അവര്‍ ഒരു ലോകമാണ്
ഞാന്‍ കരയുമ്പോഴൊക്കെ
ഒരു സ്ത്രീ വരുമായിരുന്നു.
എന്നെ ചുറ്റിപ്പറ്റി പുലമ്പിനടക്കും.
കരയുകയോ ചിരിക്കുകയോ ഇല്ല.
എന്റെ വഴികളിലെവിടെയൊക്കെയോ
വവ്വാലായി അവര്‍ തൂങ്ങിക്കിടക്കുന്നു
വായിച്ചുകൊണ്ടണ്ടിരിക്കുമ്പോള്‍
മാഞ്ഞുപോയ അക്ഷരങ്ങളെ
പെറുക്കിയെടുത്ത്,
ഊണ്‍മേശയിലെ കറിപാത്രത്തിലേക്കെന്നപോല്‍
ഒതുക്കത്തോടും ധൃതിയിലും വെച്ചുതന്നു.
അടുപ്പില്‍ തീ കെടുമ്പോഴായിരുന്നു
ഏറ്റവും അങ്കലാപ്പ്.
പറക്കുന്ന ചാരത്തിനും പുകക്കുമിടയില്‍
സമയത്തെ തിരയുംപോല്‍
നിറഞ്ഞു ചുവന്ന കണ്ണുകള്‍ പരതിനടക്കും.
എന്നെ കണ്ടണ്ടുമുട്ടുന്നിടത്ത്
അതവസാനിക്കുമ്പോള്‍
ഞാനവരുടെ ഘടികാരമാകുന്നു.
മഴക്കാലത്ത്
എന്റെയുടുപ്പുകള്‍ ഉണങ്ങാതെവരുമ്പോള്‍
പനിച്ചൂടുഛ്വസിക്കുംപോല്‍
അവര്‍ അതിലൂടൂര്‍ന്നിറങ്ങുന്നതു കാണാം.
തലയിണക്കടിയില്‍നിന്നും
താക്കോല്‍കൂട്ടം ചിലമ്പുംപോല്‍
പ്രാര്‍ഥനകള്‍ കേള്‍ക്കാം.
കിടക്കക്കിരുവശവും
കൈവിരികള്‍ പോലെ
അനങ്ങാതെ... ഉറങ്ങാതെ...
ആകാശത്തോളമുയരാനും
ഭൂമിയോളം താഴാനും
അവര്‍ക്കൊരു നിമിഷം മതി
പ്രപഞ്ചത്തോളം വലുതാകുകയും
അണുവോളമലിഞ്ഞുപോകുകയും ചെയ്യും
എനിക്ക് മനസ്സിലാകാത്തതിലും
വലുതോ ചെറുതോ..
ഞാന്‍ പഠിക്കാത്ത ഭാഷയോ
ആയിരുന്നു.
അവര്‍ ഒരു ലോകമായിരുന്നു
രണ്ടണ്ടക്ഷരം കൊണ്ടു നിര്‍മിച്ച
വലിയൊരു ലോകം.
അല്ല, ലോകമാകെയൊതുങ്ങുന്ന
രണ്ടക്ഷരം.
Comments