Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

'സി.ബി.എസ്.ഇ സ്‌കൂളുകളിലെ മതപഠനം ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'

അഡ്വ. ടി.പി.എം ഇബ്‌റാഹീം ഖാന്‍/എം.കെ.എം ജാഫര്‍

എറണാകുളം പീസ് ഇന്റര്‍നാഷ്‌നല്‍ സ്‌കൂളിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദം ഇപ്പോള്‍ മൊത്തം സി.ബി.എസ്.ഇ സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങളെ സംശയക്കണ്ണോടെ നോക്കാന്‍ പലരും ഉപയോഗപ്പെടുത്തുകയാണ്. മുസ്‌ലിം മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ നടക്കുന്ന മതപഠനങ്ങള്‍ സംബന്ധിച്ചാണ് മറ്റൊരു വിവാദം. ഇത് മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന് ആരോപിക്കുന്നത് മറ്റാരുമല്ല, ഉത്തരവാദപ്പെട്ട വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍തന്നെയാണ്. 

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് എറണാകുളം പോലീസ് അസി. കമീഷണര്‍ക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. എറണാകുളം പോലീസ് അസി. കമീഷണര്‍ 2016 സെപ്റ്റംബര്‍ 10-ന് വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയ 1671/TD/16 എന്ന നമ്പര്‍ കത്തിനെ തുടര്‍ന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഡയറ്റ് ഫാക്കല്‍റ്റി എന്നിവര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത് ഇങ്ങനെ: 

''2009-ല്‍ ചക്കരപ്പറമ്പില്‍ ആരംഭിച്ച ഈ സ്‌കൂളിന് നാളിതുവരെ യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല. സി.ബി.എസ്.ഇ സിലബസ് ആണ് പിന്തുടരുന്നതെങ്കിലും സി.ബി.എസ്.ഇ അഫിലിയേഷന്‍ ലഭിച്ചിട്ടില്ല. സി.ബി.എസ്.ഇ അഫിലിയേഷന്‍ ലഭിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ എന്‍.ഒ.സിക്കായി ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചതായി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍  അറിയിച്ചിട്ടുണ്ട്. 

സ്‌കൂള്‍ ആരംഭിച്ച 2009-ല്‍ എല്‍.കെ.ജി, യു.കെ.ജി, സ്റ്റാന്റേര്‍ഡ് 1 ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്റ്റാന്റേര്‍ഡ് 2 മുതല്‍ ആരംഭിക്കുകയും 2016-ല്‍ എട്ടാം ക്ലാസ് ആരംഭിച്ചിട്ടുള്ളതുമാണ്. 2002-ല്‍ എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങള്‍ ഒഴികെയുള്ള ക്ലാസുകള്‍ തത്തപ്പള്ളിയില്‍ സ്ഥലസൗകര്യമൊരുക്കി അങ്ങോട്ട് മാറ്റി. ചക്കരപ്പറമ്പില്‍ എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഓരോ വിഭാഗത്തിലും അഞ്ച് ഡിവിഷനുകള്‍ വീതമാണുള്ളത്. ഇവിടെ എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലായി ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. 

ജൂനിയര്‍ കെ.ജി വിഭാഗത്തിന്റെയും സീനിയര്‍ കെ.ജി വിഭാഗത്തിന്റെയും ടൈം ടേബ്ള്‍ പരിശോധിച്ചതില്‍ ജൂനിയര്‍ വിഭാഗത്തില്‍ ആഴ്ചയില്‍ മൂന്ന് പീരിയഡും സീനിയര്‍ കെ.ജി വിഭാഗത്തില്‍ ആഴ്ചയില്‍ നാല് പീരിയഡും അറബി, ഇസ്‌ലാമിക് സ്റ്റഡീസ്, ഖുര്‍ആന്‍ എന്നിവയുടെ പഠനത്തിനായി നീക്കിവെച്ചതായി കാണുന്നു. ഈ വിഷയങ്ങള്‍ കൂടാതെ ഇംഗ്ലീഷ്, മാത്‌സ്, സയന്‍സ്, ആര്‍ട്‌സ്, പി.ടി എന്നിവക്കും പീരിയഡുകള്‍ അനുവദിച്ചിട്ടുണ്ട്. 

ജൂനിയര്‍ കെ.ജി, സീനിയര്‍ കെ.ജി വിഭാഗങ്ങളില്‍ ഉപയോഗിച്ചുവരുന്ന പാഠപുസ്തകങ്ങള്‍ അംഗീകൃത ഏജന്‍സിയുടേതാണോ എന്ന് വ്യക്തമല്ല. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ പരിശോധിച്ചതില്‍ കെ.ജി വിഭാഗത്തിനായി ഉള്‍പ്പെടുത്തിയ പൊതുവിജ്ഞാന സംബന്ധിയായിട്ടുള്ളതും അടിസ്ഥാന സംഖ്യാബോധം ഉണ്ടാക്കുന്നതിനും ആവശ്യമായ വിവരങ്ങളെല്ലാം തന്നെ മുസ്‌ലിം മത വിഭാഗത്തിന്റേതായ കാഴ്ചപ്പാടിലും മുസ്‌ലിം മത വിശ്വാസത്തിന്റെ പ്രസക്തി പ്രചരിപ്പിക്കുന്ന തരത്തിലുമാണ്. ഇത് നിയമാനുസൃതമല്ല. നിലവില്‍ സര്‍ക്കാര്‍ സിലബസ് മത നിരപേക്ഷതയും ദേശീയതയും അടിസ്ഥാനമാക്കിയാണ്.'' 

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 7-ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153-എ (മതസ്പര്‍ധ വളര്‍ത്തല്‍, വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, വിദ്വേഷം പടര്‍ത്തല്‍), ഐ.പി.സി  34 (കുറ്റകൃത്യത്തില്‍ പങ്കാളികളാകല്‍) വകുപ്പുകള്‍ അനുസരിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പല്‍, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 

രാജ്യത്ത് നിലനില്‍ക്കുന്ന സി.ബി.എസ്.ഇ സംവിധാനത്തെക്കുറിച്ചും മതപഠന സ്വാതന്ത്ര്യക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമുള്ള അജ്ഞതയും അബദ്ധ ധാരണയും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ടും അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത കേസും. കേസിലേക്ക് നയിച്ച വിവാദം കൂടി അറിഞ്ഞിരിക്കണം. ഈ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മതപഠനം നടത്തുന്നതിന് ഉപയോഗിക്കുന്നത് മുംബൈ ആസ്ഥാനമായ 'ബുറൂജ് റിയലൈസേഷന്‍' എന്ന സ്ഥാപനം തയാറാക്കുന്ന പുസ്തകമാണ്. ഇവര്‍  രണ്ടാം തരത്തിലെ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ മതപാഠ പുസ്തകത്തില്‍ 'മതം മാറാന്‍ തയാറായി വരുന്ന സഹപാഠിയോട് നിങ്ങള്‍ ആദ്യം എന്താണ് നിര്‍ദേശിക്കുക' എന്ന ക്രിയാ ഭാഗമുണ്ട്.  ആദ്യം പേര് മാറ്റാന്‍ പറയുമോ, വീടു വിട്ടിറങ്ങാന്‍ പറയുമോ, മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ പറയുമോ അതോ ശഹാദത്ത് കലിമ ചൊല്ലാന്‍ പറയുമോ എന്നിങ്ങനെതെരഞ്ഞെടുത്ത് നല്‍കണ്ടേ ഉത്തരഭാഗങ്ങളുമുണ്ട്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ശഹാദത്ത് കലിമയുടെ പ്രാധാന്യം പഠിപ്പിക്കുക എന്നതാണ് ഈ പാഠഭാഗം കൊണ്ട് ലക്ഷ്യമിട്ടതെന്നും എന്നാല്‍, രണ്ടാം ക്ലാസ്സുകാരന്റെ ബൗദ്ധിക നിലവാരത്തിന് അനുയോജ്യമല്ല എന്നതിനാല്‍ ഈ പാഠഭാഗം പഠിപ്പിക്കുന്നില്ല എന്നും പീസ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ എം.ഡി എം.എം അക്ബര്‍ വിശദീകരിക്കുന്നു. 

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനും കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അഡ്വ. ടി.പി.എം ഇബ്‌റാഹീം ഖാനുമായി കേരളത്തിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ അംഗീകാരത്തിന്റെ നിയമവശം, മതപഠനം നടത്തുന്നതിന്റെ സാധുത തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പ്രബോധനം സംസാരിച്ചത്. 

 

കേരളത്തില്‍ പല സി.ബി.എസ്.ഇ സ്‌കൂളുകളും സംസ്ഥാന സര്‍ക്കാറിന്റെയോ സി.ബി.എസ്.ഇയുടെയോ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന കൊച്ചിയിലെ പീസ് ഇന്റര്‍നാഷ്‌നല്‍ സ്‌കൂളിനെപ്പറ്റിയും ഇതേ ആരോപണമാണ് ഉയരുന്നത്. എന്താണ് സംസ്ഥാന സര്‍ക്കാറിന്റെയും സി.ബി.എസ്.ഇയുടെയും അംഗീകാരത്തിനുള്ള വ്യവസ്ഥകള്‍?

അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കുന്നതിന് കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് യാതൊരു അംഗീകാരവും വാങ്ങേണ്ടതില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് കിന്റര്‍ ഗാര്‍ട്ടനുകളും പ്ലേ സ്‌കൂളുകളും പഞ്ചായത്തിന്റെ പോലും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സിക്ക് അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥതന്നെ, അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുക, കുറഞ്ഞത് മുന്നൂറ് വിദ്യാര്‍ഥികള്‍ ഉണ്ടായിരിക്കുക തുടങ്ങിയവയാണ്. അതായത് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചാംതരത്തില്‍ എത്തുമ്പോള്‍ മാത്രമേ അംഗീകാരത്തിന് അപേക്ഷ നല്‍കാന്‍ കഴിയൂ.  25000 രൂപ ട്രഷറിയില്‍ അടച്ച് അംഗീകാരത്തിന് അപേക്ഷ നല്‍കിയാല്‍, അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിക്കാത്തിടത്തോളം കാലം അംഗീകാരമുള്ളതുപോലെയാണ് പരിഗണിക്കപ്പെടുക. ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന പീസ് സ്‌കൂള്‍ രണ്ടുവര്‍ഷം മുമ്പ് നിശ്ചിത ഫീസ് നല്‍കി അപേക്ഷ നല്‍കിയതായാണ് എന്റെ അറിവ്. അവരുടെ അപേക്ഷ സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇതുവരെ നിരസിച്ചിട്ടുമില്ല. 

സംസ്ഥാന സര്‍ക്കാറിന്റെ എന്‍.ഒ.സി കിട്ടിയശേഷമേ സി.ബി.എസ്.ഇ അഫിലിയേഷന് അപേക്ഷ നല്‍കാന്‍ കഴിയൂ. എട്ടാംതരംവരെ സി.ബി.എസ്.ഇ അഫിലിയേഷന്‍ ആവശ്യവുമില്ല. രണ്ടേക്കര്‍ സ്ഥലം, ആവശ്യമായ കെട്ടിടങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി തുടങ്ങിയ നിബന്ധനകള്‍ പൂര്‍ത്തിയാക്കിയാല്‍ 75000 രൂപ ഫീസ് നല്‍കി സി.ബി.എസ്.ഇ അഫിലിയേഷന് അപേക്ഷിക്കാം. ന്യൂനപക്ഷ മാനേജ്‌മെന്റ് വിദ്യാലയം എന്ന പരിഗണനയില്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി ലഭിക്കും മുമ്പുതന്നെ പീസ് സ്‌കൂള്‍ നിശ്ചിത ഫീസ് നല്‍കി സി.ബി.എസ്.ഇ അഫിലിയേഷന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ അര്‍ഥത്തിലും സ്‌കൂള്‍ അനധികൃതമല്ല. 

ചുരുക്കത്തില്‍, യാതൊരു അംഗീകാരവുമില്ലാതെയാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. പീസ് സ്‌കൂള്‍ മാത്രമല്ല, സംസ്ഥാനത്ത് 520 സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സിക്കും സി.ബി.എസ്.ഇ അഫിലിയേഷനുമൊക്കെയായി അപേക്ഷ നല്‍കി കാത്തിരിപ്പാണ്. ഈ സ്‌കൂളുകളെല്ലാം ഇത്തരത്തില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നതും. കേരളത്തില്‍ 1360 സ്‌കൂളുകള്‍ക്കാണ് സി.ബി.എസ്.ഇ അഫിലിയേഷനുള്ളത്. മാത്രമല്ല, എട്ടാം ക്ലാസുവരെ അംഗീകാരം ലഭിക്കാത്ത സ്‌കൂളുകളില്‍നിന്ന് ടി.സിയുമായി എത്തുന്ന കുട്ടികളെ മറ്റു സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചുകൊള്ളണമെന്ന് സുപ്രീംകോടതി നിര്‍ദേശവുമുണ്ട്. ഇതിനും പുറമെ, രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് 14 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് എവിടെയും പഠിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. 

 

'മുസ്‌ലിം മത വിഭാഗത്തിന്റേതായ കാഴ്ചപ്പാടിലും മുസ്‌ലിം മതവിശ്വാസത്തിന്റെ പ്രസക്തി പ്രചരിപ്പിക്കുന്ന തരത്തിലും' പല മാനേജ്‌മെന്റ് സ്‌കൂളുകളിലും അധ്യയനം നടക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആരോപിക്കുന്നത്. മതപഠനം സംബന്ധിച്ച് സി.ബി.എസ്.ഇ എന്താണ് നിര്‍ദേശിക്കുന്നത്?

സി.ബി.എസ്.ഇ എന്നതല്ല, ആദ്യം പരിശോധിക്കേണ്ടത് ഭരണഘടനയാണ്. ഭരണഘടനയനുസരിച്ച് രാജ്യത്ത് ഏതൊരാള്‍ക്കും തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കുന്നതിനും അത് പഠിപ്പിക്കുന്നതിനും അവകാശമുണ്ട്. സി.ബി.എസ്.ഇ ആകട്ടെ, അവര്‍ നിശ്ചയിക്കുന്ന സിലബസ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന് മാത്രമാണ് നിര്‍ദേശിക്കുന്നത്. നിശ്ചിത പീരിയഡുകളില്‍, അവര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ള അധ്യാപകര്‍ പഠിപ്പിച്ചിരിക്കണം എന്നു മാത്രമാണ് നിബന്ധന. അതിനപ്പുറത്ത് മതപരമായ വിഷയങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്നോ പഠിപ്പിക്കരുതെന്നോ യാതൊരു നിര്‍ദേശവും അവര്‍ നല്‍കുന്നില്ല. അത് അവരുടെ ബാധ്യതയുമല്ല. ഭരണഘടന നല്‍കുന്ന പൗരസ്വാതന്ത്ര്യം അനുസരിച്ച് ഓരോ മാനേജ്‌മെന്റിനും അവരവരുടേതായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് നിയമതടസ്സവുമില്ല. മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല, മറ്റു വിഭാഗങ്ങളുടെ മാനേജ്‌മെന്റ് സ്‌കൂളുകളിലും ഇത്തരത്തില്‍ അവരുടേതായ വിശ്വാസം പഠിപ്പിക്കുന്നുണ്ട്. അത്തരം ക്ലാസ്സുകളില്‍ ഇരിക്കേണ്ടതില്ലാത്ത  മറ്റു വിദ്യാര്‍ഥികള്‍ക്ക് ഈ സമയത്ത് പൊതുവായ ധാര്‍മിക പാഠവും പകര്‍ന്നുനല്‍കും. 

 

കിന്റര്‍ ഗാര്‍ട്ടനുകളില്‍ അംഗീകാരമില്ലാത്ത പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നു എന്നതാണ് സി.ബി.എസ്.ഇ സ്‌കൂളുകളെ സംബന്ധിച്ച മറ്റൊരു ആരോപണം?

കിന്റര്‍ ഗാര്‍ട്ടനുകളില്‍ ഇതുവരെ ഒരുതരത്തിലുള്ള അംഗീകൃത സിലബസും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല എന്നതാണ് സത്യം. ആ പ്രായത്തിലുള്ള കുട്ടികളുടെ വളര്‍ച്ചക്കും ബൗദ്ധിക വികാസത്തിനും സഹായകമാവുന്ന പുസ്തകങ്ങള്‍ ഓരോ മാനേജ്‌മെന്റും തങ്ങളുടെ യുക്തംപോലെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഇത്തരം പുസ്തകങ്ങള്‍ വിപണിയിലിറക്കുന്ന നിരവധി പ്രസാധകരുണ്ട്. അതില്‍നിന്ന് യുക്തമായവ തെരഞ്ഞെടുക്കും. 

 

മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ സ്വാതന്ത്ര്യദിനാചരണം, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ സംഘടിപ്പിക്കുന്നതിനോട് വിമുഖത കാണിക്കുന്നുണ്ടോ?

തെറ്റായ പ്രചാരണമാണത്. ഞാന്‍ നേതൃത്വം നല്‍കുന്ന അല്‍ അമീന്‍ സ്‌കൂളുകളെ പറ്റി പറയാം. അവിടെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങള്‍ മാത്രമല്ല, വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളായ ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയവയും ആഘോഷിക്കാറുണ്ട്. ഇതു കൂടാതെ, 'സമുദായ സൗഹാര്‍ദം കുടുംബ സംഗമത്തിലൂടെ' എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കാറുണ്ട്. ഇതനുസരിച്ച് ഓരോ കുട്ടിയും തങ്ങളുടെ മാതാപിതാക്കളെയും കൂട്ടി നിശ്ചിത ദിവസം തന്റെ ക്ലാസ്സിലെ മറ്റു കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരിക്കണം. കൂടാതെ, കൃത്യമായ ഇടവേളകളില്‍, കുട്ടികളും മാതാപിതാക്കളും ക്ലാസ്സുകളില്‍ ഒത്തുചേരും. അന്ന് ഓരോരുത്തരും വീട്ടില്‍നിന്ന് എന്തെങ്കിലും പലഹാരം ഉണ്ടാക്കിക്കൊണ്ടുവന്ന് അത് പങ്കുവെച്ച് കഴിച്ച് വിശേഷങ്ങള്‍ കൈമാറി വേണം പിരിയാന്‍. കൃത്യമായ ഷെഡ്യൂള്‍ ഉണ്ടാക്കി ഇത്തരം സംഗമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംവിധാനവുമുണ്ട്. സ്‌കൂളിന്റെ രജത ജൂബിലി ആഘോഷത്തിന് എത്തിയ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം ഈ സംവിധാനത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇത് രാജ്യത്തിനാകെ മാതൃകയാകുംവിധം വ്യാപിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍