വൃത്തിയുള്ളതാവട്ടെ നമ്മുടെ സൗന്ദര്യബോധം
വൃത്തിബോധം ദൈവികമാണ്; വൃത്തിഹീനത പൈശാചികവും. ദൈവവിശ്വാസിക്കേ എല്ലാം അടിസ്ഥാനപരമായിത്തന്നെ വൃത്തിയിലും വെടിപ്പിലുമാവണമെന്ന ബോധമുണ്ടാവൂ. വിശ്വാസമില്ലാത്തവന്റെ വൃത്തിബോധം ഉപരിപ്ലവമാകാനും
ചില കാട്ടിക്കൂട്ടലിലൊതുങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം വൃത്തിയില്‍നിന്ന് ആരംഭിച്ചത്. വൃത്തിയിലധിഷ്ഠിതമായ സൗന്ദര്യത്തിലാണത് പരിപൂര്‍ണമാകുന്നത്. ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കുമ്പോള്‍ മറ്റു കര്‍മകാണ്ഡങ്ങള്‍ ശുചിത്വത്തിന്റെ വൈവിധ്യങ്ങളെയും വൈപുല്യങ്ങളെയുമാണ് ഉള്‍ക്കൊള്ളുന്നത്.
ഇസ്‌ലാംകാര്യങ്ങളില്‍ ആദ്യസ്ഥാനത്തുള്ള കലിമത്തുശ്ശഹാദയുടെ തേട്ടം മനസ്സില്‍ ദൈവത്തെയും ദൈവദൂതനെയും കുടിയിരുത്തുകയും, അവക്കു വിരുദ്ധമായ കലര്‍പ്പുകളെ അടിവേരോടെ പിഴുതെറിയുകയുമാണ്. 'സൗന്ദര്യം ദൈവത്തിന്റെ അടിസ്ഥാന ഗുണമാണ്; മനോഹാരിതയാണ് അവന്‍ ഇഷ്ടപ്പെടുന്നത്' എന്നാണ് പ്രവാചകവചനം (സ്വഹീഹു മുസ്‌ലിം).
നമസ്‌കാരത്തിന്റെ മുന്നുപാധിയായ അംഗസ്‌നാനം ശരീരത്തെ ബാഹ്യമായി മാത്രമല്ല, ആന്തരികമായും ശുദ്ധിയാക്കുന്ന ജൈവ പ്രക്രിയയാണ്. നമസ്‌കാരത്തിന്റെ ബാക്കിയുള്ള നിബന്ധനകള്‍ക്കും ഈ വൃത്തിവെടിപ്പുകളുടെ മാനമാണുള്ളത്. നമസ്‌കാരം മുച്ചൂടും മാനസിക, ശാരീരിക ആരോഗ്യങ്ങളുടെ സ്വഛതക്കാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഭൗതിക ലോകത്ത് തന്റെ ദാസന്മാര്‍ക്ക് ഭൗതികമായ ഫലമില്ലാത്തതൊന്നും ഉടയതമ്പുരാന്‍ നിര്‍ദേശിച്ചില്ലെന്നതും പ്രകൃതിവിരുദ്ധമായതേ അവന്‍ നിരോധിച്ചിട്ടുള്ളുവെന്നതും നിസ്തര്‍ക്കമാണ്.
നോമ്പെന്ന വാര്‍ഷിക മാസാചരണത്തിലും ഇത് കാണാം. മനസ്സിന്റെയും ശരീരത്തിന്റെയും വിശുദ്ധി പരിരക്ഷിച്ച്, അവ ഏറ്റവും സുന്ദരമാക്കി വെക്കാന്‍ പറ്റുന്ന രാപ്പകലുകള്‍ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള അതിവിശിഷ്ട മാസമാണത്. 'സകാത്ത്' എന്ന സംജ്ഞതന്നെ സമ്പൂര്‍ണ സംസ്‌കരണത്തെയും സുന്ദരമായ വളര്‍ച്ചയെയും സൂചിപ്പിക്കുന്നു. ലുബ്ധില്‍നിന്നും ലോഭ വിചാരങ്ങളില്‍നിന്നും മനസ്സിനെ കടഞ്ഞെടുത്ത് വിശുദ്ധമാക്കാന്‍ സകാത്ത് സംവിധാനത്തോളം അനുഗുണമായ മറ്റൊന്നുണ്ടാവില്ല. ഹജ്ജിനും വിശുദ്ധിയുടെ വിശാലമായ സാമൂഹിക മാനങ്ങളാണ് പകര്‍ന്നുനല്‍കാനുള്ളത്. ഓരോ വ്യക്തിയും വിശ്വമാനവന്‍ എന്ന വിശുദ്ധ തലത്തിലേക്ക് പരകായപ്രവേശം നടത്തുകയും, സങ്കുചിതത്വത്തിന്റെയും സ്വാര്‍ഥതയുടെയും അശുദ്ധികളില്‍നിന്ന് മോചിതമാവുകയും ചെയ്യുന്ന പുതുപ്പിറവിയാണ് ഹജ്ജ് വഴി സംഭവിക്കുന്നത്.
മിക്ക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെയും ഹദീസ് സമാഹാരങ്ങളുടെയും സമാരംഭം വൃത്തി എന്ന അധ്യായത്തോടെയാണെന്നത് യാദൃഛികമല്ല. വിശുദ്ധിയില്‍നിന്നാണത് മറ്റു വ്യവഹാരങ്ങളിലേക്ക് വിശാലമാകുന്നത്. വൃത്തിയുടെ വിശുദ്ധ വാക്യങ്ങളില്ലാതെ, വിശുദ്ധിയുടെ ബാലപാഠങ്ങളില്ലാതെ ഒരാള്‍ക്കും, ഒന്നിനും സുന്ദരമായി വികസിക്കാന്‍ കഴിയില്ലെന്നര്‍ഥം.
മനസ്സില്‍നിന്ന് നിര്‍ഗളിക്കണം വൃത്തിബോധം. മനസ്സ് ദൈവബോധത്തിലധിഷ്ഠിതമാണെങ്കില്‍ അതങ്ങനെയാവാനേ തരമുള്ളൂ. ദൈവവിശ്വാസത്തിനു പകരംവെക്കാന്‍ മറ്റു ചൊട്ടുവിദ്യകളില്ലെന്നും തിരിച്ചറിയണം. സ്വന്തം വീടാവണം വൃത്തിയുടെ വെളിച്ചം കാണേണ്ട ആദ്യ കേദാരം. വീട്ടിലെ വൃത്തികേടുകള്‍ മതിലിനപ്പുറത്തേക്ക് തള്ളുന്നേടത്തു തുടങ്ങുന്നു വൃത്തിയിലെ നമ്മുടെ കാപട്യം. അയല്‍പക്ക മര്യാദകളിലെ പ്രവാചകാധ്യാപനങ്ങളെല്ലാം വൃത്തിയുടെയും സൗന്ദര്യത്തിന്റെയും സാമൂഹിക മര്യാദകളുടെയും ശക്തമായ അധ്യാപനങ്ങളാണ്.
വേഷവും കേശവുമെല്ലം വൃത്തിയുടെയും വൃത്തികേടിന്റെയും മാനദണ്ഡങ്ങളാകും. എല്ലാ നമസ്‌കാര വേളകളിലും അലങ്കാരമണിയാനുള്ള ഖുര്‍ആന്റെ ഉപദേശം, വൃത്തി-സൗന്ദര്യ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിലപാട് വിളിച്ചറിയിക്കുന്നു. അങ്ങനെയൊരലങ്കാരം മാലോകര്‍ക്കു മുമ്പില്‍ മതിയെന്നും, വീട്ടിനകത്തെ വ്യക്തിഗത നമസ്‌കാരത്തില്‍ അത്തരം നിഷ്‌കര്‍ഷ വേണ്ടതില്ലെന്നും ആ ഖുര്‍ആനിക സൂക്തം (7:31) നമ്മോട് പറയുന്നില്ല! പുറംപോലെ അകവും ശുദ്ധമാകണമെന്നും കാപട്യം കാട്ടരുതെന്നുമാണ് വിശ്വാസിക്ക് ഇത് പകരുന്ന പാഠം.
വൃത്തികേടുകള്‍ ഇപ്പോഴും 'അഭിമാനപൂര്‍വം' ഏറ്റിനടക്കുന്നു പുതുതലമുറ. തലമുടി പരമാവധി കോലക്കേടാക്കലാണ് 'ന്യൂ ജെന്‍' കാറ്റഗറിയില്‍ അംഗത്വമെടുക്കാനുള്ള പ്രഥമപടി എന്ന് തോന്നിപ്പോകും. മുടി ചീകിയൊതുക്കുകയും ഒതുക്കിവെക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു കാരുണ്യ ദൂതന്‍ (സുനനുന്നസാഈ) എന്ന കാര്യമെങ്കിലും നാം മുഖവിലക്കെടുക്കേണ്ടേ...! പാന്റ്‌സോ ജീന്‍സോ ധരിക്കുന്ന ചില ചെറുപ്പക്കാരുടെ അരക്കുതാഴെയും കാണാം! അറപ്പും വെറുപ്പും തോന്നുന്ന വേഷവൈകൃതങ്ങള്‍!!
സത്യസന്ധതയുടെ ഈറ്റില്ലം നിര്‍മലമായ മനസ്സാണ്. അതില്‍നിന്നേ നീതിയും ന്യായവും പ്രതീക്ഷിക്കാവൂ. അപ്പോഴേ ധാര്‍മികതയുടെ പൂവും കായുമുണ്ടാവൂ. കളവ് തിന്മയാണ്. വാക്കിലും പ്രവൃത്തിയിലുമുള്ള മാലിന്യങ്ങള്‍ തഴച്ചുവളരാനുള്ള തടമാണത്. ദുര്‍ഗന്ധമാണ് അതില്‍നിന്ന് വമിക്കുക. കള്ളം മൂലമുണ്ടാകുന്ന നാറ്റം കാരണം അനുഗ്രഹത്തിന്റെ മലക്കുകള്‍ നമ്മില്‍നിന്ന് ബഹുകാതം അകലം പാലിക്കുമത്രെ (തിര്‍മിദി). അഹങ്കാരം അകതാരിലെ ഏറ്റവും കടുത്ത മാലിന്യമാണ്. അത് വാക്കിലോ നോക്കിലോ ഹാവഭാവങ്ങളിലോ പ്രവൃത്തിപഥങ്ങളിലോ പ്രതിഫലിക്കാം. അതില്‍നിന്ന് മനസ്സിനെ വിമലീകരിക്കാതെ മറ്റൊരു നന്മയും അവിടെ കുടിയേറുകയില്ല.
അമിതമായതും അഹിതമായതുമായ ഏതും, അസ്ഥാനത്തുള്ള എന്തും അനാരോഗ്യകരമാണ്; വൃത്തിഹീനമാണ്. തീവ്രത വൃത്തികേടാണ്; ജീര്‍ണത പോലെത്തന്നെ. എല്ലാറ്റിലും മധ്യമ നിലപാടാണ് ആരോഗ്യകരം. ഒന്നിലും അതിരുകവിയാതിരിക്കലാണ് വൃത്തി. അതിലാണ് സൗന്ദര്യം; അതാണ് പ്രകൃതിപരം.
* * *
'വൃത്തിയാണ് സൗന്ദര്യം' എന്ന ശീര്‍ഷകത്തില്‍ 'മജ്‌ലിസ് മദ്‌റസാ എജുക്കേഷന്‍ ബോര്‍ഡ്' ഈ അധ്യയന വര്‍ഷം മദ്‌റസകളില്‍ നടത്തുന്ന കാമ്പയിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കാമ്പയിന്‍ പ്രധാനമായും അഞ്ചു വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്:
1. ആരോഗ്യകരമായ മനസ്സ്
2. ശുദ്ധമായ ഭക്ഷണം
3. ശരിയായ വസ്ത്രധാരണ രീതി
4. വൃത്തിയുള്ള വീട്
5. നല്ല നാട്
കാമ്പയിന്‍ പ്രവര്‍ത്തനങ്ങളായി ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:
* കാമ്പയിന്‍ പ്രമേയത്തിന്റെ ആശയം വരുന്ന ആയത്ത് /ഹദീസ്/ഉദ്ധരണി തുടങ്ങിയവ ഉള്‍പ്പെടുത്തി ആകര്‍ഷകമായ പോസ്റ്റര്‍ നിര്‍മാണം
* പ്രശ്‌നോത്തരി
* പ്രാര്‍ഥനകള്‍ പഠിക്കല്‍
* സലാം പറഞ്ഞ് ശീലിക്കല്‍
* കാമ്പയിന്‍ പ്രമേയത്തോട് യോജിക്കുന്ന ഏതെങ്കിലും ഗുണം /സ്വഭാവം ശീലിക്കുന്നതില്‍ മുന്നിലെത്തുന്നവര്‍ക്ക് സമ്മാനം
* കൈകള്‍ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന പ്രായോഗിക പരിപാടി
* അടുക്കളത്തോട്ട നിര്‍മാണം
* 'ഒരു രൂപ ഒരു ജീവിതം' സഹായ പദ്ധതി
* ആഹാര മര്യാദകള്‍ എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കല്‍
* നബി(സ)യുടെ ഭക്ഷണരീതി പരിചയപ്പെടുത്തല്‍
* 'വസ്ത്രധാരണത്തിലെ ഇസ്‌ലാമികത' എന്ന വിഷയത്തില്‍ പ്രസംഗം /പ്രബന്ധം
* 'നമസ്‌കാരവും വസ്ത്രധാരണ രീതിയും' ചര്‍ച്ച
* മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫി മത്സരം
* ഡോക്ടറോടൊപ്പം ആരോഗ്യ ബോധവത്കരണ പരിപാടി
* കൊതുകിനെ തുരത്താനുള്ള രീതി
* മദ്‌റസയും പരിസരവും വൃത്തിയാക്കുന്ന സേവന വാരം
* നാട്ടുവഴി, സ്വന്തം വഴി, പ്രധാന പൊതുവഴികള്‍ വൃത്തിയാക്കല്‍
* 'മാലിന്യ നിര്‍മാര്‍ജനത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രോജക്ട് മത്സരം
* പൊതുസ്ഥലങ്ങളില്‍ വേയ്സ്റ്റ് ബാസ്‌കറ്റുകള്‍ സ്ഥാപിക്കല്‍
* 'വീട് നല്ലൊരു കൂട്' തലക്കെട്ടില്‍ വിവിധ കലാ-സാഹിത്യ മത്സരങ്ങള്‍
* വൃത്തിയുമായി ബന്ധപ്പെട്ട ആത്മപരിശോധനാ ചാര്‍ട്ട് പൂരിപ്പിക്കല്‍
Comments