Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

ബികിനി ധരിക്കുന്നവര്‍ ബുര്‍കിനിയെ പേടിക്കുന്നതെന്തിന്?

ബഷീര്‍ തൃപ്പനച്ചി

'ജനങ്ങള്‍ അവര്‍ക്ക് അറിയാത്തതിന്റെ ശത്രുക്കളാകുന്നു'- അറബ് പഴമൊഴി

ലിബറല്‍ ജനാധിപത്യത്തിന്റെ സ്വപ്‌നഭൂമിയാണ് ഫ്രാന്‍സ്. വ്യക്തിസ്വാതന്ത്ര്യത്തിന് ഏറ്റവും മൂല്യം കല്‍പിക്കുന്ന രാഷ്ട്രം. വ്യക്തിയുടെ ഇഷ്ടങ്ങളിലും അഭിരുചികളിലും രാഷ്ട്രം ഇടപെടുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നതിനാല്‍ സ്വവര്‍ഗ വിവാഹം പോലും അനുവദനീയമാണവിടെ. അത്തരമൊരു ലിബറല്‍ സ്വര്‍ഗഭൂമിയിലാണ് മുസ്‌ലിം പെണ്ണ് അവളുടെ അഭിരുചിയനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുഖം മാത്രം പുറത്ത് കാണാവുന്ന വിധത്തില്‍ പോളിസ്റ്ററില്‍ നിര്‍മിച്ച ത്രീ പീസ് നീന്തല്‍ വസ്ത്രമായ ബുര്‍കിനിയാണ് ഫ്രാന്‍സിലെ ചില നഗരഭരണകൂടങ്ങള്‍ നിരോധിച്ചത്. കോടതി ഇടപെട്ട് വിലക്ക് താല്‍ക്കാലികമായി നീക്കിയെങ്കിലും നിരോധം എങ്ങനെ വീണ്ടും തുടരാമെന്ന് തന്നെയാണ് ഫ്രാന്‍സിലെ രാഷ്ട്രീയ പ്രമുഖരില്‍ ഭൂരിപക്ഷവും ആലോചിക്കുന്നത്. 2004 മുതല്‍ ഫ്രാന്‍സില്‍ മുഖം മൂടുന്ന നിഖാബ് ധരിക്കുന്നത് 150 യൂറോ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണ് എന്നത് കൂടി ബുര്‍കിനി വിവാദത്തോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

ഉള്ളതെല്ലാം പുറത്ത് പ്രദര്‍ശിപ്പിക്കുന്ന ബികിനി ഫ്രാന്‍സില്‍ പുരോഗമന ഡ്രസ് കോഡാവുമ്പോഴാണ് ശരീരമാസകലം മറക്കുന്ന ബുര്‍കിനി പിഴയൊടുക്കേണ്ട വസ്ത്രമായി ഭരണകൂടം മുദ്രകുത്തുന്നത്. പുരോഗമനത്തിന്റെ ഏക അളവുകോല്‍ യൂറോകേന്ദ്രിത മൂല്യങ്ങളാവുമ്പോള്‍ ബികിനി സംസ്‌കാരത്തിന്റെ സിംബലും ബുര്‍കിനി നേര്‍വിരുദ്ധവുമാവുക സ്വാഭാവികം. പാശ്ചാത്യ സംസ്‌കാരത്തിന് പുറത്തു നിന്നുള്ള ഒരു ഡ്രസ് കോഡ് അതെത്ര തന്നെ ജനകീയമായാലും പുരോഗമനത്തിന് വിരുദ്ധമായിരിക്കുമെന്ന യൂറോപ്യന്‍ ധാര്‍ഷ്ട്യം കൂടി ബുര്‍കിനി വിവാദത്തില്‍ വെളിവാകുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍ യൂറോപ്യന്‍ ജ്ഞാനശാസ്ത്രത്തിന് പുറത്തുള്ള സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും അഭിമുഖീകരിക്കാനുള്ള ലിബറലിസത്തിന്റെ ശേഷിയില്ലായ്മ കൂടിയാണ് ഫ്രാന്‍സിലെ വസ്ത്ര കോലാഹലങ്ങള്‍.

ഭൂരിപക്ഷത്തിന്റെ സംസ്‌കാരവും വിശ്വാസങ്ങളുമായിരിക്കും ജനാധിപത്യം അതിന്റെ നിയമാവലികളില്‍ സ്വാംശീകരിക്കുക എന്നത് ഇക്കാലം വരെയുള്ള ഒരു ജനാധിപത്യ അനുഭവമാണ്. ഇന്ത്യയിലായാലും ഫ്രാന്‍സിലായാലും ന്യൂനപക്ഷങ്ങള്‍ ആ ജനാധിപത്യ പരിമിതിയുടെ ഇരകളാണ്. ബികിനി ഇഷ്ടവസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യമായി ആഘോഷിക്കപ്പെടുമ്പോള്‍ ബുര്‍കിനി പുറംതള്ളപ്പെടേ സാംസ്‌കാരിക ചിഹ്നവും വേഷവുമായി മാറുന്നത് അത് ന്യൂനപക്ഷത്തിന്റെ വസ്ത്രരീതിയായതുകൊണ്ട്കൂടിയാണ്. ഇസ്‌ലാമോഫോബിയയുടെ നട്ടുച്ചയില്‍ മുസ്‌ലിം വേഷങ്ങളും ചിഹ്നങ്ങളും ഭീകരവാദ അടയാളങ്ങള്‍ കൂടിയാണല്ലോ. തീര്‍ത്തും നിര്‍ദോഷകരമായ വേഷവിധാനമായ ബുര്‍കിനിയെ ഫ്രഞ്ച് പ്രധാനമന്ത്രിയടക്കമുള്ളവര്‍ തീവ്രവാദത്തിന്റെ കൊടിയടയാളമായി വിലയിരുത്തിയത് ആ രാഷ്ട്രത്തെ ഇസ്‌ലാമോഫോബിയ എത്രമാത്രം ഭീതിയിലാഴ്ത്തിയിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ്. 'പൊതു ഇടങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന രാഷ്ട്രീയ ഇസ്‌ലാമിനെയാണ് ബുര്‍കിനി പ്രതിനിധീകരിക്കുന്നതെന്നും അത് രാഷ്ട്രവിരുദ്ധമാണെന്നു'മാണ് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് വിവാദത്തിലിടപെട്ട് ട്വിറ്റ് ചെയ്തത്. ഏറ്റവും വലിയ പുരോഗമനവാദികളെന്ന് നടിക്കുന്ന ലിബറല്‍ ജനാധിപത്യവാദികള്‍ പോലും ചില സംസ്‌കാരങ്ങളെ സമീപിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും വെപ്രാളവുമാണ് ബുര്‍കിനി വിവാദം ബാക്കിവെക്കുന്ന പാഠങ്ങളും പാഠഭേദങ്ങളും.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം