ഇബ്‌റാഹീം കുടുംബം പുളകമണിയുന്ന ഓര്‍മകള്‍
എന്താണ് ഇബ്‌റാഹീം നബിയുടെ സവിശേഷത? ഇതര പ്രവാചകന്മാരില്‍നിന്ന് അദ്ദേഹം വേറിട്ടുനില്‍ക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? എന്തു പ്രത്യേകതയാണ് ഇബ്‌റാഹീം നബിയെ അല്ലാഹുവിന്റെ ചങ്ങാതിയാക്കിത്തീര്‍ത്തത്? വിശ്വാസികളുടെയഖിലം പിതാവാകാന്‍ മാത്രം എന്തായിരുന്നു ആ പ്രവാചകന്‍? ആ മില്ലത്തിന്റെ വിശേഷ വൈഭവമെന്തായിരുന്നു? എങ്ങനെയാണ് ആ കുടുംബം മാതൃകാധന്യമായിത്തീര്‍ന്നത്? ഇത്രയും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരമാണ് ഖുര്‍ആനിലെ ഇബ്‌റാഹീം ചരിതം. ഹൃദയാകര്‍ഷകമായ ശൈലിയില്‍ ഖുര്‍ആന്‍ ആ ജീവിതം നടന്നുതീര്‍ത്ത വഴികളെ ചരിത്രത്തിനു പുറത്തേക്ക് വികസിപ്പിക്കുന്നു. വിസ്മയകരമായ ആ ചിത്രം, ചരിത്രത്തിന്റെ ചുവരുകളില്‍നിന്ന് നമ്മിലേക്കടരുന്നു. എങ്ങനെയാണ് ആ ആദര്‍ശസംഹിത ഒരു വ്യക്തിയെ സ്വാധീനിക്കുന്നതെന്നും ആ വ്യക്തി എങ്ങനെയാണ് ഒരു പ്രസ്ഥാനമായി സ്വയം വികസിക്കുന്നതെന്നും ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഒരു പുരുഷായുസ്സു കൊണ്ട് എത്ര കര്‍മധന്യത കൈവരിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നതും ആ ചരിത്രമാണ്.
സ്‌നേഹം
നിഷ്‌കളങ്കമായ സ്‌നേഹമായിരുന്നു ഇബ്‌റാഹീം നബിയുടെ വലിയ പ്രത്യേകത. ഭൗതികബന്ധങ്ങളോട് എത്രയധികം സ്‌നേഹവും അടുപ്പവും കാത്തുവെച്ചോ അതിലുമേറെ ആത്മബന്ധം അല്ലാഹുവോടുമുണ്ടാക്കി. അല്ലാഹുവോടുള്ള ബന്ധം കാരണം ഭൗതിക ബന്ധങ്ങളെ തിരസ്‌കരിക്കുകയോ ഭൗതികബന്ധങ്ങള്‍ അല്ലാഹുവോടുള്ള ബന്ധത്തെ തകരാറിലാക്കുകയോ ചെയ്തില്ല. രണ്ടും ഒരേ അളവില്‍ അല്ലാതിരിക്കുമ്പോള്‍തന്നെ രണ്ടും ഒരേ നിലയില്‍ വിജയകരമാക്കി. ഇത് അപൂര്‍വം പേര്‍ക്ക് സാധിക്കുന്ന വിജയമാണ്.
ഒരാളുടെ സ്‌നേഹം, വെറുപ്പ്, സ്വീകാരം, തിരസ്‌കാരം ഇവയെല്ലാം അല്ലാഹുവിന് വേണ്ടിയാകുമ്പോഴാണ് അയാളുടെ ഈമാന്‍ സമ്പൂര്‍ണമാകുന്നതെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഈ വാക്യത്തിന് ജീവിതം കൊണ്ട് ഉദാഹരണമായിത്തീര്‍ന്ന പ്രവാചകനാണ് ഇബ്‌റാഹീം(അ). അല്ലാഹുവോടുള്ള സ്‌നേഹം ആ മനസ്സില്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ തന്നെ, അല്ലാഹുവിന് വേണ്ടിയുള്ള സ്‌നേഹവും പരന്നൊഴുകി. അല്ലാഹുവിന്റെ മാര്‍ഗത്തെ വെടിഞ്ഞ പിതാവിനെ അദ്ദേഹവും വെടിഞ്ഞു. നാടും കുടുംബവും തിരസ്‌കരിക്കാനുള്ള അല്ലാഹുവിന്റെ നിര്‍ദേശത്തിനു മുന്നിലും പതറിയില്ല. വിജനവും നിര്‍ജലവുമായ മരുഭൂ ദേശത്ത് പിഞ്ചു കുഞ്ഞിനെയും പ്രസവത്തിന്റെ ക്ഷീണം വിട്ടുമാറാത്ത ഭാര്യയെയും കൊണ്ടാക്കി തിരിച്ചുപോന്ന ചരിത്രം നിസ്സാരമായ വായനക്കുള്ളതല്ല. ഉള്ളിന്റെയുള്ളിലേക്ക് പടര്‍ന്ന ഈമാനിന്റെ കരുത്ത് അവിടെ കാണാം. ഭൗതികബന്ധങ്ങള്‍ പ്രധാനമായിരിക്കുമ്പോള്‍തന്നെ, ദൈവകല്‍പനയുടെ മുന്നില്‍ നിസ്സാരമായി അതിനെ കാണാനുള്ള സന്നദ്ധത. മക്കയില്‍ മനുഷ്യരാരുമില്ലെങ്കിലും മനുഷ്യരെയെല്ലാം പടച്ചവന്‍ അവിടെയുണ്ടെന്ന ആത്മധൈര്യത്തിന്റെ മരുപ്പച്ചയാണ് ഇബ്‌റാഹീം നബിയെ നമ്മുടെ പിതാവാകാന്‍ പ്രാപ്തനാക്കിയത്. ഇബ്‌റാഹീം നബിയുടെ പിതൃത്വം ലഭിച്ചതിലൂടെ ധന്യരായത് നമ്മളാണ്. ആദര്‍ശത്തിന്റെ അണമുറിയാത്ത വംശവല്ലിയില്‍ ഒരു കണമാകുന്നതിലൂടെ ആ പിതൃത്വത്തിന്റെ പാരമ്പര്യത്തിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോരുത്തരും ധന്യരാകുന്നു. രക്തബന്ധത്തിന്റെ അതിരടയാളങ്ങള്‍ക്കപ്പുറത്ത് ആദര്‍ശബന്ധുത്വത്തിന്റെ അനല്‍പ സൗന്ദര്യത്തിനു മുന്നില്‍ സഹസ്രാബ്ദങ്ങളുടെ മതിലുകള്‍ തകരുന്നു.
ദേശ-ഭാഷാ വൈവിധ്യങ്ങള്‍ക്കപ്പുറത്ത് വിശ്വാസ സമൂഹങ്ങളെയാകെ ഇണക്കിയൊരുമിപ്പിക്കുന്ന വെള്ളിനൂലാണ് ആദര്‍ശം. സാംസ്‌കാരിക വൈവിധ്യങ്ങളോ കാലഘട്ടത്തിന്റെ ചുറ്റളവുകളോ ഭരണാധികാരികള്‍ അതിരിട്ടു സംരക്ഷിക്കുന്ന ദേശീയതയോ ഒന്നും ആദര്‍ശബന്ധത്തിനിടയിലെ മറയാവുന്നില്ല. വേഷവും ഭാഷയും തമ്മില്‍ വൈവിധ്യങ്ങള്‍ പുലര്‍ത്തുമ്പോഴും അതിനും മുകളിലേക്ക് വികസിക്കാന്‍ മുഅ്മിനുകള്‍ക്ക് സാധിക്കുന്നു. പൊതുധാരയുടേതിനും മുകളിലേക്കുള്ള വികാസം സാമാന്യമായ എല്ലാ കാഴ്ചപ്പാടിനും മുകളിലുള്ള വികാസം. അങ്ങനെയൊരു വികാസത്തിന്റെ അവസാനത്തെ പടവിലാണ് നമ്മള്‍ ഇബ്‌റാഹീം നബിയിലെത്തുന്നത്. അറിയാതെ ലഭിക്കുന്ന ആനന്ദമായി മാത്രം രക്തബന്ധം ചുരുങ്ങുമ്പോള്‍ ആദര്‍ശബന്ധം അറിഞ്ഞുള്‍ക്കൊള്ളുന്ന അനുഭവമാണ്. ആദര്‍ശത്തിന്റെ അടിമണ്ണില്‍ കിനുത്തുവരുന്ന ബന്ധം അതിനാല്‍തന്നെ ഹൃദയത്തില്‍ പറ്റിച്ചേര്‍ന്ന ആത്മഹര്‍ഷമായി അനുഭവപ്പെടുന്നു.
നമുക്ക് പരിചയമുള്ളവര്‍ മാത്രമല്ല, നാമറിയാത്ത പരകോടി ആദര്‍ശബന്ധുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ സാധിക്കുന്നത് അതിനാലാണ്. നമുക്കു വേണ്ടി അവരും പ്രാര്‍ഥിക്കുന്നു. നമ്മില്‍നിന്ന് എത്രയോ ദുരിതങ്ങള്‍ നീങ്ങിപ്പോയതും നാമനുഭവിച്ച സന്തോഷങ്ങള്‍ വന്നുചേര്‍ന്നതും അജ്ഞാതരായ ഏതോ വിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലമായിരിക്കാം. ഇതാണ് ആദര്‍ശബന്ധുത്വം. സ്വാര്‍ഥതയുടെ ജയിലറകളില്‍നിന്ന് സാമൂഹികബോധത്തിന്റെ നടുമുറ്റത്തേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന ബന്ധുത്വമാണത്. ആ ബന്ധുത്വമാണ് ഇബ്‌റാഹീം കുടുംബത്തോട് ഓരോ വിശ്വാസിക്കുമുള്ളത്.
ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും പിതാവിനെ പരകോടി സത്യവിശ്വാസികളുടെ പിതാവായി സര്‍വശക്തനായ അല്ലാഹു വിശേഷിപ്പിക്കുന്നു. രക്തവും രക്തവും തമ്മിലുള്ള ബീജബന്ധത്തെക്കാളേറെ ആദര്‍ശപ്പൊരുത്തത്തിന്റെ അണികളായി നമ്മളും ആ പിതാവും സംഗമിക്കുന്നു.
ആദര്‍ശത്തിന്റെ വഴി പട്ടുവിരിച്ചതല്ല. കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയാണത്. ഒട്ടും സുഖകരമല്ലാത്ത ദുര്‍ഘട മാര്‍ഗം. ആ മാര്‍ഗത്തിലൂടെ സധീരം മുന്നോട്ടുപോകാന്‍ കഴിയുമ്പോഴാണ് പ്രബോധകന്‍ വിജയിയാകുന്നത്. എത്ര ദുര്‍ഘട വഴിയിലൂടെയും നെഞ്ചൂക്കോടെ പോരാടി മുന്നേറാമെന്ന പാഠമാണ് ഇബ്‌റാഹീം നബിയുടെ ജീവിതം. തിരിഞ്ഞുനോക്കിയാല്‍ മനസ്സിനെ തിരിച്ചുവിളിക്കുന്ന പലതുമുണ്ടായിരിക്കാം. പക്ഷേ, തിരിഞ്ഞുനോക്കുന്നില്ല. ഭൗതികമായ ഒരാനന്ദത്തിലും മനസ്സിനെ മെരുക്കുന്നില്ല. അല്ലാഹു വരച്ച വഴിയിലൂടെ മനസ്സും ജീവിതവും മോഹങ്ങളും സഞ്ചരിക്കുന്നു. അല്ലാഹുവിന്റെ വിധിയില്‍ മറുചോദ്യങ്ങളില്ലാതെ മനസ്സ് സ്വസ്ഥമാകുന്നു. ഇതായിരുന്നു ഇബ്‌റാഹീം നബിയുടെ ജീവിതം.
ജീവിതമെന്ന ചെറിയ പ്രതിഭാസത്തെ എത്ര വലിയ പ്രതിഭാസമാക്കാമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം. സാധാരണ പോലെയുള്ള ആയുസ്സില്‍ തീര്‍ന്നതാണ് ഇബ്‌റാഹീം നബിയുടെ ജീവിതം. എന്നിട്ടുമത് സൃഷ്ടിച്ച വിപ്ലവം വലുതായിരുന്നു. പ്രസ്ഥാനം വ്യക്തിയായി ചുരുങ്ങുന്ന കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. ഇബ്‌റാഹീം നബിയുടെ ചരിത്രത്തില്‍ വ്യക്തി പ്രസ്ഥാനമായി വികസിക്കുന്നു. വെറുമൊരു വ്യക്തി മഹാ പ്രസ്ഥാനത്തിന്റെ കര്‍മനിയോഗം നിര്‍വഹിക്കുന്നു. വ്യവസ്ഥാപിതമായി വികസിക്കുന്ന ഒരു ഉമ്മത്തിന്റെ ജോലി ഒറ്റക്ക് ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. യൗവനത്തിലേ വൃദ്ധരാകുന്ന നമുക്ക് വാര്‍ധക്യത്തിലും യുവാവായി ജ്വലിച്ച ഇബ്‌റാഹീം നബിയില്‍നിന്ന് ചില്ലറ പാഠങ്ങളൊന്നുമല്ല പകര്‍ന്നുകിട്ടുന്നത്. അല്ലാഹുവിന്റെ വഴിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ഷീണമോ മടിയോ പരിഭവമോ അല്ല കൂട്ടിനു കരുതേണ്ടതെന്ന് ആ ചരിത്രം നമ്മെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു.
ഹജ്ജ്
സത്യവിശ്വാസികളെ ഒരുമിപ്പിക്കാനാണ് ഹജ്ജ്. ഒറ്റ കുടുംബത്തില്‍നിന്ന് മാറിത്താമസിച്ചവരെല്ലാം തറവാട്ടിലേക്ക് തിരിച്ചെത്തുന്നതുപോലെ കഅ്ബയിലേക്ക് വിശ്വാസികള്‍ വരുന്നു. ഇബ്‌റാഹീം കുടുംബത്തിന്റെ പുളകമണിയുന്ന ഓര്‍മയില്‍ എല്ലാ നിറഭേദങ്ങളും ഇല്ലാതാകുന്നു. കക്ഷിത്വങ്ങളുടെയും സംഘടനാ ഭേദങ്ങളുടെയും എല്ലാ വ്യത്യാസങ്ങളെയും ഉപേക്ഷിച്ച് ലോക മുസ്‌ലിംകള്‍ കഅ്ബയുടെ ചുറ്റുവട്ടത്തേക്ക് ചുരുങ്ങുന്നു. എന്റേത്, നിന്റേത് എന്ന് തരംതിരിച്ചുവെച്ചിട്ടുള്ള എല്ലാ ഇടങ്ങളെയും ഉപേക്ഷിക്കാന്‍ അറഫയും കഅ്ബയും നമ്മെ പഠിപ്പിക്കുന്നു. സ്വാര്‍ഥതയുടെ ഇരുട്ടുമുറികളില്‍നിന്ന് മക്കയുടെ വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന പ്രക്രിയയാണ് ഹജ്ജ്. വസ്ത്രത്തില്‍ പോലും വ്യത്യസ്തരാകാന്‍ ഹാജിമാര്‍ക്ക് കഴിയുന്നില്ല.
ഹാജറയുടെയും ഇസ്മാഈലിന്റെയും ഇബ്‌റാഹീം നബിയുടെയും ഓര്‍മകളാണ് ഹജ്ജിന്റെ ആവേശം. അവര്‍ നടന്ന വഴികളിലൂടെയെല്ലാം ഹാജിയും നടക്കുന്നു. ഇബ്‌റാഹീം കുടുംബത്തെക്കുറിച്ച് കേട്ടതൊന്നും പുരാണങ്ങളോ കെട്ടുകഥകളോ ആയിരുന്നില്ലെന്നും ചരിത്രത്തിന്റെ പൂര്‍ണ പ്രകാശത്തിലാണ് ആ കുടുംബത്തിന്റെ സ്ഥാനമെന്നും ഹാജി മനസ്സിലാക്കുന്നത് അങ്ങനെയാണ്. അവിശ്വസനീയമെന്ന് തോന്നാവുന്ന ആ ചരിത്രത്തെ ജീവിതത്തിന്റെ പച്ചപ്പുള്ളതാക്കീത്തീര്‍ക്കുകയാണ് ഹജ്ജ്. ആ ഉപ്പയുടെയും ഉമ്മയുടെയും സന്താനത്തിന്റെയും പ്രതിനിധികള്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും അവിടെയെത്തുന്നു. പുതിയ ജന്മത്തിന്റെ പുളകം കൈവരിച്ച് തിരിച്ചുപോകുന്നു.
ഹാജറ, സാറ, ഇസ്മാഈല്‍
ഉപകരിക്കുമെങ്കില്‍ ഉപയോഗിക്കാവുന്നതായിരുന്നില്ല അവര്‍ക്ക് ആദര്‍ശം. ഉപകരിക്കുമോ ഇല്ലയോ എന്ന് ചികയാതെ ആദര്‍ശത്തെ ജീവിതത്തിന്റെ അതിര്‍ത്തിയാക്കുകയായിരുന്നു. ക്ഷമയുടെ, ത്യാഗജീവിതത്തിന്റെ, സമര്‍പ്പണ മനസ്സിന്റെ ഉദാത്ത ചരിത്രമായി അവര്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നതും അതിനാല്‍തന്നെ. ആദര്‍ശവും വിശ്വാസവും ജീവിതത്തില്‍ ഇടപെട്ട ചരിത്രമാണത്. പുറമെയുള്ള തൊട്ടു നനയ്ക്കലല്ല, ഉള്ളിന്റെയുള്ളിലേക്കുള്ള ചൂഴ്ന്നിറങ്ങല്‍. ബലിയറുക്കേണ്ടത് തനിക്ക് വളരെ പ്രിയപ്പെട്ട സീമന്ത പുത്രനെയാണ്. പക്ഷേ, ആ പിതാവ് സന്ദേഹം പോലുമില്ലാതെ അല്ലാഹുവിന്റെ കല്‍പനക്ക് കീഴ്‌പ്പെട്ടു. ബലിയറുക്കാന്‍ പുത്രനെ പിതാവിനോടൊപ്പം അയക്കുന്ന ആ ഉമ്മയെ നമുക്ക് വിസ്മരിക്കാനാകുമോ?
സാധാരണക്കാരിയായ ഉമ്മയാണ് ഹാജറ. അസാധാരണമായ സാധാരണത്വം കൊണ്ട് ചരിത്രത്തില്‍ നിറയുന്ന ഉമ്മ. കാപ്പിരിയായ വെറുമൊരു അടിമസ്ത്രീ ചരിത്രത്തില്‍ ഇങ്ങേ തലക്കലും ആവേശകരമായ അടയാളമായി ജ്വലിക്കുന്നു. അങ്ങനെയൊരു കറുത്ത വര്‍ഗക്കാരിയെ ഭര്‍ത്താവിന് പ്രിയതമയായി സമ്മാനിച്ച സാറയെ ഒട്ടും വിസ്മരിക്കാതെ നാം ഹാജറയെ ഓര്‍ക്കുക.
മര്‍യം ബീവി(അ)യെക്കുറിച്ച് ബൈബിളില്‍ വന്ന പരാമര്‍ശങ്ങളില്‍നിന്ന് ഒരു വിജ്ഞാനശാഖ തന്നെ ഇന്ന് ലോകത്ത് വികസിച്ചിട്ടുണ്ട്- മേരീവിജ്ഞാനീയം (ങമൃശീഹീഴ്യ). ത്യാഗത്തിന്റെ അനുഷ്ഠാന മാതൃകയായി ഖുര്‍ആന്‍ മര്‍യമിനെ വിവരിക്കുന്നു. സ്വന്തം പുത്രനു വേണ്ടി തീക്കനലിലൂടെ ജീവിച്ച ആ മാതാവിനെപ്പോലെ തന്നെയാണ് ഹാജറയും. ഭര്‍ത്താവുണ്ടായിരുന്നിട്ടും ഒറ്റപ്പെട്ട് കഴിയേണ്ടിവന്ന ഭാര്യയാണവര്‍.
പ്രവാചകത്വത്തിന്റെ പ്രഭ ലഭിച്ച പിതാവിന്റെ പ്രവാചകനായ മകനാണ് ഇസ്മാഈല്‍. സംസത്തിനു വേണ്ടി കാലടിച്ചു കരഞ്ഞതു മുതല്‍ ആ മകന്‍ ചരിത്രത്തിലുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉമ്മക്കും ഉപ്പക്കും കിട്ടിയ ദൈവസമ്മാനം. ത്യാഗത്തിന്റെ ഇബ്‌റാഹീമും സഹനത്തിന്റെ ഹാജറയും ഒന്നാവുമ്പോള്‍ ഓമനയായി വരുന്നത് നെഞ്ചുറപ്പുള്ള ഇസ്മാഈലല്ലാതാകുമോ? കരളുപിടക്കാതെ കത്തിക്കു കഴുത്തുനീട്ടിയ ആ മകന്‍ അവരുടെ രക്തം മാത്രമായിരുന്നില്ല, ആവേശവുമായിരുന്നു.
മുസ്‌ലിം ലോകത്തിന്റെ ഓര്‍മകള്‍ ആ കുടുംബത്തിലേക്ക് ചുരുങ്ങുന്ന സമയമാണിത്. വായിക്കാനും ആസ്വദിക്കാനുമുള്ളതല്ല, വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ് ചരിത്രം.
Comments