Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

നിരപരാധികളുടെ സത്യസാക്ഷ്യം

ഡോ. വി.എം നിഷാദ് പുതുക്കോട്

മാലേഗാവ്, മക്കാ മസ്ജിദ്, മുംബൈ ഭീകരാക്രമണം ...... സ്‌ഫോടന പരമ്പരകള്‍ തീര്‍ത്ത പുതിയ ഇന്ത്യയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട ഒരു കൂട്ടം മനുഷ്യരുണ്ട്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്ക് തങ്ങളുടെ നല്ല ജീവിതം പകുത്തു നല്‍കിയവര്‍, അപരാധിയല്ലെന്ന് കേള്‍ക്കാന്‍ ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ പാതിരാവില്‍ പ്രാര്‍ഥനാനിരതരായി ഇരുമ്പഴിക്കുള്ളില്‍ കാത്തിരുന്നവര്‍, കേസ് നടത്തിപ്പിന് സ്വന്തം സമ്പാദ്യത്തിന് പുറമെ കുടുംബസ്വത്ത് മുഴുവന്‍ ചെലവഴിച്ചവര്‍. ഈ പച്ച മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ വാക്കുകള്‍ക്കു പോലും പരിമിതിയുണ്ട്. ഭീകരവാദ, തീവ്രവാദ, ഗൂഢാലോചനാ കേസുകളില്‍ നിരപരാധികളെന്ന് തെളിഞ്ഞ് വിട്ടയക്കപ്പെട്ടവര്‍ ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ നിറഞ്ഞ സദസ്സിന് മുമ്പില്‍ മനസ്സ് തുറന്നപ്പോള്‍ ചിലരൊക്കെ ഉറക്കെ ചോദിച്ചുപോയി: 'എന്താ നമ്മുടെ നീതിന്യായ വ്യവസ്ഥ ഇങ്ങനെ...?' ആരെയും ഇത് ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ് നിരപരാധികളുടെ ജീവിതാനുഭവങ്ങളില്‍ ഉായിരുന്നത്.

''ഞാന്‍ 20 വയസ്സുള്ള ചെറുപ്പക്കാരനായിരുന്നു. പക്ഷേ എനിക്കിപ്പോള്‍ 43 വയസ്സ്, എന്റെ കുഞ്ഞനിയത്തിയെ അവസാനമായി ഞാന്‍ കാണുമ്പോള്‍ അവള്‍ക്ക് 12 വയസ്സായിരുന്നു. പക്ഷേ അനിയത്തിക്ക് ഇന്ന് 12 വയസ്സുള്ള ഒരു മകളുണ്ട്. എന്നേക്കാള്‍ 2 വയസ്സ് പ്രായം കുറവുള്ള മറ്റൊരനിയത്തി തന്റെ പേരക്കുട്ടിയെ താലോലിക്കുന്നു. ഒരു തലമുറ കഴിഞ്ഞു പോയിരിക്കുന്നു.'' വാക്കുകള്‍ക്കിടയില്‍ നിസാര്‍ അഹ്മദ് വിതുമ്പുന്നുണ്ടായിരുന്നു. വേദിയിലും സദസ്സിലുമുള്ള സകലരുടെയും കണ്ണുകളെ ഈറനണിയിച്ചുകൊണ്ടാണ് 23 വര്‍ഷത്തെ തന്റെ ജയില്‍ ജീവിതം നിസാര്‍ പറഞ്ഞവസാനിപ്പിച്ചത്. ബാബരി ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു എന്ന കുറ്റം ആരോപിച്ചാണ് 1994 ജനുവരി 15-ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് നിസാര്‍ അഹ്മദ് എന്ന രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി അറസ്റ്റ് ചെയ്യപ്പെടുന്നത്. അതേവര്‍ഷം ഇതേ കുറ്റം ആരോപിച്ച് നിസാറിന്റെ സഹോദരന്‍ സഹീര്‍ അഹ്മദിനെയും ജയിലില്‍ അടച്ചു. പക്ഷേ സഹീറിന് അല്‍പം ആശ്വാസം കിട്ടി, ശ്വാസകോശത്തിലെ കാന്‍സര്‍ തുണച്ചു. 14 വര്‍ഷത്തിനു ശേഷം 2008-ല്‍ മോചനം സാധ്യമായി. നിരപരാധികളുടെ ജീവചരിത്രം അവസാനിക്കുന്നില്ല. 14 വര്‍ഷത്തിനു ശേഷം വിട്ടയക്കപ്പെട്ട ആമിര്‍ ഖാന്‍, മാലേഗാവ് കേസില്‍നിന്ന് 10 വര്‍ഷത്തിനു ശേഷം വിട്ടയക്കപ്പെട്ട ഡോ. ഫാറൂഖ് മഖ്ദൂമി, 8 വര്‍ഷത്തിനു ശേഷം വിട്ടയക്കപ്പെട്ട വസീഫ് ഹൈദര്‍, ശുഐബ് ജാഗിര്‍ദാര്‍, അബ്ദുല്‍വാഹിദ്, അബ്ദുല്‍ അസീം... അങ്ങനെ കുറേ മനുഷ്യര്‍, ജീവിതത്തിനും മരണത്തിനുമിടയില്‍ കാലം കഴിച്ചവര്‍.

ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിക്കപ്പെട്ട പീപ്പ്ള്‍സ് ട്രൈബ്യൂണലില്‍ നിരപരാധികളുടെ ജീവിതാനുഭവങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയിലെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതികരണം പോലും അല്‍പം വൈകാരികമായി മാറി. ജസ്റ്റിസ് എ.പി ഷാ, (ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ചെയര്‍പേഴ്‌സണ്‍, 20-ാം ലോ കമീഷന്‍), പ്രഫ. ജി.എസ് ബാജ്‌പേയ് (രജിസ്ട്രാര്‍, നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി, ദല്‍ഹി), നസീം അഹ്മദ് (ചെയര്‍പേഴ്‌സണ്‍, നാഷ്‌നല്‍ കമീഷന്‍ ഫോര്‍ മൈനോരിറ്റീസ്), മാധ്യമ പ്രവര്‍ത്തക നീന വ്യാസ്, അഡ്വ. മോണിക്ക, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. അബ്ദുശ്ശഅ്ബാന്‍, പ്രഫ. നന്ദിനി സുന്ദര്‍ തുടങ്ങിയ പ്രമുഖര്‍ ട്രൈബ്യൂണല്‍ അംഗങ്ങളായിരുന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സോളിഡാരിറ്റി അടക്കമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും.

കേരളത്തില്‍ എന്‍.ഐ.എ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രത്യേക പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ കേസുകളിലൂടെ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ അനേകം പച്ച മനുഷ്യരുടെ ചരിത്രവും വര്‍ത്തമാനവും നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട്. 

ഭരണകൂട ഭീകരത ഒരു യാഥാര്‍ഥ്യമാണെന്നും വര്‍ഗീയവും വംശീയവുമായ അതിന്റെ ഉള്ളടക്കം ജനാധിപത്യ- മതനിരപേക്ഷ വ്യവസ്ഥിതിയെ മാത്രമല്ല, ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ നശിപ്പിച്ചുകളയുകയുമാണെന്ന തിരിച്ചറിവാണ് അതില്‍ പ്രധാനം. അന്വേഷണ ഏജന്‍സികളുടെ മനുഷ്യാവകാശലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്ന ഒരുകാലത്തും എല്ലാം തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് പറയുന്ന  സാംസ്‌കാരിക ബോധമാണ് രാജ്യത്തിന്റെ പൊതു മനസ്സാക്ഷിയെ നിയന്ത്രിക്കുന്നതെന്നതാണ് മറ്റൊരു പ്രധാന വിഷയം. ഒരു സമൂഹത്തെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയാല്‍ പിന്നെ അവര്‍ക്കെതിരില്‍ എന്തുമാവാം എന്ന സരള യുക്തിയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. അതോടുകൂടി ഇരകളുടെ പ്രതിരോധം സ്വാഭാവികമായും ഇല്ലാതായിത്തീരും. ഇരകള്‍ക്കു വേണ്ടി സംസാരിക്കുന്നവരുടെ ആത്മവിശ്വാസത്തെ പോലും ചോര്‍ത്തിക്കളയാന്‍ കഴിയുമെന്നിടത്താണ് ഭീതിയുടെ രാഷ്ട്രീയം ആത്യന്തികമായി വിജയിക്കുന്നത്.  തടവു ജീവിതത്തിന്റെ ഫലമായി രൂപപ്പെടുന്ന നിരാശയും മടുപ്പും നേരിട്ടും അല്ലാതെയുമുള്ള സാമൂഹിക ഭ്രഷ്ടുകളും ഇരകളുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളയുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങള്‍ സാധ്യമല്ലാത്തവിധം ഒറ്റപ്പെട്ട ജീവിതത്തിലേക്ക് ഒതുങ്ങുകയെന്ന സ്വാഭാവിക  പരിണതിയാണ് സാധാരണ കുവരാറുള്ളത്.

മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകരുടെ ജാഗ്രത കൊണ്ട് മാത്രം പ്രതിരോധം സാധ്യമാവുകയില്ല. ഇരകളാക്കപ്പെടുന്നവരുടെ നഷ്ടപ്പെട്ട ജീവിതത്തിനു മറുപടി പറയാന്‍ നിയമ- നീതിന്യായ സംവിധാനങ്ങള്‍ക്കു ബാധ്യതയുണ്ട്. അത് ഉറപ്പുവരുത്താനുള്ള ജനാധിപത്യ, നിയമ പോരാട്ടങ്ങള്‍ കൂടി നടക്കേണ്ടതുണ്ട്.  ഇവിടെയാണ് ഇരകളുടെ കൂട്ടായ്മയായ 'ഇന്നസന്റ് നെറ്റ്‌വര്‍ക്ക്' എന്ന അന്താരാഷ്ട്ര കൂട്ടായ്മ പ്രസക്തമാവുന്നത്. നിരപരാധികള്‍ക്ക് നഷ്ട പരിഹാരവും പുനരധിവാസവും മാത്രമല്ല, കേസുകള്‍ കെട്ടിച്ചമച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കലും അതിന്റെ ലക്ഷ്യമായിരിക്കും. ദല്‍ഹിയില്‍ പീപ്പ്ള്‍സ് ട്രൈബ്യൂണലില്‍ പ്രഖ്യാപിക്കപ്പെട്ട 'ഇന്നസന്റ് നെറ്റ്‌വര്‍ക്ക്' മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലാവുമെന്നു തീര്‍ച്ച.

പിടിക്കപ്പെടുന്നവര്‍ അപരാധിയോ നിരപരാധിയോ എന്നതിനേക്കാള്‍ പ്രധാനം, അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും അവകാശവും നല്‍കപ്പെടുന്നുണ്ടോ എന്നതാണ്. എന്‍.ഐ.എ  എന്ന് കേട്ടപാതി മാളത്തിലൊളിക്കുകയോ പരസ്പരം പഴിചാരി ആശ്വാസം കണ്ടെത്തുകയോ ചെയ്യുന്ന പതിവു രീതികള്‍ എല്ലാ സമുദായ സംഘടനകളും അവസാനിപ്പിക്കണം. എന്നിട്ട് രാജ്യത്തിന്റെ നിയമവും നീതിന്യായ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിച്ച്, ജനാധിപത്യ-പൗരാവകാശ കൂട്ടായ്മകളോടൊപ്പം ചേര്‍ന്നുനിന്ന് ഭീതിയുടെ മതില്‍ക്കെട്ടുകളെ പൊളിച്ചടുക്കണം. ഇനി അതിനു കഴിയില്ലെങ്കില്‍ നീതിക്കു വേണ്ടി ചങ്കുറപ്പോടെ സമരത്തിനിറങ്ങിയവരെ അകമഴിഞ്ഞ് പിന്തുണക്കാനെങ്കിലും തയാറാവണം.

സമാനമായ കേസുകളില്‍ കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണാ തടവുകാരായി കഴിയുന്ന മുഹമ്മദ് സകരിയ്യ, മുഹമ്മദ് ഷമീര്‍, ശറഫുദ്ദീന്‍, മനാഫ് തുടങ്ങിയ ഒട്ടനേകം ചെറുപ്പക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് അവര്‍ക്കു വേണ്ടി കോടതിക്കകത്തും പുറത്തും പോരാട്ടം നടത്തുന്ന സോളിഡാരിറ്റിയടക്കമുള്ളവര്‍ക്കും ഏറെ പ്രതീക്ഷ പകരുന്ന കൂട്ടായ്മക്കാണ് ദല്‍ഹിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. 2014-ല്‍ സോളിഡാരിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ജനകീയ തെളിവെടുപ്പുയര്‍ത്തിയ ആത്മവിശാസം സംസ്ഥാനത്ത് ഒട്ടേറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളി കൂടിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.കെ സുഹൈല്‍ നേതൃത്വം കൊടുക്കുന്ന, മനീഷാ സേഥിയടക്കം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം കൊണ്ട് സമ്പന്നമായ ക്യുല്‍ ഫൗണ്ടേഷനാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍. ഇരകളാക്കപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി മാത്രമല്ല, അവരുടെ പുനരധിവാസം ഉറപ്പുവരുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരപരാധികള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുകയും സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും ചെയ്യുന്ന അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള സമര കാഹളം കൂടിയായിരുന്നു 'ഇന്നസന്റ് നെറ്റ്‌വര്‍ക്കി'ന്റെ പ്രഖ്യാപനം. നിയമ പോരാട്ടങ്ങളിലൂടെയും സാമൂഹിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് ദല്‍ഹിയിലെ ജനകീയ ട്രൈബ്യൂണല്‍ നല്‍കിയത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍