പണ്ഡിതന്മാരുടെ ദൗത്യം
തങ്ങള്‍ക്ക് ലഭിച്ച ദൈവാനുഗ്രഹം പരിഗണിച്ചാണ് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തം വന്നുചേരുക. അധികാരസ്ഥാനത്തുള്ള ഒരാളുടെ ഉത്തരവാദിത്തം അതില്ലാത്തവന്റേതിനേക്കാള്‍ വലുതായിരിക്കും. ഭരണം നിയന്ത്രിക്കുന്ന ഒരാളുടെ ഉത്തരവാദിത്തം ഭരണ സ്വാധീനം ഇല്ലാത്തവന്റേതിനേക്കാള്‍ കൂടുതലായിരിക്കും. ദരിദ്രനുമായി തട്ടിച്ചുനോക്കുമ്പോള്‍ ധനികന്റെ ബാധ്യത കൂടുതലായിരിക്കും. പണ്ഡിതനും പാമരനും തമ്മിലും അങ്ങനെത്തന്നെ. പണ്ഡിതന്റെ മേല്‍ വന്നുചേരുന്ന ബാധ്യത മറ്റുള്ളവരേക്കാള്‍ വലുതും ഭാരിച്ചതുമത്രേ.
സമൂഹത്തിന്റെ മുമ്പില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കുകയും യഥാര്‍ഥ സ്രോതസ്സില്‍നിന്ന് ദീന്‍ ജനതയെ പഠിപ്പിക്കുകയും ചെയ്യേണ്ടത് പണ്ഡിതന്മാരാണല്ലോ. അല്ലാഹു അവതരിപ്പിച്ച അതേ ഭാവത്തിലും പ്രവാചകന്‍(സ) പ്രബോധനം ചെയ്ത രൂപത്തിലും അവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തണം. അതായത് കലര്‍പ്പില്‍നിന്നും കൈകടത്തലില്‍നിന്നും കൂട്ടിച്ചേര്‍ക്കലില്‍നിന്നും മുക്തമായ തനത് ദീന്‍ അവര്‍ ജനങ്ങളെ പഠിപ്പിക്കണം. ഇതു വളരെ ദുഷ്‌കരമായ ഒരു ഉത്തരവാദിത്തമാണ്. കാരണം ഇന്ന് ഇസ്‌ലാമായി മനസ്സിലാക്കപ്പെടുന്ന പലതും അതില്‍ നേരത്തേ ഇല്ലാത്തതും പിന്നീട് കടന്നുകൂടിയതുമാണല്ലോ. മുന്‍കാലങ്ങളില്‍ ഇസ്‌ലാമില്‍ അതിലില്ലാത്തത് കൂട്ടിച്ചേര്‍ക്കാനാണ് ശ്രമം നടന്നിരുന്നെതങ്കില്‍, നമ്മുടെ കാലത്ത് അതില്‍നിന്ന് പലതും വെട്ടിമാറ്റാനാണ് ശ്രമം നടക്കുന്നത് എന്ന വ്യത്യാസം മാത്രം.
ഇന്ന് രാഷ്ട്രീയമില്ലാത്ത കേവല മതമാണ് പലരും ആഗ്രഹിക്കുന്നത്. ശരീഅത്ത് ഇല്ലാത്ത വിശ്വാസവും ജിഹാദില്ലാത്ത സല്‍സ്വഭാവവും അവര്‍ സ്വപ്നം കാണുന്നു. ആരാധനകളാവട്ടെ നിയമങ്ങളും നിബന്ധനകളുമില്ലാതെ നടത്താനാണ് ആളുകള്‍ക്ക് ഔത്സുക്യം. ഇത് ദീന്‍ അല്ല. എല്ലാം കൂടിയതാണ് ദീന്‍ അഥവാ ഇസ്‌ലാം. വിശ്വാസവും ആരാധനകളും സ്വഭാവ പെരുമാറ്റങ്ങളും ശരീഅത്ത് വിധികളും സാമൂഹിക മര്യാദകളും എല്ലാം ചേര്‍ന്നുള്ള വ്യവസ്ഥ. സമ്പൂര്‍ണ ഇസ്‌ലാമിനെ സ്വായത്തമാക്കാനും അത് തെരഞ്ഞെടുക്കാനും അംഗീകരിക്കാനുമുള്ള സന്ദേശമാണ് ജനതക്ക് നല്‍കേണ്ടത് എന്നര്‍ഥം.
തങ്ങളുടെ ഉത്തരവാദിത്തനിര്‍വഹണത്തില്‍ ചിലര്‍ക്കെങ്കിലും കാര്യമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ദൈവാനുഗ്രഹം കൊണ്ട് ഉമ്മത്ത് ഒന്നാകെ വഴികേടില്‍ അകപ്പെടുകയോ ദുര്‍നടപ്പില്‍ ഐക്യപ്പെടുകയോ ഇല്ല. സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കാന്‍ സദാ ജാഗരൂകരായ പണ്ഡിത വൃന്ദമുണ്ടെന്നതാണ് ഒരു കാരണം. ജനങ്ങള്‍ക്കവര്‍ ജ്ഞാനവെളിച്ചം പകര്‍ന്നുനല്‍കുന്നു. പ്രവാചകനെ അനുധാവനം ചെയ്യാന്‍ സമുദായത്തെ ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഏതൊരു ഇസ്‌ലാമിക പണ്ഡിതന്റെയും ഏറ്റവും വലിയ ദൗത്യം പ്രബോധന പ്രവര്‍ത്തനമാണെന്ന് ഞാന്‍ തീര്‍ത്തു പറയുന്നു. കാരണം, ഖുര്‍ആന്‍ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. ദീനിന്റെ സത്ത വളരെ സുതാര്യമായി, തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ, വിശ്വാസ്യതയോടെ ജനമനസ്സുകളിലും മസ്തിഷ്‌കങ്ങളിലും എത്തിക്കേണ്ടതുണ്ട്. ''ഒരു ദൈവദൂതനെയും തന്റെ ജനതക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിനു വേണ്ടി, അവരുടെ ഭാഷയില്‍ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല'' (ഖുര്‍ആന്‍ 14:4). ഞാന്‍ ഈ സൂക്തത്തിന്റെ വ്യാഖ്യാനം ഇങ്ങനെ നല്‍കട്ടെ. ഒരു പണ്ഡിതന്‍ ഇംഗ്ലീഷുകാരോട് ഇംഗ്ലീഷ് ഭാഷയില്‍ സംസാരിച്ചതുകൊണ്ടോ ഇറ്റലിക്കാരോട് ഇറ്റാലിയന്‍ ഭാഷയില്‍ സംവദിച്ചതുകൊണ്ടോ ആയില്ല. മറിച്ച്, ഓരോ വിഭാഗത്തോടും അവരവരുടെ പ്രത്യേക ശൈലിയിലും പൊതുജനങ്ങളോട് പൊതുഭാഷയിലും നഗരവാസികളോട് അവരുടെ രീതിയിലും ഗ്രാമീണരോട് അവരുടെ ശൈലിയിലുമാണ് പണ്ഡിതന്മാര്‍ പ്രബോധനം നടത്തേണ്ടത്. എല്ലാ വിഭാഗത്തിനും അവരുടേതായ ഭാഷയും ശൈലിയും ഉണ്ട്.
15-ാം നൂറ്റാണ്ടിലെയും 21-ാം നൂറ്റാണ്ടിലെയും ജനങ്ങളുടെ ഭാഷയും ശൈലിയും തമ്മില്‍ വലിയ വ്യത്യാസം കാണും. നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു എന്നതുതന്നെ കാരണം. എന്തായാലും പണ്ഡിതന്മാര്‍ അതത് കാലത്തെ ജനതയുടെ ഭാഷയും ശൈലിയും തിരിച്ചറിഞ്ഞുതന്നെയാവണം സംവദിക്കേണ്ടത്. കൃത്യവും വ്യക്തവുമായിരിക്കണം അവരുടെ പ്രബോധനം. ഇക്കാര്യത്തില്‍ മുസ്‌ലിംകളെ ഒരുമിപ്പിക്കാനും കഴിയണം. അവരെ ഭിന്നിപ്പിക്കുന്ന ഒരു നീക്കവും ഉണ്ടാവരുത്. നിര്‍മാണാത്മകവും രചനാത്മകവുമായി പ്രവര്‍ത്തിക്കണം. വിഘടനപരമോ വിനാശകരമോ ആയിരിക്കരുത് ഒരു പ്രവര്‍ത്തനവും. അല്ലാഹു ഇറക്കിയതെന്തോ അതൊരിക്കലും മറച്ചുവെക്കരുത്. ഒരു പണ്ഡിതനും ജനതയുടെ മുമ്പില്‍ സത്യം മൂടിവെക്കരുത്. പണക്കാരനാവട്ടെ പാവപ്പെട്ടവനാവട്ടെ, ബലവാനാകട്ടെ ബലഹീനനാകട്ടെ, ഭരണാധികാരിയാവട്ടെ ഭരണീയരാവട്ടെ, എല്ലാവര്‍ക്കും ഇസ്‌ലാമിക തത്ത്വങ്ങള്‍ ഏറ്റക്കുറച്ചിലില്ലാതെ എത്തിക്കണം. അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ: ''അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുകയും അവനെത്തന്നെ ഭയപ്പെടുകയും ഏക ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവരോടുള്ള ദൈവത്തിന്റെ നടപടിയാണിത്. വിചാരണക്കായി അല്ലാഹു തന്നെ എത്രയും മതി'' (ഖുര്‍ആന്‍ 33:39).
ഒരു പ്രബോധകന് ആധുനിക വിജ്ഞാനീയങ്ങളെക്കുറിച്ച് നല്ല ധാരണ വേണം. പ്രബോധകന്റെ വിജയം അവന്‍ ആര്‍ജിച്ച വിജ്ഞാന വൈവിധ്യത്തെ കൂടി ആശ്രയിച്ചുനില്‍ക്കുന്നു. മതം, സാഹിത്യം, ഭാഷാജ്ഞാനം, ശാസ്ത്രം, മനശ്ശാസ്ത്രം, ചരിത്രം തുടങ്ങി എല്ലാ മേഖലകളിലും അറിവ് വേണം. ആനുകാലിക സംഭവ വികാസങ്ങളെ വിലയിരുത്താന്‍ കഴിയണം. മുസ്‌ലിംകളുടെ സ്ഥിതിഗതികളെക്കുറിച്ച തികഞ്ഞ ബോധവും ശത്രുവിന്റെ നിലവിലെ നീക്കത്തെക്കുറിച്ച അവബോധവും പണ്ഡിതന്മാര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഈ വിഷയങ്ങളിലെല്ലാം ഒരു ഗ്രന്ഥമെങ്കിലും ഒരാള്‍ വായിച്ചിരിക്കണം. അല്‍ ഇജ്തിഹാദു ഫിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ എന്ന കൃതി പ്രബോധകര്‍ക്ക് വായിക്കാനായി ഞാന്‍ റഫര്‍ ചെയ്യുന്നു. അത് പ്രബോധകനില്‍ ഇജ്തിഹാദീ മനസ്സ് വളര്‍ത്തും. മനുഷ്യനെക്കുറിച്ച ജ്ഞാനവും ശാസ്ത്രാവബോധവും വളര്‍ത്താന്‍ ഈ കൃതി ഉപകാരപ്പെടും.
കലാ കായിക മേഖലകളിലും ഒരു പ്രബോധകന്‍ അജ്ഞനായിക്കൂടാ. മതവിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ നല്ല കാഴ്ചപ്പാടുണ്ടാകാനും പ്രബോധനം നടത്തുമ്പോള്‍ തെളിവുകള്‍ നിരത്താനും ഇതൊക്കെ ഉപകരിക്കും. ഒരു വിധി പ്രസ്താവിക്കുമ്പോള്‍ ചുറ്റുവട്ടത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ജീവിതത്തിന്റെ വിജയ പരാജയങ്ങളും നേട്ടകോട്ടങ്ങളും അതിന്റെ കാരണങ്ങളും വിലയിരുത്താനാവാത്തവന് ഫത്‌വ നല്‍കാനാവില്ല.
പണ്ഡിതന്‍ തുറന്ന കണ്ണോടെ കാര്യങ്ങള്‍ നിരീക്ഷിക്കണം. വിജ്ഞാനം എന്നത് ഒറ്റയൊന്നല്ല, വ്യത്യസ്ത ശാഖകളും ശാഖോപശാഖകളും ചേര്‍ന്നതാണ്.ഓരോ വിജ്ഞാനശാഖക്കും അതിനെ കേന്ദ്രീകരിച്ച് സവിശേഷ പാഠങ്ങളും പഠനങ്ങളും വേറെത്തന്നെയുണ്ടാവും. ചിലര്‍ ഫിഖ്ഹിന്റെയും ശരീഅത്തിന്റെയും പണ്ഡിതരാവാം. ചിലര്‍ തഫ്‌സീര്‍, ഹദീസ് എന്നിവയില്‍ അവഗാഹമുള്ളവരാകാം. ഓരോരുത്തരും തങ്ങളുടെ മേഖലയില്‍ സൂക്ഷ്മമായ അറിവ് നേടേണ്ടതാണ്. സാധാരണ തര്‍ക്ക വിഷയങ്ങളിലാവാം ചിലരുടെ ചാതുരി. അതുതന്നെ വലിയ 'ആലിം' ആകാനുള്ള യോഗ്യതയായി എന്ന വിശ്വാസവുമുണ്ടവര്‍ക്ക്.
വൈജ്ഞാനിക കഴിവ്, കര്‍മശാസ്ത്ര കാഴ്ചപ്പാട് എന്നെല്ലാം പറയുമ്പോള്‍ പണ്ഡിതന്മാര്‍ക്ക് തെറ്റു പറ്റില്ല എന്ന് അര്‍ഥമാക്കാവതല്ല. അവരും മനുഷ്യരാണ്. ആര്‍ക്കുമില്ല അപ്രമാദിത്തം. ചില തെറ്റുകള്‍ മനുഷ്യനെന്ന നിലക്ക് പൊറുക്കാവുന്നതാവും. വലിയ വലിയ വീഴ്ചകള്‍ പണ്ഡിതന്മാരില്‍നിന്ന് സംഭവിച്ചുകൂടാ. പണ്ഡിതന്മാര്‍ തെറ്റിന്റെ സഹയാത്രികരാവരുത്.
നബിചര്യക്കും സ്വഹാബത്തിന്റെ കര്‍മമാതൃകക്കും എതിരായിപ്പോകരുത് പണ്ഡിതന്മാരുടെ നിലപാടുകള്‍. 'പണ്ഡിതന്റെ പാപം ലോകത്തിന്റെ ശാപം' എന്നൊരു ചൊല്ലുണ്ട്. പണ്ഡിതന്‍ എല്ലായ്‌പ്പോഴും അല്ലാഹുവിന്റെ സന്നിധിയില്‍ അഭയം പ്രാപിക്കണം. പൈശാചിക വൃത്തിയില്‍പെട്ടുപോകാതെ സൂക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. പ്രവൃത്തിപഥത്തിലും സൂക്ഷ്മത വേണം. പ്രകടനപരത പാടേ ഒഴിവാക്കണം.
ആധുനിക വിദ്യാഭ്യാസത്തോടൊപ്പം പണ്ഡിതന്മാര്‍ക്ക് ലോകവീക്ഷണവും വിശാല ചിന്തയും അവശ്യം ആവശ്യമാണ്. ആധുനികതയോട് പോരാടുന്ന പോരാളി നവംനവങ്ങളായ രീതികളും ശൈലികളും അറിഞ്ഞിരിക്കണം. സമുദായത്തിനകത്ത് ഗവേഷണ ചിന്തയുള്ള പണ്ഡിതര്‍ വളരണം. ചിലര്‍ ഇസ്‌ലാമിക പരിചിന്തനകള്‍ക്കുള്ള മരുന്ന് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയും അതുകൊണ്ട് ചികിത്സിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.
നവംനവങ്ങളായ സമസ്യകളുടെ കുരുക്കഴിക്കാന്‍ കഴിവുള്ള പണ്ഡിതന്മാര്‍ ഉണ്ടാവണമെന്ന് പറഞ്ഞല്ലോ. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണവും ശര്‍ഇന്റെ ലക്ഷ്യവും സമന്വയിപ്പിച്ചുകൊണ്ട് വേണം ഗവേഷണം നടത്താന്‍. ചില പണ്ഡിതന്മാര്‍ അടിസ്ഥാനങ്ങളെ ഭാഗികമായി സ്വീകരിച്ച് വിഷയങ്ങളെ വിലയിരുത്തുന്നു. ശരീഅത്തിന്റെ ലക്ഷ്യം അവര്‍ വിസ്മരിക്കുന്നു. ചിലരാകട്ടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പൗരാണിക വീക്ഷണങ്ങളില്‍നിന്ന് നിര്‍ധാരണം ചെയ്യുന്നു. ആധുനിക മനുഷ്യന്റെ ദാഹം തീര്‍ക്കാന്‍ അത് മതിയാകില്ല. യോഗ്യതയും കഴിവും ഉള്ളതോടൊപ്പം അല്ലാഹുവിലുള്ള ഉറച്ച വിശ്വാസവും ഈമാനിക ചോദനയും അതോടൊപ്പം പ്രവര്‍ത്തിക്കണം. മറ്റൊരാളുടെ യോഗ്യതയും അറിവും വെച്ചല്ല, തന്റെ കഴിവും കാര്യബോധവും വെച്ച് തനിക്ക് ബോധ്യപ്പെട്ടത് തുറന്നു സമര്‍പ്പിക്കുകയാണ് വേണ്ടത്.
പണ്ഡിതന്മാരുടെ രാഷ്ട്രീയ നിലപാട്
ഇന്ന് ഭരണാധികാരിയുടെ അവഗണനക്ക് പാത്രമാവുകയാണ് പണ്ഡിതന്‍. ഒരുകാലത്ത് ഭരണാധികാരികള്‍ തന്നെ പണ്ഡിതന്മാരായിരുന്നു. സച്ചരിതരായ ഖലീഫമാര്‍ പണ്ഡിതന്മാര്‍ കൂടിയായിരുന്നല്ലോ. പിന്നീട് വന്ന ഭരണാധികാരികള്‍ സ്വന്തം നിലക്ക് പണ്ഡിതരല്ലെങ്കിലും അവര്‍ പണ്ഡിതന്മാരുടെ സാമീപ്യവും സേവനവും സദാ തേടിക്കൊണ്ടിരുന്നു. പരസ്പരം സമീപസ്ഥരുമായിരുന്നു. അവരുടെ ഉപദേശവും നിര്‍ദേശവും ഭരണാധികാരി ചെവിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ പണ്ഡിതന്‍ ഭരണാധികാരിയില്‍നിന്നും ഭരണാധികാരി പണ്ഡിതനില്‍നിന്നും അകന്നു. ഇപ്പോഴാകട്ടെ, പണ്ഡിതന്മാരെ ഭരണാധികാരികള്‍ ശത്രുക്കളായി കാണാനും തുടങ്ങിയിരിക്കുന്നു.
പണ്ഡിതന്മാരെ ജയിലിലടക്കുന്ന ഭരണാധികാരികളുണ്ട് നമ്മുടെ കാലത്ത്. മിക്ക ഭരണകൂടങ്ങളും ഈ ചീത്ത മാതൃക പിന്‍പറ്റിക്കൊണ്ടിരിക്കുന്നു. പ്രബോധകരും പ്രജാപതികളും തമ്മിലുള്ള വടംവലി സര്‍വത്ര. ശരീഅത്ത് നടപ്പാക്കണമെന്ന് പറഞ്ഞതാണ് പണ്ഡിതന്മാരുടെ മേല്‍ ഭരണകൂടങ്ങള്‍ ചാര്‍ത്തുന്ന കുറ്റം! അധികാരികളുടെ കണ്ണില്‍ ഈ പണ്ഡിതന്മാര്‍ നിയമത്തിനെയും ഭരണഘടനയെയും ചോദ്യം ചെയ്യുന്നവര്‍. പല പണ്ഡിതന്മാരെയും ജയിലിലടച്ചു. ചിലരെ തൂക്കിലേറ്റി. ഈജിപ്തില്‍ ഇമാം ഹസനുല്‍ ബന്നാ രക്തസാക്ഷിയായി. അബ്ദുല്‍ ഖാദിര്‍ ഔദ, ശൈഖ് മുഹമ്മദ് ഫര്‍ഗലി തുടങ്ങിയ പണ്ഡിത പ്രമുഖരെയും വധിച്ചു.
ഗുണകാംക്ഷയോടെ ഭരണകൂടത്തോട് സംവദിക്കാനുള്ള ബാധ്യത മതപണ്ഡിതന്മാര്‍ക്കുണ്ടെന്ന കാര്യം പ്രത്യേകം എടുത്തുപറയട്ടെ. ദൈവത്തെയും ധര്‍മത്തെയും മുന്‍നിര്‍ത്തി അവരോട് വര്‍ത്തമാനത്തിലേര്‍പ്പെടണം. 'ഏതൊരാള്‍ നന്മ ഉപദേശിക്കുന്നുവോ അയാള്‍ ഏറ്റവും നല്ല രീതിയിലും ശൈലിയിലും അത് നിര്‍വഹിക്കണം' എന്നു പറയാറുണ്ട്. ഗുണകാംക്ഷാനിര്‍ഭരവും യുക്തിഭദ്രവും ബുദ്ധിപരവുമായിരിക്കണം അത്തരം സന്ദര്‍ഭങ്ങളിലെ സംവാദം. ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഒരു പ്രബോധകനായ പണ്ഡിതന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണകൂടത്തെ തിരുത്താനും കാര്യങ്ങള്‍ തെര്യപ്പെടുത്താനും വ്യത്യസ്ത മാര്‍ഗങ്ങള്‍ ഇന്നുണ്ടല്ലോ. ടി.വി പ്രോഗ്രാം വഴിയോ നേരിട്ടുള്ള സംവാദത്തിലൂടെയോ സര്‍ക്കാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. ഭരണ നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവര്‍ക്ക് അവരെ നന്മയിലേക്ക് നയിക്കാന്‍ കഴിയണം. ഇന്ന പദ്ധതി ധാര്‍മികമായും സാമൂഹികമായും നല്ലതല്ല, അത് ഇന്നയിന്ന രൂപത്തിലേക്ക് മാറ്റിയാല്‍ സര്‍ക്കാറിന്റെ മാന്യതക്കും അഭിമാനത്തിനും ഒരു കമ്മിയും വരില്ല എന്നൊക്കെ ബോധ്യപ്പെടുത്താമല്ലോ. രഹസ്യ സ്വഭാവത്തിലും മാന്യമായും കാര്യങ്ങള്‍ അവതരിപ്പിക്കാനാവുമെങ്കില്‍, തങ്ങള്‍ ഇകഴ്ത്തപ്പെട്ടു എന്ന് അധികാരികള്‍ക്ക് തോന്നുകയുമില്ല.
പഴയ പണ്ഡിതന്മാരെ അപേക്ഷിച്ച് ഇന്നത്തെ ആളുകള്‍ക്ക് സമര്‍പ്പണ മനസ്സ് കുറവാണ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അതിന്റെ കാരണങ്ങള്‍ പലതാവാം. മുന്‍കാലങ്ങളില്‍ സാമാന്യ ജനത്തെ ബോധവത്കരിക്കേണ്ട ചുമതല പണ്ഡിതന്മാര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് വ്യത്യസ്ത യൂനിവേഴ്‌സിറ്റികളും പഠനകേന്ദ്രങ്ങളും ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നുണ്ടല്ലോ. ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വലിയ സേവനങ്ങളാണ് നിര്‍വഹിക്കുന്നത്. അന്നൊക്കെ പണ്ഡിതന്മാര്‍ സ്വയം തൊഴിലെടുത്താണ് ജീവിതവൃത്തി കണ്ടെത്തിയിരുന്നത്. ഇന്നാകട്ടെ അവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന സര്‍ക്കാറിന്റെ ജീവനക്കാരാണ്. അതുകൊണ്ടുതന്നെ അവര്‍ സ്വതന്ത്രരുമല്ല.
ഹസന്‍ ബസ്വരി, ബനൂ ഉമയ്യ ഭരണത്തിന് കീഴിലെ ജോലിക്കാരെ ശക്തമായി നിരൂപണം നടത്തിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ അന്ന് ആളുകളോട് ചോദിച്ചിരുന്നുവത്രെ: 'ഏത് ശക്തിയുടെ പിന്‍ബലം കാരണമാണ് ഇയാള്‍ ഈ തന്റേടം കാണിക്കുന്നത്?' 'ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മതോപദേശങ്ങള്‍ ആവശ്യമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അവരുടെ ഭൗതിക വിഭവങ്ങള്‍ ഒട്ടും ആവശ്യമില്ലതാനും'-ഇതായിരുന്നു അതിന് കിട്ടിയ മറുപടി. വിചിത്രമെന്ന് പറയട്ടെ, ഇന്ന് പണ്ഡിതന്മാര്‍ക്ക് സര്‍ക്കാരിന്റെ സേവ വേണം. അതേസമയം സര്‍ക്കാറുകള്‍ക്ക് ഈ പണ്ഡിതന്മാരുടെ അറിവിനെ ആശ്രയിക്കേണ്ടതില്ല താനും! നമ്മളാഗ്രഹിക്കുന്നതാവട്ടെ, ഭരണകൂടത്തിന്റെ സേവ പറ്റാത്ത പണ്ഡിതന്മാരെയും, പണ്ഡിതന്മാരുടെ ധര്‍മോപദേശത്തിന് ചെവിയോര്‍ക്കുന്ന ജനത്തെയുമാണ്
പണ്ഡിതന്മാരും സമൂഹവും
സന്തോഷകരമെന്നു പറയട്ടെ, ഇന്നും പണ്ഡിതന്മാര്‍ക്കും സമുദായത്തിനുമിടക്ക് പൊതുവെ സ്‌നേഹബന്ധങ്ങളാണ് നിലനില്‍ക്കുന്നത്. അവര്‍ക്കിടയില്‍ കടുത്ത വെറുപ്പോ അങ്ങേയറ്റത്തെ അകല്‍ച്ചയോ ഇല്ല. സമുദായം പണ്ഡിതന്മാരെ ശ്രദ്ധിക്കുകയും അവരുടെ വാക്കിന് വില കല്‍പിക്കുകയും അവരുടെ പ്രസ്താവനക്ക് കാതോര്‍ക്കുകയും ചെയ്യുന്നു. എല്ലാ രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇനി എവിടെയെങ്കിലും ജനങ്ങള്‍ക്ക് പണ്ഡിതന്മാരുമായി അകല്‍ച്ചയുണ്ടെങ്കില്‍ അതിന് അതിന്റേതായ കാരണങ്ങളുണ്ടാവാം. മതത്തെ ഭൗതിക കാര്യങ്ങള്‍ക്കായി വില്‍പന നടത്തുന്ന പണ്ഡിതന്മാരില്‍നിന്നായിരിക്കും ജനങ്ങള്‍ അകന്നിട്ടുണ്ടാവുക. എന്നാല്‍ ഏതൊരു മതപണ്ഡിതനെ ആളുകള്‍ അവലംബിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ അദ്ദേഹത്തിന് ആദരവും സ്‌നേഹവുമാണ് സമൂഹത്തില്‍നിന്ന് ലഭിക്കുന്നത്.
ദൈവാനുഗ്രഹത്താല്‍ ലോകത്തെങ്ങും സത്യത്തിന്റെ സാക്ഷികളും സംരക്ഷകരുമായി നമ്മുടെ മതപണ്ഡിതന്മാര്‍ നിലകൊള്ളുന്നു. തങ്ങളുടെ അറിവും കഴിവും ദൈവപ്രീതിക്കായി സമര്‍പ്പിച്ചവരാണ് യഥാര്‍ഥ പണ്ഡിതന്മാര്‍. ദൈവിക സന്ദേശം സമസൃഷ്ടികളിലെത്തിക്കുക എന്ന ദൗത്യമാണ് അവരേറ്റെടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ അവര്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടുന്നില്ല. മുസ്‌ലിം പണ്ഡിതന്മാരുടെ അന്താരാഷ്ട്ര ഐക്യവേദിയുടെ പ്രഖ്യാപിത മുദ്രാവാക്യം തന്നെ ഇതത്രെ: ''അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുകൊടുക്കുകയും അവനെ പേടിക്കുകയും അല്ലാഹു അല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്യുന്നവര്‍'' (ഖുര്‍ആന്‍ 33:39).
സ്വാഭാവികമായും ദൗത്യനിര്‍വഹണത്തിനു മുമ്പില്‍ പര്‍വതസമാനമായ തടസ്സങ്ങളുണ്ടാവും. പീഡിപ്പിക്കപ്പെടുകയും വീട്ടുതടങ്കലിലാക്കപ്പെടുകയും കല്‍തുറുങ്കിലകപ്പെടുകയും ചെയ്യും. മുന്‍കാല പണ്ഡിതന്മാരും നാല് മദ്ഹബിന്റെ ഇമാമുമാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇമാം അബൂഹനീഫയാണ് അതിന്റെ ആദ്യ ഇര. സര്‍ക്കാറിന്റെ കീഴില്‍ ന്യായാധിപ സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ അദ്ദേഹം തുറുങ്കിലടക്കപ്പെട്ടു. ഇമാം മാലികിനോട് അതിക്രമം കാണിച്ചിട്ടുണ്ട്. ഇമാം ശാഫിഈയും അഹ്മദു ബ്‌നു ഹമ്പലും ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പോലും അസഹിഷ്ണുക്കളായ ഭരണവര്‍ഗത്തെ വിറളിപിടിപ്പിച്ചിരുന്നു. അവര്‍ അവരുടെ ഭരണദണ്ഡ് കൊണ്ട് ആ പണ്ഡിതന്മാരെ ആഞ്ഞടിച്ചതും ഇരുട്ടറകളിലടച്ചതും ചരിത്രം. തുടര്‍ന്ന് വന്ന കാലത്തും ചരിത്രം അതേപടി ആവര്‍ത്തിച്ചിട്ടുണ്ട്. പീഡനവും മര്‍ദനവും കൊണ്ട് അക്രമി ഭരണകൂടം ബുദ്ധിമുട്ടിച്ച നേതാക്കളാണ് ഇസ്സുബ്‌നു അബ്ദിസ്സലാം, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് മഹ്ദി സുദാനി, അമീര്‍ അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവരെല്ലാം.
ആധുനിക നൂറ്റാണ്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നയിച്ച പണ്ഡിതന്മാരും ഭരണകൂട ഭീകരതയെ നേരിട്ടിട്ടുണ്ട്. ഈജിപ്തില്‍ ഹസനുല്‍ ബന്നാ ശഹീദും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും സര്‍വ പ്രതിബന്ധങ്ങളെയും ചെറുത്തുനിന്നുകൊണ്ടാണ് തങ്ങളുടെ പ്രസ്ഥാനങ്ങളെ കൊടുങ്കാറ്റിലുലയാതെ ലക്ഷ്യത്തിലേക്ക് നയിച്ചത്. ഈജിപ്തിന് നേരെ ഫ്രാന്‍സ് കടന്നുകയറ്റം നടത്താനൊരുങ്ങിയപ്പോള്‍ അസ്ഹര്‍ പണ്ഡിതന്മാര്‍ പൊതുജനങ്ങളെ ഒപ്പം കൂട്ടി പ്രക്ഷോഭത്തിനിറങ്ങുകയുണ്ടായി. ഫ്രഞ്ച് പട അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ബോംബ് വര്‍ഷം വരെ നടത്തുകയുണ്ടായി. ഫത്ഹി ബര്‍ണാള്‍ഡ് ലൂയിസ് തന്റെ മശ്‌രിഖും മഗ്‌രിബും എന്ന കൃതിയില്‍, ഇസ്‌ലാമിന്റെ സ്വാതന്ത്ര്യപോരാട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം അടിവരയിടുന്ന ഒരു കാര്യം, ഈ വിപ്ലവമുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മതപണ്ഡിതന്മാരും നേതാക്കളും ആയിരുന്നു എന്നാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ സെക്യുലരിസ്റ്റുകള്‍ രംഗം കൈയടക്കി. അതേ, 'കൃഷിയിറക്കാന്‍ ഇസ്‌ലാമിസ്റ്റുകളും പാടം കൊയ്യാന്‍ സെക്യുലരിസ്റ്റുകളും' എന്ന അവസ്ഥ.
ഉമ്മത്തിന്റെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് പണ്ഡിതന്മാര്‍ മുഖം തിരിക്കരുത്. ദുര്‍വഹമായ കാര്യങ്ങളിലടക്കം ഇടപെടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യണം. യുദ്ധക്കളത്തിലെ സേനാനായകരായി നിലകൊള്ളണം. ഒരു നൂറ്റാണ്ടിലേറെ കടന്നുകയറ്റം നടത്തിയ ഫ്രാന്‍സിന്റെ കോളനി വാഴ്ചയെ നേരിടാന്‍ അള്‍ജീരിയയെ തട്ടിയുണര്‍ത്തി നേതൃത്വം നല്‍കിയത് പണ്ഡിത പ്രബോധകനായ അമീര്‍ അബ്ദുല്‍ ഖാദിര്‍ ആയിരുന്നല്ലോ.
അരനൂറ്റാണ്ടിലേറെ ഫലസ്ത്വീന്‍ വിപ്ലവം നയിച്ചത് അവിടത്തെ മുഫ്തിയായ അല്‍ഹാജ് അമീന്‍ അല്‍ ഹുസൈനിയായിരുന്നു. ശൈഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം സിറിയയിലെ വലിയ മതപണ്ഡിതനായിരുന്നല്ലോ. ഫലസ്ത്വീന്‍ ജിഹാദ് നയിച്ചുകൊണ്ട് അതിന്റെ ഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാമിനെ പോലുള്ള പണ്ഡിതന്മാരെയാണ് സമൂഹത്തിനാവശ്യം. ധീര പോരാളികളുടെ ഗണത്തില്‍ അദ്ദേഹം എന്നും സ്മരിക്കപ്പെടും. കേവലം മസ്അലകളുടെ നൂലാമാലകളില്‍ കുരുങ്ങിക്കഴിയുകയല്ല, പ്രത്യുത സമുദായത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ഇസ്‌ലാമിക പ്രയാണത്തെ മുന്നോട്ടു നയിക്കുകയായിരുന്നു അവരെ പോലുള്ളവര്‍ എന്നര്‍ഥം. കാലഘട്ടത്തിന്റെ പണ്ഡിതന്മാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചെങ്കില്‍!!
വിവ: സഈദ് മുത്തനൂര്‍
Comments