Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

ആരാണ് ശിറാസ് മെഹ്ര്‍?

ഡേവിഡ് ക്രോനിന്‍

(Salafi-Jehadism: The History of an Idea എന്ന പുസ്തകമെഴുതിയ ശിറാസ് മെഹ്ര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സയണിസ്റ്റ് ബന്ധങ്ങളെക്കുറിച്ച്)

മാധ്യമങ്ങളെ പറ്റിക്കുക പ്രയാസമുള്ള കാര്യമല്ല. നിങ്ങള്‍ നിങ്ങളെക്കുറിച്ച് ആരിലും മതിപ്പുളവാക്കുന്ന ഒരു മേല്‍വിലാസം കുറിച്ചുകൊടുക്കുക, എന്നിട്ട് പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് എന്ന് അവകാശപ്പെടുക. ഇത്രയും ചെയ്താല്‍ സംഗതി ഏറ്റു. ഇങ്ങനെ പറ്റിക്കുന്ന കാര്യത്തില്‍ വിരുതു തെളിയിച്ചവരാണ് ലണ്ടനിലെ 

കിംഗ്‌സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന 'ദി ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍' (ICSR). ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 'ഭീകരത'യെക്കുറിച്ച ആധികാരിക സ്രോതസ്സുകള്‍ എന്ന പരിലാളന കിട്ടുന്നുണ്ട്. ഈ സ്ഥാപനത്തിന് ഇസ്രയേലുമായുള്ള ബന്ധമൊന്നും ആരും ചോദിക്കുകയുമില്ല.

പ്രവര്‍ത്തിക്കുന്നത് ലണ്ടനിലാണെങ്കിലും ഐ.സി.എസ്.ആര്‍ സ്ഥാപിക്കുന്നതില്‍ ഇസ്രയേലിലെ ഹെര്‍സ്‌ലിയ ഇന്റര്‍ഡിസിപ്ലിനറി സെന്ററും (ഇസ്രയേലിലെ പ്രശസ്ത അക്കാദമിക സ്ഥാപനങ്ങളിലൊന്നാണ് ഹെര്‍സ്‌ലിയ യൂനിവേഴ്‌സിറ്റി- വിവ.) മറ്റു ചില യൂനിവേഴ്‌സിറ്റികളും പങ്കാളികളായിട്ടുണ്ട്. ഓരോ വര്‍ഷവും ഹെര്‍സ്‌ലിയ ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ 'സുരക്ഷ'യെക്കുറിച്ച് ഇവിടെ ഒരു പ്രധാന സമ്മേളനവും സംഘടിപ്പിക്കാറുണ്ട്. രാഷ്ട്രീയ-ബിസിനസ് മേഖലകളിലെ പ്രമുഖര്‍ ഒത്തുകൂടി ഇസ്രയേലിന്റെ വര്‍ണവെറിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നായിരിക്കും ചര്‍ച്ച ചെയ്യുന്നത്.

2003-ലെ സമ്മേളനത്തില്‍ അന്നത്തെ ഇസ്രയേല്‍ ധനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്തിരുന്നു. ഫലസ്ത്വീനിലെ പടിഞ്ഞാറേ കരയില്‍ അതിര്‍ത്തി മതില്‍ കെട്ടിപ്പൊക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് അന്ന് നെതന്യാഹു പറഞ്ഞത്, ഇസ്രയേലിലേക്കുള്ള 'ഫലസ്ത്വീനിയന്‍ ജനസംഖ്യാ ഒഴുക്ക്' തടയാന്‍ അത് ആവശ്യമാണെന്നാണ്.

ശിറാസ് മെഹ്‌റിലേക്ക് വരാം. അദ്ദേഹം ഐ.സി.എസ്.ആറിലെ 'സീനിയര്‍ റിസര്‍ച്ച് ഫെലോ' ആണ് (ഇപ്പോഴതിന്റെ ഡെപ്യൂട്ടി ഡയറക്ടറും കിംഗ് യൂനിവേഴ്‌സിറ്റിയിലെ യുദ്ധ പഠന വിഭാഗത്തില്‍ അംഗവുമാണ്- വിവ.). സിറിയന്‍ പ്രശ്‌നത്തിലെ 'പണ്ഡിറ്റ്' എന്ന നിലക്ക് അദ്ദേഹത്തിനിപ്പോള്‍ വലിയ തിരക്കാണ്. അല്‍ജസീറ ചാനലിന് നല്‍കിയ ഒരഭിമുഖത്തില്‍ ഇറാന്‍ ഗവണ്‍മെന്റ് ഫണ്ട് നല്‍കുന്ന പ്രസ് ടി.വിയെയും റഷ്യ ടുഡെയെയും 'പ്രചാരണ ചാനലുകള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് പറയാനാവില്ല. പല ചാനലുകളും അങ്ങനെയാണല്ലോ. പക്ഷേ, ദമസ്‌കസിലെ പാശ്ചാത്യ ഇടപെടലിനെ എതിര്‍ക്കുന്ന ചാനലുകള്‍ പ്രൊപഗണ്ട നടത്തുകയാണെന്ന് കുറ്റപ്പെടുത്തുന്ന ശിറാസ് മെഹ്ര്‍, സ്വയം തന്നെ ഇസ്രയേലീ പ്രോപഗണ്ട ഏറ്റുപറയുക മാത്രമാണ് ചെയ്യുന്നത് എന്നതാണ് സത്യം.

വലതുപക്ഷ പത്രമായ സ്‌പെക്‌ടേറ്ററില്‍ നടത്തിയ ബ്ലോഗെഴുത്തില്‍, സിറിയയില്‍ ബോംബിട്ടതിന് നെതന്യാഹുവിനെ പ്രശംസിക്കുന്നുണ്ട് മെഹ്ര്‍. ഇസ്രയേലിനെ വര്‍ണവെറിയന്‍ രാഷ്ട്രമായി മുദ്രകുത്തുന്നത് 'വ്യക്തമായ നുണ' തന്നെയെന്ന് മറ്റൊരു ബ്ലോഗില്‍ കുറിച്ചിടുന്നു. കാര്യമെന്താണെന്ന് പിന്നീട് വിശദീകരിക്കുന്നുമില്ല. ഹിസ്ബുല്ലയെ 'ഭീകര പ്രസ്ഥാന'മായി മുദ്രകുത്താന്‍, ഇസ്രയേല്‍ നിരന്തരമായി ചെയ്യുന്നതുപോലെ, യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെടുന്നുമുണ്ട്. ഞാന്‍ മെഹ്‌റുമായി ബന്ധപ്പെട്ട്, എങ്ങനെയാണ് അദ്ദേഹം ഭീകരതയെ നിര്‍വചിക്കുന്നതെന്നും സ്റ്റേറ്റ് ഭീകരത പ്രയോഗിക്കുന്ന രാഷ്ട്രമാണ് ഇസ്രയേല്‍ എന്ന് അംഗീകരിക്കുന്നുണ്ടോ എന്നും ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ഈ ചോദ്യം എവിടെനിന്ന് വരുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. നിയമപരവും സാങ്കേതികവുമായ ചോദ്യമാണത്.''

ഞാന്‍ വീണ്ടും ചോദിച്ചു: ''ലേഖനങ്ങള്‍ എഴുതുമ്പോഴോ ചാനലില്‍ പ്രത്യക്ഷപ്പെടുമ്പോഴോ ഹെര്‍സ്‌ലിയയുമായുള്ള ബന്ധം നിങ്ങള്‍ വെളിപ്പെടുത്താത്തതെന്താണ്?'' ഐ.സി.എസ്.ആറിന് ഇസ്രയേല്‍ സെന്ററുമായി 'സാമ്പത്തിക ബന്ധങ്ങള്‍ ഒന്നുമില്ല' എന്നായിരുന്നു മറുപടി. എന്നാല്‍ ഐ.സി.എസ്.ആറിന് എവിടെനിന്ന് ഫണ്ട് കിട്ടുന്നു എന്ന് പറയുന്നുമില്ല. അക്കാര്യം സെന്റര്‍ ഡയറക്ടറായ ജോണ്‍ ബ്യൂവിനോട് ചോദിക്കൂ എന്നും പറഞ്ഞു. സെന്റര്‍ ഡയറക്ടര്‍ ജോണ്‍ ബ്യൂവിനോട് ഞാന്‍ ഐ.സി.എസ്.ആറിന്റെ അക്കൗണ്ടുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

ചാരിറ്റി കൂട്ടായ്മയായാണ് ഐ.സി.എസ്.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതി ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ചാരിറ്റി കമീഷന് അത് നല്‍കുന്ന വിവരങ്ങളില്‍ മുഴുവന്‍ ചിത്രവും വ്യക്തമാണെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. 2012 ആഗസ്റ്റില്‍ അവസാനിച്ച അതിന്റെ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമായി കാണിച്ചത് 20,000 യൂറോയാണ്. ആ വര്‍ഷത്തെ ചെലവ് 5,000 എന്നും കാണിച്ചിരിക്കുന്നു.

രണ്ട് ബിസിനസുകാരാണ് ഇതിന് കാര്യമായി സംഭാവന ചെയ്യുന്നത് എന്നാണ് മനസ്സിലാവുന്നത്; എഡ്വേഡ് അറ്റ്കിനും ഹെന്റി സ്വീറ്റ്‌ബോമും. ശിശുക്കള്‍ക്കുള്ള പാല്‍ക്കുപ്പി നിര്‍മാണത്തിലൂടെ വലിയൊരു സമ്പാദ്യമുണ്ടാക്കിയ അറ്റ്കിന്‍, ഇസ്രയേല്‍-അറബ് നാടുകളിലെ സമര്‍ഥരായ വിദ്യാര്‍ഥികളെ ലണ്ടനില്‍ കൊണ്ടുവന്ന് പഠിപ്പിക്കാന്‍ ഒരു സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഐ.സി.എസ്.ആര്‍ വെബ്‌സൈറ്റ് പരിശോധിച്ചാല്‍, 'രാഷ്ട്രീയമായ നിഷ്പക്ഷതയോടെ സമാധാനത്തെക്കുറിച്ചും ധാരണയെക്കുറിച്ചും' കൂടുതല്‍ അന്വേഷിക്കാന്‍ ഈ വിദ്യാര്‍ഥികളെ പ്രാപ്തരാക്കും എന്ന് പറയുന്നുണ്ട്. ഇതൊരുതരം ചുറ്റിക്കുന്ന പ്രയോഗമാണ്. അനീതിയും അസമത്വവും നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലാണ് 'ധാരണക്കും സഹകരണത്തിനും' യത്‌നിക്കേണ്ടത്. ഇസ്രയേലിന്റെ വംശവെറിയെക്കുറിച്ചൊന്നും എവിടെയും പരാമര്‍ശിക്കുന്നുമില്ല.

അറ്റ്കിന്‍ തന്നെയും 'രാഷ്ട്രീയമായി നിഷ്പക്ഷന്‍' ആണെന്ന് പറയാനൊക്കില്ല. ഇസ്രയേലിനകത്ത് വംശവെറിക്കെതിരെ പൊരുതുന്നവരെ വേട്ടയാടുന്ന കമ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റിനും ഫണ്ട് നല്‍കുന്നുണ്ട് ഈ അറ്റ്കിന്‍. ഇടതുപക്ഷ ജൂത ഗ്രൂപ്പുകളെയും ഉന്നം വെക്കുന്നുണ്ട് സെക്യൂരിറ്റി ട്രസ്റ്റ്.

2007-ല്‍ ഐ.സി.എസ്.ആര്‍ സ്ഥാപിച്ചത് ഹെന്റി സ്വീറ്റ്‌ബോമാണ്. ലനിലെ കിംഗ്‌സ് കോളേജിന് ഫണ്ട് നല്‍കിയവരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേരും യൂനിവേഴ്‌സിറ്റി വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. ഇപ്പോഴും ഐ.സി.എസ്.ആര്‍ ചെയര്‍മാന്‍ അദ്ദേഹം തന്നെ.

ഐ.സി.എസ്.ആറിന് ഇസ്രയേലുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ അതിലെ ജീവനക്കാര്‍ തുനിയുന്നുണ്ടെങ്കിലും അതിന് ഒട്ടും വിശ്വാസ്യതയില്ല. ഹെര്‍സ്‌ലിയ സെന്ററില്‍നിന്നുള്ള ബോഅസ് ഗാനര്‍ എന്നൊരാളാണ് ഐ.സി.എസ്.ആറിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍. ഇപ്പോഴും ഔദ്യോഗികമായി അതിന്റെ പാര്‍ട്‌നര്‍ തന്നെ. 2006-ലെ ഇസ്രയേല്‍ ആക്രമണവേളയില്‍, 'ഫലസ്ത്വീന്‍ ഭീകരത'ക്തെതിരെ ഏതു തരത്തിലുള്ള കടന്നാക്രമണത്തിനും ശക്തി കൂട്ടണമെന്ന് വാദിച്ചയാളാണ് ഗാനര്‍. സിവിലിയന്മാര്‍ക്ക് നേരെയായിരുന്നു ഇസ്രയേലിന്റെ ആ കടന്നാക്രമണം എന്നോര്‍ക്കണം. 

(electronicintifada.net)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍