യുവാക്കള്‍ക്ക് രക്ഷാകവചം
'മതത്തെക്കുറിച്ച് സുവ്യക്തവും ശരിയുമായ ഗ്രാഹ്യം, സംഭവലോകത്തെ സംബന്ധിച്ച കൃത്യമായ ധാരണ, രാഷ്ട്രീയ ബോധം, സമൂഹത്തിന്റെ വികസനത്തിലും വളര്‍ച്ചയിലുമുള്ള പങ്കാളിത്തം, മുഖ്യശത്രുവിനെ തിരിച്ചറിയല്‍, ഇതിനൊക്കെ മക്കളെ പ്രാപ്തരാക്കുംവിധം ശിക്ഷണങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കല്‍'-നമ്മുടെ യുവാക്കളെ മതപരവും ചിന്താപരവും സമീപനപരവുമായ വ്യതിയാനങ്ങളില്‍നിന്ന് കാത്തുരക്ഷിക്കാനുള്ള ആറ് മാര്‍ഗങ്ങളാണിവ. ഇവയുടെ സാക്ഷാത്കാരത്തിനും ഈ സിദ്ധാന്തങ്ങള്‍ക്ക് കര്‍മരൂപം നല്‍കുന്നതിനും പ്രത്യേകം പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുകയും ശില്‍പശാലകളും പരിശീലനശിബിരങ്ങളും നടത്തുകയും ചെയ്താല്‍ നല്ല ഫലമുളവാക്കാം. ഇവയുടെ നിര്‍വഹണത്തിനും യുവാക്കള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും മാത്രമായി വേദികളും സ്ഥാപനങ്ങളും വളര്‍ന്നുവരണം.
മതത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യമെന്നാല്‍, നാം ഉത്തരം നല്‍കേണ്ട നിരവധി ചോദ്യങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മതം കടുകട്ടിയല്ലേ എന്നതാണ് അതിലൊന്ന്. യുവാക്കള്‍ക്ക് ആ മതം പ്രാപ്യമാക്കാന്‍ എന്താണ് വേണ്ടത്? അവരുടെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ മതാധ്യാപനങ്ങള്‍ എങ്ങനെ പകര്‍ന്നുനല്‍കണം? പരിപാടികളോടുള്ള അവരുടെ ആഭിമുഖ്യം സക്രിയമാണെന്ന് നാം എങ്ങനെ ഉറപ്പുവരുത്തും? അവരുടെ ദൈനംദിന ജീവിതത്തിലെ പെരുമാറ്റ രീതികളുടെ അവിഭാജ്യ ഭാഗമാവുംവിധം മതസിദ്ധാന്തങ്ങളെ ദിനചര്യകളിലേക്ക് ഏതുവിധം പരാവര്‍ത്തനം ചെയ്യാനാവും? ഈ വിഷയത്തില്‍ കുടുംബത്തിനും വിദ്യാലയങ്ങള്‍ക്കും സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൗരസമൂഹത്തിനും എന്തു പങ്ക് വഹിക്കാന്‍ കഴിയും? യുവാക്കള്‍ മതത്തെ പണ്ഡിതന്മാരില്‍നിന്ന് സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമോ? മതസിദ്ധാന്തങ്ങള്‍ ലളിതവും പ്രാപ്യവുമാണെന്ന ബോധം യുവാക്കളില്‍ ഉളവാക്കാന്‍ അധ്യാപനങ്ങളെയും ശാസനകളെയും എങ്ങനെ അവരിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ കഴിയും?
സംഭവലോകത്തെക്കുറിച്ച സുവ്യക്ത ധാരണകൊണ്ട് വിവക്ഷിച്ചത് മൂല്യങ്ങളുടെ കുഴമറിച്ചില്‍ സംഭവിച്ചിട്ടുള്ള അസാധാരണ സാഹചര്യമാണ്. ദൈവനിഷേധത്തിന്റെയും മതനിരാസത്തിന്റെയും തരംഗമാണിന്ന്. പൈശാചിക ചിന്താധാരകളുടെ കുത്തൊഴുക്കാണ്. പണവും ആയുധവും പ്രചാരണ മാധ്യമങ്ങളുടെ അകടമ്പടിയും നല്‍കി തീവ്രവാദ സംഘങ്ങളെ സഹായിക്കാനും പിന്തുണക്കാനും പ്രത്യേക സംവിധാനം അന്താരാഷ്ട്ര തലത്തിലുണ്ട്. അവ തങ്ങളിലേക്ക് കടത്തിവിടുന്ന ചിന്തകളെ നിരൂപണം ചെയ്യാനുള്ള ത്രാണി നമ്മുടെ യുവാക്കള്‍ക്കുണ്ടോ? അസത്യത്തെയും അധര്‍മത്തെയും മനോഹരമാക്കി അവതരിപ്പിക്കുന്ന തന്ത്രങ്ങളെയും അവയെ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്ന സൂത്രങ്ങളെയും കുറിച്ച തിരിച്ചറിവ് നമ്മുടെ യുവാക്കള്‍ക്കുണ്ടോ? ചെറിയ സംഗതികളെ വലുതാക്കി പെരുപ്പിച്ചുകാട്ടാനും വലിയ സംഗതികളെ ചെറുതാക്കി അവതരിപ്പിക്കാനുമുള്ള മാധ്യമ വഞ്ചനകളെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നുണ്ടോ? ഓരോ സന്ദര്‍ഭത്തെയും യഥോചിതം അഭിമുഖീകരിക്കാനുള്ള പ്രായോഗികവും ബുദ്ധിപരവുമായ സമീപനരീതി അവര്‍ സ്വായത്തമാക്കിയിട്ടുണ്ടോ? അലിയ്യുബ്‌നു അബീത്വാലിബിന് ഒരു കേസ് കൈകാര്യം ചെയ്യേണ്ടിവന്നു. ഒരാള്‍ മറ്റൊരാളുടെ കണ്ണടിച്ചുപൊട്ടിച്ചു. കാഴ്ചശേഷി എന്തുമാത്രം നഷ്ടപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞിട്ടു വേണമല്ലോ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഒരു ലളിത ഉപകരണം അദ്ദേഹം അപ്പോള്‍ തന്നെ കണ്ടുപിടിച്ചു. കറുത്ത വരകളിട്ട കോഴിമുട്ട കണ്ണുകളുടെ നേരെ പിടിച്ച് അല്‍പാല്‍പമായി പിറകോട്ടുപോയി കാഴ്ചശേഷിയും കുറവും പരീക്ഷിക്കുന്ന രീതിയാണത്. അങ്ങനെ അടികൊണ്ട കണ്ണിന്റെയും അല്ലാത്തതിന്റെയും ശേഷിവ്യത്യാസം അളക്കാന്‍ സാധ്യമായി. പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഈ വിധം നമുക്കാവുമോ?
പിന്നെ രാഷ്ട്രീയ ബോധം. തങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അവബോധം യുവാക്കളില്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളും കേന്ദ്രങ്ങളും നമുക്കുണ്ടോ? ശക്തന്‍ ദുര്‍ബലനെ ചൂഷണം ചെയ്യുന്ന അതിസൂക്ഷ്മതന്ത്രങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്നത് അവര്‍ അറിയുന്നുണ്ടോ? ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ദ്രുതമാറ്റങ്ങളും ആ മാറ്റങ്ങള്‍ യുവാക്കളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാത -പ്രത്യാഘാതങ്ങളും അവര്‍ മനസ്സിലാക്കുന്നുണ്ടോ? ഞാനൊക്കെ പഠിച്ചത് മൂന്ന് അധികാരകേന്ദ്രങ്ങളുണ്ടെന്നാണ്. ലെജിസ്‌ലേച്ചര്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് - പിന്നെ വന്നു നാലാമത്തെ അധികാരകേന്ദ്രമായി മാധ്യമങ്ങള്‍. അത് കഴിഞ്ഞകാലം. ഇപ്പോള്‍ രാഷ്ട്രീയാവസ്ഥ മാറി. നാം പഠിച്ചിട്ടില്ലാത്ത പുതിയ അധികാരകേന്ദ്രങ്ങള്‍ നമ്മുടെ മേല്‍ പിടിമുറുക്കിയിരിക്കുകയാണിന്ന്. നാം
അത് കണ്ണാല്‍ കണ്ടുകൊണ്ടാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. പണം, ടെക്‌നോളജി, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അങ്ങനെയങ്ങനെ. യുവാക്കളും യുവതികളും പുത്തന്‍ അധികാര കേന്ദ്രങ്ങളാണ്. കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ഉണ്ടായ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ പുതിയ അധികാര കേന്ദ്രങ്ങള്‍ക്ക് ലോകവ്യവസ്ഥയെ തകിടം മറിക്കാനും തങ്ങളുടെ ചൊല്‍പടിയില്‍ നിര്‍ത്താനുമുള്ള ശേഷിയുണ്ടെന്നാണ്. സത്യത്തെ വിജയിപ്പിക്കാനും അധര്‍മത്തെ തകര്‍ക്കാനുമുള്ള രാജാധിരാജനായ ദൈവത്തിന്റെ ശക്തിയും അവന്‍ പ്രയോഗിക്കുന്ന പ്രാപഞ്ചിക നിയമങ്ങളും എല്ലാറ്റിനുമൊടുവില്‍ ഉണ്ടെന്നോര്‍ക്കണം. കാലം കുറച്ചു കാത്തുനില്‍ക്കേണ്ടിവന്നാലും അതാണ് ആത്യന്തിക സത്യം. രാഷ്ട്രീയ സൂചനകളും അവയെ ഈ കാലത്ത് എങ്ങനെ അഭിമുഖീകരിക്കണമെന്നതും നാം യുവാക്കളെ പഠിപ്പിക്കുകയുണ്ടായോ?
സമൂഹത്തിന്റെ വികാസത്തിലും വളര്‍ച്ചയിലും പങ്കാളിത്തം. യുവാക്കളുടെ കഴിവുകള്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ട് അവരുടെ അമൂല്യസമയം പ്രയോജനകരമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്ന പദ്ധതികളും പരിപാടികളും വേണം. തങ്ങളുടെ ചിന്തകളും ഭാവനകളും കര്‍മപരിപാടികളിലൂടെ ആകാരം നല്‍കി ആവിഷ്‌കരിക്കാനുള്ള ഇടങ്ങളും സംവിധാനങ്ങളും നാംസജ്ജീകരിച്ചുകൊടുത്തിട്ടുണ്ടോ? കല, വിനോദം, മതം, സംസ്‌കാരം, വിജ്ഞാനം, ടെക്‌നോളജി തുടങ്ങി അവര്‍ ഇഷ്ടപ്പെടുന്ന, വ്യാപരിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രംഗങ്ങളുണ്ടല്ലോ. യുവാക്കള്‍ക്ക് പ്രമുഖ്യമുള്ള സമൂഹഘടനയാണ് നമ്മുടേത്. അവരുടെ സര്‍ഗപരവും സൃഷ്ടിപരവുമായ കഴിവുകള്‍ വിനിയോഗിക്കാന്‍ ഉതകുന്ന മേഖലകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തിയാല്‍ മഹത്തായ ഫലങ്ങള്‍ ഉളവാകും.
ആരാണ് മുഖ്യശത്രു? ലളിതമാണ് ഉത്തരം. മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ ശത്രുവായ ഇബ്‌ലീസ് തന്നെ. ഇത് നമ്മുടെ യുവാക്കള്‍ക്ക് അറിയുമോ? ഇബ്‌ലീസിനെക്കുറിച്ചും അവന്റെ തന്ത്രങ്ങളെക്കുറിച്ചും അവന്റെ കെണികളെക്കുറിച്ചും അവര്‍ക്ക് വിവരമുണ്ടോ? മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവയിലൂടെ തന്റെ കെണിയില്‍ വീഴ്ത്തി യുവാക്കളെ നശിപ്പിക്കാനുള്ള അവന്റെ കുടില തന്ത്രങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് ബോധമുണ്ടോ? ഇവ മനസ്സിലാക്കി കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടോ നമുക്ക്? മക്കളെ ചിന്താപരമായ വ്യതിയാനത്തില്‍നിന്ന് രക്ഷിക്കാന്‍ മാതാപിതാക്കളെ യോഗ്യരാക്കുന്ന വിഷയം പിന്നീട് പറയാം.
വിവ: പി.കെ ജമാല്‍
Comments