Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

സര്‍ദാറിന്റെ നിരാശ, ഗന്നൂശിയുടെ പ്രത്യാശ

കെ.പി ഹാരിസ്

സമകാലിക ഇസ്‌ലാമിക സമൂഹം അഭിമുഖീകരിക്കുന്ന മൂന്ന് ദുരന്തങ്ങളെ അടയാളപ്പെടുത്തി സിയാവുദ്ദീന്‍ സര്‍ദാര്‍ എഴുതിയ ലേഖനവും (മാതൃഭൂമി, 2016 സെപ്റ്റംബര്‍ 3), വികസനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ആശയാടിത്തറ വിശദീകരിച്ചുകൊണ്ടുള്ള റാശിദുല്‍ ഗന്നൂശിയുടെ അഭിമുഖവും (പ്രബോധനം, ലക്കം 17,18) ചിന്തകളിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നതോടൊപ്പം, പുനര്‍ വിചിന്തനത്തിന്റേതും മാറ്റിപ്പണിയലിന്റേതുമായ അന്വേഷണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. സിയാവുദ്ദീന്‍ സര്‍ദാര്‍ അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ശൈലിയില്‍ ഇസ്‌ലാമിക സമൂഹം എത്തിപ്പെട്ട ദുരന്തങ്ങളെ അടയാളപ്പെടുത്തി വിമര്‍ശനത്തിന്റെയും പഴിക്കലിന്റെയും ഭാഷയിലൂടെ നിരാശയോടെ മുസ്‌ലിം ലോകത്തെ കാണുമ്പോള്‍, ഗന്നൂശി പുതിയലോകത്ത് പ്രയോഗ സാധ്യതയുള്ള മാതൃകകളെ അന്വേഷണവിധേയമാക്കി പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ വിതറുന്നു. ഇസ്‌ലാമിന്റെ ഉദ്ഗ്രഥനത്തിന് വേണ്ടിയുള്ള സര്‍ദാറിന്റെ ലേഖനം ലഘൂകരണത്തില്‍നിന്നുള്ള ഇസ്‌ലാമിന്റെ വികാസം സ്വപ്‌നം കാണുന്നു. ശരീഅത്തിനെ ദൈവിക തലത്തോളം ഉയര്‍ത്തല്‍, തല്‍ഫലമായി വിശ്വാസികളില്‍നിന്ന് കര്‍തൃത്വസ്ഥാനം എടുത്തുകളയല്‍, ഇസ്‌ലാമിനെ ഭരണകൂടത്തോട് തുല്യപ്പെടുത്തല്‍ എന്നീ മൂന്ന് ആധ്യാത്മിക ദുരന്തങ്ങളെ ചൂണ്ടിക്കാണിച്ച് മുന്നേറുന്ന അദ്ദേഹത്തിന്റെ ലേഖനം ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടണം.  അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍, ഇസ്‌ലാമിക സമൂഹം പൈശാചികവത്കരണത്തിന് വിധേയമായിരിക്കുന്നു. ഇതില്‍നിന്ന് മോചനം സാധ്യമാവണമെങ്കില്‍ ഇജ്തിഹാദിന്റെ വാതിലുകള്‍ തുറന്ന് പവിത്ര പാഠങ്ങളെ (ഖുര്‍ആനും സുന്നത്തും) നമ്മുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കാന്‍ സാധിക്കണം. പറഞ്ഞുപഴകിയ ആശയങ്ങളില്‍ ജീവിച്ച് ഗൃഹാതുരതയില്‍ അഭിരമിക്കുക എന്നുള്ളത് ഏറ്റവും എളുപ്പമുള്ള വഴിയാണ്. ഈ വഴിയിലൂടെയാണ് സമകാലിക ഇസ്‌ലാമിക സമൂഹം മുന്നോട്ടു പോവുന്നത്. ഇതിനെതിരെയുള്ള ഒരു മുന്നേറ്റമാണ്, അഥവാ ഒഴുക്കിനെതിരെയുള്ള നീന്തലാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ഇസ്‌ലാമിനെ ആശയങ്ങള്‍ക്ക് പിന്നാലെ ആശയം എന്ന തരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ഉറച്ചുനില്‍ക്കലിന്റേതും കട്ടപിടിക്കലിന്റേതുമായ നിലവിലുള്ള ബോധത്തെ മാറ്റിപ്പണിയാന്‍ മതത്തിന്റെ പുതിയ വായന അനിവാര്യമാണ്. ആശയ ഉല്‍പാദനത്തിന്റെ നിരന്തരമായ ഒഴുക്ക് രൂപപ്പെടുത്തി തെളിമയുള്ള ചിന്തകള്‍ സമര്‍പ്പിക്കണം. അതിന് സാമ്പ്രദായിക മതപണ്ഡിതനെ തന്നെ ആശ്രയിച്ച് കാലം കഴിച്ചാല്‍ ദുരന്തത്തിന്റെ ആഴവും കാലദൈര്‍ഘ്യവും കൂടുമെന്നതല്ലാതെ നിലവിലെ സാമൂഹിക അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കില്ല. അതിനാല്‍ വിഷയങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ ആഴത്തിലുള്ള വിദ്യാഭ്യാസം നേടിയവര്‍ സമൂഹത്തിന് നേതൃത്വം നല്‍കണം. പരമ്പരാഗത ഫിഖ്ഹ് മാത്രം പഠിച്ചവര്‍ സമൂഹത്തെ നയിക്കാന്‍ വന്നതിന്റെ ദുരന്തമാണ് ഇന്ന് ഇസ്‌ലാമിക സമൂഹം അഭിമുഖീകരിക്കുന്നത്. പഴയകാലത്തെ അങ്ങനെ തന്നെ ആവിഷ്‌കരിക്കാനുള്ള ടിപ്പണിയും വ്യാഖ്യാനവും വികസിപ്പിക്കുക എന്ന കാര്യമേ ഇവരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. ദയാവായ്പിലൂടെയും കാരുണ്യത്തിലൂടെയുമുള്ള നീതിനിര്‍വഹണത്തിലൂടെ മാത്രമേ പൈശാചികവത്കരണത്തെ നേരിടാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. കാരുണ്യവും സ്‌നേഹവും സൗഹാര്‍ദവും പൂത്തുലയുന്ന ഒരു ഭാഷയും സംസ്‌കാരവും ഉല്‍പാദിപ്പിച്ചാല്‍ പ്രതിസന്ധികളെ മറികടക്കാം. ആക്രോശത്തിന്റെയും അട്ടഹാസത്തിന്റെയും പേടിപ്പെടുത്തലിന്റെയും ഭാഷ മാറ്റിവെച്ച് കുലീനമായ ഇടപഴക്കത്തിന്റെ ഭാഷ നിര്‍മിച്ചെടുക്കണം. അഥവാ നമുക്ക് ചുറ്റുമുള്ള മനുഷ്യവിരുദ്ധമായ ലോകത്തെ ചികിത്സിക്കാന്‍ സ്‌നേഹത്തിന്റെ ഭാഷ ഉപയോഗിക്കണം.

ഏതെങ്കിലും ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തി ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് പോരടിക്കുന്നതിനു പകരം കൂടെ നിര്‍ത്തി ചികിത്സിക്കണം. ഔന്നത്യബോധത്തോടെ എഴുന്നേറ്റുനിന്ന് സമൂഹത്തെ ചികിത്സിച്ചാല്‍ മാത്രമേ പൈശാചികവത്കരണത്തില്‍നിന്ന് മോചനം ലഭിക്കുകയുള്ളൂ. മുസ്‌ലിം ജനസാമാന്യം അലസതയില്‍നിന്ന് മുക്തി നേടി സാമൂഹികതയുടെ കര്‍തൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരണം എന്നും അദ്ദേഹം വാദിക്കുന്നു. തുടര്‍ന്ന് ഇസ്‌ലാമിനെ ഭരണകൂടത്തോട് തുല്യപ്പെടുത്തി എന്നു പറഞ്ഞ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഈ പ്രതിഷ്ഠിക്കല്‍ അങ്ങേയറ്റം വൈരുധ്യം നിറഞ്ഞതാണ് എന്നതോടൊപ്പം ഇജ്തിഹാദിന്റെ വാതിലുകള്‍ തുറക്കണമെന്ന അദ്ദേഹം തന്നെ മുന്നോട്ടുവെക്കുന്ന ആശയത്തെ നിരാകരിക്കുന്നതുമാണ്. കാരണം സര്‍ദാറിന്റെ തന്നെ അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നതും ഇസ്‌ലാമിക ലോകത്തിന്റെ ചിന്താപരമായ നിശ്ചലതയിലാണ്. ഇതിനെതിരെ ചെറിയ ഇലയനക്കങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്ന് അദ്ദേഹം പരിതപിക്കുന്നു. വല്ല മുന്നേറ്റവും ദര്‍ശിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാത്രമാണ് ഉണ്ടാകുന്നത്. പൗരോഹിത്യത്തിനെതിരെ പോരാടി ഇജ്തിഹാദിന്റെ വാതിലുകള്‍ തുറന്ന് ശരീഅത്തിനെ അതിന്റെ ഭൂതകാലത്തില്‍നിന്ന് മോചിപ്പിച്ച് ഇസ്‌ലാമിക സമൂഹത്തിലെ ഓരോ വ്യക്തിയെയും കര്‍തൃത്വപദവിയിലേക്ക് ഉയര്‍ത്തുകയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. ഇസ്‌ലാമിന്റെ സാമൂഹിക- രാഷ്ട്രീയ ഉള്ളടക്കം ലോകബോധത്തില്‍നിന്ന് അപ്രത്യക്ഷമാവുകയോ അപ്രത്യക്ഷമാക്കുകയോ ചെയ്ത ഒരു സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. 

കാലം പിന്നെയും മുന്നോട്ടുപോയി. ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന പുതിയ നയസമീപനങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ ഏറെ സ്വീകാര്യമാണ്. ഇസ്‌ലാം മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്‍കൂട്ടി ഉത്തരങ്ങള്‍ തയാറാക്കിവെച്ചിട്ടില്ല. അത് ധാര്‍മികവും നീതിയുക്തവുമായ ഒരു 'കാഴ്ചപ്പാട്' പ്രദാനം ചെയ്യുന്നുവെന്നേയുള്ളൂ എന്ന് സര്‍ദാര്‍ അഭിപ്രായപ്പെടുന്നു. തീര്‍ച്ചയായും ഈയൊരു 'കാഴ്ചപ്പാടിനെ' ഉയര്‍ത്തിക്കൊണ്ടുവന്ന് ലോകത്തിന് സമര്‍പ്പിക്കുന്ന ദൗത്യമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. സെക്യുലര്‍ പരികല്‍പനയില്‍ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവൂ എന്ന തീവ്ര നിലപാട് ശരിയല്ലാത്തതുപോലെ, ഇസ്‌ലാമില്‍ എല്ലാറ്റിനും ഉത്തരങ്ങളും പരിഹാരങ്ങളും കണ്ടെത്തിക്കഴിഞ്ഞു എന്ന അബദ്ധ നിലപാടും ഇസ്‌ലാമിസ്റ്റുകള്‍ക്കില്ല. അഥവാ സംവാദത്തിന്റെ ഒരു തലം വികസിപ്പിക്കാനും ജനാധിപത്യത്തിന്റെ കൂടുതല്‍ വിസ്തൃതിയിലേക്ക് അന്വേഷണങ്ങളെ വികസിപ്പിക്കാനും ഇസ്‌ലാമിസ്റ്റുകള്‍ മുന്നോട്ടുവന്നിരിക്കുന്നു. പക്ഷേ, സാമ്രാജ്യത്വം ഇസ്‌ലാമിക സമൂഹത്തിന്റെ ജനാധിപത്യപരമായ ഉണര്‍വുകളെ അടിച്ചമര്‍ത്തുകയും സ്വേഛാധിപതികളെ താലോലിക്കുകയും ചെയ്യുകയാണ്. 

താലിബാനോ അല്‍ഖാഇദയോ ഐ.എസോ ഒന്നും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല എന്നു മാത്രമല്ല, ഇവരുടെ ശത്രുപക്ഷത്താണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുള്ളത് എന്നിരിക്കെ ഇവരുടെ ചെയ്തികളെ ന്യായീകരിക്കേണ്ടതില്ല. കാരണം, ഈ മിലിറ്റന്റ് ഗ്രൂപ്പുകളെല്ലാം ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുത്ത ജനാധിപത്യത്തിന്റെ ഭാഷ മനസ്സിലാകാത്തവരാണ്. മുല്ലായിസത്തിന്റെ ഭൂതകാലത്തില്‍ അഭിരമിക്കുന്ന ഇക്കൂട്ടരുമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സമീകരിക്കാനുള്ള സിയാവുദ്ദീന്‍ സര്‍ദാറിന്റെ ശ്രമം തെറ്റായ വായനയില്‍നിന്ന് രൂപപ്പെട്ടതാണ്. മാത്രമല്ല, ഇസ്‌ലാമിക സാമൂഹിക-രാഷ്ട്രീയ പ്രതിനിധാനമായി സര്‍ദാര്‍ ഇപ്പോഴും ഉദാഹരിക്കുന്നത് ഇറാനെയാണ്.

ഇസ്‌ലാമിക ലോകം അവിടെ നിന്നും ഏറെ മുന്നോട്ടുപോയി എന്നു വിളിച്ചുപറയുകയാണ് ഗന്നൂശി നേരത്തേ ഉദ്ധരിച്ച അഭിമുഖത്തില്‍. അഥവാ ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ ഇടപെടലിലൂടെ ലോകത്തോട് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പുതിയ വികസനത്തിന്റെ വര്‍ത്തമാനമാണ്. ക്ലാസിക്കല്‍ ഇസ്‌ലാമിസത്തില്‍നിന്ന് നിയോ ഇസ്‌ലാമിസത്തിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചുവടുമാറി സംവാദത്തിന്റെ പുതിയ ലോകം തുറന്നിരിക്കുന്നു. സ്വത്വ പ്രതിനിധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനു ശേഷം വികസനത്തിനു വേണ്ടിയുള്ള പോരാട്ട വീഥിയിലേക്ക് ചുവടുമാറുന്നതിന്റെ ആശയപരിസരം വ്യക്തമാക്കുന്ന ഗന്നൂശി, മതത്തെയും രാഷ്ട്രത്തെയും കൂട്ടിക്കുഴച്ചുവെന്ന വിമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ തന്റെ പ്രസ്ഥാനം സ്വീകരിച്ച പുതിയ ചുവടുമാറ്റം വിശദീകരിക്കുന്നു. മത സംസ്‌കരണ പ്രവര്‍ത്തനങ്ങളെയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലായി നടത്തേണ്ട ഘട്ടത്തിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനം വളര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ പഴയ ക്ലാസിക്കല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സമഗ്രതയുടെ ചട്ടക്കൂട് ഒഴിവാക്കുകയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ഇവിടെ സ്വാഭാവികമായും മത-രാഷ്ട്രീയ വിഭജനം നടന്നു എന്നും അതിനാല്‍ ഇസ്‌ലാമിക പ്രസ്ഥാനം സെക്യുലര്‍ ആശയാവലിയിലേക്ക് വന്നുകഴിഞ്ഞുവെന്നും അതിനാല്‍ ആ പേരിന് അവര്‍ അര്‍ഹരല്ല എന്നുമുള്ള വിമര്‍ശവും ഉയര്‍ന്നുവരുന്നു. ഈ തെറ്റിദ്ധരിപ്പിക്കലിനെ ഗന്നൂശി കൈകാര്യം ചെയ്യുന്നത് അത്യന്തം ചിന്തോദ്ദീപകമായ രീതിയിലാണ്. സെക്യുലര്‍ പരികല്‍പനയിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനം ചുവടു മാറിയതായി വ്യാഖ്യാനിക്കാനുള്ള ശ്രമത്തെ രാഷ്ട്രീയ ഇസ്‌ലാം എന്ന സാമ്രാജ്യത്വം പതിച്ചുനല്‍കിയ ടെര്‍മിനോളജി ഉപയോഗിച്ച് നേരിടുകയല്ല അദ്ദേഹം ചെയ്യുന്നത്. ജനാധിപത്യവാദികളായ മുസ്‌ലിംകള്‍ എന്ന് വിളിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും, ഇതൊരിക്കലും മതവും രാഷ്ട്രീയവും ജീവിതവും തമ്മിലുള്ള വിഛേദനത്തെക്കുറിക്കുന്നില്ലെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ബൗദ്ധികമായ വിഛേദനമല്ല, മറിച്ച് വ്യത്യസ്ത കാര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ മാറിയിരിക്കുക മാത്രമാണ്, ഇസ്‌ലാമിക പദ്ധതിയുടെ സമഗ്ര സ്വഭാവം എന്നാല്‍ പാര്‍ട്ടിയുടെ സമഗ്രത എന്നര്‍ഥമുണ്ടായിക്കൊള്ളണമെന്നില്ല, ഇസ്‌ലാമിക ചിന്ത സമഗ്രമാണെങ്കിലും അതിന്റെ രാഷ്ട്രീയവും സാമ്പത്തികവും ശിക്ഷണപരവും മറ്റുമായ നിര്‍വഹണം ഒറ്റ സംഘടനാ ചട്ടക്കൂടില്‍തന്നെ നടക്കണമെന്നത് അനിവാര്യമൊന്നുമല്ല എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കാലഘട്ടത്തെ വായിച്ചെടുത്ത ഒരു നേതാവിന്റെ വര്‍ത്തമാനമാണ്. ചുരുക്കത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുതിയ മാനങ്ങളിലേക്ക് മാറാനും വികസിക്കാനും കഴിയുന്ന ഒരു ചലനാത്മക സംഘടനാ വൈദഗ്ധ്യം അതിനുണ്ട്. അതുകൊണ്ടുതന്നെ കാലഘട്ടത്തെ അഡ്രസ്സ് ചെയ്ത് വിപുലമായ ഐക്യനിര കെട്ടിപ്പടുത്ത് സാമ്രാജ്യത്വവിരുദ്ധ പ്രതിരോധത്തെ ശക്തിപ്പെടുത്താനും ജനതയുടെ മോചനം സാധ്യമാക്കാനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നാണ് ഗന്നൂശിയുടെ പ്രത്യാശ. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍