സംഘ്‌നാവ് കൊണ്ട് സംസാരിക്കുന്നവര്‍
മാതൃഭൂമി ദിനപത്രത്തിന്റെ 2016 ഒക്‌ടോബര്‍ ആദ്യപകുതിയിലെ എഡിറ്റ് പേജുകള്‍ ചില തിരിച്ചറിവുകള്‍ അരക്കിട്ടുറപ്പിക്കുന്നതാണ്. ഒരേ വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മൂന്ന് ലേഖനങ്ങള്‍ ശ്രദ്ധിക്കുക:
1. 'വേണ്ടത് മതഭരണകൂടമല്ല, മതേതര ജനാധിപത്യം'-ആര്യാടന്‍ ശൗക്കത്ത്, ഒക്‌ടോബര്‍ 4, 2016.
2. 'തീവ്ര ആത്മീയതയും ഐ.എസ് എന്ന കമ്പോളവും'-ഡോ. യാസിര്‍ അറഫാത്ത്, ഒക്‌ടോബര്‍ 8, 2016.
3. 'കേരളത്തിലെ ഐ.എസ്: വളംവെച്ചതാര്?'- കെ.എം ഷാജി, ഒക്‌ടോബര്‍ 12, 2016.
ഐ.എസ് ഭീകരത ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, നാലു ദിവസത്തെ ഇടവേളകളില്‍, 4,8,12 തീയതികളിലാണ് ഇവ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതില്‍ ഡോ. യാസിര്‍ അറഫാത്തിന്റെ ലേഖനം, മുസ്‌ലിം സംഘടനകളെ അന്ധമായി അധിക്ഷേപിക്കാത്തതും വിശകലന സ്വഭാവമുള്ളതുമാണ്. എന്നാല്‍, മറ്റു രണ്ടു ലേഖനങ്ങളുടെയും ടാര്‍ഗറ്റും അവ പ്രസിദ്ധീകരിച്ചതിലുള്ള മാതൃഭൂമിയുടെ അജണ്ടയും വ്യക്തമാണ്. 'വിഷ ബീജങ്ങളെയാണ് ഉന്മൂലനം ചെയ്യേണ്ടത്' (4.10.2016), 'വിദ്യാലയങ്ങള്‍ മതനിരപേക്ഷമാകട്ടെ' (9.10.2016) എന്നീ മുഖപ്രസംഗങ്ങളും ഇതേ സമയത്തുതന്നെയാണ് വന്നത്. ഐ.എസ് ഭീകരത കടുത്ത ഭീഷണിയാണെന്നതില്‍ സംശയമില്ല. ആഗോളതലത്തില്‍ ഭീഷണിയായ ഐ.എസിനെതിരെ കാമ്പയിന്‍ പോലെ ലേഖനങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചുകൊണ്ടേയിരിക്കുന്ന ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം സ്വയം എടുത്തണിഞ്ഞ ഈ 'നിക്ഷ്പക്ഷ' പത്രം പക്ഷേ, ഇന്ത്യന്‍ മതനിരപേക്ഷതയെയും ബഹുസ്വരതയെയും കുഴിച്ചുമൂടാന്‍ കച്ചകെട്ടിയിറങ്ങിയ സംഘ് ഫാഷിസത്തെക്കുറിച്ച് തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഈയിടെ കോഴിക്കോട്ട് നടന്നതിനോടനുബന്ധിച്ച് മലയാളത്തിലെ മറ്റു പ്രമുഖ പത്രമാധ്യമങ്ങളില്‍നിന്ന് ഭിന്നമായി മാതൃഭൂമിയില്‍ ദൃശ്യമായ ഉത്സവത്തിമിര്‍പ്പ് ഓര്‍ക്കുക. വാര്‍ത്തകളും വീക്ഷണങ്ങളും ലേഖനങ്ങളും ചിത്രങ്ങളുമായി സ്തുതികീര്‍ത്തനങ്ങളുടെ അണപൊട്ടിയ കാവിക്കുത്തൊഴുക്കായിരുന്നു അതില്‍. കൗണ്‍സില്‍ നടന്ന തീയതികളില്‍ ഒരൊറ്റ ദിവസം മാതൃഭൂമിയില്‍ അച്ചടിമഷി പുരണ്ട ലേഖനങ്ങള്‍ മാത്രം മൂന്ന്; 'ചരിത്രത്തിന്റെ ആവര്‍ത്തനം'-ഒ. രാജഗോപാല്‍, 'നേട്ടങ്ങളുടെ പതിറ്റാണ്ട്'-ഡോ. ആര്‍. ബാലശങ്കര്‍, 'ഏകാത്മക മാനവ ദര്‍ശനത്തിലേക്ക്'-അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പി സമ്മേളനത്തെ ചരിത്രപരമെന്ന് വാഴ്ത്തുന്ന ഈ മൂന്നു ലേഖനങ്ങളും വന്നത് 22.9.2016-ന്. കേരളത്തെ ഹിന്ദുത്വ തീവ്രതയുടെ കാല്‍ക്കീഴിലൊതുക്കുകയെന്ന കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ നടന്ന സമ്മേളനത്തെക്കുറിച്ച് വസ്തുനിഷ്ഠമോ ഗൗരവതരമോ ആയ നിരൂപണ-വിമര്‍ശനങ്ങളൊന്നുമില്ല; 'ബി.ജെ.പിയുടെ കരുനീക്കങ്ങള്‍' എന്ന മനോജ് മേനോന്റെ ലേഖനം തല്ലുകയാണോ തലോടുകയാണോ എന്ന് ആര്‍ക്കും നിശ്ചയമില്ല! ഒക്‌ടോബര്‍ പത്തിന്റെ എഡിറ്റ് പേജില്‍, സംഘ് പരിവാറിന്റെ കേരളത്തിലെ താത്ത്വികാചാര്യന്‍ പി. പരമേശ്വരനെ ഗംഭീരമായി ആഘോഷിച്ചിരിക്കുന്നു. 'പകരം വെക്കാനില്ലാത്ത വ്യക്തിത്വം'-ഒ. രാജഗോപാല്‍ എം.എല്‍.എ, 'കാവി ധരിക്കാത്ത സന്യാസിതുല്യന്‍'-കെ. രംഗനാഥ് കൃഷ്ണ. ജന്മഭൂമി മിഴിച്ചിരുന്നുപോകുന്ന പരമേശ്വരപ്രകീര്‍ത്തനങ്ങള്‍!
മാതൃഭൂമിയുടെ വര്‍ഗീയ അജണ്ടയുടെ ചരിത്രമറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതമില്ല. സംഘ് അനുകൂലവും മുസ്‌ലിം വിരുദ്ധവുമാണ് എക്കാലത്തും മാതൃഭൂമി. കേരളത്തിലെ സംഘടനാ വളര്‍ച്ചയെ കുറിച്ച് ആര്‍.എസ്.എസ് തയാറാക്കിയ 'ആര്‍.എസ്.എസ് ആന്റ് ഹിന്ദു നാഷ്‌നലിസം' എന്ന പഠനത്തില്‍ മലയാളത്തിലെ സംഘ് മുഖപത്രമായ കേസരിയേക്കാള്‍ ആര്‍.എസ്.എസിനു വേണ്ടി മാതൃഭൂമി നടത്തിയ ഇടപെടലുകളാണ് വിശദീകരിച്ചിട്ടുള്ളത്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് അല്‍അമീന്‍ എന്ന പത്രം തുടങ്ങേണ്ടിവന്നതിന് മാതൃഭൂമിയുടെ മുസ്‌ലിം വിരുദ്ധത കൂടി കാരണമായിരുന്നു. 1968-ലെ തളിക്ഷേത്ര പ്രക്ഷോഭം, 1969-ലെ മലപ്പുറം ജില്ലാ വിരുദ്ധ സമരം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങള്‍, ശരീഅത്ത്‌വിരുദ്ധ കോലാഹലങ്ങള്‍ മുതല്‍ ലൗ ജിഹാദ് പ്രോപഗണ്ട, യതീംഖാനാ വിവാദം വരെയുള്ള എണ്ണമറ്റ സംഭവങ്ങളിലൂടെ തുടര്‍ന്ന മാതൃഭൂമിയുടെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ അജണ്ട അവസാനം പുറത്തുവന്നത് മുഹമ്മദ് നബി(സ)യെ അറപ്പുളവാക്കുന്ന ഭാഷയില്‍ ഭര്‍ത്സിച്ചുകൊണ്ടാണ്. ചരിത്രത്തില്‍ മാതൃഭൂമി ധരിച്ച 'കാക്കിനിക്കര്‍' കാണാത്തവര്‍ക്ക് സമീപകാലത്തെ പ്രവാചകനിന്ദ നല്ലൊരു തിരിച്ചറിവായിരുന്നു. ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, തൊട്ടുടനെ ഏതാനും മലയാളി യുവാക്കളുടെ തിരോധാനത്തെത്തുടര്‍ന്ന് സൃഷ്ടിച്ച വാര്‍ത്താപ്രളയത്തിനിടയില്‍ 'മലപ്പുറത്തിന്റെ നാല് അയല്‍ജില്ലകളെ കുറിച്ച്' പറഞ്ഞുകൊണ്ട് മാതൃഭൂമി പിന്നെയും കൈയിലെ സംഘിച്ചരട് മുറുക്കി.
മുസ്‌ലിം വിരുദ്ധതയും സംഘ്‌ബോധവും തങ്ങളുടെ രക്തത്തിലും ഞരമ്പുകളിലും അലിയിച്ചുചേര്‍ത്ത മാതൃഭൂമിതന്നെയാണ് കെ.എം ഷാജി മുതല്‍ പേരുടെ പ്രതിലോമപരമായ ഉദീരണങ്ങള്‍ ഒരേ വിഷയത്തില്‍ കൃത്യമായ ആസൂത്രണത്തോടെ ഇടക്കിടെ അടിച്ചുവിടുന്നത്. മാതൃഭൂമിയുടെയും സംഘ്പരിവാറിന്റെയും അജണ്ടകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്ന കോടാലിക്കൈകളാകാനാണ് ഇത്തരക്കാരുടെ ജീവിതനിയോഗം.
സംഘ്‌നാവ്
സംഘ്പരിവാര്‍ എപ്പോഴും സ്വന്തം നാവുകൊണ്ട് മാത്രമല്ല സംസാരിക്കുക. രണ്ടുതരം പ്രചാരണ രീതികള്‍ അവര്‍ക്കുണ്ട്. പരിവാര്‍ നേതാക്കളും ഏജന്‍സികളും മാധ്യമങ്ങളും നേരിട്ടു നടത്തുന്നതാണ് പ്രത്യക്ഷ കാമ്പയിനിംഗ്. ഐഡന്റിറ്റി മറച്ചുവെച്ച് പത്രമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ നുഴഞ്ഞുകയറിയ പരിശീലനം ലഭിച്ച സംഘ് പ്രവര്‍ത്തകരും പല വിധത്തില്‍ വിലക്കെടുക്കപ്പെട്ട മറ്റുള്ളവരുമാണ് പരോക്ഷ കാമ്പയിനിംഗിന്റെ ഉപകരണങ്ങള്‍. മുസ്‌ലിം സമുദായത്തില്‍നിന്നും അവര്‍ക്ക് രണ്ട് പ്രചാരണങ്ങള്‍ക്കും ആളെക്കിട്ടും. മുഖ്താര്‍ അബ്ബാസ് നഖ്‌വി മുതല്‍ താടിയും തൊപ്പിയും വെച്ച, കേരളത്തിലെ പുതിയ മുസ്‌ലിം ബി.ജെ.പി നേതാക്കള്‍ വരെ ഇതിന്റെ ഉദാഹരണമാണ്. പരോക്ഷ പ്രചാരണത്തിനായി വിലക്കെടുക്കപ്പെട്ടവരെ പെട്ടെന്ന് മനസ്സിലാക്കാനാവില്ല. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ അവരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും, ചില നിലപാടുകള്‍ അവരെ ദൃശ്യപ്പെടുത്തും.
സംഘ്പരിവാറിന്റെ നാവാകാനാണ് മുസ്‌ലിം ലീഗ് ടിക്കറ്റില്‍ കേരള നിയമസഭയിലെത്തിയ കെ.എം ഷാജിയുടെ യോഗം. സംഘടനാ താല്‍പര്യത്തോടെയോ വ്യക്തിവിരോധത്താലോ ഉന്നയിക്കപ്പെടുന്ന ആരോപണമല്ല, തെളിവുകള്‍ ബോധ്യപ്പെടുത്തുന്ന വസ്തുതയാണിത്. കേരളത്തിലെ സംഘ്പരിവാര്‍ ജിഹ്വകളായ കേസരിയിലൂടെയും ജന്മഭൂമിയിലൂടെയും കാവിവല്‍ക്കരണത്തില്‍ ജന്മഭൂമിയോട് മത്സരിക്കുന്ന മാതൃഭൂമിയിലെ സംഘ് അനുകൂല ലേഖനങ്ങളിലൂടെയും പുറത്തുവരുന്ന അതേ ആശയങ്ങള്‍ തന്നെയാണ് ഷാജിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ മാതൃഭൂമി ലേഖനത്തിലും കാണുന്നത്. ഇനി ഉദ്ധരണികള്‍ സംസാരിക്കട്ടെ:
1. കേസരി വാരിക/മധു ഇളയത്: '....വൈയക്തികമോ മതപരമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ചരിത്രകാരന്മാരുടെയും മനുഷ്യാവകാശ-പരിസ്ഥിതി ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ മതതീവ്രവാദത്തിന്റെ വിത്തുകള്‍ പൊതുസമൂഹത്തിലേക്ക് ഒളിച്ചുകടത്തപ്പെടുകയും ചെയ്യുന്നു... മതമൗലികവാദസംഘടനകള്‍ക്ക് കീഴടങ്ങി ഉപജീവനം കഴിക്കുന്ന ചില ബൗദ്ധിക നേതൃത്വങ്ങളുടെ പ്രത്യയശാസ്ത്ര അടുക്കളയില്‍ പാകം ചെയ്‌തെടുത്ത ചരിത്രമാണ് നമ്മുടെ കലാശാലകളില്‍നിന്നിറങ്ങുന്ന യുവതലമുറയുടെചരിത്രനിലവാരത്തെ നിര്‍ണയിക്കുന്നത് എന്നതാണ് ഇന്നത്തെ അവസ്ഥ'' ('ബൗദ്ധിക മണ്ഡലത്തിലെ അധിനിവേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും'-കേസരി വാര്‍ഷിക പതിപ്പ്, 2016 സെപ്റ്റംബര്‍ 9, പേജ് 222-229).
2. മാതൃഭൂമി/സി.ആര്‍ പരമേശ്വരന്‍: 'നമ്മുടെ ബുദ്ധിജീവികള്‍ ചെയ്യുന്നത്, ദേശനിരപേക്ഷനായ ഒരു മുസ്‌ലിമിനെ അവതരിപ്പിച്ച്, താരതമ്യേന മതസൗഹാര്‍ദം പുലരുന്ന കേരളത്തെ വിഭാഗീയമാക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ശക്തികളെ തുണക്കുകയാണ്. ഇതേ സംവാദത്തില്‍ എം.എന്‍ കാരശ്ശേരിയുടെ കുറിപ്പില്‍ ബുദ്ധിജീവികള്‍ക്കിടയിലെ ഒരു പ്രവണതയെക്കുറിച്ച് പറയുന്നുണ്ട്: നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പുലര്‍ന്നുവരുന്ന മതേതരത്വത്തിന്റെ ഒരു മാതൃക അങ്ങേയറ്റം അപകടകരമാണ്. താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ വിഭാഗീയതയെ പിന്തുണക്കുന്നത് വര്‍ഗീയതയും അന്യ സമുദായത്തിന്റെ വിഭാഗീയതയെ പിന്തുണക്കുന്നത് മതേതരത്വവും എന്നതാണ് ആ സിദ്ധാന്തം! ഈ ഇടപാട് കുറച്ചായി നടന്നുവരുന്നു. ഈ കച്ചവടത്തില്‍ ചില സാഹിത്യകാരന്മാര്‍ക്കൊപ്പം ചില മുന്‍ നക്‌സലൈറ്റുകളുണ്ട്, ചരിത്രകാരന്മാരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, സ്ത്രീവാദികളുണ്ട്. പതുക്കെ രൂപംകൊള്ളുന്ന സ്വത്വരാഷ്ട്രീയത്തിന്റെ ഈ ആയുധപ്പുര തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളും സമ്മാനങ്ങളും സൗജന്യങ്ങളും ശ്രദ്ധിച്ചാല്‍ മതി'' ('ബുദ്ധിജീവികളുടെ അഴിമതി'-സി.ആര്‍ പരമേശ്വരന്‍, http://archives.mathrubhumi.com/new.12/files/).
3. മാതൃഭൂമി/ കെ.എം ഷാജി: 'നിര്‍ഭാഗ്യകരമായ വസ്തുത, ഇത്തരക്കാര്‍ക്കൊക്കെ പ്രതിരോധത്തിന്റെ വന്‍മതിലുകള്‍ തീര്‍ക്കാന്‍ പ്രത്യേകമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക മണ്ഡലത്തിലെ ഒരു വിഭാഗവും തയാറാകുന്നുവെന്നതാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളില്‍ വ്യാപൃതരായ ഒരു വിഭാഗം ബുദ്ധിജീവികളെയും എഴുത്തുകാരെയും ബഹുവിധങ്ങളായ പ്രലോഭനങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും തങ്ങളുടെ കൂടാരത്തിലേക്ക് കൊണ്ടുവരാനും അവരില്‍ ചിലരെയൊക്കെ തങ്ങളുടെ പ്രതിഛായയില്‍തന്നെ മാറ്റിത്തീര്‍ക്കാനും കേരളത്തിലെ മതതീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളില്‍ സുഖസഞ്ചാരത്തിന് കൊണ്ടുപോയും തങ്ങളുടെ പത്രവാരികകളില്‍ പംക്തികളും അസാമാന്യമാംവിധം ഇടവും അനുവദിച്ചുകൊണ്ടും ഇത്തരം അവസരവാദികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും ഇവര്‍ അക്ഷരാര്‍ഥത്തില്‍ വിലയ്‌ക്കെടുത്തിട്ടുണ്ട്. ഈ മട്ടിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇക്കൂട്ടരെയാണ് പ്രതിരോധത്തിന്റെ പത്മവ്യൂഹം തീര്‍ക്കാന്‍ ആദ്യം നിയോഗിക്കുക. ഇവരില്‍ ഇടതുബുദ്ധിജീവികളായി അറിയപ്പെടുന്നവരും മനുഷ്യാവകാശപ്രവര്‍ത്തകരും സര്‍ഗാത്മക സാഹിത്യകാരന്മാരുമുണ്ട്'' ('കേരളത്തിലെ ഐ.എസ്: വളംവെച്ചതാര്?'-മാതൃഭൂമി ദിനപത്രം, ഒക്‌ടോബര്‍ 12, 2016).
4. ജന്മഭൂമി/ഭാസ്‌കരന്‍ വേങ്ങര: 'ഷാജി പറഞ്ഞതുപോലെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന ബൗദ്ധിക, സാഹിത്യമണ്ഡലങ്ങളിലെ നപുംസകങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിത്യവും വരുന്ന വാര്‍ത്തകള്‍ക്ക് ഇവര്‍ക്കൊക്കെ ലഭിക്കുന്ന പാരിതോഷികങ്ങളും അവാര്‍ഡുകളും വിദേശസഞ്ചാര സൗകര്യങ്ങളും ഒക്കെയാണ്. ഈ ബൗദ്ധിക പിന്തുണയാണ് ഏറ്റവും വലിയ അപകടം. ഒരു കാര്യം സത്യമാണ്, നമ്മുടെ ഇടയില്‍ ഇത്തരം പുഴുക്കുത്തുകള്‍ എന്നും ഉണ്ടായിരുന്നു'' ('തീവ്രവാദം വളര്‍ത്തുന്നതില്‍ ലീഗിനും പങ്ക്' ഭാസ്‌കരന്‍ വേങ്ങര, ജന്മഭൂമി, 2016 ഒക്‌ടോബര്‍ 16).
ആശയങ്ങളില്‍ മാത്രമല്ല, വാചകങ്ങളില്‍ വരെയുള്ള ഈ സാമ്യം യാദൃഛികമല്ല. ആശയപ്പൊരുത്തത്തിന്റെയും അവിശുദ്ധ ബാന്ധവത്തിന്റെയും അടയാളങ്ങളിലൊന്നാണിത്. സംഘ്പരിവാറിന്റെ വൈറസാണ് ഇത്തരം മഴുത്തായകളില്‍ പ്രവര്‍ത്തിക്കുന്നത്. 'കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം' എന്ന് മുമ്പ് കേസരി നെഞ്ചോടു ചേര്‍ത്ത ഹമീദ് ചേന്ദമംഗല്ലൂരിന്റെ ഇളം ചോരയാണ് ഇപ്പോള്‍ ഷാജിയുടെ വലംകൈ! ഹമീദിന് കേസരിയായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെങ്കില്‍ ഷാജിക്ക് പ്രശംസാപത്രം കൊടുത്തത് ജന്മഭൂമിയാണ്; 'തീവ്രവാദത്തിനെതിരായ കെ.എം ഷാജിയുടെ ലേഖനം ശ്ലാഘനീയം തന്നെ' (ജന്മഭൂമി 16.10.2016).
ഇടതുപക്ഷവും വലതുപക്ഷവും മുസ്‌ലിം തീവ്രവാദത്തെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു, അതുകൊണ്ട് ബി.ജെ.പി മാത്രമേ പരിഹാരമുള്ളൂ എന്നത് സംഘ്പരിവാറിന്റെ നിരന്തര പ്രോപഗണ്ടയാണ്. ഇതേ വാദം, പുതിയ മാതൃഭൂമി ലേഖനത്തില്‍ ഷാജി ആവര്‍ത്തിക്കുന്നു: ''ഇടത്-വലത് വ്യത്യാസമില്ലാതെ നാട്ടിലെ വലുതും ചെറുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വര്‍ഗീയ തീവ്രവാദ സംഘടനകളുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേരെ കണ്ണടക്കുകയാണ് സാമാന്യേന ചെയ്തുപോരുന്നത്'' (മാതൃഭൂമി 12.10.2016).
ഇസ്‌ലാം/മുസ്‌ലിം വിരുദ്ധത കെ.എം ഷാജിയില്‍ മുമ്പും ആരോപി ക്കപ്പെട്ടിട്ടുണ്ട്. 'സമസ്ത'യുടെ പ്രമുഖ നേതാവ് എഴുതുന്നു: ''ഇസ്‌ലാമിനെയും ഇസ്‌ലാമിക ചിഹ്നങ്ങളെയും പുഛിച്ചുകൊണ്ട് സമുദായത്തിനുള്ളില്‍നിന്ന് രംഗത്തുവരുന്നവര്‍ക്ക് കപട മതേതരവാദികള്‍ക്കിടയിലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും അംഗീകാരം ലഭിക്കുമെന്നാണ് പ്രത്യാശ. മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധരെ നിലക്കുനിര്‍ത്തേണ്ട ബാധ്യത മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുണ്ട്'' ('സംരക്ഷകര്‍ ബാധ്യത മറക്കുന്നു'-അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം ദിനപത്രം, 30.7.2015). മുസ്‌ലിം ലീഗും 'സമസ്ത'യും ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെയെല്ലാം പൊതു സമീപനത്തിന് വിരുദ്ധമായി, നിലവിളക്ക് കൊളുത്തുമെന്ന് കെ.എം ഷാജിയും മറ്റും നിലപാടെടുത്തപ്പോഴാണ് അബ്ദുല്‍ഹമീദ് ഫൈസി ഇതെഴുതിയത്. മുസ്‌ലിം സമൂഹം പ്രതിസന്ധി നേരിട്ട പല സന്ദര്‍ഭങ്ങളിലും, അന്യായമായി സമുദായം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട പല വിഷയങ്ങളിലും സമുദായത്തോടൊപ്പം നില്‍ക്കാന്‍ കെ.എം ഷാജി സന്നദ്ധനായിട്ടില്ല. ഒന്നുകില്‍ പച്ചയായി സംഘ്പരിവാര്‍-അള്‍ട്രാ സെക്യുലര്‍ പക്ഷത്ത് നിന്നു. അല്ലെങ്കില്‍ മൗനത്തിന്റെ വാല്‍മീകത്തിലൊളിച്ചു. ഇമെയില്‍ ചോര്‍ത്തല്‍, ലൗ ജിഹാദ് പ്രോപഗ, നിരപരാധികളെ വേട്ടയാടല്‍, കരിനിയമങ്ങള്‍, ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍, നിലവിളക്ക് കൊളുത്തല്‍ വിവാദം, ഗുജറാത്ത് വികസന വായ്ത്താരി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ പരിശോധിക്കപ്പെടേതാണ്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ സംഘ്പരിവാര്‍ ഭീഷണിയും ഭരണകൂടഭീകരതയുമാണെന്നത് സര്‍വാംഗീകൃതമാണ്. മുസ്‌ലിം സംഘടനകള്‍ക്കെല്ലാം യോജിപ്പുള്ള കാര്യമാണിത്; പരിഹാര മാര്‍ഗങ്ങളിലും മറ്റും വീക്ഷണവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും. തീവ്രവാദം പ്രചരിപ്പിക്കുകയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. രാജ്യരക്ഷയുടെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും തേട്ടമാണത്. എന്നാല്‍ നിയമനടത്തിപ്പിലെ ഇരട്ടത്താപ്പും, നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ സംഘ് പിണിയാളുകളായ അധികാരികളാല്‍ യു.എ.
പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് വേട്ടയാടപ്പെടുന്നതും ഇന്ത്യയിലെ മുന്‍ ന്യായാധിപന്മാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയതാണ്. അതുകൊണ്ടാണ് മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവും പാര്‍ലമെന്റംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നത്. ഇങ്ങനെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളും മതേതര പ്രസ്ഥാനങ്ങളും ഒരേ വീക്ഷണം പങ്കിടുന്ന വിഷയങ്ങളില്‍ കെ.എം ഷാജി എവിടെയാണ്? മനസ്സാക്ഷിയുള്ളവരെല്ലാം കരിനിയമങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ ഇദ്ദേഹം എന്തിനു വേണ്ടണ്ടിയാണ് വാദിച്ചത്: ''നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്‍പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസക കൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ വെച്ച് ഒരു തീവ്രവാദ സംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പല വേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്'' (കെ.എം ഷാജി, മാതൃഭൂമി ദിനപത്രം, 2010 ആഗസ്റ്റ് 4).
ഗുജറാത്ത് വംശഹത്യയെയും അവിടത്തെ 'വികസന'ത്തെയും കുറിച്ച ഷാജിയുടെ 'വിശകലന പാടവം' ശ്രദ്ധിക്കുക. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെ പോകുന്നു: 'നരേന്ദ്രമോദി ഹിന്ദുവല്ല, കലാപം നടത്തിയത് സംഘ്പരിവാര്‍ ലക്ഷ്യത്തിനല്ല, വ്യാവസായിക ലക്ഷ്യത്തിനാണ്, ഗുജറാത്ത് വികസനം രാജ്യത്തെ മറ്റേതൊരു വികസനത്തെയും കവച്ചുവെക്കും...' ഇത് വ്യാപക പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. വാചകങ്ങള്‍ അടര്‍ത്തിമാറ്റിയതാണെന്നു പറഞ്ഞ് അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. 'മുസ്‌ലിം ലീഗ് നേതാവ് മോദിക്കു വേണ്ടി രംഗത്ത്' എന്ന തലക്കെട്ടോടെ മാധ്യമങ്ങള്‍ ഇതേറ്റെടുത്തു. മോദിഭക്തരുടെ വെബ്‌സൈറ്റിലും 'ലീഗ് നേതാവിന്റെ പ്രശംസ' എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു (http://themostwantedindian.blogspot.in/2013/03/muslim-league-mla-from-kerala-praises.html, http://www.haindavakeralam.com/muslim-league-mla-praises-narendra-modi-retracts-later-hk4307).
പോരിശ പറഞ്ഞും 'മാപ്പ്' ചോദിച്ചും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
സലഫിസവും ഹാകിമിയ്യത്തും
കെ.എം. ഷാജി സംഘ്പരിവാറിന് ചെയ്യുന്ന വിടുപണികളുടെ ഭാഗമായിതന്നെ വേണം അദ്ദേഹത്തിന്റെ പേരില്‍ ഇടക്കിടെ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളെയും മനസ്സിലാക്കാന്‍. 'കേരളത്തിലെ ഐ.എസ്: വളംവെച്ചതാര്?' എന്ന പുതിയ മാതൃഭൂമി ലേഖനത്തിന്റെ ഉള്ളടക്കവും ഇത് സാക്ഷ്യപ്പെടുത്തുന്നു. ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരായ വിമര്‍ശനമാണ് ലേഖനത്തിലെ ഒരിനം. സലഫിസം, സയ്യിദ് മൗദൂദി, ഹാകിമിയ്യത്ത് തുടങ്ങിയവയാണ് മറ്റു ചേരുവകള്‍. 'സലഫിസത്തെ കുറിച്ച് കൂലങ്കഷമായി പഠിച്ചവര്‍ മൂന്ന് വിഭാഗം സലഫികളെ കുറിച്ച് പറയുന്നുണ്ട്. ഒന്ന്, മൃദുസലഫിസം. രണ്ട് സക്രിയ സലഫിസം. മൂന്ന്, ജിഹാദീ സലഫിസം. മൃദു സലഫിസം രാഷ്ട്രീയ ആക്ടിവിസത്തില്‍നിന്ന് മാറിനില്‍ക്കുന്നു. സക്രിയ സലഫിസം രാഷ്ട്രീയത്തിനു വേണ്ടി വാദിക്കുന്നു. പക്ഷേ, ഹിംസാത്മകമായ രീതി അവലംബിക്കുന്നില്ല. ജിഹാദീ സലഫിസം ഹിംസാത്മകമായ വഴികളിലൂടെ ഭൂമിയില്‍ ദൈവിക ഭരണം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ആദ്യ വിഭാഗത്തില്‍പെട്ടവരാണ് കേരളത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സലഫികള്‍'-ഇതാണ് ലേഖനത്തിന്റെ രത്‌നച്ചുരുക്കം. ജമാഅത്തെ ഇസ്‌ലാമിയെയും മൗലാനാ മൗദൂദിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ വൃഥാശ്രമത്തിനിടയില്‍ ലേഖകന്‍ യഥാര്‍ഥത്തില്‍ വെട്ടില്‍ വീഴ്ത്തിയിരിക്കുന്നത് സലഫി പ്രസ്ഥാനത്തെത്തന്നെയാണ്. ലോക സലഫിസത്തിലെ മൂന്നില്‍ രണ്ടും പ്രശ്‌നക്കാരാണെന്നതാണ് ലേഖനം പറയുന്നത്. ഇത് കേരളത്തിലെ സലഫികള്‍ അംഗീകരിക്കുമോ? ലേഖനം ഉയര്‍ത്തിയ സംശയങ്ങളില്‍ ചിലത്:
1) ലേഖനത്തില്‍ പറയുന്ന സലഫിസത്തെ കൂലങ്കഷമായി പഠിച്ചവര്‍ ആരാണ്? ലോകതലത്തില്‍ സലഫിസത്തെ ഏതൊക്കെ വിധത്തില്‍, എത്രയൊക്കെയായി വിഭജിച്ചിട്ടുണ്ട്?
2) ഇസ്‌ലാമിക രാഷ്ട്രീയ ക്രമത്തിനു വേണ്ടി അഹിംസാത്മകമായി വാദിക്കുന്ന സലഫീസംഘങ്ങള്‍ ഏതൊക്കെയാണ്? അവരുടെ നേതാക്കള്‍ ആരാണ്?
3) ജിഹാദീ സലഫിസത്തിന്റെ ആചാര്യന്മാര്‍ ആരൊക്കെ? എന്തൊക്കെയാണ് അവരുടെ വാദങ്ങള്‍? പൗരാണികരും ആധുനികരുമായ ഏതൊക്കെ സലഫീ പണ്ഡിതന്മാരെയാണ് ഇവര്‍ അവലംബിക്കുന്നത്?
4) ലോകതലത്തിലുള്ള 'മൃദുസലഫികളും' 'സക്രിയ സലഫികളും' ഹാകിമിയ്യത്ത് വിഷയത്തില്‍ സ്വീകരിച്ച നിലപാട് എന്താണ്?
ഈ വിഭജനം മുഖവിലക്കെടുത്താല്‍, സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ഇതര ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമൊക്കെ ഉള്‍പ്പെടുത്തപ്പെടാവുന്നത് സക്രിയ സലഫിസത്തിലാണ്. ഇസ്‌ലാമിന് രാഷ്ട്രീയ വ്യവസ്ഥയുണ്ടെന്നും അത് സമഗ്രമായ ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെ ഭാഗമാണെന്നും രാഷ്ട്രീയ വ്യവസ്ഥയുള്‍പ്പെടെ ഇസ്‌ലാം സ്ഥാപിക്കപ്പെടേണ്ടത് സമാധാനപൂര്‍വമായ മാര്‍ഗത്തിലൂടെയാണെന്നും ഇസ്‌ലാമിക വിപ്ലവത്തിന് സായുധ നീക്കങ്ങള്‍ അസ്വീകാര്യമായ, തെറ്റായ വഴിയാണെന്നും സയ്യിദ് മൗദൂദിയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. സയ്യിദ് മൗദൂദിയും അദ്ദേഹം രൂപപ്പെടുത്തിയ പ്രസ്ഥാനവും അടിച്ചമര്‍ത്തലിന്റെയും നീതിനിഷേധത്തിന്റെയും കടുത്ത പ്രതിസന്ധിഘട്ടങ്ങളില്‍ പോലും സായുധ കലാപത്തിന്റെയും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനത്തിന്റെയും മാര്‍ഗം ആലോചിച്ചിട്ടുപോലുമില്ല. അപ്പോള്‍ തീര്‍ച്ചയായും ഹിംസയുടെ മാര്‍ഗം നിരാകരിച്ചുകൊണ്ട് രാഷ്ട്രീയക്രമം കൂടി അടങ്ങിയ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്ന സക്രിയ സലഫിസത്തിലാണല്ലോ മൗദൂദീധാര ഉള്‍പ്പെടുന്നത്.
മൗലാനാ മൗദൂദിയില്‍നിന്നാണ് ഹാകിമിയ്യത്ത് ലോകം മുഴുവന്‍ വ്യാപിച്ചതെന്ന ലേഖകന്റെ പേരില്‍ മാതൃഭൂമിയിലൂടെ പുറത്തുവന്ന വാദം വിവരക്കേടിന്റെ ആഗോള വിളംബരമാണ്. പൗരാണികരായ ലോക മുസ്‌ലിം പണ്ഡിതന്മാരും മൗദൂദീധാരയില്‍ ഇല്ലാത്ത പഴയവരും പുതിയവരുമായ സലഫീപണ്ഡിതന്മാരും ഹാകിമിയ്യത്ത് വിഷയത്തില്‍ എഴുതിയതൊന്നും കെ.എം ഷാജിക്ക് അറിയാത്തത് അദ്ദേഹത്തിന്റെ കുറ്റമല്ല! ലേഖനം എഴുതിയയാള്‍ ആധാരമാക്കിയത് ശിറാസ് മെഹ്ര്‍ എന്ന സയണിസ്റ്റ് അനുകൂല എഴുത്തുകാരന്റെ സലഫി ജിഹാദിസം: ഒരു ആശയത്തിന്റെ ചരിത്രം (Salafi Jehadism: The History of an Idea-Shiraz Maher) എന്ന പുസ്തകത്തിന് തല്‍മീസ് അഹ്മദ് ഫ്രണ്ട്‌ലൈനില്‍ എഴുതിയ നിരൂപണമാണ്. പുസ്തകം വായിച്ചിരുന്നുവെങ്കില്‍ അതില്‍നിന്ന് നേരിട്ട് ഉദ്ധരിക്കുമല്ലോ! തല്‍മീസ് അഹ്മദിന്റെ നിരൂപണപ്രകാരം ശിറാസ് മഹ്ര്‍ എഴുതുന്നത്, ഹാകിമിയ്യത്തിന്റെ ഉപജ്ഞാതാക്കള്‍ അല്ലാമാ ഇഖ്ബാല്‍, മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എന്നിവരാണ് എന്നാണ്. ഇതില്‍ രണ്ടുപേരെ ഒഴിവാക്കി സയ്യിദ് മൗദൂദിയെ മാത്രം എടുത്തുപറയുകയാണ് മാതൃഭൂമി ലേഖനം. ഫ്രണ്ട്‌ലൈന്‍ നിരൂപണത്തിലെ ആ ഭാഗം ഇങ്ങനെ വായിക്കാം:
''പിന്നെ മെഹ്ര്‍ എത്തുന്നത് സലഫി ജിഹാദിസത്തിന്റെ ഒടുവിലത്തെ ഗുണവിശേഷണമായ ഹാകിമിയ്യത്തിലേക്കാണ്. ഇസ്‌ലാമിക രാഷ്ട്രീയ ഘടനയില്‍ ദൈവത്തിന്റെ പരമാധികാരം സാക്ഷാത്കരിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ മെഹ്ര്‍ കൗതുകകരമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ഇസ്‌ലാമിന്റെ ആദ്യ പ്രമാണങ്ങളില്‍നിന്ന് സ്വീകരിച്ചതല്ലാത്തതുകൊണ്ട് ആ അര്‍ഥത്തില്‍ ഇത് സലഫീ ആശയമല്ല എന്നതാണത്. മറ്റു സലഫീ-ജിഹാദീ ആശയങ്ങള്‍ പോലെ അത് പശ്ചിമേഷ്യയിലല്ല വളര്‍ന്നുവന്നത്, മറിച്ച് ദക്ഷിണേഷ്യയിലാണ്. ഇവിടെ മെഹ്ര്‍, ഈ പുതുസംഭാവനകള്‍ നല്‍കിയതിന്റെ ക്രെഡിറ്റ്, കവി-തത്ത്വചിന്തകന്‍ മുഹമ്മദ് ഇഖ്ബാലിനും ദാര്‍ശനിക-ആക്ടിവിസ്റ്റ് അബുല്‍ അഅ്‌ലാ മൗദൂദിക്കും പരിവ്രാജക- ബുദ്ധിജീവി അബുല്‍ ഹസന്‍ അലി നദ്‌വിക്കും വേണ്ട രീതിയില്‍ നല്‍കുന്നുണ്ട്.
മൗദൂദിയുടെ രചനകള്‍ നദ്‌വി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാറുണ്ടായിരുന്നെന്നും അതാണ് സയ്യിദ് ഖുത്വ്ബ് വായിച്ചതെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഖുത്വ്ബിന്റെ ചിന്തക്ക് നദ്‌വി തന്റേതായ സംഭാവനയും നല്‍കിയിട്ടുണ്ട്; സമകാലിക മുസ്‌ലിം ലോകം നബിയുടെ കാലത്തുണ്ടായിരുന്ന അജ്ഞാനാന്ധകാര(ജാഹിലിയ്യത്ത്)ത്തിന് സമാനമായ അവസ്ഥയിലാണുള്ളത് എന്ന ആശയം അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊണ്ട്'' (Salafi-jehadism and Its Cohorts-Talmiz Ahmad- Frontline, 2016 October 3). ശിറാസ് മെഹ്‌റിനെ കെ.എം ഷാജി അംഗീകരിക്കുന്നുവെങ്കില്‍, പ്രതിക്കൂട്ടില്‍ സയ്യിദ് മൗദൂദിയുടെ ഇടത്തും വലത്തും അല്ലാമാ ഇഖ്ബാലിനെയും അലിമിയാനെയും നിര്‍ത്തേണ്ടിവരും. ലേഖനം എഴുതിക്കൊടുക്കുന്നവര്‍ ഉപയോഗിക്കുന്ന സ്രോതസ്സുകളെങ്കിലും നോക്കാത്തതിന്റെ ദുരന്തം!
അലിമിയാന്റെ പേരില്‍ തട്ടിവിടുന്ന നുണകളിലൊന്ന്: അദ്ദേഹം സയ്യിദ് മൗദൂദിയുടെ പുസ്തകം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തുവത്രെ. മൗദൂദിയുടെ ഏതു പുസ്തകം, ഏതു ലേഖനം, എപ്പോള്‍ അലിമിയാന്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തുവെന്ന് ലേഖകന്‍ വിശദീകരിച്ചിട്ടില്ല. ഏറ്റവും രസകരമായ ഒരു സംഗതി ഇതാണ്: ഐ.എസ് ഭീകരതയുടെ അടിത്തറയായി ശിറാസ് മെഹ്ര്‍ പറയുന്ന ജിഹാദീ സലഫിസത്തിന്റെ ഒരേയൊരു കാര്യമല്ല ഹാകിമിയ്യത്ത്. അഞ്ച് അടിസ്ഥാനങ്ങളാണ് ഐ.എസിന് മെഹ്ര്‍ കല്‍പ്പിച്ചരുളുന്നതെന്ന് പുസ്തക നിരൂപണത്തില്‍ പറയുന്നു; ജിഹാദ്, തക്ഫീര്‍, തൗഹീദ്, വലാഅ്-ബറാഅ്, ഹാകിമിയ്യത്ത്. ഇതില്‍നിന്ന് ഹാകിമിയ്യത്തിനെ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുകയാണ്. മെഹ്‌റിന്റെ വാദമനുസരിച്ച് കലര്‍പ്പില്ലാത്ത തൗഹീദ് മുറുകെപ്പിടിക്കുന്നതും പ്രശ്‌നമാണ്. തൗഹീദ് വിഷയത്തില്‍ മൃദു-സക്രിയ സലഫികളുള്‍പ്പെടെയുള്ളവരുടെ നിലപാടെന്താണെന്ന് അന്വേഷിച്ചുനോക്കൂ. പിന്നെ തക്ഫീര്‍, വലാഅ്-ബറാഅ് വാദങ്ങള്‍ കൊണ്ടുനടക്കുന്നത് കേരളത്തിലും ലോകതലത്തിലും ആരായാലും അതില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരില്ല. 'വലാഅ് - ബറാഅ്' പ്രസംഗത്തിന്റെ പേരില്‍ കേരളത്തില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ട വ്യക്തിയുടെ പശ്ചാത്തലം അന്വേഷിക്കുക. മാത്രമല്ല, ഐ.എസ് അടിത്തറകളിലൊന്നായ തക്ഫീറിന്റെ ആചാര്യനായി ശിറാസ് മെഹ്ര്‍ പരിചയപ്പെടുത്തുന്നത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയെയാണെന്ന് പുസ്തകനിരൂപണത്തില്‍ പറയുന്നു. ഇബ്‌നുതൈമിയ്യയില്‍നിന്നാണത്രെ സയ്യിദ് ഖുത്വ്ബിന് ഇത് കിട്ടിയത്! ചുരുക്കത്തില്‍, തൗഹീദ് എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തെയും ഇബ്‌നുതൈമിയ്യ മുതല്‍ അലിമിയാന്‍ വരെയുള്ളവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന, സംശയകരമായ പശ്ചാത്തലമുള്ള ശിറാസ് മെഹ്‌റിന്റെ പുസ്തകത്തിലെ വിതണ്ഡവാദങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുക വഴി ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടയില്‍ മികച്ച സംഭാവനകളര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ കെ.എം ഷാജിക്ക് അഭിമാനിക്കാം.
റദ്ദ് ചെയ്യുന്നത് ലീഗ് രാഷ്ട്രീയത്തെ
മുസ്‌ലിം മുഖ്യധാരക്കു പുറത്ത് അള്‍ട്രാ സെക്യുലറായി നിന്ന് സംഘ്പരിവാര്‍ പ്രഭൃതികളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം കസര്‍ത്തുകളെല്ലാം. നേരത്തേ പരാമര്‍ശിച്ച നിലവിളക്ക് വിഷയത്തില്‍ കെ.എം ഷാജി കൈക്കൊണ്ട നിലപാടുകളെ 'സമസ്ത' നേതാവ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഇങ്ങനെ വിശകലനം ചെയ്യുന്നു: 'ദൗര്‍ഭാഗ്യകരമെന്നു പറയാം. മുസ്‌ലിം സാംസ്‌കാരികത്തനിമ നിലനിര്‍ത്തി ജനാധിപത്യ-മതേതര സംവിധാനത്തോട് സമരസപ്പെട്ട് രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍ പതറാതെ, സ്വാതന്ത്ര്യാനന്തര മുസ്‌ലിം ഇന്ത്യയുടെ പുരോഗമനത്തിന് ദിശാബോധം നല്‍കിയ ഖാഇദെ മില്ലത്തിന്റെയും സീതി സാഹിബിന്റെയും പുതിയ ശിഷ്യഗണത്തിലെ യുവതുര്‍ക്കികളില്‍ ചിലര്‍ നിലവിളക്ക് കൊളുത്തിവെച്ചിട്ടും കണ്ണുകാണാതെ ഇരുട്ടില്‍ തപ്പുകയാണ്. സാംസ്‌കാരിക ഫാഷിസം ഇരിക്കാന്‍ പറയുമ്പോഴേക്കും കിടന്നുകൊടുക്കുന്ന സമീപനം ഷണ്ഡീകരണത്തിന്റെ ആപത്‌സൂചനകളാണ് നല്‍കുന്നത്. ശിരോവസ്ത്രം ഊരിയാല്‍, നിലവിളക്ക് കൊളുത്തിയാല്‍ ആകാശം ഇടിഞ്ഞുപോകുമോ എന്ന ചോദ്യം കേള്‍ക്കുമ്പോഴേക്ക് വിഷണ്ണരാകേണ്ടവരല്ല പുതിയ തലമുറ. അന്യന്റെ മുടിനാരിഴയുടെ അവകാശം പോലും കവരാതെ, മുടിനാരിഴ പോലും സ്വന്തം അവകാശത്തില്‍നിന്ന് വിട്ടുകൊടുക്കാതെ ഹിമവല്‍സമാനമായ രാഷ്ട്രീയ പ്രതിസന്ധിയിലും പിടിച്ചുനിന്നവരുടെ പിന്മുറക്കാര്‍ അള്‍ട്രാ സെക്യൂലറിസത്തിന്റെയും ലിബറലിസത്തിന്റെയും നവവേഷം ധരിച്ച് നില്‍ക്കുമ്പോഴാണ് നാം ഏറെ ഭയക്കുന്നത്'' ('മുസ്‌ലിം സ്വത്വത്തെ ഒറ്റുകൊടുക്കരുത്'-മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സുപ്രഭാതം, 29.7.15).
ചില സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുമുണ്ട്: ആരാണ് ഇത്തരക്കാര്‍ക്കു പിന്നില്‍? ആര്‍ക്കുവേണ്ടിയാണ് ഇവര്‍ ഒരേ സ്വഭാവത്തിലുള്ള പ്രചാരണങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്? ഏതൊരു പാര്‍ട്ടിയുടെയും നേതാക്കള്‍ ആ പാര്‍ട്ടിയുടെ അജണ്ടകളാണ് ഏറ്റെടുക്കുക. അതല്ല പക്ഷേ, ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഉദാഹരണമായി, മുസ്‌ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിനെതിരെയും തീവ്രവാദക്കേസുകളില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെ കുറിച്ചും മുസ്‌ലിംലീഗ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഈയിടെ കേരളത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ജവമുള്ള നിലപാടാണ് ലീഗ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കാനും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ മുന്‍കൈയെടുത്തു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടുകളാണ് കെ.എം ഷാജിയെ പോലുള്ളവര്‍ കൈക്കൊള്ളുന്നത്. മാതൃഭൂമി ലേഖനത്തിന്റെയും സ്വഭാവം അതുതന്നെ. അതുകൊണ്ടാണ് പ്രസ്തുത ലേഖനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഷാജിയെ വിമര്‍ശിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറായത്. 'ലീഗ് യോഗത്തില്‍ ഷാജിക്കെതിരെ വിമര്‍ശനം' എന്ന തലക്കെട്ടില്‍ സുപ്രഭാതം പത്രത്തില്‍ വന്ന വാര്‍ത്തയിലെ ഒരു ഭാഗം ഇങ്ങനെ: 'മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.എം ഷാജിക്കെതിരെ രൂക്ഷ വിമര്‍ശനം. ഐ.എസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനമാണ് വിമര്‍ശനവിധേയമായത്. ഷാജിയുടെ ലേഖനം പാര്‍ട്ടി അജണ്ടയെയും താല്‍പര്യത്തെയും ദുര്‍ബലപ്പെടുത്തിയെന്നും എല്ലാ മതസംഘടനകളെയും ഒരുമിച്ചുനിര്‍ത്താനുള്ള ശ്രമത്തിനെതിരെയാണ് ലേഖനമെന്നും യോഗത്തില്‍ വിമര്‍ശമുണ്ടായി. ഷാജിയുടെ ലേഖനം പാര്‍ട്ടിയുടെ നിലപാടല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു'' (സുപ്രഭാതം, 16.10.2016).
സംഘ്പരിവാറിന്റെയും സാമ്രാജ്യത്വ ശക്തികളുടെയും സയണിസ്റ്റുകളുടെയും ലക്ഷ്യം, ജമാഅത്തെ ഇസ്‌ലാമിയോ സയ്യിദ് മൗദൂദിയോ ഇവര്‍ വ്യവഹരിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമോ അല്ല. ഇസ്‌ലാമും മുസ്‌ലിംകളും തന്നെയാണ്. അവസാന ഫലത്തില്‍, സുന്നിയും ശീഇയും സലഫിയും സൂഫിയും ഇസ്‌ലാമിസ്റ്റുമൊക്കെ അവരുടെ വായിലകപ്പെടും. ഇസ്‌ലാമിനെ ലക്ഷ്യംവെക്കാന്‍ ശത്രുക്കള്‍ക്ക് പല പദ്ധതികളുമുണ്ട്. മുസ്‌ലിം സമൂഹത്തില്‍ ആശയപരമായി കരുത്തും സാമ്രാജ്യത്വത്തോട് എതിര്‍പ്പുമുള്ളവരെ ആദ്യം ടാര്‍ഗറ്റ് ചെയ്യുകയും മുസ്‌ലിം സമുദായത്തിലെ ചിലരെ ഉപയോഗിച്ചുതന്നെ അത്തരം മുന്നേറ്റങ്ങളെ തകര്‍ക്കുകയും ചെയ്യുക അതിലൊന്നാണ്. സാമ്രാജ്യത്വ-ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടവരുടെ വിശ്വാസ്യതയും ധാര്‍മികതയും തകര്‍ക്കാനുള്ള കോടാലിക്കൈകളായി അവര്‍ ഉപയോഗിക്കപ്പെടും. മുസ്‌ലിം സമൂഹത്തിനകത്തെ ആഭ്യന്തര ശൈഥില്യം മൂര്‍ഛിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പിലാക്കും. സമുദായ കൂട്ടായ്മകളെയും പാര്‍ട്ടികളെയും ശിഥിലമാക്കുക ഇത്തരക്കാരെ വിലക്കെടുത്തവരുടെ ദൗത്യമാണ്. പാര്‍ട്ടിനേതാവായി നിന്നുകൊണ്ടുതന്നെ പാര്‍ട്ടിവിരുദ്ധവും സംഘ് അനുകൂലവുമായ നിലപാടെടുക്കുന്നവര്‍ സംഘ്പരിവാറിന് പ്രിയപ്പെട്ടവരും അവരുടെ പാര്‍ട്ടി ഫാഷിസ്റ്റുകള്‍ക്ക് അനഭിമതരുമായിത്തീരും. കെ.എം ഷാജിയെ ശ്ലാഘിച്ച ജന്മഭൂമി ലേഖനം മുസ്‌ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശ്രദ്ധിക്കുക. 'തീവ്രവാദം വളര്‍ത്തുന്നതില്‍ ലീഗിനും പങ്ക്' എന്ന ജന്മഭൂമി ലേഖനത്തിലൂടെ മുസ്‌ലിംലീഗും സംഘ്പരിവാരിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് വ്യക്തമാകുന്നു. സംഘ്പ്രശംസക്ക് ഷാജി പാത്രീഭൂതനായ ജന്മഭൂമി ലേഖനത്തിലെ മറ്റൊരു ഉദ്ധരണി കൂടി: ''ചുരുക്കത്തില്‍ കേവലം ഒരു ഗ്രൂപ്പിലോ സംഘടനയിലൂടെയോ അല്ല തീവ്രവാദം വളരുന്നത്. ഷാജിയുടെ പാര്‍ട്ടി മുതല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത സംഘടനകളും ഗ്രൂപ്പുകളും അതിന്റെ വളര്‍ച്ചയില്‍ പങ്കാളികള്‍ ആണ്...... കൂട്ടത്തില്‍ ഒരു കാര്യം കൂടെ നാം ഓര്‍ക്കണം. തീവ്രവാദികളെ പിടിക്കുമ്പോള്‍ അവരെ രക്ഷിക്കാനും വെള്ളപൂശാനും ഇവിടെ ആളുകള്‍ ഉണ്ട്. അവരെ രക്ഷിച്ചെടുക്കാന്‍ അതിലേറെ ആളുകള്‍ ഉണ്ട്. അവര്‍ തന്നെയാണ്, തീവ്രവാദ ബന്ധം ഉള്ള ആളുകളുടെ ബന്ധുക്കളെക്കൊണ്ട് 'എന്റെ മകന്‍/മകള്‍ തീവ്രവാദി ആണെങ്കില്‍ എനിക്കവനെ/അവളെ കാണേണ്ട' എന്ന് പറയിക്കുന്നത്. അതുപോലെ, ഈയിടെ വന്ന വാര്‍ത്ത ഐ.എസ് ഗ്രൂപ്പില്‍ മുപ്പത് അംഗങ്ങളാണുള്ളത് എന്നാണ്. എന്നാല്‍ അങ്ങിനെ ഒരു ചെറു ഗ്രൂപ്പിന് കേരളത്തില്‍ സ്വതന്ത്രമായി വളരാന്‍ കഴിയില്ല. അതില്‍നിന്ന് മനസ്സിലാക്കേണ്ടത്, മുപ്പത് പേര്‍ക്ക് പിന്നില്‍ 300 അനുയായികള്‍ ഉണ്ട്, 3000 പേര്‍ ഗ്രൂപ്പില്‍ ചേരാന്‍ തയാര്‍ ആയി ഇരിക്കുന്നു, 30000 എന്ത് സഹായവും ചെയ്യാന്‍ തയാര്‍ ആണ്, മൂന്നു ലക്ഷം പേര്‍ ആശയപരമായി യോജിക്കുന്നു, പരോക്ഷ പിന്തുണ നല്‍കാന്‍ തയാര്‍ ആണ്, മുപ്പതു ലക്ഷം പേര്‍ ചോരപ്പുഴ ഒഴുകാത്ത ജിഹാദിന് അനുകൂലം ആണ്....'' ('തീവ്രവാദം വളര്‍ത്തുന്നതില്‍ ലീഗിനും പങ്ക്'- ഭാസ്‌കരന്‍ വേങ്ങര, ജന്മഭൂമി, 2016 ഒക്‌ടോബര്‍ 16).
മുസ്‌ലിം സമുദായത്തിന്റെയും ലീഗിന്റെയും ഒറ്റുകാരായി ചരിത്രം ഇത്തരക്കാരെ രേഖപ്പെടുത്തും. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കപ്പുറം ഇവര്‍ക്ക് സമുദായമോ പാര്‍ട്ടിയോ പ്രശ്‌നമല്ല. ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ട മോഡേണ്‍ എയ്ജ് സൊസൈറ്റിയെ പോലുള്ളവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത പാരമ്പര്യം ലീഗിനുണ്ട്. ആഗോള-ദേശീയ-
പ്രാദേശിക തലങ്ങളില്‍ ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ കൊടുമ്പിരികൊള്ളുന്ന വര്‍ത്തമാന സാഹചര്യത്തില്‍ മാതൃഭൂമി-സംഘ് പ്രഭൃതികളുമായി കൂട്ടുചേര്‍ന്ന്, ഫാഷിസ്റ്റ് പരിലാളനകളേറ്റുവാങ്ങി സമുദായത്തെ ഒറ്റികൊടുക്കുന്നവരെ നിലക്കുനിര്‍ത്തേണ്ടണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. തങ്ങളുടെ പാര്‍ട്ടിയുടെ മേല്‍വിലാസം ഉപയോഗിക്കുന്ന ഇത്തരക്കാരെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടത് മുസ്‌ലിം ലീഗ് തന്നെയാണ്. കാരണം, ഇവര്‍ റദ്ദ് ചെയ്യുന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെയാണ്.
Comments