ഡൊണാള്ഡ് ട്രംപിന്റെ വിജയം
അമേരിക്കയുടെ നാല്പ്പത്തി അഞ്ചാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന് സ്ഥാനാര്ഥി ഡൊണാള്ഡ് ട്രംപിന്റെ ഒന്നാമത്തെ പ്രചാരണ മുദ്രാവാക്യം 'അമേരിക്കയുടെ പൂര്വപ്രതാപം തിരിച്ചുപിടിക്കും' എന്നായിരുന്നു. ബറാക് ഒബാമയുടെ എട്ട് വര്ഷത്തെ ഭരണം ലോകത്തെ ഏക വന്ശക്തിയെന്ന അമേരിക്കയുടെ സ്ഥാനം നഷ്ടപ്പെടുത്തി എന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ മുഖ്യ ആരോപണം. ബാക്കിയുള്ള ആരോപണ പ്രത്യാരോപണങ്ങളെല്ലാം അതിന്റെ വിശദാംശങ്ങളായിരുന്നു. ട്രംപിന്റെ വായ്ത്താരിയില് അമേരിക്കക്കാര് വീണു. തുടക്കം മുതലേ പ്രചാരണത്തില് നല്ല ലീഡ് നിലനിര്ത്തിയിരുന്ന ഹിലരി ക്ലിന്റണ്, ഇ-മെയില് ചോര്ത്തലുമായി ബന്ധപ്പെട്ട വിവാദം എഫ്.ബി.ഐ പുനപ്പരിശോധിക്കാന് തീരുമാനിച്ചപ്പോള് മാത്രമാണ് ട്രംപുമായി ഒപ്പത്തിനൊപ്പമായത്. ഈ സന്ദര്ഭത്തില് ട്രംപ് നേരിയ മുന്തൂക്കം നേടുകയും ചെയ്തു. വൈകാതെ ലീഡ് തിരിച്ചുപിടിച്ച ഹിലരി കടുത്ത മത്സരം നേരിട്ടാണെങ്കില് പോലും ഒടുവില് പിടിച്ചുകയറുമെന്ന് തന്നെയാണ് സര്വേ ഫലങ്ങളൊക്കെയും പ്രവചിച്ചുകൊണ്ടിരുന്നത്.
അതിനാല് ഏതര്ഥത്തിലും ഞെട്ടിക്കുന്ന തോല്വി തന്നെയാണ് ഹിലരിയുടേത്. രാജ്യം അമേരിക്കയായതുകൊണ്ട് ഈ തോല്വിയുടെ ആഘാത പ്രത്യാഘാതങ്ങള് ആ നാട്ടില് ഒതുങ്ങിനില്ക്കില്ല. ലോകമാകെ അത് അനുഭവിക്കേണ്ടിവരും. പലതരം പ്രതിസന്ധികള് നിറഞ്ഞ ഒരു ഘട്ടത്തിലൂടെ ലോകം കടന്നുപോകുന്ന ഈ പശ്ചാത്തലത്തില് പ്രത്യേകിച്ചും. ഇതാണ് ലോകസമൂഹങ്ങളെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ ട്രംപ് നടത്തിയ പ്രസ്താവനയില്, മുഴുവന് അമേരിക്കക്കാരെയും ഒന്നായി കണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതാരും മുഖവിലക്കെടുക്കുന്നില്ല. ഏതൊരാളും തെരഞ്ഞെടുക്കപ്പെട്ടാലുടന് നടത്തുന്ന പ്രസ്താവന മാത്രമാണിത്. ഏതൊരു പ്രശ്നത്തിലും തന്റെ ഒന്നാമത്തെ നോട്ടം അമേരിക്കന് താല്പര്യങ്ങളായിരിക്കും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ട്രംപ് ഉദ്ദേശിക്കുന്ന ഈ 'അമേരിക്കന് താല്പര്യങ്ങള്' ആയിരിക്കും അദ്ദേഹത്തിന്റെ പ്രസിഡന്സിയെ ഭാവിയില് നിര്വചിക്കുക.
പ്രചാരണം തുടങ്ങിയതു മുതല്ക്കുള്ള ട്രംപിന്റെ പ്രസ്താവനകളോരോന്നും വിവാദമായി. ആദ്യവെടി മുസ്ലിംകള്ക്കെതിരെയായിരുന്നു. താന് പ്രസിഡന്റായാല് മുസ്ലിംകളെ അമേരിക്കയില് കടക്കാന് സമ്മതിക്കില്ലെന്നായിരുന്നു പ്രസ്താവന. നാനാഭാഗത്തുനിന്നും പ്രതിഷേധമുയര്ന്നെങ്കിലും തന്റെ പ്രസ്താവന തിരുത്താന് ട്രംപ് തയാറായില്ല. ഇസ്ലാമോഫോബുകളായ വെള്ള വംശീയ വാദികളെ തന്നോടൊപ്പം നിര്ത്താന് അത് ഉപകരിക്കുമെന്ന് ട്രംപിന് അറിയാം. യൂറോപ്യന് നാടുകളില് അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തീവ്ര വലതു പക്ഷ കക്ഷികള് വന് മുന്നേറ്റം നടത്തിയത് മുസ്ലിം കുടിയേറ്റ പ്രശ്നം ഊതിക്കത്തിച്ചായിരുന്നു. അതിന്റെ തനിയാവര്ത്തനം തന്നെയായിരുന്നു അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നാം കണ്ടത്. വിചിത്രമായ രീതിയില് മുടിയും താടിയും വളര്ത്തിയ തീവ്രവലതുപക്ഷ കള്ട്ടുകളുടെ പ്രതിനിധികളായ യുവാക്കളുടെ സാന്നിധ്യം ട്രംപിന്റെ പരിപാടികളിലുടനീളമുണ്ടായിരുന്നു. സിറിയന് അഭയാര്ഥികളെ അടുപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞത് ഈ വര്ണവെറിയന് വോട്ടര്മാരെ തൃപ്തിപ്പെടുത്താന് തന്നെ. മുന് പ്രസിഡന്റ് ബുഷിനെ തുണച്ച തീവ്ര വലതുപക്ഷ ഇവാഞ്ചലിക്കല് വിഭാഗവും ട്രംപിനൊപ്പമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള് വ്യക്തമാക്കുന്നു. അവരാണ് ബുഷിനെക്കൊണ്ട് ഇറാഖില് 'കുരിശുയുദ്ധം' നടത്തിച്ചത്. ഇവരുടെ സമ്മര്ദത്തിന് വഴങ്ങി ട്രംപ് നടത്താന് പോകുന്ന 'കുരിശു യുദ്ധങ്ങള്' എവിടെയൊക്കെ ആയിരിക്കും? പുതിയ പ്രസിഡന്റിനെക്കുറിച്ച് വളരെ ആശങ്കയുളവാക്കുന്ന ചോദ്യങ്ങളിലൊന്നാണിത്.
പ്രചാരണ വേളയില് ട്രംപിന്റെ സ്വകാര്യജീവിതത്തിന്റെ മുഴുവന് അശ്ലീലതകളും തുറന്നുകാണിക്കപ്പെട്ടിരുന്നു. ലൈംഗികാതിക്രമങ്ങള്, ചൂതാട്ടകേന്ദ്രങ്ങള്ക്കുവേണ്ടി നടത്തിയ വിഴിവിട്ട കളികള്, സ്ത്രീകളെക്കുറിച്ച അധിക്ഷേപ പരാമര്ശങ്ങള്, നികുതിവെട്ടിപ്പുകള്... എന്നിട്ടും ട്രംപ് വിജയിച്ചത് ഹിലരിയും ഏറക്കുറെ ആ നിലവാരത്തില്തന്നെയായതുകൊണ്ടാണ്. പല ലോബികള്ക്കും വേണ്ടി കളിക്കുന്ന അവസരവാദമാണ് ഹിലരിയുടേതെന്ന് ആക്ഷേപമുയര്ന്നു. സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ചോദ്യം ചെയ്യപ്പെട്ടു. ഹിലരി വന്നാലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ചുരുക്കം. പ്രചാരണത്തിലുടനീളം അമേരിക്കന് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള് ഉയര്ത്തിക്കൊണ്ടുവന്ന ബെര്നി സാന്ഡേഴ്സായിരുന്നു ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ഥിയെങ്കില് ഒരുപക്ഷേ ഫലം മറിച്ചായേനെ.
റഷ്യയുടെ അകമഴിഞ്ഞ പിന്തുണ, ജൂത ലോബികളുടെയും ഇസ്രയേലിന്റെയും നിര്ലോഭമായ സഹായം, വെള്ള വംശീയത-ഇതെല്ലാം ചേരുമ്പോള് രൂപപ്പെടുന്ന അമേരിക്കന് വിദേശനയം ലോകസമാധാനത്തിന് വെല്ലുവിളിയായിരിക്കുമെന്ന കാര്യത്തില് സംശയമുണ്ടാകില്ല. അത് എങ്ങനെയൊക്കെ വെളിച്ചപ്പെടും എന്നേ നോക്കാനുള്ളൂ. ഒബാമ ഭരണത്തിന്റെ സര്വതും വൈറ്റ് ഹൗസില്നിന്ന് തൂത്തുകളയും എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതിലെ വംശീയാധിക്ഷേപം മാറ്റിനിര്ത്തിയാല്, പുതിയ യുദ്ധമുഖങ്ങള് തുറക്കാതിരിക്കുക എന്ന ഒബാമയുടെ നയം ട്രംപില്നിന്ന് പ്രതീക്ഷിക്കരുത് എന്നും അര്ഥമില്ലേ? എല്ലാം കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.
Comments