Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

ലളിതവും സരളവുമാണ് പ്രമാണ പാഠങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

വിശേഷബുദ്ധിയുള്ള ഏതൊരാള്‍ക്കും സാമാന്യം വായിച്ചുമനസ്സിലാക്കാനും പ്രയോഗവല്‍ക്കരിക്കാനും സാധിക്കുംവിധം ലളിതവും സരളവുമാണ് പൊതുവെ പ്രമാണ പാഠങ്ങള്‍. 'നാം ഈ ഖുര്‍ആന്‍ പഠിച്ചുമനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു'വെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.1 ബുദ്ധിപരമായ കഴിവും ചിന്താശേഷിയുമനുസരിച്ച് ആശയം ഗ്രഹിക്കുന്നതില്‍ വ്യത്യാസമുണ്ടാവുക സ്വാഭാവികം. സാധാരണക്കാരനോടു സംവദിക്കുന്ന ഭാഷയും ശൈലിയും ഖുര്‍ആന്റെ അമാനുഷികതയുടെ സാക്ഷ്യം കൂടിയാണ്. സാധാരണ മനുഷ്യര്‍ക്ക് പകര്‍ത്താന്‍ കഴിയുന്ന നബിയുടെ ലളിതജീവിതമാണ് സുന്നത്ത്. 

പണ്ഡിതന്മാര്‍ക്കു മാത്രമേ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കാന്‍ കഴിയൂ എങ്കില്‍ അത് പ്രമാണങ്ങളുടെ പരിമിതിയും ന്യൂനതയുമായിരിക്കും അടയാളപ്പെടുത്തുക. ഖുര്‍ആനിലെയും സുന്നത്തിലെയും ആശയങ്ങള്‍ സാധ്യമാകുന്നത്ര പഠിച്ചു മനസ്സിലാക്കാന്‍ പൊതുജനത്തിനും (ആമ്മിയ്യ്) അവസരവും ബാധ്യതയുമുണ്ട്. ഫഹ്മിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ബൗദ്ധിക ശേഷിയുള്ളവര്‍ക്ക് പ്രമാണങ്ങളുടെ ആശയലോകത്തുകൂടെ സഞ്ചരിക്കാം. ഇബ്‌നുതൈമിയ്യയുടെ ഒരു പ്രസ്താവന കാണുക: 'മൊത്തത്തില്‍ ഇജ്തിഹാദും തഖ്‌ലീദും അനുവദനീയമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. എല്ലാ ഓരോരുത്തര്‍ക്കും ഇജ്തിഹാദ് നിര്‍ബന്ധമോ, തഖ്‌ലീദ് നിഷിദ്ധമോ അല്ല. അപ്രകാരം, എല്ലാ ഓരോരുത്തര്‍ക്കും തഖ്‌ലീദ് നിര്‍ബന്ധമോ, ഇജ്തിഹാദ് നിഷിദ്ധമോ അല്ല. ഇജ്തിഹാദിന് ശേഷിയുള്ളവര്‍ക്ക് അത് നിര്‍വഹിക്കാം. ഇജ്തിഹാദിന് ശേഷിയില്ലാത്തവര്‍ക്ക് തഖ്‌ലീദ് അനുവദനീയമാണ്. ചില വിഷയങ്ങള്‍ പഠിച്ചെടുക്കാന്‍ (ഇജ്തിഹാദ്) സാധിക്കുന്ന സാധാരണക്കാരന്നും (ആമ്മിയ്യ്) അത്തരമൊരു ഇജ്തിഹാദിന് അനുവാദമുണ്ടണ്ട്. കാരണം, ഇജ്തിഹാദിന് പല തലങ്ങളും രൂപങ്ങളുമുണ്ട്. നിര്‍വഹിക്കുന്ന വ്യക്തിയുടെ കഴിവും ദൗര്‍ബല്യവുമനുസരിച്ചാണ് അത് നിശ്ചയിക്കപ്പെടുക. ഒരു വ്യക്തി ചില കാര്യങ്ങളില്‍ ശക്തനും മറ്റു ചിലതില്‍ ദുര്‍ബലനുമായിരിക്കും. പക്ഷേ, നിര്‍ണിത വിഷയത്തില്‍ അറിവുകള്‍ നേടിയെങ്കില്‍ മാത്രമേ 'ഇജ്തിഹാദി'ന് ശേഷിയുണ്ടാകൂ.'' 2 

മഹാപണ്ഡിതന്മാര്‍ നിര്‍വഹിക്കുന്ന ഇജ്തിഹാദല്ല ഇബ്‌നുതൈമിയ്യ ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ഏതൊരാളും വിഷയങ്ങള്‍ സാധ്യമാകുന്നത്ര പഠിക്കുകയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചിന്തിക്കുകയും ചെയ്യണം. അതിനുതന്നെ അടിസ്ഥാനപരമായ ചില അറിവുകള്‍ അനിവാര്യമാണ്. അതേസമയം നിശ്ചിത യോഗ്യതകള്‍ ആവശ്യമുള്ള, മുജ്തഹിദുകളായ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട 'തഫഖുഹ്' നിയമ നിര്‍ധാരണ മാനങ്ങളുള്ള പ്രയോഗമാണ്. നേരത്തേ സൂചിപ്പിച്ച 'തഫഹ്ഹുമി'നെ സാമാന്യാര്‍ഥത്തില്‍ (ആമ്മ്) പരിഗണിച്ചാല്‍ 'തഫഖുഹ്' സവിശേഷമാണ് (ഖാസ്വ്). പ്രമാണപാഠങ്ങളിലെ ആശയങ്ങള്‍ സാമാന്യമായോ സമഗ്രമായോ ഗ്രഹിക്കലാണ് തഫഹ്ഹുമെങ്കില്‍, അവയില്‍നിന്ന് പുതിയ തത്ത്വങ്ങളും ചിന്തകളും വിധികളും നിലപാടുകളും രൂപപ്പെടുത്തിയെടുക്കലാണ് തഫഖുഹ്. ഗോചരമായ (ഹാളിര്‍) അറിവുകൊണ്ട്, അഗോചരമായ (ഗാഇബ്) അറിവിലേക്ക് എത്തിച്ചേരലാണ് 'ഫിഖ്ഹ്' എന്ന റാഗിബ് ഇസ്ഫഹാനിയുടെ നിര്‍വചനം ശ്രദ്ധേയമാണ്. അക്ഷരങ്ങളായും വാചകങ്ങളായും മുന്നിലുള്ള പ്രമാണങ്ങളില്‍നിന്ന് പുതിയ ആശയങ്ങളും നിയമങ്ങളും രൂപപ്പെടുത്തലാണ് ഫിഖ്ഹ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ബുദ്ധിവൈഭവത്തോടെയുള്ള അറിവ്, അഗാധമായ പാണ്ഡിത്യം, നിദാനശാസ്ത്രത്തിലെ ജ്ഞാനം, ശരീഅത്തിന്റെ മൗലികാടിത്തറകളിലെ അവഗാഹം, ഉള്‍ക്കാഴ്ച, ന്യായങ്ങളോടെയും തെളിവുകളോടെയും വിഷയങ്ങള്‍ സ്വയം ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനുമുള്ള ശേഷി-ഇതൊക്കെ ഉള്‍ക്കൊള്ളുന്നതാണ് തഫഖുഹ്. ഖുര്‍ആനില്‍ 'ഫഖിഹ' യുടെ രൂപഭേദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത് ഈ അര്‍ഥ വൈപുല്യത്തോടെയാണ്. 'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ ദീനിലെ അഗാധ ജ്ഞാനി (ഫഖീഹ്) ആക്കും' എന്ന നബിവചനവും തഥാ. 'തഫഖുഹി'ന്റെ ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തത് പുതിയ കാലത്ത് പ്രമാണ വായനയില്‍ ലാഘവത്വം കടന്നുകൂടാന്‍ കാരണമായിട്ടുണ്ട്. 

പ്രമാണവാക്യങ്ങള്‍ക്ക് ബാഹ്യാര്‍ഥവും ആന്തരികാര്‍ഥവും ഉണ്ടാകുമെന്ന് നേരത്തേ സൂചിപ്പിച്ചു. ചില വചനങ്ങള്‍ ഗഹനമായ ചിന്ത ആവശ്യപ്പെടുന്നതായിരിക്കും. ചിലത് വ്യാഖ്യാനപരവും. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും എല്ലാ നബിവചനങ്ങളും എല്ലാ ഓരോരുത്തര്‍ക്കും ഒരേപോലെ മനസ്സിലാകണമെന്നില്ല. പണ്ഡിതന്മാരുടെ സഹായവും മാര്‍ഗദര്‍ശനവും അതിന് ആവശ്യമായി വരും. 'നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചുപഠിക്കണമെ'ന്നത് ഖുര്‍ആന്റെ ആഹ്വാനമാണ്. 3 പ്രമാണ വായനയിലും ദീനീ വിഷയങ്ങള്‍ പഠിച്ചുമനസ്സിലാക്കുന്നതിലും യഥാര്‍ഥ പണ്ഡിതന്മാരുടെ മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയാണ് ഈ ആയത്ത് സൂചിപ്പിക്കുന്നത്. ആ പണ്ഡിതന്മാര്‍ പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുകയും നിയമനിര്‍ധാരണം നടത്തുകയും ചെയ്യുമ്പോഴാകട്ടെ പല നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുമുണ്ട്. സാധാരണക്കാരനോ, പണ്ഡിതനോ അവരവര്‍ക്ക് ബാധകമായ നിബന്ധനകള്‍ പാലിക്കാതെ നടത്തുന്ന പ്രമാണ വായന ഇസ്‌ലാമിനെ വികൃതമാക്കാനോ, മുസ്‌ലിം സമൂഹത്തെ അപകടത്തില്‍ ചാടിക്കാനോ കാരണമാവുകയും ചെയ്യുന്നു. 4 

'വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുക' എന്ന വാമൊഴി അന്വര്‍ഥമാക്കുംവിധം ആര്‍ക്കും എങ്ങനെയും ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കാമെന്ന് വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് നിമിത്തമാകുന്നു. ഇസ്‌ലാമിന്റെ ആത്മാവിന് ചേരാത്ത ആശയധാരകളും സമീപനരീതികളും മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെടുന്നു. അതിന്റെ തിക്തഫലങ്ങള്‍, ചരിത്രത്തിന്റെ പല സന്ദര്‍ഭങ്ങളിലുമെന്ന പോലെ വര്‍ത്തമാന കാലത്തും അനുഭവപ്പെടുന്നുണ്ട്. വെളുത്ത കോട്ടണിഞ്ഞ്, സ്‌റ്റെതസ്‌കോപ്പ് കൈയിലെടുത്താല്‍ ആശുപത്രിയിലെ ഏതു ജീവനക്കാരനും മരുന്ന് കുറിക്കാനും രോഗികളെ ചികിത്സിക്കാനും പറ്റുമെന്ന് വരുമ്പോഴുണ്ടാകുന്ന അപകടം! വൈദ്യശാസ്ത്രം ശരിയാംവിധം പഠിച്ച് നിശ്ചിത യോഗ്യതകള്‍ നേടിയവരാണ് ചികിത്സ നടത്തേണ്ടത്. അതിനുതന്നെ അവര്‍ പല നിബന്ധനകളും പാലിക്കേണ്ടതുണ്ട്. പ്രമാണ വായനയെ പല തലങ്ങളില്‍ ഇതിനോട് തുലനം ചെയ്യാം. 

 

ഇഖ്‌റഇന്റെ ആകാശം 

അന്ത്യപ്രവാചകനോട് അല്ലാഹു സംസാരിച്ച ആദ്യവചനമാണ് ഇഖ്‌റഅ് ബിസ്മി റബ്ബികല്ലദീ ഖലഖ്-'നിന്നെ സൃഷ്ടിച്ച സര്‍വാധിനാഥന്റെ നാമത്തില്‍ നീ വായിക്കുക' 5 എന്ന ശാസന. എന്താണ് ഇഖ്‌റഅ് ബിസ്മിയുടെ അര്‍ഥം? വായന, വിശേഷിച്ച് ഖുര്‍ആന്‍ പാരായണം തുടങ്ങുന്നത് 'ബിസ്മില്ലാഹി...' എന്നുച്ചരിച്ചുകൊണ്ടാകണമെന്നത് ഈ സുക്തത്തിന്റെ വളരെ പ്രാഥമികമായ താല്‍പര്യമാണ്. വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ ഈ സുക്തം അടയാളപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍, ഇഖ്‌റഅ് ബിസ്മിക്ക് പ്രപഞ്ചത്തോളം വിശാലമായ അര്‍ഥതലങ്ങളുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളുടെ വായനക്ക് അസ്തിവാരമിട്ട് ഗതി നിര്‍ണയിക്കുന്നു എന്നതാണ് അതിലൊന്ന്. 'ഖുര്‍ആന്‍' എന്ന ദൈവിക ഗ്രന്ഥവും 'സുന്നത്ത്' എന്ന ദൈവദൂതന്റെ ജീവിതവുമാണ് വായിക്കുന്നത് എന്ന ഉത്തമബോധ്യം, ദൈവിക ധര്‍മത്തിന് വേണ്ടിയാണ് വായിക്കുന്നത് എന്ന സദുദ്ദേശ്യം, അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് വായനയും വ്യാഖ്യാനവുമെന്ന ബോധം, വായന വഴിതെറ്റിപ്പോകരുത് (അത്തുഗ്‌യാനു ഫീ ഖിറാഅത്തിന്നസ്സ്വ്) എന്ന ജാഗ്രത, വായനയിലൂടെ പ്രമാണ സാരത്തിന്റെ ശരിയിലേക്ക് നയിക്കണേ എന്ന പ്രാര്‍ഥനാ മനസ്സ്-പ്രമാണ വായനയുടെ ഈ അടിസ്ഥാന തത്ത്വങ്ങളെല്ലാം 'ഇഖ്‌റഅ് ബിസ്മി'യില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നു പറയാം. 

'ബിസ്മില്ലാഹി...' എന്നുച്ചരിക്കുമ്പോള്‍ താന്‍ ദൈവിക ലക്ഷ്യം തിരിച്ചറിയുന്നു എന്നുകൂടിയാണ് വായനക്കാരന്‍ പ്രഖ്യാപിക്കുന്നത്. ഖുര്‍ആനിലെ ഏതൊരു പദത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍ ലക്ഷ്യം നിര്‍ണിതമാണ്. അങ്ങനെ വരുമ്പോള്‍ ദൈവിക നിയമസംഹിതയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ (മഖാസ്വിദുശ്ശരീഅ) അടിസ്ഥാന പാഠങ്ങള്‍ 'ഇഖ്‌റഅ് ബിസ്മി'യില്‍നിന്നുതന്നെ വായിച്ചെടുക്കാനാകും. ലിപിയോ പുസ്തകമോ മുന്നിലില്ലാതെയാണ് നിരക്ഷരനായ പ്രവാചകനോട് വായിക്കുക എന്ന ആഹ്വാനം ചെയ്തത്. പുസ്തകം കൈയിലില്ലാതെ എവിടെ നോക്കി വായിക്കും? വായിക്കേണ്ടണ്ടത് ആശയങ്ങളാണ്, കണ്ടെണ്ടത്തേണ്ടണ്ടത് അന്തസ്സാരമാണ്. അക്ഷരവായനയെ നിരാകരിക്കുന്നതാണ് ഖുര്‍ആനിലെ ആദ്യസൂക്തം തന്നെ എന്നര്‍ഥം! 

 

യാഥാര്‍ഥ്യ ബോധം

ചില വസ്തുതകളെക്കുറിച്ച ശരിയായ ബോധം പ്രമാണങ്ങളെ സമീപിക്കുമ്പോള്‍ അനിവാര്യമാണ്. മുഖവുര വായിച്ച ശേഷം പുസ്തകത്തിലേക്ക് പ്രവേശിക്കുകയും കാലഘട്ടവും പശ്ചാത്തലവും മനസ്സിലാക്കിയ ശേഷം ചരിത്ര പഠനം നടത്തുകയും തത്ത്വങ്ങളോട് സ്ഥലകാല യാഥാര്‍ഥ്യങ്ങള്‍ ചേര്‍ത്തുവെച്ച് നിലപാടുകളെടുക്കുകയും ചെയ്യുന്നതുപോലെ പ്രധാനമാണ് പ്രമാണവായനയിലെ യാഥാര്‍ഥ്യബോധം. ഈ വിഷയത്തില്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇങ്ങനെ സംഗ്രഹിക്കാം:  

1. ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ചാധിനാഥനായ അല്ലാഹുവിന്റെ വചനമാണ്. എത്ര പ്രഗത്ഭനായ എഴുത്തുകാരന്റെ ലോകോത്തരമായ ഏതു കൃതിയോടും തുലനം ചെയ്യാവുന്നതേ അല്ല ഖുര്‍ആന്‍. ഒന്ന് ദൈവിക വചനമാണ്, മറ്റേത് മനുഷ്യസൃഷ്ടിയും. ഇത് ഖുര്‍ആന്‍ വായനയെ ഇതര വായനകളില്‍നിന്ന് സവിശേഷമാക്കുന്നു, ഗൗരവം നല്‍കുന്നു. ബ്രഹ്മാണ്ഡകടാഹത്തെ അതിജയിക്കുന്ന അല്ലാഹുവിന്റെ അറിവ്, മനുഷ്യബുദ്ധികൊണ്ട് ചെറുതരി പോലും അളന്നെടുക്കാനാകാത്ത യുക്തിജ്ഞാനം (ഹിക്മത്ത്) തുടങ്ങിയവ ഖുര്‍ആനില്‍ നിറഞ്ഞുനില്‍ക്കുന്നു. ഞാന്‍, നിസ്സാരനായ മനുഷ്യനാണ് ഖുര്‍ആനെ സമീപിക്കുന്നത്-ഈ ബോധം വായനയില്‍ പ്രതിഫലനം സൃഷ്ടിക്കും. ഖുര്‍ആന്‍ പറയുന്നു: 'അലിഫ്, ലാം, റാഅ്. യുക്തിമാനും അഭിജ്ഞനുമായ ഒരസ്തിത്വങ്കല്‍നിന്ന് സുഭദ്രവും സവിശദവുമായ സൂക്തങ്ങള്‍ അരുളപ്പെട്ട വിളംബരം.'' 6 മറ്റൊരു വചനമിങ്ങനെ: 'നിസ്സംശയം, യുക്തിമാനും സര്‍വജ്ഞനുമായ ഒരു അസ്തിത്വത്തില്‍നിന്നാകുന്നു ഈ ഖുര്‍ആന്‍ താങ്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.'' 7 

2. അല്ലാഹുവിന്റെ ദൂതന്റെ ജീവിതമാതൃകയാണ് സുന്നത്ത്. ക്രി. 6-ാം നൂറ്റാണ്ടില്‍ ലോകത്ത് ജീവിച്ചിരുന്ന ലക്ഷക്കണക്കിന് മനുഷ്യരില്‍നിന്ന് അല്ലാഹു തെരഞ്ഞെടുത്ത സന്ദേശവാഹകന്റെ, ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്റെ ചര്യയാണത്. അതിന്റേതായ പദവിയും പവിത്രതയും സുന്നത്തിനുണ്ട്. 'അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്' എന്നത് ഖുര്‍ആനിലെ ആയത്തുതന്നെയാണല്ലോ.8 ഏതെങ്കിലുമൊരു ചരിത്രപുരുഷന്റെ മഹദ് ജീവിതം കാണുന്ന പോലെയല്ല, ദൈവദൂതന്റെ ചര്യയെ സമീപിക്കേണ്ടത്. അതേസമയം, ക്രി. ആറ്, ഏഴ് നൂറ്റാണ്ടുകളിലെ അറേബ്യന്‍ ഭൂമിശാസ്ത്രവും സാമൂഹിക ജീവിതവുമാണ് നബിചര്യയുടെ ചരിത്രപരമായ പ്രയോഗഭൂമിക. ആ ചരിത്രഘട്ടത്തിന്റെ ആധികാരിക രേഖ കൂടിയാണ് ഹദീസ്. പില്‍ക്കാലത്ത് ഹദീസ് ഗ്രന്ഥങ്ങള്‍ കൈയിലെടുക്കുമ്പോള്‍ ഈ യാഥാര്‍ഥ്യബോധം വിവേകമായി വായനക്കാരനില്‍  പ്രവര്‍ത്തിക്കേണ്ടതുണ്ട്. 

3. അറബിയാണ് പ്രമാണങ്ങളുടെ ഭാഷ. ആഴക്കടല്‍ പോലുള്ള അത്ഭുതങ്ങള്‍ അറബി ഭാഷക്കുണ്ട്. അതൊരു മഹദ് സംസ്‌കാരത്തെ ഉള്‍വഹിക്കുന്നു. നീണ്ടുപരന്നുകിടക്കുന്ന അറബി ഭാഷയുടെ ഓരത്തു ചെന്നുനിന്ന് പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്ന ആധികാരിക ശബ്ദങ്ങളാകുന്നത് അപകടം ചെയ്യും. അറേബ്യന്‍ സാഹിത്യപടുക്കളെ നിശ്ചലമാക്കിയ വിശുദ്ധ ഖുര്‍ആന്റെ സാഹിത്യമൂല്യം, ഭാഷാപരമായ അമാനുഷികത പ്രമാണ വായനക്കാരന്റെ മുമ്പില്‍ മഹാ പര്‍വതത്തേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നു. അതിന്റെ ചുവട്ടില്‍നിന്ന് ഒരു നുള്ള് മണ്ണെടുത്തിട്ട് ഇതാണ് പര്‍വതമെന്ന് വാശിപിടിക്കുന്ന കുട്ടിയെപ്പോലെയാകരുത് പ്രമാണ വായന. 

4. പതിനാല് നൂറ്റാണ്ടുകളുടെ മഹത്തായ വൈജ്ഞാനിക പൈതൃകമുണ്ട് പ്രമാണ വായനക്ക്. മഹാ പണ്ഡിതന്മാരുടെ ജ്ഞാന തപസ്യയാണ് ആ വിജ്ഞാനസാഗരം. അതില്‍ പാദമൂന്നിയും വേരുപടര്‍ത്തിയും വെളിച്ചം സ്വീകരിച്ചും വേണം പില്‍ക്കാലത്ത് പ്രമാണങ്ങളെ വായിക്കാന്‍. നബിയുടെ അടുത്ത അനുചരന്മാര്‍ (സ്വഹാബ), തൊട്ടടുത്ത തലമുറ (താബിഊന്‍), തുടര്‍ന്നുവന്ന സച്ചരിതരായ പണ്ഡിതന്മാര്‍, നവോത്ഥാന നായകന്മാര്‍ ഉള്‍പ്പെടെയുള്ള മഹാന്മാരുടെ വൈജ്ഞാനിക പൈതൃകത്തെ പാടെ നിരാകരിച്ചോ നിസ്സാരവല്‍ക്കരിച്ചോ, പ്രമാണ വായന സാധുവാകുകയില്ല. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളും (ഉലൂമുല്‍ ഖുര്‍ആന്‍) ഹദീസ് നിദാന ശാസ്ത്രവും (ഉസ്വൂലുല്‍ ഹദീസ്) കര്‍മശാസ്ത്ര നിദാനതത്ത്വങ്ങളും (ഉസ്വൂലുല്‍ ഫിഖ്ഹ്) പ്രമാണങ്ങളിലൂടെയുള്ള യാത്രക്കിടയില്‍ വെളിച്ചമായില്ലെങ്കില്‍ ഇരുട്ടില്‍ വഴിതെറ്റും. എന്നാല്‍ ആ വെളിച്ചംകൊണ്ട് നടക്കേണ്ടത് മുന്നോട്ടാണ്. അതിനെ തടവറയായി സ്വീകരിക്കുന്ന അന്ധമായ അനുകരണഭ്രമവും അചേതനമായ പാരമ്പര്യഭക്തിയും വായന, ഗവേഷണം എന്നീ ആശയങ്ങളെ തന്നെ റദ്ദ് ചെയ്യുന്നതാണ്. ഇതിനെ അതിജയിക്കണം. 

5. ഒഴുകിപ്പരന്നുകിടക്കുന്ന സാകല്യമാണ് പ്രമാണങ്ങള്‍. ഒരേ വിഷയത്തിലെ നിയമവിധികളും നിര്‍ദേശങ്ങളും പലയിടങ്ങളിലായാണ് ഖുര്‍ആനില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. 23 വര്‍ഷം നീണ്ട മുഹമ്മദ് നബിയുടെ പ്രവാചകത്വ ജീവിതമാണ് ഹദീസ് ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒരു വിഷയം മനസ്സിലാക്കാനും നിലപാടുകള്‍ രൂപീകരിക്കാനും ഈയൊരറിവ് അനിവാര്യമാണ്. മുന്നില്‍ വന്നു കിട്ടിയ ഒന്നോ രണ്ടോ ഖുര്‍ആന്‍ സൂക്തങ്ങളും ചില ഹദീസുകളും മാത്രം ആധാരമാക്കി വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കാനും ഖുര്‍ആന്റെയും ഹദീസ് ഗ്രന്ഥങ്ങളുടെയും എല്ലാ വശങ്ങളിലേക്കും കണ്ണയക്കാനും ഇത് വായനക്കാരനെ പ്രാപ്തനാക്കുന്നു. 

 

നിബന്ധനകള്‍

വളയമില്ലാത്ത ചാട്ടമല്ല പ്രമാണ വായന. അതിനൊരു അച്ചുതണ്ടണ്ടുണ്ടണ്ട്- ഇഖ്‌റഅ് ബിസ്മി റബ്ബിക. കടന്നുപോകേണ്ട വഴികളും ആ വഴികളില്‍ പാലിക്കേണ്ട നിബന്ധനകളും നിര്‍ദേശങ്ങളും വേഗമാനകങ്ങളുമുണ്ട്. അവ പാലിച്ചെങ്കിലേ അപകടം കൂടാതെ ലക്ഷ്യത്തിലെത്താനാകൂ. ട്രക്കിംഗിനും സ്വിമ്മിംഗിനും പോകുന്നവര്‍ പല നിയമങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്, മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അപകടം സംഭവിച്ചേക്കാം, ജീവന്‍ തന്നെ അപായപ്പെടാം. ഇപ്രകാരമാണ് പ്രമാണ വായന. മുന്‍കരുതലില്ലാത്ത, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്ത വായനയില്‍ പ്രമാണങ്ങളുടെ ആത്മാവ് തന്നെ ഹനിക്കപ്പെടും. ഇസ്‌ലാമിനു ചേരാത്ത സമീപനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നുതന്നെ രൂപപ്പെടും! അതുകൊണ്ടുതന്നെയാണ് പണ്ഡിതന്മാര്‍ പ്രമാണ വായനക്ക് നിബന്ധനകള്‍ നിശ്ചയിച്ചത്. ഇവ്വിഷയകമായി നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.9 പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ള ആ നിബന്ധനകള്‍ ഇങ്ങനെ സമാഹരിക്കാം:  

1. ഉദ്ദേശ്യശുദ്ധിയും സൂക്ഷ്മതാ ബോധവും (ഇഖ്‌ലാസ്വ്, നിയ്യത്ത്, തഖ്‌വ). 

2. അല്ലാഹുവിന്റെ വചനമായ ഖുര്‍ആനും നബിചര്യയായ സുന്നത്തും ഇസ്‌ലാമിന്റെ ഒന്നും രണ്ടും പ്രമാണങ്ങളായി അംഗീകരിക്കുക. 

3. ഇസ്‌ലാമിക നിയമസംഹിതയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ (മഖാസ്വിദുശ്ശരീഅ) അവഗാഹം. പ്രമാണ വായനയില്‍ പൊതുവിലും പുനര്‍വായനയില്‍ പ്രത്യേകിച്ചും ഇത് അനിവാര്യമാണ്. 

4. പ്രമാണങ്ങളില്‍ സമഗ്രപരിജ്ഞാനം. ഒരു വിഷയത്തില്‍ വിവിധ ഇടങ്ങളില്‍ പരന്നുകിടക്കുന്ന തെൡവുകള്‍ ഏകോപിപ്പിക്കാനുള്ള കഴിവ്. 

5. സ്ഥലകാല ബോധവും അതിനനുസരിച്ച് പ്രമാണ പാഠങ്ങള്‍ പ്രയോഗവല്‍ക്കരിക്കാനുള്ള വിവേകവും. യുക്തിബോധം (ഹിക്മത്ത്), ഉള്‍ക്കാഴ്ച്ച (ബസ്വീറത്ത്), വിവേകം (റുശ്ദ്) തുടങ്ങിയ ഖുര്‍ആനിക പ്രയോഗങ്ങളുടെ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുക. 

6. അറബി ഭാഷയില്‍ അവഗാഹം. 

7. മുന്‍ഗാമികളുടെ (സലഫുസ്സ്വാലിഹ്) വൈജ്ഞാനിക പൈതൃകങ്ങളില്‍നിന്ന് വെളിച്ചം സ്വീകരിക്കുക. 'സലഫ്' പ്രമാണങ്ങളെ മനസ്സിലാക്കിയത് ഉള്‍ക്കൊള്ളുകയും അതിനെ വികസിപ്പിക്കുകയും ചെയ്യുക. 

8. നിദാന ശാസ്ത്രങ്ങളില്‍ വ്യുല്‍പത്തി. പ്രമാണ വായനയുടെ ആധാരശിലകള്‍ പൂര്‍വികര്‍ നീണ്ട വൈജ്ഞാനിക തപസ്യയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉലൂമുല്‍ ഖുര്‍ആന്‍, ഉസ്വൂലുല്‍ ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ് എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. ഓരോ വിഷയത്തിലും നൂറുകണക്കിന് പ്രൗഢഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. 

9. പ്രമാണ വാക്യങ്ങളുടെ പശ്ചാത്തലം, സന്ദര്‍ഭം എന്നിവ മനസ്സിലാക്കുക, ആയത്തുകളുടെ അവതരണ പശ്ചാത്തലവും (സബബുന്നുസൂല്‍), ഹദീസുകളുടെ സംഭവ സന്ദര്‍ഭവും (സബബുല്‍ വുറൂദ്) പരിഗണിക്കാതെ നിയമനിര്‍ധാരണം പാടില്ല. 

10. ഹദീസുകളിലെ ആരാധനാപരമായ കാര്യങ്ങള്‍ (ഇബാദത്ത്), സമ്പ്രദായങ്ങള്‍ (ആദാത്ത്), ആചാരങ്ങള്‍ (ഉര്‍ഫ്) എന്നിവ വേര്‍തിരിച്ചെടുക്കാനുള്ള അറിവ്. ഹദീസ് ഗ്രന്ഥങ്ങളില്‍, ഇസ്‌ലാമിക സമൂഹം എക്കാലത്തും പാലിക്കേണ്ട നബിചര്യയും (സുന്നത്തും), അക്കാലത്തെ അറേബ്യന്‍ ജീവിതരീതികളും ആചാരങ്ങളും വ്യക്തിനിഷ്ഠമായ കാര്യങ്ങളുമെല്ലാം ഒരുമിച്ചാണുള്ളത്. ഇതില്‍നിന്നാണ് 'സുന്നത്തുന്നബി' വേര്‍തിരിച്ചെടുക്കേണ്ടത്. സുന്നത്തുല്‍ ഇബാദത്ത്, സുന്നത്തുല്‍ ആദത്ത് തുടങ്ങിയ തലക്കെട്ടുകളില്‍ ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. 

11. സാമാന്യം (ആമ്മ്), സവിശേഷം (ഖാസ്വ്), സോപാധികം (മുഖയ്യദ്), നിരുപാധികം (മുത്വ്‌ലഖ്), ആലങ്കാരികം (മജാസി) എന്നിങ്ങനെ പ്രയോഗങ്ങളെയും വിധികളെയും ഇനംതിരിച്ച് മനസ്സിലാക്കുക. 

12. നാനാര്‍ഥ പ്രയോഗങ്ങളെ സന്ദര്‍ഭത്തോടും പ്രമാണസാരത്തോടും ചേര്‍ത്ത് വ്യാഖ്യാനിക്കുക. 

13. കല്‍പന ക്രിയകള്‍ (ഫിഅ്‌ലുല്‍ അംറ്), നിരോധരൂപങ്ങള്‍ (ഫിഅ്‌ലുന്നഹ്‌യ്) എന്നിവയുടെ അര്‍ഥവൈപുല്യം അറിയുക. 

14. വൈരുധ്യങ്ങളെ സംയോജിപ്പിക്കാനും വൈവിധ്യങ്ങളെ സമന്വയിപ്പിക്കാനുമുള്ള അറിവും കഴിവും. 

15. ഭൂതം-വര്‍ത്തമാനം-ഭാവി എന്നിവ തമ്മില്‍ കോര്‍ത്തിണക്കുക. പ്രമാണങ്ങളെയും പൂര്‍വികരുടെ നയങ്ങളെയും സമകാലിക ലോകത്തേക്ക് പരാവര്‍ത്തനം ചെയ്യുക. 

ഇവയില്‍ പലതും വിശദപഠനം ആവശ്യമുള്ളവയാണ്. ചില വിഷയങ്ങളെ കുറിച്ച് പ്രത്യേക അധ്യായങ്ങളില്‍ തന്നെ ചര്‍ച്ചചെയ്യേണ്ടതുണ്ട്. 

 

(തുടരും)

കുറിപ്പുകള്‍

1. അല്‍ ഖമര്‍: 17

2. മജ്മൂഉല്‍ ഫതാവാ 20/204

3. അന്നഹ്ല്‍: 43, മുഹമ്മദ്: 16

4. മുസ്തംസികുല്‍ ഉര്‍വതില്‍ വുസ്ഖാ-സയ്യിദ് മുഹ്‌സിനുല്‍ ഹകീം, പേജ് 111, 163, 354

5. അല്‍ അലഖ്: 1

6. ഹൂദ്: 1

7. അന്നംല്: 6

8. അല്‍ അഹ്‌സാബ്: 21 

9. അദ്ദവാബിത്വുല്‍ മന്‍ഹജിയ്യ ലില്‍ ഇസ്തിദ്‌ലാലി ബിന്നൂസ്വൂസിശ്ശര്‍ഇയ്യ-ഡോ. ഹസന്‍ മുഖ്ബിലുദ്ദൗസി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം