അനീതിയുടെ ലോകക്രമത്തില്‍ തൗഹീദിന്റെ രാഷ്ട്രീയ ദൗത്യം
ഏകദൈവത്വവും ബഹുദൈവത്വവും (ശിര്‍ക്കും തൗഹീദും) കേവല വിശ്വാസങ്ങളുടെ മേല്‍ കെട്ടിപ്പടുത്ത ആശയസമുച്ചയമല്ല. ഭൗതികവും രാഷ്ട്രീയവും അധികാര പരവും വിഭവപരവുമായ ലോകബോധത്തിന്റെയും നിലപാടുകളുടെയും വീക്ഷണങ്ങളുടെയും തത്ത്വശാസ്ത്രമാണത്. അതിന്റെ പ്രയോഗത്തെക്കുറിച്ച നിരന്തര സംവാദവും സമരവുമാണ്. വിശ്വാസങ്ങളുടെയും നിഷേധങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും യുദ്ധങ്ങളുടെയും ഭൂമികയാണ്. അല്ലാഹു അല്ലാത്ത ഇലാഹുകളുടെ നിഷേധം കൊണ്ടാണ് അല്ലാഹുവിലുള്ള വിശ്വാസപ്രഖ്യാപനം ഒരു മുസ്‌ലിം സമാരംഭിക്കുന്നത്. കേവലമായ ഏകദൈവത്തിലുള്ള കേവല വിശ്വാസം എന്നതിനപ്പുറം സാമൂഹിക ജീവിതാവസ്ഥകളുടെ സമതുലിതത്വം സാധ്യമാക്കുന്ന ഒരു വ്യവസ്ഥയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തത്ത്വവും ദര്‍ശനവുമാണത്. സാമൂഹിക ജീവിതാവസ്ഥകളിലെ അനൈതികമായ വൈരുധ്യങ്ങളെ സ്പര്‍ശിക്കാത്ത ദൈവവിശ്വാസം വൈരുധ്യങ്ങളുടെ ദൈവങ്ങളിലുള്ള വിശ്വാസം മാത്രമാണ്. വിരുദ്ധങ്ങളായ ജീവിതാവസ്ഥകളും ഏകദൈവത്വവും വിരുദ്ധ ദ്വന്ദ്വങ്ങളാണ്. ഭൗതികവും വിഭവപരവും രാഷ്ട്രീയവുമായ വിരുദ്ധാവസ്ഥകള്‍ നിലനില്‍ക്കുന്ന സാമൂഹികാവസ്ഥ, വിരുദ്ധങ്ങളും വിവിധങ്ങളുമായ ദൈവങ്ങളെ സാധ്യമാക്കുന്നതാണ്. ഭീകരവാദികളുടെയും സമാധാനവാദികളുടെയും നിയോ-ലിബറല്‍ മുതലാളിമാരുടെയും അതീവ ദരിദ്രരും അശരണരും പീഡിതരുമായ ജനവിഭാഗങ്ങളുടെയും ഒക്കെ ദൈവം! അങ്ങനെ ഒരു ദൈവം സാധ്യമല്ല. മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ ദൈവവിശ്വാസങ്ങളെല്ലാം ഏകദൈവത്തിലാണ്. എങ്കില്‍പോലും ഫലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് ബഹുദൈവങ്ങളുടെ വാഴ്ചയും അധികാരവും വ്യവഹാരവുമാണ്. പരസ്യമായും അര്‍ഥവത്തായും ചെറുക്കപ്പെടാത്ത അനീതികള്‍ മഴപോലെ ആര്‍ത്തുപെയ്തുകൊണ്ടിരിക്കുന്ന ലോകത്ത് ഏകദൈവം എന്നത് ഭൂമിയിലും ചരിത്രസന്ധികളിലും ഇടപെടാത്ത, നിശ്ശബ്ദനും നിര്‍വികാരനും നിരപേക്ഷനുമായ ശക്തിയാണെന്ന് പറയുന്നത് നിരര്‍ഥകവും നിരുത്തരവാദപരവുമാണ്. അനീതികളും ഏകദൈവത്വവും ഒരേസമയം സംഭവിക്കുകയില്ല. ഏകദൈവത്വത്തെക്കുറിച്ചും ബഹുദൈവത്വത്തെക്കുറിച്ചും ജീവിതാനുഭവപരമായ വിവേകങ്ങളിലും അറിവുകളിലും എത്തിപ്പെട്ടവര്‍ (ഉലുല്‍ ഇല്‍മ്) നീതിയില്‍ (ഖിസ്ത്വ്) അടിയുറച്ചുനില്‍ക്കുക എന്നത് ഏകദൈവത്വത്തിന്റെ സാക്ഷ്യമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. തുല്യതയില്‍ അധിഷ്ഠിതമായ നീതിബോധം കൈവരിച്ച പണ്ഡിതന്മാര്‍ ഏകദൈവത്വത്തിന്റെ-തൗഹീദിന്റെ-സാക്ഷികളാണെന്നര്‍ഥം. ഖുര്‍ആന്‍ പറയുന്നത് അല്ലാഹു ഏക ഇലാഹാണെന്നതിന് അല്ലാഹു സ്വയം സാക്ഷിയാണ് എന്നാണ്. ജനങ്ങളുടെ കേവലസാക്ഷ്യങ്ങള്‍ അല്ലാഹുവിന് ആവശ്യമില്ല എന്ന അര്‍ഥം കൂടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അല്ലാഹു കഴിഞ്ഞാല്‍ തന്റെ ഏകത്വത്തിന് സാക്ഷികള്‍ മലക്കുകളാണെന്നും ഖുര്‍ആന്‍ പറയുന്നു. അല്ലാഹു സ്വയവും ശേഷം മലക്കുകളും അല്ലാഹുവിന്റെ ഏകത്വത്തിന്റെ സാക്ഷികളാണ്. അതുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള ഏകത്വത്തിന് സാക്ഷ്യം വഹിക്കുക തുല്യനീതിയില്‍ (ഖിസ്ത്വ്) അടിയുറച്ചുനില്‍ക്കുന്ന അറിവുടയവരാണെന്ന് (ഉലുല്‍ ഇല്‍മ്) ഖുര്‍ആന്‍ അസന്ദിഗ്ധമായി പറയുന്നു (3:18). മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ തൗഹീദിന്റെ ആദ്യസാക്ഷ്യം അതത് കാലത്തെ സാമൂഹികവും അധികാരപരവും വിഭവപരവുമായ അനീതികള്‍ക്കു നേരെ നീതിയില്‍ അടിയുറച്ചുനില്‍ക്കുകയും അനീതികളെ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാട്ടുകയും അവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍കൊണ്ട് നീതി നടത്തിപ്പിന്റെ ആവശ്യകതയെ വിശദീകരിക്കുകയും ചെയ്യുന്ന അറിവിന്റെ അഹ്‌ലുകാരാണ് ഏകദൈവത്വത്തിന്റെ ഭൂമിയിലെ സാക്ഷികള്‍. അറിവുകളും വിശ്വാസങ്ങളും കേവലമോ അനുഷ്ഠാനാധിഷ്ഠിതമോ ആരാധനാപരമോ അല്ല. ജ്ഞാന-വിജ്ഞാനശാഖകളും ജ്ഞാന ശാസ്ത്രവും മാത്രമല്ല ജ്ഞാനോല്‍പാദന-വിതരണ വ്യവഹാരങ്ങളെയൊന്നാകെ നൈതികമാക്കുകയാണ് ഏകദൈവത്വ സിദ്ധാന്തം. അതുകൊണ്ടാണ് ഇസ്‌ലാമിന്റെ മുഖ്യസിദ്ധാന്തം ഏകദൈവത്വവും ബഹുദൈവത്വത്തിന്റെ വിശകലനപരമായ നിഷേധവുമാകുന്നത്. നിങ്ങള്‍ വിശ്വസിക്കുകയും ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഏകദൈവമേത് എന്നതിനേക്കാള്‍ ഇവിടെ പ്രധാനം നിങ്ങള്‍ നിഷേധിക്കുന്ന സമകാലിക ഇലാഹുകളും അത്തരം ഇലാഹുകളുടെ ഉലൂഹിയ്യത്തിനെ സാധ്യമാക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന ജ്ഞാന സിദ്ധാന്തവും വ്യവഹാരവും ഏത് എന്നതാണ്. പണ-വിഭവ-പുരുഷാധിപത്യ മുതലാളിത്തത്തിലധിഷ്ഠിതമായ സമകാലിക സാമ്രാജ്യത്വം എന്നതുതന്നെ അല്ലാഹു അല്ലാത്തവരുടെ പുത്തന്‍ ഉലൂഹിയ്യത്തുകളുടെയും മുലൂകിയ്യത്തുകളുടെയും റുബൂബിയ്യത്തുകളുടെയും ലോകമാണ്. ആഗോളവത്കൃത ഇലാഹുകളുടെയും ആഗോള മനുഷ്യസമൂഹത്തെ, അവരുടെ ജീവിതത്തിന്റെ മേഖലകളെയൊന്നാകെ ചൂഴ്ന്നുനില്‍ക്കുന്ന പുത്തന്‍ ഉലൂഹിയ്യത്തുകളെ വിശകലനപരമായി വിശദീകരിക്കാനും പേരെടുത്തുപറഞ്ഞ് നിഷേധിക്കാനും സാധ്യമാകാത്ത കേവല ഏകദൈവ വിശ്വാസം മേല്‍പ്പറഞ്ഞ ഉലൂഹിയ്യത്തുകളെ പുനരുല്‍പാദിപ്പിക്കുന്ന കേവല വ്യവഹാരങ്ങളാണ്.
ഭൗതികവും വിഭവപരവുമായ അധികാര വ്യവസ്ഥകള്‍ക്കകത്താണ് നമ്മുടെ പ്രവാചക ചരിത്രങ്ങളുടെയും പാരമ്പര്യത്തിന്റെയും തനതായ ഇടം ഉള്‍ക്കൊള്ളുന്നത്. ചരിത്രപരവും രാഷ്ട്രീയവുമായ സാമൂഹിക ഇടത്തിന് (ടീരശമഹ ടുമരല) പുറത്തല്ല പ്രവാചക ചരിത്രങ്ങള്‍ എന്നര്‍ഥം. ഈ ഇടങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവുക ഇത്തരം ഇടങ്ങളില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന വ്യവസ്ഥകള്‍ (ടീരശമഹ ട്യേെലാ)െ ചൂഷണാധിഷ്ഠിതവും സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം ജനവിരുദ്ധവുമായിരുന്നുവെന്നാണ്. ഈ വ്യവസ്ഥകളുടെ ഗുണഭോക്തൃവിഭാഗമായിരുന്നു അത്തരം വ്യവസ്ഥകളിലെ മലഉകള്‍ അഥവാ പ്രമാണി വിഭാഗങ്ങള്‍. അവരവരുടെ കാലഘട്ടങ്ങളിലെ പ്രമാണിവര്‍ഗത്തെ (മലഉകള്‍) പരാമര്‍ശിക്കാത്ത യാതൊരു പ്രവാചകനും ഖുര്‍ആനില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നത് ഇവിടെയാണ് പ്രധാനമാകുന്നത്. എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ മുന്നോട്ടുവെച്ച ഏകദൈവ ആശയങ്ങള്‍ക്കും കടകവിരുദ്ധമായിരുന്നു പ്രസ്തുത സമൂഹങ്ങളിലെ പ്രമാണിവര്‍ഗത്തിന്റെ ആശയങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും താല്‍പര്യങ്ങളും. ഖുറൈശി പ്രമാണിവിഭാഗം അന്ത്യപ്രവാചകന്റെ തൗഹീദീ ആശയങ്ങള്‍ക്കും അത്തരം ആശയങ്ങളെ സാര്‍ഥകമാക്കുന്ന സമൂഹ നിര്‍മാണത്തിനും വ്യവസ്ഥക്കും എതിരായിരുന്നതിന്റെ പിന്നിലെ ചേതോവികാരങ്ങള്‍ ഖുര്‍ആന്‍ കൊണ്ടുതന്നെ പ്രശ്‌നവല്‍ക്കരിക്കുകയും വിശകലനം ചെയ്യുകയും സമകാലിക ഖുറൈശിസത്തെ ഖുര്‍ആന്‍ കൊണ്ട് വിശദീകരിക്കുകയും ചെയ്യാതെ നാം ഇന്ന് ജീവിക്കുന്ന ആഗോളവത്കൃത ജീവിതത്തെ ഏകദൈവത്വവല്‍ക്കരിക്കാനാകില്ല. ഏകദൈവത്തോടുള്ള 'വിളിച്ചുപ്രാര്‍ഥനകളും' ആരാധനകളും ആരാധനകളുടെ പ്രഘോഷണങ്ങളും വര്‍ധിക്കുന്നതിനനുസരിച്ച് ചൂഷണവും ജീവിതാവസ്ഥകളിലെ അനൈതികവും അക്രാ
മകവുമായ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നു എന്ന പരിഹാസ്യമായ വിരോധാഭാസത്തിന് നേരെ ഇനിയും കണ്ണടച്ചിട്ട് കാര്യമില്ല. നമസ്‌കാരങ്ങള്‍കൊണ്ട് നിറഞ്ഞുകവിയുന്ന നമ്മുടെ പള്ളികളുടെ തൊട്ടടുത്തുതന്നെ അനീതി
കള്‍ നടമാടുന്നു. ചോദ്യം ചെയ്യപ്പെടാത്ത, ചെറുത്തുനില്‍പ് സംരംഭങ്ങളില്ലാത്ത അനീതികള്‍ക്കു നടുവില്‍ പ്രാര്‍ഥന ഒരു ഗോഷ്ഠി മാത്രമായി അധഃപതിക്കുന്നു എന്നൊരാള്‍ പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാനാകില്ല. അനീതികളോട് രാജിയായ പ്രാര്‍ഥനാ സമൂഹം ഏകദൈവത്വ സമൂഹമാണെന്ന് പറയാനാകില്ല. അഴിമതികളുടെയും അനീതികളുടെയും നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രാര്‍ഥനാ സമൂഹങ്ങളുടെ ദൈവം ഏക ഇലാഹായ അല്ലാഹുവാണ് എന്നു പറയുന്നത് വിരോധാഭാസം തന്നെയാണ്.
നീതി പാലിക്കാന്‍ കല്‍പ്പിക്കുന്ന ആളുകളെ കൊലപ്പെടുത്തുന്നവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതിന്റെ പൊരുള്‍ അന്ന് കല്‍പിച്ചിരുന്ന നീതി (ഖിസ്ത്വ്) എന്ന പ്രശ്‌നം കരുത്തന്മാരെ നേരിടുന്ന പ്രശ്‌നമായിരുന്നു എന്നാണ്. ഇന്നും അതുതന്നെയാണ് പ്രശ്‌നം. നീതിക്കുവേണ്ടി വാദിക്കുക എന്നത് വളരെ സുഖമുള്ള കാര്യമാണ് എന്നാണ് നാം ധരിച്ചുവെച്ചിരിക്കുന്നത്. അനീതിയുടെ പുതിയ രാജവാഴ്ചയില്‍ ആളുകളെ സുഖിപ്പിക്കുന്ന നീതിവാദം സംഭവ്യമല്ല. വാദവും നീതിവാദവും രണ്ടും രണ്ട് കാര്യങ്ങളാണ്. പുത്തന്‍ അനീതികള്‍ വിശ്വാസ പ്രമാണങ്ങളായി അംഗീകരിക്കപ്പെടുന്ന കെട്ട കാലമാണ് ആഗോളവല്‍ക്കരണ കാലം. ലോകത്തെവിടെയും ഏതു സമയത്തും കടന്നുകയറാന്‍, ഏത് ജനവിഭാഗങ്ങളെയും പെരുവഴിയിലേക്കിറക്കിവിടാന്‍, ജനങ്ങള്‍ ഏത് ഭക്ഷണം കഴിക്കണമെന്നും ഏതുതരം വെളളം കുടിക്കണമെന്നും എന്തുതരം വായു ശ്വസിക്കണമെന്നും തീരുമാനിക്കാന്‍ ഒരു പുതിയ ഇലാഹ്. ഈ ഇലാഹിനെ പരസ്യമായി നിഷേധിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഏകദൈവത്വത്തെ പ്രഖ്യാപിക്കാനും വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും കഴിയൂ.
Comments