കമാലിസം എന്ന മുഖ്യശത്രു (ഉര്‍ദുഗാന്റെ ജീവിത കഥ-2)
If the skies and the ground were to open against us
If floods and volcanoes were to burst,
We will not turn from our mission
My reference is Islam
If I am not able to speak of this,
What is the use of living?
ടര്‍ക്കിഷ് ദേശീയതയുടെ വക്താക്കളിലൊരാളായ സിയ ഗോകല്‍പ് എഴുതിയ കവിതയുടെ അവസാന വരികളുടെ ഇംഗ്ലീഷ് പരിഭാഷയാണിത്. 1997-ല്‍ സിര്‍ത്ത് നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസംഗത്തിനിടെ ഈ കവിത ചൊല്ലിയതിന് ഉര്‍ദുഗാനെ നാല് മാസത്തെ തടവിന് ശിക്ഷിക്കുകയുണ്ടായി. 'മതവ്യത്യാസങ്ങള്‍ പറഞ്ഞ് വിദ്വേഷം ഇളക്കിവിട്ടതിന്' ആയിരുന്നു ശിക്ഷ. എന്ത് തരം മത വിദ്വേഷമാണ് ഈ കവിത ഇളക്കിവിടുന്നതെന്ന് ബഹുമാനപ്പെട്ട ജഡ്ജി വിശദീകരിക്കുകയുണ്ടായില്ല. ആരും അത് ചോദിക്കാനും പോയില്ല. ഇസ്‌ലാമിനെക്കുറിച്ചും തുര്‍ക്കി ജനത ഇസ്‌ലാമിക ചരിത്രത്തില്‍ ആര്‍ജിച്ച പ്രതാപൈശ്വര്യങ്ങളെക്കുറിച്ചും കവിതയില്‍ സൂചനയുണ്ട് എന്നതാണ് യഥാര്‍ഥ 'കുറ്റം'. അത് 'സെക്യൂലര്‍' തുര്‍ക്കിയില്‍ വെച്ചുപൊറുപ്പിക്കില്ല..
അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊക്കെ സെക്യുലറിസമുണ്ട്. ഇങ്ങനെയൊരു കവിത എഴുതുന്നതോ ആലപിക്കുന്നതോ ഒന്നും ആ സെക്യുലര്‍ ഘടനകളില്‍ കുറ്റകൃത്യമായി എണ്ണപ്പെടുന്നില്ല. തുര്‍ക്കിയിലെ 'സെക്യുലറിസം' അങ്ങനെയൊന്നല്ല. കടുത്ത മതവിരുദ്ധതയാണ് അതിന്റെ പ്രത്യേകത. മതവിരുദ്ധത എന്നു പറഞ്ഞാല്‍ ഇസ്‌ലാം വിരുദ്ധത. മറ്റു മതവിശ്വാസങ്ങളോട് ഈ ടര്‍ക്കിഷ് ബ്രാന്റ് സെക്യുലറിസത്തിന് അത്രയധികം കലിപ്പുള്ളതായി കാണുന്നില്ല. യൂറോപ്യന്‍ സെക്യൂലറിസം സ്വകാര്യജീവിതത്തില്‍ മതവിശ്വാസങ്ങളും ചിഹ്നങ്ങളം അനുവദിക്കുന്നുണ്ട്. അമേരിക്കയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത് പോലും ബൈബിള്‍ തൊട്ട് സത്യവാചകം ചൊല്ലിക്കൊണ്ടാണ്. ഇന്ത്യയില്‍ സെക്യുലറിസം എന്നത് ഒരു മതത്തിനും പ്രത്യേകമായ പരിഗണന നല്‍കാതിരിക്കുന്നതിന്റെ പേരാണ്. അപ്പോള്‍, മറ്റൊരിടത്ത് നിന്നും ഇറക്കുമതി ചെയ്തതല്ല തുര്‍ക്കിയിലെ ഈ സെക്യുലറിസം. അതിന് ചേരുന്ന പേരും സെക്യുലറിസം എന്നല്ല, കമാലിസം എന്നാണ്. കമാലിസത്തെ എതിരിട്ടുകൊണ്ടല്ലാതെ ഇസ്‌ലാമിസ്റ്റുകള്‍ക്കോ ഇസ്‌ലാമിക കക്ഷികള്‍ക്കോ മാത്രമല്ല, ദേശീയവാദികള്‍ക്കും സോഷ്യലിസ്റ്റുകള്‍ക്ക് പോലും ഒരടി മുന്നേറാനാവില്ല എന്നതാണ് സത്യം. ഒരു കാലത്ത് കമാലിസ്റ്റായിരുന്ന, ദേശീയവാദിയായ ഒരു പ്രധാനമന്ത്രിയെപ്പോലും, സ്വന്തമായ ഇടമുണ്ടാക്കാന്‍ ശ്രമിച്ചതിന് നിര്‍ദയം തൂക്കിക്കൊന്ന പാരമ്പര്യമാണതിനുള്ളത്. ഉര്‍ദുഗാന്റെയും അദ്ദേഹത്തിന്റെ ഗുരു നജ്മുദ്ദീന്‍ അര്‍ബകാന്റെയും അവരുടെ സമകാലികരും അല്ലാത്തവരുമായ ഒട്ടുവളരെ ഇസ്‌ലാമിക പണ്ഡിതന്മാരുടെയും മുഖ്യശത്രു ആര് എന്ന ചോദ്യത്തിന് അതിനാല്‍തന്നെ ഒറ്റ ഉത്തരമേയുള്ളൂ-കമാലിസം. ഓരോ തുര്‍ക്കി രാഷ്ട്രീയ നേതാവും അതുമായി നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന എതിരിടല്‍ പരാമര്‍ശിക്കാതെ അവരുടെയൊന്നും ജീവചരിത്രക്കുറിപ്പുകള്‍ പൂര്‍ണമാവുകയില്ല.
കമാലിസം എന്താണെന്നറിയാന്‍ ആദ്യം മുസ്തഫ കമാല്‍ അത്താത്തുര്‍ക്ക് ആരാണെന്ന് അറിയണം. തുര്‍ക്കിയിലെ സാലോനിക്കയില്‍ 1881-ലായിരുന്നു മുസ്തഫയുടെ ജനനം. പിതാവ് അലി റിസ താഴ്ന്ന വരുമാനമുള്ള തന്റെ ഗവണ്‍മെന്റ് ജോലി ഉപേക്ഷിച്ച് രണ്ടു തവണ ബിസിനസ്സിലേക്ക് ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു. അത് അലി റിസയെ മദ്യത്തിന് അടിമപ്പെടുത്തി. മുസ്തഫ കമാലിന് ഏഴ് വയസ്സുള്ളപ്പോള്‍ പിതാവ് ക്ഷയം ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുസ്തഫയുടെ മാതാവ് സുബൈദ നിരക്ഷരയായിരുന്നുവെങ്കിലും പര്‍ദ ധരിക്കുന്ന മതബോധമുള്ള സ്ത്രീയായിരുന്നു. തന്റെ മൂത്ത മകന്‍ മുസ്തഫയെ ഒരു മതപണ്ഡിതനാക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.
പക്ഷേ മുസ്തഫ മറ്റൊരു തരക്കാരനായിരുന്നു. മാതാവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന പ്രകൃതമായിരുന്നില്ല അവന്റേത്. സ്‌കൂളിലും അവന്‍ പ്രശ്‌നക്കാരനായിരുന്നു. ധിക്കാരം സഹിക്കവയ്യാതായപ്പോള്‍ ഒരു അധ്യാപകന്‍ അവനെ നന്നായി ശിക്ഷിച്ചു. അതില്‍ പ്രതിഷേധിച്ച് അവന്‍ പിന്നെ സ്‌കൂളിലേ പോയില്ല. ഉപദേശിക്കാന്‍ ചെന്ന മാതാവിന് നേരെ തട്ടിക്കയറി. മകനെ ഇനി എന്തു ചെയ്യുമെന്നറിയാതെ മാതാവ് സുബൈദ നിരാശപ്പെട്ടിരിക്കുമ്പോഴാണ്, അവന്റെ ഒരമ്മാവന്‍ അവനെ സൈനിക സ്‌കൂളില്‍ അയക്കാം എന്ന നിര്‍ദേശം വെക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ മകനെ സൈനിക സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാവിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. മുസ്തഫയാകട്ടെ അവിടെ ചേര്‍ന്നേ പറ്റൂ എന്ന് വാശിപിടിച്ചുകൊണ്ടുമിരുന്നു. ആ വാശിയാണ് ഒടുവില്‍ വിജയിച്ചത്. സൈനിക കാര്യങ്ങളില്‍ മികച്ച പ്രകടനമായിരുന്നു കൗമാരക്കാരനായ മുസ്തഫയുടേത്. അതില്‍ അഭിനന്ദിച്ച് ഒരു അധ്യാപകന്‍ അവന് നല്‍കിയ പേരാണ് 'കമാല്‍' (പൂര്‍ണത). 1905-ല്‍ സൈനിക സ്‌കൂളില്‍നിന്ന് ക്യാപ്റ്റന്‍ പദവിയോടെ അവന്‍ ഓണേഴ്‌സ് ബിരുദമെടുക്കുകയും ചെയ്തു.
അതിതീവ്ര ദേശീയത പ്രചരിപ്പിച്ച്, വിപ്ലവകാരികളായി ചമഞ്ഞുനടക്കുന്ന ഒരുകൂട്ടം വിദ്യാര്‍ഥികളുണ്ടായിരുന്നു; അവര്‍ക്ക് 'വത്വന്‍' (മാതൃരാജ്യം) എന്ന പേരില്‍ ഒരു കൂട്ടായ്മയും. മുസ്തഫ കമാല്‍ അതില്‍ ചേര്‍ന്നു. ഉസ്മാനീ ഭരണാധികാരിയായ അബ്ദുല്‍ ഹമീദ് രണ്ടാമനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ഈ വിഭാഗം തുര്‍ക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്‌ലാമാണെന്ന് വിശ്വസിച്ചു പോന്നു. സൂഫികളെ വരെ അവര്‍ കടുത്ത ഭാഷയില്‍ പരിഹസിച്ചു. ഉസ്മാനീ ഭരണത്തെ അട്ടിമറിക്കുമെന്നും പാശ്ചാത്യ മാതൃകയിലുള്ള ഭരണം കൊണ്ടുവരുമെന്നും ഉലമ(മതപണ്ഡിതന്മാര്‍)യുടെ അധികാരം തകര്‍ക്കുമെന്നും പര്‍ദയും ശിരോവസ്ത്രങ്ങളും നിരോധിക്കുമെന്നും സംഘം പ്രതിജ്ഞയെടുത്തിരുന്നു. വൈകാതെ മുസ്തഫ കമാല്‍ ആ സംഘത്തിന്റെ തലവനായി.
അപ്പോഴാണ് 'യുവതുര്‍ക്കികളു'ടെ സംഘടനയായ കമ്മിറ്റി ഓഫ് യൂനിയന്‍ ആന്റ് പ്രോഗ്രസ്സിലേക്ക് മുസ്തഫ കമാലിന് ക്ഷണം ലഭിക്കുന്നത്. 1908-ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിന് തൊട്ടുമുമ്പാണിത്. പുതുമുഖമായതുകൊണ്ട് തുടക്കത്തില്‍ സ്ഥാന മാനങ്ങളൊന്നും ലഭിച്ചിരുന്നില്ല. മറ്റുള്ളവരുടെ കീഴില്‍ പ്രവര്‍ത്തിക്കുക മുസ്തഫക്ക് അസഹ്യമായിരുന്നുവെങ്കിലും അയാള്‍ പിടിച്ചുനിന്നു. പിന്നെയുള്ള പത്ത് വര്‍ഷം തന്റെ സൈനിക കഴിവുകള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'ജന്മനാ പട്ടാളക്കാരനായ' മുസ്തഫ അതില്‍ വിജയിക്കുകയും ചെയ്തു. മുസ്തഫയുടെ സ്വാധീനം വിപുലപ്പെടാന്‍ അത് കാരണമായി.
അപ്പോഴാണ് കാത്തിരുന്ന അവസരം വന്നുവീഴുന്നത്. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി തോറ്റമ്പിനില്‍ക്കുന്ന സന്ദര്‍ഭം. 'യൂറോപ്പിലെ രോഗി'യെ 'കൊന്നുകളയാനാ'യി യൂറോപ്യന്‍ ശക്തികള്‍ സംയുക്ത സേനയുമായി പടകൂട്ടിവരികയാണ്. ശത്രുക്കളെ ചെറുക്കാന്‍ ദേശീയ വികാരം ആവോളം ഉദ്ദീപിപ്പിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ആ അവസരം മുതലെടുത്തത് മറ്റാരുമായിരുന്നില്ല, മുസ്തഫ കമാല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ജനതയും സൈന്യവും ഒറ്റക്കെട്ടായി നിന്ന് യൂറോപ്യന്‍ പടയെ നേരിട്ട് പരാജയപ്പെടുത്തി. മുസ്തഫ കമാല്‍ ആയി അവരുടെ ദേശീയ ഹീറോ; പിന്നെ 'അത്താതുര്‍ക്കും' (രാഷ്ട്ര പിതാവ്). 'ഗാസി' (യോദ്ധാവ്) എന്ന സ്ഥാനപ്പേരും മുസ്തഫ എടുത്തണിഞ്ഞു.
ഇനിയങ്ങോട്ടാണ് കമാല്‍ അത്താതുര്‍ക്കിന്റെ യഥാര്‍ഥ മുഖം നാം കാണാന്‍ പോകുന്നത്. എച്ച്.സി ആംസ്‌ട്രോങ് എഴുതിയ അത്താതുര്‍ക്കിന്റെ ജീവചരിത്ര കൃതിയായ 'ദ ഗ്രേ വോള്‍ഫി'(The Grey Wolf, Caprion Books, Newyork, 1961) ല്‍നിന്നുള്ള ചില ഭാഗങ്ങള്‍ എടുത്തെഴുതാനേ ഇവിടെ സന്ദര്‍ഭമുള്ളൂ. അധികാരം കൈയേറ്റ അത്താതുര്‍ക്ക് ആദ്യം നടത്തിയ പ്രസ്താവനകളിലൊന്ന് ഇതായിരുന്നു: 'ഞാനാണ് തുര്‍ക്കി; എന്നെ തകര്‍ക്കുന്നത് തുര്‍ക്കിയെ തകര്‍ക്കലാണ് '(I am Turkey. To destroy me is to destroy Turkey)'. തുര്‍ക്കിയുടെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്‌ലാമാണെന്നും അതിനാല്‍ ഇസ്‌ലാമിന്റേതായ എല്ലാ മുദ്രകളും അടിയോടെ പിഴുതുമാറ്റുമെന്നുമുള്ള പ്രഖ്യാപനം പിന്നാലെ വന്നു. ''അധാര്‍മികരായ ഈ അറബികളുടെ മതദര്‍ശനമായ ഇസ്‌ലാമുണ്ടല്ലോ, അതൊരു മൃതസാധനമാണ്. മരുഭൂമിയിലെ ഗോത്രവര്‍ഗങ്ങള്‍ക്ക് അത് ചേരുമായിരിക്കും. ആധുനിക പുരോഗമന രാഷ്ട്രത്തിന് അത് ഏതായാലും ചേരുകയില്ല. ദൈവത്തിന്റെ വെളിപാടാണു പോലും! അങ്ങനെയൊരു ദൈവമില്ല. ദുഷിച്ച ഭരണാധികാരികളും പുരോഹിതന്മാരും ജനങ്ങളെ കെട്ടിവരിയുന്ന ചങ്ങലകളാണിതെല്ലാം. മതം ആവശ്യമുള്ള ഭരണാധികാരി അത്യന്തം ദുര്‍ബലനാണ്. ദുര്‍ബലനെ ഭരിക്കാന്‍ കൊള്ളില്ല.'' (പേജ് 199-200).
നാമമാത്രമായിക്കഴിഞ്ഞ ഉസ്മാനീ ഖലീഫയെ, കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത അത്താതുര്‍ക്ക് 1924 മാര്‍ച്ച് മൂന്നിന് തുര്‍ക്കി ഖിലാഫത്തിനെ ഔദ്യോഗികമായി ഉന്മൂലനം ചെയ്ത് തുര്‍ക്കിയെ മതമുക്ത രാഷ്ട്രമായി പ്രഖ്യാപിച്ചു. 'സെക്യുലര്‍' എന്ന് പ്രയോഗിച്ചപ്പോള്‍ അത്താതുര്‍ക്ക് അതാണ് ഉദ്ദേശിച്ചത്. ഖലീഫയെയും കുടുംബത്തെയും സ്വിറ്റ്‌സര്‍ലന്റിലേക്ക് നാടുകടത്തി. തനിക്കെതിരെ ഒരു പ്രതിപക്ഷ സ്വരവും അനുവദിക്കില്ലെന്നും ആ ഏകാധിപതി പ്രഖ്യാപിച്ചു. അത്താതുര്‍ക്കിസത്തെ എതിര്‍ക്കാനോ തള്ളിക്കളയാനോ കഴിയുമായിരുന്നില്ല. കാരണം ഭരണഘടനാപരമായിത്തന്നെ അത് അസാധ്യമായിരുന്നു.
ഈ 'പരിഷ്‌കരണങ്ങള്‍' അരങ്ങു തകര്‍ക്കുമ്പോഴായിരുന്നു മുസ്തഫ കമാലിന്റെ വിവാഹം. യൂറോപ്യന്‍ വിദ്യാഭ്യാസം ലഭിച്ച ലത്വീഫ എന്ന സുന്ദരിയെയാണ് പരിണയിച്ചത്. കുത്തഴിഞ്ഞ അധാര്‍മിക ജീവിതം നയിക്കുന്ന മുസ്തഫ കമാലിനൊപ്പം അധികകാലം തുടരാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. വാതില്‍ക്കലിടുന്ന ചവുട്ടി കണക്കെ ചവിട്ടിയരക്കപ്പെട്ട ആ സ്ത്രീ വിവാഹമോചനം നേടി രക്ഷപ്പെട്ടു. പെണ്ണും കള്ളും ആറാടിയ ജീവിതമായിരുന്നു അയാളുടേത്. മദ്യവും ഗുഹ്യരോഗങ്ങളും അയാളുടെ ആരോഗ്യം തകര്‍ത്തു. മുസ്തഫയുടെ അടുപ്പക്കാര്‍ക്ക് വരെ തങ്ങളുടെ പെണ്‍മക്കളെ അയാളുടെ കണ്‍വെട്ടത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സാഹസപ്പെടേണ്ടിവന്നു. മുസ്തഫ കമാലിന്റെ ഏറ്റവുമടുത്ത ഒരാളായി കണക്കാക്കപ്പെടുന്ന അതാതിസ നൂറിന്റെ വാക്കുകള്‍ കേള്‍ക്കൂ: 'ഞങ്ങളുടെ നേതാവിന് ഒരു സ്വഭാവമുണ്ട്. അദ്ദേഹം സ്ത്രീകളെ സ്‌നേഹിക്കുന്നു. അവരെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുകയും വേണം.''
എച്ച്.സി ആംസ്‌ട്രോങിന്റെ വാക്കുകളില്‍: 'മുസ്തഫ എല്ലായ്‌പ്പോഴും ഒറ്റപ്പെട്ടവനായിരുന്നു. ആരെയും അയാള്‍ വിശ്വസിച്ചില്ല. തന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്ന ഒന്നും അയാള്‍ ശ്രദ്ധിക്കുമായിരുന്നില്ല. എതിര്‍ക്കുന്നത് ആരായാലും അയാളെ അപമാനിക്കും. തന്റെ സ്വന്തം താല്‍പര്യങ്ങള്‍ മാത്രമായിരുന്നു എല്ലാം അളക്കാനുള്ള മാനദണ്ഡം. അസൂയാലുവുമായിരുന്നു. സാമര്‍ഥ്യവും കഴിവും തെളിയിച്ചു വരുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന് കരുതി. മറ്റാരുടെ കഴിവിനെയും അയാള്‍ രൂക്ഷമായി വിമര്‍ശിച്ചു. തന്നെ പിന്തുടരുന്നവരെ പോലും സ്വഭാവഹത്യ നടത്തുന്നതില്‍ അയാള്‍ വന്യമായ ആഹ്ലാദം കണ്ടെത്തി'' (പേജ് 213).
'രഹസ്യപ്പോലീസ് അവരുടെ ജോലി നടത്തിക്കൊണ്ടിരുന്നു. പ്രതിപക്ഷ നേതാക്കളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള പീഡനമുറകളൊക്കെ അവര്‍ക്ക് നല്ല വശമായിരുന്നു. ചട്ടങ്ങളൊന്നും പാലിക്കാതെ കോടതി അവര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ടുമിരുന്നു. മരണ വാറന്റുകളില്‍ ഒപ്പു ചാര്‍ത്തിക്കാട്ടാന്‍ അവ ഖാന്‍ കയയിലുള്ള മുസ്തഫ കമാലിന്റെ വസതിയില്‍ എത്തി. മരണശിക്ഷ പ്രഖ്യാപിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ആരിഫ് എന്നൊരാളുണ്ട്. മുസ്തഫ കമാലുമായി തെറ്റിപ്പിരിഞ്ഞ് പ്രതിപക്ഷത്ത് ചേര്‍ന്ന ആളാണ്. ഈ ആരിഫ് ദുരിതകാലങ്ങളിലെല്ലാം, പ്രത്യേകിച്ച് സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള യുദ്ധം നടക്കുന്ന വേളയില്‍, മുസ്തഫ കമാലിനൊപ്പം ഉറച്ചുനിന്ന വ്യക്തിയാണ്. ഇദ്ദേഹത്തോട് മാത്രമേ അയാള്‍ ഹൃദയം തുറന്നു സംസാരിക്കാറുണ്ടായിരുന്നുള്ളൂ. അത്രക്ക് അടുപ്പമായിരുന്നു. ഈ സമയം മുസ്തഫ കമാലിന്റെ വസതിയിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞത്, ആരിഫിന്റെ മരണ വാറന്റ് കണ്ടപ്പോള്‍ മുസ്തഫ കമാലിന്റെ ചാരനിറം പടര്‍ന്ന മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായില്ല എന്നാണ്. ഒരക്ഷരം ഉരിയാടുകയോ ഒന്നു സന്ദേഹിക്കുക പോലുമോ ചെയ്തില്ല. അയാളപ്പോള്‍ പുക വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിഗരറ്റ് ആഷ്‌ട്രേയുടെ വക്കില്‍ വെച്ച് അയാള്‍ ആരിഫിന്റെ മരണ വാറന്റില്‍ ഒപ്പിട്ടു, ഒരു സാദാ ഫയലില്‍ ഒപ്പിടുന്ന ലാഘവത്തോടെ, എന്നിട്ട് അടുത്ത വാറന്റിലേക്ക്'' (പേജ് 229). അങ്ങനെ പതിനൊന്ന് പ്രതിപക്ഷ നേതാക്കളെ അങ്കാറയിലെ ഗ്രേറ്റ് സ്‌ക്വയറില്‍ ജനം നോക്കിനില്‍ക്കെ തൂക്കിലേറ്റി.
തുര്‍ക്കിയെ അതിന്റെ ഇസ്‌ലാമിക പാരമ്പര്യങ്ങളില്‍നിന്ന് മുഴുവനായി മുറിച്ചുമാറ്റുക എന്നതായി മുസ്തഫ കമാലിന്റെ അടുത്ത ഉന്നം. തുര്‍ക്കി ഭാഷ എഴുതിപ്പോന്നിരുന്ന അറബി ലിപി മാറ്റി അത് ലാറ്റിനിലാക്കി. ഖുര്‍ആന്‍ വായനയും ബാങ്ക് വിളിയുമൊക്കെ തുര്‍ക്കി ഭാഷയിലേ പാടുള്ളൂ എന്ന് തിട്ടൂരമിറക്കി. തുര്‍ക്കി ഭാഷയില്‍നിന്ന് കഴിയുന്നത്ര അറബി വാക്കുകള്‍ എടുത്തുമാറ്റാന്‍ സമിതികള്‍ ഉണ്ടാക്കി. ഹിജ്‌റ കലണ്ടറിനു പകരം പാശ്ചാത്യ കലണ്ടര്‍ പ്രകാരമായി ഭരണകാര്യങ്ങള്‍. നഗരമാണെങ്കിലും അര ചതുരശ്ര കിലോമീറ്ററില്‍ ഒരൊറ്റ പള്ളിയേ ഉണ്ടാകാവൂ എന്ന് ശഠിച്ചു. ഇമാമുമാരുടെയും ഖത്വീബുമാരുടെയും എണ്ണം ഗണ്യമായി വെട്ടിക്കുറച്ചു. പ്രശസ്തമായ അയാസോഫിയ പള്ളി മ്യൂസിയവും, മസ്ജിദുല്‍ ഫാതിഹ് ഗോഡൗണുമാക്കി.
ലത്വീഫയുമായുള്ള തന്റെ വിവാഹത്തിന്റെ ചടങ്ങുകള്‍ മുഴുവന്‍ മുസ്തഫ കമാല്‍ പാശ്ചാത്യ രീതിയിലാക്കി. അകമ്പടിയായി മദ്യപാനവും നൃത്തവും. പിന്നെ ഈ ദമ്പതിമാര്‍ നാടുചുറ്റുകയും ലത്വീഫ അന്യപുരുഷന്മാരുമായി ആടിക്കുഴഞ്ഞ് നൃത്തമാടുകയും ചെയ്തു. ഹിജാബ് പോലുളള ഇസ്‌ലാമിക വസ്ത്രധാരണത്തിന് നേരെയായി പിന്നെ പടപ്പുറപ്പാട്. ഉസ്മാനീ തൊപ്പി (ത്വര്‍ബൂശ്) ഇസ്‌ലാമിക ചിഹ്നമല്ലെങ്കിലും അതു പോലും നിരോധിച്ചു. തുര്‍ക്കികള്‍ക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇസ്തംബൂളില്‍നിന്ന് തലസ്ഥാനം അങ്കാറയിലേക്ക് പറിച്ചുമാറ്റി.
ഇസ്‌ലാമിക അനുഷ്ഠാനങ്ങളും ചിഹ്നങ്ങളുമെല്ലാം പുരോഗതിക്ക് തടസ്സമാണെന്നും പാശ്ചാത്യ സംസ്‌കാരത്തെ ചാണിനു ചാണായും മുഴത്തിന് മുഴമായും പുണരുന്നതിലൂടെ മാത്രമേ പുരോഗതി സാധ്യമാവൂ എന്നുമുള്ള അത്യന്തം വികലമായ കാഴ്ചപ്പാടിന്റെ ഫലമായിരുന്നു ഈ നടപടികള്‍.
രാഷ്ട്രീയ ഏകാധിപത്യത്തിന്റെ ലക്ഷണമൊത്ത മാതൃകയായിരുന്നു മുസ്തഫ കമാലിന്റെ തുര്‍ക്കി. 1925 ഫെബ്രുവരിയില്‍ കൊണ്ടുവന്ന നിയമപ്രകാരം, മതവുമായി വിദൂരബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കുന്നത് പോലും രാജ്യദ്രോഹമായി പരിഗണിക്കപ്പെടും. ഭരണകൂട വിമര്‍ശനവും രാജ്യദ്രോഹക്കുറ്റമായി കണ്ട് വധശിക്ഷ വിധിക്കാം. മുസ്തഫ കമാല്‍ മരിച്ചിട്ടും-അമിത മദ്യപാനത്തെ തുടര്‍ന്ന് കരള്‍ രോഗം ബാധിച്ച് 1938 ലായിരുന്നു മരണം-ഈ ഭീകര നിയമങ്ങള്‍ തുര്‍ക്കി ഭരണത്തിലും നിയമവ്യവസ്ഥയിലും നിരവധി പതിറ്റാണ്ടുകള്‍ ഒരു മാറ്റവുമില്ലാതെ നിലനിന്നു. നൂര്‍സി-സുലൈമാനി സൂഫി സരണികള്‍ക്കും, നജ്മുദ്ദീന്‍ അര്‍ബകാനും റജബ് ത്വയ്യിബ് ഉര്‍ദുഗാനും നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും, വഴിമുടക്കി നില്‍ക്കുന്ന ഈ ഭീമാകാര രക്തരക്ഷസ്സിനോട് സകല അടവുകളും പുറത്തെടുത്ത് പോരാടിക്കൊണ്ടല്ലാതെ ഒരടി മുന്നോട്ടു വെക്കാനാകുമായിരുന്നില്ല. ആ പോരാട്ടത്തിന്റെ ചരിത്രമാണ് ആധുനിക തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രം.
ഈ 'പരിഷ്‌കാരങ്ങള്‍' തുര്‍ക്കി ജനത സഹര്‍ഷം സ്വാഗതം ചെയ്തു എന്ന മട്ടിലാണ് പാശ്ചാത്യ ചരിത്രകാരന്മാരും നമ്മുടെ നാട്ടിലെ ഇടതുപക്ഷ ബുദ്ധിജീവികളുമെല്ലാം എഴുതിവെച്ചിരിക്കുന്നത്. സത്യവുമായി അതിന് വിദൂരബന്ധം പോലുമില്ല. കനത്ത ജനകീയ ചെറുത്തുനില്‍പ്പുകളാണ് മുസ്തഫ കമാലിന് നേരിടേണ്ടിവന്നത്. തന്റെ ഭരണകാലത്ത് ഒമ്പതു തവണ മാര്‍ഷല്‍ ലോ പ്രഖ്യാപിക്കേണ്ടിവന്നു എന്നതില്‍നിന്നുതന്നെ ചെറുത്തുനില്‍പ്പിന്റെ തീവ്രത ഊഹിക്കാം. പര്‍വത പ്രദേശങ്ങളില്‍ താമസിക്കുന്ന കുര്‍ദ് ഗോത്രവിഭാഗങ്ങള്‍ 1926-ല്‍ നടത്തിയ തുറന്ന കലാപം എതിര്‍പ്പിന്റെ തീക്ഷ്ണതയും വ്യാപ്തിയും തുറന്നുകാണിക്കുന്നുണ്ട്. ചെറുനഗരങ്ങളും ഗ്രാമങ്ങളും ചുട്ടെരിച്ചും 46 കുര്‍ദ് ഗോത്രപ്രമുഖരെ തൂക്കിലേറ്റിയും മുസ്തഫ കമാല്‍ കലാപം ക്രൂരമായി അടിച്ചമര്‍ത്തിയെങ്കിലും, അതിന്റെ കനലുകള്‍ വരാനിരിക്കുന്ന വിപ്ലവത്തിന്റെ കരുതിവെപ്പായി ജനമനസ്സുകളില്‍ അണയാതെ നീറിപ്പിടിച്ചുനിന്നു.
(തുടരും)
Comments