Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിക്കാന്‍ ലക്ഷ്യമിട്ട് സംഘ് പരിവാര്‍

രാജീവ് ശങ്കരന്‍

ഗണേശോത്സവത്തെ വലിയ പൊതു ഉത്സവമാക്കി മാറ്റിക്കൊണ്ട്, അതിനെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ സമരത്തിന്റെ ഭാഗമാക്കാന്‍ ബാലഗംഗാധര തിലകന്‍ ശ്രമിച്ചതിന്റെ കാരണമെന്തായിരിക്കും? അധിനിവേശശക്തിക്കെതിരെ പോരാടുമ്പോള്‍ ജനത്തെ അണിനിരത്താവുന്ന എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുക എന്നതിന്റെ ഭാഗമെന്ന് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാവും. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത്തെ ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത അധിനിവേശ ശക്തിക്കെതിരായ സമരമാകുമ്പോള്‍ ഇത്തരം ഉത്സവങ്ങളെ പൊതുവായി ഉയര്‍ത്തിക്കാട്ടിയത് ഉചിതമായോ എന്നൊരു ചോദ്യമുണ്ട്. അക്കാലത്ത് ഒരുപക്ഷേ ഉന്നയിക്കപ്പെടാതിരിക്കുകയോ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്ത ചോദ്യം. ആ ചോദ്യം പില്‍ക്കാലത്ത് ഏറെ പ്രസക്തമായെന്നതാണ് ഇന്ത്യന്‍ യൂനിയന്റെ ചരിത്രം. 

സ്വാതന്ത്ര്യസമരത്തിന് മുഖ്യമായും നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസിനുള്ളിലെ ഹിന്ദുത്വ ആശയക്കാരുടെ പ്രത്യക്ഷ പ്രതിനിധാനം കൂടിയായിരുന്നു ബാലഗംഗാധര തിലകനെപ്പോലുള്ളവരുടെ ഇടപെടലുകള്‍. മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ചുനില്‍ക്കണമെന്ന് വാദിച്ചിരുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് ഇത്തരം ഇടപെടലുകള്‍ പ്രസ്ഥാനത്തെയാകെ സ്വാധീനിക്കുംവിധം വളര്‍ന്നിരുന്നില്ല. ഭൂരിപക്ഷമതത്തിന്റെ ഇംഗിതങ്ങള്‍ക്കൊപ്പിച്ച് ഭരണം നടക്കുന്ന സംവിധാനം കോണ്‍ഗ്രസിനെക്കൊണ്ട് സാധിക്കില്ലെന്ന ബോധ്യത്തിലും ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായ സാംസ്‌കാരിക - രാഷ്ട്രീയ സംവിധാനമുണ്ടായാല്‍, ഹിന്ദു ആശയധാരയോട് യോജിച്ചുനില്‍ക്കാന്‍ മനസ്സുള്ള കോണ്‍ഗ്രസുകാര്‍ ഒപ്പം വരുമെന്ന പ്രതീക്ഷയിലുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന് രൂപം നല്‍കപ്പെടുന്നത്. പാര്‍ട്ടിയിലും, ബ്രിട്ടീഷ് അധികാരികളുമായുള്ള സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട താല്‍ക്കാലിക സംവിധാനങ്ങളിലും തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന തോന്നല്‍ ഇക്കാലത്തു തന്നെ കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ക്കുണ്ടായിരുന്നു. ഇതാണ് മുസ്‌ലിം ലീഗിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത്. ഈ സംഘര്‍ഷം രണ്ട് രാഷ്ട്രങ്ങളെന്ന വാദത്തിലേക്ക് എത്തുകയും ചെയ്തു. മുസ്‌ലിം ലീഗ് ഈ ആവശ്യം ഉന്നയിക്കുന്നതിനു മുമ്പ് ഹിന്ദുത്വ ആശയക്കാരായ നേതാക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാഷ്ട്രങ്ങളാകുന്നതാണ് നല്ലത് എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. 

സ്വതന്ത്ര ഇന്ത്യയില്‍ ഭൂരിപക്ഷ മതത്തിലെ അംഗങ്ങളുടെ ഏകീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ്സിനും അതിന്റെ രാഷ്ട്രീയ രൂപമായ ജനസംഘിനും ഈ സാഹചര്യം ഏറെ പ്രയോജനപ്പെട്ടു. വിഭജനത്തിനിടെയുണ്ടായ സമാനതകളില്ലാത്ത വര്‍ഗീയ കലാപങ്ങളും മുതലെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി അധികാരത്തിലെത്തിയത്, ഹിന്ദു വോട്ടു ബാങ്കിനെ പ്രീണിപ്പിച്ചുനിര്‍ത്താന്‍ അവര്‍ ശ്രമിച്ചത്, ഹിന്ദുത്വ ആശയങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്ന നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയത്, മഹാത്മാ ഗാന്ധിയുടെ വധത്തിലെ പങ്ക് കണക്കിലെടുത്ത് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടത് അങ്ങനെ പല കാരണങ്ങളാല്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള ശ്രമം വേണ്ടത്ര ഊര്‍ജത്തോടെ തുടരാനായില്ലെന്ന് മാത്രം. ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ഉയര്‍ത്തിയ രാമജന്മഭൂമി പ്രശ്‌നം, വിവിധ കാലങ്ങളില്‍ അരങ്ങേറിയ (സംഘടിപ്പിച്ച എന്ന് പറയുന്നതാകും കൂടുതല്‍ ശരി) വര്‍ഗീയ കലാപങ്ങള്‍ തുടങ്ങി പലതും പിന്നീട് ഉപയോഗിക്കാവുന്ന നിക്ഷേപം പോലെ ആര്‍.എസ്.എസ്സും ഇതര പരിവാര്‍ സംഘടനകളും ഉണ്ടാക്കിയെടുത്തിരുന്നു. അതിന്മേലുള്ള മുതലെടുപ്പാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി.പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിറകെ എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ, രാമക്ഷേത്ര നിര്‍മാണം മുദ്രാവാക്യമായുള്ള രഥയാത്രയില്‍ സംഭവിച്ചത്. അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിച്ച സംഘര്‍ഷങ്ങള്‍ ന്യൂനപക്ഷങ്ങളെ ചകിതരാക്കുകയും ഭൂരിപക്ഷ ഏകീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു. 

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ നിയമ സംവിധാനത്തിലും വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തിലുമുള്ള വിശ്വാസത്തിന് പോറലേറ്റു. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍, ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടത്, സവര്‍ണ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് ചേക്കേറിയത് -ഇതെല്ലാം കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വടക്കേ ഇന്ത്യയില്‍ അപ്രസക്തമാക്കുന്ന കാഴ്ചയാണ് പിന്നീടുള്ള കാലം കണ്ടത്. സംഘ്പരിവാര്‍ ലക്ഷ്യമിട്ട അളവില്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമായില്ലെങ്കിലും മറ്റു രാഷ്ട്രീയ കാരണങ്ങളാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒടുവില്‍ കേന്ദ്രത്തിലും ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പി അധികാരത്തിലെത്തുന്ന നില വന്നു. 2014-ല്‍ ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് 32 ശതമാനത്തോളം വോട്ട് മാത്രമായിരുന്നുവെന്നത് ഓര്‍ക്കുക. 

ഉത്തരേന്ത്യയിലെ ഈ സവിശേഷമായ വര്‍ഗീയ - രാഷ്ട്രീയ ചേരിതിരിവ്, പ്രായേണ ദക്ഷിണേന്ത്യയിലുണ്ടായിരുന്നില്ല, പ്രത്യേകിച്ച് കേരളത്തില്‍. കര്‍ണാടകം മാത്രമാണ് അപവാദമായത്, അവിടെപ്പോലും കോണ്‍ഗ്രസിനെ പൂര്‍ണമായും ദുര്‍ബലമാക്കിക്കൊണ്ട് മുന്നേറാന്‍ ബി.ജെ.പിക്ക് സാധിച്ചതുമില്ല. കേരളത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ് ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചത്. നിയമസഭയില്‍ അവര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നത് വളര്‍ച്ച വേഗത്തിലാക്കുമെന്ന തിരിച്ചറിവില്‍ സി.പി.എമ്മിനെയും മുസ്‌ലിം ലീഗിനെയും പോലുള്ള പാര്‍ട്ടികളെടുത്ത പ്രായോഗിക സമീപനങ്ങളും തടസ്സമായുണ്ടായിരുന്നു. ഇവയെ അതിജീവിച്ച് മുന്നേറാന്‍ പാകത്തിലുള്ള സംഘടനാ ശേഷിയോ നേതൃനിരയോ ആര്‍.എസ്.എസ്സിനോ ബി.ജെ.പിക്കോ ഒരുകാലത്തും കേരളത്തില്‍ ഉണ്ടായതുമില്ല. ഉയര്‍ന്നുവന്ന നേതാക്കളാകട്ടെ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വലുപ്പം കാട്ടിയില്ല, ഇപ്പോഴും കാട്ടുന്നുമില്ല. 

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി രാജ്യത്താകെ സൃഷ്ടിച്ചെടുത്ത പ്രചാരണ പ്രകമ്പനം കേരളത്തിലും ഇളക്കങ്ങളുണ്ടാക്കിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്റെ വിജയത്തോടടുത്ത പരാജയം, വിജയങ്ങള്‍ അകന്നുനില്‍ക്കുന്നുവെന്നത് കൊണ്ടുമാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കൊപ്പം  നില്‍ക്കാത്ത, മൃദുഹിന്ദുത്വ നിലപാടുകള്‍ സൂക്ഷിക്കുന്ന സവര്‍ണ ഹിന്ദുക്കളില്‍ വലിയൊരു ഭാഗത്തെ അവരിലേക്ക് അടുപ്പിച്ചു. ഇതിനൊപ്പമാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക നേതൃത്വത്തെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയതും അതില്‍ വിജയം കണ്ടതും. 1999 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങുകയും പിന്നീട് മന്ദീഭവിക്കുകയും ചെയ്ത ശ്രമങ്ങളുടെ പര്യവസാനമായിരുന്നു ഇത്. ഈ ഇടവേളയില്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യമെന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ സമുദായങ്ങളെയാകെ ഒന്നിപ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നുവെങ്കിലും വേണ്ട ഫലം ചെയ്തില്ല. ആ നീക്കം പോലും ആര്‍.എസ്.എസ് നിര്‍ദേശിച്ചതിനനുസരിച്ചായിരുന്നുവെന്ന് വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. അധികാരത്തിന്റെ ഭാഗമാകാനുള്ള അവസരമുണ്ടെന്ന് ഉറപ്പുണ്ടാകാതെ ഇത്തരത്തിലൊരു ഐക്യനിര സാധ്യമാകില്ലെന്ന തിരിച്ചറിവാകണം, സാമുദായിക ഐക്യം സാധ്യമാക്കിയ ശേഷം ബി.ജെ.പി ബാന്ധവമെന്ന സമവാക്യം മാറ്റിക്കൊണ്ട്, ബി.ജെ.പി ബാന്ധവമുണ്ടാക്കിക്കൊണ്ട് സാമുദായിക ഐക്യം എന്നതിലേക്ക് ആര്‍.എസ്.എസ്സിനെയും വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന എസ്.എന്‍.ഡി.പി വിഭാഗത്തെയും മാറ്റിയിട്ടുണ്ടാകുക. 

പ്രായോഗിക രാഷ്ട്രീയത്തിലെ ഈ നീക്കങ്ങള്‍ ബി.ജെ.പിക്ക് ഗുണമുണ്ടാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കം വേണ്ട. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലം അതിന് തെളിവാണ്. ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളിലേക്ക് കടന്നുകയറാനുള്ള ആര്‍.എസ്.എസ് ശ്രമം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സിനാണ് വലിയ ക്ഷീണമുണ്ടാക്കിയത് എന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതോടെ നേട്ടമുണ്ടാക്കിയ ബി.ജെ.പിക്ക്, കേരളത്തില്‍ അത് സാധിക്കണമെങ്കില്‍ സി.പി.എം ദുര്‍ബലമാകണമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തിയിരുന്നത്. അതിന് അനുസരിച്ചുള്ള തന്ത്രങ്ങളാണ് അവര്‍ ആവിഷ്‌കരിച്ചിരുന്നതും. പക്ഷേ, പ്രയോഗത്തില്‍ കണ്ടത് മറ്റൊന്നാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നേട്ടം സ്ഥായിയല്ലെന്ന് സംഘ് പരിവാര്‍ തിരിച്ചറിയുന്നു. അധികാരത്തിലേക്ക് തിരിച്ചെത്താനിടയില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസില്‍നിന്ന് ചോര്‍ന്ന വോട്ടുകള്‍ അവര്‍ അധികാരത്തിലെത്തുമെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ തിരികെപ്പോകും. സി.പി.എമ്മില്‍നിന്നുണ്ടാകുന്ന കൊഴിയലുകള്‍ ഇത്തരത്തില്‍ ചാഞ്ചാടുന്നവയല്ലെന്നും അവര്‍ കണക്കുകൂട്ടുന്നു. മാത്രവുമല്ല, കോണ്‍ഗ്രസിനെയും അവര്‍ നയിക്കുന്ന മുന്നണിയെയും അപേക്ഷിച്ച് ഹിന്ദു വോട്ടുകള്‍ അധികം ലഭിക്കുന്നത് സി.പി.എമ്മിനും അവര്‍ നയിക്കുന്ന മുന്നണിക്കുമാണ്. അതിലൊരു ശിഥിലീകരണമുണ്ടാകാതെ ഇപ്പോഴുണ്ടായ കയറ്റത്തിന് അപ്പുറത്തേക്ക് കയറാന്‍ ബി.ജെ.പിക്ക് സാധിക്കില്ല. 

കേരളത്തില്‍ ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്താനാണ് ആദ്യഘട്ടത്തില്‍ ആര്‍.എസ്.എസ് ശ്രമിച്ചത്. ശാഖകളുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത് ക്ഷേത്രങ്ങളിലായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിച്ച ഭൂരിപക്ഷം വരുന്ന ഇടത്തരം ഹിന്ദു കുടുംബങ്ങള്‍ ശാഖകളെ അവഗണിച്ചു. ക്ഷേത്ര കാര്യങ്ങളില്‍ കോയ്മ നിലനിര്‍ത്തിയിരുന്ന സവര്‍ണര്‍, ആര്‍.എസ്.എസിന്റെ നിയന്ത്രണം വരുന്നതില്‍ താല്‍പര്യം കാട്ടിയതുമില്ല. ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തുക എന്ന തന്ത്രം തുടക്കത്തിലേ പാളിയെന്ന് ചുരുക്കം. ഗണേശോത്സവത്തിന് തത്തുല്യമായി കേരളത്തില്‍ ആഘോഷിക്കാനായി തെരഞ്ഞെടുത്തത് ശ്രീകൃഷ്ണ ജയന്തിയായിരുന്നു. അതിലേക്ക് കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ആകര്‍ഷിക്കാന്‍ തുടക്കം മുതല്‍ ആര്‍.എസ്.എസിന് സാധിച്ചുവെങ്കിലും കുട്ടികളെ ബാലഗോകുലത്തിലേക്ക് എത്തിക്കാനായിരുന്നില്ല. ഇതിലൊരു മാറ്റമുണ്ടാക്കുന്നതിനുള്ള സംഘടിത പ്രവര്‍ത്തനമാണ് സമീപകാലത്ത് നടക്കുന്നത്. ക്ഷേത്ര വളപ്പുകളില്‍ ശാഖകള്‍ കൂടുതല്‍ സജീവമാക്കുക, ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങള്‍ ഹിന്ദുമതത്തിന്റെ ഉള്ളില്‍ മാത്രം നില്‍ക്കേണ്ടതാണെന്നും അതിന്റെ കൈകാര്യകര്‍തൃത്വം ഹൈന്ദവ സംഘടനകള്‍ക്കായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുക, പൊതു ആഘോഷമായി മാറിയ ഓണം പോലുള്ളവയെ മതത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് തിരികെക്കൊണ്ടുവന്ന് അവതാര പുരുഷന്റെ ഉത്സവമായി പുനഃപ്രതിഷ്ഠിക്കുക തുടങ്ങിയവയിലൂടെ ഹിന്ദു സമുദായത്തിന്റെയാകെ മേല്‍നോട്ടം തങ്ങളുടെ കൈവശമാണെന്ന് വരുത്താനാണ് ആര്‍.എസ്.എസ് യത്‌നിക്കുന്നത്. അതിലൂടെ സമുദായാംഗങ്ങളെ വരുതിയില്‍ കൊണ്ടുവന്ന് രാഷ്ട്രീയാധികാരത്തിനായി ശ്രമിക്കാനും. ഇത്തരം ശ്രമങ്ങളെ ചോദ്യംചെയ്യാനുള്ള ഏതു ശ്രമവും മതകാര്യങ്ങളിന്മേലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാനും തുടര്‍ന്നുണ്ടാകുന്ന സംവാദ - സംഘര്‍ഷങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനും സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണം എളുപ്പത്തില്‍ അവസരം തുറന്നുനല്‍കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രചാരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അനുരണനങ്ങള്‍ ഇവിടെയും സൃഷ്ടിക്കുന്നതിനൊപ്പം (ഘര്‍ വാപസി ഓര്‍ക്കുക) ഇവിടത്തെ സാമൂഹിക സാഹചര്യങ്ങളെ വര്‍ഗീയമായി കണ്ടുള്ള പ്രചാരണങ്ങള്‍ പ്രത്യേകമായും നടക്കുന്നു. ശശികല - ഗോപാലകൃഷ്ണാദികളായിരിക്കും അതിന് നേരിട്ട് ചുക്കാന്‍ പിടിക്കുക എന്നു മാത്രം. ഐ.എസ് മുതല്‍ പാകിസ്താന്‍ വരെയുള്ള രാഷ്ട്രാന്തര സംഗതികള്‍ മേമ്പൊടി ചേര്‍ക്കാന്‍ അവര്‍ക്കുണ്ടാവുകയും ചെയ്യും. വെറുപ്പിന്റെ വിഷം വേണ്ടത്രയുള്ള ഈ പ്രചാരണങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ അതും ഗുണം ചെയ്യുക സംഘ്പരിവാറിനായിരിക്കും. വര്‍ഗീയമായ ഏതു സംഘര്‍ഷവും കേരളത്തെപ്പോലൊരു രാഷ്ട്രീയ സമൂഹത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ പാളിച്ചയായി വിലയിരുത്തപ്പെടാന്‍ സാധ്യത ഏറെയാണ്. 

ദുര്‍ബലമായ പ്രതിപക്ഷമായി മാത്രമേ യു.ഡി.എഫിനെ ബി.ജെ.പി കണക്കാക്കിയിരുന്നുള്ളൂ. തെരുവിലെ പ്രതിപക്ഷമായി മാറാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ കണക്കുകൂട്ടലിനെ വേഗത്തില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. സ്വാശ്രയ സമരം, അതെത്രത്തോളം പ്രഹസനമായാലും ബി.ജെ.പിയെയും പോഷക സംഘങ്ങളെയും അപ്രസക്തരാക്കുന്നതായി. ഇടം കിട്ടാതെ വരുന്ന സംഘ്പരിവാര്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. അതാണോ കണ്ണൂരിനെ ഇപ്പോള്‍ സംഘര്‍ഷഭരിതമാക്കുന്നത് എന്ന സംശയം അസ്ഥാനത്തല്ല. ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ ഗവര്‍ണര്‍ തയാറാകുമ്പോള്‍ അത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സമ്മര്‍ദത്തിന്റെ പ്രതിഫലനമാകാതെ തരമില്ല. കേരളത്തിലെ ഘടകത്തിന് കേന്ദ്ര ഭരണത്തിന്റെ (നരേന്ദ്ര മോദിയുടെ) പൂര്‍ണ പിന്തുണയുണ്ടെന്ന ധാരണ ജനങ്ങളിലുണ്ടാക്കാനാണ് ഈ നടപടികള്‍.  

വര്‍ഗീയ ധ്രുവീകരണം പരമാവധി സാധ്യമാക്കുന്നതിനൊപ്പം നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിക്കുക എന്നതു കൂടിയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. വെള്ളാപ്പള്ളി നടേശനിലൂടെ ഇടതിനെ ഉലക്കാന്‍ ശ്രമിച്ചവര്‍, നാളെ കേരള കോണ്‍ഗ്രസ് എമ്മിനെ അടര്‍ത്തിയെടുത്ത് യു.ഡി.എഫിനെ തളര്‍ത്താന്‍ ശ്രമിച്ചേക്കും. വെള്ളാപ്പള്ളി നടേശനൊപ്പം നില്‍ക്കുന്നവര്‍ക്ക് അപ്പക്കഷ്ണങ്ങള്‍ നല്‍കി, വിവിധ സമുദായങ്ങളിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ തുനിഞ്ഞേക്കും. ഇതൊക്കെ മനസ്സിലാക്കി ഭരണ - പ്രതിപക്ഷങ്ങള്‍ പെരുമാറുന്നുവെന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള മാസങ്ങളിലെ കാഴ്ച. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍