കള്ളപ്പണം പേടിച്ച് എക്കണോമിയെ ചുടുന്നവര്‍
ഇന്ത്യയില്‍ ഇതിനു മുമ്പും കറന്‍സികള്‍ പിന്‍വലിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1936-ലാണ് ആദ്യമായി 10,000 രൂപയുടെ നോട്ട് അടിച്ചിറക്കിയത്. 1946-ല്‍ 10,000 രൂപയുടെ നോട്ട് പിന്‍വലിച്ചു. 1954-ല്‍ 5000, 10000 രൂപ നോട്ടുകള്‍ വീണ്ടും അടിച്ചിറക്കി. 1978-ല്‍ വീണ്ടും പിന്‍വലിച്ചു. 2000-ലാണ് 1000 രൂപ നോട്ട് അടിച്ചിറക്കുന്നത്. ഇതേ പോലെ അണ, 5 പൈസ, 10 പൈസ, അവസാനമായി 25 പൈസ എന്നിവയൊക്കെ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഏറ്റവും ചെറിയ നാണയങ്ങളോ വലിയ തുകയുടെ കറന്‍സികളോ ആണ്. ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന 500, 1000 രൂപാ നോട്ടുകളാണ്. 2015-ലെ കണക്കു പ്രകാരം 500, 1000 രൂപാ നോട്ടുകള്‍ മൊത്തം പണത്തിന്റെ 84% ആണ്. പൊടുന്നനെ ഇത് പിന്‍വലിക്കുന്നത് സമ്പദ്ഘടനയെ സാരമായി ബാധിക്കും. ഒരു രാഷ്ട്രത്തില്‍ നിലവിലുള്ള പണത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ പ്രതിസന്ധി അനുഭവപ്പെടും.
കള്ളപ്പണം തിരിച്ചുപിടിക്കുന്നത് ഒരു രാജ്യത്തെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചേടത്തോളം ഏറെ സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെ നടപടി കള്ളപ്പണം എത്രത്തോളം തിരിച്ചുകൊണ്ടുവരുമെന്ന് കണ്ടുതന്നെ അറിയണം. വലിയ കള്ളപ്പണക്കാരൊക്കെയും അവരുടെ പണം സൂക്ഷിക്കുന്നത് സ്വിസ് ബാങ്ക്, റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ സംവിധാനങ്ങളിലാണ്. അതിനെയൊന്നിനെയും തന്നെ ഈ നടപടി നേരിട്ട് ബാധിക്കുന്നില്ല. കൈയില്‍ അനധികൃതമായ പണം കറന്‍സിയായി സൂക്ഷിച്ചവരെയാണ് ഇത് ബാധിക്കുക. അവര്‍ തന്നെ 50 ദിവസം കൊണ്ട് കുറേയെങ്കിലും പുതിയ നോട്ടാക്കി മാറ്റാന്‍ വഴി കെണ്ടത്താതിരിക്കുമോ? ചുരുങ്ങിയ പക്ഷം അവര്‍ കള്ളപ്പണം സമ്പാദിക്കാനും സര്‍ക്കാര്‍ അറിയാതെ സൂക്ഷിക്കാനും പഠിച്ചവരാണല്ലോ! ഇതില്‍ കുറച്ച് കള്ളപ്പണക്കാരും ഉള്‍പ്പെടാം.
ബാങ്കില്‍നിന്ന് ദിനംപ്രതി പിന്‍വലിക്കാവുന്ന തുക ആദ്യഘട്ടത്തില്‍ 2000-വും പിന്നീട് 4000-വും ചെക്ക് വഴി 10,000 ഒക്കെയായി പരിമിതപ്പെടുത്തിയാല്‍ രാജ്യത്തിന്റെ സമ്പദ്ഘടന വീര്‍പ്പുമുട്ടുമെന്നതില്‍ സംശയമില്ല. ഡെബിറ്റ്/ക്രഡിറ്റ്/എടിഎം കാര്‍ഡുകളും നെറ്റ് ബാങ്കിംഗും ഉപയോഗിക്കാം. പക്ഷേ അത് ഉപയോഗിക്കുന്നവര്‍ എത്ര ശതമാനം വരും? ഒറ്റ ദിവസം നടത്തപ്പെടുന്ന ഹര്‍ത്താല്‍ പോലും രാജ്യത്തിന് കോടികളുടെ നഷ്ടമാണ് വരുത്തിവെക്കാറുള്ളത് എന്നിരിക്കെ രണ്ട് മാസത്തോളം നിലനില്‍ക്കുന്ന അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ എത്രത്തോളം രാജ്യത്തെ ബാധിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. 1000 രൂപ നോട്ടടിക്കുന്നതിന് 3.17 രൂപയും 500 രൂപ നോട്ടടിക്കുന്നതിന് 2.50 രൂപയും ചെലവ് വരും. അഥവാ പഴയ നോട്ടുകള്‍ പിന്‍വലിച്ച് പൂര്‍ണമായും പുതിയത് ഇറക്കുന്നതിന് ഖജനാവില്‍നിന്ന് 12,000 കോടി രൂപ ചെലവഴിക്കേണ്ടിവരും. ഒരു രാജ്യത്തെ എക്കണോമിയില്‍ അടിയന്തരാവസ്ഥയുടെ പ്രതീതിയുണ്ടാക്കി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിനും സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കും അരക്ഷിതാവസ്ഥ സൃഷ്ടിച്ച് സാമ്പത്തികമായി വലിയ നഷ്ടം വരുത്തി പിടിച്ചെടുക്കുന്ന കള്ളപ്പണം ആ നഷ്ടങ്ങള്‍ നികത്താനെങ്കിലും തികയുമോ!?
കള്ളപ്പണവും കള്ളനോട്ടുകളും തടയാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ക്ക് തടയിടാനുമാണ് പ്രസ്തുത നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നാണ് വാദം. കള്ളപ്പണവും കള്ളനോട്ടുകളും തടയാന്‍ 500-ഉം 1000-വും പിന്‍വലിച്ച് പുതിയ രൂപത്തിലും ഭാവത്തിലും 500-ഉം 1000-വും തന്നെ ഇറക്കുകയും പഴയ നോട്ടുകള്‍ കാലാവധി വെച്ച് പിന്‍വലിക്കുകയും ചെയ്താല്‍ മതി എന്നിരിക്കെ, എന്തിനാണ് 2000-ന്റെ നോട്ടുകള്‍ ഇറക്കുന്നത്?
പണപ്പെരുപ്പം വര്‍ധിക്കുമ്പോഴാണ് സാധാരണഗതിയില്‍ വലിയ തുകയുടെ നോട്ടുകള്‍ ആവശ്യമായി വരുന്നത്. 2000-ത്തിന്റെ നോട്ടുകള്‍ വ്യാപകമായി ഇറങ്ങുന്നു എന്നത് എക്കണോമി പിന്നിലേക്ക് പോകുന്നു എന്നതിന്റെ സൂചന കൂടിയാണ്. സിംബാബ്‌വെയില്‍ 25000-ത്തിന്റെ നോട്ടുകളുണ്ട്. പക്ഷേ അവര്‍ പലചരക്കും പച്ചക്കറിയും വാങ്ങുന്നതിനു പോലും അത്തരം നോട്ടുകളാണ് കൊണ്ടുപോകേണ്ടിവരുന്നത്.
സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചോ പാനമ ഇടപാടുകളെക്കുറിച്ചോ ഒരന്വേഷണവും നടത്താതെ ഓരോ സാധാരണ പൗരനെയും പ്രതിസന്ധിയിലാക്കുന്ന പുതിയ നടപടി, കള്ളപ്പണം പിടിക്കുന്നുണ്ട് എന്ന് എല്ലാവരെയും ധരിപ്പിക്കാനുള്ള തന്ത്രമാവാം.
കള്ളനോട്ടുകള്‍ പാകിസ്താനില്‍നിന്ന് അതിര്‍ത്തി വഴിയാണ് ഇറങ്ങുന്നതെന്ന പ്രയോഗവും തീവ്രവാദ ഫണ്ട് പ്രയോഗവും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം കള്ളപ്പണമിറങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നത് നഗ്നസത്യമായിരിക്കെ, അത് പരാമര്‍ശിക്കാതെ പാകിസ്താനും തീവ്രവാദവും ഉന്നയിക്കപ്പെടുന്നത് 'ദേശസ്‌നേഹികളെ' കൈയിലെടുക്കാനാണെന്ന് വ്യക്തം.
Comments