Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

'മതസ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള ശ്രമങ്ങളെ സംഘടിതമായി ചെറുക്കും'

ഇ.ടി മുഹമ്മദ് ബഷീര്‍ / മെഹദ് മഖ്ബൂല്‍

ഏകസിവില്‍ കോഡിനെ സംബന്ധിച്ച ചര്‍ച്ചകളുടെ ബഹളമാണല്ലോ ഇപ്പോള്‍. കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഏകസിവില്‍കോഡ് ചര്‍ച്ച മുന്നോട്ടുകൊണ്ടുവരുന്നതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് വലി റഹ്മാനി പറയുകയുണ്ടണ്ടായി.  

ഇപ്പോഴത്തെ ഈ വിവാദത്തിന്റെ തുടക്കം, 2015 ഡിസംബറില്‍ സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി ദല്‍ഹി ഘടകം ഔദ്യോഗിക വക്താവ് അശ്വനി ഉപാധ്യായ ഏകസിവില്‍കോഡ് ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഈ ഹരജി തള്ളി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഉപാധ്യായ ആയുധമാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും പാര്‍ലമെന്റാണ് നിയമനിര്‍മാണത്തിനുള്ള നീക്കം നടത്തേണ്ടതെന്നും പാര്‍ലമെന്റിന് നിര്‍ദേശം നല്‍കാന്‍ നീതിപീഠത്തിനാകില്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്ന് ഉപാധ്യായ ഇക്കാര്യത്തില്‍ നിയമ കമീഷന്റെ അഭിപ്രായം തേടണമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡക്ക് കത്തെഴുതി. തുടര്‍ന്ന് നിയമ കമീഷനോട് മന്ത്രാലയം റിപ്പോര്‍ട്ട് തേടി. നിയമപരമായ സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്നതെന്ന് വ്യക്തം. 

 

പൊതുജനങ്ങളില്‍നിന്ന് ഏകസിവില്‍ കോഡ് സംബന്ധിച്ച് അഭിപ്രായം സ്വീകരിക്കുന്നതിന് നിയമ കമീഷന്‍ തയാറാക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാനാണല്ലോ പേഴ്‌സനല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളുടെ ആഹ്വാനം. 

വിവിധ മുസ്‌ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ചോദ്യാവലി പ്രസിദ്ധപ്പെടുത്തിയത്. ഏക സിവില്‍ കോഡ് നടപ്പാക്കി രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 44-ാം വകുപ്പിനെക്കുറിച്ച് അറിയാമോ എന്നാണ് ആദ്യത്തെ ചോദ്യം. കുടുംബ നിയമം, വ്യക്തിനിയമം, ആചാരങ്ങള്‍, ബഹുഭാര്യത്വം, ദത്തെടുക്കല്‍, മുത്ത്വലാഖ് തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങളും ഉണ്ട്. ചോദ്യങ്ങളോടുള്ള പ്രതികരണങ്ങള്‍ക്കു പുറമെ കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതെഴുതാനുള്ള ഇടവും ചോദ്യാവലിയിലുണ്ട്. ഈ ചോദ്യാവലി പുറത്തിറക്കിയത് കോടതിയുടെ നിര്‍ദേശപ്രകാരമാണെന്ന് പറയുന്നു. ലോ കമീഷന്‍ സ്വതന്ത്ര സ്ഥാപനമാണെങ്കിലും സര്‍ക്കാറിനു കീഴിലുള്ള സമിതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥത്തില്‍ ലോ കമീഷന് ഇക്കാര്യത്തില്‍ ഇടപെടാന്‍ തന്നെ അവകാശമില്ല. ഏകീകൃത സിവില്‍ കോഡ് പരാമര്‍ശിക്കപ്പെടുന്ന ആര്‍ട്ടിക്ക്ള്‍ 44 ഭരണഘടനയിലെ മാര്‍ഗനിര്‍ദേശകതത്ത്വമാണ്. മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന ആര്‍ട്ടിക്ക്ള്‍ 25 മുതല്‍ 28 വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ചാല്‍ മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമെല്ലാം കാണാം. മൗലികാവകാശം നിഷേധിച്ചാല്‍ ഒരു പൗരന് കോടതിയെ സമീപിക്കാം. മാര്‍ഗനിര്‍ദേശക തത്ത്വം നടപ്പാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ അവകാശമില്ല. 44-ാം വകുപ്പ് മാര്‍ഗനിര്‍ദേശകതത്ത്വമാണ്. കേന്ദ്രത്തിന്റെ നിലപാടുകള്‍ കണ്ടാല്‍ മൗലികാവകാശങ്ങളേക്കാള്‍ പ്രധാനമാണ് മാര്‍ഗനിര്‍ദേശക തത്ത്വം എന്നാണ് തോന്നുക. ലോ കമീഷന്റെ ഇടപെടല്‍ തന്നെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങള്‍ക്ക് എതിരാണ്. 

 

മുത്ത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുസ്‌ലിംവനിതകളും വനിതാ സംഘടനകളും ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല.  

മുത്ത്വലാഖിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുത്ത്വലാഖ് പ്രകാരം ഒറ്റത്തവണ ത്വലാഖ് ചൊല്ലിയാല്‍ മൂന്ന് ത്വലാഖും നടപ്പില്‍വന്നു എന്നാണ് മദ്ഹബുമായി ബന്ധപ്പെട്ട ആളുകളുടെ വീക്ഷണം. എന്നാല്‍ മൂന്നെണ്ണം ഒറ്റത്തവണയായി ചൊല്ലിയാല്‍ ഒന്നിന്റെ ഫലമേ കാണൂ എന്നും മൂന്ന് ഘട്ടങ്ങളില്‍ ചൊല്ലിയാല്‍ മാത്രമേ മൂന്ന് ത്വലാഖ് സംഭവിക്കൂ എന്നുമാണ് മദ്ഹബുമായി ബന്ധമില്ലാത്ത ആളുകളുടെ പക്ഷം. പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള വിഷയമാണിത്. ശരീഅത്ത് പറഞ്ഞ കാര്യങ്ങളില്‍ തന്നെ സമുദായത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കലാണ് അവരുടെ അജണ്ട; അല്ലാതെ മുത്ത്വലാഖ് അല്ല. മുത്ത്വലാഖ് എന്ന വിഷയം വെറുതെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. മുസ്‌ലിം വ്യക്തിനിയമം മുഴുവന്‍ ഭേദഗതി ചെയ്യണം എന്നിടത്തേക്ക് എത്തിക്കുകയാണ് അവരുടെ ഉന്നം. 

 

ഉത്തര്‍പ്രദേശില്‍ അടുത്തുതന്നെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്നതിനാണ് ധൃതിപിടിച്ച് ഏകീകൃത സിവില്‍കോഡിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അതില്‍ ശരിയുണ്ടാകാം. ഭിന്നത ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് വ്യക്തമല്ലേ? ഇവിടെ ജനസംഖ്യയില്‍ 79.80 %  ഹിന്ദുക്കളാണ്. 14.23 % മുസ്‌ലിംകളും 2.30 % ക്രിസ്ത്യാനികളും 1.72 % സിക്കുകാരുമാണ്. പതിനഞ്ച് ശതമാനം പോലും ഇല്ലാത്ത മുസ്‌ലിം സമുദായത്തില്‍ ത്വലാഖ് ചൊല്ലിയവര്‍ എത്ര; അതില്‍തന്നെ മുത്ത്വലാഖ് ചൊല്ലിയവര്‍? എത്ര നിസ്സാരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാണ് ഇവിടെ പ്രശ്‌നങ്ങളുണ്ടണ്ടാക്കുന്നത്.

 

വ്യക്തിനിയമം മുസ്‌ലിംകളില്‍ വിവാഹമോചനങ്ങള്‍ക്കും ബഹുഭാര്യത്വത്തിനും കാരണമാകുന്നു എന്ന പ്രചാരണത്തില്‍ വസ്തുതയുണ്ടേണ്ടാ?  

മാധ്യമങ്ങളുടെ അത്തരം പ്രചാരണങ്ങളൊക്കെ തെറ്റാണെന്ന് സെന്‍സസ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വിവാഹമോചനത്തിന്റെ കാര്യത്തില്‍ വളരെ പിറകിലാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍. ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ്. വിവാഹമോചനങ്ങള്‍ അധികം നടക്കുന്ന യു.എസും ഫ്രാന്‍സും അടക്കമുള്ള പത്ത് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയോ മുസ്‌ലിം രാജ്യങ്ങളോ ഇല്ല. സെപറേഷന്‍ എന്നൊരു സംഗതി നടന്നുവരുന്നുണ്ട്. വിവാഹമോചനം ചെയ്യുന്നില്ല, ഒന്നിച്ച് ജീവിക്കുന്നുമില്ല. വേറിട്ട് ജീവിക്കല്‍. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതുപോലെ വിവാഹമോചനം നടത്താതെ വേറിട്ട് ജീവിക്കുന്ന ശൈലി വ്യാപകമായിവരുന്നുണ്ട്. അതിന്റെ കണക്കൊന്നും ആര്‍ക്കും വേണ്ട. ഇസ്‌ലാമില്‍ വിവാഹമോചനവും ബഹുഭാര്യത്വവും ഉണ്ട്. പക്ഷേ, അതിന് അതിന്റേതായ നിയമങ്ങളുണ്ട്. 

ഇസ്‌ലാം അതിനെല്ലാം വെച്ച പ്രക്രിയ സങ്കീര്‍ണമാണ്. അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന് ഏറ്റവും വെറുപ്പുള്ള കാര്യമാണ് വിവാഹമോചനം. അല്ലാഹുവിന്റെ സിംഹാസനം വിറക്കുന്ന സംഗതിയാണത്. 

 

മുത്ത്വലാഖിനെ രാഷ്ട്രീയവത്കരിക്കരുതെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കാന്‍ പാടില്ലെന്നും ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. 

മുത്ത്വലാഖ് എന്ന മഹാവിപത്തില്‍നിന്ന് സ്ത്രീയെ സംരക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മുത്ത്വലാഖാണ് എന്നു പറഞ്ഞ് ഒട്ടേറെ ഫെമിനിസ്റ്റുകളും രംഗത്തുണ്ട്. സ്ത്രീയുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ ഇവര്‍ അഡ്രസ് ചെയ്യുന്നേയില്ല. സ്ത്രീപീഡനങ്ങള്‍ ധാരാളമായി നടക്കുന്ന രാജ്യമാണ് ഇന്ത്യ. പത്രവാര്‍ത്തകളില്‍ നിരന്തരം നിറയുന്ന സ്ത്രീപീഡനവും ബലാത്സംഗവും ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുന്നു. മദ്യപാനമാണ് ഇതിനെല്ലാം മൂലകാരണം എന്ന് അധികപേരും ആലോചിക്കുന്നില്ല. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഗാര്‍ഹികപീഡനത്തിനുകാരണവും മദ്യംതന്നെ. സമ്പൂര്‍ണ മദ്യനിരോധത്തിനു വേണ്ടി ഒറ്റ വനിതാ വിമോചന പ്രസ്ഥാനവും രംഗത്തുവന്നിട്ടില്ല. 

കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാന്‍ കൂടിയാകുമോ ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത്? 

ബി.ജെ.പിക്ക് കുടിലമായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. മോദിസര്‍ക്കാറിന്റെ ഇപ്പോഴത്തെ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ഹിന്ദുത്വ അജണ്ടയുണ്ട്. ഏകസിവില്‍ കോഡ് തീര്‍ത്തും അപ്രായോഗികമാണെന്ന്, ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഏകസിവില്‍കോഡ് നടപ്പാക്കും എന്നതാണ്. മുസ്‌ലിംകള്‍ക്ക് മാത്രമല്ല വ്യക്തിനിയമമുള്ളത്. ഹിന്ദുക്കള്‍ക്ക് വ്യക്തിനിയമമുണ്ട്. പാര്‍സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യക്തിനിയമങ്ങളുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് സവര്‍ണാചാരങ്ങള്‍ നടപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്. ഓരോ മതവിഭാഗത്തിനും അവരുടേതായ ആചാരങ്ങളുണ്ട്. എല്ലാം എങ്ങനെ ഏകീകരിക്കും? ഏകീകൃത സിവില്‍ കോഡിന്റെ കരട് പോലും ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ ദേശീയത പറഞ്ഞ് ഹിന്ദുത്വ അജണ്ട രൂപപ്പെടുത്താനുള്ള ദുഷ്ടലാക്ക് തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാ മുസ്‌ലിം സംഘടനകളും നിയമഭേദഗതിക്കെതിരെ നിലപാടെടുത്തത്.  

 

ഏകസിവില്‍ കോഡ് സംബന്ധിച്ച നിയമ കമീഷന്‍ ചോദ്യാവലിയുടെയും മുത്ത്വലാഖ് വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലും മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നുവല്ലോ. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടാനുള്ള നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കും? 

പ്രാണവായു പോലെ നാട്ടില്‍ നിലനില്‍ക്കേണ്ടതാണ് വിശ്വാസസ്വാതന്ത്ര്യം. അതിനെ ഇല്ലായ്മ ചെയ്യാന്‍ അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ധാര്‍മികമായ പ്രതിഷേധം ഒരുക്കൂട്ടണം. കൂട്ടായ്മകള്‍ രൂപപ്പെട്ടുവരണം. വ്യാജപ്രചാരണങ്ങള്‍ നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പണിപ്പെടുകയാണ് മാധ്യമങ്ങള്‍. ഇസ്‌ലാം മനുഷ്യാവകാശങ്ങള്‍ക്ക് എന്തുമാത്രം  പ്രാമുഖ്യം കൊടുക്കുന്നുവെന്നും ഇന്ത്യയിലെതന്നെ സ്ത്രീവിമോചനത്തിന് ഇസ്‌ലാം എങ്ങനെയാണ് വഴിതുറന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിക്കണം. 

മതേതര കൂട്ടായ്മകള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. അഭിപ്രായൈക്യമുള്ള, സമാനചിന്താഗതികളുള്ള വ്യത്യസ്ത പാര്‍ട്ടികളിലെ എല്ലാവരെയും അണിനിരത്തും. ഇതൊരു മുസ്‌ലിം ഇഷ്യൂ ആക്കിത്തീര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യയെന്ന മതേതര രാജ്യത്ത് അതിന്റെ ആത്മാവിന് പരിക്കേല്‍പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ എല്ലാ സംഘടനകളും ചേര്‍ന്നുള്ള പൊതുവേദി തന്നെയാണ് ലക്ഷ്യം.  

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്