Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

തത്ത്വശാസ്ത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും കഅ്ബയെ വായിക്കുമ്പോള്‍

പി.ടി. കുഞ്ഞാലി

ഇസ്‌ലാം മനുഷ്യജീവിതത്തെ നിരീക്ഷിക്കുന്നത്  അത് അനശ്വരതയിലേക്ക് നീണ്ടുപോകുന്ന മഹാസഞ്ചാരമായാണ്. യാത്രക്കു സമാരംഭമുണ്ട്. എന്നാല്‍ അത് അനന്തതയില്‍പോലും അവസാനിക്കുന്നില്ല. ഇങ്ങനെ അപാരതയിലേക്ക് തുറക്കുന്ന ജീവിതഗതിയെ പക്ഷേ ഇസ്‌ലാം ഇരുപര്‍വങ്ങളായി വിഭജിതമാക്കുന്നു. ഒന്ന് ഐഹികഘട്ടം. അത് അപൂര്‍ണവും ക്ഷണികവും. കേവല ഛായകളുടെ ഹ്രസ്വകാലം. അതുകൊണ്ടുതന്നെ അപൂര്‍ണതകളുടെ കേവല ഛായകളില്‍നിന്ന് പൂര്‍ണവും അവിനാശവുമായ സ്വത്വത്തിലേക്ക് മടങ്ങാന്‍ എപ്പോഴുമയാള്‍ വെമ്പിനില്‍ക്കുന്നു. അത് പാരത്രികഘട്ടം. ഒന്ന് കര്‍മലോകവും മറ്റേത് കര്‍മഫലലോകവും. ഹ്രസ്വതയാര്‍ന്ന  ഭൂജീവിതത്തില്‍ സ്രഷ്ടാവിനും സ്രഷ്ടാവിന്റെ സൃഷ്ടികള്‍ക്കും വേണ്ടി ഉചിതവിധം ജീവിതം തുഴഞ്ഞാല്‍ പ്രതിഫലലോകത്ത് അനശ്വരമായ സ്വസ്തി. അപ്പോഴും പക്ഷേ ഈയൊരു സഞ്ചാര നൗകയില്‍ അവന്‍ ഒറ്റക്കാവാന്‍ പാടില്ല. അതിനകത്ത് മാതാവും പിതാവും പുത്രകളത്രങ്ങളും അയല്‍ക്കൂട്ടങ്ങളും ദേശവാസികളും സഹസ്രസൃഷ്ടിജാലങ്ങളും അനുരാഗബദ്ധതയോടെ ഒന്നിച്ചുനീങ്ങണം. സഹിച്ചും ക്ഷമിച്ചും കടാക്ഷിച്ചും കഴിയുന്ന, നീതിയും സമൃദ്ധിയും വഴിയുന്ന ഒരു കുഞ്ഞുലോകം. ഭൂമിയില്‍ ഒരു സ്വര്‍ഗം. അതെന്താണെന്ന് ആദിമനുഷ്യദമ്പതികള്‍ക്കറിയാം. അവരത് നേരില്‍ അറിഞ്ഞനുഭവിച്ചതാണ്. ഈ അധ്വാനലോകമാണ് ഐഹിക ഘട്ടം. ആദം മുതല്‍ മുഹമ്മദീയ ദൗത്യം വരെ സംക്ഷേപിച്ചുനില്‍ക്കുന്നത് ഈയൊരു ദര്‍ശനത്തിന്റെ ഭൗതിക ആവിഷ്‌കാരമാണ്. ആറ്റിലെ ചുഴിയും മലരും ചതിക്കയങ്ങളും അറിഞ്ഞുവേണം അപ്പോള്‍ അയാള്‍ പങ്കായമെറിയാന്‍. തുഴപ്പാടുകള്‍ മാത്രമല്ല അണയവും അമരവും തുലിതപ്പെടണം. സത്യത്തിലീ സഞ്ചാരം നൂഹ് പ്രവാചകന്റെ പെട്ടകപ്രയാണത്തോട് സാമ്യപ്പെടും.  

ഈയൊരു കര്‍മപ്രധാനമായ ഭൗതിക കാലത്തെയും പ്രതിഫലപ്രധാനമായ അഭൗതികമണ്ഡലത്തെയും  യുക്തിയോടെ ഘടിപ്പിച്ചുനിര്‍ത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്.  രണ്ടു ലോകത്തെയും പിണ്ഡമാനങ്ങളെ സംബന്ധിച്ചുള്ള സമ്പൂര്‍ണജ്ഞാനം  ഭൗതികപ്രധാനമല്ല, അത് അഭൗതികമാണ്. അഭൗതികലോകം അല്ലാഹുവിന്റെ മാത്രം ജ്ഞാനമണ്ഡലമാണ്. ഹ്രസ്വകാലം ഭൗതികലോകത്ത് ജീവിതം തീര്‍ക്കുന്ന മനുഷ്യയുക്തിക്കു വശപ്പെടുന്ന ഒന്നല്ല ഇത്. അതിനാല്‍ ഈ രണ്ടു കാലബോധങ്ങളെ നമ്മുടെ കര്‍മലോകത്തേക്ക് കൂര്‍പ്പിച്ചു നിര്‍ത്താനാണ് സര്‍വ പ്രപഞ്ചത്തിന്റെയും ഉടമയായ അല്ലാഹു ജ്ഞാനഗ്രന്ഥങ്ങളുമായി പ്രവാചകന്മാരെ നിയോഗിച്ചത്. ആദം മുതല്‍ പ്രവാചകനായ മുഹമ്മദ് വരെ. ഹ്രസ്വതയാര്‍ന്ന ഭൂജീവിതം കൊണ്ട് മഹാനിയോഗ വിസ്മയങ്ങള്‍ രചിച്ച സുകൃത ജീവിതങ്ങള്‍. അറിഞ്ഞവരും അറിയപ്പെടാത്തവരുമായി പരശ്ശതം. ഇവരൊക്കെയും അസ്വസ്ഥരായത് തന്റെ സഹോദരങ്ങള്‍ ഹ്രസ്വവും അശാന്തവുമായ ഐഹികതയില്‍ ഭ്രമിച്ച് അനശ്വരവും പ്രശാന്തവുമായ  പരലോകം നഷ്ടപ്പെടുത്തുന്നതിലാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ജീവിതാന്ത്യംവരെ ഖിന്നനായത് ഇക്കാര്യമോര്‍ത്താണ്. ഇബ്‌റാഹീം പ്രവാചകന്റെ ഭൂഖണ്ഡാന്തര സഞ്ചാരവും ഇതിനെപ്രതിയാണ്. അനുക്ഷണ വികാസിതമായ നാഗരികകേന്ദ്രങ്ങളെ കോര്‍ത്തുചേര്‍ത്ത് ഇബ്‌റാഹീം പ്രവാചകന്‍ നടത്തുന്ന തീക്ഷ്ണസഞ്ചാരം സത്യത്തില്‍ ഐഹികതയെ വിജയകരമായി പാരത്രികതയിലേക്ക് സംഗമിപ്പിക്കാനുള്ള തിക്തയജ്ഞം തന്നെയാണ്. അതു തന്നെയാണ് കഅ്ബ. അനശ്വരവും അദൃശ്യവുമായ പരലോകത്തെ  സമഷ്ടിപ്രധാനമായ ദൃശ്യലോകത്തേക്ക് പ്രതീകാത്മകമായി ആവിഷ്‌കരിക്കുകയാണ് കഅ്ബ ചെയ്യുന്നത്.  ഇങ്ങനെ കഅ്ബയുടെ പശ്ചാത്തലത്തില്‍ സാമൂഹികപ്രധാനമായ ഐഹികതയെയും വ്യക്തിമോക്ഷപ്രധാനമായ പരലോകത്തെയും തത്ത്വശാസ്ത്രപരമായും സൗന്ദര്യശാസ്ത്രപരമായും  വിശകലനത്തിനു വെക്കുന്ന പ്രൗഢരചനയാണ് മുഹമ്മദ് ശമീമിന്റെ  'മക്ക കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക്' എന്ന കൃതി.

കഅ്ബയില്‍നിന്നാണ് ശമീം  ജീവിതത്തെ നിരീക്ഷിക്കുന്നത്. ചുറ്റിക്കറങ്ങല്‍ അനുഷ്ഠാനമായി അല്ലാഹു അംഗീകരിച്ചിട്ടുള്ള ലോകത്തിലെ ഏകകേന്ദ്രമാണ് കഅ്ബ. മുഴുലോകത്തിനും അനുഗ്രഹവും നല്‍വഴിയുമായാണ് മക്കയിലെ കഅ്ബ നിലകൊള്ളുന്നത്. ഉദാത്തമായൊരു  സാമൂഹിക നിര്‍മിതിക്കുള്ളിലാണ് കഅ്ബ. പിതാവും മാതാവും പുത്രനും. ജാതിശ്രേണിയുടെ കമ്പളം വകഞ്ഞ് ഗോത്രസ്ഥാനീയനായ ഇബ്‌റാഹീം അടിയാളഗോത്രത്തിലെ ഹാജറിനെ പരിണയിക്കുന്നു. ശ്രേണീബദ്ധ സാമൂഹിക സങ്കല്‍പങ്ങളെ മറിച്ചിട്ട് ഇബ്‌റാഹീം നടത്തുന്ന രണ്ട് യാത്രകളുണ്ട്. ഒന്ന് കുടുംബത്തിലൂടെ നടത്തുന്ന ഒരു നാഗരിക സഞ്ചാരം. മറ്റൊന്ന് സ്രഷ്ടാവിനെ തേടിയുള്ള ഒരു സാംസ്‌കാരികയാത്ര. ഒന്നു തീര്‍ത്തും ഭൗതികമാത്രം. മറ്റേത്  ആത്മീയ സഞ്ചാരം. ഇതു രണ്ടിന്റെയും കാവ്യാത്മകമായ  സംഗമബിന്ദുവാണ് കഅ്ബ. ഒന്ന് ഉറവയുടെ ഭൗതികതയാണ്. മറ്റൊന്ന് കണ്ണുനീരിന്റെ ആത്മീയ ലോകവും. കഅ്ബയെ സംബന്ധിച്ചുള്ള ശമീമിന്റെ ഈ നിരീക്ഷണം പാരമ്പര്യമത സങ്കല്‍പ്പത്തില്‍ കലാപമുണ്ടാക്കുന്ന പാരായണമാണ്. 

ഇസ്‌ലാമിന്റെ സാമൂഹിക സൗന്ദര്യം തേടി  ഹാജറിന്റെ കുഞ്ഞുകുടിലിനു ചുറ്റും എത്രയോ പേജുകളിലായി ശമീം കറങ്ങിനടക്കുന്നു.  അവിടെയൊക്കെനിന്ന് പ്രമാണ വായനയുടെ  മറ്റൊരു വിസ്മയവിതാനമാണ് അദ്ദേഹം കണ്ടെത്തുന്നത്.  ഹാജറിന്റെ  വീടങ്കണത്തില്‍ നിന്നു കാലത്തെ വകഞ്ഞു ഗ്രന്ഥകാരന്‍ എത്തിച്ചേരുന്നത് ഉര്‍ ദേശത്തിന്റെ രംഗഭൂവില്‍. അവിടെ ഇബ്‌റാഹീം നടത്തിയ കലാപത്തെ മക്കയില്‍ ഇബ്‌റാഹീമിന്റെ പൗത്രന്‍ നടത്തിയ വിശ്വാസ നവോത്ഥാനവുമായി ഗ്രന്ഥകാരന്‍ സാദൃശ്യപ്പെടുത്തുന്നു. ഇതിലൊക്കെയും ഖുര്‍ആന്‍ വാക്യങ്ങളെ  പരമ്പരാഗത അര്‍ഥകല്‍പനകളുടെ മൊരു പൊളിച്ചുകളഞ്ഞ് ദാര്‍ശനികവും സൗന്ദര്യശാസ്ത്രപരവുമായ യുക്തിലാവണ്യത്തിലേക്കാണ് നമ്മെ നമ്മളറിയാതെ കൊണ്ടുപോകുന്നത്. 

ജീവിതം തന്നെ സഞ്ചാരമാണ് ദീനില്‍. അറിവും അവബോധവും ഭക്തിയും തേടി. ഈ അന്വേഷണയാത്ര സംഗതമാവുമ്പോള്‍  സാമൂഹികജീവിതം ഭൂമിയില്‍ തളിര്‍ക്കുകയും  പരലോകം മധുരോദാത്തമാവുകയും  ചെയ്യുന്നു. ഇങ്ങനെയുള്ള മനുഷ്യ മഹാസഞ്ചാരത്തിന്റെ  സംക്ഷേപമാണ് ശമീമിന്റെ നോട്ടത്തില്‍ ഹജ്ജ്. ചേമ്പിന്‍താളിലെ സൂര്യബിംബം പോലെ.  അറഫയും മശ്അറും മിനയും. ഇത് ജീവിതത്തിന്റെ  മോക്ഷപ്രതീകം തന്നെയാണ്. സാമൂഹിക ജീവിതത്തെ സംബോധന ചെയ്യാത്ത അനുഷ്ഠാനമതത്തോട്  ഇസ്‌ലാം കലഹിക്കുന്നു. ഈ കലഹത്തിനുപോലും ഒരു സൗന്ദര്യാത്മകതയുണ്ട്.  ഇത് വിശദീകരിക്കുന്ന ഖണ്ഡമാണ് അറഫാ ദളം. തന്റെ അന്വേഷണം ഏറ്റവും മനോഹരവും കാവ്യാത്മകവുമായി വികസിക്കുന്നത് മുഹമ്മദ് നബിയുടെ അറഫാ പ്രഭാഷണമെന്ന അധ്യായത്തിലാണ്. എല്ലാവിധ ചൂഷക സന്നാഹങ്ങളില്‍നിന്നും  അല്ലാഹുവിന്റെ അടിമ സമ്പൂര്‍ണമായും സുരക്ഷിതനായി ഭൂമിയില്‍ സാമൂഹികത ചമച്ച് നിര്‍ഭയനായി പരലോകത്തെ കണ്ടെത്തുക. ഇത് ആത്മീയതയല്ല, ശുദ്ധരാഷ്ട്രതന്ത്രം തന്നെയാണ്. ആത്മീയതയിലെ രാഷ്ട്രതന്ത്രം. രാഷ്ട്രതന്ത്രത്തിലെ ആത്മീയത. ഈ രാഷ്ടതന്ത്രത്തില്‍ നീതിയുടെ സൗന്ദര്യമുണ്ട്. ഈ സൗന്ദര്യത്തെ ഉപാസിക്കുകയാണ് സാമാന്യം ദീര്‍ഘിച്ച ഈ ഖണ്ഡത്തില്‍ ഗ്രന്ഥകാരന്‍ ചെയ്യുന്നത്. സാമൂഹിക ചുമതലകളുടെ അഗ്നിയില്‍ ചുട്ടതല്ലാത്ത അനുഷ്ഠാനകര്‍മങ്ങളെ കഅ്ബയുടെ അങ്കണത്തുറവിയില്‍ വെച്ചുതന്നെ പ്രവാചകന്‍ റദ്ദാക്കിയിട്ടുണ്ട്.  

ഹവ്വയിലൂടെയും ശേഷം ഹാജറിലൂടെയുമാണ് ശമീം സ്ത്രീത്വത്തെ നിരീക്ഷിക്കുന്നത്. പ്രവാചകന്റെ അറഫാ പ്രഭാഷണത്തോടെ ഇസ്‌ലാമില്‍ സ്ത്രീ വാഴ്ത്തപ്പെട്ടവളാകുന്നു. വേദഗ്രന്ഥത്തിന്റെ ചരിത്രവായന ധര്‍മാധര്‍മങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റേതാണ്. ഇതില്‍ അധീശവര്‍ഗം പ്രതിനിധാനം ചെയ്യുന്നത്  അനീതിയുടെ പക്ഷത്തെയാണ്. ഇസ്‌ലാം സര്‍വ അധീശ കോവിലുകളെയും നിര്‍ദയം റദ്ദാക്കുന്നു.  അപ്പോഴവിടെ വ്യക്തിയും  സമൂഹവും സ്വതന്ത്രമാവും. ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ  ചാരുചിത്ര ഭംഗിയാണീ പുസ്തകം.

ഹജ്ജനുഭവ പശ്ചാത്തലത്തിലാണ് ശമീം സമഗ്ര മാനവ ജീവിതപ്പെരുമകളെ ദാര്‍ശനികമായും സൗന്ദര്യാത്മകമായും നോക്കിക്കാണുന്നത്. ഹജ്ജിന്റെ പരിവൃത്തത്തില്‍നിന്ന് ഇസ്‌ലാമിനെ സമഗ്രസാകല്യത്തില്‍ കാണുന്ന ഒരു പുതിയ കാഴ്ച ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. സമീപനം തത്ത്വശാസ്ത്രപരവും അന്വേഷണം സൗന്ദര്യാത്മകവുമാകുമ്പോള്‍ പാരായണം ആസ്വാദ്യകരമാവും. ഇങ്ങനെ ഇസ്‌ലാമിനെ അതിന്റെ കേവലാചാരപരവും സ്ഥാപനപരവുമായ  ഉള്ളടക്കത്തില്‍നിന്നും വിമോചിപ്പിച്ച് അല്ലാഹു വാഗ്ദാനം ചെയ്യുന്ന സാര്‍വലൗകികവും നൈതികവുമായ അനുഭൂതിസാരങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന സര്‍ഗാത്മപഥത്തിലൂടെയാണ് ഗ്രന്ഥകര്‍ത്താവ് സഞ്ചരിക്കുന്നത്.       

ശമീമിന്റെ ഭാഷ കാല്‍പനിക ശോഭയുള്ളതാണ്. അതിനാല്‍തന്നെ പാഠാവതരണത്തിലെ  ഗഹനത വിഘ്‌നത തീര്‍ക്കുന്നില്ല. പാരായണം അവസാനിക്കുമ്പോള്‍ നാം ചിന്തയുടെ ഏതോ അലൗകിക ചന്ദ്രമണ്ഡലത്തിലെത്തിയതുപോലെ അനുഭവപ്പെടും. നിരീക്ഷണങ്ങളെ അത് പ്രക്ഷുബ്ധമാക്കും. ഇഗ്നീസിനെപ്പോലെ തീപിടിപ്പിക്കും. കത്തിക്കുന്ന കമ്പോ കൊള്ളിയോ കത്തിക്കഴിഞ്ഞാലും തീ പിന്നെയും പടര്‍ന്നുകൊണ്ടേയിരിക്കും. അപ്പോള്‍ മക്ക ദൃശ്യത്തില്‍നിന്നും അനുഭവത്തിലേക്കും പിന്നീട് അനുഭൂതിയിലേക്കും തിടംവെച്ചുവരും. മക്ക ഒരു ദേശമല്ല; അതൊരു പ്രത്യയശാസ്ത്രമാണ്, നീതിയുടെ രാഷ്ട്രതന്ത്രമാണ്. മാനവ ജീവിതത്തിന് അമരത്വം നല്‍കുന്ന പ്രത്യയശാസ്ത്രം. ഭൂമിയെ സ്വര്‍ഗത്തിലേക്കുയര്‍ത്തുന്ന ദര്‍ശനം. സ്വര്‍ഗത്തെ ഭൂമിയിലേക്ക് ഇറക്കി നിര്‍ത്തുന്ന ദര്‍ശനം. ഈ ദര്‍ശനത്തിന്റെ സാധ്യതയെ ഇത്ര സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ച മറ്റൊരു രചന  മലയാളത്തില്‍ ഇതേവരെ സംഭവിച്ചിട്ടില്ല. തന്റെ വിഭ്രമിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ക്ക് പിന്‍ബലമായി  ശമീം ക്രിസ്തീയ - ബൗദ്ധ - ജൈന- സനാതന ദര്‍ശനങ്ങളിലെ പാഠങ്ങളെയും കൃത്യതയോടെ ചേര്‍ത്തുനിര്‍ത്തുന്നു. ഉള്ളടക്കത്തിന്റെ പ്രൗഢി ഒട്ടും ചോര്‍ന്നുപോകാതെയാണ് ഐ.പി.എച്ച് ഇതിന്റെ പ്രസാധനം നിര്‍വഹിച്ചത്. പുറംചട്ടക്കു പോലും ഒരു ദാര്‍ശനിക സൗന്ദര്യമുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍