Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

തെരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ക്ക് മുന്നേറ്റം

അബൂസ്വാലിഹ

ഇസ്‌ലാമിസ്റ്റ് കക്ഷികളുടെ കാലം കഴിഞ്ഞെന്നും ഇനി ഇസ്‌ലാമിസാനന്തര (പോസ്റ്റ് ഇസ്‌ലാമിസം) യുഗമാണെന്നുമുള്ള അള്‍ട്രാ സെക്യുലരിസ്റ്റ്-നവ ലിബറല്‍ വാദങ്ങള്‍ക്ക് പിന്‍ബലമായി എടുത്തുകാണിക്കാറുള്ളത്, അറബ് വസന്ത രാജ്യങ്ങളില്‍ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ക്കുണ്ടായ 'തിരിച്ചടി'കളാണ്. അതൊന്നും തെരഞ്ഞെടുപ്പുകളിലൂടെ ജനങ്ങള്‍ നല്‍കിയ തിരിച്ചടികളായിരുന്നില്ലെന്നും സാമ്രാജ്യത്വ-ഡീപ് സ്റ്റേറ്റ് ശക്തികള്‍ നടത്തിയ അട്ടിമറികളായിരുന്നുവെന്നുമുള്ള വസ്തുത അവര്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുകയായിരുന്നു. ഇസ്‌ലാമിസ്റ്റ് ശക്തികളുടെ ജനസ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെന്നതിന് മികച്ച തെളിവായിരുന്നു, തുര്‍ക്കിയിലെ പട്ടാള അട്ടിമറിയെ ജനം തെരുവിലിറങ്ങി പരാജയപ്പെടുത്തിയത്. ഈയടുത്ത് നടന്ന മൊറോക്കോ, ജോര്‍ദാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ഫലസ്ത്വീനിലെയും കുവൈത്തിലെയും യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളിലും ഇസ്‌ലാമിസ്റ്റുകള്‍ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റം ഈ വസ്തുതക്ക് അടിവരയിടുന്നു.

 

മൊറോക്കോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

രാജഭരണമാണ് മൊറോക്കോയില്‍ നിലനില്‍ക്കുന്നതെങ്കിലും അറബ് വസന്താനന്തരം സുപ്രധാനമായ നിരവധി അധികാരങ്ങള്‍ പാര്‍ലമെന്റിന് നല്‍കാന്‍ രാജാവായ മുഹമ്മദ് ആറാമന്‍ തയാറായി. 2011-ലെ ഭരണഘടന അതിന്റെ സാക്ഷ്യമാണ്. പാര്‍ലമെന്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് അറബ് വസന്ത പ്രക്ഷോഭങ്ങളെ മൊറോക്കോയിലെ രാജവാഴ്ച അതിജീവിച്ചത്. പുതിയ ഭരണഘടന പ്രകാരം 2012-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അബ്ദുല്‍ ഇലാഹ് ബെന്‍ കീറാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി എന്ന ഇസ്‌ലാമിസ്റ്റ് കക്ഷി ഒന്നാമതെത്തി. എന്നാല്‍, ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഏറക്കുറെ സംശുദ്ധമായ ഭരണം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്.

395 അംഗ പാര്‍ലമെന്റില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി 125 സീറ്റുകള്‍ നേടി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2012-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 107 സീറ്റുകളാണ് ഉായിരുന്നത്. 18 സീറ്റുകളുടെ വര്‍ധനവ്. മുഖ്യ പ്രതിപക്ഷമായ അസ്വാല പാര്‍ട്ടി 103 സീറ്റുകള്‍ നേടി. ഭരണഘടന പ്രകാരം ഏറ്റവും വലിയ കക്ഷിയുടെ നേതാവ് അബ്ദുല്‍ ഇലാഹ് ബെന്‍ കീറാനെ മന്ത്രിസഭ രൂപവത്കരിക്കാന്‍ രാജാവ് ക്ഷണിച്ചിരിക്കുകയാണ്. അസ്വാലയല്ലാത്ത മറ്റേത് പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാന്‍ തയാറാണെന്ന് ബെന്‍ കീറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് അത്രക്ക് മോശപ്പെട്ട പ്രചാരവേലകളാണ് ഇസ്‌ലാമിസ്റ്റ് കക്ഷിക്കെതിരെ അസ്വാലഃ നടത്തിയിരുന്നത്. പലതരം നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നതാണ് അസ്വാലഃ പാര്‍ട്ടി. ഇസ്തിഖ്‌ലാല്‍, അഹ്‌റാര്‍, ഹറകഃ ശഅ്ബിയ്യ തുടങ്ങിയ കക്ഷികളുമായി ചേര്‍ന്നുകൊണ്ട് മുന്നണി ഭരണം സാധ്യമാകുമെന്നാണ് ബെന്‍ കീറാന്‍ കരുതുന്നത്.

തുര്‍ക്കിയിലെ 'അക്' പാര്‍ട്ടിയുടെ അതേ പേരും ഏറക്കുറെ അതേ നയവും തന്നെയാണ് ജനകീയനായ ബെന്‍ കീറാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കുള്ളത്. സംശുദ്ധ ഭരണവും വികസനവുമാണ് മുഖ്യ അജണ്ട. ജനം കൂടുതല്‍ സീറ്റുകള്‍ നല്‍കി വിജയിപ്പിക്കാനും അതാണ് കാരണം. കഴിഞ്ഞകാലത്തെ ഏതു ഭരണവും അഴിമതിയില്‍ മുങ്ങിത്താണിരുന്നതുകൊണ്ട് ഭരണത്തുടര്‍ച്ച ഉണ്ടാകാറില്ല. അതിനൊരു തിരുത്ത് നല്‍കിയിരിക്കുകയാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി. വോട്ടര്‍മാരില്‍ 43 ശതമാനം മാത്രമേ സമ്മതിദാനാവകാശം വിനിയോഗിച്ചുള്ളൂ എന്നത് ജനാധിപത്യ പ്രക്രിയക്ക് മൊറോക്കന്‍ ജനതയില്‍ ഇനിയും വേരുകളാഴ്ത്താനുന്നെതിന്  തെളിവാണ്.

 

ജോര്‍ദാനിലെ തെരഞ്ഞെടുപ്പ്

വളരെ വിചിത്രവും സങ്കീര്‍ണവുമാണ് ജോര്‍ദാനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു പ്രക്രിയ. രാജാവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധമാണ് അതിന്റെ ഘടനയെന്ന് ചൂിക്കാട്ടി ഇസ്‌ലാമിസ്റ്റ് കക്ഷിയായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രന്റ് (ഐ.എ.എഫ്) കഴിഞ്ഞ രണ്ട് തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതാണ്. ഇത് പാര്‍ട്ടിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകണം, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതിരുന്നിട്ടും അവര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സെപ്റ്റംബര്‍ 18-ന് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.എ.എഫ് നേതൃത്വം കൊടുത്ത നാഷ്‌നല്‍ കോയിലേഷന്‍ ഫോര്‍ റിഫോം 130 അംഗ പാര്‍ലമെന്റില്‍ 15 സീറ്റുകള്‍ നേടി ഏറ്റവും വലിയ ബ്ലോക്കായി. ഇതില്‍ പത്ത് ഐ.എ.എഫിനും ബാക്കി സഖ്യകക്ഷികള്‍ക്കുമാണ്. ക്രൈസ്തവ ഗ്രൂപ്പുകളുടെയും ശര്‍കസി -ശീശാനി ന്യൂനപക്ഷങ്ങളുടെയും പിന്തുണയും പാര്‍ട്ടിക്ക് നേടാനായി. അറബ് വസന്താനന്തരം ബഹുജനാടിത്തറ വിപുലപ്പെടുത്താനായി ഇസ്‌ലാമിക കക്ഷികള്‍ സ്വീകരിക്കുന്ന പുതിയ നയനിലപാടുകളുടെ വിജയമായും ഇതിനെ കാണാം. 

പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഗ്രൂപ്പ് ഇസ്‌ലാമിസ്റ്റുകളുടേതാണ്. നൂറോളം സീറ്റുകള്‍ സ്വതന്ത്രന്മാര്‍ക്കും വിവിധ ഗോത്ര വിഭാഗങ്ങള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. പലതരം മാനദണ്ഡങ്ങളാണ് ഇവരുടെ തെരഞ്ഞെടുപ്പിനായി പരിഗണിക്കുന്നത്. കൃത്രിമം നടക്കാനുള്ള സാധ്യതകള്‍ വളരെക്കൂടുതല്‍. 20 ശതമാനത്തോളം വോട്ടുകള്‍ നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഐ.എ.എഫ് മുന്നണി പതിനൊന്ന് ശതമാനത്തിലൊതുങ്ങാനും കാരണമതാവാം. തെരഞ്ഞെടുപ്പ് സംശുദ്ധമല്ലാത്തതിനാല്‍ നാലു മില്യന്‍ വോട്ടര്‍മാരില്‍ ഒന്നര മില്യന്‍ മാത്രമേ ഇത്തവണ വോട്ടു ചെയ്തുള്ളൂ.

യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകള്‍

ഫലസ്ത്വീനിലെ ബിര്‍സൈത്ത് (Birzeit) യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ 'ഫത്ഹ്' വിഭാഗത്തെ മറികടന്ന് ഹമാസിനോട് അനുഭാവം പുലര്‍ത്തുന്ന വിദ്യാര്‍ഥി മുന്നണി ഭൂരിപക്ഷം നേടുകയുായി. 51 അംഗ വിദ്യാര്‍ഥി സമിതിയില്‍ ഹമാസ് മുന്നണിക്ക് 25-ഉം ഫത്ഹിന് 21-ഉം സീറ്റുകള്‍ ലഭിച്ചു. അഞ്ച് സീറ്റുകള്‍ ജനാധിപത്യ മുന്നണിക്കും. ഫലസ്ത്വീനിലെ ബെസ്റ്റ് ബാങ്കില്‍ സ്ഥിതിചെയ്യുന്ന ബിര്‍സൈത്ത് സര്‍വകലാശാല 'ഫത്ഹി'ന്റെ  കോട്ടയായാണ് ഗണിക്കപ്പെട്ടിരുന്നത്. ഒക്‌ടോബറില്‍ നടന്ന കുവൈത്ത് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പിലും ഇഖ്‌വാന്‍ അനുഭാവ പാനലാണ് മേല്‍ക്കൈ നേടിയത്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍