Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

വായന താമസിച്ചാല്‍ ഉറക്കം നഷ്ടപ്പെട്ടിരുന്ന പൂര്‍വികര്‍ നമുക്കുണ്ടായിരുന്നു......!!

സഈദ് ഹമദാനി വടുതല

അമേരിക്കയിലെ സോഷ്യല്‍ സയന്‍സ് ആന്റ് മെഡിസിന്‍ ജേര്‍ണല്‍ ഈയടുത്ത് ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകം വായിക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍  ആയുര്‍ദൈര്‍ഘ്യം കൂടിയവരായിരിക്കും എന്നാണതിലെ പ്രധാന കണ്ടെണ്ടത്തല്‍. 

ആയുസ്സ് അധികമാകട്ടെ കുറയട്ടെ, ഒരു കാര്യം സമ്മതിച്ചേ പറ്റൂ. ആത്മാവിന്റെ ദാഹം ഒരു പരിധി വരെയെങ്കിലും ശമിപ്പിക്കാന്‍ വായനക്കേ കഴിയൂ. പ്രത്യേകിച്ച്  മനുഷ്യന്റെ നോവുകള്‍ കടലാഴത്തോളം അധികരിക്കുകയും മനുഷ്യകുലത്തിന് ഭീഷണിയാകും വിധം ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തീമഴകള്‍ പെയ്തിറങ്ങുകയും ചെയ്യുന്ന ഈ കാലത്ത്. 

വായനയുടെ പ്രവിശാലമായ നടുമുറ്റത്തേക്ക് കസേര വലിച്ചിട്ടിരുന്ന്, ഭാവനകളെ സ്വതന്ത്രമായി മേയാന്‍ വിട്ട് മനസ്സറിഞ്ഞുള്ള വായനാനുഭവം ഉള്ളവരാണ് നമ്മില്‍ പലരും.  

മനുഷ്യന് പാരമ്പര്യമായോ അല്ലാതെയോ പകര്‍ന്നുകിട്ടിയ ശീലങ്ങളാണല്ലോ സംസ്‌കാരം. അങ്ങനെയെങ്കില്‍, ആ സംസ്‌കാര പ്രസരണത്തിന് മുഖ്യ ചാലകമായിട്ടുള്ളത് എഴുത്തും വായനയും തന്നെയായിരിക്കണം.

എഴുത്തുകള്‍ ഉണ്ടാകുന്നത് അടയാളങ്ങളില്‍നിന്നും അക്ഷരങ്ങളില്‍നിന്നുമാണ്. അക്ഷരങ്ങള്‍  എന്നു പറഞ്ഞാല്‍ നാശമില്ലാത്തത് എന്നാണ്. അതുകൊണ്ടുതന്നെയാണ് സാക്ഷര സമൂഹത്തില്‍ ചൂഷണം  കുറയുന്നത്. സമ്പൂര്‍ണതയുടെ ആവിഷ്‌കാരമായാണ് സ്വാമി വിവേകാനന്ദന്‍ സാക്ഷരതയെ വിലയിരുത്തുന്നത്. എന്നാല്‍  ലോകത്തിന്റെ അതിര്‍ത്തികള്‍ വെറും നിഴല്‍ രേഖകളായി മാറുകയും ലോകം നമ്മുടെ  സ്വീകരണ മുറിയില്‍ വിരുന്നുകാരനായി  എത്തുകയും ചെയ്ത ഈ നവയുഗത്തില്‍ വിദ്യാഭ്യാസത്തെപ്പോലും  ഒരു ചരക്കാക്കി മാറ്റി എന്നുള്ളത്  മഹാദുരന്തം തന്നെയാണ്. വിദ്യാഭ്യാസം സേവനത്തില്‍നിന്ന് ചരക്ക് എന്ന വാണിജ്യ അവസ്ഥയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ കച്ചവട കൂട്ടായ്മകള്‍ (കച്ചവട കേന്ദ്രങ്ങള്‍) ഉണ്ടാവുകയും തങ്ങളുടെ ചരക്കുകള്‍ വേഗത്തില്‍ ചെലവഴിക്കുന്നതിനായി അതിമഹത്വം വിളമ്പുന്ന പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. അതിന്റെ പരിണിത ഫലമായി, മികച്ചുനില്‍ക്കുന്ന നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ടായ്മകളും വാണിജ്യ ലോകത്ത് പാപ്പരാവുകയും അതിജീവിക്കാന്‍ പണമില്ലാത്തവര്‍ നിഷ്‌കാസനം ചെയ്യപ്പെടേണ്ടവരാണെന്ന മുതലാളിത്ത കമ്പോളയുക്തിയുടെ ഇരകളാവുകയും ചെയ്തു. 

കഴിഞ്ഞ തലമുറക്ക് പുസ്തകങ്ങളുമായിട്ടുണ്ടായിരുന്ന  സൗഹൃദം പ്രത്യേകം പറയേണ്ടണ്ടതില്ല. കക്ഷത്തില്‍ ഒരു ബുക്കില്ലാതെ നടക്കുന്ന ആളുകളെ അക്കാലത്ത് കാണാന്‍ പ്രയാസമായിരുന്നു. ഒരുപക്ഷേ അവരില്‍ ഉയര്‍ന്ന ഔപചാരിക വിദ്യാഭ്യാസം നേടിയവര്‍ വളരെ കുറവായിരിക്കും. എന്നിട്ടും കാലഘട്ടം ഉയര്‍ത്തിയ വെല്ലുവിളികളെ  നേരിടാന്‍ തക്ക വിധം അവരെ സജ്ജരാക്കിയത് അവരിലെ മരിക്കാത്ത വായനയായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയും. അവര്‍ പിന്‍ തലമുറക്കായി നീക്കിവെച്ചതും അതുതന്നെയാണ്. ആധുനിക ജീവിതം അടിച്ചേല്‍പ്പിച്ച അലസതയും പിരിമുറുക്കവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും അവനവനിലേക്കുള്ള ഉള്‍വലിയലുകളും ഇല്ലാതാക്കി മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതകുന്ന ഗ്രന്ഥശാലകളും വായനശാലകളും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക മൂലധനം പുതിയ തലമുറക്കായി ബാക്കിവെച്ചു എന്നതാണ് പഴയ തലമുറയുടെ വലിയ സംഭാവനകളിലൊന്ന്.   

ഈ കാലത്ത് വായന മരിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ഥമുണ്ടെന്ന്  തോന്നുന്നില്ല. മുമ്പ്  ഒരു പുസ്തകം പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു അത് വായനക്കാരുടെ കൈയിലെത്താന്‍. അന്ന് വൈക്കം മുഹമ്മദ് ബശീറിനെപ്പോലുള്ള എഴുത്തുകാര്‍ പുസ്തകങ്ങള്‍ തലച്ചുമടായി കൊണ്ടു നടന്നായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഇന്ന് അങ്ങനെയാണോ? പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തിന്റെ പരസ്യം പ്രസിദ്ധീകരണത്തിനു മുമ്പുതന്നെ വേണ്ടണ്ടതിലധികം വന്നുകഴിഞ്ഞിരിക്കും. ആയിരക്കണക്കിന് കോപ്പികള്‍ അപ്പോള്‍ തന്നെ ബുക്ക് ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍  ആരോഗ്യകരമായ വായന ഇന്നുണ്ടേണ്ടാ? ഇന്നത്തെ യുവത്വം വായിക്കുകയും ആ വായനാനുഭവവും അറിവും അവരവരില്‍തന്നെ കുഴികുത്തി മൂടുകയുമാണ് ചെയ്യുന്നത്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തകള്‍ പങ്കുവെക്കുന്ന യുവത്വം  ഇന്ന് വിരളമാണ്. വായിച്ച് അവനവനില്‍ ഒതുങ്ങുകയല്ല വേണ്ടത്. ആ വായനാനുഭവവും അറിവും പങ്കുവെക്കപ്പെടണം. എങ്കില്‍ മാത്രമേ ആ വായനയില്‍നിന്ന് കിട്ടിയ അക്ഷര വെളിച്ചം നമ്മുടെ ഉള്ളടരുകളില്‍ സുദൃഢമാവുകയും സമൂഹത്തിന് പ്രയോജനപ്പെടുകയുമുള്ളൂ. നമ്മുടെ പരിസരങ്ങളില്‍, നാം ഉള്‍ക്കൊള്ളുന്ന കൂട്ടായ്മകളില്‍ ശ്രദ്ധിച്ചാല്‍ ഈ വരണ്ട വായനയുടെ ഇരുണ്ട രൂപങ്ങള്‍ കാണാനാകും. നാം തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ വായിക്കുകയും അതിനെക്കുറിച്ച് സമാനമനസ്‌കരെ പങ്കെടുപ്പിച്ച് സംവാദങ്ങളും ആസ്വാദനങ്ങളും സംഘടിപ്പിക്കുകയും വേണം. അപ്പോഴാണ് നമ്മുടെ ചിന്തകള്‍ക്ക് മൂര്‍ച്ച കൂടുക, ഭാവനകള്‍ക്ക് ചിറകുകള്‍ മുളയ്ക്കുക. 

സോഷ്യല്‍ മീഡിയ മേല്‍വിലാസമില്ലാത്ത എഴുത്തുകാരുടെ കുറിപ്പ് കൂമ്പാരങ്ങളാല്‍ സമൃദ്ധമാണ്. ഇതില്‍ വളരെ കുറവ് മാത്രമാണ് നമുക്ക് പൊടി തട്ടിയെടുത്ത് സൂക്ഷിക്കാന്‍ പാകത്തിനുള്ളത്. അധികവും പിഴച്ചതും പിഴപ്പിക്കുന്നതുമായ രചനകളാണ്. അവ ഊഹങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ ഛിദ്രതയും വര്‍ഗീയതയും കുത്തിയിളക്കുകയും ചെയ്യുന്നു. ഇവിടെ രചയിതാവ് അന്യനാണ്. അവന്‍ കാണാമറയത്താണ്. അവന്റെ സ്വത്വം വെളിപ്പെടുത്താന്‍ അവന്‍ ഭയപ്പെടുന്നു. തന്റെ രചനയില്‍ അവനുതന്നെ വിശ്വാസമില്ല എന്നതിന് തെളിവാണിത്. അതുകൊണ്ടുതന്നെ, പുസ്തകത്തില്‍ എഴുതുമ്പോഴുണ്ടണ്ടാകുന്ന സൂക്ഷ്മതയും അകക്കാമ്പും ആത്മാര്‍ഥതയും സത്യാസത്യവിവേചനവുമൊന്നും സോഷ്യല്‍ മീഡിയയിലെ മിക്ക എഴുത്തുകളിലും കാണില്ല. എന്നാല്‍ വളരെ ചെറിയ ഒരു സമൂഹമാണെങ്കിലും കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് അനീതിക്കും അശ്ലീലതക്കും അസത്യത്തിനുമെതിരെ കലഹിക്കുന്നവരുമുണ്ട്. അവര്‍ക്കുകൂടി എഴുത്തിന്റെ ലോകത്ത് ഇടം കിട്ടി എന്നുള്ളത് സോഷ്യല്‍ മീഡിയയുടെ നല്ല വശമായി കാണുകതന്നെ വേണം. 

കുഞ്ഞുണ്ണി മാഷ് പറയുമായിരുന്നു, ഉച്ചത്തില്‍ വായിക്കുക. അവനവന്‍ കേള്‍ക്കുമാറുച്ചത്തില്‍ വായിച്ചാല്‍ ആ അക്ഷരക്കൂട്ടങ്ങള്‍ നമ്മുടെ ഉള്ളകങ്ങളില്‍ എപ്പോഴും ഒരു പ്രതിധ്വനിയായി മുഴങ്ങും. ഇന്ന് വായനയേക്കാള്‍ കാഴ്ചക്ക് പ്രാധാന്യം നല്‍കുന്നവരാണല്ലോ അധികവും. എന്നാല്‍ കാഴ്ചയനുഭവം അവസാനത്തേതാണ്. അതിനപ്പുറത്ത് ഭാവനക്ക് പ്രസക്തിയില്ല. വായിക്കുക എന്നത് വായനക്കാരന്റെ  മാനസിക വികാസത്തിനും ഉതകും. അവന്റെ ബൗദ്ധികമായ ഉയര്‍ച്ചയും അപഗ്രഥനശേഷിയും വായനയിലൂടെ പുഷ്ടിപ്പെടും. അതിന് എത്ര വായിച്ചുവെന്നതല്ല, എന്തു വായിച്ചുവെന്നതാണ് കാര്യം. 

കേവലം ആസ്വാദനത്തിനപ്പുറം, ഹൃദയത്തിന്റെ ഉള്ളകങ്ങളിലേക്ക് അറിവിന്റെ നിലാവെളിച്ചം ചൊരിയുക എന്നതായിരിക്കണം വായനക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാന മാനദണ്ഡം. വായന മഹാന്മാരെ സൃഷ്ടിക്കുന്നു. വായനയിലൂടെ പ്രതിഭകളായവര്‍ ചരിത്രത്തില്‍ ഒരുപാടുണ്ട്. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഒരു പരിധിവരെ നശിപ്പിച്ചതും വായന എന്ന മഹത്തായ കര്‍മത്തെയാണ്. നല്ലൊരു ജോലി എന്ന ലക്ഷ്യത്തിനപ്പുറം ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥിതി മറ്റു വല്ല ഉദ്ദേശ്യവും ലക്ഷ്യവും തലമുറക്കു നല്‍കുന്നുണ്ടേണ്ടാ? പഠന പുസ്തകം, ട്യൂഷന്‍, പ്രോജക്റ്റ്.... അങ്ങനെ തലമുറകളെ  ഡോക്ടറും എഞ്ചിനീയറും ആക്കാനുള്ള പരക്കംപാച്ചിലില്‍നിന്നാണ് ഒരുപക്ഷേ നമ്മുടെ ആധിയും വ്യാധിയും ആശങ്കയും മനസ്സമാധാനമില്ലായ്മയും  എല്ലാം വരുന്നതെന്നു പറഞ്ഞാല്‍ തെറ്റാകുമോ? നാം ജീവിതത്തെ ക്രമപ്പെടുത്തുന്നത് അയല്‍പക്കത്തെ നോക്കിയും. അയല്‍പക്കത്തെ കുട്ടി ഇംഗ്ലീഷ് മീഡിയമെങ്കില്‍ നമ്മുടെ മക്കളും തഥൈവ. അങ്ങനെ  എല്ലാ കാര്യത്തിലും അയല്‍പക്കത്തേക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാനല്ലേ നാം ആഗ്രഹിക്കുന്നത്?  

സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യം ആഗ്രഹിക്കുന്നത് ജനങ്ങള്‍ എപ്പോഴും നിരക്ഷരരായിരിക്കണമെന്നാണ്. അതുകൊണ്ടാണല്ലോ വേദം കേള്‍ക്കുന്ന താഴ്ന്ന ജാതിക്കാരന്റെ കാതില്‍ ഈയ്യം ഉരുക്കിയൊഴിക്കാന്‍ പറയുന്നത്. ആയിരത്തിനാനൂറാണ്ടുകള്‍ക്കപ്പുറം ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് അലസഗമനം നടത്തിയ ഒരു ജനതയെ  ലോകത്തിലെ യോദ്ധാക്കളും ജേതാക്കളുമാക്കി മാറ്റിയത് 'ഇഖ്‌റഅ്' എന്ന നാലക്ഷരത്തിന്റെ കരുത്തായിരുന്നു. അക്ഷരജ്ഞാനം വിജ്ഞാനവിസ്‌ഫോടനത്തിന്റെ ഉന്നതികളിലേക്കുള്ള പ്രയാണമായിരിക്കുമെന്ന്, അത് അക്ഷരമായി (ഒരിക്കലും നശിക്കാതെ) ഭൂഖണ്ഡങ്ങള്‍ താണ്ടി അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുമെന്ന് ദൈവത്തിനറിയാമായിരുന്നു. 

പുസ്തക വായന, പ്രകൃതി വായന, ആത്മീയ വായന അങ്ങനെ വായന തുടര്‍ന്നുകൊണ്ടേയിരിക്കണം. ഈ ലോക  ജീവിതത്തിലും പരലോക ജീവിതത്തിലും വിജയിക്കുന്നവര്‍  വായിച്ചവര്‍ ആണ്. പ്രകൃതി പ്രതിഭാസങ്ങളെ കണ്‍കൊണ്ട് കണ്ട് അതില്‍ അത്ഭുതം കൂറി സത്യപാത പുല്‍കിയ എത്രയോ ആളുകളുണ്ട്. മനുഷ്യനിലെ നന്മകള്‍ വളര്‍ത്താനും സത്യപാതയില്‍ ചരിക്കാനും വായന എത്രയോ നല്ലതാണ് എന്നതിന്റെ അക്ഷര രൂപമാണ് ഖുര്‍ആനിലെ ലിഖിതങ്ങള്‍. 

ഖേദകരമെന്നു പറയട്ടെ, വായനയുടെയും പഠനത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആകേണ്ടിയിരുന്ന ഇസ്‌ലാമിക സമൂഹം അക്കാദമിക വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇപ്പോള്‍ അല്‍പം ചലനാത്മകത കൈവരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യകരമായ വായനയെ പ്രണയിക്കുന്നുണ്ടേണ്ടാ എന്ന കാര്യം സംശയമാണ്. വായിക്കാന്‍ സമയമില്ലെന്ന്  പറയുന്നവര്‍ പോലും രണ്ടും മൂന്നും മണിക്കൂറുകള്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും  ചെലവഴിക്കുന്നു. ഇസ്‌ലാമിക പഠനങ്ങളും വിശകലനങ്ങളും വരുന്ന വാരികകള്‍ പോലും വായിക്കുന്നില്ല. 

ഈയടുത്ത് എന്റെ സുഹൃത്തിന്റെ ക്ഷണപ്രകാരം ഒരു ഖുര്‍ആന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോയി. അവിടെ മേശയുടെ മുകളില്‍  അടുക്കിവെച്ചിരിക്കുന്ന കഴിഞ്ഞ ആഴ്ചയിലെ ഒരുകെട്ട് ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ കാണാന്‍ കഴിഞ്ഞു. ഞാന്‍ കൂട്ടുകാരനോട് തിരക്കിയപ്പോള്‍ അറിഞ്ഞത്, അവയെടുക്കാന്‍ ആളുകള്‍ വന്നില്ല എന്നാണ്. നമ്മള്‍ വായനയെ എത്ര നിസ്സാരമായാണ് കാണുന്നത്! കേവലം കെട്ടുകാഴ്ചയോ നേരമ്പോക്കോ അല്ല വായന. അത് മനസ്സിന്റെ വികാസത്തിനും സംസ്‌കാരത്തിന്റെ ദൃഢതക്കും കൂടിയുള്ളതാണ്. ആ തിരിച്ചറിവ് നേടിയതുകൊണ്ടണ്ടായിരുന്നു നമ്മുടെ പൂര്‍വികര്‍  കിലോമീറ്ററുകള്‍ താണ്ടി ഇസ്‌ലാമിക സാഹിത്യങ്ങളും പത്രങ്ങളും സംഘടിപ്പിച്ചതും നടന്നും സൈക്കിളുകളില്‍ കറങ്ങിയും അവ പ്രചരിപ്പിച്ചതും. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ സമയത്തു കിട്ടാതെ വായന താമസിച്ചാല്‍ ഉറക്കം നഷ്ടപ്പെട്ടിരുന്ന മുന്‍ഗാമികള്‍ നമുക്കുണ്ടായിരുന്നുവെന്ന് നാം മറക്കരുത്. അവരുടെ ആ ഹൃദയപ്പിടച്ചിലിന്റെ വിളവെടുപ്പു കൂടിയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇപ്പോഴുള്ള വളര്‍ച്ചയും വിജയവും.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍