ വിഘടിപ്പിക്കാനുള്ള ശേഷി മാത്രമേ നാം പ്രകൃതിയില്‍നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വര്‍ഷങ്ങള്‍ ജീവിക്കുന്ന ചില സൂക്ഷ്മജീവികള്‍ക്ക് സ്വാഭാവിക ജനിതകമാറ്റം സംഭവിക്കുകയാണെങ്കില്‍ അവക്ക് ചിലപ്പോള്‍ വിഘടനം നടത്താന്‍ കഴിഞ്ഞേക്കും. അത്തരം സൂക്ഷ്മ ജീവികളെ കണ്ടെത്തി പരീക്ഷിച്ചെങ്കിലും വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ കാലതാമസം വേണ്ടിവരുന്നുണ്ട്. പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇന്ന് ബില്യണ്‍ കണക്കിന് ഡോളര്‍ കൈമാറ്റം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ബിസിനസ് ശൃംഖലയുടെ ഭാഗമാണ് എന്നിരിക്കെ മറ്റൊരു മാര്‍ഗം അന്വേഷിക്കാതിരിക്കലാണ് ഉചിതം. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്നത് മാത്രമാണ് പ്രകൃതിയെ സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട അനുയോജ്യമായ മാര്‍ഗം.

 

അതിവേഗ സംവിധാനങ്ങള്‍

ഇന്‍സിനേറ്ററുകള്‍ പൊതുവില്‍ കേട്ടു പരിചയമുള്ള ഒരു ഉപകരണമാണ്. ആശുപത്രി മാലിന്യങ്ങള്‍ അതിവേഗം ദഹിപ്പിച്ചുകളയാന്‍ ഉപയോഗിക്കുന്നത് ഇന്‍സിനേറ്ററുകളാണ്. 850 ഡിഗ്രി വരെ താപനിലയില്‍ മാലിന്യങ്ങള്‍ കത്തിച്ചുകളയുകയാണ്. മണിക്കൂറില്‍ 35 മെട്രിക് ടണ്‍ മാലിന്യം വരെ സംസ്‌കരിക്കാന്‍ കഴിയുന്ന ഇന്‍സിനറേറ്ററുകള്‍ ലഭ്യമാണ്. ഇന്‍സിനറേറ്ററുകളില്‍നിന്ന് പുറത്തുവരുന്ന ഫഌ ഗ്യാസ് (Flue Gas) ഉയര്‍ന്ന താപനിലയുള്ള വാതകമാണ്. അതുപയോഗപ്പെടുത്തി നീരാവിയുണ്ടാക്കി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകളും ലോകത്ത് നിലവിലുണ്ട്. പക്ഷേ, പ്രധാന പ്രശ്‌നം ഫഌ ഗ്യാസില്‍ അടങ്ങിയിട്ടുള്ള വിഷവാതകങ്ങളായ ഡിഓക്‌സിനുകളും ഫ്യൂറാനുമാണ്. ഇവയെ വിഘടിപ്പിച്ചു നിര്‍വീര്യമാക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെങ്കിലും അതുപയോഗപ്പെടുത്തുന്നവര്‍ അധികമില്ല. 

ഗ്യാസിഫിക്കേഷന്‍ (Gasification) ആണ് മറ്റൊരു സാങ്കേതികവിദ്യ. മാലിന്യങ്ങളെ 700 ഡിഗ്രി വരെ താപനിലയില്‍ കുറഞ്ഞ അളവിലുള്ള ഓക്‌സിജന്റെ സാന്നിധ്യത്തിലോ നീരാവിയുടെ സാന്നിധ്യത്തിലോ ദഹിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഗ്യാസിഫിക്കേഷനില്‍ നടക്കുന്നത്. ഗ്യാസിഫിക്കേഷന്‍ കഴിഞ്ഞ് പുറത്തുവരുന്ന വാതകം മികച്ച ഒരു ഇന്ധനമായതുകൊണ്ട് സിന്‍ ഗ്യാസ് (Syngas) എന്നാണ് അതിനെ വിശേഷിപ്പിക്കാറുള്ളത്. പൈറോലിസിസ് (Pyrolisis) ആണ് മറ്റൊരു സാങ്കേതിക വിദ്യ. ഇവിടെ മാലിന്യങ്ങളെ 200 മുതല്‍ 300 വരെ ഡിഗ്രി താപനിലയില്‍ ദഹിപ്പിക്കുന്നത് ഓക്‌സിജന്റെ പൂര്‍ണ അസാന്നിധ്യത്തിലാണ് (Anaerobic). അതുകൊണ്ടുതന്നെ പുറത്തുവരുന്ന വാതകവും ദ്രാവകവും (Gas and Liquid) ഒരുപോലെ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. ദഹനശേഷം അവശേഷിക്കുന്ന കരി, കല്‍ക്കരിക്ക് സമാനമായ ഊര്‍ജോല്‍പാദന ശേഷിയുള്ളവയാണ്. താരതമ്യേന അന്തരീക്ഷ മലിനീകരണത്തില്‍നിന്ന് മുക്തമാണ് പൈറോലിസിസ് സാങ്കേതികവിദ്യ. അജൈവ മാലിന്യങ്ങള്‍ പോലും സംസ്‌കരിക്കാന്‍ കഴിയുന്ന ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലുള്ള പ്രധാന തടസ്സം ഉയര്‍ന്ന ഇന്‍വെസ്റ്റ്‌മെന്റും മെയ്ന്റനന്‍സ് ചെലവുകളും അന്തരീക്ഷ മലിനീകരണവുമാണ്. 


ഉറവിട മാലിന്യ സംസ്‌കരണമാണ് പരിഹാരം 

താരതമ്യേന ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനമെന്ന നിലക്ക് കേരളത്തിന് അനുയോജ്യമായ  മാലിന്യസംസ്‌കരണരീതി ഉറവിടമാലിന്യസംസ്‌കരണം തന്നെയാണ്. ഫഌറ്റുകളും 5 സെന്റില്‍ താഴെ മാത്രം സ്ഥലസൗകര്യവുമുള്ള വീടുകളും വ്യാപകമായിക്കൊണ്ടിരിക്കെ, ഒരു കുടുംബത്തിന് മാത്രമായി മാലിന്യസംസ്‌കരണം പ്രായോഗികമാവുമോ എന്ന ചോദ്യം പ്രസക്തമാണ്. 5/10 മുതല്‍ 50/100 കുടുംബങ്ങള്‍ക്ക് വരെ വേണ്ടിയുള്ള മാലിന്യസംസ്‌കരണ യൂനിറ്റുകള്‍ പ്രായോഗികമാണ്. കൂട്ടുത്തരവാദിത്തത്തില്‍  ഒട്ടേറെ ജനസേവന സംരംഭങ്ങള്‍ വിജയിപ്പിച്ച ചരിത്രം മലയാളികള്‍ക്കുണ്ട്. ഒരു ഷെഡ്ഡും, വീട്കട്ടര്‍/ചോപ്പറും, ഇളക്കിക്കൊടുക്കാനുള്ള കൈക്കോട്ടോ മറ്റെന്തെങ്കിലും  സംവിധാനമോ ഉണ്ടായാല്‍ താരതമ്യേന വലിയ ഒരു യൂനിറ്റ് സജ്ജമായി. പ്രഭാത വ്യായാമത്തിനു പകരം ഒരു മണിക്കൂര്‍ മാറിമാറി സ്ഥലവാസികള്‍ തങ്ങളുടെ അധ്വാനം നീക്കിവെച്ചാല്‍ ഒരു കമ്പോസ്റ്റിംഗ് യൂനിറ്റ് പ്രവര്‍ത്തനക്ഷമമായി. കട്ടിംഗും ഇളക്കിക്കൊടുക്കലും ഒരേ സംവിധാനത്തില്‍ മോട്ടോര്‍ ഉപയോഗിച്ചോ മാന്വല്‍ ആയോ നടത്തിയാല്‍ കാര്യം കുറേകൂടി എളുപ്പമായി. ഓരോ 60 ദിവസ ബാച്ചിലും ഉല്‍പാദിപ്പിക്കുന്ന  കമ്പോസ്റ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കുകയോ അല്ലെങ്കില്‍ വില്‍പന നടത്തുകയോ  ചെയ്യാം. 

ഇത്തരത്തില്‍ ബയോഗ്യാസ് പ്ലാന്റുകളും ആകാവുന്നതാണ്. കൃത്യമായ മെയ്ന്റനന്‍സ്, അതായത് 6 മാസത്തിലൊരിക്കലെങ്കിലും ആവശ്യാനുസരണം ചാണകം റീചാര്‍ജ് ചെയ്യുകയും ലീക്, ബ്ലോക്ക് തുടങ്ങിയ കാര്യങ്ങളില്‍  ശ്രദ്ധ പുലര്‍ത്തുകയും ചെയ്താല്‍ ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനക്ഷമമാക്കാം. പ്ലാന്റില്‍നിന്നുള്ള  ബയോഗ്യാസ് മീഥേനോടൊപ്പം  7-ഓളം വിവിധ വാതകങ്ങളും അടങ്ങിയതാണ്. അതില്‍ പ്രധാനപ്പെട്ട കാര്‍ബണ്‍ഡൈയോക്‌സൈഡ് കൂടാതെ ജലാംശവും നീക്കം ചെയ്താല്‍ നിലവില്‍ ബയോഗ്യാസ് കത്തുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി ഇന്ധന ഉപയോഗം നടക്കുകയും ചെയ്യും.  

പുറം നന്നായിട്ടു കാര്യമില്ല, അകമാണ് നന്നാവേണ്ടത്. പക്ഷേ പുതിയ കാലത്ത്, പ്രത്യേകിച്ച് കേരളത്തില്‍ നമുക്ക് പറയേണ്ടി വരുന്നു അകം മാത്രം നന്നായിട്ട് കാര്യമില്ല, പുറം കൂടി നന്നാവേണ്ടതുണ്ടെന്ന്. മഹല്ല് പോലുള്ള കൂട്ടായ്മകളും പണ്ഡിതന്മാരും സംഘടനകളും ഒത്തുപിടിച്ചാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ നമുക്കുള്ളൂ. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കേരളചരിത്രത്തില്‍ പുതിയ ഒരു സാമൂഹിക മുന്നേറ്റത്തിനായിരിക്കും അതിലൂടെ തുടക്കം കുറിക്കപ്പെടുക. 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്