വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന മനുഷ്യാവകാശ കമീഷന്‍
2017-ല്‍ യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിക്കാന്‍ മോഹിക്കുന്ന ബി.ജെ.പിക്ക് വര്‍ഗീയതയല്ലാതെ മറ്റൊരു അജണ്ടയും ഇല്ലെന്ന് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ലൗ ജിഹാദ്, ഘര്‍വാപസി, ഗോ സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ തുടങ്ങി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ധ്രുവീകരണം ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങള്‍ മുഖ്യമായും കേന്ദ്രീകരിക്കുന്നത് യു.പിയിലാണെന്നു കാണാം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിക്കൊടുത്ത സംസ്ഥാനമാണിത്. മുസ്‌ലിം ജനസംഖ്യ 19 ശതമാനം വരുമെങ്കിലും, വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമായി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല.
മുസഫര്‍ നഗര്‍ കലാപമാണ് ഈ വന്‍ വിജയം ബി.ജെ.പിക്ക് സമ്മാനിച്ചത്. ആസൂത്രിതമായി നടത്തിയ കള്ളപ്രചാരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു. നിരവധി പേര്‍ വധിക്കപ്പെട്ട കലാപത്തില്‍ സകലതും നഷ്ടപ്പെട്ട മുക്കാല്‍ ലക്ഷത്തിലധികം വരുന്ന മുസ്‌ലിംകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവസിപ്പിക്കപ്പെടാതെ ജീവിതം തള്ളിനീക്കുകയാണ്. പിഴുതുമാറ്റപ്പെട്ട ഈ പാവം മനുഷ്യരെപ്പറ്റി കള്ളക്കഥകള്‍ മെനഞ്ഞ് പുതിയൊരു വര്‍ഗീയ അജണ്ട തുന്നിക്കൂട്ടാന്‍ മാസങ്ങളായി സംഘ്പരിവാര്‍ ശ്രമിക്കുന്നു. പടിഞ്ഞാറന്‍ യു.പിയിലെ കയ്‌രാന എന്ന പ്രദേശത്തുനിന്ന് മുസ്‌ലിംകളുടെ പീഡനത്തെത്തുടര്‍ന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു എന്നായിരുന്നു ആദ്യ കഥ. ബി.ജെ.പി എം.പി ഹുകും സിംഗ്, പലായനം ചെയ്ത 346 പേരുടെ ലിസ്റ്റ് പുറത്തു വിടുകയും ചെയ്തു. സംസ്ഥാന ഭരണകൂടം പലായനക്കഥ നിഷേധിച്ചു. അപ്പോഴും ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ അടക്കമുള്ളവര്‍ ഇതങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന മട്ടില്‍ പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുകയായിരുന്നു. വൈകാതെ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ക്വിന്റ് എന്നീ പത്രങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. പലായനക്കഥ തീര്‍ത്തും വ്യാജമാണെന്ന് അതോടെ വ്യക്തമായി. ബി.ജെ.പി തന്നെയും തങ്ങളുടെ അവകാശവാദങ്ങള്‍ ഉപേക്ഷിച്ചു.
അപ്പോഴതാ വരുന്നു, ദേശീയ മനുഷ്യാവകാശ കമീഷന്‍ വക അഞ്ച് പേജ് വരുന്ന പുതിയ 'അന്വേഷണ' റിപ്പോര്‍ട്ട്. മുപ്പതിനായിരത്തോളം വരുന്ന മുസഫര്‍ നഗര്‍ കലാപത്തിന്റെ ഇരകള്‍ കയ്‌രാനയിലേക്ക് വന്നുവെന്നും അത് ക്രമസമാധാനനില അത്യന്തം വഷളാക്കിയതിനാല്‍ ഹിന്ദു കുടുംബങ്ങള്‍ അവിടെനിന്ന് പലായനം ചെയ്യുന്നുണ്ടെന്നുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രദേശത്തെ ജനസംഖ്യാനുപാതത്തെ തകിടം മറിച്ചെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. വര്‍ഗീയച്ചുവയുള്ള ഒട്ടനവധി പരാമര്‍ശങ്ങള്‍ അതില്‍ ഇടം പിടിച്ചു. റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വ്യാജമാണെന്ന് സംഘ്പരിവാര്‍ വരെ സമ്മതിക്കേണ്ടിവന്ന ഒരു സാഹചര്യത്തില്‍ അതൊന്നും കണക്കിലെടുക്കാതെ പഴയ ആരോപണങ്ങള്‍ കടുത്ത വര്‍ഗീയച്ചുവയോടെ റിപ്പോര്‍ട്ടായി മനുഷ്യാവകാശ കമീഷന്‍ അവതരിപ്പിച്ചത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും മുസഫര്‍ നഗര്‍ കലാപത്തിന്റെ ഇരകളും രേഖാമൂലം പ്രതിഷേധമറിയിച്ചിട്ടും കമീഷന്‍ നിലപാട് മാറ്റാനോ തിരുത്താനോ തയാറല്ല. സംഭവസ്ഥലത്ത് പോയി അന്വേഷിക്കാന്‍ പോലും മെനക്കെടാതെ കുറച്ചാളുകളോട് മാത്രം ഫോണില്‍ ബന്ധപ്പെട്ട്, അവരുടെ പക്ഷപാതപരമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ച കമീഷന്റെ നിലപാട് വലിയ ആപത് സൂചനകളാണ് നല്‍കുന്നത്. മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് വന്ന ആധികാരികമായ ഒരു റിപ്പോര്‍ട്ടില്‍ (Living Apart: Communal Violence and Forced Displacement in Muzaffarnagar,2016), കലാപത്തിന്റെ ഇരകളില്‍ രണ്ടായിരത്തോളം പേര്‍ മാത്രമാണ് കയ്‌രാനയില്‍ വന്നിട്ടുള്ളതെന്ന് പറയുന്നുണ്ട്. ഇതാണ് മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ടില്‍ മുപ്പതിനായിരത്തോളമായത്. വസ്തുതാപരമായ ഈ അബദ്ധങ്ങള്‍ പോലും തിരുത്താന്‍ കമീഷന്‍ ഒരുക്കമല്ല.
ദേശീയ മനുഷ്യാവകാശ കമീഷന്‍ മുന്‍കാലങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ധീരമായ ഒട്ടേറെ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷം അന്ന് ദേശീയ മനുഷ്യാവകാശ കമീഷന് നേതൃത്വം നല്‍കിയിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മയും സംഘവും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവരുടെ നിര്‍ദേശപ്രകാരമാണ്, വിചാരണകള്‍ നീതിപൂര്‍വകമാകാന്‍ കലാപക്കേസുകള്‍ ഗുജറാത്തിനു പുറത്തുള്ള കോടതികളിലേക്ക് മാറ്റിയത്. ആ പാരമ്പര്യത്തെ വെട്ടിമാറ്റാനാണ് ശ്രമം നടക്കുന്നത്. ഇത് തീര്‍ത്തും ബോധപൂര്‍വമാണ്. അക്കാദമിക മേഖലകളും മറ്റു പൊതു സ്ഥാപനങ്ങളും ഭരണത്തിലുള്ളവരെ തൃപ്തിപ്പെടുത്താന്‍ അവയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും കൈയൊഴിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം അപകടകരമാണ് ഈ പോക്ക്. ഇതിന് തടയിടാന്‍ രാജ്യക്ഷേമത്തില്‍ താല്‍പര്യമുള്ള എല്ലാവരും ഒന്നിക്കേണ്ടിയിരിക്കുന്നു.
Comments