Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

നീതിയും സാമൂഹിക ക്ഷേമവുമാണ് ശരീഅത്തിന്റെ ഊന്നല്‍

അഡ്വ. ലൈല അശ്‌റഫ്

ജനനന്മയും സാമൂഹിക ക്ഷേമവും സാക്ഷാത്കരിക്കുകയും സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ തുല്യനീതിയും പരസ്പരപൂരകമായ അവകാശങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷത. വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് ശരീഅത്തിന്റെ മൗലികാടിത്തറകള്‍. അതുകൊണ്ടുതന്നെ കാലാതീതവും ദേശാതീതവുമാണ് ഇസ്‌ലാമിക ശരീഅത്ത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ബഹുഭാര്യത്വം, കുറ്റവാളികള്‍ക്കുള്ള ശിക്ഷകള്‍ എന്നിവയില്‍ പരിമിതമല്ല ശരീഅത്ത്. അവ ശരീഅത്തിന്റെ പ്രധാന വശങ്ങളും അല്ല. കുടുംബം, സമൂഹം, വിശ്വാസം, കര്‍മം, വിജ്ഞാനം, രാഷ്ട്രം തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളെയും ശരീഅത്ത് ഉള്‍ക്കൊള്ളുന്നുണ്ട്. നീതിയും സാമൂഹിക ക്ഷേമവുമാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ഊന്നല്‍. ചില വിഷയങ്ങളില്‍ മാത്രം നടക്കുന്ന വിവാദങ്ങള്‍ അവയാണ് ശരീഅത്ത് എന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്. അതിലൊന്നാണ് സ്ത്രീപ്രശ്‌നങ്ങള്‍. 

ഇനി വിവാദമാക്കപ്പെടുന്ന സ്ത്രീയോടുള്ള ശരീഅത്തിന്റെ 'അനീതി'യെക്കുറിച്ച് ചിന്തിക്കുക. പാശ്ചാത്യരും പൗരസ്ത്യരുമായ സ്ത്രീസമൂഹങ്ങള്‍ പുരുഷന്റെ അടിമയായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ മാത്രമനുവാദമുണ്ടായിരുന്ന ഒരു യുഗത്തിലാണ് സ്ത്രീ-പുരുഷന്‍മാരെ ഇണ (സൗജ്) എന്ന് വിശേഷിപ്പിച്ചുകൊണ്ടും സ്ത്രീക്ക് സ്വത്തവകാശം നല്‍കിയും പള്ളിയിലും പടക്കളത്തിലും പ്രവേശിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയും ഇസ്‌ലാം രംഗപ്രവേശം ചെയ്യുന്നത്. മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗമെന്നും സമൂഹത്തിലെ ഉത്തമ വ്യക്തി സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണെന്നും പഠിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ട് വരെ ഇങ്ങ് ഇന്ത്യയിലും അങ്ങ് അമേരിക്കയിലും പുരുഷന്റെ അടിമയും വീടകങ്ങള്‍ തൂത്തുവാരാനും കുട്ടികളെ പെറ്റു വളര്‍ത്താനും മാത്രം വിധിക്കപ്പെട്ടവളുമായിരുന്നു സ്ത്രീ. പെണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കി വിദ്യാഭ്യാസം നല്‍കി വിവാഹം ചെയ്തയച്ച പിതാവിന് സ്വര്‍ഗം തന്നെയാണ് പ്രവാചകന്‍ വാഗ്ദാനം ചെയ്തത്. സ്വന്തം വസ്ത്രമലക്കിയും അടുക്കളയില്‍ ഭാര്യമാരെ സഹായിച്ചും ജീവിച്ചുകാണിച്ച പ്രവാചകന്‍ യുദ്ധക്കളത്തിലേക്ക് പ്രവേശിക്കാനുള്ള സ്ത്രീയുടെ ആഗ്രഹങ്ങള്‍ക്കും തടസ്സം നിന്നില്ല. ഉഹുദ് യുദ്ധത്തില്‍ ഓടിനടന്ന് പ്രവാചകന്റെ ജീവനു വേണ്ടി പോരാടിയ ഉമ്മു അമ്മാറ, അങ്ങാടിയിലിറങ്ങി നന്മയുപദേശിക്കാന്‍ ഉമര്‍ (റ) നിയോഗിച്ച ശിഫാഅ് (റ), പള്ളിയില്‍വെച്ച് മഹ്‌റിന്റെ കാര്യത്തില്‍ ഉമറി(റ)നോട് തര്‍ക്കിച്ച് വിജയം നേടിയ വനിത... ഇവരെല്ലാം അടയാളപ്പെടുത്തുന്നത് 15 നൂറ്റാണ്ട് മുമ്പ് ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയാണ്. 

വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഇസ്‌ലാമിന് വ്യക്തമായ നിയമങ്ങളുണ്ട്. വിവാഹം സാധുവാകാന്‍ സ്ത്രീയുടെ അനുവാദം വാങ്ങേണ്ടതു ണ്ട്. സ്ത്രീയുടെ അനുവാദമില്ലാതെ പിതാവിനാലോ മറ്റു രക്ഷിതാക്കളാലോ നടത്തപ്പെട്ട വിവാഹം റദ്ദ് ചെയ്യാനുള്ള അവകാശം ഇസ്‌ലാം സ്ത്രീക്ക് നല്‍കിയിരിക്കുന്നു. ഇന്ന് നടപ്പുള്ള മുത്ത്വലാഖിന്റെയും ബഹുഭാര്യത്വത്തിന്റെയും പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത് തദ്‌സംബന്ധമായ വിഷയങ്ങളില്‍ യഥാര്‍ഥ ഇസ്‌ലാമിക നിയമങ്ങള്‍ എന്താണെന്ന് പഠിക്കാത്തതുമൂലമാണ്. മുത്ത്വലാഖ് ഇസ്‌ലാമികമല്ല എന്നതിന് ഖുര്‍ആന്‍ തന്നെ തെളിവായുണ്ട്. 

ബഹുഭാര്യത്വമാകട്ടെ ആവശ്യമായ സാഹചര്യങ്ങളിലേക്ക് മാത്രമായി ഇസ്‌ലാം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീക്ക് പുരുഷനു മേലുള്ള അവകാശത്തെക്കുറിച്ച് സൂറ അല്‍ബഖറ വ്യക്തമാക്കുന്നത് 'മര്യാദയനുസരിച്ച് സ്ത്രീകളുടെ മേല്‍ പുരുഷന്മാര്‍ക്ക് എന്തവകാശമാണോ ഉള്ളത് അതുപോലെ പുരുഷന്മാരുടെ മേല്‍ സ്ത്രീക്കുമുണ്ട്' എന്നാണ് (2: 228). തുടര്‍ന്നുള്ള സൂക്തത്തില്‍ ത്വലാഖ് (വിവാഹമോചനം) രണ്ടു പ്രാവശ്യമാണെന്നും അതിനു ശേഷം മര്യാദയനുസരിച്ച് തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ സ്ത്രീയെ നന്മ ചെയ്തുകൊണ്ട് പിരിച്ചയക്കുകയോ ചെയ്യണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. നിങ്ങള്‍ സ്ത്രീയെ പിരിച്ചയക്കുന്ന പക്ഷം അവള്‍ക്ക് കൊടുത്തിട്ടുള്ളതില്‍നിന്ന് യാതൊന്നും തിരിച്ചെടുക്കരുതെന്നും പുരുഷനോട് കല്‍പിച്ചിട്ടുണ്ട്. രണ്ടു ത്വലാഖിനു ശേഷം അവളെ മൂന്നാമതും വിവാഹമോചനം ചെയ്യുകയാണെങ്കില്‍ പിന്നീട് സ്ത്രീ മറ്റൊരു വിവാഹം കഴിക്കുന്നതുവരെ അവള്‍ അവന് അനുവദനീയമല്ല. ഇതില്‍നിന്ന് ഒറ്റയിരിപ്പിലും ഒരേ സമയത്തും മൂന്ന് ത്വലാഖും ചൊല്ലാന്‍ പാടുള്ളതല്ല എന്ന് വ്യക്തമാണ്.

അനുവദിക്കപ്പെട്ടതില്‍വെച്ച് വെറുക്കപ്പെട്ടതെന്നാണ് ഇസ്‌ലാം വിവാഹമോചനത്തെ വിശേഷിപ്പിച്ചത്. ദാമ്പത്യബന്ധം തുടര്‍ന്നുപോകാന്‍ പ്രയാസപ്പെടുന്ന പക്ഷം ഇരു കുടുംബങ്ങളിലെയും മധ്യസ്ഥര്‍ ഇടപെടണമെന്നും രഞ്ജിപ്പിനുള്ള പരിശ്രമങ്ങള്‍ നടത്തണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഇതിനെല്ലാം ഉപരിയായി മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണത്തിനും വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനും നിയമങ്ങളുണ്ട്. ഏതുവിധേന നോക്കിയാലും ഇസ്‌ലാമിലെ സ്ത്രീ സുരക്ഷിതയാണ്. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ഭാവിജീവിതം സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവരോട് ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. ജസ്റ്റിസ് ഡി. ശ്രീദേവിയുടെ വാക്കുകളില്‍, മറ്റു മതങ്ങള്‍ സ്ത്രീയെ അടിമയായി കാണുമ്പോള്‍ ഇസ്‌ലാം സ്ത്രീയെ ഇണയായി കണക്കാക്കുന്നു എന്നാണ്. 

അതേസമയം, സ്ത്രീയോട് അനീതി ചെയ്യുംവിധം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് മറ്റൊരു വിഷയമാണ്. ത്വലാഖ് പോലെതന്നെ ബഹുഭാര്യത്വവും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടാകാം. അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ നീതി പാലിക്കാന്‍ കഴിയാതെ പോകും എന്ന് നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ലതായി തോന്നുന്ന മറ്റ് സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ വിവാഹം ചെയ്തുകൊള്ളുവിന്‍ എന്നാണ് ഇതിനെ സംബന്ധിച്ച് സൂറ: അന്നിസാഇല്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭാര്യമാര്‍ക്കിടയില്‍ ഒരുവളിലേക്ക് ചായാതിരിക്കണമെന്നും എന്നാല്‍ നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നാല്‍ പോലും നിങ്ങള്‍ക്കതിനു സാധിക്കില്ല എന്നും പറഞ്ഞുകൊണ്ട് രണ്ടാം വിവാഹത്തെ നിരുത്സാഹപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത് (സൂറ: അന്നിസാഅ്). ത്വലാഖും ബഹുഭാര്യത്വവും നിയന്ത്രണവിധേയവും ശരീഅത്തിന് അധീനവുമാകേണ്ടതുണ്ട്. അതു ചെയ്യേണ്ടത് പണ്ഡിത സമൂഹം ഏകോപിച്ചുകൊണ്ടാണ്. ത്വലാഖ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ കോടതിക്ക് ചെയ്യേണ്ടിയിരുന്നത് അത് ഖുര്‍ആനും സുന്നത്തിനും വിധേയമാക്കാന്‍ പണ്ഡിത സമൂഹത്തോട് നിര്‍ദേശിക്കുകയായിരുന്നു. 

നിയമങ്ങളുടെ ദുരുപയോഗം ഒരു പൊതുവിഷയമാണ്. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ മാത്രമല്ല നമ്മുടെ രാജ്യത്ത് നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പലതും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീധനം നിരോധിച്ചതുകൊണ്ടും ശൈശവ വിവാഹം ശിക്ഷാവിധേയമാക്കിയിട്ടും സ്ത്രീയുടെ ദുരവസ്ഥക്ക് തടയിടാന്‍ ഈ നിയമങ്ങള്‍ കൊണ്ടൊന്നും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ ശക്തമായി നിലവിലുണ്ടെങ്കിലും ഇത്തരം കേസുകളിലകപ്പെടുന്നവരില്‍ വലിയൊരു വിഭാഗവും ശിക്ഷിക്കപ്പെടാറില്ല. 

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദാനം എന്നിവയില്‍ നിലവിലുള്ള നിയമങ്ങള്‍ ഏകീകരിച്ചുകൊണ്ടും ഇസ്‌ലാമിക വിധികള്‍ക്ക് വിധേയമാക്കിയും 1937-ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്ത്യന്‍ ശരീഅത്ത് ലോ അപ്ലിക്കേഷന്‍ ആക്ട് പാസ്സാക്കുന്നത്. 1986-ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ശാബാനു കേസ് വിധിയെത്തുടര്‍ന്നാണ് 1986-ല്‍ Protection of Right of Muslim Women on Divorce  ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. ആക്ട് പ്രകാരം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ക്രിമിനല്‍ കോടതിയില്‍ ജീവനാംശത്തിന് കേസ് ഫയല്‍ ചെയ്യാം. പിന്നീട് 1989-ല്‍ Dissolution of Muslim Marriage Act പാസ്സാക്കപ്പെട്ടു. ഹിന്ദു ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് വിവാഹമോചനത്തിന് കാരണമായ പീഡനം, 7 വര്‍ഷത്തെ തടവ്, ദാമ്പത്യബന്ധം പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തുക തുടങ്ങിയ കാരണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്ന പക്ഷം കോടതി വിവാഹമോചനം അനുവദിക്കുന്നതാണ്. 

ഹിന്ദുമതവിശ്വാസപ്രകാരം സ്ത്രീ പുരുഷന് അധീനപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവളായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകള്‍ യാതൊരു വിധ പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീക്ക് വിവാഹമോചനത്തിന് അവകാശമുണ്ടായിരുന്നില്ല. ക്രിസ്തുമതത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ബുദ്ധമതം പോലും സ്ത്രീയെ രണ്ടാം സ്ഥാനത്തായിരുന്നു ഇരുത്തിയത്. 1955-ലാണ് ഇന്ത്യന്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമാണ് നെഹ്‌റു മന്ത്രിസഭ ഹിന്ദു മാര്യേജ് ആക്ട് പാസ്സാക്കിയത്. ആക്ടിലെ 7-ാം വകുപ്പനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനിന്നുപോരുന്ന ആചാരങ്ങള്‍ തന്നെയാണ് വിവാഹപൂര്‍ത്തീകരണത്തിന് (Solemnisation of Marriage) മാനദണ്ഡമായി കോടതി കണക്കാക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ ഉറവിടം പ്രധാനമായും ഖുര്‍ആനും ഹദീസുമായിരുന്നെങ്കില്‍, ശ്രുതിയും സ്മൃതിയും നാട്ടാചാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുനിയമങ്ങള്‍. 1955-ല്‍ പാസ്സാക്കപ്പെട്ട ഹിന്ദു കോഡ് ബില്‍ Hindu Marriage Act, Hindu Succession Act, Hindu Minority and Guardianship Act, Hindu Adoption and Maintenance Act എന്നിവയുള്‍ക്കൊള്ളുന്നവയാണ്. ഹിന്ദു മാര്യേജ് ആക്ടനുസരിച്ച് ആദ്യഭാര്യയുടെ അനുവാദമുണ്ടെങ്കില്‍ പുരുഷന് വീണ്ടും വിവാഹം ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍ സ്വത്തില്‍ രണ്ടാം ഭാര്യക്ക് അവകാശമുണ്ടായിരിക്കില്ല. ഇവിടെയാണ് ഇസ്‌ലാമിക നിയമങ്ങള്‍ വ്യത്യസ്തമാകുന്നതും സ്ത്രീക്ക് സുരക്ഷ നല്‍കുന്നതും. അനിവാര്യ കാരണങ്ങളാല്‍ പുനര്‍വിവാഹം ചെയ്യേണ്ടിവരുന്ന ഘട്ടങ്ങളില്‍ രണ്ടാമത് വിവാഹം ചെയ്യപ്പെട്ട ഭാര്യക്കും കുട്ടികള്‍ക്കും സാമ്പത്തിക സംരക്ഷണവും സ്വത്തവകാശങ്ങളും ഇസ്‌ലാമിക നിയമപ്രകാരം ലഭിക്കുന്നുണ്ട്. 

ബഹുഭാര്യത്വം നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിലൂടെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സാധിക്കുന്നതാണ്. കുവൈത്ത്, അഫ്ഗാനിസ്താന്‍, മൊറോക്കോ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്യക്തി നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. 1961-ലെ പാകിസ്താന്‍ ഫാമിലി ലോ ഓര്‍ഡിനന്‍സ് പ്രകാരം രണ്ടാം വിവാഹം ഉദ്ദേശിക്കുന്ന ഭര്‍ത്താവ് ഇതുസംബന്ധമായി നിയോഗിക്കപ്പെട്ട രജിസ്ട്രാര്‍ മുമ്പാകെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുകയും അനുമതി വാങ്ങുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക നിയമങ്ങള്‍ നിലവിലുള്ള ചില രാജ്യങ്ങളില്‍ വിവാഹസമയത്തുതന്നെ ആദ്യഭാര്യക്ക് ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്യുകയില്ലെന്ന കരാറുണ്ടാക്കാനും പ്രസ്തുത കരാര്‍ ലംഘിക്കുന്ന പക്ഷം നഷ്ടപരിഹാരത്തുക വാങ്ങി ബന്ധം വേര്‍പെടുത്താനും വ്യവസ്ഥയുണ്ട്. 

മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്നുവെന്ന കാരണം കൊണ്ട് പുരുഷനോ സ്ത്രീയോ ശരീഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാകുന്നില്ല. വിശ്വാസിക്കു മാത്രമാണ് ശരീഅ നിയമങ്ങള്‍ ബാധകമാകുന്നത്. 1954-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ടുലരശമഹ ങമൃൃശമഴല അരേ1954 മുസ്‌ലിമിനും ഹിന്ദുവിനും ക്രൈസ്തവനും മാത്രമല്ല ഏതൊരു പൗരനും ഉപയോഗിക്കാവുന്നതാണ്. ഇതുപ്രകാരം അതതു ജില്ലയിലെ വിവാഹ രജിസ്ട്രാര്‍ മുഖാന്തരം ഒരു മാസം മുമ്പ് അപേക്ഷ നല്‍കുകയും രജിസ്ട്രാര്‍ സാക്ഷികള്‍ മുഖാന്തിരം വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കുന്നതുമാണ്. ദമ്പതികള്‍ വേര്‍പിരിയുമ്പോഴോ മറ്റു ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴോ ജില്ലാ കോടതിയെ സമീപിക്കാനും ആക്ട് അനുമതി നല്‍കിയിട്ടുണ്ട്. 

'മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യദാനം' എന്ന പേരില്‍ സുപ്രീംകോടതി സ്വമേധയാ ഒരു കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മാത്രം ഇന്ത്യയെ കാവിവല്‍ക്കരിക്കാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുന്ന മോദി ഭരണകൂടത്തിന് തേടിയ വള്ളി കാലില്‍ ചുറ്റിയതുപോലെയായി. ഹെഡ്ഗേവാറും സവര്‍ക്കറും തറക്കല്ലിട്ട ഏകശിലാത്മക സംസ്‌കാരത്തിന് ഊടും പാവും നല്‍കി മോദി ഭരണം മുന്നോട്ടുപോകുമ്പോള്‍ ഭരണഘടനയും ജനാധിപത്യവും നോക്കുകുത്തിയാവുകയും ഇന്ത്യ ജാതീയതയിലേക്കും വിഭാഗീയതയിലേക്കും കൂപ്പുകുത്തുകയുമാണ്.  

ഇത്തരം നീക്കങ്ങള്‍ തടയാന്‍ ജാതിമത ഭേദമന്യേ ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ജനങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. ദേശീയ നിയമ കമീഷനെ നിയോഗിച്ച് പൊതു അഭിപ്രായം ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മ വരുന്നത് ഗ്രീസില്‍ ഗലീലിയോവിനെ വിഷംകൊടുത്തുകൊന്നതും ജനങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ചായിരുന്നു എന്നതാണ്! ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 69 വര്‍ഷമായി. ഇതുവരെയും ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭയിലും പങ്കാളികളായ സ്ത്രീകള്‍ എത്രയുണ്ട്? കണക്കുകള്‍ പ്രകാരം സുഊദി അറേബ്യയേക്കാളും ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും എത്രയോ പിന്നിലാണ് ഇന്ത്യയില്‍ ഭരണരംഗത്ത് സ്ത്രീപ്രാതിനിധ്യം. രാജ്യസഭ 33% സംവരണം പാസ്സാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ഇതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്താത്തത്? ഇതിലൊന്നും കോടതി അഭിപ്രായം പറയാത്തത് എന്തുകൊണ്ടാണ്? 

ന്യൂദല്‍ഹിയിലെ രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമീഷണറുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം കൂടുതല്‍ ഗോത്രമതവിഭാഗങ്ങളിലാണ്- 15.25%. തൊട്ടുതാഴെ ബുദ്ധമതത്തിലും അതിനു താഴെ ഹിന്ദുമതത്തിലുമാണ് ബഹുഭാര്യത്വം പിന്നെ കൂടുതലുള്ളത്. ഇതിനും താഴെയാണ് മുസ്‌ലിംകളിലുള്ളത്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 30 ശതമാനത്തിലധികവും 18 വയസ്സിനു മുമ്പ് വിവാഹം ചെയ്യപ്പെട്ടിട്ടുണ്ട്! അതില്‍ ഹിന്ദു-മുസ്‌ലിം അനുപാതം 31% ന് മുകളില്‍ വരുന്ന ഇന്ത്യയില്‍ ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും 2001-ലെ സെന്‍സസ് അനുസരിച്ച് 78 ലക്ഷം പെണ്‍കുട്ടികളും 10 വയസ്സിനു മുമ്പ് വിവാഹം ചെയ്യപ്പെട്ടവരാണ്. 

ഭരണഘടനയുടെ മൂന്നാം പാര്‍ട്ടിലാണ് മൗലികാവകാശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 25-ാം വകുപ്പുപ്രകാരം ഇഷ്ടമുള്ള മതം വിശ്വസിക്കാന്‍ മാത്രമല്ല അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും ഇത് അനുമതി നല്‍കുന്നുവെന്നിരിക്കെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയില്‍ കൈകടത്തുന്നത് ഭരണഘടന പൗരനു നല്‍കുന്ന മൗലികാവകാശങ്ങളിലുള്ള കൈടത്തലാണ്. ഭരണകര്‍ത്താക്കള്‍ക്കോ കോടതിക്കോ ഇതിനധികാരമില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞ പോലെ, 'കോടതി തെറ്റു പറ്റാതിരിക്കുന്നതുകൊണ്ടല്ല അവസാന വാക്കായത്. അവസാന വാക്കായതുകൊണ്ടാണ് തെറ്റു പറ്റാത്തത്.' 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്