Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

ദാരിദ്ര്യവും പീഡകളും അലങ്കാരമായി മാറുന്ന ഇന്ത്യ

സ്റ്റാഫ് ലേഖകന്‍

ഭാര്യയുടെ മൃതദേഹം ചുമലില്‍ വഹിച്ച് ദന മാഞ്ചി എന്നൊരാള്‍ ഇന്ത്യന്‍ മനസ്സാക്ഷിയെ കീറിമുറിച്ച് ഒഡീഷയിലൂടെ നടന്നുപോയി. അങ്ങ് ബഹ്‌റൈനിലെ രാജാവിനു പോലും അത് കണ്ട് മനസ്സലിവുണ്ടായി. ആംബുലന്‍സ് ലഭിക്കാത്തതുകൊണ്ട് മകനെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടിയ സുനില്‍ കുമാര്‍ എന്ന അഛന്റെ തോളിലിരുന്ന് പ്രാണന്‍ വെടിഞ്ഞ അന്‍ശ് എന്ന ബാലനും ഇന്ത്യയുടെ വേദനയായി. അത്തരം ദൃശ്യങ്ങള്‍ പക്ഷേ, മിക്ക മരണങ്ങളുടെയും മുമ്പിലെവിടെയെങ്കിലുമൊക്കെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉണ്ടാവാറുണ്ടെന്ന് നാം മറന്നു. പക്ഷേ വല്ലാതെ മുറിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകന് സമ്മാനിക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ മീഡിയയെങ്കിലും, അത് ഇന്ത്യന്‍ ദൈന്യതക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടിയായിത്തീര്‍ന്നു. ഏറ്റിക്കൊണ്ടുപോകാനുള്ള സൗകര്യത്തിന് വൃദ്ധയുടെ ശവം ചവിട്ടിയൊടിച്ചുകൊടുത്ത ഒഡീഷയിലെ രണ്ട് ആശുപത്രി ജീവനക്കാരുടെ നടപടിയും നാം കു. ആ മൃതദേഹം തണ്ടിലേറ്റി കൊണ്ടുപോയവരിലുമുണ്ടായിരുന്നു ദരിദ്ര ജീവിതത്തിന്റെ കരുവാളിച്ച ദൃശ്യങ്ങള്‍. പക്ഷേ ഗുജറാത്തിനെ രക്ഷിച്ചെടുക്കാനുള്ള, ദാരിദ്ര്യവും ജാതിപീഡനങ്ങളും എല്ലായിടത്തും ഒരേപോലെ സംഭവിക്കുന്ന ദുരന്തങ്ങളാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള ഒരുതരം തൂക്കമൊപ്പിക്കലായിരുന്നു ഇത്.

ചത്ത പശുവിനെ തോലുരിച്ച കുറ്റത്തിന് ഗുജറാത്തിലെ ഉനയില്‍ ദലിതര്‍ മൃഗീയമായി മര്‍ദിക്കപ്പെട്ട സംഭവം ഇന്ത്യയിലും വിദേശത്തും സൃഷ്ടിച്ച ആഘാതം ക്രമേണ മറ്റു സംസ്ഥാനങ്ങളിലെ സമാനമായ വാര്‍ത്തകളിലേക്ക് വഴിമാറുന്ന കാഴ്ചയാണ് കുറേ ആഴ്ചകളായി കാണാനുള്ളത്. പൊതുവെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കണ്ടതായി ഭാവിക്കാത്ത ദേശീയ മാധ്യമങ്ങള്‍ പോലും സാധാരണക്കാരന്റെ ദൈന്യജീവിതത്തിന് എമ്പാടും സമയവും പേജുകളും നീക്കിവെക്കാന്‍ തുടങ്ങി. മൊത്തത്തിലെടുക്കുമ്പോള്‍ ഈ ദൃശ്യങ്ങളും വാര്‍ത്തകളും ഇന്ത്യയെ നാണം കെടുത്തുന്നുണ്ടെങ്കില്‍ പോലും ഉനയിലെ മര്‍ദനത്തേക്കാള്‍ ഭീകരമായിരുന്നു പിന്നീട് വന്ന വാര്‍ത്താദൃശ്യങ്ങള്‍.  എന്തിനും മാതൃകയാണെന്ന് പ്രചരിപ്പിക്കപ്പെട്ട ഗുജറാത്തില്‍നിന്നാണ് ദലിതനെ കുറിച്ച ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യ കേട്ടുകൊണ്ടിരുന്ന ഒരു അസംബന്ധ പ്രചാരണത്തിന്റെ മുനയൊടിക്കുകയായിരുന്നു ഉന പ്രക്ഷോഭം. ആനന്ദിബെന്‍ പട്ടേല്‍ ഈ സംഭവത്തോടു പ്രതികരിച്ച രീതിയില്‍ സംഘ്പരിവാറിന്റെ പൊതുവെയുള്ള അലംഭാവം കാണാനുണ്ടായിരുന്നു. ഇരകളെ സന്ദര്‍ശിക്കാന്‍ ആദ്യമൊന്നും അവര്‍ തയാറായതേ ഇല്ല. മര്‍ദിച്ചവര്‍ക്കെതിരെ ആദ്യം കേസെടുക്കാന്‍ മടിച്ചതും പിന്നീട് നിര്‍ബന്ധിതമായി കേസെടുത്തതും അക്കൂട്ടത്തില്‍ പശുവിന്റെ മരണകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതുമൊക്കെ ഹിന്ദുത്വ നീതിയുടെ ഉദാഹരണങ്ങളാണ്. മുഹമ്മദ് അഖ്‌ലാഖ് തിന്നത് പശുവിറച്ചിയാണോ എന്ന് ദാദ്രി സംഭവത്തിനു ശേഷം ലബോറട്ടറിയിലേക്ക് മാംസം കൊടുത്തയപ്പിച്ച് പരിശോധന നടത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍നിന്ന് ആനന്ദിബെന്‍ വ്യത്യാസപ്പെടുന്നുണ്ടായിരുന്നില്ല. 

വിഷയം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പെട്ടുവെന്ന് വ്യക്തമായതോടെയാണ് നേരത്തേ തന്നെ പല കാരണങ്ങളാല്‍ അനഭിമതയായിരുന്ന ഈ മുഖ്യമന്ത്രിയെ പാര്‍ട്ടി വലിച്ചു താഴെയിട്ടത്. ദലിത് പ്രക്ഷോഭം ഗുജറാത്തില്‍നിന്ന് പുറത്തേക്കു പടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറകെയെത്തി. സെപ്റ്റംബര്‍ 15 മുതല്‍ റെയില്‍ തടയാനും ഡിസംബര്‍ ആറിന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ മുമ്പില്‍ മനുസ്മൃതി കത്തിക്കാനുമൊക്കെ ദലിത് സംഘടനകള്‍ ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ മനുവിന്റെ പ്രതിമ സ്ഥാപിച്ച ഒരേയൊരു നീതിപീഠമാണ് രാജസ്ഥാനിലേത്. അവിടെ ഡിസംബര്‍ ആറിന് രാജ്യത്തുടനീളമുള്ള ദലിത് സംഘടനകള്‍ കൂടിച്ചേര്‍ന്നായിരിക്കും ഈ സമരം ആരംഭിക്കുക. സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ഉന എന്ന പ്രതീകത്തെ മായ്ച്ചുകളയുന്ന രീതിയില്‍ നാടൊട്ടുക്കുമുള്ള ദലിത് പീഡനകഥകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാനാരംഭിച്ചത്.

ഗുജറാത്തിലെ വന്‍ നഗരങ്ങളിലൂടെ സോമനാഥ ക്ഷേത്രത്തിലേക്കും ഗീര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കും ജുനഗഢിലെയും ദിയുവിലെയും ദാമനിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ചീറിപ്പാഞ്ഞു പോകുന്ന ആഡംബര കാറുകള്‍ക്ക് 'വൈബ്രന്റ് ഗുജറാത്തി'ലെ റോഡുകള്‍ക്കപ്പുറത്തെ ഗ്രാമങ്ങളില്‍ മനുഷ്യന്‍ എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമുണ്ടാവാറില്ല. അത്തരം മനുഷ്യരെ കുറിച്ച് പുറം ലോകം അറിയാനിടയുള്ള എല്ലാ വാതിലുകളും എന്നോ കൊട്ടിയടച്ച സംസ്ഥാനമായിരുന്നല്ലോ ഗുജറാത്ത്. ശുചീകരണ തൊഴിലാളികള്‍ ഇന്ത്യയില്‍ ഏതാണ്ടെല്ലായിടത്തും താഴ്ന്ന ജാതിയില്‍പെട്ടവരാണ്. പക്ഷേ ഗുജറാത്തില്‍ താഴ്ന്ന ജാതിക്കാരിലെ താഴ്ന്ന ജാതിക്കാര്‍ മാത്രമേ ഈ തൊഴില്‍ ചെയ്യുന്നുള്ളൂ. കൈ കൊണ്ട് മലം എടുത്തുമാറ്റുകയോ തലയില്‍ ചുമക്കുകയോ ചെയ്യുന്ന 70,000ത്തോളം തോട്ടിപ്പണിക്കാര്‍ ഈ സംസ്ഥാനത്തുണ്ടെന്നാണ് നവ്‌സര്‍ജന്‍ എന്ന സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അത്തരം ഒരു ഏര്‍പ്പാടേ സംസ്ഥാനത്തില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. 

തലങ്ങും വിലങ്ങും റോഡില്‍ പശുക്കള്‍ തിങ്ങിനിറയുന്ന ഈ സംസ്ഥാനത്ത് ചത്ത പശുക്കള്‍ ഒരു സാമൂഹിക ദുരന്തമാണെങ്കിലും അവ എടുത്തുമാറ്റാന്‍ മുനിസിപ്പാലിറ്റി നിയോഗിക്കുന്നതത്രയും അധഃകൃത ജാതിയില്‍ പെട്ടവരെ. ചത്ത പശുവിനെ സംസ്‌കരിക്കുന്നതിന് മുമ്പേ അതിന്റെ തുകല്‍ ഉരിച്ചെടുക്കാം എന്നല്ലാതെ പലപ്പോഴും നയാ പൈസ ഈ പാവങ്ങള്‍ക്ക് പ്രതിഫലമില്ല. മരിച്ച 'മാതാക്കളുടെ' ദേഹം അടക്കാന്‍ ഗോസംരക്ഷകരുടെ ഒറ്റ സംഘടന പോലും രംഗത്തുണ്ടാവാറില്ല എന്നതാണ് കൂടുതല്‍ പരിഹാസ്യം. 

ഉനാ സംഭവത്തെ വിലയിരുത്തുമ്പോള്‍ സഹനശേഷിയുടെ നെല്ലിപ്പടിയില്‍ നിന്നായിരുന്നു ദലിതര്‍ ജാതിക്കോമരങ്ങള്‍ക്കെതിരെ രണ്ടും കല്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടതെന്ന് കാണാനാവും. ഗുജറാത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒട്ടും പുതുമയുള്ളതല്ല. ഇന്നും ഗ്രാമങ്ങളില്‍ അയിത്താചരണം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ദലിതന് ക്ഷേത്രങ്ങളില്‍ ഇപ്പോഴും പ്രവേശനം കിട്ടിയിട്ടില്ല. വിവാഹപ്പന്തലുകളില്‍ അവര്‍ക്ക് ഇരിപ്പിടം ഉണ്ടാകാറില്ല. ഭക്ഷണം വേണമെങ്കില്‍ സ്വന്തമായി പാത്രം കൊണ്ടുപോകണം. പൊതു ടാപ്പുകളില്‍നിന്ന് വെള്ളമെടുക്കാനാവില്ല, പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കാനാവില്ല എന്നു തുടങ്ങി കേരളം പതിറ്റാണ്ടുകള്‍ മുമ്പേ തുടച്ചുനീക്കിയ സകല അമാനവിക ചിഹ്നങ്ങളും അലങ്കാരമായി കൊണ്ടുനടക്കുന്ന സംസ്ഥാനമാണിത്. ദലിതനായ പഞ്ചായത്ത് പ്രസിഡന്റിന് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ കഴിയാതെ പോകുന്ന സംസ്ഥാനവും ഇതു തന്നെ. 

ദലിതനെ എന്തും ചെയ്യാമെന്ന സവര്‍ണ ധാര്‍ഷ്ട്യം തന്നെയായിരുന്നു ഉന പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത്. മര്‍ദനമേറ്റവരെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുപ്പിക്കുകയും അടിച്ചു ചതക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലിട്ട് പ്രചരിപ്പിക്കുകയും ചെയ്തത് ഇരകളേക്കാളേറെ കണ്ടു നിന്നവരെയാണ് പ്രകോപിപ്പിച്ചത്. അഞ്ചു മക്കളെ പ്രസവിച്ച അമ്മയായിട്ടും കുമര്‍ ബെന്നിനെ രണ്ടു മണിക്കൂറോളമാണ് ചത്ത പശുമാതാവിനു വേണ്ടി തല്ലിച്ചതച്ചത്. മര്‍ദിക്കുമ്പോള്‍ തലയില്‍ അടികൊള്ളാതെ ശ്രദ്ധിക്കാന്‍ സംഭവസ്ഥലത്ത് 'കാവല്‍ നിന്ന' പോലീസും ഗുജറാത്തിന്റെ മറ്റൊരു കെട്ട പ്രതീകമായിരുന്നു. ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ ഉള്‍പ്പെടെ 45 പേര്‍ക്കെതിരെയാണ് ഒടുവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്‌ലിംകള്‍ പശുക്കളെ സ്‌നേഹിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ഈ യുവാവിനോട് ഗോരക്ഷകര്‍ ആവശ്യപ്പെട്ടുവെന്നും ഭീഷണിക്കു വഴങ്ങിയാണ് അയാള്‍ ദലിതരെ ലാത്തി കൊണ്ട് അടിച്ചതെന്നുമാണ് പിന്നീട് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഒരു കൂട്ടം ഭ്രാന്തന്മാര്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്നതൊക്കെ ചെയ്തുകൂട്ടുകയും കണ്ടുനില്‍ക്കുന്നവരും അതുതന്നെ ചെയ്യണമെന്ന് വാശി പിടിക്കുകയും ഈ ദുര്‍വാശികള്‍ക്കൊത്ത് ഭരണയന്ത്രം ചലിക്കുകയും ചെയ്യുന്നതാണ് ഗുജറാത്തിന്റെ ദയനീയത.

ആടയാഭരണങ്ങളാണെന്ന് ഇന്ത്യ തെറ്റിദ്ധരിച്ചതത്രയും മഹാരാജാവിന്റെ നഗ്നതയാണെന്ന തിരിച്ചറിവ് ശക്തിപ്പെടുമായിരുന്നു, ഉന പ്രക്ഷോഭം കൂടുതല്‍ ദിവസങ്ങള്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നുവെങ്കില്‍. നിത്യജീവിതത്തില്‍ സുപരിചിതമായ ഇത്തരം അനുഭവങ്ങളോട് ഇത്ര കണ്ട് ശക്തിയായി ദലിതര്‍ പ്രതികരിച്ച മറ്റൊരു സംഭവം ഇന്ത്യയില്‍ ഇല്ലാത്തതുകൊണ്ട് ഉന പ്രക്ഷോഭത്തിന്റെ തീ അണയാതെ കാത്തു സൂക്ഷിക്കാനാണ് നേതാക്കളുടെ ശ്രമം. 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം