Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

ഹജ്ജും പെരുന്നാളും നാഥന് സമര്‍പ്പിക്കുക, നാടിനായി ത്യജിക്കുക

എം.ഐ അബ്ദുല്‍ അസീസ്, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍

ദൈവസ്‌നേഹത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങളുമായി വീണ്ടും ഹജ്ജും ബലിപെരുന്നാളും സമാഗതമായിരിക്കുന്നു. ദൈവപ്രീതിക്കായി സമര്‍പ്പിക്കലാണ് ജീവിതസാക്ഷാത്കാരത്തിന്റെ വഴി എന്ന സന്ദേശമാണ് ഹജ്ജും പെരുന്നാളും നല്‍കുന്നത്. ലോകചരിത്രത്തെ നിര്‍ണയിച്ച ഇബ്‌റാഹീം, ഹാജറ, ഇസ്മാഈല്‍ എന്നീ മഹദ്ജീവിതങ്ങളില്‍നിന്നുള്ള അധ്യായങ്ങള്‍ മക്കയില്‍ വര്‍ഷംതോറും പുനരാവിഷ്‌കരിക്കപ്പെടുന്നു. സമ്പത്തും ആരോഗ്യവുമുള്ളവര്‍ക്കതില്‍ പങ്കുചേരല്‍ നിര്‍ബന്ധമാണ്, അല്ലാത്തവര്‍ക്ക് ഇളവുണ്ടെന്നു മാത്രം. ഇളവനുഭവിക്കുന്നവരും മനസ്സുകൊണ്ടും സവിശേഷമായ ആരാധനാനുഷ്ഠാനങ്ങളിലൂടെയും ഹജ്ജ് കര്‍മത്തിന്റെ ആത്മാവിനോട് ചേരുന്നു.

മനുഷ്യര്‍ക്കാകമാനമായി ഭൂലോകത്താദ്യമായി നിര്‍മിക്കപ്പെട്ട ഭവനം കാണാന്‍, സ്രഷ്ടാവിന്റെ മുന്നില്‍ നില്‍ക്കാന്‍, മഖാമു ഇബ്‌റാഹീമില്‍നിന്ന് നമസ്‌കരിക്കാന്‍, കഅ്ബയെ ത്വവാഫ് ചെയ്യാന്‍, പിടയുന്ന ഹൃദയവുമായി നെട്ടോട്ടമോടിയ ഹാജറയെ അനുകരിക്കാന്‍, പൈശാചിക പ്രേരണകളെ കല്ലെറിഞ്ഞെതിരിട്ട ഇബ്‌റാഹീമാവാന്‍, മൂര്‍ച്ചയുള്ള കത്തിക്കു താഴെ കഴുത്തുവെച്ച  ഇസ്മാഈലിനെ ഓര്‍ക്കാന്‍, മഹ്ശറില്‍ പാരാവാര സമാനം പരന്നുകിടക്കുന്ന ജനകോടികളുടെ സ്‌നിഗ്ധമായ നില്‍പിനെ അനുസ്മരിപ്പിക്കുന്ന അറഫയിലൊരാളായിത്തീരാന്‍ കൊതിക്കാത്ത ആരാണുണ്ടാവുക!

മാനവരാശിയുടെ പിതാവ് ആദം ആയിരിക്കെയാണ് 'നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്റെ പാത പിന്തുടരാന്‍' അല്ലാഹു നിര്‍ദേശിച്ചത്. ഇത് ഇബ്‌റാഹീമിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്. നിലപാടുള്ള ജീവിതം നയിക്കാന്‍ വെമ്പുന്നവര്‍ക്ക് മോഹിപ്പിക്കുന്ന മാതൃകാജീവിതമാണ് ഇബ്‌റാഹീമിന്റ കുടുംബം കാഴ്ചവെച്ചത്. അല്ലാഹുവിന് വിധേയപ്പെടാന്‍ ആളുകളെ ക്ഷണിച്ച ഇബ്‌റാഹീം അതിനായി ആവിഷ്‌കരിച്ച വൈവിധ്യങ്ങള്‍ സമര്‍പ്പണത്തിന്റെ നിദര്‍ശനങ്ങളത്രെ. പിതാവിനോടുള്ള സ്‌നേഹമസൃണമായ ഉപദേശം, സൂര്യ-ചന്ദ്ര-നക്ഷത്രാദികളെ ആരാധിക്കുന്നതിലെ യുക്തിരാഹിത്യത്തെ കുറിച്ച നാട്ടുകാരോടുള്ള പ്രഭാഷണം, ഭരണസിരാകേന്ദ്രത്തില്‍ ചെന്നുള്ള അധികാരത്തെയും അവകാശത്തെയും സംബന്ധിച്ച മൗലികതയുള്ള സംവാദം- എല്ലാമുണ്ട് ഇബ്‌റാഹീമിന്റെ ജീവിതത്തില്‍. 

അല്ലാഹുവിനു വേണ്ടിയുള്ള സമര്‍പ്പണവും ത്യാഗവും ദൈവത്തോടുള്ള അതിരറ്റ സ്‌നേഹവുമാണ് ഇബ്‌റാഹീം നബിയുടെ മുഖം. സ്വന്തത്തില്‍നിന്നു തുടങ്ങാത്ത ഏതു വിപ്ലവ പ്രവര്‍ത്തനവും കെട്ടുപോകാമെന്ന യാഥാര്‍ഥ്യത്തിലേക്കാണ്  'ഞാനിതാ സര്‍വാധിനാഥന് സമ്പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുന്നു'വെന്ന പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നത്. 

ഇബ്‌റാഹീം ആരെയും കാത്തുനിന്നില്ല. എല്ലാവരുമുണ്ടെങ്കിലാവാം എന്ന നിലപാട് ആദര്‍ശവാദിക്ക് ചേര്‍ന്നതല്ല. ഭരണകൂടവും സമൂഹവും സ്വന്തം പിതാവുപോലും ഉപേക്ഷിച്ചപ്പോള്‍ 'ഞാനിതാ എന്റെ നാഥനിലേക്ക് യാത്രയായിരിക്കുന്നു, അവനെന്നെ നയിക്കു'മെന്ന് അക്ഷോഭ്യനായി പ്രഖ്യാപിക്കുകയായിരുന്നു. അതൊരു പാഴ്ക്കിനാവായിരുന്നില്ല. ജീവിതത്തിലുടനീളം അല്ലാഹു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, അവനോടൊപ്പം അദ്ദേഹമുണ്ടായിരുന്നപോലെത്തന്നെ.

ത്യജിക്കാനുള്ള സന്നദ്ധതയായിരുന്നു ഇബ്‌റാഹീം(അ). സ്വയം ഉരുകിത്തീര്‍ന്നതില്‍നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് ത്യാഗം. മറ്റുള്ളവര്‍ക്ക് തണലേകാനായി നട്ടുച്ചക്ക് വെയിലേറ്റ് നില്‍ക്കുന്ന വടവൃക്ഷമാണ് ത്യാഗി. അല്ലാഹുവിനു വേണ്ടി ഇബ്‌റാഹീം എല്ലാം ത്യജിച്ചു, നാടുപേക്ഷിച്ചു. അഗ്നികുണ്ഠത്തിലെരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ടപ്പോഴും ചിത്തം ചിതറിയില്ല, വിജനമായ പ്രദേശത്ത് കുടുംബത്തെ വിട്ടേച്ചുപോരാന്‍ കല്‍പന കിട്ടിയപ്പോഴും പതറിയില്ല, ബലിക്കല്ലില്‍ ആ കുരുന്നു കഴുത്ത് കണ്ടപ്പോഴും ശങ്കിച്ചുനിന്നില്ല; കാരണം ജനങ്ങളുടെ നേതാവാകാനായിരുന്നു നിയോഗം. ത്യാഗത്തിന്റ കനല്‍പഥങ്ങളിലൂടെ മാത്രമേ അത് സാധ്യമാകൂ.

ഹജ്ജ് കര്‍മത്തിലെ ചടങ്ങുകളിലൊന്നാണ് ഇരു മലകള്‍ക്കിടയിലെ ഓട്ടം(സഅ്‌യ്). സ്വഫായെയും മര്‍വയെയും അല്ലാഹു തന്റെ ചിഹ്നമായി പ്രഖ്യാപിച്ചിരിക്കുന്നു. സഅ്‌യ് എന്ന പദത്തിന് അധ്വാനം എന്നു കൂടി അര്‍ഥമു്. ജീവിതത്തിന്റെ സന്ധ്യാസമയത്ത് ഇബ്‌റാഹീമിന് അല്ലാഹു നല്‍കിയ വരദാനമാണ് ഇസ്മാഈല്‍. ഇബ്‌റാഹീമിന്റെ ദൗത്യത്തിന്റെ ലോകാവസാനത്തോളമുള്ള നീള്‍ച്ചയാണ് ഇസ്മാഈല്‍. ആ പൈതല്‍ ദാഹജലം കിട്ടാതെ ജീവിതം വെടിയുകയോ? ഹാജറക്കങ്ങനെയൊന്ന് ആലോചിക്കാനേ കഴിയുമായിരുന്നില്ല. വിജനതയില്‍ ഉപേക്ഷിച്ചുപോയ പ്രിയതമനോട് ഒട്ടുമേ നീരസവും തോന്നിയില്ല. ഹാജറയുടെ കിതച്ചോട്ടം വെറുതെയായില്ല. പ്രതീക്ഷയുള്ളതായിരുന്നു ആ അധ്വാനം. അതിന് അല്ലാഹു നല്‍കിയ പ്രതിഫലമാണ് സംസം. ദൈവിക സഹായത്തിനു മുമ്പുള്ള മനുഷ്യാധ്വാനത്തെയാണ് സഅ്‌യ് പ്രതിനിധീകരിക്കുന്നത്. നിര്‍ജലമായ മരുഭൂമിയില്‍ ദാഹജലമന്വേഷിക്കുന്നത് വിഡ്ഢിത്തമാണെന്ന ഭൗതിക യുക്തിയെ മലര്‍ത്തിയടിച്ചു, അല്ലാഹുവിന്റെ യുക്തിബോധം. മണലാരണ്യത്തില്‍നിന്ന് നിര്‍ഗളിച്ച ആ നിത്യവിസ്മയമാണ് ഒരു ജനതയെയും സംസ്‌കാരത്തെയും നാഗരികതയെയുമെല്ലാം ഉര്‍വരമാക്കിയത്. ഇസ്മാഈലിന്റെ അതിജീവനം സാധ്യമാക്കിയതും.

ആരാണ് ഇസ്മാഈല്‍? ഇബ്‌റാഹീമിന്റെ ലക്ഷണമൊത്ത ആദര്‍ശപുത്രന്‍. പിതാവിന്റെ അതേ പതിപ്പ്. വിശ്വാസദാര്‍ഢ്യത്തിന്റെ മാതൃകാ യുവത്വം. സമര്‍പ്പണത്തിന്റെ നിത്യ പ്രചോദകം. ആരോമല്‍ സന്തതിയെ ബലിനല്‍കണമെന്ന പിതാവിന്റെ സ്വപ്നത്തെ അമിതാവേശത്തിന്റെ പേക്കിനാവായി വിമര്‍ശിച്ചില്ല. നിറയൗവനത്തിന്റെ ആസ്വാദനത്തിമര്‍പ്പുകള്‍ക്ക് ശേഷമാവാം സാത്വിക ജീവിതമെന്ന് നിനച്ചില്ല. ദൈവതാല്‍പര്യത്തിനു നിര്‍ബന്ധിതമായി വഴങ്ങുകയുമായിരുന്നില്ല. നിറഞ്ഞ സംതൃപ്തിയോടെ, കല്‍പന നടപ്പിലാക്കാന്‍ പിതാവിനെ ഇസ്മാഈല്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. പതറാതിരിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഇബ്‌റാഹീം മാത്രമല്ല, ആശ്ചര്യപ്പെടാതിരുന്ന ഹാജറയും കഴുത്ത് വെച്ചുകൊടുത്ത ഇസ്മാഈലും കര്‍തൃസ്ഥാനത്തു തന്നെയായിരുന്നു.

ഹജ്ജ് സാര്‍വലൗകിക സമ്മേളനമാണ.് ലോകത്തിന്റെ വിദൂര ദിക്കുകളില്‍നിന്നുപോലും ഹജ്ജിനെത്താനുള്ള ഇബ്‌റാഹീമിന്റെ ആഹ്വാനം മുഴുവന്‍ മനുഷ്യരോടാണ്. ജാതിവര്‍ഗദേശഭേദങ്ങള്‍ക്കതീതമാണ് ഹജ്ജ്. മുഴുവന്‍ മനഷ്യരെയും ഒന്നായി കാണാനുള്ള ആദര്‍ശപരവും വിശ്വാസപരവുമായ കരുത്ത് എന്ന ഒരു ഭേദമേ ഹജ്ജിനുള്ളൂ. കറുത്തവന്‍/വെളുത്തവന്‍, മുതലാളി/തൊഴിലാളി, ആഫ്രിക്കക്കാരന്‍/അമേരിക്കക്കാരന്‍, അറബി/അനറബി തുടങ്ങിയ വ്യത്യാസങ്ങളേതുമില്ലാതെ ഭൂമിയില്‍ പുലരണമെന്നാഗ്രഹിക്കുന്ന മനുഷ്യസമൂഹത്തിന്റെ ലഘു മാതൃകയാണ് ഹജ്ജ് കര്‍മം. ലോകത്ത് നിലനില്‍ക്കുന്ന മുഴുവന്‍ സ്വത്വങ്ങളെയും അവരുടെ വിമോചനത്തെയും രക്ഷയെയും പ്രപഞ്ചത്തിന്റെ തന്നെ മൗലികാദര്‍ശവുമായി ഹജ്ജ് കണ്ണിചേര്‍ക്കുന്നു. ത്വവാഫും പ്രപഞ്ചത്തിന്റെ കറക്കവും ഒരേ ദിശയിലാണെന്നത് അതിന്റെ സൂചനയാണ്. രണ്ടും ഒടുവുനാള്‍വരെ അനുസ്യൂതം തുടരുകയും ചെയ്യുന്നു. മരണാനന്തരം പുലരാനിരിക്കുന്ന മഹ്ശറിന്റെ ഓര്‍മപ്പെടുത്തലാണ് അറഫാ സംഗമമെന്ന് പറഞ്ഞ ദാര്‍ശനികരുണ്ട്. അവിടെ വെച്ചുതന്നെയാണ് പ്രവാചകന്‍ തന്റെ പ്രോജ്ജ്വലമായ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയതും. ഇഹലോകവും പരലോകവും പരസ്പരബന്ധിതമായ ഒരേകകമാണ് ജീവിതമെന്നുകൂടി ഹജ്ജ് പഠിപ്പിക്കുന്നു.

ഹജ്ജിന്റെയും പെരുന്നാളിന്റെയും ചരിത്രത്തോടും പൈതൃകത്തോടും നീതി പുലര്‍ത്താന്‍ നമുക്കാവുന്നുണ്ടോ എന്നതത്രെ പ്രധാന ചോദ്യം. ആദര്‍ശത്തിന്റെ മാര്‍ഗത്തില്‍ ഇബ്‌റാഹീമുമാരാവാന്‍ നമുക്ക് സാധിക്കേണ്ടതല്ലേ? അല്ലാഹു ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കുന്നതില്‍ നാമെവിടെ നില്‍ക്കുന്നു, ഇബ്‌റാഹീമെവിടെ? ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മുന്നില്‍ വരുന്ന പ്രലോഭനങ്ങളെ കല്ലെടുത്തെറിയാന്‍ നമുക്ക് സാധിക്കാത്തതെന്ത്? ആദര്‍ശമാര്‍ഗത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാതെ നാം പകച്ചുപോകുന്നതെന്ത്? പരീക്ഷണങ്ങളുടെ അഗ്നികുണ്ഠങ്ങളെ കുളിര്‍തെന്നലായി അനുഭവിക്കാതിരിക്കാന്‍ മാത്രം ദുര്‍ബലമാണോ നമ്മുടെ ഈമാന്‍? ജീവിതത്തെ സര്‍വവും ഉപാധികളില്ലാതെ ഇബ്‌റാഹീം സമര്‍പ്പിച്ചപ്പോള്‍ നാമതിനെ വെട്ടിപ്പകുത്ത് ചിലത് നമ്മുടേതു മാത്രമാക്കിയോ? 

ആര്‍ഭാടങ്ങളുടേതും ആഡംബരങ്ങളുടേതുമാണ് ഇന്നത്തെ ലോകം. ദേഹേഛക്കാണിവിടെ ഊന്നല്‍. ആര്‍ഭാട, ആഡംബര ജീവിതത്തോട് വിടപറഞ്ഞുകൊണ്ടേ ത്യാഗിയാവാന്‍ നമുക്കാവൂ. ദേഹേഛയെ പിടിച്ചുകെട്ടാതെ അതിനാവില്ല. കുടുംബത്തിന്റെ പരശ്ശതം മോഹങ്ങള്‍ക്ക് മുന്നില്‍ കാല്‍ വഴുതി വീഴുന്ന നമ്മുടെ ഹജ്ജും പെരുന്നാളും ആത്മാവിനെ സ്പര്‍ശിക്കാതെ കടന്നുപോവുകയാണോ? സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്ന സമുദായം ഇപ്പോഴും അനൈക്യത്തിന്റെ വഴികളിലല്ലേ സഞ്ചരിക്കുന്നത്? കേരളത്തില്‍ കക്ഷിത്വത്തിന്റെ പേരില്‍ എത്ര ദൈവികഭവനങ്ങളാണ് അടഞ്ഞുകിടക്കുന്നത്! സംസം നമുക്ക് ശാരീരിക രോഗ ശമനൗഷധം മാത്രമായോ? ജീവിതത്തെയും ആദര്‍ശത്തെയും പ്രചോദിപ്പിക്കുന്ന തെളിനീരോര്‍മകയാണല്ലോ സംസം.

ഇബ്‌റാഹീമിന് നിര്‍വഹിക്കാനൊരു ഉത്തരവാദിത്തമുണ്ടായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ പ്രബോധനം ചെയ്യലാണത്. കേവലമൊരു സദാചാര പ്രസംഗകനായിരുന്നില്ല അദ്ദേഹം. ജനങ്ങള്‍ക്ക് നിര്‍ഭയമായി കിടന്നുറങ്ങാവുന്ന സുരക്ഷിതമായ, സുഭിക്ഷമായ, വിഭവവിതരണത്തില്‍ വിവേചനമില്ലാത്ത ഒരു നാടിന്റെ  നിര്‍മിതി അദ്ദേഹം സ്വപ്നം കണ്ടു. അതിനായി നിരന്തരം പണിയെടുത്തു, പ്രാര്‍ഥിച്ചു. ദീര്‍ഘമായ ആ പുരുഷായുസ്സിന്റെ തുടര്‍ച്ച ഉറപ്പിക്കാനാണ് ഇസ്മാഈലിനുവേണ്ടി അല്ലാഹുവോട് താണുകേണത്. ആ മകന്റെ അതിജീവനത്തിനാണ് ഹാജറ പിടഞ്ഞത്. ശൈശവത്തിലും ബാല്യത്തിലും നാം ഓമനിച്ച, നമ്മുടെ  കൈ പിടിച്ചു വളര്‍ന്ന സമുദായത്തിലെ ഇസ്മാഈലുമാരെ കൗമാരത്തില്‍ ത്യാഗവഴികളില്‍ കാണാത്തതെന്തെന്ന് നാം ഗൗരവത്തിലാലോചിക്കണം. ആരാണ് ഇബ്‌റാഹീമിനെ അനന്തരമെടുക്കുക?

നമ്മുടെ ഇഛകള്‍ക്കു പകരം അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രഖ്യാപനങ്ങളാവട്ടെ തക്ബീറുകള്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇസ്‌ലാമിക സമൂഹം വെല്ലുവിളികള്‍ നേരിടുകയാണ്. ചരിത്രത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ഇബ്‌റാഹീമും കുടുംബവും കാണിച്ച കരുത്ത് മാതൃകയാവണം. നാഥന്‍ മാനവരാശിയുടെ നന്മക്കായി നല്‍കിയ കൈത്തിരിയാണ് നമ്മുടെ കൈകളിലുള്ളത്. അതിനുവേണ്ടി തന്നെയാണ് ലോകം കേഴുന്നത്. ആത്മവിശ്വാസത്തോടെ അതുയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ ഹജ്ജും തല്‍ബിയത്തും തക്ബീറും ബലിയും പ്രചോദനമാവട്ടെ.

സഹോദരന്മാരേ, ഇത്തവണ കേരളത്തില്‍ പെരുന്നാളിനൊപ്പം തന്നെയാണ് ഓണവും. അനുഷ്ഠാനപരതക്കൊപ്പം മനുഷ്യബന്ധങ്ങളെ ഇണക്കിച്ചേര്‍ത്ത് കരുത്തുറ്റതാക്കുന്ന ദൗത്യം കൂടി ആഘോഷങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. നന്മ നിറഞ്ഞ, സഹവര്‍ത്തിത്വം പുലരുന്ന, സുരക്ഷിതവും സുഭിക്ഷവുമായ ഒരു നാടിനെയും നാളെയെയും കുറിച്ച പ്രതീക്ഷകള്‍ ഇരു ആഘോഷങ്ങളിലും സംയോജിക്കുന്നുണ്ട്. സാമൂഹികാന്തരീക്ഷം കലുഷമാക്കാന്‍ ഭരണാധികാരികള്‍ തന്നെ ശ്രമിക്കുന്ന കാലത്ത്, സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണവും പെരുന്നാളും സാമുദായിക പാരസ്പര്യത്തിന് ഉതകുന്നതാവാന്‍ ശ്രദ്ധവെക്കണം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം