Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

കുടുംബബന്ധത്തിന്റെ കണ്ണികള്‍ മുറിയാതെ

ഡോ. ജാസിമുല്‍ മുത്വവ്വ

റമദാനിലെ ഒരു നട്ടുച്ച. ഞാന്‍ സിയാറത്തിന് മദീനയില്‍ എത്തിയതാണ്. യാത്ര ചെയ്ത ടാക്‌സിയിലെ ഡ്രൈവര്‍ സഅ്ദ്: 'കുനിഞ്ഞിരുന്ന് മൊബൈല്‍ ഫോണിലൂടെ ബന്ധം സ്ഥാപിക്കുന്നവരും വര്‍ത്തമാനം പറയുന്നവരുമാണ് ഇന്നേറെ. ബന്ധം ചേര്‍ക്കുന്ന കാലമൊക്കെ പോയിമറഞ്ഞു.'' കാറിലെ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ട എന്നോടയാള്‍: ''നിങ്ങളൊക്കെ എസി തലമുറയാണ്.'' 'ചൂട് സഹിക്കവയ്യാഞ്ഞിട്ടാണ്' എന്നുണര്‍ത്തിയ എന്നോടയാള്‍ വീണ്ടും: ''ഞങ്ങള്‍ക്ക് ഇത് ശീലമാണ്. ഈ ചൂടും വേനലുമൊന്നും ഞങ്ങള്‍ക്കൊരു പുതുമയല്ല. ഞങ്ങള്‍ കുട്ടിക്കാലത്ത് വല്ല മരത്തണലിലും പോയി ഒന്ന് കാറ്റുകൊള്ളും. വെള്ളം ചൂടാണെങ്കിലും അത് ശരീരത്തില്‍ കുറേ കോരിയൊഴിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ കുടുംബബന്ധം ചേര്‍ക്കുമായിരുന്നു. കുടുംബ സന്ദര്‍ശനാര്‍ഥം നടന്നുപോകും ഞങ്ങള്‍. ചിലപ്പോള്‍ ഒട്ടകപ്പുറത്താവും യാത്ര. ഓരോ കുടുംബവും പാര്‍ക്കുന്ന ഇടങ്ങള്‍ തമ്മില്‍ നല്ല ദൂരമുണ്ടെന്നോര്‍ക്കണം.''

അല്‍പനേരത്തെ മൗനത്തിനു ശേഷം അയാള്‍ വീണ്ടും: ''എന്നാല്‍ ഇന്ന് ഞാന്‍ കാണുന്നത് ഓരോ വ്യക്തിയും തന്റെ മൊബൈല്‍ ഫോണില്‍ തിരക്കിലാണ്. വര്‍ത്തമാനം പറയുന്നു, ചാറ്റ് ചെയ്യുന്നു, ദൃശ്യങ്ങള്‍ കാണുന്നു, കണ്ട് സംസാരിക്കുന്നു. പക്ഷേ, കുടുംബബന്ധം ചേര്‍ക്കുക എന്ന ശീലം അവരില്‍നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു.''

പിന്നെ പുഞ്ചിരി പൊഴിച്ച് അയാള്‍: ''നിങ്ങള്‍ക്കറിയുമോ, ഈ പ്രായത്തില്‍ എന്റെ ഈ ആരോഗ്യവും എനിക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന ആഹാരവും അല്ലാഹുവിന്റ ഔദാര്യത്താലും കുടുംബബന്ധം  ചേര്‍ക്കുന്നതിന്റെ പുണ്യത്താലും കൈവന്നിട്ടുള്ളതാണ്. നബി(സ) പറഞ്ഞല്ലോ: 'ആഹാരത്തില്‍ വിശാലതയും ആയുസ്സില്‍ ദൈര്‍ഘ്യവും ഉണ്ടാവുന്നത് ആര്‍ക്കെങ്കിലും സന്തോഷകരമായി അനുഭവപ്പെടുന്നുവെങ്കില്‍ അയാള്‍ ചെയ്യേണ്ടത് ഒന്നു മാത്രം, കുടുംബബന്ധം ചേര്‍ക്കുക.' ഈ മഹത്തായ സ്വഭാവം നമ്മുടെ സമൂഹത്തില്‍ ഇല്ലാതായിരിക്കുകയാണ്. നമ്മുടെ ആണ്‍ മക്കളും പെണ്‍മക്കളുമെല്ലാം ഇന്ന് അവരുടെ മൊബൈല്‍ ഫോണുമായിട്ടാണ് കളി. അവര്‍ അതിലാണ് ജീവിക്കുന്നത്.''

ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അയാള്‍: ''ഫോണിലെ സമ്പര്‍ക്കം കൂടിയിട്ടുണ്ട്. ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ പക്ഷേ നേരിട്ടു കണ്ടും മിണ്ടിയുമുള്ള ബന്ധമോ സമ്പര്‍ക്കമോ ഇല്ലാതായി.''

കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ പ്രാധാന്യം പറയുന്നതിനിടയില്‍ എയര്‍പോര്‍ട്ടിലെത്തിയതറിഞ്ഞില്ല. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും താരതമ്യം ചെയ്തുള്ള അയാളുടെ വര്‍ത്തമാനത്തെക്കുറിച്ച് വിമാനത്തില്‍ ഇരുന്ന് ഞാന്‍ ഗാഢമായി ആലോചിച്ചു. കുടുംബബന്ധം ചേര്‍ക്കാന്‍ ഉതകുന്ന പതിമൂന്ന് വഴികളിലാണ് എന്റെ ആലോചന എത്തിയത്. ''കുടുംബക്കാരെ സന്ദര്‍ശിക്കുക, അവരുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക, അവരുമായി ബന്ധപ്പെടുക, സാമ്പത്തിക സ്ഥിതി മോശമെന്നറിഞ്ഞാല്‍ അവരെ സഹായിക്കുക, മുതിര്‍ന്നവരെ ആദരിക്കുക, ചെറിയവരോട് കരുണാപൂര്‍വം പെരുമാറുക, സമൂഹത്തിലുള്ള അവരുടെ അന്തസ്സ് അംഗീകരിച്ചുകൊടുക്കുക, അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുക, രോഗികളെ സന്ദര്‍ശിക്കുക, ജനാസയെ അനുഗമിക്കുക, അവരുടെ ക്ഷണം സ്വീകരിക്കുക, അവര്‍ക്കിടയിലെ പിണക്കങ്ങള്‍ തീര്‍ത്ത് രഞ്ജിപ്പിലെത്തിക്കുക, ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തീര്‍ക്കുക, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക.''

സുന്നത്തുകള്‍ വാരിക്കൂട്ടാനും വസ്ത്രത്തിന്റെ നീളം കുറക്കാനും ദിക്‌റുകള്‍ വര്‍ധിപ്പിക്കാനുമുള്ള മത്സരത്തിലാണ് പലരും.  കുടുംബബന്ധങ്ങള്‍ ചേര്‍ക്കാനും അറ്റ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനും ശിഥില ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുമാണ് യഥാര്‍ഥത്തില്‍ മത്സരം വേണ്ടത്. കാരണം, അത് നിര്‍ബന്ധ ബാധ്യതയാണ്. ഈ വശം വിസ്മരിച്ചവര്‍ക്കുള്ള ശിക്ഷ ഭയാനകമാണ്. അവര്‍ക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ ഒക്കില്ല. ഇഹലോകത്തുതന്നെ അതിനുള്ള ശിക്ഷ ലഭിക്കും.

നബി(സ) ഉണര്‍ത്തി: ''കുടുംബബന്ധങ്ങള്‍ മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' പരലോകത്ത് വരാനിരിക്കുന്ന നരകശിക്ഷക്ക് പുറമെ ഇഹലോകത്ത് ഒട്ടും വൈകാതെ കിട്ടുന്ന ശിക്ഷ ക്ഷണിച്ചുവരുത്തുന്ന കുറ്റമാണ് അതിക്രമവും കുടുംബബന്ധം ഛേദിക്കലും. കുടുംബബന്ധം ചേര്‍ക്കുന്ന കാര്യത്തില്‍ അഞ്ച് നിലപാടുകളാണ് കാണാറുള്ളത്:

ഒന്ന്, നിങ്ങളോട് മോശമായി പെരുമാറുന്നവരാവാം. എന്നാലും അവരോട് ബന്ധം സ്ഥാപിക്കുക. ഇതാണ് വിശിഷ്ടമായ നിലപാട്.

രണ്ട്, നിങ്ങളോട് ബന്ധം വിഛേദിച്ചവരോട് നിങ്ങള്‍ അങ്ങോട്ടു ചെന്ന് ബന്ധം ചേര്‍ക്കുക. ഇതും വിശിഷ്ടമായ ഉയര്‍ന്ന നിലപാടു തന്നെ.

മൂന്ന്, തുല്യ നിലയിലുള്ള പെരുമാറ്റം. അതായത് നിങ്ങളോട് ബന്ധം പുലര്‍ത്തുന്നവരോട് അങ്ങോട്ട് ബന്ധം പുലര്‍ത്തുക. നിങ്ങളുമായി ബന്ധം മുറിച്ചവരോട് നിങ്ങളും ബന്ധം മുറിക്കുക.

നാല്, നിങ്ങളോട് ബന്ധം സ്ഥാപിക്കുന്നവരോട് നിങ്ങള്‍ ബന്ധം മുറിക്കുക.

അഞ്ച്, ഇങ്ങോട്ട് നന്നായി നില്‍ക്കുന്നവരോടും മോശമായി പെരുമാറുക. മാത്രമല്ല, അവരുമായി ബന്ധം വിഛേദിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുക. ഇവരാണ് ഏറ്റവും തരംതാണവര്‍.

നബി(സ) തന്റെ കുടുംബത്തെയും ബന്ധുജനങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അവരെ പ്രകീര്‍ത്തിക്കുകയും അവരുടെ ഗുണവശങ്ങള്‍ വാഴ്ത്തുകയും ചെയ്തിരുന്നു. പിതൃവ്യ പുത്രനായ അബ്ദുല്ലാഹിബ്‌നു അബ്ബാസിനു വേണ്ടി നബി(സ) പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, അവന് നീ ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കേണമേ!'' എളാപ്പ സഅ്ദിനെ പ്രകീര്‍ത്തിച്ചു; ''ഇതാ എന്റെ എളാപ്പ. ഇതുപോലെ ഒരു എളാപ്പയെ എനിക്ക് കാണിച്ചുതരുമോ ആരെങ്കിലും?'' പിതൃവ്യ പുത്രന്‍ സുബൈറിനെ പുകഴ്ത്തിപ്പറഞ്ഞു: ''ഓരോ പ്രവാചകനുമുണ്ടായിരുന്നു ഒരു പ്രിയശിഷ്യന്‍. എന്റെ പ്രിയശിഷ്യന്‍ സുബൈറാണ്.'' അവര്‍ക്ക് രോഗമാവുമ്പോള്‍ അവരെ സന്ദര്‍ശിക്കുകയും അരികത്തിരുന്ന് അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. പിതൃവ്യന്‍ അബ്ബാസിനെക്കുറിച്ച് നബി(സ): ''അബ്ബാസിനെ ആരെങ്കിലും ദ്രോഹിച്ചാല്‍ അയാള്‍ എന്നെയാണ് ദ്രോഹിക്കുന്നത്.'' നബി(സ)ക്ക് ഏതു ആപത്തില്‍നിന്നുമുള്ള രക്ഷാവചകം കുടുംബബന്ധം ചേര്‍ക്കുന്ന സ്വഭാവമാണെന്ന് പത്‌നി ഖദീജ(റ) നബിയെ സമാശ്വസിപ്പിച്ചു: ''അങ്ങ് ദുഃഖിക്കരുത്. അല്ലാഹു അങ്ങയെ കൈവിടില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നവനാണല്ലോ.''

ഡ്രൈവര്‍ സഅ്ദ് പുതിയ തലമുറയെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്; 'സമ്പര്‍ക്കങ്ങള്‍ കൂടിയെങ്കിലും ബന്ധങ്ങള്‍ കുറഞ്ഞുപോയി.' വിരുന്നുകള്‍, സല്‍ക്കാരവേളകള്‍, ആഘോഷങ്ങള്‍ തുടങ്ങി എല്ലാവരും ഒരുമിച്ചുകൂടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടാവുമല്ലോ. അവ നമ്മുടെ സാമൂഹിക സുരക്ഷിതത്വബോധം വര്‍ധിപ്പിക്കും, ഐക്യദാര്‍ഢ്യത്തിനുതകും, പുതിയ തലമുറക്കും കുഞ്ഞുങ്ങള്‍ക്കും കുടുംബവൃക്ഷത്തിന്റെ വേരും ശാഖകളും അറിയാന്‍ ഉപകരിക്കും. അത്തരം വേരുകള്‍ തെരഞ്ഞുപോകണം. കുടുംബബന്ധം ചേര്‍ക്കുന്നതിലുള്ള ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷയില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവന്ന നിരവധി പേരെ എനിക്കറിയാം. കാരണം, പാശ്ചാത്യര്‍ക്ക് പരിചയമില്ലാത്ത കാര്യമാണിത്. നിയമപരമായോ മതപരമായോ സാമൂഹികമായോ ഉള്ള പ്രതിബദ്ധതകള്‍ ഇല്ലാതെ വളരുന്ന ആ സമൂഹത്തിന്, കുടുംബബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ പുതിയ അനുഭവമായിരിക്കും.

 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം